വാഹനങ്ങള്‍ കാണുമ്പോള്‍ കുഞ്ഞുമനസ്സില്‍ വിരിയുന്ന കൗതുകം ആയിരുന്നു ഇതിന്റെയെല്ലാം തുടക്കം. അതേ വാഹനങ്ങളുടെ മാതൃകകള്‍ കളിപ്പാട്ടങ്ങളായി വാങ്ങി ഉപയോഗിച്ച് മതിമറക്കുന്ന ബാല്യം. എന്നാല്‍ കളിപ്പാട്ടമായി പോലും കയ്യില്‍ കിട്ടാത്തവരുണ്ടായിരുന്നു. ഇഷ്ടവാഹനങ്ങളെ ഒന്ന് തൊടാന്‍ പോലും കൊതിച്ചിരുന്നവര്‍. ഇത്തരത്തിലുള്ള കൊച്ചു കൊച്ചു നൊമ്പരങ്ങള്‍ അവരെ എടുത്തുവെച്ചത് മിനിയേച്ചര്‍ വാഹനങ്ങളുടെ ലോകത്തേക്കായിരുന്നു. കണ്മുമ്പിലെ വാഹനവിസ്മയങ്ങള് അങ്ങനെ അവരുടെ കുഞ്ഞുവിരലുകളില്‍ പിറവിയെടുത്തു.

ആദ്യമൊക്കെ ചക്രങ്ങളില്‍ ഉരുളുന്ന സൃഷ്ടികളെ കണ്ട് അവര്‍ കയ്യടിച്ചു. പിന്നീട് അവയില്‍ ഓരോരോ പുതുമകള്‍ വരുത്തിക്കൊണ്ടിരുന്നു. തങ്ങളുടെ സൃഷ്ടികള്‍ തങ്ങള്‍ക്ക് മാത്രം ആസ്വദിക്കാനല്ല അവര്‍ പിന്നീട് നിര്‍മ്മിച്ചത്. സുഹൃത്തുക്കളെയും ബന്ധുജനങ്ങളെയും കാണിച്ച് പ്രോത്സാഹനം തേടി ആ കുഞ്ഞുമനസ്സുകള്‍ അലഞ്ഞു. കാര്യമറിയാതെ ഒട്ടേറെ വിമര്‍ശനങ്ങള്‍. അവഹേളനം ഇതിന്റെയെല്ലാം അഗ്നിസ്ഫുരണങ്ങള്‍ കുഞ്ഞുമനസ്സിലെ കലയെ, കരവിരുതുകളെ, സന്തോഷങ്ങളെ എന്നെന്നേക്കുമായി നഷ്ടപ്പെടുത്തി.

ചിലര്‍ നിരത്തുകളില്‍ ഇതിഹാസമായിരുന്ന ചില വാഹനങ്ങളെ ബസ്സുകളെ അതേ മാതൃകയില്‍ ചെറുതാക്കി നിര്‍മ്മിച്ചു. ബസ്സുകളെ കൈവിരലുകള്‍കൊണ്ട് നിര്‍മ്മിക്കുക ചെറിയകാര്യമല്ല. നിരവധി നിരീക്ഷണങ്ങളും ഗവേഷണങ്ങള്‍ക്കുമൊടുവില്‍ കഠിനാദ്ധ്വാനത്തിന്റെ ഫലമായാണ് ഇത്തിരിക്കുഞ്ഞന് ബസ്സുകള്‍ രൂപം കൊണ്ടിരുന്നത്. എന്നാല്‍ പ്രതികൂലസാഹചര്യങ്ങളെ അവഗണിച്ചും പ്രോത്സാഹനവാക്കുകളില് പിടിച്ചുകയറിയും പ്രശസ്തിയുടെ ഗിരിശൃംഗങ്ങള്‍ താണ്ടിക്കൊണ്ടിരിക്കുന്ന കുറച്ചു പേര് ഇക്കാലത്ത് സോഷ്യല്‍മീഡിയയുടെ സഹായത്തോടെ വൈറല്‍ ആയ സംഭവങ്ങളും ഉണ്ട്. അത്തരത്തില്‍ ചില സംഭവങ്ങള്‍ കോര്‍ത്തിണക്കി സമാനചിന്താഗതികള്‍ പങ്കുവയ്ക്കുന്ന ഒരു കൂട്ടായ്മ സംസ്ഥാനത്ത് പിറവിയെടുത്തുകഴിഞ്ഞിരിക്കുന്നു. മിനിയേച്ചര്‍ ക്രാഫ്റ്റേഴ്സ് എന്ന പേരിലറിയപ്പെടുന്ന ആ കൂട്ടായ്മയുടെ നേതൃനിരയിലുള്ളവര്‍ വാട്സാപ്പ്, ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലൂടെ തങ്ങളുടെ മെമ്പര്‍മാര്‍ക്ക് സദാസമയം പ്രോത്സാഹനങ്ങളും നിര്‍ദ്ദേശങ്ങളുമായി മുന്നിലുണ്ട്.

തൃശ്ശൂരില്‍ ഈയിടെ നടന്ന മോട്ടോര്‍ഷോയില്‍ അംഗങ്ങളുടെ ശ്രദ്ധിക്കപ്പെട്ട സൃഷ്ടികള്‍ പ്രദര്‍ശനത്തിന് വെച്ച് കൂടുതല്‍ ആരാധകരെ നേടിയിരിക്കുകയാണ് കൂട്ടായ്മ. തൃശൂര്‍ എന്‍ജിനിയറിംഗ് കോളേജ് ഓട്ടോമൊബൈല്‍ വിഭാഗം നടത്തിയ മോട്ടോര്‍ഷോയില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ പോലും ഇവരുടെ സൃഷ്ടികള്‍ക്ക് മുമ്പില്‍ സ്തബ്ധരായി. സ്ഥിരം കാഴ്ചകളില്‍നിന്ന് വ്യത്യസ്തമായ മിനിയേച്ചര്‍ വാഹനങ്ങളുടെ സ്റ്റാളിന് മുന്നില്‍ നിരവധി ക്യാമറാഫഌഷുകള്‍ മിന്നി. സമൂഹത്തിലെ നാനാതുറകളില്‍പെട്ട പ്രശസ്തരും അല്ലാത്തവരുമായ വാഹനപ്രേമികള്‍ കൂട്ടായ്മയിലെ അംഗങ്ങളെ കൈപിടിച്ച് അഭിനന്ദനമറിയിച്ചു. സ്കൂള്‍ വിദ്യാര്‍ത്ഥികളും കോളജ് വിദ്യാര്‍ത്ഥികളും കൊച്ചു കുട്ടികളും ആ സൃഷ്ടികള്‍ക്ക് മുമ്പില്‍ ഏറെ നേരം ചിലവഴിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍നിന്നുള്ളവര്‍ തങ്ങളുടെ സൃഷ്ടികള്‍ സ്റ്റാളിലൊരുക്കിവച്ചിരുന്നു. ബസ്സുകള്‍, ട്രക്കുകള്‍, ജെസിബി, ഓട്ടോറിക്ഷ, മോട്ടോര്‍ സൈക്കിളുകള്‍ ജിപ്സി എന്നുവേണ്ട റോള്‍സ് റോയ്സ് കാര്‍ വരെ അതിലുണ്ടായിരുന്നു. ആദ്യകാഴ്ചയിലെ കൗതുകവും അമ്പരപ്പും മറച്ചുവച്ച് കാണികളില്‍ ചിലര്‍ വാഹനമാതൃകകള്‍ വിലയ്ക്ക് ചോദിച്ചപ്പോള്‍ വില്‍ക്കാനുള്ളതല്ല, വെറും പ്രദര്‍ശന വസ്തുക്കള്‍ മാത്രമാണ് മിനിയേച്ചറുകള്‍ എന്ന പ്രധാനകലാകാരന് ബിപിന്റെ മറുപടി അവരെ തെല്ലൊന്നുമല്ല നിരാശരാക്കിയത്. ഒരു വാഹനത്തിന്റെ മാതൃക നിര്‍മ്മിച്ചെടുക്കാനുള്ള അദ്ധ്വാനം സൂക്ഷ്മനിരീക്ഷണം എന്നിവ വാക്കുകള്‍ക്കപ്പുറമാണ്. മാസങ്ങളോളം സമയമെടുക്കും ചില സൃഷ്ടികള്‍ പൂര്‍ണ്ണമാകാന്‍. ഈ അദ്ധ്വാനത്തിന് വിലയിടാന്‍ അവര്‍ക്കാവില്ല. വിലയിട്ടാല്‍ തന്നെ വാങ്ങുന്ന ആള്‍ക്ക് അത് താങ്ങാനുമാവില്ല.

മോഹന്‍ലാല്‍ എന്ന അതുല്യനടന് ഭാവപ്പകര്‍ച്ച നല്കിയ സ്ഫടികം എന്ന ചലച്ചിത്രത്തിലെ തോമസ് ചാക്കോ എന്ന ആടുതോമയുടെ ബാല്യം ഇവരില്‍ പലരുടേയും ജീവിതത്തിലെ ഒരു ഏടാണ്. തങ്ങളുടെ സൃഷ്ടികള്‍ ചവുട്ടിയരച്ചവരുടെ ചൊല്‍പ്പടിക്ക് വിധേയമായി ജീവിതം കെട്ടിപ്പടുത്തവര്‍. സോഷ്യല്‍മീഡിയയിലൂടെ മിനിയേച്ചര്‍ സൃഷ്ടികള്‍ കാണുമ്പോള്‍ അവരുടെയും മിഴികള്‍ നിറയും. ആരും കാണാതെ അടക്കിപ്പിടിച്ച കഴിവ് അപ്പോഴാണ് ആനന്ദക്കണ്ണീരായി പുറത്തുവരിക. ജീവിതത്തിന്റെ തിരക്കുകളില്‍നിന്ന് ഇവര്‍ തങ്ങള്‍ക്ക് സൃഷ്ടിക്കാനാവാതെ പോയ മിനിയേച്ചറുകളെ അഭിനന്ദിക്കാനെത്തുന്നത് കുറച്ചൊന്നുമല്ല കൂട്ടായ്മയിലെ അംഗങ്ങളെ സന്തോഷിപ്പിക്കുന്നത്. അവരാണ് സത്യത്തില്‍ ഈ കൂട്ടായ്മ രൂപീകരിച്ച് മുന്നോട്ടുകൊണ്ടുപോകുന്നത് എന്നതാണ് വാസ്തവം. എറണാകുളത്ത് സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ തൃശൂര്‍ സ്വദേശി രഞ്ജിത്ത് തോമസ്സാണ് മിനിയേച്ചര്‍ ക്രാഫ്റ്റേഴ്സ് എന്ന കൂട്ടായ്മയ്ക്ക് തുടക്കമിടുന്നത്. അതിന് ശേഷമാണ് അതുവരെ ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമായിരുന്ന മിനിയേച്ചര്‍ ലോകം ഒരൊറ്റ കൂരയ്ക്ക് കീഴില്‍ പ്രശസ്തിയിലേക്ക് കുതിക്കുന്നത്.

വാഹനങ്ങളെ കൗതുകത്തോടെ നോക്കുന്നവരുടെ സൃഷ്ടികള്‍ ലോകം കൗതുകത്തോടെ വീക്ഷിച്ചു. മിനിയേച്ചര്‍ ലോകത്തുനിന്ന് വാഹനനിര്മ്മാണമേഖലയിലേക്കും വാഹനമേഖലയിലേക്കും പടി ചവിട്ടിയവര്‍ ഏറെയാണ്. വലിയ വാഹനങ്ങളെ വിരലോളം വലുപ്പത്തിലേക്ക് നിര്‍മ്മിച്ചെടുക്കാന്‍ പെടുന്ന പാട് ചില്ലറയല്ല. സൂക്ഷ്മമായി പരിശോധിച്ചാല്‍ പോലും തെറ്റ് കണ്ടുപിടിക്കാന്‍ കഴിയാത്തവിധം ആണ് പലരുടേയും നിര്‍മ്മാണങ്ങള്‍. പെരുമ്പാവൂര്‍ മാതൃകയിലുള്ള തെക്കന്‍ ലോറികള്‍ ധാരാളം ഇവര്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആടുതോമയുടെ കഥപറയുന്ന സ്ഫടികം എന്ന ചിത്രത്തിലെ ലോറിയോടാണ് ഇവര്‍ക്ക് കൂടുതല്‍ പ്രിയം. മിനിയേച്ചര്‍ കലാകാരന്മാരില് ഏറെ സ്വാധീനം ചെലുത്തിയിട്ടുള്ള സിനിമ കൂടിയാണ് സ്ഫടികം. കയ്പ്പേറിയ ജീവിതാനുഭവങ്ങളില്‍ ഒറ്റപ്പെടുന്ന കലാകാരന്മാരുടെ വലിയ ലോകം കൂടിയാണ് ഇന്ന് മിനിയേച്ചര്‍ നിര്‍മ്മാതാക്കളുടെ ലോകം.
കടപ്പാട് -സനല്‍ദേവ്
Source – http://www.greenpageonline.com/main-article.php?%20value=180
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog