പിറന്നാൾ ദിനത്തിൽ കബിനി നൽകിയ അമൂല്യമായ സമ്മാനം…

വിവരണം – സുരേഷ് രവി, പോസ്റ്റ് ഓഫ് ദി വീക്ക് – പറവകൾ ഗ്രൂപ്പ്.

കബനിയിൽ നിന്നിറങ്ങി മാനന്തവാടി റൂട്ടിൽ സഞ്ചരിക്കുമ്പോൾ ആദ്യം കാണുന്നത്‌ ബീച്ചനഹള്ളി ജലാശയത്തിന്റെ മനോഹര ദൃശ്യമാണ്. 10 : 30 നുള്ളിൽ തന്നെ ടിക്കറ്റും ബുക്ക്‌ ചെയ്‌ത്‌ മടക്കയാത്ര ആരംഭിച്ച എനിയ്ക്കു മുന്നിൽ വേണ്ടുവോളം സമയമുള്ളതിനാൽ ആ ജലാശയത്തിന്റെ തീരത്തുകൂടി ബൈക്കിൽ സഞ്ചരിക്കുവാൻ മനസിൽ ഒരു പൂതി തോന്നി. ഒരു ഉദ്ദേശ്യം വച്ച്‌ മുന്നിൽ കണ്ട വഴികളിലൂടെയും ചിലയിടങ്ങളിൽ സ്വന്തമായി വഴി വെട്ടിയും ഞാൻ ആ ജലാശയത്തിന്റെ സമീപത്തെത്തി. കുറച്ചകലെ കുറെ കുട്ടികൾ ക്രിക്കറ്റ്‌ കളിക്കുന്ന കാഴ്ചയും നോക്കി ഞാൻ കുറച്ചു നേരമവിടെ ഇരുന്നു.

വെയിലിനു കടുപ്പമേറി തുടങ്ങി. ഇനി അധിക സമയം അവിടെ ചിലവഴിക്കുക ബുദ്ധിമുട്ടായതിനാൽ ഞാൻ തിരികേ പോകുവാനൊരുങ്ങി. അതിനിടയിൽ ക്രിക്കറ്റ്‌ കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ കൂട്ടത്തിൽ നിന്നും രണ്ടു പേർ എന്റെ മുൻപിലെത്തി പണത്തിനു വേണ്ടി കൈ നീട്ടി. പണത്തിനു പകരം കൈയ്യിലുണ്ടായിരുന്ന മിഠായികൾ നൽകി ഇനി മേലാൽ ആരുടെയും മുൻപിൽ കൈനീട്ടരുതെന്ന ഫ്രീ ഉപദേശവും കൊടുത്ത്‌ പുതിയ വഴികൾ വെട്ടി ഞാൻ മാനന്തവാടി റോഡിൽ കയറി. ചില കാഴ്ചകൾ മനസിൽ നിന്നും മായാതെ നമ്മെ കുത്തിനോവിക്കുന്ന അനുഭവങ്ങൾ ആയി നിലനിൽക്കും. മിക്ക വയനാടൻ യാത്രകളിലും എനിക്കു അങ്ങിനെ ഉള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്‌, ഇപ്പോഴിതാ കുട്ടികളുടെ രൂപത്തിൽ വീണ്ടും അത്തരത്തിലൊരനുഭവം. ഞാൻ ചെയ്‌തത്‌ തെറ്റായിപ്പോയൊ അതൊ ശരിയായിരുന്നൊ എന്നൊക്കെയുള്ള ചോദ്യങ്ങൾ മനസിൽ പൊട്ടിമുളച്ചു തുടങ്ങി. യാത്രകൾക്കു വേണ്ടി ധാരാളം പണം ചിലവഴിക്കുന്നുണ്ടല്ലൊ നമ്മളെല്ലാവരും. സത്യത്തിൽ ഒരുതരം ധൂർത്തടിക്കൽ തന്നെയല്ലെ ഈ യാത്രകളെല്ലാം. ഒത്തിരി ചിന്തിച്ചാൽ എനിക്കു വട്ടാകുമെന്ന് മനസിലാക്കി, ഞാൻ ചെയ്‌തത്‌ തന്നെയാണ് ശരി എന്നു മനസിനെ പറഞ്ഞു മനസിലാക്കി യാത്ര തുടർന്നു.

ഞാൻ റൂമിലെത്തിയപ്പോഴേയ്ക്കും അജേഷളിയൻ ഉഷാറായി നിൽക്കുന്നുണ്ടായിരുന്നു. മാനന്തവാടിയിൽ നിന്നും ഉച്ചഭക്ഷണവും കഴിച്ച്‌ അത്യാവശ്യത്തിനു മാത്രമുള്ള ലെഗേജും കരുതി കബനിയുടെ കാണാക്കാഴ്ചകൾ തേടി ഞങ്ങൾ യാത്ര തുടങ്ങി. പാലക്കാട്‌ നിന്നും പുറപ്പെട്ടവർ ഇതുവരെയും എത്തിച്ചേർന്നിട്ടില്ല. അവസാനം വിളിച്ചപ്പോൾ ചാംരാജ്‌ നഗർ ആയതെ ഉള്ളൂ എന്നാണ് പറഞ്ഞത്‌. എത്തിച്ചേരണ്ട സമയവും, റൂട്ടും, ലാഡ്‌ മാർക്കുമെല്ലാം വിശദമായി പറഞ്ഞു കൊടുത്തിട്ടുണ്ട്‌. പക്ഷെ, കറക്റ്റ്‌ ടൈമിൽ എത്തുന്ന കാര്യം സംശയത്തിലാണ്. റേസർ രാമൻ മിലൺ ആണ് വളയം പിടിച്ചിരിക്കുന്നത്‌, അതിനാൽ തന്നെ ചെറിയൊരു പ്രതീക്ഷയുമുണ്ട്‌. സഫാരി തുടങ്ങുന്നതിനു തൊട്ടു മുൻപായിട്ടാണ് ഞങ്ങൾക്കും എത്തിച്ചേരുവാനായത്‌. എല്ലാവരും ഞങ്ങൾക്കു വേണ്ടി കത്തിരിക്കുകയായിരുന്നു. ബുക്ക്‌ ചെയ്‌ത 5 ടിക്കറ്റുകളിൽ 3 എണ്ണം ഗോവിന്ദ. മിലണും സംഘവും ഇതുവരെയും എത്തിച്ചേർന്നിട്ടില്ല. അവർക്കു വേണ്ടി കാത്തുനിൽക്കണ്ട എന്ന് അറിയിപ്പ്‌ ലഭിച്ചതിനാൽ ഞങ്ങളിരുവരും സഫാരി വാനിൽ കയറി പിൻസീറ്റിൽ ഇരിപ്പുറപ്പിച്ചു.

Photo – Vasudev H.[/caption]

സന്തോഷം കൊണ്ട്‌ ഇരിപ്പുറയ്ക്കുന്നില്ല. അൽപസമയത്തിനുള്ളിൽ ഞങ്ങളെയും വഹിച്ചു കൊണ്ട്‌ ആ സഫാരി വാൻ കബനിയ്ക്കുള്ളിലെക്ക്‌ പ്രവേശിക്കും, ഇതുവരെ ചിത്രങ്ങളിൽ മാത്രം കണ്ടിരുന്ന കബനി ഇന്നിതാ എനിക്കു മുൻപിൽ . രാജു ചേട്ടന്റെയും, രമേശൻ ചേട്ടന്റെയും അപർണ്ണ ചേച്ചിയുടെയും കബനിയിലെ ചിത്രങ്ങൾ സ്ലൈഡ്‌ ഷൊ പോലെ മനസിൽ മിന്നിമറയുന്നു. 2016 ലെ മറക്കാനാവാത്ത നിമിഷങ്ങളിലൊന്ന്.

കബനിയുടെ വാതിലുകൾ ഇതാ ഞങ്ങൾക്കു മുൻപിൽ തുറക്കപ്പെട്ടു. മൺപാതയിലൂടെ പൊടിയും പറത്തി വാൻ പോകുന്നത്‌ ഒരു ചെറിയ കുളക്കരയിലേക്കാണ്. മുൻസീറ്റുകളിൽ വമ്പൻ ലെൻസുകളുമായിരിക്കുന്ന പുലികളാണ് പുള്ളിപ്പുലിയെ സ്‌പോട്ട്‌ ചെയ്‌തത്‌. പുലിയെന്നു കേട്ടപാടെ എല്ലാവരും വാനിന്റെ വലതു ഭാഗത്തേയ്ക്ക്‌ ഓടിക്കൂടി. കുളക്കരയിലെ ഒരു മരത്തിന്റെ ശിഖരത്തിൽ ഉച്ചമയക്കത്തിലാണ് കക്ഷി. ആരും ഒന്നും മിണ്ടുന്നില്ല. ചറപറാന്നുള്ള ക്യാമറ ക്ലിക്കുകളുടെ ശബ്ദം മാത്രം. പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരനുഭൂതിയിലാണ് ഞങ്ങളെല്ലാവരും. രാവിലെ കടുവയെ കാണുവാൻ കഴിയാത്തതിലുള്ള നിരാശ തീർന്നു കിട്ടി. രണ്ടു ദിവസം മുൻപായിരുന്നു എന്റെ ജന്മദിനം. സമ്മാനമായി കാട്‌ നൽകിയതൊ, ഇത്രയും കാലത്തിനുള്ളിലെ ഏറ്റവും വലിയ പിറന്നാൾ സമ്മാനം.

എല്ലാവരും ആഹ്ലാദത്തിലാണ്. സഫാരി തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ ദാ കിടക്കുന്നു പുള്ളിപ്പുലി. എനി എന്തൊക്കെയാണൊ കബനി ഞങ്ങൾക്കു വേണ്ടി കരുതിയിരിക്കുന്നത്‌. മതിവരുവോളമുള്ള ദർശനത്തിനു ശേഷം വാൻ ഞങ്ങളെയും വഹിച്ചു കൊണ്ട്‌ യാത്ര തുടർന്നു. തുടക്കത്തിൽ തന്നെ പുള്ളി പുലിയെ കണ്ടതിനാൽ എല്ലാവരും ഉഷാറിലാണ്. 21 ജോഡി കണ്ണുകൾ കബനിയിൽ തലങ്ങും വിലങ്ങും പായുകയാണ്, കബനിയിലെ രാജാക്കന്മാരെ കണ്ടെത്തുവാൻ. മാൻ, മയിൽ, കാട്ടു കോഴികൾ,ഹനുമാൻ കുരങ്ങുകൾ എന്നിവയെ വഴിനീളെ യഥേഷ്‌ടം കാണുന്നുണ്ടെങ്കിലും ആരിലും വലിയ ചലനങ്ങളൊന്നും ഉണ്ടാക്കുന്നില്ല. ആദ്യമായി സഫാരി നടത്തുന്നവരുടെ ക്യാമറ ക്ലിക്കുകളുടെ ശബ്ദമൊഴിച്ചാൽ തീർത്തും നിശബ്ദം.

വളരെ വിരളമായി കാണുന്ന മൗസ്‌ ഡിയർ ( കൂരമാൻ ) കബനിയുടെ ജൈവ വൈവിദ്യത്തിനു മാറ്റ്‌ കൂട്ടുന്നുണ്ട്‌. വൈൽഡ്‌ ലൈഫ്‌ ഫോട്ടോഗ്രാഫർമ്മാരുടെ അഭിപ്രായത്തിൽ ഒരു കടുവയെ കണ്ടെത്തുന്നതിലും ബുദ്ധിമുട്ടാണ് ഈ കുഞ്ഞന്റെ ദർശനം. അതിനാൽ തന്നെയാവാം ഈ കുഞ്ഞന്റെ ചിത്രങ്ങളും വളരെ വിരളമായെ കാണുവാൻ കഴിയാറുള്ളൂ. ഒരു മിന്നായം പോലെ ദർശന സുഖം നൽകി കുറ്റിക്കാട്ടിലേക്ക്‌ ഓടിയൊളിച്ച കൂരമാനിന്റെ ചിത്രം പകർത്തുവാൻ കഴിയാത്തതിലുള്ള വിഷമം എല്ലാ ഫോട്ടോഗ്രാഫർമ്മാരുടെയും മുഖത്ത്‌ പ്രതിഫലിക്കുന്നുണ്ടായിരുന്നു. കാട്‌ എപ്പോൾ എന്തു തരുമെന്ന് നമുക്ക്‌ പ്രതീക്ഷിക്കുവാൻ കഴിയില്ലല്ലൊ…? പോകുന്ന വഴിയിൽ ചിലപ്പോൾ ഇനിയും മുഖാമുഖം കാണുവാൻ കഴിയുമെന്ന ശുഭാപ്‌തി വിശ്വാസത്തിൽ ഞങ്ങൾ യാത്ര തുടർന്നു.

സ്ഥിരമായി കടുവയെ കാണാറുള്ള ഒരു കുളത്തിനരികെ കടുവയെയും പ്രതീക്ഷിച്ച്‌ ഞങ്ങൾ കുറച്ചു നേരം കാത്തിരുന്നു. കാത്തിരിപ്പുനു ദൈർഘ്യം കൂടിയപ്പോൾ ഞാനും അജേഷളിയനും പതിയെ പക്ഷി നിരീക്ഷണത്തിലെക്കു തിരിഞ്ഞു. കാട്ടിൽ നിറയെ കാഴ്ചകളുണ്ട്‌ കൂട്ടുകാരെ. അത്‌ നാം തന്നെ കണ്ടെത്തണം. അതിനായ്‌ സൂക്ഷമ നിരീക്ഷണം മാത്രം മതി. കാനനത്തിനുള്ളിൽ പലതരത്തിലുള്ള വൈവിദ്യമാർന്ന കാഴ്ചകൾ കൂടുതലും ലഭിക്കുന്നത്‌ പക്ഷി നിരീക്ഷണത്തിലൂടെയാണ്. കബനിയിൽ എവിടെ നോക്കിയാലും കിന്നരി പരുന്തിനെ (Crested Serpent Eagle) കാണുവാൻ കഴിയും. സഫാരി തുടങ്ങിയതിനു ശേഷം ഇതു നാലാം തവണയാണ് ഞങ്ങൾ കിന്നരി പരുന്തിനെ കാണുന്നത്‌. ഇത്തവണ വളരെ അടുത്തായത്‌ കൊണ്ട്‌ വ്യക്തമായി എല്ലാവർക്കും കാണുവാൻ കഴിയുന്നുണ്ട്‌. കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം കടുവ കുളത്തിൽ നിന്നും ഞങ്ങൾ സഫാരി പൊയിന്റിലെക്ക്‌ മടക്കയാത്ര ആരംഭിച്ചു. തിരികെ പോകുന്ന വഴിയിൽ ഒരു ചെറിയ തടാകക്കരയിൽ ഒരു ഒറ്റക്കൊമ്പന്റെ വിദൂര ദർശനവും, കാക്ക മരംകൊത്തിയുടെ ( White bellied wood pecker ) സൗന്ദര്യവും കണ്ട്‌ നാലു മണിയോടു കൂടി സഫാരി പൊയിന്റിൽ എത്തിച്ചേർന്നു. തിക്കും തിരക്കുമായ്‌ അടുത്ത സഫാരിക്കുള്ളവർ വാനിന്റെ ഡോറിനു മുന്നിൽ തടിച്ചു കൂടി. ഒരു വിധേന ഞാനും അജേഷളിയനും പുറത്തു കടന്ന് ഞങ്ങളെ കാത്തുനിൽക്കുന്ന സ്‌നേഹിതരുടെ പക്കൽ എത്തി.

കബനിയിലെ ആദ്യത്തെ സഫാരി തന്നെ അവിസ്‌മരണീയമായതിന്റെ ആനന്ദത്തിലായിരുന്ന എനിക്ക്‌ ഇരട്ടി മധുരമെന്ന പോലെ നാളെ രാവിലത്തേയ്ക്കുള്ള സഫാരിയുടെ ടിക്കറ്റുകൾ ബുക്ക്‌ ചെയ്‌ത്‌ മിലണും കൂട്ടുകാരും ഞങ്ങളെയും കാത്ത്‌ അവിടുണ്ടായിരുന്നു. കൂട്ടുകാരെയെല്ലാം അജേഷളിയനു പരിചയപ്പെടുത്തിയതിനു ശേഷം റൂം അന്വോഷിച്ച്‌ ഞങ്ങൾ ഹാൻഡ്‌ പോസ്റ്റിലെക്ക്‌ ചലിച്ചു. റുമെടുത്ത്‌ കുറച്ചു നേരം വിശ്രമിച്ചതിനു ശേഷം കബനി നദീ തീരത്തുള്ള കന്നട ഗ്രാമങ്ങളും, നുഗുവിന്റെ തീരങ്ങളും തേടി ഞങ്ങൾ പുറത്തേക്കിറങ്ങി. രാത്രി ആയതിനാൽ വഴി മാറിക്കയറി ഞങ്ങൾ എവിടൊക്കെയോ ചുറ്റിത്തിരിയുകയായിരുന്നു. രണ്ടു ദിവസത്തെ യാത്രയും ഉറക്കമില്ലയ്‌മയും പിൻസീറ്റിലിരുന്ന എന്നെ എപ്പോഴൊ ഉറക്കത്തിലേക്കു തള്ളിയിട്ടു. വളരെ വൈകിയാണ് ഞങ്ങൾ തിരികെ റൂമിലെത്തിയത്‌. രാവിലത്തെ സഫാരിക്ക്‌ 5:30 നു സഫാരി പൊയിന്റിൽ എത്തിച്ചേരേണ്ടതിനാൽ അലാം സെറ്റ്‌ ചെയ്‌ത്‌ ഞങ്ങൾ ഉറങ്ങാനൊരുങ്ങി.

ആദ്യം എഴുന്നേൽറ്റത്‌ മിലൺ ആയിരുന്നു. എല്ലാവരേയും വിളിച്ചുണർത്തി ഒന്നു ഫ്രഷായി 5:45 നു ഞങ്ങൾ സഫാരി പൊയിന്റിൽ എത്തിച്ചേർന്നു. മൂന്ന് മണിക്കൂർ ആണ് സഫാരി ടൈം . ഈ മൂന്ന് മണിക്കൂർ കൊണ്ട്‌ കബനിയുടെ മുക്കും മൂലയും നമ്മൾ അരിച്ചു പെറുക്കും. എവിടെ നോക്കിയാലും സഫാരി വാനുകൾ. മലയാളികൾ കുറവാണ്. പതിവു പോലെ തന്നെ പുള്ളിമാൻ കൂട്ടങ്ങളാണ് എവിടെ നോക്കിയാലും. മാസങ്ങൾ മാത്രം പ്രായമായ കുഞ്ഞുങ്ങളെയും യഥേഷ്‌ടം കാണാം. ബീച്ചനഹള്ളി ജലാശയത്തിനോട്‌ ചേർന്ന് സഞ്ചരിച്ചപ്പോൾ വലിയൊരു കാട്ടു പൊന്തയ്ക്ക്‌ അപ്പുറവും ഇപ്പുറവുമായി സഫാരി വാനുകളെല്ലാം നിർത്തിയിട്ടിരിക്കുന്നത്‌ ശ്രദ്ധയിൽ പെട്ടു. സമയം പാഴാക്കാതെ ഞങ്ങളും അവരോടൊപ്പം കൂടി. പൊന്തയ്ക്കുള്ളിൽ മറഞ്ഞ വരയൻ പുലിയുടെ ദർശനവും കാത്ത്‌ എല്ലാവരും ശ്വാസമടക്കി കാത്തിരിപ്പാണ്.

Photo – Vasishta Jayanti.

ശബ്ദമുണ്ടാക്കി തലങ്ങും വിലങ്ങും ഓടി നടക്കുന്ന ഹനുമാൻ കുരങ്ങുകൾ ഞങ്ങളിൽ വലിയ പ്രതീക്ഷയുളവാക്കി. പൊന്തയ്ക്കുള്ളിൽ നിന്നും ആരും തന്നെ കണ്ണുകൾ പറിയ്ക്കുന്നില്ല. എല്ലാവർക്കും ഒരേ ലക്ഷ്യം. ഏകദേശം 15 മിനിറ്റുകളോളം കാത്തിരുന്നിട്ടും ഫലം കിട്ടാത്തതിനാൽ അടുത്ത സ്‌പോട്ടിംഗ്‌ സൈറ്റുകൾ തേടി എല്ലാവരും യാത്ര പുനരാരംഭിച്ചു. ജലാശയത്തിന്റെ പുൽത്തകിടിയ്ക്ക്‌ അടുത്ത്‌ വരെ ഞങ്ങൾ എത്തി. സ്വൈര്യവിഹാരം നടത്തുന്ന മാൻ കൂട്ടത്തേയും, പന്നിക്കൂട്ടത്തേയും അകലെ വച്ചു തന്നെ ഞങ്ങൾ കണ്ടിരുന്നു. ഇപ്പോൾ പീലി വിടർത്തി ആടുമെന്ന തോന്നൽ ഉളവാക്കിയ മയിലിലേയ്ക്ക്‌ എല്ലാവരുടെയും ശ്രദ്ധ പതിഞ്ഞപ്പോൾ വാനിനോടു ചേർന്നുള്ള കാട്ടു പൊന്തയിൽ ഞങ്ങളെ വീക്ഷിക്കുന്ന കാട്ടാനക്കൂട്ടത്തെ ആരുംതന്നെ കണ്ടിരുന്നില്ല. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ ഒരു വലിയ അപകടത്തിൽ നിന്നും ഞങ്ങളെ രക്ഷപെടുത്തി. തിരികെ പോരും വഴി സാമ്പാർ ഡിയറും കത്തുന്ന വേനലിൽ അതിജീവനത്തിനായ്‌ പടപൊരുതുന്ന കാട്ടുപോത്തും ഞങ്ങളുടെ നയനങ്ങൾക്ക്‌ മിഴിവേകി.

കടുവയെ കാണുവാൻ കഴിയാത്തതിലുള്ള നിരാശയൊന്നും ഇല്ലാതെയാണ് ഞാൻ കബനിയോട്‌ യാത്ര ചോദിച്ചത്‌. രണ്ട്‌ ദിവസം അവൾ നൽകിയ ആതിഥേയത്തിനു നെഞ്ചിൽ തൊട്ട്‌ നന്ദി പറഞ്ഞതിനു ശേഷം, തളിരണിഞ്ഞ്‌, ആരേയും മോഹിപ്പിക്കുമാറ് യൗവ്വന യുക്തയായി നിൽക്കുന്ന അവളുടെ ആ രൂപവും മനസിൽ കണ്ട്‌ ഞങ്ങൾ കബനിയോട്‌ വിട പറഞ്ഞു.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply