ധനുഷ്കോടിയിലേക്ക് ചിലവു ചുരുക്കിക്കൊണ്ട് മൂന്നു സഹോദരങ്ങളുടെ യാത്ര..!!

കുറച്ചു നാളായി ഒറ്റയ്ക്ക് ഒരു യാത്ര പോകണമെന്ന് കരുതിയിട്ടു. അങ്ങനെ എക്സാം കഴിഞ്ഞു നേരെ മധുരയ്ക്ക് പോകാൻ തീരുമാനിച്ചു. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന സുരക്ഷ ഓർത്തു വീട്ടിൽ അൽപ്പം എതിർപ്പുണ്ട്. പിന്നെ ബന്ധുക്കളുടെ എന്നോടുള്ള അധിക ഉത്തരവാദിത്തം കൂടി ആയപ്പോൾ പൂർണമായി ! അങ്ങനെ അനിയനും അനുജത്തിയും കൂടെ കൂടി. പിന്നെ എത്രയായാലും നമ്മുടെ സഹോദരങ്ങളുമായി ഉള്ള യാത്ര ഒന്നു വേറെ തന്നെയാണ്.

അങ്ങനെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും പുനലൂർ -മധുരൈ പാസ്സന്ജറിന് ടിക്കറ്റ് എടുത്തു. ടിക്കറ്റ് ചാർജ് ഒരാൾക്ക് 70/- രൂപ. 6:10pmന് ആണ് ട്രെയിൻ. എന്നാൽ ട്രെയിൻ വന്നപ്പോൾ 7:00pm ആയി. തിരക്ക് ഒട്ടും ഇല്ലാഞ്ഞതിനാൽ ട്രെയിനിൽ കയറിയ ഉടൻ തന്നെ സീറ്റ്‌ കിട്ടി. അനന്തപുരി എക്സ്പ്രസ്സ്‌ ഉണ്ടായിരുന്നിട്ടും ഈ ട്രെയിൻ തന്നെ തിരഞ്ഞെടുക്കാൻ കാരണം രാത്രിതാമസം ഒഴിവാക്കാൻ വേണ്ടി ആയിരുന്നു. ട്രെയിൻ പല സ്റ്റേഷനുകളും കടന്നു പോയെങ്കിലും കുഴിതുറ (കുളിതുറ ) റെയിൽവേ സ്റ്റേഷൻ എത്തിയപ്പോൾ ട്രെയിനിലെ ഒരുവിധം ഇരിപ്പിടങ്ങളും യാത്രികരെ ക്കൊണ്ട് നിറഞ്ഞു. അനുജത്തി സുഖമായി ഉറക്കം തന്നെ. അനുജനും ഞാനും കാഴ്ചകളും കണ്ടു ഇരുന്നു.

ഇടയ്ക്കു ജനാലയിൽ കൂടി മുഖത്തു പതിച്ച പ്രകാശം മുഖത്തു തട്ടി കണ്ണു തുറന്നപ്പോൾ ഒരു പടു കൂറ്റൻ ടവർ. പെട്ടെന്നൊരു ഭയം തോന്നിയെങ്കിലും ഒരു സിവിൽ എഞ്ചിനീയർ എന്ന നിലയിൽ അതൊരു സിമന്റ്‌ ഫാക്ടറി ആണെന്ന് മനസ്സിലായി. ട്രെയിൻ നിർത്തി ഇട്ടിരിക്കുകയാണ്. സ്റ്റേഷൻ ഏതെന്നു കാണാൻ കഴിയാത്തതിനാൽ ഗൂഗിൾ മാപ് നോക്കി അത് ശങ്കർ ടൌൺ ആണെന്ന് കണ്ടു. പിന്നീട് ഉറക്കം വന്നില്ല. അവിടുന്ന് അങ്ങോട്ട്‌ കാറ്റാടി യന്ത്രങ്ങൾ വളരേ അധികം കാണാൻ കഴിഞ്ഞു.. ഒരു സ്ത്രീ ഒരു കുട്ടയിൽ ഒരു പലഹാരം വിൽക്കുന്നതു കണ്ടു. അനിയൻ 10/- രൂപയ്ക്കു 4എണ്ണം വാങ്ങി. മധുരമുള്ള ഇഡ്ഡലി പോലെ രുചിയും രൂപവും. അടുത്ത സ്റ്റേഷനിൽ ആ സ്ത്രീ ഇറങ്ങി. സമയം ഏകദേശം 2 മണി ആയിരുന്നു. പതിയെ വീണ്ടും ഉറക്കത്തിൽ മുഴുകി.

6:20am ആയപ്പോൾ മധുരൈ എത്തി. 6:45am ആണ് എത്തേണ്ടത് (25 മിനിറ്റ് മുൻപ് എത്തി ). സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ ഒരു അനൗൺസ്മെന്റ് കേട്ടു മധുരൈ -രാമേശ്വരം ട്രെയിൻ 6:50am അഞ്ചാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന് പുറപ്പെടും എന്നറിഞ്ഞു മൂന്നു പേരുടെയും മനസ്സിൽ ലഡ്ഡു പൊട്ടി.ഓടി പോയി മധുരൈ- രാമേശ്വരം ട്രെയിൻ ടിക്കറ്റ് എടുത്തു ഒരാൾക്ക് 35/- രൂപ. ട്രെയിൻ വന്നു കിടക്കുന്നു.

ഈ ട്രെയിനിൽ കയറുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം ട്രെയിനിന്റെ പിറകിലെ കമ്പാർട്ട്മെന്റിൽ കയറണം മുൻ ഭാഗം ചെന്നൈയിലേക്ക് പോകുന്നതാണ്. അങ്ങനെ ട്രെയിൻ എടുത്തു പിന്നീട് അങ്ങോട്ട്‌ വിജനമായ പ്രദേശങ്ങൾ ആയിരുന്നു. അപൂർവമായി വീടുകൾ… എവിടെയും പനന്തെങ്ങുകൾ മിക്ക വീടുകളുടെയും മതിലുകൾ പനന്തെങ്ങുകളുടെ ഓല മടലുകൾ കൊണ്ടു ഭംഗിയായി അടുക്കിയാണ് നിർമിച്ചിരിക്കുന്നത്. അടുത്തിരുന്ന തമിൾ കുടുംബത്തിലെ സ്ത്രീ ഞങ്ങളോട് “എന്ത ഊര് ” എന്നു ചോദ്യത്തിന് കേരളത്തിൽ പന്തളത്തിനു അടുത്ത് നിന്നുമാണെന്നു മറുപടി പറഞ്ഞപ്പോൾ അവരുടെ മുഖത്ത് വിരിഞ്ഞത് അത്ഭുതവും അയ്യപ്പൻറെ ഊര് എന്നറിഞ്ഞ ഒരു ഭക്തിയും ആയിരുന്നു.

അവരോട് ചോദിച്ചപ്പോൾ അടുത്തത് പാമ്പൻ പാലത്തിലൂടെയാണ് ട്രെയിൻ സഞ്ചരിക്കാൻ പോകുന്നത് എന്നറിഞ്ഞപ്പോൾ വിന്ഡോ സീറ്റിൽ വന്നിരുന്നു. ഏകദേശം 2.3km നീളം ഉണ്ട് പാമ്പൻ പാലത്തിനു. ട്രെയിനിന്റെ വേഗത കുറഞ്ഞു, ട്രെയിൻ പാലത്തിലേക് കടന്നപ്പോൾ കാറ്റിന്റെ ശക്തിയും തിരമാലയുടെ അലയടിയും അൽപം ഭയപ്പെടുത്തുകയും അതോടൊപ്പം പാമ്പൻ പാലത്തിൽ കൂടി സഞ്ചരിക്കുന്നതിൽ അൽപ്പം അഭിമാനവും തോന്നുന്ന നിമിഷം ആയിരുന്നു അതു.. ക്യാമറ കണ്ണുകൾ മാറി മാറി ചിമ്മുന്നതിനൊപ്പം സെൽഫി എടുക്കാനും മറന്നില്ല. അങ്ങനെ രാമേശ്വരം സ്റ്റേഷനിൽ എത്തി.

റിഫ്രഷ് ചെയ്യാനായി റെയിൽവേ വെയ്റ്റിംഗ് റൂമിൽ ചെന്നു. വളരേ വൃത്തിയോടെ ആണ് അതു സൂക്ഷിച്ചു പോണത്. അ വിടെ നിന്നും മൊബൈൽ ഫോൺ ചാർജ് ചെയ്യാനും സൗകര്യം ഉണ്ട്. അതിനു ശേഷം നേരെ Dr. അബ്ദുൽ കലാം ഹൗസിലേക്കുള്ള വഴി ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ നോക്കി ഏകാദേശം 500മീറ്റർ ഉള്ളൂ. അതുകൊണ്ട് അങ്ങോട്ടേക്ക് നടന്നു. Dr. അബ്ദുൽ കലാം ഹൗസിനു മുന്നിലെത്തിയപ്പോൾ ഒരു വൃദ്ധൻ ഞങ്ങൾക്ക് മുകളിലേക്കുള്ള വഴി കാട്ടി തന്നു.ഈ വീട് ഇപ്പോൾ ഒരു മ്യൂസിയം ആണ്. Dr.അബ്ദുൽ കലാം സർന്റെ ബഹുമതികൾ, സെര്ടിഫിക്കറ്റുകൾ, അദ്ദേഹം ഉപയോഗിച്ചുരുന്ന ഔദ്യോഗിക വസ്ത്രം, പ്രമുഖ ദൗത്യങ്ങളിൽ ഏർപ്പെട്ടിരുന്നപ്പോൾ എടുത്ത ചിത്രങ്ങൾ എന്നിങ്ങനെ മ്യൂസിയത്തിലെ കാഴ്ചകൾ നിരവധിയായിരുന്നു.

2nd ഫ്ലോറിൽ ടൂറിസ്റ്റുകളെ ലക്ഷ്യമാക്കി സ്ഥിതി ചെയ്യുന്ന ഒരു വ്യാപാരം ആയിരുന്നു തീരദേശ വസ്തുക്കൾ ഉപയോഗിച്ചുള്ള വസ്തുക്കൾ ആയിരുന്നു ഏറെയും. വില വളരേ കൂടുതൽ ആയിരുന്നതിനാൽ വളരേ വേഗം തന്നെ അവിടുന്നിറങ്ങി.അപ്പോൾ വെയിലും ചൂടും കൂടിയിരുന്നു. വിശപ്പു അസഹനീയം ആയതിനാൽ അടുത്തുള്ള ഹോട്ടൽ അന്വഷിച്ചു.ചോള എന്ന ഹോട്ടലിൽ കയറി ബിരിയാണി ഓർഡർ ചെയ്തു(130രൂപ /ഒരാൾക്ക് ). തരക്കേടില്ലാത്ത ഭക്ഷണമായിരുന്നു. ഭക്ഷണം കഴിഞ്ഞു ഹോട്ടൽ ഉടമയോടു ധനുഷ്കോടിയിലേക്കുള്ള ബസ് അന്വഷിച്ചപ്പോൾ അതേ ജംഗ്ഷനിൽ നിന്നും ബസ് നമ്പർ “3” യിൽ കയറാൻ പറഞ്ഞു. 15മിനുറ്റ് ഇടവിട്ടു ബസ് ഉണ്ട്. അങ്ങനെ ബസിൽ കയറി ധനുഷ്കോടിക്ക് ടിക്കറ്റ് എടുത്തു (22രൂപ /ഒരാൾക്ക് ).

ബസിൽ നല്ല തിരക്കുണ്ടായിരുന്നു. ബസ് ഒരു വിജനമായ വഴിയിലേക്ക് തിരിഞ്ഞു. ചിലർ യാത്രയുടെ ഇടയ്ക്കു ഇറങ്ങുന്നു എങ്കിലും അടുത്തൊന്നും വീടുകളോ കെട്ടിടങ്ങളോ കാണാനില്ലായിരുന്നു. ധനുഷ്‌കോടി ബസിൽ എപ്പോളും രണ്ടു പോലീസുകാർ ഉണ്ടായിരിക്കും അപകടമേഖല ആയതിനാൽ ആണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. പതിയെ റോഡിന്റെ രണ്ടു വശത്തും കടൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി ഒപ്പം ഓല കൊണ്ടു നിർമ്മിച്ച വീടുകളും. ചില വീടുകൾക്കു മുൻപിൽ മീനുകൾ ഉണക്കാൻ ഇട്ടിരിക്കുന്നു. 1964 ലെ കൊടുങ്കാറ്റിൽ നശിച്ച കെട്ടിടങ്ങളുടെയും റെയിൽവേ പാളങ്ങളുടെയും മറ്റും അവശിഷ്ടങ്ങളും ഒരു നിമിഷം ആ ഭീകരമായ കൊടുങ്കാറ്റു മനസ്സിലേക്ക് കൊണ്ടുവന്നിരിക്കും.. ഏകദേശം ഒരു മണിക്കൂർ കൊണ്ട് ധനുഷ്‌കോടിയിൽ എത്തി. റോഡ് ഇവിടെ അവസാനിക്കുകയാണ്.

ധനുഷ്‌കോടി മുനമ്പിലേക്ക് ഞങ്ങൾ നടന്നു നീങ്ങി കാറ്റ് ചൂടിനെ ശമിപ്പിച്ചു. നിരവധി സഞ്ചാരികൾ ഇവിടെ നേരത്തെ തന്നെ എത്തി ചേർന്നിരിക്കുന്നു. പൊതുവെ ഇതിൽ മലയാളികൾ കുറവായിരുന്നു. ആന്ധ്ര പ്രാദേശിൽ നിന്നും കർണാടകയിൽ നിന്നുമാണ് കൂടുതലും. ഞങ്ങൾ ധനുഷ്‌കോടി മുനന്പിലേക്കു( ഡെഡ് എൻഡ്) നടന്നു.ഇരു വശത്തു നിന്നുമുള്ള കടലുകൾ തമ്മിൽ ചേർന്നുള്ള ആർത്തിരമ്പല് . വലതു വശത്തു നീല നിറത്തിൽ ആർതുലച്ചടിക്കുന്ന ഇന്ത്യൻ മഹാസമുദ്രവും ഇടതു വശത്തു പച്ച നിറത്തിൽ ശാന്തമായ ബംഗാൾ ഉൾക്കടലും സംഗമിക്കുന്ന മുനമ്പ്. എത്തിയ ഉടനെ ഇവിടെ നിന്നാൽ ശ്രീലങ്ക കാണാൻ പറ്റുമോ എന്നായിരുന്നു നോക്കിയത്. അങ്ങ് ദൂരെ ചെറിയ വെള്ള വര പോലെ കണ്ടത് ശ്രീലങ്കയാണോ അതോ തിരമാലയാണോ എന്നു ഇപ്പോളും സംശയം.

ധനുഷ്‌കോടിയിൽ എത്തിയപോള് ശരിക്കും നമ്മൾ നടുക്കടലിൽ നിൽക്കുന്ന പോലെ ഒരു ഫീൽ ഉണ്ടാകും. സുഹൃത്തായ ജിബു പറഞ്ഞത് കേട്ടു ധനുഷ്കോടിയിൽ പോകാതെ പോന്നിരുനെങ്കിൽ ശരിക്കും അതൊരു നഷ്ടം ആയേനെ. കുറെ സമയം അവിടെ ചിലവഴിച്ചു. വൈകുന്നേരം മുഴുവൻ ചെലവഴിക്കണം എന്നു ആഗ്രഹിച്ചിരുനെങ്കിലും തിരിച്ചുള്ള അവസാന ട്രെയിൻ പിടിക്കണ്ടതിനാൽ അടുത്ത ബസിൽ കയറി. ധനുഷ്കോടിയിൽ നിന്നു രാമേശ്വരത്തേക്കുള്ള വഴിയിൽ ദൂരെ ഒരു ടവർ കാണാം. ഈ ടവർ റെയിൽവേ സ്റ്റേഷന് അടുത്താണ് സ്ഥാപിച്ചിട്ടുള്ളത്.

6:00pmനുള്ള രാമേശ്വരം -മധുരൈ പാസ്സന്ജർ ട്രെയിനിൽ ആളുകളെ കൊണ്ടു നിറഞ്ഞിരുന്നു എങ്കിലും ഭാഗ്യത്തിന് ഞങ്ങൾ മൂന്ന് പേർക്കും അടുത്ത് തന്നെ ഇരിക്കാൻ സ്ഥലം കിട്ടി. ട്രെയിൻ കൃത്യ സമയത്തു തന്നെ പുറപ്പെട്ടു. പാമ്പൻ പാലത്തിലൂടെയുള്ള രാത്രി യാത്ര ഭയം അൽപം കൂട്ടി. ആകാശത്തു കരിമേഘങ്ങളെ കൊണ്ട് മൂടുന്നു.. ഇത്രയും കറുത്ത മേഘങ്ങൾ ഞാൻ ആദ്യമായാണ് കാണുന്നത്.. പിന്നീടങ്ങോട്ട് കാഴ്ചകൾ വ്യക്തമല്ലാത്തതിനാൽ പുറം കാഴ്ചകൾക് വിട പറഞ്ഞു. മധുരയിൽ എത്തിയപ്പോൾ സമയം രാത്രി 10മണി.

മധുരൈ -പുനലൂർ പാസ്സന്ജർ 11:15pm നു ആണ്. ഞങ്ങൾ ഇനി പോകുന്നത് ബാംഗ്ലൂർക്കു ആയതിനാൽ 11:50pm നുള്ള നാഗർകോവിൽ -ബാംഗ്ലൂർ എക്സ്പ്രസ്സ്‌ ട്രെയിന് ടിക്കറ്റ് എടുത്തിട്ട് ഭക്ഷണം കഴിക്കാനായി സ്റ്റേഷന്റെ പുറത്തിറങ്ങി. സഞ്ചാരി ട്രാവൽ ഫോറമിൽ മധുരൈ സ്പെഷ്യൽ ഫുഡ് അന്വഷിച്ചപ്പോൾ പ്രിയ സഞ്ചാരികൾ പറഞ്ഞു തന്ന ജഗർദണ്ടി തപ്പി നടന്നു. വളരെ രാത്രി ആയിട്ടും എല്ലാ കടകളും സജീവംജഗർദണ്ടി ഇനി ലഭിക്കില്ലെന്നു അറിഞ്ഞപ്പോൾ മധുരൈ കൊത്തുപൊറോട്ട ഒരു ചായക്കടക്കാരനോട് അന്വഷിച്ചു. അദ്ദേഹം അടുത്തുള്ള ഒരു കട ഞങ്ങളെ കാണിച്ചു തന്നു. നല്ല വൃത്തിയുള്ള ഹോട്ടൽ. ചിക്കൻ കൊത്തുപൊറോട്ട(130രൂപ ) ;എഗ്ഗ് കൊത്തുപൊറോട്ട(80രൂപ ) ;വെജ് കൊത്തുപൊറോട്ട(70രൂപ )ഒന്നു വീതം വാങ്ങി. കാഴ്ചയിൽ എല്ലാം ഒന്നു പോലെ എങ്കിലും രുചിയിൽ വ്യത്യാസം ഉണ്ടായിരുന്നു. എഗ്ഗ് കൊത്തുപൊറോട്ട ആയിരുന്നു വളരെ സ്വാദുണ്ടായിരുന്നത്. ഭക്ഷണം കഴിച്ചു കയ്യിലുണ്ടായിരുന്ന കുപ്പികളിൽ ചൂടുവെള്ളം നിറച്ചു. ഇത് ഞങ്ങളുടെ കുടിവെള്ളത്തിനു വേണ്ടിയുള്ള ചിലവ് ലാഭിച്ചു.

ഭക്ഷണം കഴിഞ്ഞു ഇറങ്ങിയപ്പോൾ റോഡിന്റെ പല ഭാഗത്തും മുല്ലപ്പൂ വെച്ച സ്ത്രീകളെയും അവരുടെ പെരുമാറ്റരീതിയും കണ്ടപ്പോൾ ഞങ്ങൾ അധിക ഇനി അവിടെ നില്കുന്നെ പന്തിയല്ലെന്ന് തോന്നിയതിനാൽ ഞങ്ങൾ സ്റ്റേഷനിലേക്ക് നടന്നു . ട്രെയിൻ ഏകദേശം ഒരു മണിക്കൂർ വൈകിയായതിനാൽ അവിടെ നിന്നും പവർബാങ്കും മൊബൈൽ ഫോണുകളും ചാർജ് ചെയ്യാനും എടുത്ത ചിത്രങ്ങൾ കണ്ടും ചിലവഴിച്ചു.ഈ യാത്രയുടെ ഭക്ഷണം കൂട്ടാതെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും പോയി വരാൻ യാത്രാചിലവ് ഒരാൾക്ക് 254രൂപ മാത്രം. പപ്പയെയും മമ്മയെയും ശരിക്കും മിസ്സ്‌ ചെയ്‌തെങ്കിലും ചുരുങ്ങിയ ചിലവിൽ ക്ഷീണം കുറച്ചു പോകാനും കഴിയുന്ന നല്ലൊരു യാത്രയായിരുന്നു അത്.

വരികളും ചിത്രങ്ങളും – നീതു അലക്സാണ്ടര്‍

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply