കാൽനടയാത്രക്കാരുടെ എറണാകുളത്തെ ദുരിതങ്ങൾ – അനുഭവസ്ഥ ഫേസ്ബുക്കിൽ കുറിച്ചത്…
അശാസ്ത്രീയമായി നിർമ്മിച്ച zebra lines…ഉള്ള zebra ലൈനിൽ വാഹനം നിർത്താൻ മനസ്സില്ലാത്ത ഡ്രൈവർമാർ…ബസ്സുകളുടെ മത്സര ഓട്ടം…സ്റ്റോപ്പിൽ നിർത്താത്ത ബസ്സുകൾ.. ഇതെല്ലാം കണ്ടു നിൽക്കുന്ന പോലീസുകാർ(ഇടപെടുന്ന പോലീസുകാർ വിരലിൽ എണ്ണാവുന്നവർ ആണ്)..
ഒരു സാധാരണ വഴിയാത്രക്കാരൻ നേരിടുന്ന പ്രശ്നങ്ങൾ ഇതുകൊണ്ട് ഒന്നും അവസാനിക്കുന്നില്ല. കളമശ്ശേരി മുതൽ വൈറ്റില വരെ കഴിഞ്ഞ ഒന്ന് രണ്ട് മാസമായി യാത്രചെയ്യുന്ന ഒരാളാണ് ഞാൻ. കളമശ്ശേരി അപ്പോളോ ജംഗ്ഷനിൽ റോഡ് ക്രോസ്സിങ് മുതൽ ആണ് വൈകുന്നേരത്തെ സാഹസിക യാത്ര തുടങ്ങുന്നത്. സിഗ്നലിന്റെ 10 മീറ്റർ മുൻപ് വരച്ചു വെച്ചിരിക്കുന്ന zebra ലൈൻ, എത്രപേർ അവരുടെ വാഹനങ്ങൾ നിർത്തി തരും? കളമശ്ശേരിയിൽ ഞാനും എന്നെപ്പോലുള്ള അനേകം പേർ നേരിടുന്ന പ്രശ്നമാണിത്.
അതിസാഹസികമായി റോഡ് ക്രോസ്സ് ചെയ്തു അപ്പുറത്ത് എത്തിയാൽ ബസ്സ് സ്റ്റോപ്പിൽ ഒരു അടിയാണ് പ്രൈവറ്റ് ബസ്സും ട്രാൻസ്പോർട് ബസ്സും തമ്മിൽ..ഇഞ്ചോട് ഇഞ്ചു പോരാട്ടം. ഒരാൾ വിജയിച്ചു സ്റ്റോപ്പിൽ നിർത്തിയാൽ അടുത്ത ആൾ റോഡിന് നടുവിൽ നിർത്തും. ഇന്നലെ പിന്നിൽ വന്ന ട്രാൻസ്പോർട് ബസ്സിൽ നടുറോഡിൽ നിർത്തി, ആളെ ഇറക്കി, കുറച്ചു പേരെ കയറ്റി, ബസ്സ് സൈഡിൽ നിർത്താൻ സ്ഥലം ഇല്ലല്ലോ!! പ്രൈവറ്റ് ബസ്സ് എടുത്തപ്പോൾ ഞാൻ ട്രാൻസ്പോർട് ബസ്സിന് കൈ കാണിച്ചു, ഡ്രൈവർ വണ്ടി നിർത്തി, ഡോർ തുറക്കാൻ ഞാൻ ഹാൻഡിലിൽ പിടിച്ചപ്പോൾ കണ്ടക്ടർ ഡബിൾ ബെൽ അടിച്ചു, ബസ്സ് വിട്ടു!! വീഴാത്തത് ഭാഗ്യം, വീണാൽ നഷ്ടം എനിക്കും എന്റെ കുടുംബത്തിനും മാത്രം!!

ഒടുവിൽ വലിയ തിരക്കില്ലാത്ത ഒരു ബസ്സിൽ കയറി വൈറ്റിലയിൽ ഇറങ്ങി, വീണ്ടും അതേ കാര്യം, റോഡ് ക്രോസ്സ് ചെയ്യണം!! സിഗ്നൽ നോക്കിയപ്പോൾ മഞ്ഞ ലൈറ്റ് മിന്നിമിന്നി കത്തുന്നുണ്ട്, പോലീസുകാർ ആണ് ട്രാഫിക് നിയന്ത്രിക്കുന്നത്. അടിപൊളി!! സിഗ്നൽ ഉള്ളപ്പോൾ തന്നെ ക്രോസ്സ് ചെയ്യാൻ പ്രയാസമാണ്. ഒന്നോ രണ്ടോ പോലീസുകാർക്ക് വൈറ്റില-തമ്മനം റോഡിൻറെ അവിടെ ഉള്ള ജംഗ്ഷനിൽ വാഹനങ്ങളെ നിയന്ത്രിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം ആണ്. 4,5 ലൈനിൽ വണ്ടികൾ വരുന്നത്!!
കളമശ്ശേരി പോലുള്ള തിരക്കുള്ള സ്ഥലങ്ങളിൽ 5-7 peak time ൽ എങ്കിലും പോലീസുകാരെ നിർത്താൻ എന്തുകൊണ്ട് ബന്ധപ്പെട്ടവർക്ക് തോന്നുന്നില്ല? ഇത് കളമശ്ശേരിയിലെ മാത്രം കാര്യം അല്ലെന്ന് എറണാകുളത്ത് യാത്ര ചെയ്യുന്ന എല്ലാവർക്കും അറിയാം. വൈറ്റില ഭാഗത്ത് bypassൽ തുടർച്ചയായി കാൽനടയാത്രക്കാർ മരിച്ചപ്പോൾ മാത്രം വരച്ചു വെച്ച zebra ലൈനുകളും നിയമിച്ച പോലീസുകാരെയും നമ്മൾ കണ്ടതാണ്. 2,3 പേർ ജീവൻ കൊടുത്തു അതെങ്കിലും നടപ്പിലാവാൻ!!
എറണാകുളം പോലെ റോഡിൽ മുഴുവൻ സമയവും തിരക്കുള്ള ഒരു പ്രദേശത്ത് ശാസ്ത്രീയമായി നടപ്പിലാക്കേണ്ടത് ആണ് ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും. അതൊന്നും ചെയ്തില്ലെങ്കിലും, റോഡ് ക്രോസ്സ് ചെയ്യുന്നവരെ സഹായിക്കാൻ ഒരു പോലീസുകാരൻ, zebra ലൈനിൽ കയറ്റി നിർത്തുന്ന വണ്ടികൾക്ക് എതിരെ സ്ഥിരമായി നടപടികൾ, ഇതെങ്കിലും!!
കടപ്പാട് – ആരതി ശോഭ രാജീവ്.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog