ഒരു പൊന്മുടി യാത്രയുടെ ഓർമ്മയ്ക്ക്

ഒരുപാടു യാത്രകൾ, എങ്കിലും ആദ്യമായാണു ഒരു യാത്രാവിവരണം എഴുതുന്നത്. ഒരു പെൺ കുട്ടി ആയതു കൊണ്ടും വീട്ടിൽ അല്പം സ്ട്രിക്റ്റായതുകൊണ്ടും അല്പം റിസ്ക് എടുത്തിട്ടാണു പൊന്മുടി യാത്രയ്ക്കിറങ്ങിയത്, കൊച്ചിയിൽ നിന്നും ചെന്നൈ എക്സ്പ്രസ്സിന്റെ സ്ലീപർ കോച്ചിൽ ഒരു യാത്ര സ്വപനം കണ്ടു ഉറങ്ങിയത് അറിഞ്ഞില്ല എന്നു പറയാം, പുലർച്ചെ നാലു മണിക്ക് ഞങ്ങൾ തമ്പാനൂർ റയിൽ വെ സ്റ്റേഷനിൽ എത്തി.

ആനവണ്ടി ഭ്രാന്തനായ റിയാസും നല്ല യാത്രികയായ തങ്കം ചേച്ചിയുമാണു എന്റെ സഹയാത്രികർ. അതിരാവിലെ തിരുവനന്തപുരം എത്തിച്ചേർന്ന ഞങ്ങൾ ടൗണിലൂടെ ഒരു ഓട്ടൊറിക്ഷ പര്യടനം നടത്തി തമ്പാനൂർ ബസ്റ്റാന്റിൽ വീണ്ടും എത്തിച്ചേർന്നു, ഒരു ചായ കുടിച്ചു ഞങ്ങൾ നില്ക്കുമ്പോളേക്കും പൊന്മുടിയ്ക്കുള്ള ആനവണ്ടിയുടെ വിവരങ്ങൾ തിരക്കാനായി റിയാസ് പോയി, സത്യം പറഞ്ഞാൽ ഇവിടെ നിന്നുമാണു ഞങ്ങളുടെ യാത്ര ആരംഭിക്കുന്നത്, ആദ്യത്തേത് എന്നു പറയാവുന്ന കുറേ അനുഭവങ്ങളാണു ഈ യാത്ര സമ്മാനിച്ചതും.പൊന്മുടി, നെയ്യാർ,കന്യാകുമാരി,തെന്മല, തമിഴ്നാട്ടിലെ തോവാള എന്നിങ്ങനെ പല സ്ഥലങ്ങൾ ആണു ഞങ്ങളുടെ ലിസ്റ്റിൽ ഉണ്ടായിരുന്നത്, അവസാനം ഇവിടെ നിന്നുമാണു പൊന്മുടി ഞങ്ങൾ ഫിക്സ് ചെയ്തത്, പെട്ടെന്നുള്ള ഒരു തീരുമാനത്തിന്റെ പേരിൽ ഒരു യാത്ര ചെയ്യുന്നത് ഒരു രസമുള്ള കാര്യം ആണു.

ksrtc-bus-to-ponmudi

5.30 നു ആണു തിരുവനന്തപുരത്തു നിന്നും പൊന്മുടിക്കുള്ള ആദ്യബസ്, ആനവണ്ടിയിലെ ആദ്യ യാത്രക്കാരായി ഞങ്ങൾ സീറ്റുകളിൽ സ്ഥാനം പിടിച്ചു, പൊതുവേ ആനവണ്ടി വിരോധിയായ എനിക്കു ആദ്യമായി ആനവണ്ടിയോടു ഇഷ്ടം തോന്നിയത് ഈ യാത്രയിലാണു. പുലർക്കാല നഗര കാഴ്ചകളും ഗ്രാമീണ കാഴചകളും കണ്ടുകൊണ്ടും അറിഞ്ഞു കൊണ്ടും ഒരു KSRTC യാത്ര,  ചുറ്റിവളഞ്ഞു കയറുന്ന പാതകളും ഹരിതാഭവും തണുപ്പുള്ളതുമായ അന്തരീക്ഷവും കൊണ്ട് ശ്രദ്ധേയമായ പ്രമുഖ ഹില് സ്റ്റേഷനാണ് തിരുവനന്തപുരത്തു നിന്നും 61 അകലെ സ്ഥിതി ചെയ്യുന്ന പൊന്മുടി, വളവും തിരിവും ഒന്നും ഒരു കൂസലുമില്ലാതെ ആനവണ്ടി കയറുന്നത് കണ്ടപ്പോൾ അതിശയം തോന്നി എന്നത് സത്യം. അങ്ങു ദൂരെ കോടമഞ്ഞിൽ മൂടി നില്ക്കുന്ന മലനിരകളും വഴിയരികിലെ കൊച്ചു കൊച്ചു അരുവികളും കല്ലാർ പുഴയുടെ സൗന്ദര്യവും കാടിന്റെ കാഴ്ചകളുമായി ഒരു ആനവണ്ടി യാത്ര. വിതുരയിൽ നിന്നും ഭക്ഷണം മേടിച്ചു ചായയും കുടിച്ചു യാത്ര തുടർന്നു, എവിടെ പോയാലും അവിടുത്തെ ചായയോ കോഫിയോ കുടിക്കുക എന്നുള്ളത് എനിക്കു നിർബന്ധമുള്ള കാര്യമാണു.

നല്ല കോടമാഞ്ഞാണു ഞങ്ങളെ വരവേറ്റത്, പൊന്മുടി ടോപ്പിൽ ബസ് ഇറങ്ങിയതും മുൻപിലുള്ള ആളെ കാണുവാൻ സാധിക്കാത്ത തരത്തിലുള്ള മഞ്ഞുണ്ടായിരുന്നു. ആനവണ്ടിയുടെ ഡ്രൈവറേയും കണ്ടക്ടറേയും പരിജയപ്പെട്ടു ആനവണ്ടിയുടെ ചിത്രങ്ങൾ പല പോസിൽ എടുക്കുകയായിരുന്നു റിയാസിന്റെ പണി,ഞാനും തങ്കു ചേച്ചിയും കൂടി പതുകെ മുകളിലോട്ടു നടന്നു, കാഴചകൽ പോയിട്ട് മുൻപിൽ ഉള്ള വഴി പോലൂം കാണുന്നില്ല,ശരിക്കും വേറെ ഒരു ലോകത്തു എത്തിയതു പോലെ, ഞങ്ങൾ പെൺകുട്ടികൾക്കു വളരെ അപൂർവമായേ ഇങ്ങനെ യാത്ര ചെയ്യാൻ സാധിക്കുന്നുള്ളു എന്നതു മാത്രമാണു ഒരു സങ്കടം.

കേരളത്തിലെ മറ്റു വിനോദ സഞ്ചാരകേന്ദ്രങ്ങൾ പോലെ പൊന്മുടി അത്ര polluted അല്ല , ഒരു പക്ഷേ സാമൂഹിക വിരുദ്ധർ കടന്നു ചെല്ലാത്തതു കോണ്ടാകും.ഇടതു വശത്തു കണ്ട ചെറിയ ഒരു കുന്നിന്റെ മുകളിൽ കയറി, കോടമഞ്ഞു വരുന്നു, പോകുന്നു, കണ്ണിനു മുൻപിൽ കണ്ട കാഴ്ചകൾ വിവരിക്കാനാകുന്നില്ല. ആരോടും ഒന്നും സംസാരിക്കാതെ നിശബ്ദയായി താഴ്വാരത്തെ കാഴ്ചകളും കണ്ടു കൊണ്ടു അങ്ങനെ ഇരുന്നു, സഹയാത്രികരും അങ്ങനെ തന്നെ, പ്രകൃതിയോട് സല്ലപിച്ചു കൊണ്ട്, ശുദ്ധവായു ശ്വസിച്ചു കൊണ്ടു, കോടമഞ്ഞിന്റെ ഒളിച്ചുകളികൾ കണ്ടു കൊണ്ടു ഇരിക്കുമ്പോളാണു വിശപ്പിന്റെ വിളി വന്നത്, ആദ്യമായിട്ട് ഒരു പാറപ്പുറത്തിരുന്നു ഭക്ഷണം കഴിച്ചു, എവിടെ നിന്നാണെന്നു അറിയില്ല, വിശപ്പുകൊണ്ടാകും ഒരു നായക്കുട്ടിയും ഞങ്ങടെ കൂടെ കൂടി, അവനും കൊടുത്തു പുട്ടും കടലയും പിന്നെ അവനും മറഞ്ഞു ആ കാട്ടിലേയ്ക്കു, ഭക്ഷണം കഴിഞ്ഞു കൈ കഴുകിയതും പാറയിൽ നിന്നും ഒഴുകി വന്ന ഒരു കൊച്ചരുവിയിൽ നിന്നുമണു, അതും എനിക്കാദ്യത്തെ അനുഭവമാണു,ചായ പ്രിയരായതു കൊണ്ടു അടുത്ത ചായ കുടിക്കാനായി ഞങ്ങൾ താഴേക്കു നടന്നു.

ചായ കുടിക്കു ശേഷം വീണ്ടും ഒരു നടത്തം, മഞ്ഞു മാറിയിരിക്കുന്നു, നല്ല വെയിലിൽ പുല്മേടുകൾ എല്ലാം നിറഞ്ഞു നില്ക്കുന്ന കാഴചകൾ, മുകളിൽ കണ്ട വാച് റ്റവർ ലക്ഷ്യമാക്കി കഥകളും തമാശകളും പറഞ്ഞു കൊണ്ടു ഞങ്ങൾ പതുക്കെ നടന്നു, വഴിയിൽ കണ്ട പാറയിൽ ഇരുന്നും അറിയാത്ത വഴികളിലൂടെ നടന്നും ശരിക്കും ആസ്വധിച്ച നിമിഷങ്ങൾ. അങ്ങനെ മുകളിലെ വ്യു പോയിന്റിൽ ഞങ്ങൾ എത്തി, കോടമഞ്ഞു വന്നും പോയും നില്ക്കുന്നു, ഇടയ്ക്കിടയ്ക്കു ചെറിയ മഴയും, എല്ലാം അവിടുന്നു ആസ്വദിച്ചു. ശരിക്കും വേറെ എവിടെയോ ആണെന്നു തോന്നിപ്പോയി, മഞ്ഞു വന്നു മൂടുന്നു, അതു മാറുന്നു, കണ്ണിനു മുന്നിലൂടെ കോടമഞ്ഞു മാറുന്നതു അനുഭവിച്ചു തന്നെ അറിയണം. ഏകദേശം 2 മണിക്കൂറോളം ഞങ്ങൽ അവിടെ തന്നെ ഇരുന്നു.കൺകുളിർക്കെ ആസ്വദിക്കുക, ഒരുപാടു ആളുകൾ വരുവാൻ തുടങ്ങിയപ്പോളേക്കും ഞങ്ങൾ താഴേക്കു ഇറങ്ങി, പൊന്മുടിയുടെ ഓർമ്മയ്ക്കായി ഒരുപാട് ചിത്രങ്ങൾ പകർത്തുന്ന തിരക്കിലായിരുന്നു എല്ലാരും. വീണ്ടും ചായ കുടിക്കുവാൻ ഇറങ്ങി, വിദേശികളും സ്വദേശികളുമായ ഒരു പാടു ആൾക്കാർ വരുവാൻ തുടങ്ങിയിരിക്കുന്നു.

തിരിച്ചിറങ്ങാൻ സമയമായിരിക്കുന്നു, 1.40 നു ആണു ബസ്, ആനവണ്ടി യാത്രകാരേയും കാത്തു കോടമഞ്ഞിൽ മൂടി കിടക്കുന്നു, ആനവണ്ടിയുടെ മുന്നിൽ നിന്നും ചിത്രങ്ങൾ എടുക്കുന്നവർ, കേറിവന്ന വഴികളിലൂടെയുള്ള തിരിച്ചിറക്കം കൂറച്ചു പേടിപ്പെടുത്തുന്ന ഒന്നാണു, വഴിയരികിൽ എല്ലാം തോട്ടം തൊഴിലാളികളുടെ സമരങ്ങൾ കാണാം, ഈ യാത്രയിൽ സങ്കടം തോന്നിയതും ഈ സമര കാഴചകളാണു. വിനോദ സഞ്ചാരികൾക്കു വെറും കാഴ്ചവസ്തു മാത്രമാകുന്ന സമരങ്ങൾ നിലനില്പ്പിന്റേയും അതിജീവനത്തിന്റെയും പോരാട്ടമാണെന്നു എത്ര യാത്രികർ ചിന്തിക്കുന്നണ്ടാകും? യാത്ര ഒരു അനുഭവമാണു, അറിവിന്റേയും അനുഭവങ്ങളുടെയും ഒരു പാഠപുസ്തകം.

ഇത്രയും മനോഹരമായ ഒരു യാത്ര എനിക്കു സമ്മാനിച്ചതിനു Riyas Rasheed Ravuthar നും Thankam ചേച്ചിക്കും ഒരുപാടു നന്ദി.

Written by: Jimy Joseph

 

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply