ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ, ഇനി മലയാളമടക്കം മറ്റു പ്രാദേശിക ഭാഷകളിലും ട്രെയിന്‍ ടിക്കറ്റ് ലഭ്യമാകും. കര്‍ണാടകയും തമിഴ്നാടുമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ യാത്രക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു മാതൃഭാഷയിലെ ടിക്കറ്റ്. അതേസമയം, ഹിന്ദിയും ഇംഗ്ലീഷുമല്ലാതെ മറ്റൊരു ഭാഷയിലേക്ക് ടിക്കറ്റ് ലഭ്യമാക്കാന്‍ പോലും ശ്രമിക്കാതെ കടുംപിടിത്തത്തിലായിരുന്നു റെയില്‍വേ ബോര്‍ഡ്.
ഇന്ത്യന്‍ റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് റെയില്‍വേ ബോര്‍ഡ് നിലപാട് മയപ്പെടുത്തുകയും പ്രാദേശിക ഭാഷകളിലെ ടിക്കറ്റിന് അനുമതി നല്‍കുകയും ചെയ്തത്. കൗണ്ടറുകളില്‍നിന്ന് നേരിട്ടെടുക്കുന്ന ടിക്കറ്റുകളാണ് അതത് ഭാഷകളില്‍ ലഭ്യമാക്കാന്‍ ആലോചിക്കുന്നത്. ഇതു സംബന്ധിച്ച് സോണുകള്‍ക്കും ഡിവിഷനുകള്‍ക്കും റെയില്‍വേ ഇതിനോടകം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തമിഴ്നാടും കര്‍ണാടകയുമാണ് ടിക്കറ്റുകളിലെ മാതൃഭാഷക്കായി ഏറെ സമ്മര്‍ദം ചെലുത്തിയത്. ഉദ്ദേശിച്ച സ്ഥലത്തേക്കുള്ള ടിക്കറ്റാണോ ലഭിച്ചതെന്ന് പോലും മനസ്സിലാക്കാനാകാതെയാണ് നല്ലൊരു ശതമാനം യാത്രികരുടേയും യാത്ര. പ്രായമായവരടക്കം ടിക്കറ്റ് വായിച്ച് മനസ്സിലാക്കാനാവാത്തതിനാല് സ്വന്തം കുറ്റത്തിന്റെ പേരിലല്ലാതെ പിഴയൊടുക്കേണ്ടി വരുന്നതടക്കം സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട്, ഇന്ത്യന്‍ റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റിയില്‍ വാദിച്ചത്.
എന്നാല്‍, നിഷേധാത്മകമായിരുന്നു അധികൃതരുടെ ആദ്യ നിലപാട്. വര്‍ഷങ്ങളായി രണ്ടു ഭാഷകളില്‍ മാത്രം ജോലി ചെയ്ത ഉദ്യോഗസ്ഥരുടെ ബുദ്ധിമുട്ടായിരുന്നു ആദ്യം ഉന്നയിച്ചത്. ഒപ്പം നിലവില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറില് കൂടുതല്‍ ഭാഷകള്‍ ഉള്‍പ്പെടുത്താന്‍ പ്രയാസമുണ്ടെന്ന കാര്യവും. അതേസമയം, സമ്മര്‍ദ്ദം ശക്തമായതിനു പുറമേ, പ്രാദേശിക ഭാഷകളിലുള്ള പരസ്യങ്ങള്‍ക്ക് കൂടി സാധ്യതയുണ്ടെന്നത് തിരിച്ചറിഞ്ഞാണ് ബോര്‍ഡിന്റെ പുതിയ നിലപാട്.
വരും മാസങ്ങളില്‍തന്നെ സോഫ്റ്റ്വെയര് പരിഷ്കാരം പൂര്‍ത്തിയാക്കി സൗകര്യം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ആലോചിക്കുന്നത്. ഇതാടെ കൗണ്ടറില്‍ നിന്നെടുക്കുന്ന എല്ലാത്തരം യാത്ര ടിക്കറ്റുകളും പ്രാദേശിക ഭാഷയില്‍ ലഭ്യമാകും. അന്തര്‍ സംസ്ഥാന യാത്രകളില്‍ ഏത് സംസ്ഥാനത്തുനിന്ന് ടിക്കറ്റെടുക്കുന്നതിനെ ആശ്രയിച്ചാവും ടിക്കറ്റിലെ ഭാഷ. അതേസമയം, ഒാണ്‍ലൈനായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകളില്‍ പ്രാദേശിക ഭാഷ സംവിധാനം ലഭ്യമാകില്ല.
Source – http://janayugomonline.com/train-ticket-will-available-in-other-local-languages-including-malayalam/