എണ്പതു ലക്ഷം വിലകൊടുത്തു വാങ്ങിയ വോള്‍വോ ബസ് ആക്രിവിലയ്ക്കു വില്‍ക്കാനുള്ള നീക്കത്തില്‍ കെ.എസ്.ആര്.ടി.സി. ആറുവര്‍ഷം മുമ്പ് വാങ്ങിയ വാഹനം ഗ്യാരേജില്‍ തുരുമ്പെടുത്തു തുടങ്ങി. മാസങ്ങള്‍ക്കു മുമ്പുവരെ ആലപ്പുഴ ഡിപ്പോയില്‍ നിന്നു സര്‍വീസ് നടത്തിയ ഗരുഡ സഞ്ചാരി വോള്‍വോ (ആര്.എ. 102) ബസാണ് ആക്രിപ്പട്ടികയിലേക്ക് ഓടിക്കയറുന്നത്.
തകരാറായി വഴിയിലായതോടെ വോള്‍വോ ബസ് തകരാര്‍ പരിഹരിക്കുന്ന അരൂരിലെ ഡിപ്പോയിലായി പിന്നീട് കുറേനാള്‍. നിസാരപണികള്‍ തീര്‍ത്ത് ആറുമാസം മുമ്പ് എറണാകുളത്തെത്തിച്ചു. എന്നാല്‍, സര്‍വീസിന് ഇറക്കിയില്ല. പിന്നീട് ബാറ്ററി കേടായി. രണ്ടാഴ്ച മുമ്പുവരെ എറണാകുളം ഡിപ്പോയുടെ വഴിയോരത്തു കിടന്നു.

ഇപ്പോള്‍ മറ്റൊരു ബസിന്റെ ബാറ്ററി ഘടിപ്പിച്ചു ഗ്യാരേജിലെത്തിച്ചിരിക്കുകയാണ്. എയര്‍കണ്ടീഷനിലും ബാറ്ററിയിലുമാണ് തകരാര്‍. നന്നാക്കിയെടുക്കാന്‍ 25,000 രൂപയേ ചെലവു വരൂവെന്നു വിദഗ്ധര്‍ പറയുമ്പോള്‍ ഒരു ലക്ഷമെങ്കിലും വേണ്ടിവരുമെന്ന് കെ.എസ്.ആര്.ടി.സി. അധികൃതര്‍. ഇത്ര തുക ചെലവഴിച്ചു നന്നാക്കി ഓടിച്ചാലും അതിനുള്ള ലാഭം കിട്ടില്ലത്രേ.
നീളം കൂടിയ വോള്‍വോ ആയതിനാല്‍ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ക്കും പറ്റില്ല. കുമരകത്തെയും എറണാകുളത്തെയും ടൂറിസംകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ഓടിക്കാന്‍ പദ്ധതിയിട്ടെങ്കിലും അതും പാളി.
Source -https://southlive.in/mirror/news-elsewhere/ksrtc-low-floor-bus-under-waste-condition/
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog