കുടജാദ്രി – ഹിഡ്ലുമനെ മൺസൂൺ അഡ്വഞ്ചർ ട്രക്കിംഗ്

വിവരണം – Binoy Marickal.

സമുദ്രനിരപ്പിൽ നിന്ന് 1343 മീറ്റർ മുകളിൽ കുടജാദ്രി മലനിരകളിലെ കോടമഞ്ഞിൽ അലിഞ്ഞ്, തിമിർത്ത് പെയ്യുന്ന മഴയിൽ കുതിർന്ന്, പച്ചപ്പുൽ പരവതാനി വിരിച്ച താഴ്വരകളിൽ വിശ്രമിച്ച്, പാറയിടുക്കുകളിൽ നിന്നുറവുന്ന തെളിനീര് കൈക്കുന്പിളാൽ കുടിച്ച്, കൂട്ടമായെത്തുന്ന അട്ടകൾ ശരീരത്തിലെ ചോരയൂറ്റുന്നതു ശ്രദ്ധിക്കാതെ, വഴുക്കുന്ന കുത്തനെയുള്ള പാറക്കെട്ടുകളെ കെട്ടിപ്പിടിച്ച് നിരങ്ങിയിറങ്ങി, ആകാശത്തുനിന്നെന്നോണം പൊട്ടിവീഴുന്ന വെള്ളച്ചാട്ടത്തിനടിയിൽ ഉറഞ്ഞുനിന്ന്, മൺസൂണിന്റെ മുഴുവൻ രൌദ്രഭാവങ്ങളെയും തോൽപ്പിച്ചൊരു മുഴുനീള അഡ്വഞ്ചർ ട്രക്കിംഗ്. കുടജാദ്രി മലയാളിക്ക് വിശദീകരണം ആവശ്യമില്ലാത്ത തീർത്ഥാടനകേന്ദ്രം. കടക്കുനിക്കുന്ന 16 പേരുള്ള ഗ്രൂപ്പാണ് മൺസൂൺ ട്രക്കിംഗിനായി കുടജാദ്രിയിലേക്ക് തിരിച്ചത്. ചെറിയ ചാറ്റൽമഴയിൽ വെളുപ്പിന് ബൈന്ദൂർ സ്റ്റേഷനിൽ ട്രെയിനിറങ്ങി. സ്റ്റേഷനിൽ തന്നെ പ്രഭാതകൃത്യങ്ങൾ നിർവ്വഹിച്ചു. സ്റ്റേഷനിൽ നിന്ന് കുറച്ച് മുന്നോട്ട് നടന്നാൽ കൊല്ലൂരിലേക്ക് ബസ്സ് കിട്ടും.

കലങ്ങിയൊഴുകുന്ന സൌപർണ്ണികയിലെ തണുത്ത വെള്ളത്തിൽ വെളുപ്പിനെയുള്ള കുളി കണ്ണുകളിൽ ബാക്കിനിന്നിരുന്ന ഉറക്കത്തെ മുഴുവനായി തുടച്ചുനീക്കി മൂകാംബികയിൽ തിരക്കിട്ടൊരു ദർശനം. ശിവമോഗ റൂട്ടിൽ 10 കിലോമിറ്ററോളം അകലെ കരേഘട്ട് എന്ന സ്ഥലത്തേക്ക് ബസ്സ് പിടിച്ചു. വനത്തിനുള്ളിലെ ബസ് യാത്ര തന്നെ മനസ്സിന് ഉന്മേഷം നൽകി. മഴയിൽ ജീവൻവച്ച ചെറിയ വെള്ളച്ചാട്ടങ്ങൾ റോഡരികിലെ കാഴ്ചകൾക്ക് ഭംഗിയേറ്റി. 10 മണിയോടെ വിജനമായ കാടിന് നടുവിൽ ഞങ്ങൾ ബസ്സിറങ്ങി. റോഡിന് വലതുവശത്തായി ചെറിയ ബാരിക്കേഡിനപ്പുറം കാടിനകത്തേക്ക് കയറിപ്പോകുന്ന വഴി. ഇനി നടത്തമാണ് ചെറിയ ചാറ്റൽമഴ കൂടെത്തന്നെയുണ്ട്. മഴക്കാലത്ത് തീരെ യാത്രികരില്ലാത്ത കാട്ടുവഴി ഇലകൾ വീണ് ചീഞ്ഞളിഞ്ഞു കിടക്കുന്നു. കാടിനുള്ളിലേക്ക് കടന്ന ഞങ്ങളെ അട്ടകൾ കടന്നാക്രമിക്കാൻ തുടങ്ങിയിരുന്നു. ചെറിയ കയറ്റങ്ങളും ഇറക്കങ്ങളുമുള്ള ആദ്യത്തെ നാല് കിലോമീറ്ററോളം ദൂരം വലിയ ആയാസമില്ലാതെ പിന്നിട്ട് ഞങ്ങൾ ചെറിയൊരു ഗ്രാമത്തിലെത്തി.

ഇവിടെ ചെക്ക്പൊസ്റ്റിൽ ഫീസടച്ച് അവരുടെ ചെക്കിംഗും കഴിഞ്ഞ് വേണം മുന്നോട്ട് യാത്രതുടരാൻ. കരേഘട്ട് – കുടജാദ്രി വനപാതയിൽ എന്തെങ്കിലും കഴിക്കാൻ കിട്ടുക ഇവിടെയുള്ള ചായക്കടയിൽ നിന്നാണ്. മലയാളിയായ സന്താഷാണ് ഇപ്പോൾ കട നടത്തുന്നത്. ഭക്ഷണവും കഴിച്ച് വീണ്ടും കാട്ടുപാതയിലേക്കിറങ്ങിയപ്പോൾ മഴക്ക് കനം വച്ചുതുടങ്ങി അവിടെ നിന്നും അംബാവനം എന്നറിയപ്പെടുന്ന കാട്ടിലൂടെ അഞ്ചുകിലോമീറ്ററോളം നടക്കണം മൂകാംബികയുടെ മൂലസ്ഥാനത്തേക്ക്. നടപ്പുതുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴെക്കും കാടിന്റെ രൂപവും ഭാവവും മാറി. ഇത്രനേരം വഴി എന്നുപറയാവുന്ന വഴിയിലൂടെയായിരുന്നു നടത്തമെങ്കിൽ ഇപ്പോൾ വഴി എന്നൊന്നില്ല പകരം വെള്ളം കുത്തിയൊഴുകി തോടിന്റെ ഏറ്റവും മോശമായ അവസ്ഥയിലാണ് വഴി. കുത്തനെയുള്ള കയറ്റങ്ങളിൽ പരസ്പരം സഹായിച്ചും വലിഞ്ഞുകയറിയുമൊക്കെയാണ് യാത്ര. ചൂളം വിളിച്ചെത്തുന്ന കാറ്റും കനത്ത മഴയും മൂന്നടിയപ്പുറത്തേക്ക് കാഴ്ച മറക്കുന്ന കോടയും യാത്ര ദുഷ്കരമാക്കി. വഴുക്കുന്ന ഒറ്റയടിപ്പാതയിൽ അപകടം പതിയിരുപ്പുണ്ട്. കാലൊന്നു തെറ്റിയാൽ എത്ര താഴേക്കാവും പതിക്കുക എന്ന് യാതൊരു നിശ്ചയവുമില്ല. കാറ്റിലും മഴയിലും ഒടിഞ്ഞുകിടക്കുന്ന മരങ്ങളും ചില്ലകളും മാറ്റിവേണം യാത്ര തുടരാൻ.

അപകടം പിടിച്ച ഈ യാത്രക്കിടയിലും ഇടക്കിടെ കുടജാദ്രിയിലെ താഴ്വരകൾ തങ്ങളെ മറയ്ക്കുന്ന കോടക്കിടയിലൂടെ ഭ്രമിപ്പിക്കുന്ന കാഴ്ചകൾ കാണിച്ച് വശീകരിക്കുന്നുണ്ടായിരുന്നു. കുടജാദ്രിയിൽ ഗവ. ഗസ്റ്റ്ഹൌസിൽ മാത്രമാണ് താമസത്തിന് സൌകര്യം. ചെറിയ അന്പലവും പൂജാരിയുടെ കുടുംബവും ഒരു പെട്ടിക്കടയും ഇവിടെയുണ്ട്. ഇവിടെ വരെ കൊല്ലൂരിൽ നിന്നും ജീപ്പ് മാർഗ്ഗവും എത്താം. ഞങ്ങൾ ലഗേജൊക്കെ ഇറക്കിവച്ച് ഗസ്റ്റ് ഹൌസിന് പുറകിലുള്ള മലമുകളിലേക്ക് കയറി. മരംകോച്ചുന്ന തണുപ്പിൽ മഴമേഘങ്ങളോട് കൂട്ടുകൂടി സൂചിമഴയും നൂൽമഴയും പെരുമഴയും നനഞ്ഞ് വീശിയടിക്കുന്ന കാറ്റിലും കോടയിലുമലിഞ്ഞങ്ങനെ ഏറെനേരം തിരിച്ചിറങ്ങി റൂമിലെത്തിയപ്പോഴേക്കും തണുത്തുവിറച്ച് വിരലുകൾ കോച്ചിവലിച്ച് തുടങ്ങിയിരുന്നു.

രണ്ടാം ദിവസത്തെ യാത്ര ശങ്കരാചാര്യർ തപസ്സനുഷ്ടിച്ചിടത്തേക്കാണ്. സർവ്വജ്ഞപീഠത്തിലേക്കും ചിത്രമൂലയിലേക്കും. രാവിലെ തന്നെ ഉരുളൻകല്ലുകൾ നിറഞ്ഞ വെള്ളമൊഴുക്കൊണ്ടിരിക്കുന്ന വഴിയിലൂടെ മലകയറാൻ തുടങ്ങി. രണ്ട് കിലോമീറ്ററോളം വരുന്ന കയറ്റിറങ്ങൾ വലിയ ആയാസമില്ലാതെ കയറിയിറങ്ങി. മഴയും കോടയും ഇന്നലെ അവസാനിപ്പിച്ചിടത്തുനിന്നും ശക്തിയോടെ പിൻതുടരുകയാണ്. കല്ലുകൾ നിറഞ്ഞ മലമുകളിൽ മഴയിലും കോടയിലും മുങ്ങി വിജനമായി സർവ്വജ്ഞപീഠം. വലിയ ആർഭാടങ്ങളില്ലാതെ കരിങ്കല്ലിൽ തീർത്തിരുന്ന ചെറിയ ഒരൊറ്റമുറി അന്പലം. വാതിലും പൂജാരിമാരും ഇല്ലാത്ത അന്പലത്തിനകത്തേക്ക് ആർക്കും പ്രവേശിക്കാം. ശങ്കരാചാര്യരുടെ കരിങ്കൽ വിഗ്രഹമാണ് അന്പലത്തിനകത്തെ പ്രതിഷ്ഠ. സർവ്വജ്ഞപീഠത്തിന് പിറകിലൂടെയാണ് ചിത്രമൂലയിലേക്കുള്ള വഴിതുടങ്ങുന്നത്. ഇടുങ്ങിയ ചെറിയൊരു വിടവിലൂടെ താഴോട്ടിറങ്ങി യാത്രയാരംഭിച്ചു. ചെങ്കുത്തായ ഇറക്കമാണ് തുടർന്നങ്ങോട്ട് നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ അപകടം തീർച്ച. ഇടതൂർന്ന അടിക്കാടും മഴ പെയ്ത് തെന്നിക്കിടക്കുന്ന പാറക്കെട്ടുകളിലൂടെയുള്ള ഇറക്കവും നടപ്പ് ദുഷ്കരമാക്കി. അവസാനം നടന്നെത്തുന്നത് കുത്തനെ നിൽക്കുന്ന പാറക്കെട്ടിന് മുന്നിലേക്കാണ്.

പത്തടി മേലെ പാറക്കെട്ട് പിളർന്നപോലെ ഒരു ഗുഹ ഗുഹാമുഖത്ത് മുകളിൽ നിന്നും വെള്ളമൊഴുകി വീഴുന്നുണ്ട്. വേനലിലും വറ്റാത്ത നീരുറവയാണത്. സൌപർണ്ണികാ നദിയുടെ ഉത്ഭവം ഇവിടെനിന്നാണെന്ന് പറയുന്നു. ഈ ഗുഹയിലാണ് ആദിശങ്കരൻ തപസ്സനുഷ്ഠിച്ചിരുന്നത്. ഗുഹയിലേക്ക് കയറാൻ ഒടിയാറായ ഒരു മരക്കോണിയും മുകളിൽ നിന്നൊരും കയറും തൂക്കിയിട്ടിരിക്കുന്നു. കയറിൽതൂങ്ങി ഗുഹയിൽ കയറിപ്പറ്റി. ചെറിയൊരു ശിവലിംഗ പ്രതിഷ്ഠയും നന്ദി വിഗ്രഹവും ഗുഹക്കുള്ളിലുണ്ട്. ഗുഹാമുഖത്ത് വീഴുന്ന വെള്ളത്തിൽ നനഞ്ഞ് കുറച്ചുനേരമിരുന്നു. തിരിച്ച് സർവ്വജ്ഞപീഠത്തിലേക്കുള്ള കയറ്റം എല്ലാവരെയും നന്നായി തളർത്തി. കൈയ്യിൽ കരുതിയിരുന്ന അവിൽ അവിടെയിരുന്നു കഴിച്ചു. കുറച്ചുനേരം വിശ്രമിച്ചു. തിരിച്ചിറങ്ങയിപ്പോൾ ഗണപതി ഗുഹയിലേക്ക് തിരിയുന്ന വഴിയിൽ വലിച്ചുകെട്ടിയ ടർപ്പായക്കിടിയിൽ ബേൽപൂരിയും ചായയും വിൽക്കുന്നു കുടജാദ്രി ശിവ എന്നു പേരുള്ള ചേട്ടൻ. എന്തായാലും അപ്പോൾ കിട്ടിയ ഒരിറുക്കു ചായക്ക് നല്ല സ്വാദുണ്ടായിരുന്നു. അവിടുന്നു വലത്തോട്ടുള്ള വഴിയിലൂടെ പോയാൽ ഗണപതിഗുഹയിലെത്താം. ഗുഹാമുഖത്ത് ചെറിയൊരു ഗണപതി വിഗ്രഹവും പൂജാരിയുമുണ്ട്. ആ ഗുഹ അവസാനിക്കുന്നത് താഴെ കൊല്ലൂർ അന്പലത്തിനടുത്താണെന്ന് പറയപ്പെടുന്നു. അവിടെ നിന്നും നേരെ താഴോട്ടിറങ്ങിയാൽ മറ്റൊരു വഴിയിലൂടെ ഗസ്റ്റ്ഹൌസിലെത്താം.

മൂന്നാദിവസം രാവിലെ നേരത്തെ യാത്ര തുടങ്ങി കാടിനകത്തുതന്നെയുള്ള ഹിഡ്ലുമനെ വെള്ളച്ചാട്ടവും കടന്ന് നിട്ടൂരിലേക്കാണ് ഇന്നത്തെ നടത്തം ഏകദേശം 15 കിലോമീറ്ററോളം കുത്തനെയുള്ള മലകൾ കയറിയിറങ്ങി നടക്കണം. കുടജാദ്രിയിലേക്ക് ജീപ്പ് വരുന്ന വഴിയിലൂടെ കുറച്ച് താഴേക്ക് നടന്ന് ഷൂട്ടിംഗ് പോയന്റ് എന്നറിയപ്പെടുന്നിടത്തുവച്ച് ഇടത്തേക്ക് തിരിഞ്ഞ് മലമുകളിലൂടെ നടപ്പ് തുടങ്ങി. പ്രത്യേകിച്ച് വഴിയൊന്നുമില്ല മുൻപ് പോയി പരിചയമുള്ളവർ കൂടെയുണ്ട് അവരുടെ പിറകെ നടക്കുക അതാണ് വഴി. തുടക്കത്തിൽ ചെറിയ മലകളും പുൽമേടുകളും വലിയ ആയാസപ്പെടാത കയറിയിറങ്ങി. പിന്നെ കുത്തനെയുള്ള കയറ്റങ്ങളായി. കയറിയതിനേക്കാൾ ബുദ്ധിമുട്ടായി ഇറങ്ങാൻ. കാൽമുട്ടുകൾ വേദനിച്ചു തുടങ്ങി. മൊട്ടകുന്നുകൾ പോലത്തെ വലിയ മലകൾ കയറി മുകളിലെത്തി മലർന്നു കിടന്ന് ദീർഘമായി ശ്വാസമെടുത്തു വിശ്രമിച്ചു. പാട്ടുപാടി ആഘോഷിച്ചു. മലഞ്ചെരുവുകളിൽ പാറകളിൽ നിന്നുറവുന്ന വെള്ളമാണ് കുടിച്ചത്.

ഒരു മല കയറിയിറങ്ങിയെത്തുന്പോൾ അതിനേക്കാൾ ഉയരത്തിൽ അടുത്ത മല മുന്നിൽ തലയുയർത്തിനിന്ന് വെല്ലുവിളിക്കുന്നു. മൊട്ടക്കുന്നുകൾ പച്ചപ്പുല്ലുനിറഞ്ഞ മലകൾ കറുത്ത കൽച്ചീളുകകൾ നിറഞ്ഞ മലകൾ അങ്ങനെ പല രൂപത്തിലുള്ള മലകൾ കയറിയിറങ്ങി. കഴിഞ്ഞ് ഇടതൂർന്ന കാട്ടിലൂടെയായി നടത്തം അവസാനം കുത്തനെയുള്ള ഇറക്കമായി വഴുക്കുന്ന പാറക്കെട്ടുകളും മണ്ണൊലിച്ച വഴിയിലൂടെയുമായി യാത്ര. പലയിടത്തും കയർകെട്ടി അതിൽ പിടിച്ച് നിരങ്ങിയിറങ്ങി. പച്ചപ്പിനപ്പുറത്തുറത്തുനിന്നും വെള്ളത്തിന്റെ ഹുങ്കാരവം കേട്ടുതുടങ്ങി. വലിയ മരങ്ങൾക്കിടയിലൂടെ വെള്ളച്ചാട്ടം ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെട്ടു തുടങ്ങി. വെള്ളച്ചാട്ടത്തിനടുത്തെത്തിയ ഉടനെ ക്യാമറയും ബാഗും ഇറക്കിവെച്ച് വെള്ളത്തിലേക്കിറങ്ങി കുറേനെരം വെള്ളച്ചാട്ടത്തിനടിയിൽ നിന്നു. വെള്ളത്തിൽ നിന്നു കയറി കയ്യിൽ കരുതിയിരുന്ന ഭക്ഷണവും കഴിച്ച്. വെള്ളച്ചാട്ടത്തിലൂടെ താഴേക്ക് വീണ്ടും നടപ്പ് തുടങ്ങി.

വെള്ളച്ചാട്ടത്തിനടിവശം പണ്ടെങ്ങോ ഉണ്ടായ ഉരുൾപോട്ടലിൽ വന്നടിഞ്ഞ വലിയ മരങ്ങളും പാറകളും നിറഞ്ഞിരിക്കുന്നു. ശക്തിയായി ഒഴുകുന്ന വെള്ളത്തിലൂടെ വഴുക്കുന്ന പാറകളിലൂടെ വളരെ ശ്രദ്ധിച്ച് നടന്നു. കുറച്ച് താഴേക്ക് നടന്ന് പുഴയുടെ അരിക് പിടിച്ചുള്ള ഒറ്റയടി പാതയിലേക്ക് കയറി ഇടക്കിടെ ചെറിയ വെള്ളച്ചാട്ടങ്ങളിലൂടെയാണ് പുഴയൊഴുകുന്നത്. ഇടക്കിടെ പുഴയിലോട്ടിറങ്ങിയും തിരിച്ചുകയറിയുമാണ് വഴി പോകുന്നത്. താഴേക്കിറങ്ങും തോറും ചെറു വെള്ളച്ചാട്ടത്തിൽ കുളിക്കുന്ന സഞ്ചാരികളെ കണ്ടുതുടങ്ങി. ഏറ്റവും മുകളിലേക്കു കയറുന്നവർ ചുരുക്കം. പുഴ ചെറിയ ഗ്രാമത്തിലേക്കെത്തിയപ്പോൾ പുഴ മുറിച്ച് കടന്ന് പാടശേഖരത്തിനരുകിലൂടെ നടന്ന് ഒരു കവുങ്ങിൻ തോട്ടം കടന്നപ്പോൾ വീടുകൾ കണ്ടു തുടങ്ങി. ഇവിടെ വരെ വാഹനത്തിന് വന്നവരാണ് ഞങ്ങൾ വെള്ളച്ചാട്ടത്തിൽ കണ്ടത്. ഞങ്ങൾ അവിടെ നിന്നും ഗ്രാമത്തിലൂടെ നാല് കിലോമീറ്ററോളം നടന്ന് നിട്ടൂർ എന്ന ഗ്രാമത്തിലെത്തി. അവിടെനിന്നും കൊല്ലൂരിലേക്കുള്ള ബസിൽ കയറി സീറ്റിലിരുന്നതേ ഓർമ്മയുള്ളു. കൊല്ലൂരിലെത്തിയപ്പോഴാണ് കണ്ണുതുറന്നത്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply