നിറങ്ങളുടെ ഉത്സവം ആസ്വദിച്ച് ഒരു രാജസ്ഥാന്‍ ബുള്ളറ്റ് യാത്ര..

പച്ചപ്പ്‌ തേടി യാത്ര പോയിട്ടുണ്ട്…മഞ്ഞ് തേടി യാത്ര പോയിട്ടുണ്ട്.. ഇത് മരുഭൂമിയിൽ കൂടിയുള്ള യാത്ര…യാത്ര ഒരു ഹരം ആയി മാറിയോ എന്ന് സംശയം ഇല്ലാതില്ല. കിലോമീറ്റർ 3 അക്കത്തിൽ നിന്നും നാലക്കം ആകുന്നത് ഒരു പ്രശ്നം അല്ലാതെ ആയിരിക്കുന്നു. ഡൽഹിയിലേക്ക് വരുമ്പോൾ ഒരുപാട് ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു ഓരോന്ന് ആയി ചെയ്തു തീർക്കുന്നു..

ചരിത്രം കാണാൻ നിങ്ങൾക്ക് ഇഷ്ടം ആണോ.. വാസ്തു വിദ്യയുടെ അത്ഭുതങ്ങൾ നിങ്ങൾക്ക് പ്രിയപ്പെട്ടത് ആണോ..മുഹബ്ബത്ത് ഇശ്ഖ് പ്രണയം ആസ്വദിക്കാൻ നിങ്ങൾക്ക് പറ്റുമോ.. മണൽ തരികൾ ഉളള വിജനമായ മരുഭൂമിയിൽ കൂടി ചുമ്മാ അങ് സഞ്ചരിക്കാൻ ഇഷ്ടം ആണോ.. വർണങ്ങളുടെ ലോകം കാണാൻ നിങ്ങൾ കൊതിക്കുന്നുണ്ടോ.. പ്രകാശത്തിൽ വെട്ടി തിളങ്ങുന്ന കണ്ണെഞ്ജിപ്പിക്കുന്ന കൊട്ടകളുടെ രാത്രിയുടെ സൌന്ദര്യം ഇഷ്ടം ആണോ…

പലരും പറഞ്ഞും വായിച്ചും അറിഞ്ഞത് കൊണ്ട് എനിക്കു ഒരുപാട് ഇഷ്ടം ആയിരുന്നു,അങ്ങനെ യാത്ര ചെയ്യാൻ തീരുമാനിച്ചു. നിറങ്ങളുടെ ഉത്സവം ആയ ഹോളിഡേ തന്നെ തിരഞ്ഞെടുത്തു യാത്ര ചെയ്യാൻ . കാരണം ഉത്തരേന്ത്യൻ ജനത എങ്ങനെ ഹോളി ആഘോഷിക്കുന്നു എന്ന് അറിയാൻ ഒരു പൂതി ഉണ്ടായിരുന്നു.

രാജസ്ഥാൻ 15 ദിവസം കണ്ടാലും തീരില്ല അത്രയ്ക്കും ഉണ്ട് കാണാൻ (ജൈസൽമീർ,ജാദപൂർ, താർ, അൽവർ അങ്ങനെ പോകുന്നു നീണ്ട നിര )കൂടുതൽ സ്ഥലങ്ങൾ കാണുന്നതിനേക്കാൾ ഉപരി കാണുന്ന സ്ഥലങ്ങൾ നന്നായി ഉപയോഗപ്പെടുത്തുക. അങ്ങനെ ഏതൊക്കെ കാണണം എന്ന് ഒരു പ്ലാൻ അയക്കുകയുണ്ടായി രാജാക്കന്മാരുടെ പ്രൗഢിയുടെ പ്രതീകം ആയ പിങ്ക് സിറ്റി (ജയ്പ്പൂർ ) ഒന്ന് കാണണം.. അജ്മീറിലെ ദർഗയിൽ പോയി ആത്മ വിശുദ്ധി നേടണം..പുഷ്ക്കറിൽ പോയി ഒട്ടക സവാരി നടത്തണം..

ഉത്തരേന്ത്യൻ ജനത ഹോളി ആഘോഷിക്കാൻ പോകുന്ന പുലരിയിൽ ഞാൻ ബുള്ളറ്റുമായി യാത്ര ആരംഭിച്ചു. ഇളം ചൂടും തണുപ്പും ഉള്ള നല്ല കാലാവസ്ഥ, ആദ്യം അജ്മീറിൽ പിന്നെ പുഷ്കർ അത് കഴിഞ്ഞു ജയ്പൂർ അതായിരുന്നു പ്ലാൻ..450 കിലോമീറ്റർ സഞ്ചരിച്ചു വേണം അജ്മീറിൽ എത്താൻ അവിടെ ആണ് ഇന്ന് രാത്രി തങ്ങുന്നത്. പലരും ചോദിച്ചിട്ടുണ്ട് അല്ലടോ മോയന്തേ നിനക്ക് ഭ്രാന്ത് ആണ് ബൈക്കുമായി ഇങ്ങനെ കറങ്ങാൻ എന്ന്.. യാത്ര പോവുക എന്നുള്ളത് ഭ്രാന്ത് ആണേൽ ഞാൻ ആരും സഞ്ചരിക്കാത്ത വഴികളിൽ കൂടി യാത്ര ചെയ്യുന്ന ഭ്രാന്തൻ ആണ്.

റോഡിൽ കൂടി നാട് കണ്ടു യാത്ര ചെയ്യണം..വിത്യസ്ത സംസ്കാരം തേടിയുള്ള യാത്ര.. വേഷവും ആചാരങ്ങളും തേടിയുള്ള യാത്ര.. പ്രകൃതിയുടെ സൌന്ദര്യം ആസ്വദിക്കാൻ ഉള്ള യാത്ര..
മഞ്ഞും, കാറ്റും, ചൂടും, മഴയും അറിഞ്ഞു കൊണ്ടുള്ള യാത്ര….യാത്ര അനുഭവങ്ങളുടെ പറുദിസയാണ്.. വരണ്ട കാലാവസ്ഥയിൽ കൂടിയുള്ള യാത്ര.. മണലാരുണ്യത്തിൽ പരവതാനി പോലെ നീണ്ടു കിടക്കുന്ന വിശാലമായ ഡൽഹി -അജ്മീർ പാതയിൽ കൂടി എന്റെ ബുള്ളറ്റ് കുതിച്ചു പോവുന്നുണ്ടായിരുന്നു. പാട്ടും മേളവും നിറങ്ങളുമായി ഹോളി ആഘോഷം പൊടി പൊടിക്കുന്നുണ്ട്. ഞാൻ ഒരുപാട് ആശിച്ചു ചെയ്ത യാത്ര. മണൽ കുന്നുകൾ ഇടയിൽ ചെറു മരങ്ങൾ , കുഞ്ഞി വീടുകൾ, രാജസ്ഥാനി വേഷ ധാരികൾ എല്ലാം കളർ തന്നെ മോനെ.150 കിലോമീറ്റർ യാത്ര ചെയ്യും അത് കഴിഞ്ഞു ചെറുതായി റസ്റ്റ്‌ എടുക്കും വീണ്ടും യാത്ര.റൊട്ടിയും, പറാത്തയും ചായയും നുകർന്നു ഒരു കിടിലൻ യാത്ര..

ജുമുഅ നിസ്കാരം ജയ്പൂരിൽ ആയിരുന്നു അവിടെ നിന്നു വീണ്ടും അജ്മീർ ലക്‌ഷ്യം ആക്കി യാത്ര തന്നെ. വൈകുന്നേരം 5. 30 മണിക്ക് അജ്മീർ എത്തി. കിണ്ണം കാച്ചിയ റോഡ് ആയതു കൊണ്ട് 450 കിലോമീറ്റർ 6. 30 മണിക്കൂറിൽ ഓടി എത്തി..ദർഗ ഷെരീഫിന്റെ അടുത്ത് 700 രൂപയ്ക്കു റൂം എടുത്തു (ഹോട്ടൽ- Al Kareema) ഒന്ന് ഫ്രഷ് ആവണം എന്നിട്ട് വേണം ഒന്ന് കറങ്ങാൻ. 8 മണിക്ക് അജ്മീറിലെ രാത്രി കാഴ്ച്ച കാണാൻ ക്യാമറയുമായി ഞാൻ ഇറങ്ങി. രാത്രി കളർ ആണ് കെട്ടാ.. സ്ട്രീറ്റ് ഫുഡ്‌ എന്നെ മാടി വിളിക്കുന്നുണ്ട്. എന്തായാലും ദർഗയിൽ പോയിട്ടാവാം ഭക്ഷണം എന്ന് കരുതി നേരെ ദർഗയിലേക്ക്.

അജ്മീറിലെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രം ആണ് ദർഗ്ഗ ശരീഫ് ഖാജാ മൊയ്നിദ്ധീൻ ചിസ്തിയിൽ അജ്മീരിയുടെ ഖബറിടം ഇവിടെ സ്ഥിതി ചെയ്യുന്നു. ദരിദ്ര ജനങ്ങൾക്ക് വേണ്ടി ജീവിച്ച മഹാൻ ഗരീബ് നവാബ് എന്നും അറിയപ്പെടുന്നു. ജാതി മത ഭേദമന്യേ ലക്ഷക്കണക്കിന് വിശ്വാസികൾ ആണ് ഇവിടെ വർഷം തോറും സന്ദർശിക്കുന്നത്. വെള്ളി കൊണ്ട് ഉണ്ടാക്കിയ കവാടവും മാർബിൾ കൊണ്ട് ഉണ്ടാക്കിയ ചുമരുകൾ നമുക്ക് അവിടെ കാണാം. പ്രകീർത്തന ഗാനങ്ങളുമായി സൂഫി ഗസലും ഖവാലിയും ആയി കുറെ പേരെ എന്നും ഇവിടെ ഉണ്ടാവും. വർഷാവർഷം 6 ദിവസം നീണ്ടു നിൽക്കുന്ന ഉറൂസ് ആണ് അവിടെത്ത പ്രധാന ആഘോഷം.

അജ്മീർ ചെമ്പ് വളരെ പ്രസക്തമാണ് ഒരു വലിയ ചെമ്പിൽ ഭക്ഷണം ഉണ്ടാക്കി എല്ലവർക്കും കൊടുക്കുന്നു കാണേണ്ട കാഴ്ചകൾ തന്നെ. വെളുത്ത മാർബിളിൽ പതിനൊന്നു കാമനങ്ങളുമായി ഉയർന്നു നിൽക്കുന്ന ദർഗ നിർമിച്ചത് ഹുമയൂൺ ആണ്..പ്രാർഥന നിർവഹിച്ചു ഭക്ഷണം കഴിക്കണം എന്ന ഉദ്ദേശവും ആയി ഞങ്ങൾ പുറത്തിറങ്ങി കയ്യിൽ പൈസ ഇല്ല കാർഡ് മാത്രം. കാർഡ്‌ ആണേൽ സ്വീകരിക്കുന്നുമില്ല ATM പരതി അവസാനം ഒന്നിൽ നിന്നും പൈസ എടുത്തു ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ. നല്ല ചിക്കൻ ചുട്ടതും റൊട്ടിയും അള്ളി വീശി റൂമിലേക്ക്‌.

നല്ല ക്ഷീണം ഉണ്ട് പിടിത്തം വിട്ട ഉറക്ക് അങ് പാസ്സാക്കി. രാവിലെ വീണ്ടും എണീറ്റു ദർഗയിൽ പോയി പ്രാർത്ഥന നിർവഹിച്ചു നാസ്തയും കഴിച്ചു നേരെ 2 കിലോമീറ്റർ അപ്പുറം ഉള്ള അക്ബർ മ്യൂസിയവും ഫോർട്ട് ലക്ഷ്യം ആക്കി യാത്ര ആയി. പണ്ടെത്ത പടയാളികൾ ഉപയോഗിച്ച ആയുധങ്ങൾ, അവരുടെ വസ്ത്രങ്ങൾ, ചിത്രങ്ങൾ അങ്ങനെ തുടങ്ങി ഒരു കലവറ ആണ് അവിടെ. സമയം ഇല്ല അടുത്തത് അനസാഗർ തടാകം ആണ് കാണേണ്ടത്. 13 കിലോമീറ്റർ വിസ്തൃതിയിൽ അനാജി ചൗഹാൻ നിർമ്മിച്ച മനുഷ്യ നിർമ്മിത തടാകം ആണ് അനസാഗർ. ചൗഹാൻമാരുടെ കാലത്ത് നിർമ്മിച്ച തടാകം പിന്നീട് വന്ന മുഗൾ രാജാക്കന്മാർ മോഡി കൂട്ടി കൊണ്ട് വന്നു.. തടാകത്തിൽ ഒരുപാട് മീനുകൾ ഉണ്ട്. നല്ല കാറ്റും നുകർന്നു തടാകത്തിൽ നിന്നുള്ള ദൃശ്യവും ആസ്വദിച്ചു കുറച്ചു സമയം അവിടെ ചെലവഴിച്ചു ഞങ്ങൾ പുഷ്കർ ലക്ഷ്യം ആക്കി യാത്ര ആയി.

എല്ലാ വർഷവും നവംബറിൽ നടക്കുന്ന പുഷ്കർ മേള ലോക പ്രസക്തം ആണ്. ലോകത്തിലെ ഏറ്റവും വലിയ ഒട്ടക മേളകളിൽ ഒന്നാണ് ഇത്. ഒട്ടക പ്രദർശനവും വിത്യസ്ത മത്സരവും ഒക്കെ ആയി നല്ല ക്ലാസ്സ്‌ പരിപാടി..പുഷ്കർ മരുഭൂമിയുടെ ഒരുഭാഗം മാത്രം ആണ്. പുഷ്കറിലേക്കുള്ള യാത്രയിൽ ഒരുപാട് വിദേശികൾ സ്ട്രീറ്റിൽ ചുമ്മാ പർച്ചേസിംഗ് ഒക്കെ ആയി നടക്കുന്നത് കാണാൻ ഇടയായി. ഞങ്ങൾ മരുഭൂമിയിലെ ഒട്ടക സവാരി കാണാൻ വീണ്ടും പോയി പല തരത്തിൽ ആണ് പലരും ചാർജ് ഈടാക്കുന്നത് കുടിൽ കെട്ടി ചുട്ടു പൊള്ളുന്ന സമയത്തും മരം കോച്ചുന്ന സമയത്തു ചെറിയ കുടിലുകളിൽ താമസിക്കുന്നത് കണ്ടപ്പോൾ ഞങ്ങൾ സ്വർഗത്തിൽ ആണ് എന്ന് തോന്നി പോയി.

മരുഭൂമിയിലെ കാറ്റിന്റെ സുഖം ഒന്ന് അറിയേണ്ടത് തന്നെ. നാരങ്ങയും തിന്നു ചുമ്മാ അവിടെ അങ്ങനെ നിന്നു. ഇന്ത്യ ഒരു സംഭവം ആണല്ലേ മലയുണ്ട്, കുന്നുണ്ട്, പച്ചപ്പുണ്ട്, മഞ്ഞുണ്ട്, മരുഭൂമി ഉണ്ട്.സമയം വൈകുന്നേരം ആയിരിക്കുന്നു ആകാശം ചുവന്നു വരുന്നുണ്ട് രാത്രി ആവുമ്പോൾ ജയ്പൂർ പിടിക്കണം ഇവിടെ നിന്നും 170 കിലോമീറ്റർ യാത്ര ചെയ്തു വേണം അവിടെ എത്താൻ നാളെ അവിടെ ആണ് കറക്കം.. അജ്‌മീറിനോട് യാത്ര പറഞ്ഞു ഞങ്ങളുടെ ബുള്ളറ്റ് ജയ്പൂർ ലക്ഷ്യം ആക്കി കുതിച്ചു പോയി സൂര്യന്റെ ചൂട് കുറഞ്ഞു, വൈകുന്നേരം നല്ല തണുപ്പ് തുടങ്ങി മണൽ തരികൾ ചുവന്ന കളറിൽ പ്രകാശിക്കുന്നുണ്ട്.റോഡിൽ കൂടി 80-90 km സ്പീഡിൽ ചുമ്മാ അങ്ങ് യാത്ര ചെയ്യുമ്പോൾ ഉത്തരേന്ത്യയോട് അസൂയ തോന്നും എജ്ജാതി റോഡ് ആണല്ലേ ഇത്.. രാത്രി 7 മണിക്ക് ജയ്പൂർ എത്തി. സൂര്യാസ്തമനം അമർ ഫോർട്ടിൽ നിന്നും കാണണം എന്നാണ് കരുതിയത് പക്ഷെ നടന്നില്ല എന്ത് ചെയ്യാൻ..

രാജസ്ഥാൻ എന്ന് പറയുന്നത് തന്നെ ജയ്പൂർ ആണ് വാസ്തുശാസ്ത്ര പ്രകാരം ഇന്ത്യയുടെ വിനോദ സഞ്ചാരത്തിന്റെ അഭിമാനമായി നിലകൊള്ളുന്ന നഗരം പടുത്തുയർത്തിയത് അംബറിലെ രാജാവായിരുന്ന മഹാരാജ സവായ് സിങ് രണ്ടാമൻ ആണ്. ഭൂമി ശാസ്ത്ര പരമായി പാതി മരുഭൂമിയിൽ ആണ് രാജസ്ഥാന്റെ തലസ്ഥാനം ആയ ജയ്പൂർ നിലകൊള്ളുന്നത്. ഈ നഗരത്തിന്റെ ശില്പി എന്നറിയെപ്പെടുന്നത് ബംഗാളിൽ നിന്നുള്ള വിദഗ്ദ്ധൻ ഭട്ടാചാര്യ എന്നയാളാണ്. കോട്ടകൾ, കൊട്ടാരക്കെട്ടുകൾ, ഹവേലികൾ എന്നിങ്ങനെ ലോകത്തെ ആകർഷിക്കുന്ന ഒരുപാട് കാര്യങ്ങൾ രൂപകല്പന ചെയ്തത് ഒമ്പത് എന്ന സംഖ്യയുടെ ഗുണിതം ഉപയോഗിച്ച് ആണെത്രേ.

എവിടെയും പിങ്ക് മയം ആണ് നമുക്ക് കാണാൻ കഴിയുക അത് കൊണ്ട് തന്നെ പിങ്ക് സിറ്റി എന്നും അറിയപ്പെടുന്നു.രാത്രിയുടെ വെള്ളി വെളിച്ചത്തിൽ ജയ്പൂരിന് ഇതെന്തു മൊഞ്ചാണ്. സമയം 8 മണി ആയിരിക്കുന്നു അംബർ ഫോർട്ടിൽ ലൈറ്റ് ഷോ കാണാൻ ടിക്കറ്റ് എടുക്കാൻ വരി നിന്നപ്പോൾ പെട്ടെന്ന് കറന്റ് പോയി പിന്നെ വന്നതും ഇല്ല.പണി പാലും വെള്ളത്തിൽ കിട്ടി എന്ന് പറയാം എന്ത് ചെയ്യാൻ നേരെ കോട്ട കാണാൻ യാത്ര ആയി.

രാജാ മാൻസിംഗ്, മിർസ രാജ് ജയ്‌ സിങ്, സവായ് സിങ് എന്നിവർ ചേർന്ന് 200 വർഷം കൊണ്ടാണത്രേ ഈ കോട്ടയുടെ നിർമ്മാണം നടത്തിയത്.കോട്ടയ്ക്കുള്ളിൽ കൊട്ടാരങ്ങൾ, ക്ഷേത്രങ്ങൾ, പവലിയനുകൾ പൂന്തോട്ടങ്ങൾ എന്നിവ എല്ലാമുണ്ട്. ആനപ്പുറത്ത് കയറി കോട്ട ചുറ്റി കാണുകയും ചെയ്യാം. രാത്രി പൂർണ്ണ ചന്ദ്രന്റെ വെളിച്ചത്തിൽ കോട്ടയുടെ ഭംഗി ഒന്ന് വേറെ തന്നെ. റൊമാന്റിക് ആയപ്പോൾ ചുമ്മാ ബീവിയെയും വിളിച്ചു കുറെ നേരം അങ്ങനെ ഇരുന്നു സൊറ പറഞ്ഞു. സമയം 10 മണി ആയിരിക്കുന്നു റൂം എടുത്തില്ല രാവിലെ വീണ്ടും വരണം എന്ന ഉദ്ദേശത്തോടെ കോട്ടയ്ക്കു അടുത്ത് തന്നെ നല്ല കിടിലൻ റൂം 1000 രൂപയ്ക്ക് എടുത്തു (ഹോട്ടൽ അമർ പാലസ് ).

ഒന്ന് ഫ്രഷ്‌ ആയി ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങി നോക്കുമ്പോൾ പുറത്തു കിടിലൻ പോലത്തെ പാട്ട്. ചോദിച്ചപ്പോൾ പറഞ്ഞു കല്യാണം ആണ് എന്ന് റോഡിൽ കൂടി പുതിയാപ്ല വരുന്നു കൂടെ ചെക്കന്മാരുടെ ഡാൻസും സംഭവം സിമ്പിൾ ആണ് പവർ ഫുൾ ആണ് അങ്ങനെ ഞാൻ കല്യാണത്തിനു കുമ്മനം അടിച്ചു അവരുടെ കൂടെ കല്യാണം കൂടി..രാത്രി ജയ്പൂർ സിറ്റിയിൽ കൂടി ബൈക്ക് എടുത്തു കൊട്ടാരങ്ങൾക്ക് ഇടയിൽ കൂടി ചുമ്മാ ഒന്ന് കറങ്ങണം ഹാവൂ എന്ത് രസം… നല്ല തന്തൂരി ചിക്കനും റൊട്ടിയും കഴിച്ചു റൂമിലേക്ക്‌.

രാവിലെ എണീക്കാൻ അല്പം വൈകി. കുളിച്ചു ഫ്രഷ് ആയി നേരെ ജൽമഹൽ കാണാൻ പോയി. തടാകത്തിന്റെ ഒത്ത നടുവിൽ വെള്ളത്തിൽ ഒരു മന്ദിരം. വേട്ടയ്ക്ക് പോകുമ്പോൾ താമസിക്കാൻ പണിതത് ആണ് പോലും.. എന്താല്ലേ.. രണ്ടു മൂന്ന് ഫോട്ടയും എടുത്തു നേരെ സിറ്റി മഹലും ഹവാ മഹലും കാണാൻ സിറ്റിയിലേക്ക് പോയി 1799 ൽ രാജ സവായ് പണിതത് ആണ് ഹവാ മഹൽ. അഞ്ചു നിലയിൽ ഉള്ള കെട്ടിടം ചുവപ്പ്, പിങ്ക് നിറങ്ങളിൽ ഉള്ള കല്ലുകൾ കൊണ്ടാണ് നിർമിച്ചിട്ടുള്ളത്. കൊട്ടാരത്തിലെ രാജ സ്ത്രീകൾക്ക് വേണ്ടി നിർമിച്ച കെട്ടിടം റോഡിൽ കൂടി പോകുമ്പോൾ സൗന്ദര്യം കൊണ്ട് ഇമവെട്ടാതെ നോക്കി നിന്ന് പോവും.

സമയം വൈകുന്നേരം ആയിരിക്കുന്നു സിറ്റി മഹലും കണ്ടു യാത്ര തിരിക്കണം രാത്രി ഡൽഹിയിൽ എത്താൻ ഉള്ളതാണ് ജോലിക്ക് കയറിയില്ലേൽ പണി കിട്ടും. ഹവാ മഹലും സിറ്റി പാലസും അടുത്ത് തന്നെ സവായ് ജയ്‌ സിങ്ങാണ് സിറ്റി പാലസ് പണി കഴിപ്പിച്ചത്. രാജ്പുത്, മുകൾ ശൈലികൾ സാമാന്യയിപ്പിച്ചു കൊണ്ടാണ് ഇതിന്റെ നിർമ്മിതി. പാലസിൽ കയറുന്നതിനു ഒരു കവാടം ഉണ്ട് മുബാറക് മഹൽ എന്നാണ് അതിന്റെ പേര് അവിടെ നിന്നും പ്രാവുകളുടെ കൂടെ ഫോട്ടോയും എടുത്തു പാലസും കണ്ടു, അത്യാവശ്യം സാധനങ്ങൾ വാങ്ങിച്ചു ഞങ്ങൾ ഡൽഹിയിലേക്ക് യാത്ര തിരിച്ചു .

അനുഭവങ്ങളുടെ ബഹ്‌റായിരുന്നു രാജസ്ഥാൻ. രാജാക്കന്മാരുടെ നിർമിതികൾ കണ്ടു പകച്ചു പോയ യൗവ്വനം. കളർഫുൾ വസ്ത്രങ്ങളും മറ്റും ആണ് രാജസ്ഥാനി സംസ്കാരം. നല്ല സ്വഭാവത്തിന്റെ വക്താക്കൾ.. രാജസ്ഥാൻ അത് വേറെ ഒരു ലോകം ആണ് മുത്തേ ഇങ്ങള് പോയി കാണൂ സംഭവം കളർ ആകും.. എനിക്കു ജയ്പൂർ കണ്ടു തീർന്നിട്ടില്ല പിന്നെ അല്ലേ മറ്റു സ്ഥലങ്ങൾ ഇനിയും ഞാൻ പോകും രാജസ്ഥാൻ കാണാൻ ഒരു നീണ്ട യാത്ര

ഇനി അടുത്ത യാത്രയ്ക്ക് കോപ്പ് കൂട്ടണം.. യാത്ര ചെയ്യാൻ പൈസ മാറ്റി വെക്കരുത്.. യാത്ര ചെയ്തിട്ട് പൈസ ഉണ്ടേൽ മാറ്റി വെക്കുക കാരണം യാത്ര ഒരു സമ്പത്ത് ആണ്.. ദുനിയാവ് അങ്ങനെ കടല് പോലെ പരന്നു കിടക്കുകയല്ലേ ഇങ്ങള് പോയി കാണൂന്ന്…

വിവരണം – അസ്ലം ഓ.എം.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply