ഷോലകാട്ടിൽ അലിഞ്ഞ് കുളിരിൽ രാപാർത്ത് ചൊക്രമുടി കീഴടക്കിയ കഥ..

കടപ്പാട് : Sudhi KS. വരികളും ചിത്രങ്ങളും :  Vineeth Aravind.

അല്ലേലും ട്രിപ്പ്‌ പോവുന്നതിന്റെ തലേ ദിവസം ഉറക്കം ഒരു അന്യനെ പോലെ മാറി നിന്നു പുച്ചിക്കാറാണ് പതിവ്.. ഇപ്രാവശ്യവും അതിനു ഒരു മാറ്റവും ഉണ്ടായില്ല.. രാവിലെ 4 മണിക്ക് വച്ച അലാറത്തിനെ തോൽപിച്ചു കൊണ്ട് എണീറ്റു.. 5 മണിക്ക് എറണാകുളം വൈറ്റിലയിൽ ഒത്തുകൂടാം എന്ന പ്ലാനിങ് പ്രകാരം കൃത്യം 4:45 am ന് നമ്മുടെ എൻഫീൽഡ് സ്റ്റാർട്ട്‌ ചെയ്തു. പ്ലാൻ പ്രകാരം മൂന്ന് ബുള്ളറ്റിനു ആറു പേരാണ് ഈ റൈഡിനു ഉള്ളത്..എല്ലാവരും കൃത്യ സമയത്ത് എത്തി ചേർന്നതിനാൽ ഞങ്ങൾ അഞ്ചര ആയപ്പോൾ തന്നെ വൈറ്റില വിട്ടു..

മൂന്നാർ ടൗൺ എത്തുന്നതിനു മുന്നേ തന്നെ വിശപ്പിന്റെ വിളി രൂക്ഷമായതിനാൽ ഞങ്ങൾ പ്രഭാത ഭക്ഷണം കഴിച്ചു,പാമ്പാടുംഷോല ആണ് ഞങ്ങളുടെ ഫസ്റ്റ് ഡെസ്റ്റിനേഷൻ… നീല പൂക്കൾ വിരിച്ചു മരങ്ങൾ ഞങ്ങളെ മുന്നാറിലേക് വരവേൽകുന്നുണ്ടായിരുന്നു.. വഴിയോരകാഴച്ചകൾ കണ്ടും ചിത്രങ്ങൾ പകർത്തിയും ഞങ്ങൾ 11 മണിയോടെ പാമ്പാടുംഷോലൈ നാഷണൽ പാർകിൽ എത്തി.. ഇതിനിടയിൽ സുധി ഞങ്ങളെ വിളിക്കുന്നുണ്ടായിരുന്നു, ഇന്ന് ഞങ്ങൾ രാപാർക്കുന്നത് CLUB NOMAD ൽ ആണ്…അതിന്റെ അമരക്കാരൻ ആണ് സുധി, ആദ്യ ദിവസത്തെ സന്ദർശന സ്ഥലങ്ങളെ കുറിച്ചും റൂട്ട് സംബന്ധിച്ചും വ്യക്തമായ ഒരു ഗൈഡ് ലൈൻ സുധി തന്നിരുന്നു..

വണ്ടികൾ എല്ലാം ഫോറെസ്റ്റ് ഓഫീസിന്റെ മുൻവശത്തു പാർക്ക്‌ ചെയ്ത് ല്ഗഗേജ് അഴിക്കുന്നതിനിടയിൽ അവിടെത്തെ ഓഫീസർ വന്ന് ഇതൊന്നും വെറുതെ അഴിക്കണ്ട എല്ലാം ഇവിടിരുന്നോട്ടെ ഞങ്ങളൊക്കെ ഇവിടുണ്ടല്ലോ ആരും ഒന്നും എടുക്കില്ല എന്ന് പറഞ്ഞത് വളരെ ആശ്വാസം ആയി.. ഷോലൈ കാട്ടിൽ ട്രക്ക് ചെയ്യണം കുറച്ചു നേരം കാടകം അനുഭവിക്കണം അതായിരുന്നു ആഗ്രഹം..

പ്രമുഖ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ എ.എൻ.നസിർ ഇക്കായുടെ കാടിനെ ചെന്ന് തൊടുമ്പോൾ എന്ന പുസ്തകത്തിൽ ഷോലൈ കാടുകളെ കുറിച്ച് വളരെ വിശാലമായി വിശദീകരിക്കുന്നുണ്ട്..ഒരാൾക്ക് 250 എന്ന നിരക്കിൽ ഞങ്ങൾ ആറുപേർക്കും ആയി 1500 rs ഫീസ് അടച്ച് മനു എന്ന ഗാർഡിനൊപ്പം ഞങ്ങൾ ട്രെക്കിങ് തുടങ്ങി.. അദ്ദേഹം അവിടെ നിന്നും ആരംഭിക്കുന്ന കൊടൈക്കനാൽ എസ്‌കേപ്പ് റോഡിനെ കുറിച്ചും..അവിടുത്തെ സസ്യ ജന്തുവൈവിധ്യങ്ങളെ കുറിച്ചും ചെറിയൊരു വിശദീകരണം തന്നു.. കാടു കയറുമ്പോൾ എല്ലാവരുടെയും കണ്ണുകൾ കാട്ടുപോത്തിനെ തേടുന്നുണ്ടായിരുന്നു…കുറച്ചു നടന്നപ്പോൾ തന്നെ ഒരു മുള്ളൻ പന്നി പാതി ദർശനം തന്നു ഓടി മറഞ്ഞു..കാട്ടുപോത്തിന്റെ സ്ഥിരം സഞ്ചാരപാതയും പിന്നിട്ടു ഞങ്ങൾ നടന്നു നീങ്ങി..പല പുസ്തകങ്ങളിലും വായിച്ച ആനച്ചോറിയൻ എന്ന ചെടിയെ നേരിൽ കാണാനായി,ഈ ചെടിയുടെ ഏഴയലത്തു പോലും ആനകൾ വരില്ലത്രേ!!!ഇത് മനുഷ്യ ദേഹത്തു സ്പർശിച്ചാൽ ചൊറിച്ചിലും കടുത്ത പനിയും ആവും ഫലം. പിന്നെ ഞങ്ങളെ സ്വീകരിച്ചത് അന്നേ ദിവസം രാവിലെ നടന്നു നീങ്ങിയ പുലിയുടെ കാല്പാടുകൾ ആയിരുന്നു. ഈ കാഴ്ച എല്ലാവരിലും ചെറിയൊരു ഭീതി പടർത്തി..

പിന്നെ രാത്രിയിലെ ഇര തേടൽ കഴിഞ്ഞ് അവൻ ഉൾകാടിനുള്ളിൽ കയറിക്കാനും എന്ന വാക്കുകൾ ഞങ്ങളിൽ ആശ്വാസമേകി.. അങ്ങിനെ കാട്ടിൽ വിശ്രമിച്ചു, കാട്ടു ചോലയിൽ നിന്ന് വെള്ളം കുടിച്ചു, കാട് കഥകൾ കേട്ട്, കാട്ടു കാരക്ക കഴിച് 4 മണിക്കൂർ ഉള്ള ട്രെക്കിങ് ഞങ്ങൾ പൂർത്തിയാക്കി.. ഇതിനിടയിൽ കൂട്ടുകാരൻ ലാലപ്പന്റെ ഗൾഫിൽ നിന്നും പ്ലെയിൻ കയറി വന്ന rey ban കൂളിംഗ് ഗ്ലാസ്‌ ട്രെക്കിങ്ങിനിടയിൽ നഷ്ടപ്പെട്ടതും.. ഞങ്ങളുടെ ടോപ് സ്റ്റേഷൻ കാഴ്ചക്കിടയിൽ ഗാർഡ് മനു ഞങ്ങൾ കൊടുത്ത ലാലപ്പന്റെ ഫോണിൽ വിളിച് തിരിച്ചു വന്നാൽ reyban കൊണ്ടുപോകാം എന്ന് പറഞ്ഞതും നന്ദിയോടെ ഓർമ്മിക്കുന്നു..

ഉച്ച ഭക്ഷണം വൈകുന്നേരത്തോടെ കഴിച് ടോപ് സ്റ്റേഷൻ സന്ദർശനവും കഴിഞ്ഞു ഏകദേശം അഞ്ചരയോടെ മൂന്നാർ ടൗൺ എത്തി.ഇനി നാളെത്തെ ചൊക്രാൻ ട്രെക്കിങ്ങിനുള്ള ഫ്രൂട്ട്സ് വാങ്ങണം.ഓറഞ്ച്, ഏത്തപ്പഴം എന്നിവ വാങ്ങി ബാഗിൽ ആക്കി.. പിന്നെ ഒന്നുടെ സുധിയെ വിളിച്ചു റൂട്ട് ക്ലിയർ ചെയ്തു.. മൂന്നാർ ഗ്യാപ് റോഡ് വഴിയാണ് പോകേണ്ടത്, റോഡിന്റെ വർക്ക്‌ നടക്കുന്നതിനാൽ റോഡ് അടച്ചിടും വൈകുന്നേരം 5 മണിക്ക് തുറക്കും..അങ്ങിനെ ഞങ്ങൾ രാപാർക്കാൻ CLUB NOMAD ലേക്ക് യാത്ര തിരിച്ചു….

മൂന്ന് വണ്ടികളും വീണു തുടങ്ങിയ ഇരുട്ടിനെ വകഞ്ഞു മാറ്റി ബൈസൺ വാലി ലക്ഷ്യമാക്കി പാഞ്ഞു കൊണ്ടിരുന്നു. മൂന്നാർ ഗ്യാപ് റോഡിന്റെ പണി നടക്കുന്നതിനാൽ കുറെ ഏറെ സ്ഥലങ്ങൾ ഒക്കെ പൊളിഞ്ഞു കിടക്കുന്നു.12km ദൂരം ഉണ്ട് മൂന്നാർ ടൗണിൽ നിന്നും..ഏകദേശം എത്താറായപ്പോൾ ഒരു വലിയ മലയുടെ മടിത്തട്ടിലൂടെയുള്ള റൈഡ് ഞങ്ങൾക്ക് വല്ലാത്തൊരു ഫീൽ സമ്മാനിച്ചു എന്ന് പറയാതെ വയ്യ..അത് ചൊക്രമുടി ആയിരുന്നു എന്ന് അടുത്ത ദിവസം തിരിച്ചു പോരുമ്പോൾ ആണ് മനസ്സിലായത്..അത് അങ്ങിനെയാണ് പ്രകൃതി നമ്മളെ വരവ് അറിയിക്കും..
ബൈസൺ വാലിയിലേക്ക് സ്വാഗതം ചെയ്യുന്ന ബോർഡിന്റെ വലതുവശത്തുള്ള റോഡിലേക്ക് തിരിഞ്ഞു ഹെയർ പിൻ ഇറങ്ങണം എന്നായിരുന്നു ഞങ്ങൾക്കുള്ള നിർദേശം..ഞങ്ങളുടെ വണ്ടികൾ താഴേക്കിറങ്ങുമ്പോൾ സുധി ഞങ്ങളെ തേടി മുകളിലേക് വരുന്നുണ്ടായിരുന്നു.. പിന്നെ ബ്രോ ആയിരുന്നു ഞങ്ങളുടെ വഴി കാട്ടി.

NOMAD ലേക്കുള്ള എൻട്രി ഒരു കട്ട ഓഫ്‌ റോഡ് ആയിരുന്നു…അത് പറഞ്ഞറിയിക്കാൻ സാധിക്കില്ല കിളി പോയി എന്ന് പറഞ്ഞാൽ മതി.. ശരിക്കും ഒരു ഹൈഡിങ് പ്ലേസ് അതാണ് CLUB NOMAD.. യാതൊരു ശല്യങ്ങളും ഇല്ലാതെ മലഞ്ചരുവിൽ പരന്നു കിടക്കുന്ന 15 ഏക്കർ പ്രോപ്പർട്ടി..ലഗേജ് എല്ലാം ഇറക്കി റൂമിൽ വെച്ച് ഫ്രഷ് ആയി.. രാത്രിയുറക്കം ടെന്റിൽ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്,3പേർക്ക് കിടക്കാവുന്ന രണ്ടു ടെന്റ് സെറ്റ് ചെയ്തിരുന്നു അതും സൂര്യോദയം ഏറ്റവും നന്നായി കാണാവുന്നിടത്തു തന്നെ.സുധി ഞങ്ങളെ അതെല്ലാം കൊണ്ട് പോയി കാണിച്ചു..ഇതിനിടയിൽ ക്യാമ്പ് ഫയറിനുള്ള ഒരുക്കങ്ങളും ഗ്രിൽഡ് അടിക്കുന്നതുനുള്ള ഒരുക്കങ്ങളും അവിടെ നടക്കുന്നുണ്ടായിരുന്നു.അങ്ങിനെ ഞങ്ങളുടെ രാത്രിയിലെ കലാപരിപാടികൾ തുടങ്ങി.. 11 മണിയോടെ ഞങ്ങൾക്കുള്ള ഫുഡ് റെഡി ആയി.ഭക്ഷണത്തിനായി പ്രത്യേകം ഹട്ടുകൾ സെറ്റ് ചെയ്തിട്ടുണ്ട്, അങ്ങിനെ ഞങ്ങൾക്കുള്ള ചപ്പാത്തി, ചിക്കൻ, കപ്പ, ഗ്രിൽഡ് ചിക്കൻ എന്നിവ അടങ്ങിയ വിഭവങ്ങൾ റെഡി.നല്ല വിശപ്പുണ്ടായിരുന്നതിനാൽ എല്ലാരും നല്ലപോലെ ഫുഡ് അടിച്ചു കയറ്റി.

ഭക്ഷണ ശേഷം കുറച്ചു നേരം കഥകൾ പറഞ്ഞ് ക്യാമ്പ് ഫയർ ന് ചുറ്റും ഇരുന്നു..അപ്പോഴും തണുത്ത കാറ്റു ശക്തിയായി വീശിക്കൊണ്ടിരുന്നു..അങ്ങിനെ ഉറക്കം പിടിക്കാൻ ഞങ്ങൾ ടെന്റുകളിലേക് നീങ്ങി.. കുറച്ചു മുകളിലേക്ക് നടന്നു വേണം ടെന്റ് എത്താൻ..ശുഭരാത്രി പറഞ്ഞ് സുധിയും പിരിഞ്ഞു, സൺറൈസ് കാണാൻ 6:15 ന് അലാറം വച്ചോളു എന്ന നിർദേശവും തന്നു .വഴി മദ്ധ്യേ ഒരു സ്റ്റാർസ് വ്യൂ പോയിന്റ് ഉണ്ട്, അവിടെയിരുന്നു കുറച്ചുനേരം ഫുൾ ഫ്രെയിം ൽ നക്ഷത്രങ്ങൾ കണ്ടു. അങ്ങിനെ ടെന്റിലെ സ്ലീപ്പിങ് ബാഗിൽ കയറി ചുരുണ്ടു കൂടുമ്പോൾ മനസ്സുനിറയെ നാളെത്തെ സൂര്യോദയംമാത്രം ആയിരുന്നു.രാത്രിയിൽ ഏതൊക്കെയോ ജീവികളുടെ ശബ്ദങ്ങൾ കേട്ടു എപ്പോഴോ കണ്ണുകൾ ഉറക്കത്തിനു കീഴടങ്ങി…

അലാറം അടിക്കുന്നതിനു മുന്നേ തണുപ്പ് ഞങ്ങളെ ഉണർത്തിയിരുന്നു..ടെന്റ് തുറന്നു പുറത്തേക്കു കണ്ട കാഴ്ച ശെരിക്കും ഞങ്ങളുടെ മനസ്സിനെ കുളിരണിയിച്ചു,പ്രകൃതി ക്യാൻവാസിൽ ഞങ്ങൾക്ക് വേണ്ടി വരച്ച ആ ഫ്രെയിം മതിവരുവോളം കണ്ടു..പിന്നെ എല്ലാവരും അത് ക്യാമെറയിൽ ആക്കുന്നതിന്റെ തിരക്കിലായിരുന്നു.. പ്രതീക്ഷിച്ചതിലും മനോഹരമായ ഒരു സൂര്യോദയം ആണ് ഞങ്ങളുടെ കണ്ണുകൾക്ക് അവിടെ നിന്നും ലഭിച്ചത്.
സൂര്യോദയത്തിന്റ ഉന്മേഷത്തിൽ നിന്നും വിടുന്നതിനു മുന്നേ തന്നെ മൂന്നാർ സ്പെഷ്യൽ കട്ടൻ എത്തി..പ്രഭാത കർമങ്ങൾക്കു ശേഷം പ്രാതൽ ഒക്കെ കഴിച്ചു ഞങ്ങൾ 6 പേരും ചൊക്രമുടി പീക്ക് ട്രെക്കിങ്ങിനു റെഡി ആയി.. തലേ ദിവസം തന്നെ സുധി ട്രെക്കിങ്ങിനെ കുറിച്ച് വിശദമായി പറഞ്ഞ് തന്നിരുന്നു..ശരത്, മനു ഇവരാണ് ഞങ്ങളുടെ ചൊക്രൻ സാരഥികൾ.. ഇവരെ ഇന്നലെ രാത്രി തന്നെ സുധി പരിചയപെടുത്തിയിരുന്നു. ശരത് ഒരു പ്രഫഷണൽ ട്രെക്കർ കൂടി ആണ്..

ട്രെക്കിങ് റൂട്ട് തുടങ്ങുന്ന ഇടം വരെ ഞങ്ങൾ ഞങ്ങളുടെ ബുള്ളെറ്റിലും അവർ pulser 200ns ഉം ആയിരുന്നു പോയത്.. ഇന്നലെ വന്ന കട്ട ഓഫ്‌റോഡും താണ്ടി ഞങ്ങളുടെ വണ്ടി മുകളിലേക്ക് വലിഞ്ഞു കയറിക്കൊണ്ടിരിക്കുമ്പോൾ മനുവും ശരത്തും അവരുടെ pulser ൽ പുലി പോലെ പാഞ്ഞു പോയത് ഡോമിനോർ ന്റെ ആദ്യ പരസ്യം അന്വര്ഥമാകും വിധമായിരുന്നു..എന്തിനേറെ പറയുന്നു ഇതേ അവസ്ഥ തന്നെ ആയിരുന്നു ചൊക്രാൻ പീക്കിലേക്കുള്ള ട്രെക്കിങ്ങിലും പ്രകടമായത്..ഞങ്ങൾ 6പേർ വലിഞ്ഞു കഷ്ടപ്പെട്ടു നാലു കാലിൽ കയറി.നമ്മുടെ സാരഥികൾ പുലി പോലെ പാഞ്ഞു കയറി..

ഇനി നമുക്ക് ചൊക്രമുടി പീക്കിനെ കുറിച്ച് പറയാം..സമുദ്രനിരപ്പിൽ നിന്നും ഏകദേശം 6600അടി ഉയരം ഉണ്ട്.കേരളത്തിലെ മൂന്നാമത്തെ ഹൈയ്യസ്റ്റു പീക് എന്ന് google പറയുന്നു. വിവിധ തരം വർണാഭമായ പൂക്കൾ നമുക്കിവിടെ കാണാം. സഞ്ചാരികളുടെ അതിപ്രസരം ഇല്ലാത്തതു കൊണ്ടും, ഓഫ്‌ റോഡ് റൈഡ് പോലും സാധ്യമല്ലാത്തതു കൊണ്ടും, കാൽനടയായി ട്രെക്ക് ചെയ്യുക എന്ന ഒരു ഓപ്ഷൻ മാത്രം ഉള്ളതിനാലും ചൊക്രമുടിക്ക് ഇപ്പോഴും ഒരു കോട്ടവും സംഭവിക്കാതെ തലയുയർത്തി തന്നെ നില്കുന്നു..ഇത് ഇങ്ങിനെ തന്നെ നിലനിൽക്കട്ടെ എന്ന് നമ്മൾ ഓരോരുത്തരും ആഗ്രഹിച്ചു പോകും കാരണം അത്രയ്ക്കുണ്ട് ഇവിടുത്തെ ട്രെക്കിങ്ങ് കാഴ്ചകൾ..ഫോറീനേഴ്‌സ് ആണ് കൂടുതലും പീക് വരെ ട്രെക്ക് ചെയ്യാറുള്ളൂ എന്ന് ശരത് പറഞ്ഞിരുന്നു..

അങ്ങിനെ ഞങ്ങൾ ട്രെക്കിങ് തുടങ്ങി, ആദ്യമേ പുല്മേടുകൾക്കിടയിലൂടെ ഉള്ള പാത പിന്നെ പാറകൾ താണ്ടി ആയി, കുത്തനെയുള്ള കയറ്റങ്ങൾ ഞങ്ങളെ വളരെയേറെ തളർത്തി..യാത്രയുടെ കാൽ ഭാഗം ആയപോഴേ കൂടെ ഉണ്ടായിരുന്ന ഷിനോജ്ഉം ജിക്കുവും ചൊക്രാന് സുല്ല് പറഞ്ഞ് മലന്നു കിടന്നു… ഞങ്ങൾ ഇല്ല നിങ്ങൾ പോയി വാ എന്നായി അവസ്ഥ,സാരഥികൾ അവരെ മാക്സിമം ഇൻസ്പയർ ചെയ്യുന്നുണ്ടായിരുന്നു. അതിനൊന്നും ഫലം ഉണ്ടായില്ല.. അങ്ങിനെ അവർ രണ്ടുപേരും താഴെ കാത്തു നിൽക്കാം എന്ന ധാരണയിൽ ഞങ്ങൾ നാലുപേരും ശരത്തിനും മനുവിനും ഒപ്പം മലകയറിത്തുടങ്ങി.വെത്യസ്തമായ കാഴ്ചകൾ സമ്മാനിച്ചു ചൊക്രാൻ ഞങ്ങളെ വരവേറ്റു കൊണ്ടിരുന്നു..

ഓരോ കയറ്റം കയറുമ്പോഴും കഴിഞ്ഞു എന്ന് തോന്നും കയറി മുകളിൽ എത്തുമ്പോൾ ദാ വരുന്നു അടുത്ത കേറ്റം.. ട്രെക്ക് ചെയ്ത് പകുതി എത്തുമ്പോൾ ഒരു കുരിശടിയുണ്ട്.. അവിടെ നിന്നും ശരത് ഞങ്ങളെ ആനമുടി മലനിരകൾ കാണിച്ചു തരികയുണ്ടായി..ഇവിടെ വരെയേ അധികം ആളുകളും വരുകയുള്ളു അത്രേ !!! ഈ മല മുഴുവൻ നീലക്കുറിഞ്ഞി പൂത്തിട്ടുണ്ട് എന്ന് പറഞ്ഞതും, ഹിമാലയത്തിൽ മാത്രം കാണുന്ന ഒരുതരം tree അവിടെ കാണിച്ചു തന്നതും ഈ യാത്രയിലെ വ്യത്യസ്ത അനുഭവങ്ങൾ ആയി..

ഓരോ വിശ്രമവേളയിലും ഞങ്ങൾ ഓറഞ്ചും വെള്ളവുമൊക്കെ അകത്താക്കികൊണ്ടിരുന്നു.പീക്കിലേക്കുള്ള അവസാന കയറ്റത്തിന് മുൻപ് ദാസ് ബ്രോ ഇനി വയ്യ എന്ന് പറഞ്ഞ് നിലത്തിരുന്നു. ഇപ്രാവശ്യം നമ്മുടെ ട്രെക്കറുടെ ഇൻസ്പിറേഷൻ ഫലം കണ്ടു. അങ്ങിനെ ഞങ്ങൾ അവസാന കയറ്റത്തിന് തയ്യാറായി, ആ കയറ്റത്തിന് അവസാനം ഞങ്ങൾ കണ്ട കാഴ്ചകൾ വർണനാതീതം ആണ്.. വലിയ ഒരു പാറക്കെട്ടിനു ഇടയിലൂടെ ചെറിയ ഇറക്കം ഇറങ്ങി ചെല്ലുന്നതാണ് ചൊക്രമുടി പീക്കിലേക്കുള്ള ചെറിയ കയറ്റം.. അതെ ഞങ്ങൾ അവസാനം എത്തിച്ചേർന്നിരിക്കുന്നു… കൂടെ ഉണ്ടായിരുന്ന പ്രിത്വിയും ലാലപ്പനും ഓടി അവസാന കയറ്റവും കയറി മുകളിൽ ഇരുന്നു കൂകിത്തുടങ്ങി.. ഞാനും ദാസ് ബ്രോ യും ഫോട്ടോസ് എല്ലാം എടുത്തു പയ്യെ പീക്കിൽ എത്തി.

അവിടെ നിന്നും 360 ആങ്കിളിലെ കാഴ്ചകൾ മൊത്തമായി കണ്ണിലും മനസ്സിലും പതിപ്പിച്ചു. മതിവരുവോളം ഫോട്ടോസ് എടുത്തു.. കുറച്ചു നേരം ആ പാറപുറത്തു കിടന്നു.. അങ്ങിനെ മനസ്സ് നിറയെ സന്തോഷവുമായി ഞങ്ങൾ മലയിറക്കം തുടങ്ങി.. കയറിയത്തിലും നിസാര സമയം കൊണ്ട് ഞങ്ങൾ താഴെ എത്തി… ഷിനോജ്ഉം ജിക്കുവും ഞങ്ങൾക്ക് വേണ്ടി താഴെ കാത്തുനിൽക്കുന്നുണ്ടായിരുന്നു..കയറാമായിരുന്നു എന്ന് ഒരു തോന്നൽ അവർക്ക് ഫോട്ടോസ് എല്ലാം കണ്ടപ്പോൾ വന്നിരുന്നു.. Club nomad ലേക്ക് തിരിച്ചു വന്ന് എല്ലാരും ഒന്ന് ഫ്രഷ് ആയി കെട്ടും കെട്ടി nomad ഗയ്‌സ് നോട് യാത്ര പറഞ്ഞ് വണ്ടിയെടുത്തു…

നിറഞ്ഞ മനസ്സും വ്യത്യസ്തമായ അനുഭവങ്ങളും പുതിയ സുഹൃത്തുക്കളെയും ഒക്കെ സമ്മാനിച്ച ചൊക്രമുടിയുടെ മടിത്തട്ടിൽ നിന്ന് പ്രിയ വാഹനത്തിന്റെ പുറത്തിരുന്നു ഒരു ഫോട്ടോ യും എടുത്തു വണ്ടി സ്റ്റാർട്ട്‌ ചെയ്യുമ്പോൾ ചൊക്രാൻ വീണ്ടും വിളിക്കുന്നുണ്ടായിരുന്നു അതിന്റെ ഉയരങ്ങളിലേക്ക്..

നോട്ട് ദി പോയ്ന്റ്സ് :1-ട്രെക്ക് ചെയ്യുമ്പോൾ ഫുൾ സ്ലീവ് t shirt or sweet shirt യൂസ് ചെയ്യുന്നതാണ് നല്ലത്. 2-ഡി ഹൈഡ്രേഷൻ കുറക്കാൻ ഓറഞ്ച്, ആപ്പിൾ, പഴം എന്നിവ കുറേശ്ശെ ആയി കഴിക്കാം. 2 ലിറ്റർ ന്റെ ഒരു കുപ്പി വെള്ളം ഒരാൾക്ക് വേണ്ടി വരും.. 3-കറക്റ്റ് ഫിറ്റ്‌ ആയ ഗ്രിപ് ഉള്ള ഷൂവോ, ട്രെക്കിങ് ഷൂവോ, ചേരിപ്പോ ഉപയോഗിക്കാം…ഫിറ്റ്‌ അല്ലാത്ത ഷൂസ് അപകടം ആണ് 4-cap യൂസ് ചെയ്യുന്നത് നല്ലതായിരിക്കും, 5-സൂര്യോദയം അല്ലെങ്കിൽ സൂര്യാസ്തമയം പ്ലാൻ ചെയ്ത് ട്രെക്ക് ചെയ്യുന്നതാവും നല്ലത്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply