ആലപ്പുഴയില്‍ KSRTC ഡ്രൈവറെ സ്ത്രീ മര്‍ദ്ദിച്ചു; ദൃശ്യങ്ങള്‍ പുറത്ത്….

കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് നേരെ അകാരണമായി കാര്‍/ബൈക്ക് യാത്രികരുടെ മര്‍ദ്ദനങ്ങള്‍ ഇപ്പോള്‍ പതിവാകുകയാണ്. ഒരു മാസം മുന്‍പ് പാലക്കാട്‌ – കോഴിക്കോട് റൂട്ടില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ വിവാഹസംഘത്തില്‍പ്പെട്ട യുവാക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചതിന്റെ ദൃശ്യങ്ങള്‍ ഏവരെയും നടുക്കിയതാണ്. അന്ന് അക്രമം നടത്തിയവര്‍ ജയിലഴിക്കുള്ളില്‍ കിടക്കേണ്ടിയും വന്നിരുന്നു.

ഇപ്പോള്‍ ഇതാ ഇന്ന് വീണ്ടും ഒരു കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് മര്‍ദ്ദനം ഏറ്റിരിക്കുന്നു. ഇന്നത്തെ സംഭവത്തിലെ കഥാപാത്രം ഒരു സ്ത്രീയാണ് എന്നതാണ് അതിശയപ്പിക്കുന്ന ഒരു വസ്തുത. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയില്‍ വെച്ചാണ് സംഭവം നടന്നത്. കൃത്യമായി പറഞ്ഞാല്‍ അമ്പലപ്പുഴ പുറക്കാട് എന്ന സ്ഥലത്താണ് ഈ സംഭവം. കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസ് ഈ സ്ത്രീ സഞ്ചരിച്ച വാഹനത്തെ ഓവർ ടേക്ക് ചെയ്തു വന്നതാണ്. മറികടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഇവരുടെ വാഹനത്തെ തട്ടുമായിരുന്നു എന്നു പറഞ്ഞായിരുന്നു സംഭവങ്ങളുടെ തുടക്കം.

ഇവരുടെ വാഹനം KSRTC ബസിനു വട്ടമിടുകയും അതിൽ നിന്നും ഈ സ്ത്രീ ചാടി ഇറങ്ങി കെഎസ്ആര്‍ടിസി ബസ്സിലെ ഡ്രൈവർ കാബിനില്‍ ചാടിക്കയറി ഡ്രൈവറെ തലങ്ങും വിലങ്ങും മർദ്ദിച്ചു. ഒപ്പം ഉണ്ടായിരുന്നതും വാഹനം ഓടിച്ചിരുന്നതുമായ പുരുഷൻ ആ സമയം അനങ്ങിയില്ല. ഈ സമയത്ത് കെഎസ്ആര്‍ടിസി ബസ്സില്‍ ധാരാളം യാത്രക്കാരും ഉണ്ടായിരുന്നു. പാവം ബസ് ഡ്രൈവര്‍ ആകട്ടെ അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തില്‍ പകച്ചുപോയി. സംഭവം വഷളായതോടെ ബസ്സിലെ യാത്രക്കാരും നാട്ടുകാരും സംഘടിച്ചു. ഇതിനിടെ കാറില്‍ക്കയറി രക്ഷപ്പെടുവാന്‍ ശ്രമിച്ച സ്ത്രീയെ നാട്ടുകാര്‍ തടഞ്ഞുവെയ്ക്കുകയും ചെയ്തു. വിവരം അറിഞ്ഞു പോലീസ് എത്തിയപ്പോള്‍ ക്ഷുഭിതരായ നാട്ടുകാർ സ്ത്രീയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടു പോലീസിനെതിരെയും തിരിഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിച്ചു.

യാതൊരു കാരണവും ഇല്ലാതെ ഒരാളെ ഇങ്ങനെ മര്‍ദ്ദിക്കുക എന്നത് വളരെ പൈശാചികമാണ് എന്നാണു നാട്ടുകാരില്‍ ചിലര്‍ അഭിപ്രായപ്പെട്ടത്. ജീന്‍സും ടോപ്പും അണിഞ്ഞ് സ്റ്റൈലില്‍ കാറില്‍ വന്നിറങ്ങിയ ചേച്ചിയുടെ വിചാരം കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ വെറും ചെണ്ടകള്‍ ആണെന്നായിരുന്നു. പക്ഷേ പാവം ചേച്ചി ഇനി വിവരം അറിയുവാന്‍ പോകുന്നതേയുള്ളൂ. ഈ സംഭവം ഒട്ടും മാപ്പര്‍ഹിക്കാതതാണ് എന്നും കുറ്റക്കാരിയായ സ്ത്രീയ്ക്ക് എതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഇതിനായി ഏതറ്റം വരെ പോകുമെന്നും കെഎസ്ആര്‍ടിസിയിലെ ഓപ്പറേഷന്‍സ് വിഭാഗത്തിലെ ഓഫീസര്‍ പറഞ്ഞു.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply