ബർലിൻ: മലിനീകരണ വിവാദത്തിനു പിന്നാലെ, ഫോക്സ്വാഗൻ വീണ്ടും കുരുക്കിൽ. കുരങ്ങുകളെ ഉപയോഗിച്ച് വാഹനത്തിെൻറ പുക പരിശോധിപ്പിച്ചതിനാണ് ലോകത്തിലെ ഏറ്റവും വലിയ കാർ നിർമാതാക്കൾ അന്വേഷണം നേരിടുന്നത്. പരീക്ഷണത്തിനായി പേത്താളം കുരങ്ങന്മാരെ പുതിയ മോഡൽ കാർ പുറത്തുവിടുന്ന പുക ശ്വസിപ്പിച്ചെന്ന വിവരത്തിെൻറ അടിസ്ഥാനത്തിലാണ് അന്വേഷണം.
കമ്പനി നടത്തിയ പരീക്ഷണം മൃഗപീഡനമാണെന്ന് വ്യക്തമായി തെളിഞ്ഞതായി യു.എസ് ഇൻസ്റ്റിറ്റ്യൂട്ട് കമീഷൻ വ്യക്തമാക്കി. 2014ലാണ് 10 കുരങ്ങന്മാരെ ഉപയോഗിച്ച് കമ്പനി പരീക്ഷണം നടത്തിയത്. അതേസമയം, വാഹനം പുറത്തുവിടുന്ന വിഷമയമായ നൈട്രജൻ ഒാക്സൈഡുകൾ കുരങ്ങുകളെ കൂടാതെ 25ഒാളം മനുഷ്യരെ ശ്വസിപ്പിച്ചതായി ജർമനിയിലെ ഒരു പത്രം റിപ്പോർട്ട് ചെയ്തു.
ലോകമെമ്പാടും 1.1 കോടി കാറുകളാണ് ഫോക്സ്വാഗൻ പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ മിക്ക വാഹനങ്ങളും ഇത്തരത്തിലുള്ള പരിശോധനകൾക്ക് വിധേയമാക്കിയിരുന്നതായും പറയുന്നു. നൈട്രജൻ ഒാക്സൈഡ് ശ്വസിക്കുന്നതിലൂടെ ആസ്ത്മ ഉൾെപ്പടെ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ പിടിപെടാൻ കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
പരിസ്ഥിതിയെയും ആരോഗ്യത്തെയും കുറിച്ചുള്ള പഠനങ്ങൾ നടത്തുന്ന യൂറോപ്യൻ ഗവേഷണ സംഘമാണ് ഫോക്സ്വാഗനെ കുറിച്ചുള്ള പഠനത്തിന് നിയോഗിച്ചത്. കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ കാർ കമ്പനിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജർമൻ സർക്കാർ അറിയിച്ചു.
Source – http://www.madhyamam.com/hotwheels/crazy-cars/volkswagen-under-fire-diesel-tests-monkeys-humans-hot-wheels/2018/jan/29/418115