“നിനക്കൊക്കെ പ്രാന്താണെടാ ” ഇതായിരുന്നു ഗിയർലെസ് സ്കൂട്ടറിൽ Two side 900 കിലോമീറ്റർ സഞ്ചരിക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ അടുത്ത കൂട്ടുകാരിൽ നിന്ന് കിട്ടിയ അനുമോദനം അത് തന്നെ ആയിരുന്നു. പാതിരാത്രിയുടെ നിശ്ശബ്ദധയെ കീറി മുറിച്ചു കൊണ്ട് ഡിയോ ബൈക്കിൽ നാട്ടിൽ നിന്ന് മധുര രാമേശ്വരം വഴി ധനുഷ്കോടിയിലേക്ക് പോകാനുള്ള ഊർജവും.
ഒരുപാട് നാളത്തെ പ്ലാനിംഗും ആളെ കൂട്ടലും കഴിഞ്ഞ് മനസ്സു കൊണ്ട് ഒത്തു വന്നത് ഞങ്ങൾ നാല് പേർ ഞാൻ, ബോണി, ലിബിൻ, റോബിൻ. എന്റെ പ്ലാനിംഗിലെ മുഖ്യ കക്ഷി ആയിരുന്ന ബോണിയുടെ തിരക്കുകൾ കാരണം യാത്ര നീണ്ടു പോയി. എല്ലാം കഴിഞ്ഞ് ഒന്ന് ഒത്തുവന്നത് ശനിയാഴ്ച്ച അതും അവധി ദിനം ആയിരുന്ന രണ്ടാം ശനി.
രണ്ട് ദിനങ്ങൾ വഴി നീളെ ചായയും ബിസ്കറ്റും മാത്രം കഴിക്കുന്ന ബോണി. എങ്ങോട്ട് പോകാമെന്ന് പറഞ്ഞാലും റെഡി എന്ന ഒരേ ഒരു മറുപടി മാത്രം ഉള്ള റോബിൻ. രണ്ട് ദിവസത്തെ എമർജൻസി ലീവിന്റെ ധൈര്യത്തിൽ തന്റെ എഫ്സി എടുത്ത ലിബിൻ. മാറ്റി വെച്ച ട്രിപ്പ് നടന്ന് കിട്ടിയതിന്റെ ആഗ്രഹത്തിൽ ഡിയോ എടുത്ത് ഇറങ്ങിയ ഞാൻ. പിന്നെ മാർബിളിനെ വെല്ലുന്ന തരത്തിൽ നീണ്ടു നിവർന്ന് കണ്ണെത്താ ദൂരത്ത് പടർന്ന് കിടക്കുന്ന തമിഴ്നാട്ടിലെ റോഡുകൾ.
രാവിലെ 7 മണിക്ക് ആരംഭിച്ച യാത്ര സംസാരവും ഇടക്കുള്ള പ്രകൃതി ഭംഗി ആസ്വദിക്കലും കൊണ്ട് വൈകി ഓടി കട്ടപ്പനയിൽ എത്തിയത് 11 മണിക്ക്. പ്രഭാത ഭക്ഷണം കട്ടപ്പനയിൽ നിന്ന് കഴിച്ച് യാത്ര തുടർന്നു. ഉച്ച വെയിലിന്റെ തണുപ്പ് പടർന്ന മലനാടൻ ചൂടും കുത്തനെയുള്ള ചുരങ്ങളും താണ്ടി ഞങ്ങൾ കമ്പംമെട്ടും കമ്പവും തേനിയും എല്ലാം മറി കടന്നു കൊണ്ടിരുന്നു.
45 കിലോമീറ്റർ ഇടവിട്ട് കാണുന്ന ചായകടകളിൽ എല്ലാം നാല് ചായ എന്ന ഓർഡർ കൊടുത്ത് കൊണ്ട് ഞങ്ങൾ സാന്നിധ്യം അറിയിച്ചു കൊണ്ടിരുന്നു.
ഏതാണ്ട് 4 മണിയോടെ മധുര പട്ടണത്തിൽ എത്തി. മീനാക്ഷി ക്ഷേത്രം കണ്ടു. അവിടുത്തെ നീണ്ട ഭക്തജന ക്യൂവിലെ തള്ളി കയറ്റവും കാഴ്ചകളും കഴിഞ്ഞ് ക്ഷേത്ര പരിസരത്ത് നിന്ന് ഒരു ചായ കുടിച്ചു വീണ്ടും ലക്ഷ്യ സ്ഥാനത്തിലേക്ക് യാത്ര തുടർന്നു. ഏതാണ്ട് രാത്രി 2 മണിയോടെ രാമേശ്വരത്ത് ഞങ്ങൾ എത്തിച്ചേർന്നു. അവിടെ എസ് എൽ എസ് ലോഡ്ജ് എന്ന സ്വർഗം ചെറിയ റെന്റിന് തരപ്പെടുത്തി. ഉറക്ക ക്ഷീണം കൊണ്ട് തോന്നിയതാവാം. മരകട്ടിലിൽ ജാക്കറ്റ് വിരിച്ച് നെഞ്ചു വിരിച്ചൊരു ഉറക്കം. രാവിലെ 8 മണിക്ക് ബോണിയുടെ വിളി കേട്ടാണ് ഉണരുന്നത്. യാത്രയുടെ ഒരു ദിവസം കഴിഞ്ഞു എന്ന മുന്നറിയിപ്പ് റോബിൻ ഉറക്കത്തിൽ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. പിന്നെ ഓടിച്ചാടി ഒരു ഫ്രഷ് ആകൽ നേരെ ധനുഷ്കോടിയിലേക്ക്.
രാമേശ്വരത്ത് നിന്ന് ഏതാണ്ട് 20 കിലോമീറ്റർ ദൂരം ഉള്ള ഒരു ചെറുദ്വീപ് ആണ് ധനുഷ്കോടി.
18 കിലോമീറ്റർ അരികെ ശ്രീലങ്കയും ചുറ്റും പരന്നു കിടക്കുന്ന പച്ച കടലും പിന്നെ 1964ലെ സുനാമി കവർന്ന ജനജീവിതവും അവശേഷിക്കുന്ന കുറെ സ്മാരകങ്ങളും ചേർത്ത് വെച്ച് ചരിത്ര പുസ്തകം തിരഞ്ഞ് തന്നെ കാണാൻ എത്തുന്ന സഞ്ചാരികളോട് ഒളിപ്പിച്ചു വെച്ച ഒരുപാട് നിഗൂഢ കഥകൾ പറയാതെ പറയും ധനുഷ്കോടി.
1800ൽ അധികം ജീവനുകൾ കടൽ കൊണ്ട് പോയപ്പോൾ മദ്രാസ് ഗവൺമെന്റ് അവളെ ഒരു ചെല്ലപ്പേരിൽ ലോകത്തിന് പരിചയപ്പെടുത്തി – “THE GHOST CITY” പ്രേത നഗരം. പ്രേതങ്ങളുടെ താഴ്വര.. ജീവിക്കാൻ അനുയോജ്യമല്ലാത്ത ഒരിടം.. ഒരുപക്ഷേ ഓരോ സഞ്ചാരിയെയും ഈ വിശേഷണം തന്നെ ആയിരിക്കും ഈ ആഴക്കടലിൽ ചുറ്റിയെടുത്ത ചെറു ദ്വീപിലേക്ക് ആകർഷിക്കുന്നത്.
കുറച്ചു നേരത്തെ ചുറ്റലും കഴിഞ്ഞ് തിരിച്ചു പോകാൻ തീരുമാനിച്ചത് ലിബിന് നാളെ ഓഫീസിൽ അവന്റെ മുഖം പഞ്ച് ചെയ്യണം എന്ന് വാശി പിടിച്ചത് കൊണ്ടായിരുന്നു. അങ്ങനെ ധനുഷ്കോടിയോട് സലാം പറഞ്ഞ് ഞങ്ങൾ തിരികെ പോന്നു. തിരിച്ചു പോക്കിൽ ആണ് മുൻപ് പോയവരിൽ നിന്ന് കേട്ട, കൗതുകം വിതറിയ, മധുരയെ രാമേശ്വരം ധനുഷ്കോടി എന്നിവിടങ്ങളിലേക്ക് ബന്ധിപ്പിച്ച കടലിന് നടുവിൽ സ്ഥാപിതമായ പാമ്പൻ പാലം കണ്ടത്.
വരുമ്പോൾ രാത്രി ആയതിനാൽ ശരിക്ക് കാണാൻ കഴിഞ്ഞിരുന്നില്ല. മനോഹരം !! അതിനേക്കാൾ മനുഷ്യ നിർമ്മിതികളിലെ ഒരു അത്ഭുതം ആയിരുന്നു പാമ്പൻ. വാഹനങ്ങൾക്ക് പോകാനും ട്രെയിനിന് പോകാനും ആയി സമാന്തരമായ രണ്ട് പാലങ്ങൾ. വരും വഴി ഒരു ട്രെയിൻ ക്രോസ്സിങ്ങും കണ്ടു. അവിടുത്തെ കസ്രത്തിന് ശേഷം ഡോക്ടർ എപീജെ അബ്ദുൾകലാം സ്മാരക മന്ദിരത്തിൽ ഒരു വിസിറ്റ് നടത്തി ഞങ്ങൾ നാട്ടിലേക്ക് യാത്ര തിരിച്ചു.
സുഹൃത്തുക്കളിൽ ആരെങ്കിലും ധനുഷ്കോടിക്കൊരു ബൈക്ക് യാത്ര പോകാം എന്ന ആശയം പങ്കുവെച്ചാൽ തീർച്ചയായും മടിക്കാതെ നിങ്ങൾക്ക് ഒരു യെസ് മൂളാം. വിമർശകരുടെ വാക്കുകൾ ഊർജം ആയെടുത്താൽ മനസ്സും മൂഡും ശരിയാണെങ്കിൽ ഒരു സഞ്ചാരിക്ക് റോഡിൽ ഉള്ളതും കണ്മുന്നിൽ കാണുന്നതും ദുർഘടങ്ങൾ ആയിരിക്കില്ല. അത് തന്നെയാണ് ഗിയർലസ് ബൈക്ക് ആയ ഡിയോയിൽ 900 കിലോമീറ്റർ സഞ്ചരിക്കാൻ കഴിഞ്ഞത്. അനായാസം എന്ന് പറയുന്നിടത്തേക്ക് ത്രിൽ ആണ് എന്ന് തെളിയിക്കുന്ന യാത്ര ആയിരുന്നു ഇത്.
പറ്റിയാൽ ബൈക്കിൽ തന്നെ യാത്ര പോവുക പാമ്പൻ ദ്വീപ് ആയ ധനുഷ്കോടിയിലേക്ക്.
വാൽ കഷ്ണം: തിരിച്ചു പോരുമ്പോൾ പാതി ഉറക്കത്തിൽ ബോണിയുടെ കാതിൽ ഞാൻ പറഞ്ഞൊരു ആഗ്രഹം ഹിമാലത്തിലേക്ക് ഈ ഗിയർലസ് വണ്ടിയിൽ പോകാം എന്ന് ഞാൻ റെഡി എന്ന അവന്റെ മറുപടി ഇനി അതിലേക്കുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ തുടക്കം ആയി എന്ന് വിശ്വസിക്കുന്നു….#കടപ്പാട്_ഫസൽഹസൻ.