ഒരു ദിവസം കൊണ്ട് മൂന്നു വനമേഖലകളിലൂടെ ഒരു ആനവണ്ടിയാത്ര

ദീപാവലി ദിവസം അവധിയായിരുന്നത് കൊണ്ട് ഒരു മാസം മുന്‍പ് തന്നെ ഒരു യാത്ര തീരുമാനിച്ചിരുന്നു. പഠനത്തിനായി തിരുവനന്തപുരത്ത് താമസമാക്കിയത് കൊണ്ട് തിരുവനന്തപുരത്തെ മൂന്ന്‍ സ്ഥലങ്ങള്‍ തിരഞ്ഞെടുത്തു. തിരുവനന്തപുരത്തെ ടൂറിസം എന്ന് പറയുമ്പോള്‍ ആദ്യം മനസ്സില്‍ ഓടിയെത്തുന്ന പൊന്മുടിയുണ്ടായിരുന്നു ലിസ്റ്റില്‍ ആദ്യം തന്നെ. പിന്നീടുള്ള രണ്ടു സ്ഥലങ്ങള്‍ തിരഞ്ഞെടുത്തതില്‍ രണ്ടു ഉദ്ദേശങ്ങള്‍ ആയിരുന്നു. ഒന്ന്‍ തിരുവനന്തപുരത്തുകാര്‍ പോലും കേട്ടിട്ടില്ലാത്ത രണ്ടു സ്ഥലങ്ങള്‍ പോയി കാണുക. രണ്ട്, അവിടേക്ക് സര്‍വീസ് നടത്തുന്ന KSRTC ബസില്‍ യാത്ര ചെയ്ത് ആ സര്‍വീസിനെ പുറം ലോകത്തേയ്ക്ക് അറിയിക്കുക. അഗസ്ത്യാര്‍കൂടത്തിലെ കൈതോട്, പേപ്പാറയിലെ പൊടിയക്കാല എന്നിവയായിരുന്നു ആ സ്ഥലങ്ങള്‍. പോകാന്‍ തിരഞ്ഞെടുത്ത മൂന്ന്‍ സ്ഥലങ്ങളും വനമേഖലകള്‍. എനിക്ക്പ്രിയപ്പെട്ട സ്ഥലങ്ങള്‍.

കൈതോട് : തിരുവനന്തപുരം സ്വദേശിയായ എന്റെ സുഹൃത്ത് ഹാഷിം ഇക്കയും എന്റെ റൂം മേറ്റ്സും ക്ലാസ് മേറ്റ്സും ആയ ടോണി സെബാസ്റ്റ്യന്‍, അമര്‍ സാഗര്‍ എന്നിവരുമായിരുന്നു എന്റെ സഹയാത്രികര്‍. ഞങ്ങള്‍ പുലര്‍ച്ചെ 4.45 ന് വീട്ടില്‍ നിന്നിറങ്ങി. 5 മണിയുടെ കാട്ടാക്കട ഡാം ബസില്‍ കേറി യാത്രയാരംഭിച്ചു. ഏകദേശം 5.50 ഓടെ ഞങ്ങള്‍ കാട്ടാക്കടയില്‍ എത്തി. ഓരോ ചായയും കുടിച്ച് നില്‍ക്കുമ്പോള്‍ തൊട്ടു പിന്നാലെ എത്തിയ ആര്യനാട് ബസില്‍ ഹാഷിം ഇക്കയും എത്തി. 6.20 നാണ് കുറ്റിച്ചാല്‍, കോട്ടൂര്‍, ചോനാമ്പാറ വഴി കൈതോട് പോകുന്ന ഞങ്ങളുടെ ആദ്യത്തെ യാത്രയ്ക്കുള്ള ബസ് പുറപ്പെടുന്നത്. (RAC 443 of KTDA) മഴ സമയത്ത് കൈതോട് ഭാഗത്തേക്കുള്ള വഴിയില്‍ ബസിന്റെ ടയര്‍ ചെളിയില്‍ പുതഞ്ഞു പോകുന്ന പ്രശ്നം ഉള്ളതുകൊണ്ട് ചിലപ്പോള്‍ ആ ബസ് ചോനാമ്പാറ വരെയേ പോകാറുള്ളൂ. പക്ഷെ ഇന്ന് കൈതോട് വരെ പോകും, മഴ കുറവുണ്ട് എന്ന് ബസിന്റെ സ്റ്റാഫ് പറഞ്ഞു. ബസ് പുറപ്പെടുമ്പോള്‍ യാത്രക്കാരായി ഞങ്ങള്‍ മാത്രം!

കാണിക്കാര്‍ എന്ന ആദിവാസി വിഭാഗങ്ങളുടെ കാടിനകത്തേയ്ക്കും പുറത്തേയ്ക്കും ഉള്ള യാത്രയ്ക്ക് ഏക ആശ്രയമാണ് ഈ ബസ്. തീര്‍ത്തും നഷ്ടത്തിലാണ് ഈ ബസ് ഓടുന്നത്. ഡീസല്‍ അടിയ്ക്കാനുള്ള പൈസ പോലും ഒരു ദിവസം കലക്ഷനായി കിട്ടാറില്ല. പക്ഷെ ഈ ബസ് നല്‍കുന്ന സേവനത്തിനു മുന്നില്‍ ആ നഷ്ടക്കണക്കുകള്‍ ഇല്ലാതാകുന്നു.കുറ്റിച്ചാലും കോട്ടൂരും കഴിഞ്ഞു ഫോറസ്റ്റ് ചെക്ക് പോസ്റ്റും കഴിഞ്ഞതോടെ ഞൊടിയിടയില്‍ സ്ഥലത്തിന്റെ രൂപവും ഭാവവും മാറി. ഒരു കടുവാസങ്കേതത്തിന്റെ ഗാംഭീര്യമുള്ള കൊടും വനം! അഗസ്ത്യാര്‍കൂടം ബയോളജിക്കല്‍ റിസര്‍വ്. ഇടയ്ക്കിടെ പെയ്യുന്ന മഴയില്‍ നിറഞ്ഞൊഴുകുന്ന കാട്ടരുവിയുടെ കരയിലൂടെ റോഡിലെ ആനപ്പിണ്ടങ്ങളെ ചവിട്ടി മെതിച്ചു കൊണ്ട് ബസ് കുതികുതിച്ചു. വാച്ച് ടവറും, ചോനാമ്പാറയും കടന്ന്‍, ബസ് കൈതോടിലേയ്ക്ക്. വെറും മണ്‍പാത!

മൃഗങ്ങള്‍ ധാരാളമുള്ള കാടാണ്. പക്ഷെ കുറ്റിച്ചെടികള്‍ നിറഞ്ഞിരിക്കുന്നതിനാല്‍, ഒരു ആന നിന്നാല്‍ പോലും കാണാന്‍ പ്രയാസമാണ്. ബസ് അങ്ങനെ ഒരു മലയുടെ അരികിലെത്തി. ഇടതുവശത്ത് വിശാലമായ കാഴ്ച തുറന്നു. ഒരൊറ്റ വ്യൂ പോയന്റില്‍ തന്നെ ഇടതു വശത്ത് അങ്ങ് ദൂരെ പൊന്മുടിയും, വലതുഭാഗത്ത് അധികം അകലെയല്ലാതെ അഗസ്ത്യാര്‍കൂടവും മഞ്ഞുമൂടിയ തലകള്‍ ഉയര്‍ത്തി നില്‍ക്കുന്ന നല്ലൊരു കാഴ്ച കണ്ടക്ടര്‍ കാണിച്ചു തന്നു. പിന്നീട് ഒരു വലിയ മരത്തെ വലംവെച്ചു കൊണ്ട് ബസ് കൈതോടിലേയ്ക്ക് പ്രവേശിച്ചു. വഴിയില്‍ നിന്ന് ആദിവാസികള്‍ പച്ചക്കറികളും വാഴക്കുലയും കപ്പയുമൊക്കെയായി ബസിലേക്ക് കയറി. ഇന്ന് കോട്ടൂരും കാട്ടാക്കടയും ചന്തയുള്ള ദിവസമാണ്. ഇനി ഈ ബസ് കുറ്റിച്ചാല്‍ പോയ ശേഷം 8.50 ഓടെ തിരിച്ചു വരും. ഒരു മണിക്കൂറിലധികം സമയമുണ്ട്. ഞങ്ങള്‍ സൈഡില്‍ കണ്ട ഒരു കാട്ടുവഴിയിലേയ്ക്ക് നടന്നുകേറി. അട്ടകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടവഴിയിലൂടെ, വന്യമൃഗങ്ങളുടെ കടന്നു കയറ്റം തടയാനായി കെട്ടിയിരിക്കുന്ന ഇലക്ട്രിക് വേലിയ്ക്കരികിലൂടെ നടന്ന്, ഞങ്ങള്‍ കുത്തിയൊലിയ്ക്കുന്ന ഒരു കാട്ടരുവിയ്ക്ക് സമീപമെത്തി. അവിടെ നിന്ന് അല്‍പ സമയം ചിലവഴിച്ച ശേഷം, ഞങ്ങള്‍ തിരികെ മടങ്ങി.

ബസ് നിര്‍ത്തിയിരുന്ന സ്ഥലത്ത് നിന്ന് ഞങ്ങള്‍ അത് വന്ന വഴിയിലൂടെ തിരിച്ചു നടന്നു. വഴിനീളെ ഇലക്ട്രിക് വേലിയുണ്ട്. പേരറിയാത്ത പക്ഷികളുടെ ശബ്ദവും അഴകുള്ള കാട്ടുപൂക്കളും കണ്ടു കൊണ്ട് അടഞ്ഞു കിടക്കുന്ന ട്രൈബല്‍ എല്‍.പി.സ്കൂളിന്റെ മുന്നിലൂടെ ഞങ്ങള്‍ അങ്ങനെ നടന്നു. ദീപാവലി ദിവസമായത് കൊണ്ട് ആദിവാസിക്കുട്ടികള്‍ പടക്കം പൊട്ടിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് വന്യമൃഗങ്ങള്‍ വരുമെന്ന പേടി ഞങ്ങള്‍ക്കുണ്ടായില്ല. പൊന്മുടിയും അഗസ്ത്യാര്‍കൂടവും ഒരുമിച്ച് കണ്ട ആ സ്ഥലമെത്തി. ഞങ്ങള്‍ ഫോട്ടോയെടുത്തു. അങ്ങ് താഴെ ഏതോ വെള്ളച്ചാട്ടത്തിന്റെ ഇരമ്പല്‍ കേള്‍ക്കാം. പെട്ടെന്നാണ് മഴ വന്നത്. ഞങ്ങള്‍ കുട ചൂടി.

ചെറിയൊരു ഭയം വന്നു. കാരണം, മഴ പെയ്യുമ്പോഴാണ് വന്യമൃഗങ്ങള്‍ വഴിയിലേക്കിറങ്ങുന്നത്. ഞങ്ങള്‍ ചുറ്റും കണ്ണോടിച്ചു കൊണ്ടേയിരുന്നു. ചിലപ്പോള്‍ ആനയാവാം കരടിയാവാം, കടുവ വരെയാകാം! എന്തായാലും കൃത്യം 8.50 നു തന്നെ കുറ്റിച്ചാല്‍ നിന്നും ബസ് തിരികെയെത്തി. ബസില്‍ കയറി, കാലുകള്‍ പരിശോധിച്ചപ്പോഴാണ് അട്ടകള്‍ കടിച്ചിരിക്കുന്ന കാഴ്ച കണ്ടത്. ഭാഗ്യത്തിന് തീപ്പെട്ടി കരുതിയിരുന്നത് കൊണ്ട് അത് കത്തിച്ച് എല്ലാത്തിനെയും തുരത്തി. ബസ് മടക്കയാത്ര ആരംഭിച്ചു. മടക്കയാത്രയില്‍ വാച്ച് ടവറിനു ശേഷം ബസ് ഒരു ഇടുങ്ങിയ കാട്ട് വഴിയിലേക്ക് കടന്നു. വാലിപ്പാറ എന്ന സ്ഥലത്തെയ്ക്കാണ് അത്. വളരെ രസകരമായിരുന്നു ആ ഭാഗത്തേയ്ക്കുള്ള യാത്ര. ആദിവാസികളുടെ വാഴത്തോട്ടത്തിലൂടെയും വീട്ടുമുറ്റത്ത്‌കൂടെയും ആണ് ബസ് പോയത്. വാലിപ്പാറയില്‍ നിന്നും ബസ് പഴയ വഴിയിലേയ്ക്ക് തിരിച്ചു കയറി. നിമിഷങ്ങള്‍ക്കുള്ളില്‍ ബസ് വനമേഖലയും കടന്നു കോട്ടൂര്‍ എത്തി. തുടര്‍ന്ന്‍ കാട്ടാക്കടയ്ക്കുള്ള വഴിയെ ഞങ്ങള്‍ കുറ്റിച്ചാല്‍ ഇറങ്ങി.

പേപ്പാറ & പൊന്മുടി : കുറ്റിച്ചാലിലെ ഒരു കൊച്ചു ഹോട്ടലില്‍ നിന്ന് ഞങ്ങള്‍ പ്രഭാത ഭക്ഷണം കഴിച്ചു. നല്ല ചൂട് ദോശ. വെറും മൂന്ന്‍ രൂപ മാത്രം. ഈറ്റ, ഈറ എന്നൊക്കെ വിളിയ്ക്കുന്ന മുളവര്‍ഗ്ഗത്തില്‍ പെടുന്ന ചെടിയുടെ ഇലയിലാണ് അവര്‍ ദോശ വിളമ്പിയത്. കാട്ടില്‍ നിന്ന് കൊണ്ട് വരുന്നതാണ്. അതൊരു പുതുമയുള്ള കാഴ്ച്ചയായി. ഭക്ഷണ ശേഷം കുറ്റിച്ചാല്‍ നിന്നും വിതുരയിലേയ്ക്ക് ത്രൂ ബസ് കിട്ടി. അതില്‍ കേറി വിതുര എത്തുമ്പോള്‍ അങ്ങകലെ മഞ്ഞു മൂടി നില്‍ക്കുന്ന പൊന്മുടിയുടെ മനോഹര ദൃശ്യം കാണാം.

വിതുര സ്റ്റാന്‍ഡില്‍ എത്തിയ ഉടനെ തന്നെ ഒരു പേപ്പാറ ഡാം ബസ് വന്നു. ഞങ്ങള്‍ ഉടനെ അതില്‍ കേറി ചുമ്മാ ഒരു പോക്ക് പോയി. വാഗമണ്ണിനെ അനുസ്മരിപ്പിക്കും പോലെ മൊട്ടക്കുന്നുകള്‍. പള്‍പ്പ് വുഡ് പ്ലാന്റെഷന്‍ ആണ് ചുറ്റും. അവയെല്ലാം താണ്ടി പേപ്പാറ ഡാം വരെ പോയി തിരിച്ചു വന്നു. പേപ്പാറയിലേക്ക് പോകും വഴിയാണ് ഞങ്ങളുടെ മൂന്നാമത്തെ ട്രിപ്പ്‌ ആയ പൊടിയക്കാലയിലേക്ക് തിരിയുന്ന ഭാഗം കണ്ടത്. പകല്‍ പോലും ഇരുട്ട് മൂടിയ കൊടും കാട്ടിലേക്ക് ഒരു മണ്‍പാത തുറക്കുന്നു! പൊന്മുടി ട്രിപ്പ്‌ കഴിഞ്ഞു വൈകുന്നേരത്തോടെ ഇങ്ങോട്ട് വരുന്ന കാര്യമോര്‍ത്ത് ഞങ്ങള്‍ ത്രില്ലടിച്ചു.

തിരിച്ചു വിതുര എത്തുമ്പോള്‍, വര്‍ക്കലയില്‍ നിന്നുള്ള പൊന്മുടി ബസ് അവിടെയെത്തിയിരുന്നു (RSC 208 of VJMD). ഞങ്ങള്‍ അതില്‍ കേറി. അപ്പര്‍ സാനിട്ടോറിയം വരെ പോകുന്ന ബസ് ആണ് അത്. കല്ലാര്‍ വരെ ഞങ്ങള്‍ക്ക് നിന്ന് പോകേണ്ടി വന്നു. കല്ലാറിനു ശേഷം ഞങ്ങള്‍ക്കെല്ലാം സീറ്റ് കിട്ടി. പൊന്മുടിയിലേയ്ക്കുള്ള 22 ഹെയര്‍പിന്നുകള്‍ ഓരോന്നായി ആരംഭിച്ചു. ഇവിടെയും വഴിയില്‍ ആനപ്പിണ്ടങ്ങള്‍ കണ്ടു. അങ്ങനെ ബസ് അപ്പര്‍ പൊന്മുടി എത്തി. പൊന്മുടിയെക്കുറിച്ച് അധികം വിവരിയ്ക്കേണ്ട കാര്യമില്ലല്ലോ. ഏവര്‍ക്കും സുപരിചിതമായ മനോഹരമായ സ്ഥലമാണ്. മേഘപാളികളെ തൊട്ടുതലോടി നില്‍ക്കുന്ന പ്രദേശം. സന്ധ്യമയങ്ങുമ്പോള്‍ വരയാടുകളും കാട്ടുപോത്തുകളും മേയാന്‍ വരാറുണ്ട്. ഇവിടെ വെച്ചും ഞങ്ങള്‍ക്ക് അട്ടകടി കിട്ടി. പൊന്മുടിയില്‍ നിന്ന് അതെ ബസില്‍ തിരിച്ചിറങ്ങുമ്പോള്‍, എനിക്ക് കുറച്ചു നേരത്തേയ്ക്ക് ചെവിയടപ്പും ചെവിയിലും തലയിലും വേദനയും അനുഭവപ്പെട്ടു. അതുകഴിഞ്ഞ് ഒരു ചെറിയ മയക്കം. പിന്നെ കണ്ണ് തുറക്കുമ്പോള്‍ വിതുര എത്തിയിരുന്നു. ഉടനെ തന്നെ ഉച്ചഭക്ഷണം കഴിച്ച്, 5 മണിയുടെ പൊടിയക്കാല ബസിനു വേണ്ടി ഏകദേശം 2 മണിക്കൂറോളം ഞങ്ങള്‍ വിതുര സ്റ്റാന്‍ഡില്‍ വിശ്രമിച്ചു.

പൊടിയക്കാല : കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് 5 മണിയോടെ നെടുമങ്ങാട് നിന്നും, മീനാങ്കല്‍, പേപ്പാറ ഡാം വഴി പോകുന്ന പൊടിയക്കാല ബസ് എത്തിച്ചേര്‍ന്നു. (RAC 448 of VTRA) അത്യാവശ്യം തിരക്കുണ്ടായിരുന്നെങ്കിലും ഞങ്ങള്‍ക്ക് സീറ്റ് കിട്ടി. യാത്രക്കാര്‍ മിക്കതും ആദിവാസികള്‍. ബസ് യാത്രയാരംഭിച്ചു. മീനാങ്കല്‍ എന്ന സ്ഥലത്തേയ്ക്കാണ് ആദ്യം ബസ് പോയത്. അവിടെ പഠിക്കാന്‍ പോകുന്ന ആദിവാസിക്കുട്ടികള്‍ക്ക് വന്യമൃഗങ്ങളെ പേടിയ്ക്കാതെ സ്കൂളില്‍ പോകാനും വരാനും വേണ്ടിയാണ് രണ്ടു വര്‍ഷം മുന്‍പ് സര്‍ക്കാര്‍ ഈ സര്‍വീസ് അനുവദിച്ചത്. മീനാങ്കല്‍ നിന്നും തിരിച്ചു വരും വഴി ബസ്, ചായകുടിക്കാന്‍ നിര്‍ത്തി.

പേപ്പാറ പോകും വഴി ഒരു ഭാഗത്ത് ഒരു പിടിയാനയും കുട്ടിയാനയും വന്നു പെട്ടിരിക്കുന്ന വിവരം അപ്പോഴാണ്‌ ഒരാള്‍ പറഞ്ഞു അറിയുന്നത്. ഒരു കാല്‍ മുഴുവന്‍ പുഴുവരിച്ച നിലയിലാണ് തള്ളയാന. അതിനെ മയക്കുവെടി വെച്ച് പരിശോധിയ്ക്കാന്‍ ചെന്ന വനപാലകരെയും മറ്റും കുട്ടിക്കൊമ്പന്‍ ചീറ്റിയോടിക്കുകയാണത്രേ! അതുകൊണ്ട് വനപാലകര്‍ നിസ്സഹായാവസ്ഥയിലാണ്. പേപ്പാറ റോഡില്‍, രണ്ടാമത്തെ ചെക്ക് പോസ്റ്റില്‍ നിന്ന് ഉള്‍ക്കാട്ടിലെയ്ക്ക് പോയാല്‍ അവയെ കാണാമെന്നാണ് പറയുന്നത്. ഇടയ്ക്ക് പൊടിയക്കാലയിലും പേപ്പാറ ഡാമിലും കാണുന്നുണ്ട്. ഈ വാര്‍ത്ത അന്നത്തെ പത്രത്തിലും വന്നിട്ടുണ്ട്. അങ്ങനെ ചായ കുടി കഴിഞ്ഞ്, ബസ് നേരെ പേപ്പാറ ഡാമിലേയ്ക്ക് പോയി. അവിടെ നിന്ന് വിതുരയിലേയ്ക്ക് ആരെങ്കിലും വരുന്നുണ്ടെങ്കില്‍ മാത്രമേ മടക്ക യാത്രയില്‍ ബസ് പേപ്പാറ ഡാമില്‍ വരികയുള്ളൂ.

ബസ് പേപ്പാറ ഡാമില്‍ നിന്ന് തിരിച്ചു വന്ന്, പൊടിയക്കാല റൂട്ടില്‍ കയറി. മണ്‍പാതയാണ്. അവിടെ വെച്ചാണ് ഡ്രൈവറുമായി പരിചയത്തിലായത്. ഈ റൂട്ടില്‍ മിക്കപ്പോഴും കാട്ടുപോത്തുകള്‍ ധാരാളമായി കാണാറുള്ളതാണ്. പക്ഷെ ഇന്ന് ഒന്നിനെ പോലും കാണുന്നില്ല! കുറ്റിച്ചെടികള്‍ ഒട്ടുമില്ലാതെ മരങ്ങള്‍ മാത്രമുള്ള കാട്ടില്‍ മൃഗങ്ങളെ എളുപ്പം കാണാവുന്നതാണ് പക്ഷെ പെട്ടെന്ന് നേരം ഇരുട്ടിപ്പോയി. വഴിയ്ക്ക് കുറുകെ കിടക്കുന്ന ഒരു പാറനിരപ്പിലൂടെ ബസ് കയറിയിറങ്ങിയ ശേഷം ഹെഡ്ലൈറ്റ് ഇട്ടു. അത്രയും കനത്ത ഇരുട്ട്. ശേഷം വളരെ ദുര്‍ഘടമായ പാതയാണ്. ആനയും പോത്തും കരടിയും അടക്കം എല്ലാം ഉള്ള കാടാണ്. ഞങ്ങള്‍ ചുറ്റും കണ്ണോടിച്ചു കൊണ്ടിരുന്നു. പക്ഷെ അന്ന് ബസ് പൊടിയക്കാല വരെ പോയില്ല. വഴിയ്ക്ക് ഒരു പാലം ഉണ്ട്. അത് തകര്‍ന്നു കിടക്കുന്നതിനാല്‍, അതിനു ഏകദേശം അര കിലോ മീറ്ററോളം മുന്‍പ് വരെ വന്ന ശേഷം ബസ് യാത്ര അവസാനിപ്പിച്ചു.

യാത്രക്കാര്‍ ഇറങ്ങി കനത്ത ഇരുട്ടിലേക്ക് നടന്നുപോയി. പാലം പണി നടക്കുന്ന ഭാഗം വരെ പോയി അവിടെയെല്ലാം കണ്ടിട്ട് വന്നോളാന്‍ ഡ്രൈവര്‍ പറഞ്ഞു. കൂട്ടിന് പൊടിയക്കാല നിവാസിയായ ഒരാള്‍ കൂടെയുണ്ടായിരുന്നത് കൊണ്ട് എല്ലാ ധൈര്യവും സംഭരിച്ച് കൊണ്ട് ഞങ്ങള്‍ ആ ഭാഗത്തേയ്ക്ക് ഇറങ്ങി നടന്നു. പാലത്തിനു താഴെ പേപ്പാറ ഡാം റിസര്‍വോയറിന് തീരം വരെ എത്തി. അഞ്ചു മിനിറ്റിനകം ഡ്രൈവര്‍ വന്നു ഞങ്ങളെ വിളിച്ചു. “നിങ്ങള്‍ വേഗം പോര്… ഇവിടെ നില്‍ക്കണ്ട നല്ല ആനയുടെ മണം വരുന്നുണ്ട്!” ഞങ്ങള്‍ ഒന്ന് നടുങ്ങി… പിന്നെ ഒട്ടും താമസിച്ചില്ല. ഞങ്ങള്‍ വേഗം ബസ് നിര്‍ത്തിയിട്ടിരിക്കുന്ന സ്ഥലത്തേയ്ക്ക് വേഗം നടന്നു. ആനയിറങ്ങിയിട്ടുള്ളത് കൊണ്ടാണ് കാട്ടുപോത്തുകളെ കാണാതിരുന്നത് എന്ന് ഡ്രൈവര്‍ പറഞ്ഞു. രണ്ടു വര്‍ഗ്ഗവും തമ്മില്‍ ചേരില്ലത്രേ!

ബസിനടുത്തേയ്ക്ക് ചെല്ലുംതോറും ആനയുടെ മണം കൂടി കൂടി വന്നു! ഒറ്റയാനാണോ ആനക്കൂട്ടമാണോ എന്നൊന്നും അറിയില്ല. ഞങ്ങള്‍ നടപ്പിനു വേഗത കൂട്ടി. പക്ഷെ വളരെ നിശബ്ദമായി നടന്നു. ആനയുടെ സാമീപ്യം ഉള്ളപ്പോള്‍ ശബ്ദമുണ്ടാക്കരുതെന്നു ഡ്രൈവര്‍ പറഞ്ഞിരുന്നു. ബസില്‍ കേറിയപ്പോഴാണ് ശ്വാസം നേരെ വീണത്! ആനച്ചൂര് വളരെ നല്ല രീതിയില്‍ തന്നെയുണ്ട് അവിടെ. തൊട്ടടുത്തെവിടെയോ ആനയുണ്ടെന്നു ബസിലിരുന്ന ഒരു യാത്രക്കാരന്‍ പറഞ്ഞു. ബസ് സ്റ്റാര്‍ട്ട്‌ ചെയ്ത് ലൈറ്റ് ഇട്ടു, വളരെ മെല്ലെ മുന്നോട്ടെടുത്തു. ഞങ്ങള്‍ ചുറ്റും കണ്ണോടിച്ചെങ്കിലും ആനയെ കണ്ടില്ല. അപ്പോള്‍ അതാ ആ കനത്ത ഇരുട്ടിലൂടെ രണ്ടു ആദിവാസിപ്പയ്യന്മാര്‍ ചൂണ്ടയും പിടിച്ചു കൊണ്ട് നടന്നു വരുന്നു! അവരുടെ ധൈര്യം സമ്മതിക്കണം! കഴിഞ്ഞയാഴ്ച ചെന്നായ്ക്കള്‍ ആക്രമിച്ചു കൊന്ന അഞ്ചു കാട്ടുപോത്തുകളുടെ അസ്ഥികൂടം മാത്രമായ ജഡങ്ങള്‍ ഈ വഴിയ്ക്ക് കണ്ടിരുന്നതായി ഡ്രൈവര്‍ പറഞ്ഞു. പൊടിയക്കാലയില്‍ പേര് കേട്ടിരുന്നത് കൊലകൊല്ലിയെന്നും ചക്കമാടനെന്നും വിളിപ്പേരുള്ള ഒരു ഭീകരന്‍ ഒറ്റയാനായിരുന്നു. ഒട്ടേറെ പേരെ കൊന്നൊടുക്കിയിരുന്ന ആ കൊമ്പന്‍ ഭാഗ്യവശാല്‍ ഇന്ന് ജീവിച്ചിരിപ്പില്ല.

അങ്ങനെ മൃഗങ്ങളെ കാണാന്‍ കഴിയാത്ത നിരാശയോടെ, പിന്നീടൊരിക്കല്‍ വരണമെന്ന മോഹത്തോടെ, ഞങ്ങള്‍ പൊടിയക്കാല വനമേഖലയില്‍ നിന്ന് പുറത്തിറങ്ങി. രാത്രി 7.10ന്റെ തിരുവനന്തപുരം ഓര്‍ഡിനറിയില്‍ കേറി വിതുരയില്‍ നിന്നും ഞങ്ങള്‍ തിരികെ മടങ്ങി. ആ ബസില്‍ ഇരിക്കവേ, എന്റെ കൈയിലൂടെ ഇഴഞ്ഞു വരികയായിരുന്ന ഒരു അട്ടയെ കൂടെ ഞാന്‍ ചവിട്ടിയരച്ചു. അങ്ങനെ രാവിലെ 4.45നു തുടങ്ങിയ യാത്ര, രാത്രി 9 മണിയ്ക്ക് തീര്‍ന്നു. ആനച്ചൂര് നില്‍ക്കുന്ന കൊടുംകാട്ടിലൂടെ ജീവന്‍ പണയം വെച്ച് നടന്ന നിമിഷത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍, ഇപ്പോഴും ഒരു ഉള്‍ക്കിടിലം!

വിവരണം – വിമല്‍ മോഹന്‍.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply