ഇന്ന് വിപണിയില്‍ ഓട്ടോമാറ്റിക് കാറുകള്‍ ശക്തമായ സാന്നിധ്യം അറിയിക്കുന്നുണ്ടെങ്കിലും ഡ്രൈവിംഗ് ഒരു ഹോബിയാക്കിയവര്‍ക്ക് ഇന്നും പ്രിയം മാനുവല്‍ കാറുകളോടു തന്നെ. ഓട്ടോമാറ്റിക് കാറാണോ മാനുവല്‍ കാറാണോ മികച്ചതെന്ന തര്‍ക്കം ഇന്നും വിപണിയില്‍ ശക്തമാണ്. കാറിന്റെ താളം മനസിലാക്കാന്‍ മാനുവല്‍ ഗിയറാണെങ്കില്‍ മാത്രമെ സാധിക്കുകയുള്ളു എന്നാണു മിക്കവരുടെയും വാദം. ക്ലച്ച് അമര്‍ത്തി ഗിയര്‍ ഇടുന്ന ആ ഒരു സുഖം… അതാണ് ഇവിടത്തെ പ്രധാന കാരണം..
സാഹചര്യത്തിനൊത്ത് ഒന്നോ, രണ്ടോ ഗിയര്‍ ഒഴിവാക്കിയുള്ള ഷിഫ്റ്റിംഗ് മിക്കവരുടെയും പതിവ് രീതിയാണ്. അതായത് മൂന്നാം ഗിയറില്‍ നിന്നും അഞ്ചിലേക്കോ, നാലില്‍ നിന്നും നേരെ ആറാം ഗിയറിലേക്കോ കടക്കുന്ന രീതി. ഇങ്ങനെയുള്ള ഗിയര്‍ ചട്ടം ശരിക്കും നല്ലതാണോ?
വസ്തുതാപരമായി പരിശോധിച്ചാല്‍ ഗിയര്‍ച്ചാട്ടം മാനുവല്‍ കാറില്‍ വലിയ പ്രശ്നങ്ങളുണ്ടാക്കില്ല. അപ്ഷിഫ്റ്റിംഗിലും ഡൗണ്‍ഷിഫ്റ്റിംഗിലും ഇത്തരത്തില്‍ ഗിയറുകള്‍ ചാടിക്കടക്കാം. എന്നാല്‍ ഈ രീതി ശീലമാക്കിയിരിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. വാഹനങ്ങളില്‍ ഇതുപോലെ ഗിയര്ചാട്ടം നടത്തുമ്പോള്‍ എഞ്ചിന് ഇരമ്പിതീരുവാന് കുറച്ചു സമയമെടുക്കും. കുറച്ചുകൂടി വിശദമായി പറഞ്ഞാല്‍ തേര്‍ഡ് ഗിയറില്‍ നിന്നും ഫോര്‍ത്ത് ഇടാതെ ഫിഫ്ത്തിലേക്ക് നേരെ ഇട്ടിട്ട് പെട്ടെന്ന് ക്ലച്ച് വിടുമ്പോള്‍ വാഹനം കുത്തി നില്ക്കുന്നതായി അനുഭവപ്പെടും. എന്നാല്‍ ഇങ്ങനെ ഗിയര്‍ ഷിഫ്റ്റ് ചെയ്തിട്ട് പെട്ടെന്ന് ക്ലച്ച് വിടാതെ ഒരല്പ്പസമയത്തിനു ശേഷം മാത്രം ക്ലച്ച് റിലീസ് ചെയ്യുകയാണെങ്കില്‍ അനുയോജ്യമായ സാഹചര്യത്തിലേക്ക് കടക്കാന്‍ ഗിയര്‍ബോക്സിന് സാവകാശം ലഭിക്കും.
പക്ഷെ ഈ രീതി പിന്തുടരുന്നത് അത്ര നല്ല ശീലമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. പതിവായ ഗിയര്‍ച്ചാട്ടം ക്ലച്ച് അതിവേഗം തകരാറിലാക്കും. ഇതുമായി ബന്ധപ്പെട്ടുള്ള മറ്റൊരു സംശയമാണ് കാര്‍ സ്റ്റാര്‍ട്ട് ചെയ്തെടുക്കുമ്പോള്‍ ഫസ്റ്റ് ഗിയറില്‍ തന്നെ നീങ്ങണമെന്നത് നിര്‍ബന്ധമുണ്ടോ? എന്നുള്ളത്. ചിലര്‍ സെക്കണ്ട് ഗിയറില്‍ത്തന്നെ കാര്‍ എടുക്കുന്നതായി കണ്ടിട്ടുണ്ട്. പക്ഷെ ഈ ശീലവും നമ്മള് മാറ്റേണ്ടതാണ്. സ്ഥിരമായി ഇങ്ങനെ ചെയ്യുന്നവരുടെ വാഹനത്തിലെ ക്ലച്ച് അതിവേഗം തകരാറിലാക്കാന്‍ ഈ ശീലം കാരണമാകും.അതുകൊണ്ട് ഫസ്റ്റ് ഗിയറില്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തെടുക്കുന്നതാണ് ഉത്തമമായ രീതി.
അതുപോലെതന്നെ മാനുവല്‍ ഗിയര്‍ സിസ്റ്റത്തില്‍ എഞ്ചിന്മേലും അതിന്റെ കരുത്തിന്മേലും ഡ്രൈവര്‍ക്ക് പൂര്‍ണ്ണ ആധിപത്യമാണ് ലഭിക്കുന്നത്. ഇവിടെ ഡ്രൈവറുടെ പ്രകടനത്തിന് മേല്‍ യാതൊരു വിധ ഇലക്ട്രോണിക് ഉപകരണവും ഇടപെടില്ല. അതിനാല്‍ ആര്.പി.എം. മീറ്റര്‍ അല്ലെങ്കില്‍ ടാക്കോമീറ്ററില്‍ ഡ്രൈവറുടെ ശ്രദ്ധ അനിവാര്യമാണ്. ഉയര്‍ന്ന ആര്.പി.എമ്മില്‍ ഗിയര്‍ ഷിഫ്റ്റ് നടത്തുന്നത് ഏറെ ഗുണകരമാണ്. എന്നാല്‍ ഏറെ വൈകിയുള്ള ഗിയര്‍ ഷിഫ്റ്റിംഗ് വാഹനത്തിന്റെ എഞ്ചിന് തകരാറാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.
അതുകൊണ്ടാണ് പറയുന്നത് മാനുവല്‍ ഗിയര്‍ സിസ്റ്റം ഇഷ്ടപ്പെടുന്നവര്‍ ഡ്രൈവിംഗ് നന്നായി അറിയുന്നവരും ആസ്വദിക്കുന്നവരും ഒക്കെയായിരിക്കും. ഇപ്പോള്‍ മനസ്സിലായില്ലേ ഡ്രൈവിംഗ് ഒരു കലയും സയന്‍സും ഒക്കെത്തന്നെയാണ്.
കടപ്പാട് – ഡ്രൈവ്സ്പാര്‍ക്ക്.