അമ്മോച്ചൻക്കായുടെ ഡ്രാക്കുള പാലസിലേക്കൊരു ഒടുക്കത്തെ യാത്ര !!

സാഹസികമായ ഈ യാത്രാവിവരണം എഴുതിയത് – Abdul Rasheed‎.

കല്യാണം കഴിഞ്ഞ അന്നുമുതൽ അമ്മോച്ചൻകാ ബടായി വിടുന്നതാണ് കാട്ടിനുള്ളിലെ മൂപ്പരെ സ്ഥലത്തെ പറ്റി. കുത്തനെ മലകയറി അവിടേക്കുള്ള യാത്രയും അവിടെയെത്തിയാലുള്ള കാഴ്ചകളും കാട്ടിനുള്ളിലെ താമസത്തെ പറ്റിയെല്ലാം ഹാജ്യാര് വാ തോരാതെ പറഞ്ഞപ്പോൾ അവിടെ പോവാൻ പല തവണ കൊതി തോന്നിയതാണ്. പക്ഷെ ഗൾഫിലെ കുബ്ബൂസ് തിന്നു ജീർണിച്ച എന്റെ ഉടലുമായി 6 കിലോമീറ്റർ മലകയറാൻ ധൈര്യം ഇല്ലാത്തതു കൊണ്ട് പല ന്യായങ്ങളും പറഞ്ഞു എപ്പോഴും സൂത്രത്തിൽ തടി തപ്പും. ഒടുവിൽ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ വന്ന് പണിയൊന്നുമില്ലാതെ തെക്കും വടക്കും നടന്ന് ബോറടിച്ചപ്പോൾ ഒന്ന് മലകയറി നോക്കിയാലോന്നൊരു മോഹം. കാഴ്ചകൾ കാണുന്നതിനപ്പുറം അവിടെ എന്തെങ്കിലും അടിച്ചു മാറ്റാനുണ്ടെങ്കിൽ അമ്മോച്ചനെ പറ്റിച്ചു വട്ടചിലവിനുള്ള കാശ് ചുളുവിൽ പോക്കറ്റിലാക്കാമെന്ന കുബുദ്ധികൂടിയായപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല. എല്ലാ സാഹസത്തിനും റെഡിയായി എപ്പോഴും കൂടെവരാറുള്ള കസിൻ ബ്രോസിനെ പറഞ്ഞു പാട്ടിലാക്കി മലകയറ്റത്തിനുള്ള ഡേറ്റ് ഫിക്സ് ചെയ്തു.

പോകുന്നതിന്റെ തലേ ദിവസം തന്നെ കൊണ്ടുപോകേണ്ട സാധനങ്ങളുടെ ലിസ്റ്റ് റെഡിയാക്കി. യാത്ര കാട്ടിലേക്കായത് കൊണ്ട് ഉപ്പ് മുതൽ കിടക്കാനുള്ള പായ വരേ കൊണ്ടുപോവണം. ഏതെങ്കിലും സാധനം മറന്നു പോയാൽ പണി കിട്ടുമെന്ന ഹാജ്യാരുടെ മുന്നറിയിപ്പുള്ളത് കൊണ്ട് സാധനങ്ങളെല്ലാം വീണ്ടും പരിശോധിച്ചുറപ്പ് വരുത്തി. പിറ്റേന്ന് പോകുന്ന വഴിയിൽ പച്ചക്കറികളും കപ്പയും പിന്നെ കൂടെയുള്ള പഹയന്മാരെല്ലാം മാംസഭുക്കുകളായത് കൊണ്ട് സഞ്ചി നിറയെ ചിക്കനും വാങ്ങി അതി രാവിലെ തന്നെ മലകയറ്റം തുടങ്ങേണ്ട തലയാട് ഗ്രാമത്തിലെത്തി.അവിടെയുള്ള ഒരു ഹോട്ടലിൽ കയറി അവിടെയുണ്ടാക്കിയ മുഴുവൻ വിഭവങ്ങളും ഞങ്ങൾ 8 യാത്രികരും മത്സരിച്ചകത്താക്കി. മലകയറ്റത്തിന്റ മുന്നോടിയായി ഞങ്ങൾ അകത്താക്കിയ ഭക്ഷണത്തിന്റെ അളവും അത് കഴിക്കാൻ കാണിച്ച ആക്രാന്തവും ഹോട്ടൽ ഉടമയെയും അവിടത്തെ ജോലിക്കാരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയിട്ടുണ്ടാവും.

ഭക്ഷണം കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ ഞങ്ങളുടെ വഴികാട്ടിയായ അനിലേട്ടൻ പുറത്ത് കാത്തിരിപ്പുണ്ട്. പിന്നെ ഓരോരുത്തരും അവരുടെ ബാഗുകൾ എടുത്തു യാത്ര തുടങ്ങി. ആദ്യത്തെ 4 km 4×4 ജീപ്പ് പോകുമെന്ന് പറഞ്ഞെങ്കിലും എന്റെ ശാഠ്യത്തിനു വഴങ്ങി മുഴുവൻ ദൂരവും നടക്കാമെന്നായി. പുറകിൽ വലിയ ബാഗും തൂക്കി ഞങ്ങൾ 8 പേരും നടന്നുപോകുന്നത് നാട്ടുകാരെല്ലാം നോക്കുന്നുണ്ടായിരുന്നു. പലരും കുശലാന്വേഷണവും ആശീർവാദങ്ങളുമായി അടുത്തെത്തി. ഇത്തരം വട്ടന്മാരെ നേരത്തെ കണ്ടിട്ടില്ലല്ലൊ എന്ന മട്ടിലായിരുന്നു ചിലരുടെ പ്രതികരണം.

ആദ്യ 1.5 km പിന്നിട്ടപ്പോൾ പിന്നെ കുത്തനെയുള്ള കയറ്റം തുടങ്ങി. ആദ്യമൊക്കെ ആവേശത്തോടെ കയറിയെങ്കിലും 1-2 km കഴിഞ്ഞപ്പോൾ എല്ലാവരും ക്ഷീണിക്കാൻ തുടങ്ങി. പരിചയമില്ലാത്ത മലകയറ്റവും അതും ചുമലിൽ വലിയ ഭാരവും കയറ്റിയായപ്പോൾ എല്ലാവരുടെയും കണ്ണ് തള്ളാൻ തുടങ്ങി. വീട്ടിൽ ഒരു പണിയും ചെയ്യാതെ ബിരിയാണിയും ബീഫും തിന്നു നടന്ന ഞങ്ങൾക്ക് മുട്ടൻ പണി തന്ന ദേഷ്യമായിരുന്നു പലരുടെയും നോട്ടത്തിൽ. ബുദ്ധിമുട്ടിയെങ്കിലും എല്ലാവരും കയറിക്കയറി ആദ്യ സങ്കേതമായ ദാമോദരേട്ടന്റെ സ്ഥലത്തെത്തി. അമ്മോച്ചൻക്കാന്റെ ഉറ്റ സുഹൃത്താണ് ദാമോദരേട്ടൻ. അവർ ഒരുമിച്ചാണ് പണ്ട് ഇവിടെ സ്ഥലം വാങ്ങിയത്. ദാമോദരേട്ടന്റെ സ്ഥലം കാടിന് താഴെ ആയത് കൊണ്ട് ആന ശല്യം കുറവാണ്. സ്വർണ്ണം വിളയുന്ന ആ ഭൂമിയിൽ കൃഷി ചെയ്താണ് അങ്ങേരുടെ ഉപജീവനം. അദ്ദേഹത്തിന്റെ പറമ്പിലെ വിഷം തീണ്ടാത്ത മാവിൽ നിന്നും മധുരമുള്ള മാങ്ങയും ശുദ്ധ വെള്ളവും വേണ്ടുവോളം അകത്താക്കി രണ്ടാം ഘട്ട മകകയറ്റത്തിന് തയ്യാറെടുത്തു.

മുകളിൽ ആന ഇറങ്ങിയിട്ടുണ്ടെന്നും വഴിയിൽ നിറയേ അട്ടകളാണെന്നും അത് കൊണ്ട് ശ്രദ്ദിച്ചേ പോകാവുള്ളൂവെന്നും കാട്ടിനുളിലേക്ക് കയറരുതെന്നും ദാമോദരേട്ടൻ പ്രത്യേകം വാണിംഗ് തന്നിട്ടുണ്ട്. പിന്നെ വഴി മുഴുവൻ കാട് പിടിച്ച് കിടക്കുന്നത് കൊണ്ട് മലകയറ്റം അത്ര എളുപ്പമാവില്ലത്രെ. രണ്ടും കല്പ്പിച്ചു എല്ലാവരും കയറ്റം തുടങ്ങി. കുത്തനെയുള്ള മലയാണ്. ഇടക്ക് മഴ പെയ്തതു ചെളിയായത് കൊണ്ട് കാൽ വഴുതിപ്പോകാനും താഴോട്ട് വീഴാനും സാധ്യതയുള്ളത് കൊണ്ട് വഴിയിൽ നിന്നും കിട്ടിയ ഓരോ വടിയും കൂട്ടിനുകൂട്ടി. നടന്നു തുടങ്ങിയപ്പോൾ തന്നെ കാലിൽ അട്ടകൾ കയറാൻ തുടങ്ങി. നിന്നാൽ അട്ടകൾ ശരീരം മുഴുവൻ കയറിപറ്റുമെന്ന അനിലേട്ടന്റെ പേടിപ്പെടുത്തുന്ന വാക്കിൽ 1.5km നീണ്ട കുത്തനെയുള്ള ആ അപകടം പിടിച്ച മല എല്ലാവരും നിൽക്കാതെ ഒറ്റയടിക്ക് കയറിയെത്തി. ജീവിതത്തിൽ ഇത്രയും അടുത്തൊന്നും വിയർത്തിട്ടുണ്ടാവില്ല. എല്ലാവരുടെയും ഹൃദയമിടിപ്പിന്റെ ശബ്ദം ദൂരെ വരേ കേൾക്കാം. ശരീരത്തിൽ കയറിപ്പറ്റിയ അട്ടകളെ കളയാൻ അര മണിക്കൂറിലേറേയെടുത്തു. ചില അട്ടകൾ കയറിക്കയറി മർമ്മം വരേ എത്തിയിട്ടുണ്ട്. അങ്ങനെ അട്ടകളോടുള്ള പേടിയും വെറുപ്പും ഈ യാത്രയോടെ ഇല്ലാതായി.

മലകയറി മുകളിലെ കാട്ടിലെത്തിയപ്പോൾ സ്ഥിതിയാകെ മാറി. എവിടെ നോക്കിയാലും ആനപ്പിണ്ടം. അതും ഫ്രഷ്. ആനകളുടെ ഇടയിലൂടെയാണ് ഇനിയുള്ള നടത്തമെന്നറിഞ്ഞപ്പോൾ ഒരു ഉൾക്കിടിലം. അനിലേട്ടൻ മുന്നിലുണ്ടെന്ന ധൈര്യത്തിൽ മുന്നോട്ട് നടന്നു. ആരും ശ്രദ്ദിക്കാതെ ഞാൻ ചുളുവിൽ എല്ലാവരുടെയും നടുവിൽ സ്ഥാനം പിടിച്ചു. ഇനി ആന വന്നാലും മുന്നിലും പുറകിലുമുള്ള പഹയന്മാരെ പിടിച്ചിട്ടേ എന്നെ പിടിക്കൂ എന്ന ആശ്വാസത്തിൽ നടന്നു അമ്മോച്ചൻക്കയുടെ സ്ഥലത്തെത്തി. എത്തിയപ്പോൾ ബഹു രസം. ചുറ്റും കാട്. സ്ഥലത്തിനു നടുവിലായി വലിയൊരു പാറ. പാറക്ക് മുകളിൽ ഒരു ഡ്രാക്കുള പാലസ് പോലെ കരിങ്കല്ലിൽ തീർത്ത 5 പേർക്ക് താമസിക്കാവുന്ന ചെറിയൊരു റൂം. പാറക്ക് ചുറ്റും കിടങ്ങാണ്. പാറയുടെ മുകളിൽ പറ്റിപിടിച്ചു കയറിപ്പറ്റണം.മുകളിൽ കയറിയാൽ പിന്നെ ആനയെ പേടിക്കണ്ട. എന്നാൽ കാഴ്ചകളെല്ലാം കാണുകയും ചെയ്യാം അതുവരെ 20 വർഷം എന്റെ കെട്ട്യോളെ സഹിച്ചതിന് മാത്രം ബഹുമാനം തോന്നിയ അമ്മോച്ചനോട് ഈ കാട്ടിൽ വർഷങ്ങൾക്കു മുൻപ് ഇങ്ങനെയൊരു റൂം പണയിപ്പിച്ചതിനു ബഹുമാനം തോന്നിപ്പോയി.

ഞങ്ങളെ റൂമിലാക്കി അടുത്ത അരുവിയിൽ നിന്നും വെള്ളത്തിനുള്ള ഏർപ്പാടാക്കി അനിലേട്ടൻ യാത്ര പറഞ്ഞു തിരികേ പോയപ്പോൾ ഉണ്ടായിരുന്ന ധൈര്യം വീണ്ടും ചോർന്നു പോയപോലെ. ചെറിയൊരു വിശ്രമത്തിനു ശേഷം വേഗം ഭക്ഷണം പാകം ചെയ്യാനുള്ള പുറപ്പാടായി. അങ്ങനെ കപ്പയും ചിക്കൻ മുളകിട്ടതും നേരെ അടുപ്പിലേക്ക്. വിശപ്പിന്റെ ആഴം കാരണം കുക്കിങ്ങിനിടയിൽ എല്ലാവരും മത്സരിച്ചു കോഴിയുടെയും കപ്പയുടെയും വേവ് നോക്കി വെന്തു കഴിഞ്ഞപ്പോൾ പാത്രം പകുതി കാലി. ബാക്കിയുള്ളത് എല്ലാവരും കൂടെ ഓണം പോലെ തിന്നു തീർത്തു. വിശക്കുന്ന വയറിനേ ഭക്ഷണത്തിന്റ യഥാർത്ഥ രുചിയറിയൂ എന്ന സത്യം ഒരനുഭവ പാഠമായി. ചിക്കൻ കറിക്ക് നേതൃത്വം നൽകിയ എന്നെ വാനോളം പുകഴ്ത്തിയപ്പോൾ അവരുടെ വിശപ്പിന്റെ ആഴം ഞാൻ ശരിക്കും തിരിച്ചറിഞ്ഞു. നാട്ടിലായിരുന്നെങ്കിൽ വല്ല പട്ടിക്കും കൊടുക്കേണ്ടി വരുമായിരുന്ന കറിയെ കുറിച്ച് കേട്ട പ്രശംസ എന്നെ ശരിക്കും ചിരിപ്പിച്ചു.

രാവിലെ അടിച്ചു കയറ്റിയ ഭക്ഷണത്തിന് പുറത്ത് ഇതുകൂടെയപ്പോൾ ചിലർക്ക് പ്രശ്നം. പിന്നെ അപ്പിയിടാൻ ദൂരെയുള്ള അരുവിയിലേക്ക്. അവിടെ വലിയൊരു ഗുഹയുണ്ട്. അതിൽ കരടി വരാറുണ്ടത്രെ. പിന്നെ വെള്ളം കുടിക്കാൻ ആനയും. പോരാത്തതിന് ഇഷ്ടം പോലെ അട്ടയും. വയർ വില്ലനായപ്പോൾ പിന്നെ സകല ദൈവങ്ങളെയും വിളിച്ചു ഇറങ്ങി പുറപ്പെട്ടതാണ്. അവിടെയെത്തിയപ്പോൾ എല്ലാവരും നാല് ഭാഗത്തേക്കും ഓടി ഓരോ പാറയുടെ മുകളിലും ഇരിപ്പുറപ്പിച്ചു. പിന്നെ ആരും കാണാത്ത പോലെ കണ്ണുമടച്ചു ധ്യാനത്തിലേക്ക്. പക്ഷെ കാര്യം സാധിക്കും മുൻപ് തന്നെ ആനയുടെ ചിന്നം വിളി. കേട്ട പാതി PT ഉഷയെ വെല്ലുന്ന വേഗത്തിൽ എല്ലാവരും നേരേ റൂമിലേക്ക്.

രാത്രിയിൽ ഗ്രിൽഡ് ചിക്കനാണ് വിഭവം. അതിന്റെ കരി കത്തിക്കാൻ വേണ്ടി കൊണ്ടുവന്നിരുന്ന മെഴുകുതിരി പകുതിയും തീർത്തു. വിഭവ സമൃദ്ധമായ ഡിന്നർ കഴിഞ്ഞു പാറപ്പുറത്തിരുന്നു കൊച്ചു വർത്തമാനങ്ങൾ പറഞ്ഞു ഒരുപാട് സമയം ചിലവഴിച്ചു. കൂരാ കൂരിരുട്ട്. ഊട്ടിയെ വെല്ലുന്ന തണുപ്പ്. പല തരം കിളികളുടെ ശബ്ദങ്ങൾ. ഇടക്ക് ആനയെ ഓടിക്കാൻ താഴെ നിന്നും പടക്കം പൊട്ടിക്കുന്ന ശബ്ദം കേൾക്കാം. ശരിക്കും ഒരു ഡ്രാക്കുള പാലസിൽ പോയ പ്രതീതി. ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിനമായി ആ ഡ്രാക്കുള പാലസിലെ താമസം.

ആനയെ കാത്ത് കുറേയിരുന്ന് ബോറടിച്ചപ്പോൾ പിന്നെ കലാ പരിപാടികളായി. ദാസേട്ടന്റെ ശബ്ദ മാധുര്യമുള്ള എന്റെ പാട്ടുകളായിരുന്നത്രെ അതിൽ ഏറ്റവും ബോറൻ. കലാബോധമില്ലാത്ത കഴുതകൾ. അല്ലാതെന്തു പറയാൻ !. ഞങ്ങളുടെ ഗ്രൂപ്പിലെ ഏക കവിയായ കുണ്ടമോന്റെ കവിതയായിരുന്നു അവസാനത്തെ ഐറ്റം. മനസ്സിലാവാത്ത വരികളും കാളയുടെ സ്വരത്തിലുള്ള ആലാപനവും കൂടിയായപ്പോൾ എല്ലാവരും ഉറക്കം തൂങ്ങാൻ തുടങ്ങി. ഉറക്കം കളയാൻ ഞാൻ പണ്ട് കേട്ടിട്ടുള്ള പ്രേത കഥകൾ പറയാൻ തുടങ്ങി. ആ ഐഡിയ ശരിക്കും ഏറ്റു. കൂരാ കൂരിരുട്ടിൽ പ്രേത കഥകൾ കേട്ട് എല്ലാവരും പേടിച്ചു. ഏറ്റവും അധികം പേടിച്ചത് കഥകൾ പറഞ്ഞ ഞാൻ തന്നെയാണ്. പിന്നെ എങ്ങോട്ട് നോക്കിയാലും അവിടെ പ്രേതം ഉള്ള പോലെ. മുള്ളാൻ പോകാൻ പേടിയായിട്ട് പാറപ്പുറത്തു കാര്യം സാധിച്ചവരും കൂട്ടത്തിലുണ്ടായിരുന്നു. രാത്രി വൈകി ഉറങ്ങാൻ പോകുമ്പോൾ രാത്രിയിൽ വയറ്റിളക്കം പിടിക്കെരുതെന്ന പ്രാർത്ഥനയായിരുന്നു. എന്തെങ്കിലും സംഭവിച്ചാൽ കാര്യം സാധിക്കാൻ പാറ ഇറങ്ങി താഴെ വരണം. അതിനുള്ള ധൈര്യം ആർക്കുമില്ലായിരുന്നു. ഒരുപക്ഷെ വയറ്റിൽ നിന്നും പോകാതിരിക്കാൻ ഇങ്ങനെയൊരു കൂട്ട പ്രാർത്ഥന ലോക ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരിക്കും.

രാവിലെ 5 മണിയായപ്പോൾ കോഴി കൂവുന്ന സൗണ്ട് കേട്ടാണ് എഴുന്നേറ്റത്. ഈ കാട്ടിൽ എവിടെ കോഴിയെന്നാലോചിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. ഇന്നലെ രാത്രി അടിച്ചു കേറ്റിയ കോഴി അടുത്ത് കിടക്കുന്നവന്റെ വയറ്റിൽ നിന്നും പണി കൊടുത്തതാണ്. ശബ്ദത്തിനൊപ്പം മണവും വന്നപ്പോൾ ജീവനും കൊണ്ട് റൂമിനു പുറത്ത് കടന്നു. പുറത്ത് കടന്നപ്പോൾ അടുത്തുള്ള മലകളിലെല്ലാം കോട മൂടി കിടക്കുന്ന അതി മനോഹര കാഴ്ച.

രാവിലെ ചായയും ബ്രെഡ്‌ഡുമെല്ലാം അകത്താക്കി പ്രഭാത കർമ്മങ്ങൾക്കായി വീണ്ടും കരടി കൂട്ടിലേക്ക്. ഇത്തവണ ആന വന്നാൽ ശബ്ദമുണ്ടാക്കി ഓടിക്കാൻ പാത്രങ്ങളും എടുത്തിട്ടുണ്ട്. പക്ഷെ ഇന്നലെ കഴിച്ച കോഴിയെല്ലാം തൃശൂർ പൂരത്തെ വെല്ലുന്ന കോലാഹലങ്ങളോടെ എല്ലാവരുടെയും വയറ്റിൽ നിന്നും പുറത്ത് ചാടിയപ്പോൾ പരിസരത്തുള്ള മുഴുവൻ ആനകളും ജീവനും കൊണ്ട് രക്ഷപെട്ടു കാണും. ഇത്തവണ എന്തായാലും ചിന്നം വിളിയൊന്നും കേൾക്കാതെ കാര്യം സാധിച്ചു മടങ്ങി.

ഉച്ചയോടെ അവിടെ നിന്നും തിരിച്ചുറങ്ങുമ്പോൾ ജീവിത യാത്രയിൽ ഇതുവരെ അനുഭവിക്കാത്ത കുറേ അനുഭവങ്ങളും നല്ല ഓർമ്മകളും സമ്മാനിച്ച ഈ യാത്ര ഇത്രയും വൈകിപ്പിച്ചതിലുള്ള വിഷമമായിരുന്നു മനസ്സിൽ. വൈകിയെങ്കിലും ഈ ഡ്രാക്കുള പാലസിൽ വന്നതിലെ സന്തത്തോടെ അവിടെ നിന്നും ശ്വസിച്ച ശുദ്ധ വായുവിലൂടെ ലഭിച്ച ഉന്മേഷത്തിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ തലയാട് തിരിച്ചെത്തി. തിരിച്ചുള്ള യാത്രയിലുടനീളം ഈ ഡ്രാക്കുള കോട്ടയിലേക്കുള്ള അടുത്ത യാത്രയെ കുറിച്ചുള്ള ചർച്ചയിലായിരുന്നു ഞങ്ങളെല്ലാം.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply