കർണാടകയിലെ ബെൽഗാവ് നിന്നും ഗോവയിലെ പനജി വരെ പോകുന്ന MSRTC യുടെ ബസ്.. വഴി-പാട്നെ ഫാട്ട, തിലാരി ചുരം, കൊനാൽകട്ട, മേദ്ഷി,ദോഡാമാർഗ്(സ്ഥലങ്ങളുടെ പേര് മലയാളീകരിച്ചതിൽ തെറ്റുണ്ടാവാം).. ഈ വഴി ദിവസവും രണ്ടോ മൂന്നോ സർവീസുകൾ മാത്രമാണ് ഉള്ളത്. ബെൽഗാവിൽ നിന്ന് ഗോവ എത്താൻ ഏറ്റവും എളുപ്പവും പക്ഷേ ദുർഘടവുമായ വഴി ആണ് ഇത്..
ഞാനും എന്റെ സുഹൃത്തും കൂടി പാട്നെ ഫാട്ടയിൽ നിന്നാണ് കയറിയത്.. ഓഡിറ്റിനു വന്ന ഞങ്ങൾ വർക്ക് കഴിഞ്ഞ് പിറ്റേ ദിവസം രാവിലെ പോകാൻ ആയിരുന്നു പ്ലാൻ. എന്നാൽ അവിടുത്തെ മാനേജറുടെ പ്രലോഭന വാക്കുകളിൽ ഞങ്ങൾ വീണുപോയി.. വേഗം റൂമിൽ പോയി സാധങ്ങൾ എടുത്ത് വൈകുന്നേരം 5 മണിയോടെ ബസിൽ കയറി..10ഓളം വര്ഷം പഴക്കമുള്ള ടാറ്റ ബസ്.. പഴയ ബസ് ആണെങ്കിലും ആൾ ജഗജില്ലിയാണ്.. സ്പീഡ് ഗവർണർ 80ൽ സെറ്റ് ചെയ്തിരിക്കുന്നു.. ഉള്ളിൽ ആകെ ഒരു മഞ്ഞ മയം.. vootന്റെ wifi ഒക്കെ ഉണ്ട്, ലോഗിൻ ചെയ്ത് voot സൈറ്റിൽ കയറിയാൽ സിനിമയൊക്കെ കണ്ട് ഇങ്ങനെ പോകാം.. പുറത്ത് അതിലും രസകരമായ കാഴ്ചകൾ ഉള്ളപ്പോൾ എന്തിനാണ് സിനിമ ഒക്കെ?
ഇടുങ്ങിയ റോഡിലൂടെ ആണ് അധിക ദൂരവും സഞ്ചാരം.. എതിർ വശത്ത് നിന്ന് ഒരു വലിയ വാഹനം വന്നാൽ രണ്ട് വാഹനങ്ങളും റോഡിൽ നിന്ന് ഇറക്കേണ്ടി വരും, വന്നാൽ അല്ലേ, എവിടെ വരാൻ..? ഞാനും എന്റെ സുഹൃത്ത് Mohd Shabeeb ഉം മാറി മാറി ഏറ്റവും മുന്നിലെ സീറ്റിൽ ഇരുന്നു.. അരസികനായ ഡ്രൈവർക്ക് ഞങ്ങളുടെ ചിരിയും കളിയും ഫോട്ടോ പിടുത്തവും ഒന്നും അത്ര രസിച്ചില്ല എന്ന് മുഖഭാവത്തിൽ നിന്ന് വ്യക്തമായിരുന്നു..
ഡ്രൈവര് ബസ് കത്തിച്ച് വിട്ടു.. ഇടയ്ക്കിടെ ഓരോ സ്റ്റോപ്പുകൾ.. ജോലി കഴിഞ്ഞ് കയറുന്ന കൃഷിക്കാർ(ഈ ഭാഗത്ത് ഉള്ള കൃഷിക്കാരുടെ വസ്ത്രം ബ്രൗൺ ട്രൗസറും വെള്ള ഷർട്ടും വെള്ള നെഹ്റു തൊപ്പിയും), അവരുടെ ഭാര്യമാർ, കുടുംബം, കുട്ടികൾ, ആയുധങ്ങൾ, നമ്മുടെ ജീവിതരീതിയിൽ നിന്ന് എത്ര വ്യത്യസ്തവും സന്തോഷകരവും ആണ് അവരുടെ ജീവിതം എന്ന് തോന്നിക്കും വിധം പുഞ്ചിരിയും സന്തോഷവും ആയിരുന്നു അവരുടെ മുഖത്ത്.. സോറി, കുറച്ച് കാട് കയറി.
10ഓ 15ഓ മിനിട്ടുകൾക്കുള്ളിൽ ഇറങ്ങുന്നവരായിരുന്നു അധികം പേരും.
യാത്ര തുടർന്നു, ഇരു ഭാഗത്തും കാട്, അല്ലെങ്കിൽ കൃഷിയിടങ്ങൾ മാറി മാറി വന്നുകൊണ്ടിരുന്നു… തിലാരി എന്ന ഗാവ്(ഗ്രാമം) എത്തി.. കുറെ പേർ ഇറങ്ങി. ഡ്രൈവർ മറാഠിയിൽ 15 മിനുട്ട് ബ്രേക്ക് ഉണ്ട് എന്ന് പറഞ്ഞ് ഇറങ്ങി.. ഞങ്ങൾ ബസിന്റേയും ഞങ്ങളുടെയും ചിത്രങ്ങൾ എടുത്തു.. ഇത് കണ്ട് ഒരുത്തൻ മറാഠിയിൽ,”നമ്മുടെ ബസിന് ഇത്രയും ഭംഗി ഒക്കെ ഉണ്ടോ” എന്ന് അയാളുടെ കൂട്ടുകാരനോട്, അവർക്കറിയില്ലല്ലോ എന്റെ ബസ് പ്രാന്ത്.. എന്തായാലും ബസ് വീണ്ടും പുറപ്പെട്ടു. ചുരം ഇറങ്ങാൻ തുടങ്ങി.
താമരശ്ശേരിയിലെ ചുരം മാത്രം കണ്ടിട്ടുള്ള എന്റെ സുഹൃത്ത് അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ നോക്കി നിന്നു, ഞാനും… 9 ഹെയർപിൻ വളവുകൾ ഉള്ള നമ്മുടെ ചുരം അല്ല, ഓരോ വളവും 10-12 അടി താഴ്ചയിലേക്ക് കൊണ്ടുപോകുന്നവ.. ഡ്രൈവർ സശ്രദ്ധം ചുരം ഇറക്കി.. 30 മിനുട്ട് നേരമാണ് ചുരം ഉള്ളതെങ്കിലും ഉള്ള നേരം ആസ്വദിച്ചു..
കൊനാൽകട്ട, മേദ്ഷി ഒക്കെ എത്തിയപ്പോഴേക്കും ജനവാസം താരതമ്യേന കൂടിയ സ്ഥലങ്ങൾ ആയി.. ചെറിയ കടകൾ, വീടുകൾ… ദോഡാമാർഗ് ആണ് ഗോവ ബോർഡർ എന്ന് കണ്ടക്ടർ പറഞ്ഞ് തന്നു… പിന്നീടങ്ങോട്ട് നമ്മുടെ നാടിനെ അനുസ്മരിപ്പിക്കും വിധമുള്ള റോഡും കൃഷിയിടങ്ങളും ആണ്.. 8:30യോടെ പനജി എത്തി.. പിറ്റേ ദിവസം ഞങ്ങൾക്ക് കറങ്ങാൻ ഒരു പ്ലാൻ ഉണ്ടാക്കി തന്ന കണ്ടക്ടർക്ക് ഒരു നന്ദി പറഞ്ഞ് ഞങ്ങൾ ഇറങ്ങി… 3:30 മണിക്കൂർ യാത്ര, മറക്കാനാവാത്ത കുറെ ഓർമകൾ.. മാനേജറെ മനസ്സിൽ സ്മരിച്ചു..
വിവരണം – അഭിജിത്ത് വാര്യര്.