കെവെന്റേഴ്സ് : ചാരത്തിൽ നിന്നും ഉദിച്ചുയർന്ന ഇന്ത്യയുടെ സ്വന്തം മിൽക്ക് ഷേക്ക് ബ്രാൻഡ്..

വിവരണം – Vishnu A S Nair.

മിൽക്ക് ഷേക്കുകൾ എന്നു പറഞ്ഞാൽ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന ഒരു പേരുണ്ട് കെവെന്റേഴ്സ്. ഇന്ന് ഇന്ത്യയിലെ ഏതൊരു മെട്രോപൊളിറ്റൻ പട്ടണത്തിന്റെ പട്ടികകൾ എടുത്താലും ഒരിക്കലും മാറ്റി നിർത്താൻ കഴിയാത്ത ഒരു ബ്രാൻഡ്. അതാണ് കെവെന്റേഴ്സ്. അങ്ങനെ നമ്മുടെ തിരുവനന്തപുരത്തെ മാൾ ഓഫ് ട്രാവൻകോറിൽ പോയപ്പോഴാണ് അവിടെയും കെവെന്റേഴ്സിന്റെ ഒരു ഔട്ട്ലെറ്റ് കണ്ടത്. മടിച്ചില്ല 109 രൂപയുടെ ഒരു വാനില ഷേക്ക് ഓർഡർ കൊടുത്തു. സാധനം റെഡിയായി പേപ്പർ സ്ട്രായിൽ രുചിച്ചപ്പോൾ കിടു.

ഫ്രീയായി കിട്ടിയ കുപ്പി തിരിച്ചും മറിച്ചും നോക്കിയപ്പോഴാണ് ബോട്ടിലിലെ വാക്കുകൾ കണ്ണിൽ പെട്ടത് “Keventers 1925. ” അതായത് ഏതാണ്ട് 93 വർഷങ്ങളുടെ പഴക്കം. ചരിത്രം നമുക്കൊരു ബലഹീനതയായത് കൊണ്ട് ഒട്ടും മടിച്ചില്ല നേരെ തപ്പാൻ തുടങ്ങി. അവസാനം വായിച്ചറിഞ്ഞപ്പോൾ ആകെ രോമാഞ്ച കഞ്ചുകനായിപ്പോയി അറിഞ്ഞത് നിങ്ങളെക്കൂടി അറിയിക്കണമെന്ന് തോന്നി.

1889ൽ എഡ്വേർഡ് കെവെന്റർസ് എന്ന ക്ഷീര സാങ്കേതികവിദഗ്ദൻ ഇന്നത്തെ ഉത്തർ പ്രദേശിൽ അലിഗർ ഡയറി ഫാം എന്ന പേരിൽ ഒരു ക്ഷീരോത്പാദന കേന്ദ്രം തുടങ്ങുകയും അതിനെ ലാഭകരമായി നടത്തുകയും ചെയ്തു. ഇതിന്റെ ചുവടു പിടിച്ച് ഷിംല , ഡാർജിലിംഗ്, കൽക്കട്ട, ഡൽഹി തുടങ്ങിയ പ്രദേശങ്ങളിൽ അദ്ദേഹം തന്റെ ഫാം ബിസിനെസ്സ് വ്യാപിപ്പിക്കുകയും ചെയ്തു. എന്നാൽ യഥാർത്ഥ കെവെന്റർസ് ചരിത്രം തുടങ്ങുന്നത് 1925 ലാണ്. അന്നാണ് ഡൽഹിയിലെ ചാണക്യപുരിയിൽ എഡ്വേർഡ് കെവെന്റർസ് ലിമിറ്റഡ് എന്ന പേരിൽ പുതിയൊരു ഡയറി ഫാം തുടങ്ങിയത്.

അവിടുത്തെ കസാറ്റ ഐസ്ക്രീം, വെണ്ണ, ചീസ്, മിൽക്ക് ഷേക്ക് എന്നിവ ജനങ്ങളുടെ ഇടയിൽ ക്ഷണനേരം കൊണ്ട് പ്രിയപ്പെട്ടതായി. ഗുണമേന്മയുടെ പര്യായമായി മാറിയ കെവെന്റർസിന്റെ പടയോട്ടം ഡൽഹി വിട്ടെറിഞ്ഞു ബോംബെ , പുനെ തുടങ്ങിയിടങ്ങളിലും എത്തിച്ചേർന്നു. 1940 ൽ എഡ്വേർഡ് കെവെന്റർസിന്റെ മരണത്തോടെ അനന്തിരവനായ വെർണർ കെവെന്റർ ഏറ്റെടുത്തെങ്കിലും 1946 ൽ റാം കൃഷ്ണ ഡാൽമിയ എന്ന ഭാരതീയൻ കെവെന്റർസ് വാങ്ങി. അദ്ദേഹം അതിന്റെ പേര് Edward Keventer’s(Successors) Pvt.Ltd എന്നാക്കി മാറ്റി. പിന്നീട് കെവെന്റർസിന് വച്ചടി വച്ചടി ഉയർച്ചയായിരുന്നു.

1960 മുതൽ ഇന്ത്യൻ ആർമിക്ക് കെവെന്റർസ് പാൽപ്പൊടിയും മറ്റു ഉത്പന്നങ്ങളും വിതരണം ചെയ്യാൻ തുടങ്ങി. ആളുകൾ മിൽക്ക് ഷേക്ക് എന്ന പേര് മറന്ന് കെവെന്റർസ് ഷേക്ക് എന്നു പറയുന്ന അവസ്ഥയെത്തി. തുടർന്ന് വന്ന ധവള വിപ്ലവവും കെവെന്റർസിന്റെ ഉയർച്ചയ്ക്ക് ഊർജമേകി. എന്നാൽ കാലം മാറി. കെവെന്റർസിന്റെ മുഖ്യ വിപണന കേന്ദ്രവും ആസ്ഥാനവുമായ ഡൽഹി ഭരണസിരാകേന്ദ്രമായി മാറി. നയതന്ത്രപരമായും രാഷ്ട്രീയപരമായും ഡൽഹി രാജ്യത്തിന്റെ അതീവ സുരക്ഷാപ്രദേശങ്ങളിൽ ഒന്നായി അതോടെ അവിടെ കേന്ദ്രീകരിച്ച പല സ്ഥാപനങ്ങളും സർക്കാർ കയ്യേറി.

അതിന്റെ തുടർഫലമായി 1970 ൽ ഡൽഹിയിലെ മാൾച്ച മാർഗിലെ ഇരുപത്തിരണ്ട് ഏക്കർ വരുന്ന കെവെന്റർസ് ആസ്ഥാനം നഷ്ടമായി. തുടർന്ന് റാം കൃഷ്ണ ഡാൽമിയയുടെ ശ്രദ്ധ മറ്റു വിപണികളിലേക്ക് പതിഞ്ഞതോടെ കെവെന്റർസിന്റെ അധഃപതനവും തുടങ്ങി. അങ്ങനെ ഡൽഹിയിലെയും മുംബൈയിലെയും വിരലിലെണ്ണാവുന്ന ചില ഔട്ട്ലെറ്റുകൾ (ഒരു പക്ഷേ ഉടമസ്ഥരുടെ അറിവ് പോലുമില്ലാതെ) മാത്രമായി. “Made In India ” ആശയത്തിന്റെ തുടക്കക്കാരിൽ പ്രമുഖരായ കെവെന്റർസ് വിസ്‌മൃതിയിലേക്കാണ്ടു.

ഓരോ അന്ത്യവും മറ്റൊന്നിന്റെ തുടക്കമാണെന്ന തത്വത്തെ സാധൂകരിച്ചു കൊണ്ട് 2014 ൽ റാം കൃഷ്ണ ഡാൽമിയയുടെ പൗത്രനായ അഗസ്ത്യ ഡാൽമിയ തന്റെ ബാല്യകാല സുഹൃത്തായ അമൻ അറോറയുടെ കൂടെ ഒരു തിരിഞ്ഞുനോട്ടത്തിനും ഭാഗ്യപരീക്ഷണത്തിനും തയ്യാറായി. പക്ഷേ വെല്ലുവിളിയെന്നത് ഇവർ രണ്ടുപേർക്കും ഹോട്ടൽ നടത്തിപ്പിൽ പരിചയമില്ല എന്നതായിരുന്നു. അതിനാൽ അവർ ഏഷ്യൻ ഹോട്ടൽ ശ്യംഖലയായ ‘ഛി’ യുടെ നടത്തിപ്പുകാരനും പ്രസിദ്ധമായ “തബുല റാസയുടെ” മുൻ മേധാവിയുമായിരുന്ന സീതാറാം സൊഹ്റാബിനെ കൂടെക്കൂട്ടി.

അങ്ങനെ 2014 ൽ ഡൽഹിയിലെ പിതാംപുര എന്ന സ്ഥലത്ത് പ്ലാസ്റ്റിക് കപ്പുകളിൽ മിൽക്ക് ഷേക്ക് വിൽപന ആരംഭിച്ചു. തുടക്കം അത്ര നന്നായിരുന്നില്ല. ദിവസങ്ങൾക്കുള്ളിൽ തന്നെ ആ കട അടച്ചു പൂട്ടേണ്ട ഗതി വന്നു. എന്നാൽ തോൽവി സമ്മതിക്കാൻ ഇവർ തയ്യാറായിരുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ ക്ഷീരോത്പാദന രാജ്യമായ ഭാരതത്തിൽ അതുമായി ബന്ധപ്പെട്ട ഒരു ഉത്പന്നം വിജയിക്കണമെങ്കിൽ ആകർഷണീയമായ ഒരു വ്യത്യസ്ത വേണമെന്നവർ ഗ്രഹിച്ചു. തൽഫലമായി 2015ൽ ഡൽഹിയിലെ “Select City walk” എന്ന ബ്രാൻഡഡ് മാളിൽ ഒരു ഔട്ട്ലെറ്റ് തുടങ്ങി.

പഴയ കെവെന്റർസിന്റെ മുദ്രയും, ഗ്ലാസ്സ് കുപ്പിയിലെ വിതരണവും, ക്ലാസ്സിക്‌സ് എന്ന പേരിലെ പഴയ കാല രുചികൂട്ടും ഒപ്പം ഇന്നിന്റെ പുതിയ രുചിവൈവിധ്യം കലർന്ന മെനു കൂടിയായപ്പോൾ കെവെന്റർസ് ചിറക് വിരിച്ചു തുടങ്ങി. വൈകാതെ 2016 ഓടെ കമ്പനിയുടെ കീഴിൽ നാലു പുതിയ ഔട്ലെറ്റുകൾ പ്രവർത്തനമാരംഭിച്ചു. അധികം വൈകാതെ കമ്പനി ഔട്ലെറ്റുകൾ നേരിട്ട് നടത്തുന്നതിനെക്കാൾ ആദായവും പെട്ടെന്നുള്ള വളർച്ചയ്ക്ക് ഉപോൽബലകം ഫ്രാഞ്ചസി കൊടുക്കുന്നതാണെന്നു കണ്ടെത്തി. ഫ്രാഞ്ചസിയെന്നാൽ കടയുടെ രൂപരേഖയും, കുപ്പിയും റെസിപ്പികളും സിറപ്പും കെവെന്റർസ് നൽകും പാലും ഐസ് ക്രീമും കടക്കാരൻ കണ്ടെത്തണം. സീതാറാം സൊഹ്റാബായിരുന്നു ഇതിന്റെ ബുദ്ധികേന്ദ്രം.

രാജ്യമാകെ വ്യാപിച്ചിരിക്കുന്ന ഏകദേശമുള്ള 160 ഔട്ലെറ്റുകളിൽ 32 എണ്ണം മാത്രമേ കെവെന്റർസിന്റെ നേരിട്ട് കീഴിൽ പ്രവർത്തിക്കുന്നുള്ളൂ ബാക്കി എല്ലാം ഫ്രാഞ്ചെസ്സിയാണ്. അഞ്ചു വർഷത്തേക്കുള്ള കെവെന്റർസ്ന്റെ ഒരു ഫ്രാഞ്ചൈസി ലൈസൻസ് കിട്ടാൻ ഏതാണ്ട് ഒൻപത് ലക്ഷം രൂപയും 100 sq.ft ഔട്ട്ലെറ്റ് തുടങ്ങാൻ ഉദ്ദേശം ഇരുപത്തിയഞ്ചു മുതൽ മുപ്പത് ലക്ഷം രൂപ വരെ ചെലവാകും.( മെഷീൻ ചിലവ് , ഫീസ് എല്ലാം ഉൾപ്പെടെ).

2017 മാർച്ചിലെ വിവരപ്രകാരം കെവെന്റർസിന്റെ വിറ്റുവരവ് മുപ്പതു കോടിക്കു മേലെയാണ്. 2019 ഓടെ നൂറ്റിയൻപത് കോടിയാണ് ലക്ഷ്യം. അടുത്ത തവണ കെവെന്റർസ് കുടിക്കുമ്പോൾ ചിന്തിക്കണം, കെവെന്റർസ് ഒരു പ്രചോദനമാണ്. ഒന്നും ഒന്നിന്റെയും അവസാനമല്ല എന്നൊരു ദൂത്. തോൽവി സമ്മതിക്കാൻ നമ്മൾ തയ്യാറല്ലെങ്കിൽ എതിരെ നിൽക്കുന്നവൻ ഒന്ന് വിയർക്കും എന്നൊരു സന്ദേശം.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply