നിലമ്പൂരിൽ റോഡ് പുഴയായി; KSRTC ബസ്സിൽ നിന്നും ചാടിക്കുളിച്ച് പിള്ളേർ…

സംസ്​ഥാനത്ത്​ ചരിത്രം തിരുത്തിയ മഴ​ നിലമ്പൂരിൽ​. ബുധനാഴ്​ച രാവിലെ 8.30 മുതൽ വ്യാഴാഴ്​ച രാവിലെ 8.30 വരെ 24 മണിക്കൂറിൽ​ ​ 398 മില്ലിമീറ്റർ മഴയാണ്​ മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ പെയ്​തിറങ്ങിയത്​. 1941ൽ മാനന്തവാടിയിൽ ലഭിച്ച 321.6 മി.മീ മഴയാണ്​ സംസ്​ഥാനത്ത്​ 24 മണിക്കൂറിൽ ഇതുവരെ രേഖപ്പെടുത്തിയ റെക്കോഡ്​. നിലമ്പൂർ ടൗണിൽ മാത്രം മൂന്നിടങ്ങളിൽ വെള്ളം കയറിയതോടെ സംസ്ഥാന പാതിയിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. നിലമ്പൂരിലെ റോഡിലെല്ലാം വെള്ളം കയറുകയും വാഹനങ്ങൾക്ക് പോകാൻ പറ്റാതെയാകുകയും ചെയ്തു. ഇതുവഴി കടന്നുപോകുന്ന നിരവധി കെഎസ്ആർടിസി സർവ്വീസുകളെയാണ് പ്രളയം ബാധിച്ചത്.

ഇതിനിടെ വെള്ളംകയറിയ വിവരമൊന്നും അറിയാതെ നിലമ്പൂരിലെത്തിയ തൃശ്ശൂർ – മൈസൂർ ഫാസ്റ്റ് പാസഞ്ചർ പകുതിയോളം മുങ്ങുകയും ചെയ്‌തു. ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്.ഇതിനിടെ സമീപവാസികളായ ചെറുപ്പക്കാർ വഴിയിൽ നിർത്തിയിട്ട ഈ ബസ്സിനു മുകളിൽ കയറി താഴെ വെള്ളത്തിലേക്ക് ചാടി നീന്തിക്കുളിക്കുവാനും തുടങ്ങി. ഈ വീഡിയോ സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്തതോടെ വൈറലാകുകയും ചെയ്തു. ദൃശ്യങ്ങൾ താഴെ കാണാം..

ടൗണിൽ പോലും അത്യാവശ്യ യാത്രകൾക്ക് തോണിയേയാണ് ആശ്രയിക്കുന്നത്. ലോറികളും ബസുകളും അടക്കമുള്ള വലിയ വാഹനങ്ങൾ പോലും റോഡിലെ വെള്ളക്കെട്ടിൽ കുടുങ്ങിക്കിടക്കുകയാണ്. ചാലിയാറിൽ നിന്ന് വെള്ളം കയറിയതോടെ നിലമ്പൂർ… മഞ്ചേരി സംസ്ഥാന പാതയിലെ ഗതാഗതവും തടസപ്പെട്ടു. കരുവാരകുണ്ട്, കാളികാവ്, ചോക്കാട്, ഊർങ്ങാട്ടിരി ,വഴിക്കടവ് ഭാഗങ്ങളിലാണ് വ്യാപകമായി ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായത്. പല ആദിവാസി കോളനികളും ഒറ്റപ്പെട്ട നിലയിലാണ്. ചാലിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് ആശങ്കയുയർത്തുന്നുണ്ട്. അരീക്കോടിനടുത്ത് ഊർങ്ങാട്ടിരിയിലെ ചാലിയാറിന് കുറുകെയുള്ള ഇരുമ്പു നടപ്പാലം തകർന്നു. ഇതിനിടെ മലപ്പുറം വണ്ടൂർ പഞ്ചായത്തിലെ നടുവത്ത് – വെള്ളാമ്പുറം റോഡ് ജനങ്ങൾ നോക്കി നിൽക്കെ രണ്ടായി പിളർന്ന് ഒലിച്ചുപോയി. വീഡിയോ കാണാം.

വയനാട്ടിലെ മാനന്തവാടിയിൽ 305 മി.മീ മഴ പെയ്​തു. ഇടുക്കി, പാലക്കാട്​, വയനാട്​ ജില്ലകളിലാണ്​ കനത്തമഴ ലഭിച്ചത്​. ഇടുക്കി ജില്ലയിൽ മൂന്നു സ്​ഥലങ്ങളിലാണ്​ ബുധനാഴ്​ച രാവിലെ 8.30 മുതൽ വ്യാഴാഴ്​ച രാവിലെ 8.30 വരെ ​പേമാരി ലഭിച്ചത്​. പീരുമേട്​ (255), മൂന്നാർ (254), മൈലാടുംപാടം (211) എന്നിങ്ങനെയാണ്​ മഴയുടെ അളവ്​. 200 മില്ലിമീറ്ററിന്​ മുകളിൽ ലഭിക്കുന്ന മഴ​ കാലാവസ്​ഥ വകുപ്പ്​ പേമാരിയായാണ്​ കണക്കാക്കുന്നത്​. പാലക്കാട്​ ജില്ലയിൽ പാലക്കാട്ടും പേമാരി ലഭിച്ചു;​ 214 മില്ലിമീറ്റർ. മണ്ണാർക്കാട്​ (172), ചിറ്റൂർ (153) എന്നിവിടങ്ങളിൽ അതിശക്​ത മഴയും പെയ്​തു.

അതിനിടെ ഇൗ വർഷം ശരാശരിയിൽ നിന്നും അധികമഴയി​ലേക്കാണ്​ കേരളം നീങ്ങ​ുന്നത്​. ജൂൺ ഒന്നു മുതൽ ആഗസ്​റ്റ്​ ഒമ്പതുവരെ 1522 മി.മീ മഴയാണ്​ കേരളത്തിന്​ ലഭിക്കേണ്ടത്​. എന്നാൽ 283 മി.മീ അധികമാണ്​ മഴ ലഭിച്ചിട്ടുള്ളത്​; 19 ശതമാനം അധികം. ശതമാനം 20 കടന്നാൽ കേരളത്തിൽ അധികമഴ ലഭിച്ചതായി കണക്കാക്കും. വർഷങ്ങൾക്കിപ്പുറമാണ്​ ഇത്​ സംഭവിക്കുന്നത്​.

കനത്ത മഴയെ തുടർന്ന് ഇടുക്കി ചെറതോണി അണക്കെട്ടിൽ ട്രയൽ റൺ തടരും. രാത്രിയിലും ഷട്ടർ തുറന്നിരിക്കും. തീരുമാനം കെ.എസ്.ഇ.ബി ജില്ലാ കളക്ടറെ അറിയിച്ചു. ട്രയൽ റൺ തുടരുന്നത്, ഇടുക്കി ഡാമിൽ ജലവിതാനം കുറയാത്ത സാഹചര്യത്തിൽ. ചെറതോണി ഡാമിലെ 5 ഷട്ടറുകളിൽ മധ്യ ഭാഗത്തേത് ഉയർത്തിയത്, 50 സെന്റിമീറ്റർ. ഷട്ടർ തുറന്നതോടെ, സെക്കന്റിൽ 50,000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്.

മലപ്പുറം ജില്ലയിൽ ആറിടത്ത് ഉരുൾ പൊട്ടൽ. വയനാട് ചിത്രമൂലയിൽ രക്ഷാപ്രവർത്തനത്തിനിടെ ബോട്ട് മറിഞ്ഞ് നാലപേർ ഒഴുക്കിൽപ്പെട്ടു. കൊച്ചിധനുഷ്‌കോടി ദേശീയ പാതയിലും വയനാട് ചുരത്തിലും ഗതാഗതം തടസപ്പെട്ടു. പൂർണ്ണമായും ഒറ്റപ്പെട്ട പശ്ചാത്തലത്തിൽ വയനാട്ടിലും ഇടുക്കിയിലും റെഡ് അലർട്ട്. പാലക്കാട്ട് ഇടിയോട് കൂടിയ അതി തീവ്ര മഴയും ഉരുൾപൊട്ടലും. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നെഹ്രു ട്രോഫി വള്ളംകളി മാറ്റിവച്ചു.

കടപ്പാട് – മാധ്യമം, കേരളം കൗമുദി.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply