“സ്റ്റോക്ഹോം – ഒരു വേറിട്ട നഗരം…”

നോര്‍ഡിക് രാജ്യങ്ങളിലെ നഗരങ്ങളില്‍ ഏറ്റവും വലുതെന്ന ഖ്യാതിയുള്ള, പതിന്നാലു ദ്വീപുകളിലായി രൂപപ്പെട്ടിരിക്കുന്ന സ്റ്റോക്ക്‌ഹോം നഗര വിശേഷങ്ങളിലേയ്ക്ക്.

വിവരണം – -ഗിരിജാദേവി.

ഒരു പ്രദോഷം കൂടി കൊഴിഞ്ഞുവീഴുകയാണ്. Solna എന്ന സ്ഥലത്തേക്കുള്ള യാത്രാമദ്ധ്യേ Stockholm Heart Centre, Royal Karoline Institute For Medicine എന്നിവയെല്ലാം കാണാന്‍ കഴിഞ്ഞു. രാജ്യത്തെ പ്രശസ്തമായ സ്ഥാപനമാണ് 1810 – ല്‍ സ്ഥാപിതമായ Royal Karoline Institute. പ്രശസ്തമായ യൂണിവേഴ്സിറ്റിയും ലോകനിലവാരത്തില്‍ എണ്ണപ്പെട്ടതും ആണ് അത്. “Karolina Widerstrom” എന്ന സ്വീഡിഷ് വനിതയായിരുന്നു സ്വീഡനില്‍ത്തന്നെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആദ്യത്തെ വനിതാഡോക്ടര്‍. അവര്‍ക്കു നല്‍കിയ ഏറ്റവും വലിയ അംഗീകാരമാണ് ഈ വിദ്യാപീഠത്തിന്‍റെ നാമകരണം.

സ്റ്റോക്ക്‌ഹോം സിറ്റിയുടെ വടക്കുഭാഗത്ത് സിറ്റിയോടു ചേര്‍ന്നുതന്നെ കാണുന്ന സ്വച്ഛമായ ഒരു പ്രദേശമാണ് Solna. ധാരാളം റെസിഡെന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്‍റുകളും ഹോട്ടലുകളും അരീനകളും എല്ലാമുള്ള ഒരു പ്രദേശം. Solna-യിലെ ഇന്ത്യന്‍ റസ്റ്റോറന്‍റില്‍ നിന്നുതന്നെയാകട്ടെ ഇന്നത്തെ അത്താഴം. ലീഡറുടെ അഭിപ്രായത്തെ എല്ലാവരും സ്വാഗതം ചെയ്തു. അങ്ങനെ ഞങ്ങള്‍ “Taste” റസ്റ്റോറന്‍റിലെത്തി. പേരുപോലെതന്നെ ടേസ്റ്റുള്ള ആഹാരം. വിഭവ സമൃദ്ധമായ ആ അത്താഴം ഏവരും ആസ്വദിച്ചു.

അടുത്ത കാലത്ത് സ്വീഡനില്‍ താമസമാക്കിയ എന്‍റെ സഹോദരീപുത്രിയും കുടുംബവും ഹോട്ടലില്‍ എത്തിയിരുന്നു. വിദൂരദേശത്തുവച്ചുള്ള ആ സമാഗമം ഞങ്ങള്‍ക്ക്‌ ഏറെ സന്തോഷം പകര്‍ന്നു. സമയക്കുറവുണ്ടായിരുന്നിട്ടും ഇനിയൊരിക്കല്‍ അവിടം സന്ദര്‍ശിക്കാനിടയില്ലെന്ന ചിന്തയാകാം അവരുടെ ക്ഷണം സ്വീകരിച്ച് അവര്‍ക്കൊപ്പം ‘സോളന്തുന’ യിലേക്ക്. സ്റ്റോക്ക്‌ഹോമില്‍ ഒരു മെട്രോ യാത്രയ്ക്കും അങ്ങനെ അവസരമൊരുങ്ങി.

സ്റ്റോക്ക്‌ഹോമിലെ പ്രധാന ഭൂഗര്‍ഭ ഗതാഗത ശൃംഖലയായ “Tunnelbana” (the sweedish word for underground) യിലൂടെ Pendeltag സ്റ്റേഷനില്‍ നിന്നും ‘സോളന്തുന’ വരെ – അരമണിക്കൂര്‍ നീളുന്ന യാത്ര. സ്റ്റോക്ക്‌ഹോം-ലെ Tunnelbana – യെ “World’s Longest Art Gallery” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ആ ശ്രുംഖലയിലെ 90 – ഓളം സ്റ്റേഷനുകള്‍ ആ ഗ്യാലറിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിചിത്രമായ സര്‍ഗ്ഗാത്മക സൃഷ്ടിയുടെ കലാ വൈഭവമാണ് അവയിലുടനീളം കാണുന്നത്. സ്റ്റോക്ക്‌ഹോം – ലെ ഏറ്റവും പഴയ മെട്രോ സ്റ്റേഷന്‍ കിംഗ്‌സ് ഗാര്‍ഡനു സമീപമുള്ള ‘സെന്‍ട്രല്‍ മെട്രോ സ്റ്റേഷന്‍’ തന്നെ. 1957 –ല്‍ ഉല്‍ഘാടനം ചെയ്യപ്പെട്ടത്.

പിറ്റേന്ന് അതിരാവിലെതന്നെ ഹോട്ടലില്‍ മടങ്ങിയെത്തി. സംഘത്തിലെല്ലാവരും അടുത്ത യാത്രക്കുള്ള തിരക്കിലാണ്. സ്വീഡനിലെ ഏറ്റവും ആകര്‍ഷകമായ Drottingham കൊട്ടാരം കാണണം. ഇനി Lovon ദ്വീപിലേക്ക്.
കൃത്യസമയത്തുതന്നെ യാത്രയ്ക്കു തയ്യാറായി രണ്ടു ബസ്സുകള്‍ ഹോട്ടല്‍ മുറ്റത്ത് എത്തിയിട്ടുണ്ട്. ലഗേജുകളെല്ലാം വണ്ടിയുടെ അടിത്തട്ടില്‍ സ്ഥാനം പിടിച്ചു. പുരാതനമായ ഡ്രോട്ട്നിഗ്ഹോം കൊട്ടാരത്തിലേക്കാണ് അന്നത്തെ യാത്രയുടെ തുടക്കം. ജാക്വലിന്‍ ഏവര്‍ക്കും പ്രഭാതവന്ദനം ചെയ്തു. ഏല്ലാവരും ഉത്സാഹത്തിലാണ്.

ക്ലാസിക് മന്ദിരങ്ങള്‍ നിരന്നു നില്‍ക്കുന്ന കായല്‍ തീരങ്ങളും നിരവധിയായ പാലങ്ങളും താണ്ടിയുള്ള യാത്ര. സുഖദമായ കാലാവസ്ഥ. കാലാവസ്ഥയും പ്രകൃതിയും ഒന്നിച്ചപ്പോള്‍ ആ യാത്രയ്ക്കുണ്ടായിരുന്നു ഒരു പ്രത്യേക രസം. അര മണിക്കൂര്‍ സമയമേ വേണ്ടിയിരുന്നുള്ളൂ കൊട്ടാരം സ്ഥിതിചെയ്യുന്ന Lovon ദ്വീപില്‍ എത്തിച്ചേരാന്‍. ദൂരെനിന്നുതന്നെ കൊട്ടാരത്തെ നോക്കിക്കാണാനായി. കൊട്ടാരവും ചുറ്റുമുള്ള ഗാര്‍ഡനും Lovon ദ്വീപിനെ ഒരു പറുദീസയാക്കി മാറ്റിയിരിക്കുന്നു. വേനല്‍ക്കാലമായിരുന്നതുകൊണ്ട് യൂറോപ്യന്‍ നാടുകളില്‍ പൊതുവേ വൃക്ഷങ്ങള്‍ ഇലകളാല്‍ സമൃദ്ധമായിരുന്നു.

കൊട്ടാരത്തിനു സമീപമുള്ള വിശാലമായ ഗാര്‍ഡന്‍ ഏറെ ശ്രദ്ധേയമാണ്. ബസ്സില്‍ നിന്നിറങ്ങി ഞങ്ങള്‍ ആ വൃക്ഷക്കൂട്ടങ്ങള്‍ക്കിടയിലൂടെ നടന്നു. വളരെ രസകരമായി തോന്നി ആ നടത്തം. വൃക്ഷശിഖരങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യ രശ്മികള്‍ നിലത്ത് ചിത്രങ്ങള്‍ മെനഞ്ഞിരിക്കുന്നു. അങ്ങനെ നടന്നു നീങ്ങുമ്പോള്‍ വൃക്ഷത്തലപ്പുകള്‍ക്കിടയിലൂടെ കാണാം ഒരു സുന്ദര സൗധം. അത് ചൈനീസ് പവിലിയന്‍. വര്‍ണ്ണാഭമാണ് ആ കെട്ടിടം. രാജകുടുംബാംഗങ്ങളുടെ റിക്രിയേഷന്‍ സെന്‍ററായിരുന്നു ഒരുകാലത്ത് ഈ പാര്‍ക്കും പവിലിയനും.

1753 നും 1769 ഇടയില്‍ നിര്‍മ്മിച്ചതാണ് ഇന്നു കാണുന്ന ഈ പവിലിയന്‍. പൂര്‍ണ്ണമായും ചൈനീസ് വാസ്തുവിദ്യയില്‍ നിര്‍മ്മിച്ചത്. പ്രധാന പവിലിയന്‍റെ തെക്കുഭാഗത്തു നിന്നുകൊണ്ടു നോക്കിയാല്‍ വളരെ കൗതുകകരമാണ് അതിന്‍റെ രൂപഭംഗി. പിങ്ക്നിറം പൂശിയ ബാഹ്യഭിത്തിയില്‍ മറ്റു വിവിധ വര്‍ണ്ണങ്ങളാല്‍ അലങ്കാര വേലകള്‍ ചെയ്തിട്ടുണ്ട്. മുന്‍ഭാഗത്തെ പ്രധാന വാതിലിനോടു ചേര്‍ത്ത് കാണുന്ന വിവിധ നിറത്തിലുള്ള ധാരാളം റോസാച്ചെടികള്‍ ബംഗ്ലാവിനു കൂടുതല്‍ മിഴിവേകുന്നു. പ്രധാന പവിലിയന്‍റെ സമീപം റിക്രിയേഷന്‍ കേന്ദ്രങ്ങള്‍, ഭക്ഷണശാല, സ്റ്റുഡിയോ, എന്നിങ്ങനെ പല മന്ദിരങ്ങളും കാണാനുണ്ട്. അവയെല്ലാം വിവിധ ആവശ്യങ്ങള്‍ക്കായി അക്കാലത്ത് ഉപയോഗിച്ചിരുന്നവയാണ്. ചൈനീസ് പവിലിയനില്‍ 2010 – ഓഗസ്റ്റു മാസം നടന്ന കവര്‍ച്ചയില്‍ വിലയേറിയ പലപുരാ വസ്ത്തുക്കളും നഷ്ടപ്പെട്ടിരുന്നു. അതൊക്കെ ഗൈഡ് വിശദമായി പറഞ്ഞു തന്നു.

ഈ ഉല്ലാസ മന്ദിരത്തിനുണ്ട് രസകരമായ ഒരു നിര്‍മ്മാണ ചരിത്രം. ആ കഥയെന്തെന്നു നമുക്കു നോക്കാം. 1751 – മുതല്‍ ഇരുപതു വര്‍ഷക്കാലം സ്വീഡന്‍ ഭരിച്ചിരുന്ന രാജാവായിരുന്നു King Adolf Fredrik. അദ്ദേഹം 1753 – ല്‍ തന്‍റെ രാജ്ഞി Lovisa Ulrika – യുടെ പിറന്നാള്‍ ദിനത്തില്‍ ഒരു സമ്മാനം നല്‍കാന്‍ തീരുമാനിച്ചു. കമനീയവും അത്ഭുതം കൂറുന്നതുമായിരിക്കണം അത്. തന്നെയുമല്ല അതീവ രഹസ്യമായിരിക്കണം ഈ സമ്മാന വിവരം എന്നും അദ്ദേഹത്തിനു നിര്‍ബ്ബന്ധമുണ്ടായിരുന്നു.

യൂറോപ്പില്‍ പൊതുവേ ചൈനീസ് വാസ്തുവിദ്യയില്‍ താല്‍പ്പര്യം വര്‍ദ്ധിച്ചിരുന്ന കാലമായിരുന്നു അത്. അത്തരത്തില്‍ ഒന്നായിരിക്കണം തന്‍റെ പ്രിയതമയ്ക്കു കൊടുക്കേണ്ടത് എന്നു രാജാവു നിശ്ചയിച്ചു. അതിനായി അദ്ദേഹം വിദഗ്ദ്ധ ശില്‍പ്പികളെക്കൊണ്ട് സ്റ്റോക്ക്‌ഹോം-ലെ ഒരു പണി ശാലയില്‍ വച്ച് തടിയില്‍, ചൈനീസ്‌ നിര്‍മ്മാണ മാതൃകയില്‍ ഒരു സൗധം പണിതുണ്ടാക്കിച്ചു. പല ഭാഗങ്ങളായി അടര്‍ത്തി മാറ്റാവുന്ന ആ ഉല്ലാസമന്ദിരം അതീവ രഹസ്യമായി വിശാലമായ Lovon ദ്വീപില്‍ കൊട്ടാരത്തിന്‌ അല്പം അകലെ വൃക്ഷനിബിഡമായ വിജന പ്രദേശത്ത്‌ എത്തിക്കുകയും പുറന്നാല്‍ ദിനത്തിനു മുന്‍പുതന്നെ അതു സംയോജിപ്പിച്ചു പണി പൂര്‍ത്തിയാക്കുകയും ചെയ്തു.

പുറന്നാള്‍ ദിനത്തില്‍ സമ്മാനം ലഭിച്ച രാജ്ഞിക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല! ഇതു മായയോ മിഥ്യയോ….? Lovisa Ulrika രാജ്ഞിയുടെ 33-ാം പിറന്നാള്‍ എത്രമാത്രം സന്തോഷവും അത്ഭുതവും കൂറുന്നതായിരുന്നു എന്നു നമുക്കും ഊഹിക്കാം. ഇത്തരമൊരു സ്നേഹോപഹാരം നല്‍കുന്ന സന്തോഷം മുംതാസ്മഹലിനു പോലും കണ്ടനുഭവിക്കാനായില്ല എന്നതു മറ്റൊരു ചരിത്രസത്യം.

രാജകുടുംബം ഒന്നാകെ രാജ്ഞിയുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. ഏതൊരു സ്ത്രീയാണ് സ്വന്തം ഭര്‍ത്താവില്‍ നിന്നും സ്നേഹ സമ്മാനം ആഗ്രഹിക്കാത്തത്…? “അടുത്ത കത്രീന വരുമ്പോള്‍ കാണാം നിന്‍റെ ശീട്ടുകൊട്ടാരം” എന്നു മനസ്സില്‍ വിചാരിച്ചവര്‍ അക്കാലത്തുമുണ്ടാവാം. ഭാഗ്യവശാല്‍ അങ്ങനെയൊരു കത്രീന അതുവഴി കടന്നു പോയതേയില്ല. സന്തോഷത്തിന്‍റെ ദിനരാത്രങ്ങള്‍ പലതു കടന്നുപോയി.

പത്തു വര്‍ഷങ്ങള്‍ക്കു ശേഷം 1763 – ല്‍ ആ ഉല്ലാസ മന്ദിരത്തിന്‍റെ സ്ഥാനത്ത് ചൈനീസ് നിര്‍മ്മിത വസ്ത്തുക്കളുപയോഗിച്ചുതന്നെ കൂടുതല്‍ പരിഷ്കാരങ്ങളോടും വിശാലതയോടും കൂടി നാലു വ്യത്യസ്തയാര്‍ന്ന മന്ദിരങ്ങള്‍ പണിതുയര്‍ത്തി. രാജകുടുംബാംഗങ്ങളുടെ റിക്രിയേഷന്‍ സെന്‍ററായി പില്‍ക്കാലത്ത് അവ മാറുകയായിരുന്നു.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply