കെഎസ്ആര്‍ടിസി യാത്രക്കാരുടെയും ജീവനക്കാരുടെയും പ്രശ്നങ്ങള്‍ നേരിട്ടുപഠിക്കാന് എംഡി കണ്ടക്ടര്‍ വേഷത്തില്‍ രംഗത്തിറങ്ങി. തമ്പാന്നൂരുനിന്നും കോഴിക്കോടിനുപോകുന്ന സൂപ്പര്‍ ഫാസ്റ്റിലാണ് എംഡി ടോമിന് ജെ തച്ചങ്കരി കണ്ടക്ടറായെത്തിയത്.
തൊഴിലാളി ദിനമായ ചൊവ്വാഴ്ച രാവിലെ കൃത്യം 10.30. തന്പാനൂർ ബസ് സ്റ്റാൻഡിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് ബസിൽ ഡബിൾ ബെൽ മുഴങ്ങി. ഒപ്പം ടിക്കറ്റ്, ടിക്കറ്റ് എന്ന കണ്ടക്ടറുടെ ശബ്ദവും. കണ്ടക്ടറുടെ ശബ്ദം കേട്ട് നോക്കിയ യാത്രക്കാർ തെല്ലൊന്ന് അന്പരന്നു. ഒന്നുകൂടി നോക്കിയപ്പോൾ ആകാശ നീലയുടെ നിറത്തിലുള്ള ഷർട്ടും ഇരുണ്ട നീല നിറത്തിലുള്ള പാന്റ്സും അണിഞ്ഞ് സാക്ഷാൽ കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ ജെ.തച്ചങ്കരി. കഴുത്തിൽ ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ. ഇടത് കക്ഷത്ത് കണ്ടക്ടറുടെ ബാഗ്. അത്ഭുതത്തോടെ നോക്കിയ യാത്രക്കാരുടെ തോളിൽ തട്ടി ചെറിയൊരു ചിരി പാസാക്കിയ ശേഷം എവിടേക്കാണെന്ന് ചോദ്യം. തിരുവല്ലയെന്ന് യാത്രക്കാരന്റെ മറുപടി. സെക്കൻഡുകൾക്കുള്ളിൽ ടിക്കറ്റ് നൽകി. പിന്നെ അടുത്ത യാത്രക്കാരന്റെ അടുത്തേക്ക്.
യൂണിഫോം,ടിക്കറ്റുമെഷീന്,ബാഗ് എന്നിവയെല്ലാമായി തനി കണ്ടക്ടര്‍ ആയാണ് എംഡി എത്തിയത്. ആളെ തിരിച്ചറിഞ്ഞപ്പോള്‍ യാത്രക്കാര്‍ക്കും കൗതുകമായി. രാവിലെ 10.30ന് സ്റ്റാന്‍ഡില്‍ നിന്നും എടുത്തവണ്ടിയില് വലിയ പിഴവില്ലാതെ തന്നെ തച്ചങ്കരി ടിക്കറ്റ് വിതരണം നടത്തി. കറൻസി നോട്ടുകൾ കൈവിരലുകൾക്കിടയിൽ തിരുകുന്ന വിദ്യ വിചാരിച്ചതു പോലെ എളുപ്പമായിരുന്നില്ല. തിരക്കൊന്ന് കുറഞ്ഞപ്പോൾ യാത്രക്കാരോട് കുശലാന്വേഷത്തിനും തച്ചങ്കരി സമയം കണ്ടെത്തി. ദീർഘദൂര ബസുകളിലെ കണ്ടക്ടർമാരെ കുറിച്ചൊക്കെ സ്ഥിരം യാത്രക്കാരോട് ചോദിച്ച് മനസിലാക്കുകയും ചെയ്തു. യാത്രക്കാരെ പുഞ്ചിരിയോടെ വരവേൽക്കാൻ കണ്ടക്ടറോട് നിർദ്ദേശിക്കാനും തച്ചങ്കരി മറന്നില്ല. വിവരം നേരത്തെ മനസ്സിലാക്കിയ മാധ്യമ പ്രവര്‍ത്തകര്‍ പല ഭാഗങ്ങളില്‍ നിന്നും ബസ്സില്‍ കയറുകയും രംഗങ്ങള്‍ പകര്‍ത്തുകയും ചെയ്തു.
യാത്രയില്‍ കൊട്ടാരക്കര ഇറങ്ങി ജീവനക്കാര്‍ക്കൊപ്പം കാപ്പികുടിച്ച തച്ചങ്കരി തിരുവല്ല വരെ ജോലി തുടരുകയും ചെയ്തു. അധികം വൈകാതെ ഡ്രൈവറുടെ വേഷത്തിലും തച്ചങ്കരിയെത്തും. ഹൈവി വെഹിക്കിൾ ഡ്രൈവർ ലൈസൻസിനായി അപേക്ഷ നൽകിക്കഴിഞ്ഞു. 20 ദിവസത്തിനകം ലൈസൻസ് കിട്ടുമെന്നാണ് പ്രതീക്ഷ.
Photo, Video : Manorama News.