മഞ്ഞും മഴയും കുടജാദ്രിയും പിന്നെ ഒരു നൂറ് അട്ടകളും…

കൊല്ലൂരിൽ നിന്ന് ഷിമോഗയിലേക്കു പോകുന്ന കർണാടക KSRTC യിൽ നിന്ന് കണ്ടക്ടർ പറഞ്ഞു, സ്ഥലമെത്തി ഇറങ്ങിക്കോളൂ..

അങ്ങനെ ആളനക്കവും ജനവാസവുമൊന്നുമില്ലാത്ത ഒരു റോഡിൽ ഞങ്ങളെ ഇറക്കിവിട്ടിട്ട് ബസ് പോയി. മുമ്പിലൊരു ബോര്ഡുണ്ട്. മൂകാംബിക വൈൽഡ് ലൈഫ് സാങ്ച്വറി. അതിനു വശത്തുകൂടി കാടിനുള്ളിലേക്ക് ഒരു നടപ്പാത. സമയം രാവിലെ 7 മണിയാണ്. നല്ല കട്ടിക്കോടമഞ്ഞിൻ പുതപ്പുണ്ട്.

“അട്ടയുണ്ടാകില്ലേ?? “-ഞാൻ സന്ദീപിനോട് ചോദിച്ചു.

“പിന്നില്ലാതെ.. ഉണ്ടാവും..”

“അപ്പൊ ഉപ്പോ പുകയിലയോ അങ്ങനെ വല്ലതും……..??”

“എന്തിന്?? നമ്മളിന്ന് അട്ടകളെ ഫ്രീയായി വിടുന്നു. എത്ര വേണമെങ്കിലും അവർ ബ്ലഡ് കുടിച്ചോട്ടെ.. നമുക്ക് നോക്കാം എത്രയെണ്ണം നമ്മുടെ കാല് തേടിവരുന്നെന്ന്..”

“കൊള്ളാലോ കളി” ഞാൻ മനസ്സിൽ പറഞ്ഞു, എന്നാലും വെറുതെ കുറേ ചോര അട്ടയ്ക്ക് കൊടുക്കുവാന്ന്‌ വെച്ചാൽ……

കാട് കയറാൻ തുടങ്ങിയപ്പോൾ ചെറിയ ചാറ്റൽമഴയും കൂട്ടിനുവന്നു. കോടമഞ്ഞും മഴയും മരങ്ങളും കുഞ്ഞു വെള്ളച്ചാട്ടങ്ങളും.. കാടിന്റെ ആദ്യ സ്പന്ദനങ്ങൾ!! ഒരു 5 മിനിറ്റ് നടന്നില്ല, കാലിന് എന്തോ ഒരു ഒരു ഒരു മൃകുളജ്ഞത..(?) ഒന്നേ നോക്കിയുള്ളൂ.. കണ്ണ് തള്ളിപ്പോയി. 5-6 അട്ടക്കുഞ്ഞുങ്ങൾ കയറിപിടിച്ചിട്ടുണ്ട്.


വാട് ഇസ് നെക്സ്റ്റ്?? ഞാൻ സന്ദീപിന്റെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കി.
വിട്ടുകള. അതിന്റെ വയർ നിറയുമ്പോ അത് തനിയെ പൊയ്കൊളും.
“പോകുവോ?” മനസ്സില്ലാ മനസോടെ ഞാൻ അതിനെ മറന്ന് നടത്തം തുടർന്നു. സ്നേഹിക്കുന്ന പെണ്ണിനെ മറക്കാൻ പോലും എനിക്കിത്രക്ക് പണിപ്പെടേണ്ടിവന്നിട്ടില്ല.. രണ്ടും കല്പിച്ചു കാട്ടുവഴിയുടെ അറ്റത്തേക്ക് കണ്ണു നട്ടു .

ഒരു കുന്ന് കയറി തീർന്നപ്പോഴേക്ക് മൂപ്പിലാന്മാരുടെ കാര്യമേ ഓർമയില്ലാതായി. കിതച്ചു കണ്ണു കാണാതായിട്ടാണോ എന്നറിയില്ല. അതിരാവിലെ അയതോണ്ടായിരിക്കാം ഇങ്ങനെ കിതപ്പ് തോന്നുന്നതെ’ന്ന് ഞാൻ സന്ദീപിനുമുന്നിൽ ഒരു ബില്ല് അവതരിപ്പിച്ചുനോക്കി.
“തീർച്ചയായും, എന്നു പറഞ്ഞ് അവനത് പാസാക്കി.. അതു കഴിഞ്ഞ് ഒരു ആക്കിയ ചിരി ചിരിച്ചുവോ പഹയൻ?

കൊടുങ്കാട്ടിലെ കയറ്റങ്ങൾക്കു ശേഷം കണ്ണിനു മുന്നിൽ മനോഹരമായ പുൽമേടുകൾ തെളിഞ്ഞുവന്നു. ഭ്രമിപ്പിക്കുന്ന പച്ചനിറവും അതിനിടയിലെ കറുത്തിരുണ്ട കുഞ്ഞുപാറക്കഷ്ണങ്ങളും കാഴ്ച പകുതി മറച്ച കോടമഞ്ഞും പുതിയൊരു ലോകം തീർത്തു. 5 കിലോമീറ്ററുകൾ വാതോരാതെ സംസാരിച്ചും കാഴ്ചകൾ കണ്ടും കാര്യമായ സാഹസമൊന്നുമില്ലാതെ നടന്നു തീർത്തു.

കാലുകളിലേക്ക് നോക്കാതിരിക്കാൻ പറ്റുന്നില്ല. പറ്റിപിടിച്ചിരിക്കുന്നവന്മാരുടെ എണ്ണം കൂടുന്നതല്ലാതെ ആരും വയറുനിറഞ്ഞു നിർത്തി പോകാനുള്ള സാധ്യതയൊന്നും കാണുന്നില്ല.. ഞാൻ ആവശ്യത്തിനു തടിച്ചു കൊഴുത്ത 5-6എണ്ണത്തിനെ തട്ടിക്കളഞ്ഞു. ചോര ധാരധാരയായി ഒഴുകി. എന്നാൽ പിന്നെയും ഒരു അഞ്ചു മിനിട്ട് കഴിഞ്ഞു നോക്കിയപ്പോൾ ഇതു തന്നെ അവസ്ഥ. ഇത്തവണ പുതുമുഖങ്ങളാണെന്നു മാത്രം.


അവർക്ക് വേണ്ടി സമയം പാഴാക്കാനുള്ളതല്ല നിന്റെ സമയം എന്ന് ഒരശരീരി വന്നു, വേറെവിടെനിന്നുമല്ല സന്ദീപിന്റേതാണ്..

5 കിലോമീറ്ററുകൾ കഴിഞ്ഞാൽ മലയാളികൾക്കിടയിൽ പ്രസിദ്ധമായ തങ്കപ്പൻ ചേട്ടന്റെ ചായക്കടയുണ്ട്. അത് പ്രതീക്ഷിച്ചായി നടത്തം. എന്നാൽ ഏറെ പ്രതീക്ഷിച്ചു ചെന്നെത്തിയ ചായക്കടയുടെ വാതിൽ അടഞ്ഞു കണ്ടപ്പോൾ ആകെ വിഷമമായി. സഞ്ചരികളൊന്നുമില്ലാത്ത സമയമാണ്!. ഈ പെരുമഴയത്ത് മല കേറാൻ നടക്കുന്ന ഞങ്ങളെപോലെയുള്ള പകൽപ്രാന്തന്മാർ അധികമൊന്നുമില്ലാത്തതുകൊണ്ടു ചായക്കട അവധിയായിരിക്കാമെന്ന് സമർത്ഥിച്ചു. റൈൻകോട്ടിന് മേലെ മഴ ആഞ്ഞാഞ്ഞു പെയ്യുന്നുണ്ട്. പാന്റ് നനഞ്ഞു ഉള്ളിലുള്ള ബോക്സർ വരെ തണുത്തുവിറച്ചു. പകുതി ദൂരം കഴിഞ്ഞിരിക്കുന്നു. താരതമ്യേന എളുപ്പമായിരുന്നു ഇവിടെവരെയുള്ള യാത്ര..

“ഇതൊക്കെയെന്ത്..” എന്ന് സലീം കുമാർ ടോണിൽ വിരൽ ഞൊടിച്ചു ചായക്കട കഴിഞ്ഞ് യാത്ര തുടർന്നു. എന്നാൽ സീൻ പെട്ടെന്ന് തന്നെ മാറി.. “അറിയാതെ പറഞ്ഞു പോയതാണ്, നാറ്റിക്കരുത്… ” എന്ന അവസ്ഥ വരെയെത്തി കാര്യങ്ങൾ.

കുത്തനെയുള്ള കയറ്റമാണ് പിന്നീടപ്പടിയും. വായിൽ നിന്ന് നുരയും പതയും വന്നോ എന്ന സംശയമില്ലാതില്ല. ഏന്തിവലിഞ്ഞ് നീങ്ങുന്ന ഞാനും എന്റെ കാലിൽ ഏന്തി വലിഞ്ഞു കേറുന്ന അട്ടകളുമായി കോടമഞ്ഞ് മൂടിയ കുടജാദ്രിയുടെ ഉയരങ്ങളിലേക്ക് കാലുകൾ പയ്യെപയ്യെ എടുത്തുവെച്ചു.. കൂട്ടിന് ഒരു വടിയും കരുതി. ഇടയ്ക്കൊക്കെ കാലിലെ അട്ടകളെ ഒരു ഫുട്ബാൾ കോച്ചിന്റെ വൈഭവത്തോടെ പഴേതിനെ പുറത്താക്കുകയും പുതിയതിനെ ഫീല്ഡിലിറക്കുകയും ചെയ്യുന്നുണ്ട്‌.

ഒടുവിൽ കുടജാദ്രിയുടെ മടിതട്ടിലുള്ള അമ്പലത്തിന്റെ മുറ്റത്തെത്തി… ” യെസ്.. ഞാൻ കുടജാദ്രി 90% കീഴടക്കിയിരിക്കുന്നു. ഇനി സർവജ്ഞപീഠത്തിലേക്ക് ഒരു 2 കിലോമീറ്ററുകൾ കൂടി മാത്രം.. ” അവിടെത്തിയിട്ടുവേണം ദക്ഷിണ്യമേതുമില്ലാതെ സർവതിനെയും അറഞ്ചം പുറഞ്ചം തട്ടിക്കളയാൻ.

മുകളിലേക്ക് ഓടാൻ വെമ്പിനിൽക്കെ അവിടെയുള്ള ചായക്കടക്കാരനെ ഞങ്ങൾ കണ്ടില്ലെന്ന് ചായക്കടക്കാരൻ മനസിലാക്കി. “ചായ.. ദോശ.. ചൂട് ദോശ…” അയാൾ വിളിച്ചുപറഞ്ഞു. മുന്നിലേക്ക് വെച്ച കാലാണ്‌.. പിന്നിലേക്കെടുക്കാമോ? ഭക്ഷണത്തിന്റെ കാര്യമല്ലേ, ചില അവസരങ്ങളിലൊക്കെ എടുക്കാവുന്നതാണ്. ഞങ്ങൾ ചേട്ടനോട് വിളിച്ചു പറഞ്ഞു.. എന്നാൽ 2 ചായ ചേട്ടാ….

ചൂടു ചായ ആ മഞ്ഞത്ത് മൊത്തിക്കുടിച്ചു, ഗ്ലാസും വെച്ചു പൈസയും കൊടുത്ത് തിരിച്ചു വരുന്ന സമയത്ത് ദോശ കഴിക്കാമെന്ന് ആ ചേട്ടന് വാക്കും കൊടുത്ത് ഞങ്ങൾ നടത്തം പുനരാരംഭിച്ചു. കാലിൽ നിന്ന് ചോര ഒഴുകികൊണ്ടിരിക്കുന്നുണ്ട്. മുകളിലെത്തിയിട്ടു വേണം അതിന്റെ കാര്യത്തിൽ തീരുമാനമാക്കാൻ. ഒടുവിൽ അവ്യക്തമായി സർവജ്ഞപീഠം ദൃശ്യമായി. കോടമഞ് വകഞ്ഞു മാറ്റി അതിന്റെ മുന്നിലെത്തി.

ചുറ്റുമൊന്നും ഒരു മനുഷ്യകുഞ്ഞുപോലുമില്ല. പിന്നിട്ട 12 കിലോമീറ്ററിൽ ആകെ കണ്ട വ്യക്തി ആ ചായക്കടക്കാരനാണ്. മഴ തുടങ്ങിയതുകൊണ്ടു സന്ദർശകർ പൊതുവെ കുറവാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ ചിത്രമൂലയിലേക്ക് പോകേണ്ടെന്നും മഴമൂലം നല്ല വഴുക്കലുണ്ടാകുമെന്ന ഉപദേശവും തന്നിരുന്നു. മലയാളിയുടെ തനിക്കൊണം കാണിക്കാതിരിക്കാൻ പറ്റിയില്ല.

നേരെ ചിത്രമൂല വെച്ചുപിടിച്ചു. സൗപർണിക നദിയുടെ ഉത്ഭവകേന്ദ്രമാണ് കുടജാദ്രി മലയുടെ മുകളിൽ നിന്ന് 500 മീറ്റർ താഴെയുള്ള ചിത്രമൂല. ചെങ്കുത്തായ ഇറക്കമാണത്. സൂക്ഷിച്ചു കാലടികൾ ഉറപ്പിച്ചു. ഒടുവിൽ ഒരു ഗുഹയ്ക്കു മുന്നിലെത്തി.. അതിലൂടെ വെള്ളം കിനിഞ്ഞിറങ്ങുന്നു, ചെറിയൊരു ജലപാതമായി താഴേക്കു വീഴുന്നുണ്ട്. തണുത്ത ആ വെള്ളത്തിൽ മുഖമൊന്നു കഴുകി അവിടെ ഇരിപ്പുറപ്പിച്ചു. കാലു ക്ളീൻ ചെയ്തു. എല്ലാവന്മാരെയും തട്ടി തെറിപ്പിച്ചു. ചിലവന്മാർക്ക് പോകാനൊരു വൈമനസ്യമുണ്ട്. എന്നാലും ഞാൻ നിർബന്ധിച്ചു, പോയിട്ട് അടുത്ത രണ്ടാം തീയതി വരാം എന്നാശ്വസിപ്പിച് പറഞ്ഞയച്ചു.

അര മണിക്കൂറോളം അവിടെ ചിലവഴിച്ചു. തിരിച്ചിറങ്ങേണ്ടതിനാൽ നമുക്ക് പോകാമെന്നായി സന്ദീപ്. ഗുഹയിലേക്ക് കെട്ടിയുയർത്തിയ കയറുകൊണ്ടുള്ള പിടിവള്ളിയിലൂടെ ഞങ്ങൾ ഊർന്നിറങ്ങി. തിരിച്ചുള്ള നടത്തം അതികഠിനമായിരുന്നെന്ന് പറയാതെ വയ്യ. മുകളിലെത്തുമ്പഴേക്കും കണ്ണീന്ന് പൊന്നീച്ച പാറി. അത്രയ്ക്കും കടുകട്ടിയായ കയറ്റമായിരുന്നു. സമയം 12 മണി ആയതെയുണ്ടായിരുന്നുള്ളൂ. വിചാരിച്ചതിനെക്കാൾ നേരത്തെ ഞങ്ങൾ ലക്ഷ്യം പൂർത്തീകരിച്ചിരിക്കുന്നു. ഇനി മടങ്ങാം.. എവിടെയും ഇരിക്കാൻ ധൈര്യം കിട്ടുന്നില്ല. അട്ടകളെ പേടി കാലിന് കടിക്കുന്നതൊക്കെ സഹിക്കാം.. വേറെ എവിടെയെങ്കിലും കയറിക്കൂടിയാൽ എന്റെ വിധം മാറും..

അങ്ങനെ ഇറക്കമിറങ്ങാൻ ആരംഭിച്ചു. താഴെയുള്ള നമ്മുടെ ചായക്കടക്കാരന്റെയടുത്തു ചെന്ന് നല്ല രണ്ടു പ്ളേറ്റ് ചൂട് ദോശ ഓർഡർ ചെയ്ത് അവിടെയുണ്ടായിരുന്ന നെരിപ്പോടിന്റെ ചാരത്തായി ഇരിപ്പുറപ്പിച്ചു. വെറുതെയൊന്ന് കാലുപൊക്കി നോക്കിയതാണ്. ദേ ഇരിക്കുന്നു വീണ്ടും ഒരു അഞ്ചാറ് അട്ട.. ഇങ്ങനെയാണെങ്കിൽ ഈ കളിക്ക് ഞാനില്ല എന്നും പറഞ്ഞുകൊണ്ട് കുറച്ചുകൂടി ചൂട് കൊള്ളാൻ പാകത്തിൽ തീയുടെ അടുത്തു കൂടി.. അല്പമൊന്ന് ചൂട് പിടിച്ചപ്പോൾ ചങ്ങാതിമാർ ഓരോന്നായി പിടിവിടാൻ തുടങ്ങി.

ദോശ വൈകും തോറും ഞങ്ങളുടെ കാലിലെ അട്ടകൾ നിങ്ങളുടെ വീട് കയ്യേറുമെന്ന് ചായക്കടചേട്ടനെ ഓർമിപ്പിച്ചു. അദ്ദേഹത്തിന്റെ ചൂട് ദോശയും കഴിച്ചു മുറ്റത്തിറങ്ങി നടക്കാൻ തുടങ്ങിയപ്പോൾ മുന്നിൽ പാർക്ക് ചെയ്തിരുന്ന ജീപ്പുകാരൻ വിളിച്ചു പറഞ്ഞു.. “കൊല്ലൂർ കൊല്ലൂർ…” ഞങ്ങൾ നടത്തത്തിന്റെ ആളാണ് ഹേ എന്നു പറഞ്ഞ് അവരെ വകവെക്കാതെ തിരിച്ചിറക്കം തുടർന്നു. കല്ലുകളിൽ നിന്ന് കല്ലുകളിലേക്ക് ചാടി നടന്ന് 5 കിലോമീറ്ററുകൾ താണ്ടി ഒടുവിൽ തങ്കപ്പൻ ചേട്ടലിന്റെ കടയിലേക്കെത്തി..

കാട്ടുപാത സുന്ദരവും സഹസികവുമാണെങ്കിലും എവിടത്തെയുമെന്ന പോലെ ഇവിടെയുമുണ്ട് മനുഷ്യന്റെ കൂതറ സ്വഭാവം. കാട്ടിൽ അങ്ങിങ്ങായി കുപ്പികളും പ്ലാസ്റ്റിക്ക് കവറുകളും.. താഴെ ചെക്പോസ്റ്റിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിന് വിലക്കുകളോ നിയന്ത്രണമോ ഇല്ല അതാണ് ഇതിനെല്ലാം കാരണം.

സന്തോഷ് ഹോട്ടൽ! തങ്കപ്പൻ ചേട്ടന്റെ കട! ഭാഗ്യം, തുറന്നിട്ടുണ്ട്. രാവിലെ ഞങ്ങൾ വന്നിരുന്നെന്നും അപ്പോൾ കട അടച്ചിരിക്കുകയായിരുന്നെന്നും ഒരു ആമുഖമോതി ഞങ്ങൾ കടയുടെ ഉള്ളിലേക്ക് കയറി. 2 ചായയും പറഞ്ഞു. അവിടെ അദ്ദേഹത്തിന്റെ ഭാര്യ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അദ്ദേഹത്തിന് സുഖമില്ലെന്നും ഇപ്പോൾ താനാണ് കടയും വീടുമൊക്കെ നോക്കുന്നതെന്ന് അവർ പറഞ്ഞു. കുറച്ചധികം സമയം ഞങ്ങൾ സംസാരിച്ചിരുന്നു. കുടജാദ്രി പരിസര പ്രദേശങ്ങളിലെ മറ്റ് അകര്ഷണങ്ങളെപ്പറ്റിയും അവരുടെ അവിടത്തെ ചരിത്രത്തെക്കുറിച്ചും തുടങ്ങി സ്ഥലത്തിന്റെ വിലയിലെത്തിനില്കുന്ന കൂലങ്കഷമായ ചർച്ച. ചായയും കുടിച്ച് ചേച്ചിയോട് യാത്രയും പറഞ്ഞു ഞങ്ങൾ ഇറങ്ങി. ആ ഭാഗത്ത്‌ ചില കുടുംബങ്ങൾ താമസമുണ്ട്. എന്നാൽ കുറച്ചു താഴെയായി രണ്ടു അമേരിക്കക്കാർ ഒരു ഫാം വിലയ്ക്കെടുത്ത് അവിടെ ആശ്രമം സ്ഥാപിച്ച് ഭക്തിമാർഗ്ഗത്തിൽ ജീവിക്കുന്നുണ്ടത്രേ..

അവിടം കൂടിയൊന്ന് പോയിക്കാണമെന്ന ആഗ്രഹം ഞങ്ങൾക്ക് രണ്ടുപേർക്കുമുണ്ടായി. കുറച്ചു ദൂരെയായി ഒരു ഗേറ്റ് കണ്ടു. എന്നാൽ അടുത്തൊന്നും ആരെയും കാണുന്നതുമില്ല. ഗേറ്റ് തുറന്നു കയറണോ വേണ്ടയോ എന്ന സംശയത്തിൽ കുറച്ചു സമയം പുറത്തു നിന്നു. ഒടുവിൽ രണ്ടും കല്പിച്ചു ഗേറ്റ് തള്ളിത്തുറന്നു. രണ്ടു വഴികൾ പോകുന്നുണ്ട്.. അതിൽ ഏതിലൂടെ നടക്കണമെന്നായി അടുത്ത കൺഫ്യൂഷൻ. വലതുഭാഗത്തെക്കുള്ള വഴി തിരഞ്ഞെടുത്ത് അതിൽ കൂടി ഞങ്ങൾ നടന്നു. അടുത്തൊന്നും ഒരു ആശ്രമമുള്ളതായി തോന്നുന്നതേയില്ല. ഇവിടെയുള്ളവരെ കുറിച്ചോ ഈ സ്ഥലത്തെക്കുറിച്ചോ ഒരു മുൻവിധിയുമില്ലാതെയാണ് ഈ പോക്ക്.. ചെറിയൊരു പേടി മനസിലുണ്ടെന്നു പറയാതെ വയ്യ.

കുറച്ചു ദൂരം നടന്നപ്പോൾ ദൂരെയായി ഒരു ആശ്രമത്തിന്റെ മേൽക്കൂര പ്രത്യക്ഷപ്പെട്ടു. അടുക്കും തോറും ഗോക്കളും മനുഷ്യവാസത്തിന്റെ തെളിവുകളും കണ്ടുതുടങ്ങി. ചെറിയൊരു ഗേറ്റ് കൂടി കടന്നു വേണം അവിടെയെത്താൻ. ഞങ്ങൾ ഇപ്പോഴും സംശയത്തിൽ തന്നെയാണ്. ആശ്രമത്തിന്റെ മുറ്റത്തെത്തി. അവിടെ മൂന്നുനാലു സ്വാമിനിമാർ ഇരിക്കുന്നുണ്ട്. കുശാലസംഭാഷണത്തിലായിരിക്കാം. കണ്ടിട്ട് പ്രശ്നക്കാരല്ല. ഞാൻ വിനയകുനയനായി-“ഇവിടെ ഒരു ആശ്രമമുണ്ടെന്നു കേട്ടു അതൊന്ന് കാണാൻ……” എന്ന ഒരു ചോദ്യം എറിഞ്ഞു. യേ ഹേ വോ ആശ്രം.. പിന്നെയെല്ലാം യന്ത്രികമായിരുന്നു. എന്തൊക്കെയോ അങ്ങോട്ടു ചോദിച്ചു അവർ ഹിന്ദിയിലും ഇഗ്ലീഷിലും എന്തൊക്കെയോ ഉത്തരവും നൽകി. ഉച്ചയ്ക്ക് 2 മണി തൊട്ട് 4.30 വരെയാണ് പ്രവേശന സമയം. നിങ്ങളൽപ്പം കാത്തിരിക്കൂ എന്നാണ് പറഞ്ഞതിന്റെ സാരാംശം. ഞങ്ങൾക്ക് നാട്ടിലോട്ടു പോകേണ്ടതുണ്ട്, ഇനിയോരവസരത്തിൽ വരാമെന്ന് അവരെ പറഞ്ഞു മനസിലാക്കി. എന്നാൽ “Come another day” എന്നും പറഞ്ഞ് ഞങ്ങളെ പുഞ്ചിരിച്ചു കൊണ്ട് യാത്രയാക്കി..

ഏക്കറുകളോളം വിസ്തൃതിയുള്ള ഈ ഭൂപ്രദേശത്തിന്റെ മധ്യത്തിലായി ഒരു ആശ്രമവും പണി കഴിപ്പിച്ചു ശാന്തസുന്ദരമായ ജീവിതം നയിക്കുന്ന അവരെയോർത്തപ്പോൾ അസൂയ തോന്നി.. പക്ഷെ പറഞ്ഞുകേട്ട സായിപ്പന്മാരെവിടെ? സംശയം സംശയമായി തന്നെ നിന്നു. ഇനി അതല്ലേ ഇത്??

അതിനെ കുറിച്ചു ചോദിക്കാൻ മറന്നു. ഇനിയൊരിക്കലാവട്ടെ..

വീണ്ടും നടന്നു, യാത്ര തുടങ്ങിയ സ്ഥലം ലക്ഷ്യമാക്കി.. കാലുകളൊക്കെ വേച്ചുതുടങ്ങിയിരുന്നു. എന്നാലും ക്ഷീണം കാര്യമാക്കാതെ അട്ടകളെ ഇടക്കിടക്ക് തട്ടിത്തെറിപ്പിച്ച് കുന്നിറങ്ങി. ഒടുവിൽ ഞങ്ങൾ വന്നിറങ്ങിയ റോഡ് കണ്മുന്നിൽ തെളിഞ്ഞു. 24 kmകൾ ഒരു ദിവസം കൊണ്ട് കീഴടക്കി ഞങ്ങൾ യാത്ര തുടങ്ങിയ സ്ഥലത്തേക്ക് തന്നെ തിരിച്ചെത്തിയിരിക്കുന്നു. മനസിൽ ആശ്വാസത്തിന്റെ നാമ്പുകൾ തളിരിട്ടു. കാലിലുള്ള സകലമാന അട്ടകളെയും തട്ടിക്കളഞ്ഞു.. കണക്കു പ്രകാരം ഞങ്ങളിൽ ഒരാളുടെ കാലിൽ നിന്ന് 50 ൽ മേലെ അട്ടകളാണ് ഇന്ന് ഒറ്റദിവസം കൊണ്ട്‌ ഞങ്ങൾ എണ്ണിത്തീർത്തത്. കുടിച്ചു ബോധം കെട്ടു വീണവർ അതിലുമേറെ.

2.30 ക്കാണ് കൊല്ലൂരെക്കുള്ള ബസ്. സമയം അത്രയായിട്ടും ബസ് കാണാത്തപ്പോൾ ഞങ്ങൾ താഴേക്ക് മെല്ലെ നടക്കാമെന്നു തീരുമാനിച്ചു. അവിടെനിന്നും 15 km കൂടിയുണ്ട് താഴേക്ക്.. എന്നാലും പോകുന്ന വഴിയിൽ ഏതെങ്കിലും വണ്ടി കിട്ടാതിരിക്കില്ല എന്ന പ്രതീക്ഷയിൽ ഞങ്ങൾ റോഡിലൂടെ നടത്തമാരംഭിച്ചു. നട്ടുച്ച സമയമായിട്ടുപോലും കോടയ്ക്ക് ഒരു കുറവുമില്ല. സൂര്യനെ കാണണമെങ്കിൽ ഇനി നാട്ടിലേക്കെത്തണ്ടിവരും.

വാഹനങ്ങൾ കുറവാണ്. വല്ലപ്പോഴും ഒരു ബൈക്കോ കാറോ വന്നാലായി.. അവരാണെങ്കിൽ കണ്ട ഭാവം നടിക്കുന്നില്ല. ഒടുവിൽ ഒരു ടൂറിസ്റ്റ് ബസ് ഞങ്ങൾക്ക് വേണ്ടി നിർത്തി തന്നു. ഞങ്ങൾ വർധിത സന്തോഷത്തോടെ ഉള്ളിൽ കയറി ഡ്രൈവർക്ക് താങ്ക്സ് പറഞ്ഞു. ബസിൽ കർണാടകയിലെ കോലാർ എന്ന സ്ഥലത്തു നിന്ന് മൂകാംബികയിലേക്കു വരുന്ന തീര്ഥാടകരാണ്. അവരൊക്കെ അന്യഗ്രഹജീവികളെപ്പോലെ ഞങ്ങളെ തുറിച്ചു നോക്കി.. കാലിലെ ചോരയൊക്കെ കണ്ട് അവർക്കും വെപ്രാളമായി. എന്നാൽ അത് കുഴപ്പമുള്ളതല്ല, പോയിട്ട് ഒന്നു കുളിച്ചാൽ എല്ലാം ശരിയാവും എന്ന് അതിലുള്ളവരെ ഏതൊക്കെയോ ഭാഷയിൽ പറഞ്ഞു മനസിലാക്കിയെന്നു വരുത്തി തീർത്തു.

ഒടുവിൽ കൊല്ലൂരെത്തി. ഡ്രൈവറോട് ഒരു താങ്ക്സും പറഞ്ഞ് സൗപർണികയുടെ തീരത്തേക്ക്.. ഒരു കുളി പാസാക്കണം, ചോരയെല്ലാം കഴുകികളയണം, ക്ഷീണം തീർക്കണം. സൗപർണിക കണ്ടപ്പോഴേ മനസ് മാറി. കുളിക്കണോ?? പുഴയുടെ എതിർഭാഗത്തുള്ള ചുഴിയിൽ ആയിരക്കണക്കിന് പ്ലാസ്റ്റിക്ക് കുപ്പികളും വേസ്റ്റുകളും ഒഴുകിനടക്കുന്നു.

സാരമില്ല, എന്തു ചെയ്യാം.. വേറെ വഴിയില്ലല്ലോ.. കണ്ണും മൂക്കും പൊത്തി രണ്ടു മുങ്ങൽ മുങ്ങി. കാലിലെ ചോരയൊക്കെ തുടച്ചു കളഞ്ഞു. അട്ടകൾ ഉമ്മവെച്ച ലിപ്സ്റ്റിക് പാടുകൾ അങ്ങിങ്ങായി ഉണ്ട്. കുളിക്കു ശേഷം നാട്ടിലേക്കുള്ള ബസ് തിരഞ്ഞ് കൊല്ലൂർ ബസ് സ്റാന്റിലേക്ക്. മഴ അപ്പോഴും ചാറ്റുന്നുണ്ടായിരുന്നു, യാത്രയിലുടനീളം കൂടെയുണ്ട് ഈ മഴ.

30ഓളം കിലോമീറ്ററുകൾ നടന്നുകഴിഞ്ഞു ഇന്ന് ഒറ്റ ദിവസം കൊണ്ട്. അട്ടപ്പേടി മാറിക്കിട്ടി. മനോഹരമായ ഒരുപാട് ദൃശ്യങ്ങൾ കൺകുളിർക്കെ കണ്ടു. ചാറ്റൽമഴയും കോടമഞ്ഞും ഈ മണിക്കൂറുകളിലത്രയും ദേഹത്തേറ്റുവാങ്ങി. വന്യമായ കാടിന്റെ സൗന്ദര്യത്തിന്റെ ഇതുവരെ കാണാത്ത ഒരു തലം കണ്ടു.

ഇതൊന്നും അസ്വദിക്കാൻ പറ്റാത്ത ജീവിതങ്ങൾ എത്രയോ ഈ ലോകത്തില്ലേ.. പറ്റുമായിരുന്നിട്ടും ശ്രമിക്കാത്ത എത്രയോ പേർ. കാട്ടിലേക്കുള്ള യാത്ര നമ്മുടെ അമ്മവീട്ടിലേക്കുള്ള യാത്ര പോലെയല്ലേ, അവിടെയുള്ള നമ്മുടെ സഹോദരന്മാർ നമ്മളെ പ്രകോപനമൊന്നുമില്ലാതെ ഉപദ്രവിക്കില്ലെന്നറിയില്ലേ..

കാലിൽ ഉരുണ്ടുകയറുന്ന തരിപ്പും അട്ടകൾ സമ്മാനിച്ച നനുത്ത നോവും ആസ്വദിച്ച് ,നീങ്ങിത്തുടങ്ങിയ ബസിന്റെ സൈഡ്സീറ്റിലിരുന്ന് പുറത്തേക്ക് കണ്ണും നട്ട് ഞാൻ ചിന്തയിലാണ്ടു. യാത്രാക്ഷീണം കൊണ്ട് കണ്ണുകളടച്ച് ഉറക്കത്തിലേക്കുള്ള യാത്രയിൽ തൊട്ടടുത്ത് സന്ദീപും…

പോയതും വന്നതുമായ വഴികൾ: ●Mangalore-Kundapura bus (5pm-8pm)
●Kundapura-Kollur mookambika(8pm-9.30pm)
●Rented a room for Rs.200/- (Since it was off-season)
●Catch the KSRTC to shimoga starting at 5.45 am from bus stand
●Get down to the place called karrakkatte

 

വരികളും ചിത്രങ്ങളും : Sachin Thattummal
*********************************************************

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply