2012 ലെ എന്‍റെ ആദ്യത്തെ തായ്​ലാൻ്റ് യാത്രയുടെ ഓര്‍മ്മകള്‍…

എന്റെ ആദ്യ യാത്ര 12 വര്ഷങ്ങള്ക്കു മുമ്പ് ബഹ്റൈനിലേക്കു ജോലിതേടിയായിരുന്നു . ബഹറിനിൽ നിന്നുമാണ് തായ്ലൻഡിനെ കുറിച്ച് കൂടുതൽ അറിയുന്നത് , അങ്ങിനെ 2012 നവമ്പറിൽ രാവിലെ 11 മണിക്ക് ബാങ്കോക്കിലെ സുവര്ണഭൂമിയിൽ വിമാനമിറങ്ങി. ഇന്ത്യക്കാർക്ക് ഇവിടുത്തെ എയർപോർട്ടിൽ നിന്നും ഏകദേശം 2000 രൂപക്ക് (ഇന്ന് അത് ഇരട്ടിയായിട്ടുണ്ട്) തുല്യമായ തായ് ബാത് കൊടുത്താൽ 15 ദിവസത്തെ വിസ ലഭിക്കും.

‘ബാങ്കോങ്ക്’ തായ്ലൻഡ്ന്റെ തലസ്ഥാനം , ഏതൊരു രാജ്യതലസ്ഥാനത്തോടും കിടപിടിക്കുന്ന നഗരം , ദുബായിലും മറ്റും കാണുന്ന കാഴ്ചകളെ എനിക്കവിടെ കാണാന്കഴിഞ്ഞുള്ളു , തിരക്കുള്ള റോഡുകളും , എവിടെയും കോൺക്രീറ്റ് മന്ദിരങ്ങളുമുള്ള സമ്പന്ന നഗരം. നഗരത്തിലെല്ലാം മരങ്ങൾ നട്ടുപിടിപ്പിച് പച്ചപ്പുനിലനിർത്തുന്നതിൽ തായ് ഭരണകൂടം പ്രത്യേക ശ്രദ്ധ പുലർത്തുന്നു എന്നത് അഭിനന്ദനാർഹമാണ്. ഞങൾ അവിടെ ഒരു ദിവസം താമസിച്ചു ആറരമണിക്കൂർ വിമാനയാത്രയുടെ ക്ഷീണവും തീർത്തു പട്ടയയിലെക്ക് കാറിൽ യാത്രതിരിച്ചു.

ബാങ്കോക്ക് സിറ്റിയിൽ നിന്നും 2 മണിക്കൂർ ഡ്രൈവ്ചെയ്തു രാത്രിയിൽ ഉണരുന്ന നഗരമായ പട്ടയയിൽ എത്തി . ഉറങ്ങാത്ത തെരുവുകളും , മദ്യശാലകളും, മസാജ് സെന്ററുകളും വലവീശിപിടിക്കാൻ റോഡിനിരുവശവും നിൽക്കുന്ന സുന്ദരികളും ഉള്ള വോക്കിങ് സ്ട്രീറ്റ്. ആവശ്യക്കാർക്ക് എന്തും ലഭിക്കുന്ന സ്ഥലം , സംഗീതവും, വെളിച്ചവും, അല്പവസ്ത്രധാരികളായ സുന്ദരിമാരെല്ലാംചേർന്ന് ഒരു മായിക ലോകം തീർക്കുന്നു. പുലരുവോളമുള്ള ആഘോഷരാവിനുശേഷം പുലർച്ചയോടെ ഇവിടം ഉറക്കത്തിലേക്കു വീഴുന്നു.

സിനിമകളിലൂടെ നമുക്ക് പരിചിതമായ സെക്സ് ടൂറിസം മാത്രമല്ല ഇവിടെയുള്ളത് , പ്രകൃതിയെ മലിനമാക്കാതെ വിനോദസഞ്ചാരം എങ്ങിനെ വളർത്താം എന്നതിന് തായ്ലൻഡ് മാതൃകയാണ്. ഒരുപാട് ബുദ്ധ വിഹാരങ്ങളും , സഫാരിപാർക്കും , ദ്വീപുകളും, ഓരോ ദ്വീപുകളും വിനോദസഞ്ചാരത്തിനായി നന്നായി ഉപയോഗിക്കാൻ ഇന്നാട്ടുകാർക്കാരിറയാം . വിദേശികളോടുള്ള ഹ്ര്യദ്യമായ പെരുമാറ്റവും എടുത്തുപറയേണ്ട ഒന്നാണ് .ഒരുപാടു വൈവിധ്യമായ തായ് രുചികൾ നമുക്ക് ആസ്വദിക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന സഫാരി ടൂറും, ബ്രസീലിലെ കാർണിവലിൽ കാണുന്നതുപോലെ വര്ണപ്പകിട്ടാർന്ന ഡ്രെസ്സ് ധരിച്ച തായ് സുന്ദരിമാരുടെ ‘ആൾകാസർ’ ഷോയോയും, തായ് സംസ്കാരത്തെയും, കലകളെയും അടുത്തറിയാൻ സാധിക്കുന്ന ഒരുപാട് ഷോകളും ഇവർ നമുക്കായി അവതരിപ്പിക്കുന്നു.

മറ്റൊരു കൗതുകകരമായ കാഴ്ച്ചയാണ് ഫ്ലോട്ടിങ് മാർക്കറ്റ് , മുഴുവനായും മരത്തിൽ നിർമിച്ച ഒരു കൊച്ചു തുരുത്ത് , സോവ്നീറുകളും , ശില്പങ്ങളും , വൈവിധ്യമാർന്ന തായ് ഭക്ഷണങ്ങളും വിൽക്കുന്നയിടം , അവരുടെ നാട്ടിന്പുറങ്ങളിൽനിന്നുമുള്ള ചക്കയും , മാങ്ങയും നല്ല ” വൃത്തിയായി ” മുറിച്ചു വിൽക്കുന്നു , അത് വാങ്ങാനായി ഒരുപാടു വിദേശികൾ വരിയിൽ നിൽക്കുന്നു , കേരളത്തിൽ നിന്നുമുള്ള എനിക്ക് ചിരിയുണർത്തുന്ന കാഴ്ചയായിരുന്നു , അതോടൊപ്പവും നമുക്ക് എന്തുകൊണ്ട് ഇങ്ങനെ ചെയ്തുകൂടാ എന്ന ചിന്തയും മനസിലൂടെ കടന്നുപോയി.

മനോഹരമായ കോഹ് ലൻ & കോഹ് ഫി ദ്വീപുകളിലേക്ക് പട്ടയയിൽ നിന്നും ബോട്ട് സർവീസ് ഓരോ അരമണിക്കൂറിലുമുണ്ട് , ഗവർമെന്റ് സർവീസ് ആയതുകൊണ്ടുതന്നെ ചാർജ് വളരെ കുറവാണ് , 30 മിനിറ്റിനകം നമുക്കെത്തിച്ചേരുകയും ചെയ്യാം. 5 ദിവസത്തെ പട്ടയയിലെ താമസത്തിനുശേഷം ഞങൾ ഫുകേടിലേക്ക് തിരിച്ചു.

ഒന്നരമണിക്കൂർ വിമാനത്തിൽ യാത്രചെയ്തു ഫുകേട് എന്ന വലിയൊരു ദ്വീപിലെത്തി . പഴയ ജെയിംസ്ബോണ്ട് മൂവി ഷൂട്ചെയ്ത മനോഹരമായ ജെയിംസ് ബോണ്ട് ഐലൻഡും, ഡികാപ്രിയോ മൂവി “ദി ബീച്ച്” ഷൂട്ചെയ്ത ഫിഫി ഐലൻഡും, മായാ ബീച്ചും ഇവിടെയാണുള്ളത്. ഇവിടെനിന്നും കുറഞ്ഞനിരക്കിൽ എല്ലായിടത്തേക്കും ബോട്ട് സെർവീസുണ്ട്. ഓരോ ദിവസം ഓരോ ദ്വീപുകളിൽ ചെലവിടുന്നത് നന്നായിരിക്കും. കടലിനടിയിലൂടെ നടക്കാവുന്ന ഹെൽമെറ്റ് ഡൈവിംഗ്ഉം, ആഴകടലിലേക്കു പോകാവുന്ന സ്കൂബ ഡൈവിംഗ്ഉം, മറ്റൊരുപാട് ജലവിനോദങ്ങളും നമുക്കിവിടെ സുരക്ഷിതമായി ആസ്വദിക്കാം.

എല്ലാ പെട്ടിക്കടകളിലും മദ്യം സുലഭമായികിട്ടും എന്നാൽ ആരുംതന്നെ കുടിച്ചു റോഡിൽകിടക്കുന്നില്ല , മറ്റുള്ളവരെ ഉപദ്രവിക്കുന്നില്ല എല്ലാവരും അവരവരുടെ ലോകത്ത് സഞ്ചരിക്കുന്നു. കുറഞ്ഞ ചിലവിൽ ജോലിത്തിരക്കുകളിൽനിന്നുമാറി വിശ്രമിക്കാൻ പറ്റിയ ഇടം . സദാചാരപോലീസില്ല, ഒളിഞ്ഞുനോട്ടമില്ല. 10 ദിവസത്തെ യാത്രക്കുശേഷം സൗഹൃദ മനോഭാവമുള്ള അനാട്ടുകാരോട് യാത്ര പറഞ്ഞു ബഹ്റൈനിലെ തിരക്കുപിടിച്ച ജീവിതത്തിലേക്കു തിരിച്ചെത്തി . അതുനുശേഷം 10 ഓളം രാജ്യങ്ങളിൽ യാത്രചെയ്തു എങ്കിലും തായ്ലൻഡ് ഒരു നൊസ്റാൾജിയയായി മനസ്സിൽ നിൽക്കുന്നു.

വിവരണം – ദീപക് മേനോന്‍.

Check Also

മാളൂട്ടി ചിക്കൻ കോർണർ; പാലോട്ടുവിളയിലെ വിജയൻ ചേട്ടൻ്റെ കട

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. പാലോട്ടുവിളയിലെ വിജയൻ ചേട്ടന്റെ കട. ഇത് ഒരു …

Leave a Reply