ചൂടുകാലം വരുന്നു; വാഹന ഉടമകളും യാത്രികരും ശ്രദ്ധിക്കേണ്ട 12 കാര്യങ്ങള്‍

ചൂടുകാലത്ത് വാഹന ഉടമകളും യാത്രികരുമൊക്കെ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട 12 എണ്ണമാണ് താഴെപ്പറയുന്നത്. ഇവയൊക്കെ അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ വാഹനങ്ങളുടെ മാത്രമല്ല നിങ്ങളുടെ ജീവനും ആയുസ്സും സംരക്ഷിക്കാം.

രാന്‍ പോകുന്നത് ചൂടുകാലമാണ്. അടുത്തകുറച്ചുകാലങ്ങളായി ചൂടുകാലത്ത് കേള്‍ക്കുന്ന വാര്‍ത്തകള്‍ അത്ര സുഖകരമല്ല. സൂര്യതാപം ജീവനെടുക്കുന്ന വാര്‍ത്തകളാണ് പലപ്പോഴും കേള്‍ക്കുന്നത്. ചൂട് മനുഷ്യജീവനുകളെ മാത്രമാണ് ബാധിക്കുന്നതെന്ന് കരുതിയെങ്കില്‍ തെറ്റി. നമ്മുടെ പ്രിയപ്പെട്ട വാഹനങ്ങളുടെ ദീര്‍ഘായുസിനും കടുത്ത ചൂട് പലപ്പോഴും വിനയായി മാറും. അതുപോലെ ചൂടുകാലത്തെ യാത്രകളിലും അപകടങ്ങള്‍ പതിയിരിപ്പുണ്ട്. അതിനാല്‍ ചൂടുകാലത്ത് വാഹന ഉടമകളും യാത്രികരുമൊക്കെ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട 12 എണ്ണമാണ് താഴെപ്പറയുന്നത്. ഇവയൊക്കെ അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ വാഹനങ്ങളുടെ മാത്രമല്ല നിങ്ങളുടെ ജീവനും ആയുസ്സും സംരക്ഷിക്കാം.

1. റേഡിയേറ്റര്‍ – വാഹനത്തിന്‍റെ റേഡിയേറ്റര്‍ ശ്രദ്ധിക്കുക. കാരണം എൻജിന്‍റെ ചൂട് കുറയ്ക്കുന്നതിനുള്ള സംവിധാനമാണല്ലോ റേഡിയേറ്റർ. വേനൽച്ചൂടിൽ റേഡിയേറ്ററിന്‍റെ ചെറിയ തകരാർ പോലും എൻജിൻ ഓവർ ഹീറ്റാകാൻ ഇടയാകും. ഇത് ചെലവേറിയ എൻജിൻ പണിയ്ക്ക് കാരണമാകും. അതിനാല്‍ കൂളന്‍റ് പഴകിയതെങ്കിൽ മാറുക. റേഡിയേറ്റർ ക്യാപ്പ് നീക്കി കൂളന്‍റെ പരിശോധിക്കുക. നിറവ്യത്യാസമുണ്ടെങ്കിൽ മാറുക. റേഡിയേറ്റർ ഫാൻ ബെൽറ്റ്, ഹോസ് എന്നിവ പരിശോധിച്ച് വിള്ളലില്ലെന്ന് ഉറപ്പാക്കണം. റേഡിയേറ്ററിനു ചോർച്ചയില്ലെന്നും ഉറപ്പ് വരുത്തണം.

2. എ സി – എസിയ്ക്ക് ഏറെ ഉപയോഗമുള്ള കാലമാണ് വേനല്‍. എസിയ്ക്ക് തണുപ്പ് കുറവുണ്ടെന്ന് തോന്നുന്ന പക്ഷം അത് എസി മെക്കാനിക്കിനെക്കൊണ്ട് പരിശോധിപ്പിച്ച് തകരാർ പരിഹരിക്കുക. മതിയായ അളവിൽ റഫ്രിജറന്‍റ് ഇല്ലെങ്കിൽ തണുപ്പ് കുറയും. അതുപോലെ തന്നെ ചൂടുകാലത്ത് എസി പ്രവര്‍ത്തിപ്പിക്കുന്ന കാര്യത്തിലും ശ്രദ്ധ വേണം. കാരണം മാരകരോഗങ്ങള്‍ എസിയുടെ അശ്രദ്ധ ഉപഭോഗം മൂലം നിങ്ങളെ തേടിയെത്തുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

യാത്ര ചെയ്യാന്‍ കാറില്‍ കയറി ഇരുന്നയുടന്‍ എസി പ്രവര്‍ത്തിപ്പിക്കരുത്. കാറിന്റെ ഡാഷ് ബോര്‍ഡ്, ഇരിപ്പിടങ്ങള്‍, എയര്‍ ഫ്രഷ്നര്‍ എന്നിവയില്‍ നിന്നു പുറപ്പെടുന്ന ബെന്‍സൈം എന്ന വാതകം മാരകമായ കാന്‍സര്‍ രോഗത്തിനു കാരണമാകും. അതുകൊണ്ട് കാറില്‍ കയറിയിരുന്നു ഗ്ലാസ് താഴ്ത്തി ഉള്ളിലുള്ള വായു പുറത്തുപോയ ശേഷം മാത്രം എസി പ്രവര്‍ത്തിപ്പിക്കുക.

ഏറെ നേരം വെയിലത്ത് കിടന്ന വാഹനം എടുക്കുമ്പോൾ വിൻഡോ ഗ്ലാസുകൾ എല്ലാം താഴ്ത്തി ഫാൻ പരമാവധി വേഗത്തിൽ പ്രവർത്തിപ്പിച്ച് കൊണ്ട് ഓടിയ്ക്കുക. ചൂട് വായുവിനെ എളുപ്പത്തിൽ പുറന്തള്ളാൻ ഇതു സഹായിക്കും. അതിനുശേഷം ഗ്ലാസുകൾ ഉയർത്തി എസി പ്രവർത്തിപ്പിക്കുക.

ചൂടുകാലത്താണ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ചൂടുകാലത്തു നിര്‍ത്തിയിട്ടിരിക്കുന്ന കാറിന്റെ ഉള്ളില്‍ കയറിയ ഉടന്‍ എസി പ്രവര്‍ത്തിപ്പിക്കുന്ന ആള്‍ക്ക് ഉയര്‍ന്ന തോതില്‍ വിഷവാതകം ശ്വസിക്കേണ്ടി വരും. ചൂടുള്ള സ്ഥലത്തു നിര്‍ത്തിയിട്ടിരിക്കുന്ന കാറിനുള്ളില്‍ ബൈന്‍സൈമിന്റെ അളവ് 2000 മുതല്‍ 4000 മി.ഗ്രാം വരെ ഉയരാന്‍ സാധ്യതയുണ്ട്. അതായത് അംഗീകരിച്ച അളവിന്റെ 40 ഇരട്ടിയോളമാണിത്. അടച്ചിട്ട മുറിയിലോ കാറിലോ ആരോഗ്യത്തിനു ഹാനികരമല്ലാത്ത രീതിയില്‍ ബെന്‍സൈമിന്റെ അംഗീകരിച്ച അളവ് 50 മി.ഗ്രാം/സ്ക്വയര്‍ഫീറ്റാണ്.

ബെന്‍സൈം വാതകം ശ്വസിക്കുന്നത് എല്ലുകളെ വിഷമയമാക്കുകയും വെളുത്ത രക്താണുക്കളുടെ കുറവും രക്തക്കുറവുമുണ്ടാക്കുകയും ചെയ്യും. ബെന്‍സൈം വാതകം കരളിനെയും വൃക്കകളെയും വിഷമയമാക്കുന്നു എന്നുമാത്രമല്ല, ഈ വിഷവസ്തു പുറംതള്ളുക എന്നതു ചികിത്സ കൊണ്ടാണെങ്കിലും വളരെയധികം വിഷമംപിടിച്ചതാണ്. ഇക്കാരണങ്ങള്‍ കൊണ്ട് എ സി ഓണ്‍ ചെയ്യുന്നതിനു മുമ്പ് ചില്ലുകള്‍ താഴ്ത്തി ശുദ്ധവായു ഉള്ളില്‍ കടത്തിയശേഷം മാത്രം എ സി പ്രവര്‍ത്തിപ്പിക്കുക.

പൊടിയില്ലാത്ത, ശുദ്ധ വായു ലഭിക്കുന്ന സാഹചര്യങ്ങളിൽ മാത്രം എസിയുടെ വെന്‍റിലേഷൻ ( പുറത്ത് നിന്ന് വായു സ്വീകരിക്കുന്ന) മോഡ് ഇടുക. റിസർക്കുലേഷൻ മോഡിൽ വാഹനത്തിനുള്ളിലെ വായുവാണ് എസി തണുപ്പിക്കുക. കാബിൻ വേഗത്തിൽ തണുപ്പിക്കാൻ ഈ മോഡാണ് ഉത്തമം.

3. വിൻഡ് സ്ക്രീൻ – വേനല്‍ക്കാലത്ത് പൊടിയുടെ ശല്യം രൂക്ഷമാകുമെന്നതിനാൽ ഇടയ്ക്കിടെ വിൻഡ് സ്ക്രീൻ വൃത്തിയാക്കേണ്ടി വരും. അതിനാൽ വാഷർ റിസർവോയറിൽ പതിവായി വെള്ളം നിറച്ച് വയ്ക്കുക.

4. ടയര്‍ മര്‍ദ്ദം – വാഹനനിർമാതാക്കൾ നിർദ്ദേശിച്ചിരിക്കുന്ന അളവിൽ ടയറുകളിൽ വായു കാത്തുസൂക്ഷിക്കുക. ടയറിൽ കാറ്റ് കുറവാണെങ്കിൽ അത് ഘർഷണം വർധിപ്പിക്കും. ഇത് അധികമായി ചൂടുണ്ടാക്കുന്നതിനാൽ ടയറിന്‍റെ തേയ്മാനം കൂടും. രണ്ടാഴ്ചയിൽ ഒരിക്കലെങ്കിലും സ്റ്റെപ്പിനി അടക്കമുള്ള ടയറുകളിലെ വായുമർദ്ദം പരിശോധിപ്പിച്ച് കുറവുണ്ടെങ്കിൽ നികത്തണം. ടയറിൽ നിറയ്ക്കേണ്ട കാറ്റിന്‍റെ അളവ് ഡ്രൈവർ സൈഡിലെ ഡോർ തുറക്കുമ്പോൾ കാണാനാവും.

അതുപോലെ ടയറുകളുടെ പ്രവര്‍ത്തനക്ഷമത ഇടയ്ക്ക് പരിശോധിക്കുകയും സമയ ബന്ധിതമായി ടയറുകള്‍ മാറ്റുകയും ചെയ്യുന്നത് അപകടങ്ങള്‍ കുറയ്ക്കാന്‍ ഏറെ സഹായിക്കുമെന്ന് പോലീസും ടയര്‍ നിര്‍മാതാക്കളും വില്‍പ്പനക്കാരും വ്യക്തമാക്കുന്നു.

വില കുറവാണെന്ന് കരുതി വാങ്ങുന്ന ടയറുകള്‍ അപകടങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കും. 32 മുതല്‍ 34 വരെ വായുസമ്മര്‍ദം വാഹനങ്ങളുടെ പ്രത്യേകിച്ചും കാറുകളുടെ ടയറുകള്‍ക്ക് ഉണ്ടായിരിക്കണം. ഇതാണ് ടയറുകളുടെ സാധാരണ എയര്‍പ്രഷര്‍ അളവുകള്‍. എന്നാല്‍ വലിയ പിക്കപ്പ് വാനുകള്‍ക്ക് 80 മുതല്‍ 85 വരെ പ്രഷര്‍ ആവശ്യമാണ്. ബസ്സുകള്‍ക്ക് 100 മുതല്‍ 140 വരെയാണ് ആണ് ഇതിന്റെ അളവ് .

വേനല്‍ക്കാല യാത്രകള്‍ക്കിടയില്‍ അടുത്ത പെട്രോള്‍ പമ്പുകളില്‍നിന്ന് എയര്‍പ്രഷര്‍ പരിശോധിക്കേണ്ടതാണ്. കാറുകളും അതുപോലെയുള്ള വാഹനങ്ങളും 70,000 മുതല്‍ 80,000 വരെ കിലോമീറ്റര്‍ ഓടിക്കഴിഞ്ഞാല്‍ നാല് ടയറുകളും മാറ്റി പുതിയവ ഉപയോഗിക്കണം. നാല് ടയറുകളും ഒരുമിച്ച് മാറ്റുന്നില്ലെങ്കില്‍ രണ്ടെണ്ണമെങ്കിലും മാറ്റാന്‍ ശ്രദ്ധിക്കുക. സ്റ്റെപ്പിനി ടയറുകള്‍എല്ലായ്‌പ്പോഴും പുതിയവ തന്നെയായിരിക്കണം. അതുപോലെ പിന്നിലെ രണ്ട് ടയറുകളും എല്ലാസമയവും പുതിയവ തന്നെയായിരിക്കണം.

ഓടിക്കുന്നതിനുമുന്‍പ് നാല് ടയറുകളും കാലുകള്‍കൊണ്ട് ചവിട്ടി പരിശോധിക്കണം. വായുസമ്മര്‍ദവും വാല്‍വുകളും പരിശോധിക്കാനും ശ്രദ്ധിക്കണം. ഇടയ്ക്ക് നാല് ടയറുകളും പരസ്പരം മാറ്റിയിട്ടുകൊണ്ട് ബാലന്‍സ് കൃത്യമാണോയെന്ന് പരിശോധിക്കണം. ടയറുകള്‍ക്ക് തേയ്മാനം സംഭവിക്കുന്നതും ഇങ്ങനെ പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കും. കമ്പ്യൂട്ടര്‍ സംവിധാനം ഉപയോഗിച്ച് ടയറുകളുടെ അലൈന്മെന്റ് സ്‌കാനിങ് പരിശോധന നടത്താന്‍ വാഹന ഉടമകള്‍ ശ്രദ്ധിക്കണം. ടയറുകളില്‍ ചീളുകള്‍, ചെറിയ മുകുളങ്ങള്‍ എന്നിവ ഉണ്ടോയെന്ന് പ്രത്യേകം പരിശോധിക്കേണ്ടതാണ്. അവ ടയറുകള്‍ പൊട്ടാനും പഞ്ചറാകാനും പ്രത്യേകിച്ചും ചൂട് കാലാവസ്ഥകളില്‍ സാധ്യത കൂടുതലാണ്. അതുപോലെ വേനല്‍ക്കാലത്ത് ടയറുകളില്‍ നൈട്രജന്‍ നിറയ്ക്കുന്നതും ഉത്തമമാണ്.

5. കുട്ടികളെ കാറിൽ ഇരുത്തി പോകരുത്. യാതൊരു കാരണവശാലും കുട്ടികളെ ഒറ്റയ്ക്ക് കാറിൽ ഇരുത്തിയിട്ട് പുറത്തേയ്ക്ക് പോകരുത്. പ്രത്യേകിച്ചും വേനല്‍ക്കാലത്ത്. നിർത്തിയിട്ട കാറിനുള്ളിലെ ചൂട് പത്ത് മിനിറ്റ് കൊണ്ട് അപകടകരമാംവിധം ഉയരും. ഇത് കുട്ടികൾക്ക് താപാഘാതം എൽക്കാൻ ഇടയാക്കും. മുതിർന്നവരെ അപേക്ഷിച്ച് മൂന്ന് മുതൽ അഞ്ച് ഇരട്ടി വേഗത്തിലാണ് കുട്ടികളുടെ ശരീര താപനില ഉയരുകയെന്ന് ഓർക്കുക. വെയിലത്ത് പാർക്ക് ചെയ്തിരിക്കുന്ന കാർ പൂട്ടിയിടാൻ ശ്രദ്ധിക്കുക. കുട്ടികളെ കാറിനുള്ളിൽ കളിക്കാൻ അനുവദിക്കരുത്.

6. വെയിലത്തു നിര്‍ത്തിയ കാറുകള്‍ പെട്ടെന്നെടുത്തു പായരുത്. ചൂടുകാലത്ത് ഉച്ചയ്ക്ക് 12 നും 3 നും ഇടയില്‍ ഡ്രൈവിങ്ങില്‍ പ്രത്യേകത ശ്രദ്ധ ചെലുത്തണം. വാഹനങ്ങള്‍ മണിക്കൂറുകളോളം കഠിന ചൂടില്‍ നിര്‍ത്തിയിട്ട് പെട്ടെന്ന് സ്റ്റാര്‍ട്ട് ചെയ്ത് എടുക്കുമ്പോഴും അതീവ ശ്രദ്ധ വേണം. അത്യുഷ്ണ സമയത്ത് അമിത വേഗത അപകടമാണ്.

7. ഇന്ധനം ഫുള്‍ടാങ്ക് നിറയ്ക്കരുത്. ചൂടുകാലത്തു വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് ഇന്ധനം നിറയ്ക്കാതിരിക്കുകയാണ് നല്ലത്.  കഴിഞ്ഞ ചൂടുകാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാഹനങ്ങളിലുണ്ടായ തീപിടിത്ത സംഭവങ്ങളാണ് ഈ മുന്നറിയിപ്പിന് കാരണം.

8. വെള്ളംകുടിക്കുക. മദ്യപിച്ചുള്ള ഡ്രൈവിംഗ് പോലെതന്നെ അപകടകരമാണ് ആവശ്യത്തിനു വെള്ളം കുടിക്കാതെയുള്ള ഡ്രൈവിംഗും എന്നാണ് വിദഗ്ധര്‍ പറയുന്നത്.  ബ്രേക്ക് ചെയ്യാൻ വൈകുക, ലൈൻ വിട്ടുപോകുക, പെട്ടെന്ന് പ്രതികരിക്കാനുള്ള ശേഷിയില്ലായ്മ എന്നിങ്ങനെയുള്ള പ്രശ്‍നങ്ങൾക്ക് നിർജലീകരണം കാരണമാകുന്നു. വരണ്ട വായ, തലവേദന, തലകറക്കം, ക്ഷീണം എന്നിവ ശരീരത്തിൽ ജലാംശം കുറഞ്ഞെന്നതിന്‍റെ ലക്ഷണങ്ങളാണ്. വേനൽക്കാല യാത്രയ്ക്കിറങ്ങുമ്പോൾ നിർബന്ധമായും ആവശ്യത്തിനു കുടിവെള്ളം കാറിൽ കരുതുക. ഇടയ്ക്കിടെ ദാഹം തീർത്ത് ഡ്രൈവ് ചെയ്യുക.

9. വേനൽ മഴയെ സൂക്ഷിക്കുക. നീണ്ട ഇടവേളയ്ക്ക് ശേഷം മഴ പെയ്യുമ്പോൾ റോഡിലെ എണ്ണയും അഴുക്കുമെല്ലാം കൂടിക്കുഴഞ്ഞ് വഴുക്കൽ ഉണ്ടാക്കും. ഇത്തരം വഴുക്കലുള്ള പ്രതലത്തിൽ ടയറിനു മതിയായ പിടുത്തം കിട്ടില്ല. അതിനാൽ വേനൽ മഴയിൽ വേഗത കുറച്ച് വാഹനം ഓടിക്കുക. ഓര്‍ക്കുക, അരമണിക്കൂറെങ്കിലും നിർത്താതെ മഴ കിട്ടിയാലേ റോഡിലെ എണ്ണയും അഴുക്കുമെല്ലാം ഒഴുകിപ്പോകൂ.

10. പാര്‍ക്കിംഗ് – തണലുള്ള സ്ഥലം നോക്കി വണ്ടി പാർക്ക് ചെയ്യുക. ഇക്കാരണത്താല്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി അൽപ്പം കൂടുതൽ നടക്കേണ്ടിവന്നാലും കുഴപ്പമില്ല. സൂര്യപ്രകാശം വാഹനത്തിനു പിന്നിൽ പതിക്കും വിധം വണ്ടി പാർക്ക് ചെയ്യുക. സ്റ്റിയറിംഗ് വിലും സീറ്റുമൊക്കെ ചൂടാകുന്നത് ഇങ്ങനെ തടയാം. പാർക്ക് ചെയ്യുമ്പോൾ മുന്നിലെയും പിന്നിലെയും വിൻഡ് സ്ക്രീനുകൾക്ക് ഉള്ളിൽ തിളക്കമുള്ള സണ്‍ഷേഡ് വയ്ക്കുന്നതും ഉള്ളിലെ ചൂട് കുറയ്ക്കാൻ സഹായിക്കും.

11. കാൽ നടയാത്രികരെ പരിഗണിക്കുക. പൊരിവെയിലത്ത് ചുട്ടുപഴുത്ത റോഡിലൂടെ നടക്കുമ്പോഴുള്ള അവസ്ഥയൊന്ന് ചിന്തിച്ചു നോക്കു. അതികഠിനമാണത്.  കാൽനടയാത്രക്കാരോട് ആ സ്ഥിതി മനസിൽ വച്ച് അനുഭാവപൂർവം പെരുമാറുക. റോഡ് മുറിച്ച് കടക്കാൻ ഒരുങ്ങുന്നവരെ കാർ നിർത്തി കടത്തിവിടുക. കാറിന്‍റെ മേൽമൂടി നൽകുന്ന തണലും എസിയുടെ തണുപ്പുമൊന്നും അവർക്കില്ല എന്ന് ഓര്‍ക്കുക.

12.സണ്‍ഗ്ലാസ്- കടുത്ത സൂര്യപ്രകാശം കണ്ണുകളെ വേഗത്തിൽ ക്ഷീണിപ്പിക്കും. അതുകൊണ്ടുതന്നെ യാത്രകളില്‍ നിലവാരമുള്ള സണ്‍ ഗ്ലാസ് ഉപയോഗിക്കുന്നത് നന്നായിരിക്കും. കണ്ണിൽ പൊടി കയറുന്നതും എസിയുടെ കാറ്റേറ്റ് കണ്ണുകൾ വരണ്ടുപോകുന്നത് തടയാനും സണ്‍ ഗ്ലാസ് സഹായിക്കും. വേനൽക്കാലത്ത് പൊടി കൊണ്ടുള്ള അലർജിയ്ക്കു സാധ്യത കൂടുതലുണ്ട്. അലർജിയോ ആസ്മയോ ഉള്ളവർ ആവശ്യമായ മരുന്നുകൾ വാഹനത്തിൽ കരുതുക.

Source – http://www.asianetnews.com/automobile/12-vehicle-tips-in-summer

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply