വിക്ടർ ജോർജ്ജ്; മഴയെ പ്രണയിച്ച് മഴയോടൊപ്പം മറഞ്ഞ ഫോട്ടോഗ്രാഫർ…

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഇതുപോലൊരു പെരുമഴക്കാലത്ത്‌ മഴയിലേക്ക്‌ ഇറങ്ങിപ്പോയതാണ്‌ വിക്ടര്‍ ജോര്‍ജ്‌. പെയ്തുതോരാത്ത മഴയുടെ ഏതോ സുന്ദരദൃശ്യം തേടി ആ കണ്ണുകള്‍ പോയത് മരണത്തിന്റെ മോഹിപ്പിക്കുന്ന നിശ്ശബ്ദതയിലേക്കായിരുന്നു. മിഴിവുള്ള ചിത്രങ്ങള്‍ക്കുവേണ്ടി, അവയുടെ പൂര്‍ണതയ്ക്കു വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ ഒരുക്കമായിരുന്ന മലയാള മനോരമ ഫോട്ടോഗ്രാഫറായിരുന്ന വിക്ടര്‍ ജോര്‍ജ്ജ്.

1955 ഏപ്രിൽ 10-നു കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിനടുത്തുള്ള കാണക്കാരി ഗ്രാമത്തിലാണ് വിക്ടർ ജോർജ്ജ് ജനിച്ചത്. തന്റെ സഹോദരനായിരുന്നു ഫോട്ടോഗ്രഫിയുടെ ആദ്യപാഠങ്ങൾ പഠിപ്പിച്ചുകൊടുത്തത്. ഒരു വിനോദമായി തുടങ്ങിയ ഫോട്ടോഗ്രഫി പിന്നീട് ഒരു മുഴുവൻ സമയ പ്രവൃത്തി ആയി മാറുകയായിരുന്നു. 1981-ൽ വിക്ടർ മലയാള മനോരമയിൽ ചേർന്നു. 1985 മുതൽ 1990 വരെ മനോരമയുടെ ഡെൽഹി ബ്യൂറോയിൽ പ്രവർത്തിച്ചു. 1986-ലെ ദേശീയ ഗെയിംസിന്റെ ചിത്രങ്ങൾ വിക്ടറിനെ അന്താരാഷ്ട്ര പ്രശസ്തനാക്കി.

അനിതാ സൂദ്, കവിതാ സൂദ് എന്നീ നീന്തൽക്കാരികളുടെ അമ്മ (അല്പം തടിച്ച സ്ത്രീ) വനിതകളുടെ 400 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിൽ ഗാലറിയിൽ നിന്ന് അവരെ പ്രോൽസാഹിപ്പിക്കുന്നതിന്റെ ശക്തമായ ചിത്രങ്ങൾ വിക്ടറിന് ഒരുപിടി അവാർഡുകളും ഖ്യാതിയും നൽകി. സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസിൽ (കൽക്കട്ട, 1989) ഇന്ത്യൻ റിലേ ടീം ബാറ്റൺ താഴെയിടുന്നതിന്റെ ചിത്രവും പ്രശസ്തമായിരുന്നു. 1990 മുതൽ വിക്ടർ മലയാള മനോരമ കോട്ടയം ബ്യൂറോയുടെ ചീഫ് ഫോട്ടോഗ്രാഫർ ആയിരുന്നു. വിക്ടറിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങൾ പ്രശസ്തമായിരുന്നു. കോട്ടയം ജില്ലാ ആശുപത്രിയിൽ പേവിഷബാധ വന്ന് മരിക്കാറായ ഒരു കുഞ്ഞിന്റെ ചിത്രം വിക്ടർ എടുത്തത് നിസ്സഹായനായ കുട്ടി അച്ഛന്റെ കൈയിൽ ഇറുക്കിപ്പിടിക്കുന്നതിന്റെ ചിത്രമായിരുന്നു. കുഞ്ഞിന്റെ മുഖവും സം‌രക്ഷിക്കുവാനായി നീണ്ട പിതാവിന്റെ കരവും മാത്രമേ ആ ചിത്രത്തിൽ ഉണ്ടായിരുന്നുള്ളൂ.

മലയാളമനോരമയുടെ ഭാഷാസാഹിത്യമാസികയായ ഭാഷാപോഷിണിക്കുവേണ്ടി വിക്ടർ എടുത്ത കവികളുടെയും കലാകാരന്മാരുടെയും എഴുത്തുകാരുടെയും ചിത്രങ്ങൾ തന്റെ ചിത്രങ്ങളുടെ വിഷയമായ കലാകാരനുമായി ഒരേ ഈണത്തിൽ സ്പന്ദിക്കുവാനുള്ള വിക്ടറിന്റെ കഴിവിന് മകുടോദാഹരണമാണ്.

കോട്ടയത്ത് കുറച്ചുനാൾ പത്രത്തിൽ പ്രവർത്തിച്ചതിനു ശേഷം വിക്ടർ തന്റെ ശ്രദ്ധ പ്രകൃതി ഛായാഗ്രഹണത്തിലേക്ക് തിരിച്ചു. പ്രകൃതിയുടെ ആക്രമണത്തിനു വിധേയമായ പരിസ്ഥിതിയും മനുഷ്യന്റെ ദുരയും വിക്ടറിന്റെ ഛായാചിത്രങ്ങൾക്ക് വിഷയങ്ങളായി. കുട്ടനാട്ടിലെ കായലുകള്‍, ഭാരതപ്പുഴ, വന്യജീവികൾ (പ്രത്യേകിച്ചും പാമ്പുകൾ), ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിന്റെ പശ്ചാത്തല ചിത്രീകരണം, കേരളത്തിലെ മൺസൂൺ എന്നിവ വിക്ടറിന്റെ പ്രിയപ്പെട്ട വിഷയങ്ങളായി.

രണ്ടുവർഷത്തോളം വിക്ടർ റെയിൻ ബുക്ക് എന്ന തന്റെ പദ്ധതിയിൽ പ്രവർത്തിച്ചു. കന്യാകുമാരി, കോവളം, ശംഖുമുഖം കടപ്പുറം, ആലപ്പുഴയിലെ കടലോരങ്ങൾ‍ എന്നിവിടങ്ങളിലെല്ലാം‍ മൺസൂൺ ചിത്രീകരിക്കുവാനായി വിക്ടർ സഞ്ചരിച്ചു. മൂന്നാറിലെയും നെല്ലിയാമ്പതിയിലെയും കുന്നുകളിൽ പട്ടുനൂൽ പോലെയുള്ള മഴയുടെ വിവിധ ഭാവങ്ങളും വിക്ടർ കാമറയിൽ പകർത്തി.

ഇടുക്കിയിൽ മഴക്കാലത്ത് വെള്ളത്തിൽ മുങ്ങിപ്പോയ ഒരു അയ്യപ്പക്ഷേത്രത്തിൽ ഒരു വഞ്ചിയിലിരുന്ന് പൂജനടത്തുന്ന പൂജാരിയുടെ ചിത്രം എടുക്കുവാൻ വിക്ടർ ശ്രമിച്ചു. ഹൈറേഞ്ച് മലനിരകളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും സൃഷ്ടിക്കുന്ന മഴയുടെ ക്രോധവും വിക്ടറിനെ ആകർഷിച്ചു. ‘മഴബുക്ക്’ എന്നൊരു നൂതന ആശയം വിക്ടര്‍ ജോര്‍ജ് തുടങ്ങിവെച്ചിട്ടുണ്ടായിരുന്നു. മഴയുടെ രൌദ്രവും, സുന്ദരവുമായ നിരവധി ഭാവങ്ങള്‍ ഇതിലോരോന്നിലും നമുക്ക് കാണാന്‍ കഴിയും. മഴയുടെ ഒരു സംഗീതം അയാളെ ഭ്രെമിച്ചിട്ടുണ്ടാവാം….

ജീവിതത്തിന്റെ അവസാന ഫ്രെയിമില്‍ നിന്ന് കുടയും ചൂടി വിക്ടര്‍ മരണത്തിലേക്ക് നടന്നുപോയത് 19 വര്‍ഷം മുമ്പാണ്. അതായത് 2001 ജൂലൈ 9ന്. ഇടുക്കി ജില്ലയിലെ വെള്ളിയാനിയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ ചിത്രമെടുക്കാനാണ് വിക്ടര്‍ ജോര്‍ജ്ജ് പോയത്. തോരാതെ പെയ്ത മഴയും ഉരുള്‍പൊട്ടലുമെല്ലാം തുടരെത്തുടരെ വിക്ടറിന്റെ ക്യാമറയില്‍ പതിഞ്ഞുകൊണ്ടിരുന്നു. മഴയുടെ രൗദ്രഭാവങ്ങളുടെ ചിത്രങ്ങള്‍ എടുത്തിട്ടും എടുത്തിട്ടും മതിവരാതെ ഇരുള്‍ വന്ന വഴിയിലൂടെ വിക്ടര്‍ നടന്നു.

വിക്ടറിന്റെ സുഹൃത്ത് ജിയോ ടോമി നോക്കുമ്പോള്‍ അങ്ങകലെ മലമുകളിലെത്തിയിരുന്നു വിക്ടര്‍. കൂടുതല്‍ മുകളിലേക്ക് കയറിപ്പോകുന്ന വിക്ടറിനെ ജിയോ ക്യാമറയില്‍ പകര്‍ത്തി. പക്ഷെ കുടച്ചൂടി പോയ ആ ചിത്രം വിക്ടറിന്റെ അവസാനത്തെ ആയിരിക്കുമെന്ന് ആ സുഹൃത്ത് കരുതിയിരുന്നില്ല. പാന്റ് മുകളിലേക്ക് തെറുത്ത് വച്ച്, കുടയും ചൂടി ഏകാഗ്രതയോടെ നടന്നു നീങ്ങുന്ന വിക്ടര്‍. പൊട്ടി വരുന്ന ഉരുള്‍ വിക്ടര്‍ കണ്ടുകാണില്ല, കല്ലും വെള്ളവും കുത്തിയൊലിച്ച ആ ഹുങ്കാരത്തില്‍ വിക്ടര്‍ നിലവിളിച്ചിരുന്നുവോ? അറിയില്ല. മരണത്തിന്റെ നീലമലയിലേക്ക് നടന്നുപോയ വിക്ടറിന്റെ ഓര്‍മ്മ നെഞ്ചിലേറ്റുകയാണ് മലയാളികള്‍. മറന്നുവച്ചപോലെ പൊട്ടിത്തകര്‍ന്ന ആ ക്യാമറ ഇന്നും മലയാളികളുടെ മനസിലുണ്ട്.

ഇന്നും വിക്ടര്‍ ജോര്‍ജ്ജ് എന്ന വ്യക്തിയെ നാം ഓര്‍ക്കുന്നത് അദ്ദേഹം പകര്‍ത്തിയ നിശ്ചലഛായാഗ്രഹണതിൽ കൂടിയാണ്..മിക്ക ചിത്രങ്ങളിലും തന്റെ മഴയെന്ന കാമുകിയെ ഉള്‍പ്പെടുത്തിയിട്ടുണ്ടാവും. അല്ലെങ്കില്‍ അവള്‍ തന്നെ കടന്നു വന്നിട്ടുണ്ടാകും..! ആ ചിത്രങ്ങള്‍ പ്രത്യേകിച്ചും നിറമുള്ള കാഴ്ച്ചയെ സ്നേഹിക്കുന്ന ചിത്രകാരന്മാര്‍ക്ക് ദൃശ്യ വിരുന്നൊരുക്കി.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply