ജാതിക്കും മതത്തിനും ലിംഗത്തിനും വർണ്ണത്തിനും എല്ലാം അതീതമായ ഒന്നാണ് മലയാളിക്ക് മദ്യം. കേരള ഖജനാവിന്റെ നെടും തൂണായ കുടിയന്മാർ പക്ഷേ ഇരുളിന്റെ മറവിൽ ഒളിച്ചും പതുങ്ങിയുമാണ് ഇതുവരെ കഴിഞ്ഞിരുന്നത്. പക്ഷേ, തുടങ്ങി ഒരു വർഷത്തിനകം 18 ലക്ഷം മെമ്പർമാരുമായി കേരളത്തിൽ അത്ഭുതമാകുകയാണ് ഈ മതേതര, രാഷ്ട്രീയേതര മദ്യ കൂട്ടായ്മ. ‘ഗ്ലാസ്സിലെ നുരയും പ്ളേറ്റിലെ കറിയും’ അഥവാ ‘GNPC’ ഇതാണ് ഈ ഗ്രൂപ്പിന്റെ പേര്. കേരളത്തില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളികള്‍ ഈ ഗ്രൂപ്പില്‍ അംഗങ്ങളാണ്. 23 വയസ്സു കഴിഞ്ഞ ആർക്കും ഈ ഗ്രൂപ്പിൽ അംഗമാകാം. അനാവശ്യ പോസ്റ്റുകൾ ഇടാതിരിക്കുക എന്നത് മാത്രമാണ് ശ്രദ്ധിക്കേണ്ട ഏക കാര്യം.
അസൂയക്കാരും മതഭ്രാന്തന്മാരും ഇല്ലാത്ത ലോകത്തിലെ തന്നെ ഒരേയൊരു ഗ്രൂപ്പായിരിക്കും ചിലപ്പോൾ ഇത്. GNPC എന്ന ഈ ഫേസ്ബുക് ഗ്രൂപ് അല്ലാതെ വേറെ ഒരു രീതിയിലും ഉള്ള വാട്സാപ്പ് ഗ്രൂപ്പോ, ഫേസ്ബുക്ക് പേജോ, മറ്റേതെങ്കിലും വെബ്സൈറ്റുകളോ ഉപയോഗിക്കുന്നില്ല. ഇതുകൂടാതെ, GNPC ഫേസ്ബുക്ക് ഗ്രൂപ്പ്, ഏതെങ്കിലും തരത്തിൽ ഉള്ള സാമ്പത്തികമായുള്ളതോ, വ്യക്തിപരമായുള്ളതോ ആയ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നില്ല. ഇത്തരത്തിൽ ഏതെങ്കിലും വ്യക്തികൾ ഈ ഗ്രൂപ്പ് ദുരുപയോഗം ചെയ്തു ഉണ്ടാകുന്ന സാമ്പത്തികമായുള്ളതോ, വ്യക്തിപരമായുള്ളതോ ഉള്ള കഷ്ട നഷ്ടങ്ങൾക്ക് ഗ്രൂപ്പ് അഡ്മിൻസോ, മോഡറേറ്റേഴ്സോ ഉത്തരവാദികൾ ആയിരിക്കില്ല എന്നും ഗ്രൂപ്പ് നിയമാവലിയില്‍ പറയുന്നുണ്ട്.
നിയമവിധേയമല്ലാത്ത മദ്യത്തിന്റെയോ, മറ്റേതെങ്കിലും വസ്തുവിന്റെയോ വിലപ്പനയോ, കൈമാറ്റമോ പാടില്ല. എല്ലാ അത്തരം പ്രവർത്തികളിൽ നിന്ന് ഗ്രൂപ് മെമ്പേഴ്സ് വിട്ടു നിൽക്കണം. ഫ്രീക്കൻമാരുടെ കോപ്രായങ്ങളോ, ട്രോളൻമാരുടെ പ്രാപഞ്ചിക പുച്ഛമോ ഇല്ലാത്ത, സന്തോഷവും സമാധാനവും മാത്രം തരുന്ന ഗ്രൂപ്പ് എന്നാണ് ഇതിനെ അംഗങ്ങൾ വിശേഷിപ്പിക്കുന്നത്. ലഹരിയുടെ പേരിൽ ആണെങ്കിലും ഒരുപാട് നല്ല കാര്യങ്ങൾക്കുള്ള സാധ്യതകളും ഈ ഗ്രൂപ്പ് തുറന്നിടുന്നു. രോഗിക്ക് ബ്ലഡ് ആവശ്യമുണ്ട് എന്ന പോസ്റ്റ് വന്ന് മണിക്കൂറുകൾക്കകം തന്നെ ഒരു ജി.എൻ.പി.സി മെമ്പർ ഹോസ്പിറ്റലിൽ എത്തിച്ചേരുകയും രക്തം ദാനം ചെയ്യുകയുമുണ്ടായി.
ജവാനും ജാക്ക് ഡാനിയല്‍സും ആണ് ഗ്രൂപ്പിലെ താരങ്ങള്‍. നാട്ടിലെ ടീമുകള്‍ ജവാന് ഇട്ട് പൊലിപ്പിക്കുമ്പോള്‍ പുറംനാട്ടുകാര്‍ ജെ.ഡി. എന്നു ചുരുക്കി വിളിക്കുന്ന ജാക്ക് ഡാനിയല്‍സിന്റെ വിശേഷങ്ങളാണ് പോസ്റ്റ് ചെയ്യുന്നത്. പക്ഷേ ഇവിടെ ജവാൻ കഴിക്കുന്നവനും ജെ.ഡി കഴിക്കുന്നവനും ഒരേ തട്ടിലാണ് എന്നതാണ് ഈ ഗ്രൂപ്പിന്റെ പ്രത്യേകത. വിവാഹ തലേന്ന് പരിചയം ഇല്ലാത്ത ബ്രാൻഡ് കഴിച്ച്, വിവാഹ ദിനം കട്ട ഹാങ്ഓവറുമായി നിൽക്കേണ്ടി വന്ന യുവാവിന്റെ ചിത്രം സഹിതമുള്ള മുന്നറിയിപ്പ് പോസ്റ്റാണ് ഈ ഗ്രൂപ്പിലെ ആദ്യ ഇന്റർനാഷണൽ വൈറൽ പോസ്റ്റ്. ഉറങ്ങി കിടക്കുന്ന അച്ഛനറിയാതെ അദ്ദേഹം ഒഴിച്ചു വച്ച പെഗ്ഗ് കട്ടു കുടിക്കുന്ന പ്രായപൂർത്തിയായ മകൻ, അമരേന്ദ്ര ബാഹുബലിയെ രാജമാതാ ശിവകാമി വെള്ളത്തിന് മുകളിൽ പൊക്കിപ്പിടിച്ച പോലെ മദ്യക്കുപ്പി പൊക്കി പിടിച്ചിരിക്കുന്ന അമരേന്ദ്ര രാജേഷ്, കിണ്ടിയും വാഴയിലയുമൊക്കെ വെച്ച് ബഹുമാനത്തോടെ മദ്യപിക്കണമെന്നു പറയുന്ന ശിവയും ഒക്കെ ഗ്രൂപ്പിൽ ചിരി ഉണർത്തിയവരാണ്.
ഇപ്പോള്‍ ഗ്രൂപ്പ് അംഗങ്ങള്‍ക്കായി GNPC യുടെ ലോഗോ അടങ്ങിയ സ്റ്റിക്കറുകളും ഇറക്കിയിട്ടുണ്ട്. മെമ്പര്‍മാര്‍ ഇതു വാങ്ങി തങ്ങളുടെ വാഹനങ്ങളില്‍ അഭിമാനത്തോടെ ഒട്ടിക്കുകയും ചെയ്യുന്നു. ഏതായാലും മെമ്പർമാർ വളരെ ഹാപ്പിയാണ്. ഫേസ്ബുക്കിലെ ചെളി വാരി എറിയലും, തൊഴുത്തിൽ കുത്തുമെല്ലാം അന്യം നിന്ന ഒരു സോഷ്യലിസ്റ്റ് വാൾ ആണ് ഇപ്പോൾ അവർക്കുള്ളത്. ഈ ഗ്രൂപ്പില്‍ അംഗമാകുന്നവര്‍ക്ക് ജി.എൻ.പി.സിയുടേതല്ലാത്ത മറ്റൊരു പോസ്റ്റുകളും ഇപ്പോൾ വാളിൽ കാണിക്കാറില്ലത്രേ… എന്തായാലും, എല്ലാ കാര്യങ്ങളിലും പ്രത്യേകത വച്ചു പുലർത്തുന്ന മലയാളികൾക്ക് പറ്റിയ ഗ്രൂപ്പു തന്നെയാണിത്.
ഈ കൂട്ടായ്മക്കുള്ളിലെ ആ ഒരു നന്മ തന്നെയായിരിക്കും ചെമ്പൻ വിനോദ്, അജു വർഗീസ്, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയ മലയാള സിനിമ താരങ്ങളേയും ഈ ഗ്രൂപ്പിലേക്ക് അടുപ്പിച്ചത്. 148K റിയാക്ഷൻസാണ് ചെമ്പൻ വിനോദ് ഇട്ട ഫോട്ടോക്ക് ലഭിച്ചിരിക്കുന്നത്. അജു വർഗീസും ബിനീഷ് ബാസ്റ്റിനുമെല്ലാം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൊച്ചിയിലെ ‘പപ്പടവട’ റെസ്റ്റോറന്റിന്റെ സാരഥി മിനു പൗളിൻ, ഇൻഡിവുഡ് ചാനൽ ഹെഡ് മുകേഷ് എം നായർ എന്നിങ്ങനെ സമൂഹത്തിലെ പല പ്രമുഖ വ്യക്തികളും ഈ ഗ്രൂപ്പിൽ അംഗങ്ങളാണ്. ഗ്രൂപ്പിന്റെ ചില നിയമങ്ങൾ വായിച്ചാൽ തന്നെ എന്ത് കൊണ്ട് ഈ ഗ്രൂപ്പ് വ്യത്യസ്ഥമാകുന്നുവെന്ന് വ്യക്തമാകും.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇപ്പോൾ ഈ ഗ്രൂപ്പ് നിയമനടപടികൾ നേരിട്ടു വരികയാണ്. മദ്യപാനം പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ചാണ് ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫേസ്ബുക്ക് ഗ്രൂപ്പിനെതിരെ എക്സൈസ് വകുപ്പ് കേസെടുത്തത്. അഭിഭാഷകനായ അഡ്വ. ശ്രീജിത്ത് പെരുമന നൽകിയ പരാതിയിന്മേൽ ആണ് ഗ്രൂപ്പിനെതിരെ നടപടിയെടുക്കുന്നത്. ഇതിനിടെ ഗ്രൂപ്പ് പൂട്ടുവാനായി ഫേസ്ബുക്കിന് കത്തും അയച്ചു നമ്മുടെ പോലീസും എക്സൈസും. എന്നാൽ ഒരു പരാതിയുടെ മാത്രം അടിസ്ഥാനത്തില്‍, 18 ലക്ഷത്തിലധികം അംഗങ്ങളുള്ള ഫേസ്ബുക്ക് ഗ്രൂപ്പിനെ നിരോധിക്കാന്‍ കഴിയില്ലെന്നാണ് ഫേസ്ബുക്ക് നിലപാട് എടുത്തത്. ഇത് പൊലീസിന് തിരിച്ചടിയായി. ഒപ്പംതന്നെ ഗ്രൂപ്പിലെ അംഗങ്ങളുടെ പിൻബലവും അധികാരികളെ കുഴക്കുന്നുണ്ട്. ഹാഷ്ടാഗ് ക്യാംപെയിനുകള്‍ക്ക് ഒട്ടേറെ തവണ വേദിയായ സോഷ്യല്‍ മീഡിയ ഇതാ ഇപ്പോൾ ഒരു ഗ്രൂപ്പിന്റെ നിലനില്‍പ്പിനായി രംഗത്തെത്തിയിരിക്കുന്നു. ‘ഐ സപ്പോര്‍ട്ട് ജിഎന്‍പിസി’ എന്ന ഹാഷ്ടാഗില് പ്രതിഷേധ പോസ്റ്റുകളും ട്രോളുകളും നിറയ്ക്കുകയാണ് ഒരുവിഭാഗം. കേവലം ഒരു പറ്റം കള്ളുകുടിയന്മാരുടെ കൂത്താട്ടകേന്ദ്രമല്ല സാറേ ഇത്. ഇവിടെ ജാതിയോ മതയോ രാഷ്ട്രീയമോ ലിംഗമോ ഒന്നുമില്ല. ഇവിടെ നല്ല സൗഹൃദങ്ങളും നല്ല ഭക്ഷണവും ഒക്കെ എല്ലാവരും പങ്കുവയ്ക്കാറുണ്ട്. 20 ലക്ഷം അംഗങ്ങളുള്ള ഇൗ ഗ്രൂപ്പിനെ പറ്റി പറയാന്‍ ഇനിയും ഏറെയുണ്ട് സാറെ. അതെകുറിച്ചെല്ലാം ഒറ്റവാക്കില്‍ ഇങ്ങനെ പറയുന്നു. െഎ സപ്പോര്‍ട്ട് ജിഎന്‍പിസി’. സോഷ്യല്‍ലോകത്ത് ജിഎന്‍പിസി അംഗങ്ങള്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകളിലെ ചില വാചകങ്ങളാണ് ഇത്.
‘ഗ്രൂപ്പിന്റെ ലക്ഷ്യം മദ്യപാനികളില്‍ ഉത്തരവാദിത്തമുള്ള മദ്യപാനം ശീലിപ്പിക്കുകയാണ്. ഗ്രൂപ്പില്‍ ചേരാന്‍ താല്പര്യം പ്രകടിപ്പിച്ചവരെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. പ്രൈവറ്റ് ഗ്രൂപ്പായ ജിഎന്‍പിസിയിലെ പോസ്റ്റുകളും മറ്റു വിവരങ്ങളും ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മാത്രമെ കാണാന്‍ കഴിയൂ. ഒരിക്കലും മദ്യപാനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുവാന്‍ അംഗങ്ങളോട് നിര്‍ദേശിച്ചിട്ടില്ല. ജിഎന്‍ പി സി യെപ്പോലുള്ള വ്യാജ ഗ്രൂപ്പുകളാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നാണ് അഡ്മിൻ അജിത്കുമാര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. എക്സൈസ് നടപടിക്ക് പിന്നില്‍ ചില സദാചാരകമ്മറ്റിക്കാരാണെന്നാണ് അംഗങ്ങളുടെ ആരോപണം. സാധാരണക്കാരനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചലച്ചിത്ര–രാഷ്ട്രീയ–സാസ്കാരിക പ്രവര്‍ത്തകരും അടക്കം അംഗങ്ങളായുള്ള ഗ്രൂപ്പാണ് ജിഎന്‍പിസി.
കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ..