പ്രളയത്തിൽ ചാലക്കുടി മുങ്ങിയപ്പോൾ പെട്ടുപോയ ബസ് യാത്രക്കാരൻ്റെ അനുഭവങ്ങൾ…

വിവരണം – ശ്രീശാന്ത് അടൂർ.

മഴ ഒന്ന് ഒഴിഞ്ഞു വെയിൽ വന്നപോൾ സോഷ്യൽ മീഡിയകളിൽ നടന്നുകൊണ്ടിരിക്കുന്ന തമ്മിൽ തല്ല് രാഷ്ട്രീയ പോസ്റ്റുകളും ഒക്കെ കാണുമ്പോൾ കഴിഞ്ഞ കാലത്തേ ചില കാര്യങ്ങൾ ഓർമ്മ വരുന്നു. പ്രളയം വരുന്നതിനു തൊട്ടുമുമ്പത്തെ ദിവസം അടൂരിൽ നിന്നും കുറച്ചു ദുരിതാശ്വാസ സാധങ്ങളുമായി ഒരു ksrtc ബസിൽ വയനാട്ടിലേക്ക് പോയി. താമരശ്ശേരി ചുരത്തിലെ പ്രശ്നങ്ങൾ കാരണം കോഴിക്കോട് യാത്ര അവസാനിപ്പിച്ചു അവിടുത്തെ കാലക്ടറേറ്റിൽ സാധനങ്ങൾ ഏൽപ്പിച്ചു. പിന്നീട് അതേ ബസിൽ തന്നെ ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു. പക്ഷെ ചാലക്കുടി പുഴ കരകവിഞ്ഞു ഒഴുകുന്നത് കാരണം ഞങ്ങൾക്ക് ഇരിങ്ങാലക്കുട ഡിപ്പോയിൽ യാത്ര അവസാനിപ്പിക്കേണ്ടി വന്നു.

ഏകദേശം 75 ഓളം ആളുകൾ ഞങ്ങളുടെ ബസിൽ ഉണ്ടായിരുന്നു. പിന്നീട് ഒരു രണ്ട് ബസുകൾ കൂടി ഇരിങ്ങാലക്കുട ഡിപ്പോയിലേക്ക് വന്നു. രണ്ടിലും കൂടി 200ന് മുകളിൽ ആളുകൾ ഉണ്ട്. മൂന്ന് ബസുകളിലുമായി ഏകദേശം മുന്നൂറോളം ആളുകൾ. രണ്ട് മൂന്ന് ദിവസം കഴിയാതെ പോകാൻ പറ്റില്ലെന്ന് ഉറപ്പായിരുന്നു. മിക്ക കടകളിലും വെള്ളം കയറിയതിനാൽ അടച്ചിട്ടിരിക്കുകയായിരുന്നു. തുറന്നിട്ടിരിക്കുന്ന കടകളിൽ ഭക്ഷണത്തിന്റെ അളവ് വളരെ കുറവും … ആദ്യത്തെ ദിവസം രാവിലെ മിക്കവരും പട്ടിണിയായിരുന്നു. ഞങ്ങളുടെ അവസ്ഥ കണ്ട് ഉച്ചക്ക് ഇരിങ്ങാലക്കുട അടുത്തുള്ള ഒരു കല്യാണ പാർട്ടി ഞങ്ങൾ മുന്നൂറു പേരെയും അങ്ങോട്ടേക്ക് ക്ഷണിച്ചു.

ഇതിനിടക്ക് ഞങ്ങൾ ഇവിടെ ഉണ്ടന്ന് സേവാഭാരതി പ്രവര്ത്തകർ എങ്ങനെയോ അറിഞ്ഞു. അന്ന് വൈകിട്ടാതെക്കുള്ള ഭക്ഷണവും പിന്നീടുള്ള രണ്ട് ദിവസത്തെക്കുള്ള ഭക്ഷണവും അവർ വക ആയിരുന്നു. രാവിലെയും വൈകിട്ടും ഉച്ചക്കും എല്ലാം അവർ ഭക്ഷണം എത്തിച്ചു. ഡിപ്പോയിൽ കറെന്റ് ഇല്ലാത്തതിനാൽ അവർ ഒരു ജനറേറ്ററും കൊണ്ട് വന്നിരുന്നു. മാറിയുടുക്കാനായി വസ്ത്രങ്ങളും കിടക്കാനായി പായും മരുന്നുകളും എല്ലാം അവർ എത്തിച്ചു.

പറഞ്ഞു വന്നത് എന്തന്നാൽ  ഞങ്ങളുടെ കൂട്ടത്തിൽ എല്ലാ ജാതിയിൽ പെട്ടവരും, എല്ലാ മതത്തിൽപെട്ടവരും ഓരോ രാഷ്ട്രീയ പാർട്ടികളിൽ വിശ്വസിക്കുന്നവരും ഉണ്ടായിരുന്നു. പക്ഷെ ഭക്ഷണം വിളമ്പി തന്നവന്റെ ജാതിയോ മതമോ രാഷ്ട്രീയമോ ആരും നോക്കിയില്ല. വിശപ്പ്മാറ്റണം , കിടക്കാൻ ഇത്തിരി സ്ഥലം വേണം , മാറിയുടുക്കാനായി ഒരു തുണിയും വേണം. അത് പോലെ വിളമ്പി കൊടുത്തവനും കഴിക്കുന്നവന്റെ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കിയില്ല. കഴിക്കുന്നവന്റെ വിശപ്പ് അടക്കുക അത്ര തന്നെ.

ഇപ്പൊ മഴ മാറി, വെയിൽ വന്നു.. പഴയ സ്ഥിതികളിലേക്ക് കാര്യങ്ങൾ പോകുന്നു.. ഭക്ഷണവും മരുന്നും വസ്ത്രങ്ങളും എല്ലാം ആവശ്യത്തിന് കിട്ടുന്നുണ്ട്. പതിവ്പോലെ രാഷ്ട്രീയ, ജാതി മത ചിന്തകൾ ഒക്കെ വല്ലാണ്ടങ്ങു ഉയർന്നു വരുകയും ചെയ്യുന്നുണ്ട്. കുറച്ചു നാളുകൾ കൊണ്ട് നമ്മൾ മലയാളികൾ എല്ലാവരും മാറുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ ആ അവസ്ഥ കഴിഞ്ഞപ്പോൾ വീണ്ടും പഴയതുപോലെ (ചിലപ്പോൾ അതിലും കൂടുതൽ) വേർതിരിവുകൾ കാണിച്ചു തുടങ്ങിയിരിക്കുകയാണ്. എന്താ പറയുക?

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply