ബണ്ണ് തിന്നാൻ കൊടചാദ്രി പോയ കഥ..

വിവരണം – Midhun Govind.

ഈയിടെ പോസ്റ്റ് ആയി വന്ന മനോഹരമായ കൊടചാദ്രി വിവരണങ്ങൾ വായിച്ചതാണ് ഇൗ newyear ന്‌ പോയത് എഴുതാൻ ഉള്ള പ്രേരണ. ഈ പുതുവർഷം ഏതെങ്കിലുമൊരു പുതിയ സ്ഥലത്ത് ആയിരിക്കണമെന്ന് വിചാരിച്ചിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് കുടജാദ്രി മനസ്സിലേക്ക് വന്നത്. ഇത് നമ്മടെ സമപ്രായകാരനും മീൻ വാങ്ങാൻ പോകുമ്പോൾ പോലും ഗ്ലാസും ജാക്കറ്റും വെക്കുന്ന അൽ ട്രിപ്പറും ആയ കുടുംബകാരനോട് പറഞ്ഞു. ചെക്കനും റെഡി.പൈസ ഒന്നും ചോദിക്കാത്തത് കൊണ്ടാവണം ഇപ്പൊ പിന്നെ പഴയ പോലെ അച്ഛനും അമ്മക്കും എതിർപ്പ് ഒന്നും ഇല്ല.ഇറങ്ങാൻ നേരത്തെ സ്ഥിരം ഡയലോഗ് – “എവടെ പോയാലും വേണ്ടീല,പോയ പോലെ തിരിച്ച് വരണം “.

മുന്നേ കുടജാദ്രി പോയിട്ടുള്ള ബിബിനേട്ടനോട് ചോദിച്ച് ഏകദേശം ഒരു ധാരണ ഉണ്ടാക്കിയിരുന്നു.  New year രാത്രി എങ്കിലും അവിടെ എത്തേണ്ടതുകൊണ്ട് Dec 30 രാത്രി 7 pm ന്റെ ഷോർണൂർ വണ്ടിക്ക് പോകാൻ ഉറപ്പിച്ചു.1500 രൂപയും തീരെ കുടുങ്ങിയാൽ മാത്രം ഇറക്കാൻ കൂട്ടുകാരന്റെ കയ്യിൽ ന്ന് വാങ്ങിയ 500 ഉം കൊണ്ടാണ് യാത്ര. എല്ലായിടത്തും വൈകി എത്തുന്ന ഞാൻ കുറെ കാലത്തിനുശേഷം സമയത്തിനു മുന്നേ നിലമ്പൂർ സ്റ്റേഷനിൽ ഹാജരായി. കുറച്ചു കഴിഞ്ഞപ്പോൾ ഒരു കള്ളിമുണ്ടും അണ്ണന്മാർക്ക് പോലും വേണ്ടാത്ത ഒരു ടീഷർട്ടുമിട്ട് നമ്മുടെ കുടുവും❤ (കുടു=കടുംബക്കാരൻ) വന്നു .ഒപ്പം ഒരു ഒന്നര ക്വിന്റലിന്റെ ബാഗും.🤗😅.

ടിക്കറ്റ് കൗണ്ടറിൽ ചെന്ന് കൗണ്ടറിലെ ചേട്ടനോട് ഞങ്ങൾ ഇറങ്ങേണ്ട ബൈന്തൂർ സ്റ്റേഷനിലേക്ക് നിലമ്പൂർ നിന്ന് നേരിട്ട് 2 ടിക്കറ്റ് പറഞ്ഞു. ആ സ്റ്റേഷന്റെ കോഡ് അറിയാത്തത് കൊണ്ട് ചേട്ടൻ കണ്ണിലേക്കു നോക്കി ഇരിക്കാണ്.പല സമയത്തും വഴി തെറ്റിക്കുന്ന ഗൂഗിൾ അമ്മായി ഇവിടെ സഹായിച്ചു. ടിക്കറ്റും കിട്ടി. രണ്ടുപേർക്കും കൂടി 380 രൂപയോളം . വണ്ടിയിൽ കയറി. രാത്രി വണ്ടി ആയതുകൊണ്ട് തീരെ തിരക്കില്ല.. കയ്യിലുള്ള ചാക്കും സഞ്ചിയും ഒക്കെ ഒതുക്കി വച്ച് രണ്ടു സിംഗിൾ സീറ്റുകളിൽ ആയി ഞങൾ ആസനസ്ഥരായി .വണ്ടി എടുത്തു. വാണിയമ്പലം സ്റ്റേഷനിൽനിന്നും ഒരു ഫാമിലി കയറി. അവർ വന്നിരുന്നത് ഞങ്ങളുടെ കൂപ്പയിൽ ആയിരുന്നു.അതോടെ നമ്മടെ കുടു ഇയർഫോൺ ഒക്കെ തിരുകി കട്ട വെയിട്ട്‌ ഒക്കെ ഇട്ടു ഇരിപ്പായി . As reason as possible (മണവാളൻ . Jpg) ഞാനും എൻറെ ടൂളെടുത്തു🎧.
ചെവിയിൽ വെച്ച് പ്ലേ ചെയ്തപ്പഴാണ് മനസിലായത് ഇയർഫോൺ വിജയകരമായി അടിച്ചുപോയിരിക്കുന്നു. ഇയർ ഫോൺ ഇല്ലാതെ പോയി വരുന്നത് ആലോചിച്ച് വിജ്രമ്പിച്ച് ഇരിക്കുമ്പോ ആണ് ബൾബ് കത്തിയത്. ഉടനെ തുവ്വുർ ഉള്ള കൂട്ടുകാരനെ വിളിച്ചു. എന്റെ ഭാഗ്യത്തിനോ അതോ അവന്റെ ഭാഗ്യകേടിനോ ആൾ എന്തായാലും സ്ഥലത്ത് ഉണ്ട്. 😆 വണ്ടി തുവുർ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും സാധനം റെഡി. അങ്ങനെ കെടുവന്നതും എക്സ്ചേഞ്ച് ഓഫർ നടത്തി വീണ്ടും വണ്ടിയിൽ കയറി.

9.15 ഓടെ ഷൊർണൂർ എത്തി. 10 മുപ്പതിനാണ് പോകാനുള്ള വണ്ടി. വയറ്റിൽ കൊക്കപ്പുഴുവിൻറെ അസുഖം ഉള്ളത് കൊണ്ട് വിശപ്പ് നന്നായിട്ട് ഉണ്ടായിരുന്നു. സ്റ്റേഷനിലെ പുറത്തുള്ള തട്ടുകടയിൽ ചെന്ന് കൈകഴുകിയ സമയത്താണ് കഴുകിവെച്ച പത്രങ്ങളിൽ പൂച്ച വന്ന് കലാപരിപാടികൾ നടത്തുന്നതു കണ്ടത്. അതോടെ നൈസായി തൊട്ടടുത്ത തട്ട്കടയിൽ കയറി വെള്ളപ്പവും ചിക്കനും തട്ടി. വണ്ടി വരാൻ ഇനിയും സമയം കുറേ ഉള്ളത് കൊണ്ട് എല്ലാവരെയും പോലെ വായും പൊളിച്ച് പ്ലാറ്റ്ഫോമിലൂടെ കുറേ നേരം നടന്നു. അതോടെ കൂടു വേണ്ടപ്പെട്ട ആരെയൊക്കെയോ വിളിക്കാൻ തുടങ്ങി. ഏത്?😃 വീട്ടിൽ നിന്നു വിട്ടുനിൽക്കുന്നതും കുട്ടി അവളുടെ ഹോസ്റ്റൽ ആയതുകൊണ്ടും ചെക്കൻ ഫുൾ ഫോമിലാണ്. ഞാനാണെങ്കിൽ പോസ്റ്റും .

10.30 ആയതോടെ ഞങ്ങൾ ആറാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് എത്തി. വണ്ടി അവിടെയാണ്. ടിക്കറ്റ് ഒന്നും ബുക്ക് ചെയ്യാത്തതുകൊണ്ട് പ്ലാറ്റ്ഫോമിലെ കടക്കാരനോട് ചോദിച്ചു ജനറൽ കമ്പർട്ട്മെന്റിന്റെ സ്ഥാനം മനസ്സിലാക്കിയിരുന്നു. 5 മിനിറ്റ് കഴിഞ്ഞപ്പോൾ ചെറിയ ചാറ്റൽ മഴയ്ക്ക് ഇടയിലൂടെ വലിയ ചൂളം വിളിയുമായി ബേക്കനീർ എക്സ്പ്രസ്സ് വന്നു. ഓടിപ്പാഞ്ഞ് വണ്ടീടെ ഏറ്റവും പിറകിലെത്തി. വാരണം ആയിരത്തിലേ സീൻ പ്രതീക്ഷിച്ച് കയറിയെങ്കിലും കിട്ടിയത് വാഗൺട്രാജഡി സീനാണ്. ആദ്യം തന്നെ ഷൂവെടുതത് വച്ചത് നിലത്തിരിക്കുന്ന ബംഗാളിയുടെ കയ്യിൽ. സഭാഷ്😑

എന്തൊക്കെയോ ഉച്ചത്തിൽ അയാൾ വിളിച്ചെങ്കിലും അപരിചിത വാക്കുകൾക്ക് ചെവി കൊടുത്തില്ല. അതിൻറെ വീട്ടുകാരെ വിളിച്ച് ആയിരിക്കില്ല എന്ന് തന്നെയാണ് ഇപ്പഴും എന്റെ വിശ്വാസം. 😷 എങ്ങനെയൊക്കെയോ പിടിച്ചു തൂങ്ങിയാടി ബാഗും കൊണ്ട് കുറച്ച് ഉള്ളിലേക്ക് എത്തി. നിലത്തും വാതിൽക്കലും മുക്കിലും മൂലയിലും വരെ ആൾക്കാർ. ഭൂരിഭാഗം പേരും അന്യസംസ്ഥാന തൊഴിലാളികളാണ്, പിന്നെ കുറച്ച് പയ്യന്മാരും. സീറ്റിൽ ഇരിക്കുക എന്നത് വ്യാമോഹം ആണെന്ന് മനസ്സിലായി. നിലത്തിരിക്കാൻ ആണെങ്കിൽ ബംഗാളികളും സമ്മതിക്കുമെന്ന് തോന്നുന്നില്ല. അവസാനം ഏതോ ഒരാളുടെ ബാഗ് ഒതുക്കി സൈഡിലെ ഹുക്കിൽ എൻറെ ബാഗും തൂക്കിയിട്ടു. വലിയ രണ്ട് സീറ്റുകൾക്ക് ഇടയിലുള്ള സ്ഥലത്ത് മുകളിലെ രണ്ട് ബർത്തിലും ആയി കൈതാങ്ങി അങ്ങനെ നിന്നു.

വണ്ടി പത്തരക്ക് എത്തിയിട്ടുണ്ടെങ്കിലും ഇതുവരെ എടുത്തിട്ടില്ല. അപ്പോഴാണ് നമ്മടെ കുടുവിന്റെ കാര്യം ആലോചിച്ചത്. കയറി കഴിഞ്ഞശേഷം പിന്നെ ആളെ കണ്ടിട്ടില്ല. ഫോൺ ചെയ്തു നോക്കി ചെക്കൻ കമ്പാർട്ട്മെൻറ് ഏതൊ മൂലക്ക് തന്നെ ഉണ്ട്. അങ്ങോട്ടും ഇങ്ങോട്ടുമുള്ള നടത്തം ആരോഗ്യത്തിന് നല്ലതല്ലാത്തതിനാൽ കിട്ടിയ സ്ഥലത്ത്തന്നെ നിന്നു. സംസാരിക്കാൻ വേറെ ആരും ഇല്ലാത്തതുകൊണ്ട് അപ്പുറത്തും ഇപ്പുറത്തുമുള്ള ചെക്കന്മാരെ എല്ലാം പരിചയപ്പെട്ടു. എല്ലാവരും ഹോട്ടൽ മാനേജ്മെന്റ് പഠിക്കുന്നു . എല്ലാവരും കൂടി പുതുവർഷം ആഘോഷിക്കാൻ ഗോവയ്ക്ക് പോവാണ്. വെറുതെയെല്ല ഇത്ര തിരക്ക്. നാലു പേർ ഇരിക്കുന്ന സീറ്റിൽ ഒക്കെ ഏഴും എട്ടും ആൾക്കരോക്കയാണ്. അടുത്ത് നിന്ന ചേട്ടനോട് സംസാരിച്ചപ്പോൾ അറിയാൻ കഴിഞ്ഞു ഈ വണ്ടി അധികവും ഇങ്ങനെ തിരക്ക് തന്നെയാണ്. മൂപ്പർ ഇതിലെ സ്ഥിരം യാത്രക്കാരനാണത്രെ. ഞങൾക്കിറങ്ങേണ്ട സ്റ്റേഷൻ കഴിഞ്ഞ് അടുത്ത സ്റ്റോപ്പിൽ ആണ് ആൾക്കും ഇറങ്ങേണ്ടത്. ഹാവൂ സമാധാനമായി. എൻറെ സ്റ്റേഷൻ എത്തുമ്പോൾ പറയാൻ ഏൽപ്പിച്ചു.

വണ്ടി പതുക്കെ ഓടി തുടങ്ങിയിരിക്കുന്നു .ഉറക്കം പതുക്കെ പതുക്കെ കണ്ണിലേക്ക് അരിച്ചിറങ്ങാൻ തുടങ്ങി, അന്ന് പകൽ മറ്റു ചില ആവശ്യങ്ങൾക്ക് ഓടിപ്പാഞ്ഞ ക്ഷീണം വേറെയും. നിലത്ത് പോലും ഇരിക്കാൻ ഒരു വഴിയുമില്ല. സീറ്റിലിരുന്ന് ചിലരെങ്കിലും കണ്ണടച്ച് ഉറങ്ങാൻ ശ്രമിക്കുന്നുണ്ട്. കാൽ ഉയർത്തിയാൽ വീണ്ടും അവിടെ വെക്കാൻ സ്ഥലം തികയാതെ വരുന്ന അവസ്ഥ , അവിടെ നിൽക്കുന്ന ആളുകളെക്കാൾ കൂടുതൽ കാലുകൾ ഉണ്ടോ അവിടെ എന്നു ആലോചന കാടുകയറി. അല്ലെങ്കിത്തന്നെ ഉറക്ക ഭ്രാന്ത് ഉള്ള എനിക്ക് ഉറക്കം തലയിൽ കയറിയതോടെ ട്രെയിനിന്റെ പടപട ശബ്ദമൊക്കെ പല ഡിജെ സോങ്സ്പോലെയും തലയിൽ മുഴങ്ങി തുടങ്ങിയിരിക്കുന്നു . ഇരിക്കുന്നവർ എത്ര ഭാഗ്യവാന്മാർ.അതിൽ ഇതേ ഇരുപ്പിൽ ഗുജറാത്ത് വരെ പോകുന്നവർ ഉണ്ടെന്നാണ് മറ്റൊരു തമാശ.ഒരു സമയത്ത് ഇരിക്കുന്നവരുടെ മടിയിൽ കയറി കിടന്നാലോ എന്ന് വരെ കടന്നു ചിന്തിച്ചുപോയി.

ആ സമയത്താണ് ദൈവപുത്രനെ പോലെ അടുത്ത് നിന്നിരുന്ന ഹോട്ടൽ മാനേജ്മെന്റ് ബോയ് പ്രസാദിന്റെ ഫോൺ ഇൻ പ്രോഗ്രാം തുടങ്ങുന്നത്. എന്റെ തൊട്ടുചാരി നിന്നിരുന്നത് കൊണ്ടുതന്നെ മറുതലക്കൽ ചെക്കന്റെ പിണങ്ങി നിൽക്കുന്ന കാമുകി ആണെന്ന് മനസ്സിലാക്കാൻ കൂടുതൽ സമയം വേണ്ടി വന്നില്ല.അതുകൂടി മനസിലായതോടെ പകുതി ഉറക്കവും പോയി . അങ്ങനെ നീണ്ട 2മണിക്കൂർ നേരത്തെ പായസം വെപ്പിന് ശേഷം ചെക്കൻ ഫോൺ വെച്ചു . 2മണിക്കൂർ സമയം പോയിക്കിട്ടിയിരിക്കുന്നു. സമയം 2മണി ഒക്കെ ആയിട്ടുണ്ടാവും അപ്പൊഴും എഡിച്ച് വിഗ്ലങ്കനായ തുമ്പിയെ പോലെ ഞാൻ വായും പൊളിച്ച് ഫാനും നോക്കി നിൽകാണ്.

അതിനിടയിൽകൂടി അതാ രണ്ടു മദാമകൾ കുത്തിത്തിരുകി സ്ഥലം ഉണ്ടാക്കി പോകുന്നു .പോകുന്ന സ്പീഡ് കണ്ടിട്ട് ടോയ്‌ലറ്റിലേക്ക്‌ ആണെന്ന് തോന്നുന്നു.ഇവർ എങ്ങിനെ ഇതിന്റെ ഇടയിൽ പെട്ടു ന്ന് ആലോചിച്ച് നിൽകുമ്പോ ആണ് ഒരു സീറ്റിന്റെ കുറച്ച് സ്ഥലം ഒഴിഞ്ഞ് കിട്ടുന്നത്,ചാടി വീണു . ഒട്ടകത്തിന് സ്ഥലം കിട്ടിയ പോലെ അ ചെറിയ ഗ്യാപ്പിൽ ഇരുന്നു. അത്ര സമയത്തെ നിർത്തം കാരണം ഒരു ഫുൾ ഒറ്റക്ക് സീറ്റിലിരിക്കുന്ന ഫീലാണ് അപ്പൊ കിട്ടുന്നത്.
ഒപ്പം ഉള്ളവന്മർകും പെട്ടന്ന് തന്നെ അവിടെം ഇവിടേം ഒക്കെ ആയി ഓരോ സ്പേസ് കിട്ടി. അതോടെ എല്ലാവരും ഫുൾ ഫോമിൽ ആയി. പ്രസാദും ടീമും അച്ചപ്പം മിച്ചർ തുടങ്ങിയ ഐറ്റംസ് ഇറക്കി തുടങ്ങി. അതും അതും തിന്നു ചളിയും അടിച്ച് കുറേനേരം ഇരുന്നു . ഒരു മൂന്നു മണി ആയപ്പോൾ വീണ്ടും വന്നു . ആരാണ്? ഉറക്കം തന്നെ. കുനിഞ്ഞിരുന്ന് എങ്ങനെയോ ഉറങ്ങിപ്പോയി പെട്ടെന്ന് ആരോ വന്നു തോണ്ടുന്നു, നോക്കുമ്പോ നമ്മടെ കുടു ആണ്. സമയം ആറു മണി ആവുന്നു . ഇറങ്ങാനുള്ള സ്റ്റേഷൻ ആവാനായി എന്ന് പറയാൻ വന്നതാണ് .

തപ്പിപ്പിടിച്ച് എണീറ്റ് ബാഗെടുത്ത് തോളിലിട്ടു . ബാഗിൽ രണ്ടു ഡ്രെസ്സും ഒരു പവർ ബാങ്കും വെള്ളക്കുപ്പിയും ചെരുപ്പും അല്ലാതെ വേറെ ഒന്നും ഇല്ലാത്തത് കൊണ്ട് കാര്യയിട്ട് നഷ്ടപ്പെടാൻ അതിൽ ഒന്നും ഇല്ലായിരുന്നു.അതുകൊണ്ട് തന്നെ ബാഗ് തപ്പി നോക്കാൻ നിന്നില്ല. പക്ഷേ എല്ലായിപ്പോഴും ബാഗ് അവിടെ തന്നെ കാണണം എന്നില്ല. നടന്നു നടന്നു ഡോറിന്റെ അവിടെ എത്തി. അവിടെ ഒരാളോട് ചോദിച്ചപ്പോ ഇറങ്ങാൻ ഇനിയും 2 സ്റ്റേഷൻ കഴിയണം എന്ന് പറഞ്ഞു. അങ്ങനെ നിൽക്കുമ്പോഴാണ് കുടു അവിടെ ഒരു മലയാളി ടീമിനെ പരിചയപ്പെടുത്തിയത്. ഇവൻ ഇന്നലെ അവരോടൊപ്പം ആയിരുന്നത്രേ. നാല് ഏട്ടൻമാരും മൂന്നുചേച്ചിമാരും . ഫ്രണ്ട്സ് എല്ലാവരും കൂടി കുടജാദ്രിക്ക് ആണത്രെ . ബലെ ഭേഷ്. അവസാനം അങ്ങോട്ട് ഉള്ള ഒരു ടീമിനെ എങ്കിലും കണ്ട് കിട്ടിയിരിക്കുന്നു. 😃 പറഞ്ഞു വന്നപോ അതിൽ ഒരു ചേച്ചി നമ്മടെ നാട്ടുകാരി തന്നെ ആണ്.

അങ്ങനെ രാവിലെ 6 30 ഓടെ ബൈന്ദൂർ എത്തി. തലേന്ന് രാത്രി തൊട്ട് വാതിലിന്റെ അവിടെ പുകപ്പുരആക്കിയ കഞ്ചൻ ബ്രോസിനോടും യാത്ര പറഞ്ഞു ഞങൾ ഇറങ്ങി. സ്റ്റേഷനിലെത്തുമ്പോൾ എന്നോട് പറയാൻ തലേദിവസംഏൽപ്പിച്ച ചേട്ടനെ ഇറങ്ങാൻ നേരത്ത് ഞാൻ തന്നെയാണ് വിളിച്ചത്. ഭൂമിയിൽ കാലുകുത്തിയപ്പോൾ തന്നെ പകുതി ആശ്വാസമായി കുറച്ചുനേരം നടുനിവർത്തി നിവർത്തി ശുദ്ധവായുവും ശ്വസിച്ച് അവ്ടെ നിന്നു. രാത്രി തിരക്കിട്ട് കയറിയതിനാൽ അപ്പോഴാണ് ട്രയിൻ ശ്രദ്ധിച്ചത്. കൊച്ചിൻ ഹനീഫ ഏതോ സിനിമയിൽ പറഞ്ഞത് പോലെ “പുറത്തുനിന്ന് നോക്കുമ്പോൾ അകം ചെറുത് ആണെങ്കിലും അകത്തുകയറി നോക്കിയാൽ പുറം വിശാലമാണ്”.😵. മറ്റൊരു വണ്ടിക്കും കണ്ടിട്ടില്ലാത്ത എന്തോ നല്ല ഒരു വൃത്തി അ വണ്ടിക്ക് തോന്നി. വണ്ടി പോയി. ഞങ്ങൾ സ്റ്റേഷന്റെ പുറത്തേക്കിറങ്ങി.

ഓട്ടോറിക്ഷക്കാരും ഓമ്നി ഡ്രൈവർമാരും ഞങ്ങളെ വളഞ്ഞു. മറ്റേ കുടജാദ്രി ടീം ഏഴുപേർ ഒരു ഓട്ടോറിക്ഷയിൽ കയറി പോയി. ഞങ്ങളുടേത് ആവിശ്യതിൽ കൂടുതൽ പൈസ കയ്യിൽ ഉള്ളതുകൊണ്ട് ഞങ്ങൾ രണ്ടാളും അവിടുന്ന് നടന്നു. ആഡംബരം ആണെങ്കിലും പോകുന്ന വഴിയിലെ ഒരു പെട്ടിക്കടയിൽ നിന്ന് ബ്രഷും പേസ്റ്റും സോപ്പും വാങ്ങിച്ചു.ഒരു 1.5 കിലോമീറ്ററോളം കഴിഞ്ഞപ്പൊ കൊല്ലുരിലേക്കുള്ള ബസ് കിട്ടുന്ന ബസ്‌സ്റ്റാൻഡ് എത്തി.
ആദ്യം കണ്ട ചെറിയ ബസ് തന്നെ ചാടിക്കയറി അവസാനത്തെ വലത് സൈഡ് സീറ്റ് പിടിച്ചു. സീറ്റിങ് ഫുൾ ആയതോടെ ഡ്രൈവറും കണ്ടക്ടറും കയറി വണ്ടി എടുത്തു. ബൈന്ദൂർ ടു കൊല്ലൂർ 28 km ഒരാൾക്ക് 30 രൂപ ആണ്‌ ടിക്കറ്റ് . ഇടയ്ക്ക് എപ്പോഴോ വലിയൊരു കുട്ട നിറയെ മാല കോർത്ത പൂക്കളുമായി ഒരു മുത്തശ്ശിയും കയറി. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് പൂജക്കുള്ളതാണ് എന്ന് തോന്നുന്നു.

അങ്ങനെ കൊല്ലൂർ എത്തി . ഇനി അടുത്തതായി ഒന്ന് കുളിക്കണം. അങ്ങനെ അടുത്ത്‌കണ്ട ആളോട് കയ്യും കാലും കാണിച്ച് സൗപർണികയിലെക്കുള്ള വഴി ചോദിച്ച് മനസ്സിലാക്കി. ക്ഷേത്രവും ആയി ബന്ധപ്പെട്ട ഒരുപാട് ഐതീഹ്യങ്ങൾ സൗപർണിക നദിക്ക് ഉണ്ട്. എന്നിട്ടും അതിന്റെ പല ഭാഗത്തും വസ്ത്രങ്ങളും മറ്റും മാലിന്യങ്ങളും അടിഞ്ഞ് കൂടി കിടക്കുന്നത് കണ്ടു . പുഴക്കരയിൽ തന്നെ കുളിമുറിയും സൗകര്യങ്ങളും ഉള്ളതുകൊണ്ട് വണ്ടി നേരെ അങ്ങോട്ട് വിട്ടു.അവിടെ ചെന്നപ്പോ നമ്മടെ 7 പേർ കുളിയും കഴിഞ്ഞ് പോവാൻ റെഡി ആയി നിൽകുന്നു. അവർ ഓട്ടോയ്ക്ക് വന്നത് കൊണ്ട് അരമണിക്കൂർ നേരത്തെ എത്തി. ടാറ്റാ പറഞ്ഞ് അവർ പോയി. കുളിയും കഴിഞ്ഞ് ഖജനാവിന്റെ നോട്ടക്കാരന് പൈസയും കൊടുത്ത് നടന്നു. മൂകാംബിക ക്ഷേത്ര ദർശനം മുന്നേ ലിസ്റ്റില് ഇല്ലെങ്കിലും മറ്റുചിലർ ഏൽപ്പിച്ച വഴിപാടുകൾക്ക് വേണ്ടി ക്ഷേത്രത്തിലേക്ക് നടന്നു.

ക്ഷേത്രത്തിൽ എത്തിയപ്പൊഴുള്ള ആദ്യ കാഴ്ച പുറത്ത് ഉണ്ടായിരുന്ന ആനക്കുട്ടിയാണ്. ക്ഷേത്രത്തിനകത്തേക്ക് ബാഗ് കൊണ്ടുപോകുന്നതിന് വിലക്ക് ഉണ്ടായിരുന്നതിനാൽ കുടുവിനെ കാവൽ നിർത്തി ഞാൻ അകത്തു കയറി. അത്യാവശ്യം തിരക്കുണ്ട്. ഞാൻ തൊഴുത് പുറത്ത് ഇറങ്ങിയതോടെ അവൻ അകത്തു കയറി . കുറേസമയം കഴിഞ്ഞിട്ടും അവനെ കാണാതായതോടെ ബാഗും ചെരുപ്പും അടുത്ത് വെറുതെ ചുറ്റും നടന്നു. ഉത്സവത്തിന് എടുക്കുന്ന രണ്ട് ആൾക്ക് ഉയരമുള്ള രഥം ആയിരുന്നു ഞാൻ തിരഞ്ഞത്. അതിൻറെ അടുത്തുപോയി വീക്ഷിക്കുന്നതിന്റെ ഇടയിലാണ് പാത്രങ്ങൾ തട്ടിമറിഞ്ഞു ചാടുന്ന ശബ്ദം ശ്രദ്ധിച്ചത്. ശബ്ദംകേട്ട് ഭാഗത്ത് പോയി നിരീക്ഷിച്ച് ഒരു കാര്യം ഉറപ്പാക്കി ഭക്ഷണ പരിപാടി തന്നെ ആണ്😍. അവിടെ സെക്യൂരിറ്റി ആയി നിന്ന ആളോട് ചോദിച്ച് സമയവും കാര്യങ്ങളൊക്കെ മനസ്സിലാക്കി. അപ്പോഴേക്കും കുടുവും എന്നെ തിരഞ്ഞു എത്തിയിരുന്നു.

ഭക്ഷണം വിതരണം ചെയ്യാൻ സമയം ആയിട്ടില്ലെങ്കിലും പാമ്പ് വളഞ്ഞു കിടക്കുന്ന പോലെയുള്ള ക്യൂ നിൽക്കണ്ട കമ്പി കൂടിനുള്ളിൽ ആൾക്കാർ നിറഞ്ഞു തുടങ്ങിയിരിക്കുന്നു. എല്ലാവരും ഫാമിലി ആയിട്ടാണ്. ഞങ്ങളുടെ രണ്ടുപേരുടെയും നിർത്താം കണ്ടാൽത്തന്നെ ഭക്തി മൂത്തിട്ടല്ല അവിടെ എത്തിയത് എല്ലാവർക്കും മനസ്സിലാകുമായിരുന്നു . അങ്ങനെ നുണയും പറഞ്ഞൂ ഞങൾ വരിയിൽ നിൽക്കുമ്പോഴാണ് കുറെ തമിഴ് സ്കൂൾ കുട്ടികൾ വരുന്നത് . അവരുടെ സ്കൂളിൽ നിന്ന് കൊണ്ടുവന്നതാണെന്ന് യൂണിഫോം കണ്ടപ്പോൾ മനസ്സിലായി. പട്ടാളക്കാർ വരുന്ന പോലെ എല്ലാവരും വരിവരിയായാണ് വരുന്നത് . ടീച്ചർമാർ നിർദ്ദേശങ്ങൾ നൽകുന്നു. നാലാം ക്ലാസ്സിലെ എന്റെ ആദ്യ സ്കൂൾ ടൂറാണ് അത് കണ്ടപ്പോ ഓർമ വന്നത്. ഒരു അന്തവും ഇല്ലാതെ വായും പൊളിച്ച് കടൽ കാണാൻ പോയതോക്കെ മനസ്സിലൂടെ മിന്നിമറഞ്ഞു. അന്തത്തിന്റെ കാര്യത്തിൽ ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല എന്നത് മറ്റൊരു സത്യം.😜 തമിൾ പസങ്കെ വന്നു നിന്നത് ഞങ്ങളുടെ പിറകിൽ ആണ്. പെൺകുട്ടികളെ പൊതുവെ ശ്രദ്ധിക്കാത്തതുകൊണ്ടും മുല്ലപ്പെരിയാറിലെ വെള്ളം കൊണ്ടുപോകുന്ന കൊണ്ടും ഞങൾ രണ്ടാളും അവരെ ശ്രദ്ധിക്കാനെ പോയില്ല.

അങ്ങനെ കുറേ നേരം വരിയിൽനിന്നു അവസാനം ചോറു കൊടുക്കാൻ സമയമായി. കാത്തിരിപ്പിന്റെ പരിസമാപ്തി ആയതോടെ പിറകിൽ നിന്ന് എല്ലാവരും കൂടി പൊരിഞ്ഞ തള്ളൽ ആണ്.അങ്ങനെ ഭക്ഷണം കൊടുക്കുന്ന ഹാളിന് ഉള്ളിലേക്ക് എത്തി. എല്ലാവർക്കും സ്റ്റീൽ പാത്രത്തിലാണ് ഭക്ഷണം .പ്ലേറ്റ് എടുത്തു പോയി നിരത്തി വച്ചിരിക്കുന്ന പാത്രങ്ങളിൽ നിന്ന് ചോറും കറിയും വേടിച്ച് തിരികെ വന്നിരുന്നു . നിലത്ത് ചമ്രം പഠിഞ്ഞ് ഇരിക്കണ്ടത്തുകൊണ്ട് ഞങ്ങളുടെ യഥാർത്ഥ പെർഫോമൻസ് പുറത്തെടുക്കാൻ സാധിച്ചില്ല. ഞങ്ങളുടെ പോരാട്ടം കണ്ടിട്ടോ എന്തോ , ചോറുണ്ണാൻ ആയിട്ട് ബാഗും തൂക്കി വന്നതാണോ എന്ന സംശയം പലരുടെയും മുഖത്ത് കണ്ടു. തലേന്ന് രാത്രി കഴിച്ചിച്ചിട് പിന്നെ ഉച്ചക്കാണ് വയറു നിറക്കാൻ എന്തെങ്കിലും കിട്ടുന്നത്. ഇനിയും കുറെ നടക്കണ്ടത്തുകൊണ്ട് വയറു നിറയെ ചോറും കയറ്റി പായസവും കഴിച്ചാണ് അവിടന്ന് എണീറ്റത്. അവിടന്ന് രണ്ടു കുപ്പിയിലും വെള്ളം നിറച്ചു പുറത്തിറങ്ങി.

അടുത്ത സ്വീകരണ സ്ഥലം ആയ കുടജാദ്രിയിലേക്കുള്ള റൂട്ട് ചോദിച്ചു മനസ്സിലാക്കി. ജീപിൽ ഓഫ്റോഡ് യാത്ര ചെയ്തും അതേപോലെ കാട്ടിലൂടെ ട്രെക്ക് ചെയ്തും കുടജാദ്രിയുടെ മുകളിൽ എത്താൻ പറ്റും. ജീപിന് ഒരാൾക്ക് 375 രൂപ ആണ് ചാർജ്ജ്. മുകളിൽ എത്തിയാൽ 2 മണിക്കൂറോളം. നമ്മളെ വെയ്റ്റ് ചെയ്യും . വൈകുന്ന സമയത്തിന് എക്സ്ട്രാ പൈസ വേണ്ടി വരും എന്നാണ് കിട്ടിയ അറിവ്. ഞങ്ങൾ ജീപ്പിനു പോയാൽ ജീപ്പുകാരനെ പൈസ കൊടുത്ത് ആ പൈസ പെട്രോൾ പമ്പിൽ എത്തി അത് നേരെ അംബാനിയുടെ കയ്യിലെത്തും. അങ്ങനെ ഞങ്ങളുടെ പൈസക്ക് അംബാനി നന്നാവണ്ടാ എന്ന ഒറ്റകാരണത്താൽ യാത്രക്ക് ജീപ്പ്‌ എന്ന ഓപ്ഷൻ ഞങൾ ഒഴിവാക്കി. പകരം കാട്ടിലൂടെ നടന്നു കയറാൻ തീരുമാനം ആയി. മാത്രവുമല്ല നടക്കുന്നതുകൊണ്ടുള്ള ആരോഗ്യഗുണങ്ങൾ അറിയുന്നതുകൊണ്ട് സന്തോഷ പുളകിതരായി. 😨

പട്ടിണി കിടന്നാലും ആരോഗ്യസംരക്ഷണം അതായിരുന്നു ഞങ്ങൾ കണ്ട സ്വപ്നം . അന്ന് രാത്രി സ്റ്റേ വിചാരിച്ചത് കുടജാദ്രിയിൽ ആയിരുന്നു .രാത്രി കഴിക്കാനുള്ള ഫുഡ് മല മുകളിൽ കിട്ടാത്തതുകൊണ്ട് ഇവിടന്ന് തന്നെ വാങ്ങിച്ചു കയ്യിൽ പിടിക്കണം . കുറേ കടകളിൽ കയറിഎങ്കിലും ഒരിടത്തും കൊണ്ടുപോവാൻ പറ്റിയ ഭക്ഷണങ്ങൾ ഒന്നുമില്ല. അവസാനം ഒരു കടയിൽ കയറി ബ്രഡ് ചോദിച്ചു . ബ്രെഡ് ഇല്ലാത്തതുകൊണ്ട് ബണ്ണാണ് കിട്ടിയത്.. അതും നാല്എണ്ണം ഉള്ള ഒരു ഒറ്റ പാക്ക്‌.അടുത്തുള്ള കടയിൽ നിന്ന് ഒരു പാക്കറ്റ് കൂടി എന്തായാലും വാങ്ങണം എന്ന് ഉറപ്പിച്ചു.ഒപ്പം 2ലിട്ട്ടറിന്റെ ഒരു വെള്ളക്കുപ്പികൂടി വാങ്ങി. പൈസ കൊടുത്ത് ഇറങ്ങിനോക്കിയപ്പോ ആണ് ബാക്കി തന്നതിൽ കുറവ് ഉള്ളത് ശ്രദ്ധിച്ചത്. അത് വാങ്ങാൻ തിരിച്ച് നടക്കുന്നതിന്റെ ഇടയിൽ ആണ് പെട്ടന്ന് കുടു എന്തോ വിളിച്ചു പറഞ്ഞു ഓടിയത്. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ പോവാനുള്ള ഷിമോഗ ബസ് സ്റ്റോപ്പിൽ ആൾ കയറ്റുന്നു അവൻ ഓടി കയറി .ബസ്സ് എടുത്തു .ഞാനും എങ്ങനെയൊക്കെയോ തൂങ്ങി കയറി. കർണാടക ആർടിസി ആണ്. വണ്ടിയിൽ ആൾക്കാർ തീരെ കുറവ്. അപ്പോഴാണ് ബണിന്റെ ഒരു ഒറ്റ പാക്ക് മാത്രം ഒള്ളു വാങ്ങിയിട്ട് എന്നോർത്തത് . വണ്ടി എന്തായാലും എടുത്ത് ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ.

കണ്ടക്ടറോട് കുടജാദ്രി ട്രെക്കിംഗ് എന്ന രണ്ടു വാക്ക് പറഞ്ഞപ്പോൾത്തന്നെ ടിക്കറ്റ് തന്നു . നഗോടിഘട്ടിലേക്ക്‌ ആണ് ടിക്കറ്റ് തന്നിരിക്കുന്നത്. ഒരാൾക്ക് 25രൂപയാണ്. മൂന്നാൾ ഇരിക്കുന്ന ഒരു സീറ്റ് പോയി വിശാലമായി ഇരുന്നു.അങ്ങാടി കഴിഞ്ഞ് മുന്നോട്ട് പോകുന്തോറും വെറും മരങ്ങളും കാടും ചെറിയ ജീവികളുടെ ശബ്ദവും മാത്രമായി. അവിടെ നിന്ന് നോക്കിയാൽ ഡ്രൈവറെ നന്നായി കാണാം . ഡ്രൈവറണ്ണൻ നല്ല ആസ്വദിച്ച് വണ്ടി ഓടിക്കുകയാണ്. ഹെയർപ്പിൻബെൻന്റ്‌ പോലുള്ള വളവുകൾ ഒക്കെ ഒറ്റ കയ്യിലാണ് വളച്ചെടുക്കുന്നത്. ഒരു 15 km ഓളം പോയപ്പോൾ കാടിന്റെ ഉള്ളിൽ ഒരു സ്ഥലത്ത് വണ്ട് നിർത്തി .ഞങ്ങൾക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ് ഇതാണെന്ന് കണ്ടക്ടർ പറഞ്ഞു.ഞങൾ ഇറങ്ങി വണ്ടി പോയി. റോഡിന്റെ മറുവശത്ത് വിശാലമായ നല്ല വീതിയുള്ള മൺവഴി കണ്ടു . വഴിയിലേക്ക് കയറുന്നതിന് തുടക്കത്തിൽതന്നെ വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാൻ ഇരുമ്പുകൊണ്ടുള്ള ഒരു ഗേറ്റ് സ്ഥാപിച്ചിട്ടുണ്ട്. അവിടെ സ്ഥാപിച്ച ബോർഡിൽ ഇംഗ്ലീഷിൽ എഴുതിയ വൈൽഡ് ലൈഫ് സാങ്ച്വറി എന്നത് ഒഴിച്ച് കന്നഡയിൽ എഴുതിയ ബാക്കി ഒന്നും മനസ്സിലായില്ല. ഇത് തന്നെ ആണോ വഴിയെന്ന് ചോദിക്കാൻ ഒരു ഈച്ച പോലും ആ പ്രദേശത്ത് ഒന്നുമില്ല. കന്നടകരൻ കണ്ടക്ടർ കുടജാദ്രി എന്ന് പറഞ്ഞത് ഇനി വേറെ വല്ലതും ആണോ കേട്ടത്!

കുറച്ച് നേരം ആലോചിച്ച് നിന്നു. അവസാനം നടകാൻ തുടങ്ങി. പോകുന്ന വഴിക്ക് ആരൊക്കെയോ കൂടി ഇലകൾ കൂട്ടിയിട്ട് കത്തിച്ചതിൽ നിന്ന് കൗതുകം തോന്നി ഒരു വടിയുമെടുത്തു. കുടജാദ്രി എത്തിയില്ലെങ്കിലും ഏതെങ്കിലും ഒക്കെ ഒരു മലയിൽ ഇതിലെ പോയാൽ എത്തും എന്ന് ഉറപ്പായിരുന്നു. കുറച്ച് മുന്നോട്ട് പോയതോടെ മെയിൻ റോഡിലൂടെ ഇടക്ക്‌ ഒക്കെ പോയികൂണ്ടിരുന്ന വാഹനങ്ങളുടെ ശബ്ദവും മുന്നോട്ട് പോകുന്തോറും കേൾക്കാതായി. നടത്തം തുടർന്നു. കുറച്ച് മുന്നോട് പോയതോടെ അത്യാവശ്യം നല്ല വലിപ്പമുള്ള ഒരു മരം വഴിക്ക് കുറുകെ വീണ കിടക്കുന്നുണ്ട് മരത്തിൻറെ ഭാരം കാരണം ഒരു വഴിയുടെ ഒരു ഭാഗം ചെറുതായി കുഴഞ്ഞു പോയിട്ടുമുണ്ട്. മരത്തിൻറെ അടിയിലൂടെ കുനിഞ്ഞ് ഇപ്പുറത്തെ സൈഡിൽ എത്തി . റേഞ്ച് ഒന്നും ഇല്ലെങ്കിലും നമ്മടെ കുടു മൊബൈലിൽ ഓഫ്‌ലൈൻ ആയിട്ട് നല്ല തള്ളുതള്ളി വീഡിയോ റെക്കോർഡ് ചെയ്യുന്നുണ്ട്. രണ്ടു വശത്തും അത്യാവശ്യം മരങ്ങളും ചെടികളും ഓക്കേ ആയി കാട് ആണ്. ഡിസംബർ മാസം ആയിട്ടൊള്ളതുകൊണ്ട് തന്നെ പുല്ലൊക്കെ ഉണങ്ങിക്കിടക്കുകയാണ്. ഇടയ്ക്കൊക്കെ വശങ്ങളിലെ കാട്ടിൽനിന്നും എന്തൊക്കെയോ ഓടിപ്പോകുന്ന ശബ്ദങ്ങളും നീങ്ങുന്ന ശബ്ദങ്ങളൊക്കെ കേൾക്കുന്നുണ്ട്. പോരാത്തതിന് പണ്ടാരം ചീവീടിന്റെ ശബ്ദവും.ചില സ്ഥലത്ത് ഒക്കെ എത്തുമ്പോൾ ആകാശം ഇരുണ്ട് ആകെ പ്രകാശം മങ്ങുന്നുണ്ട്. ആകെ പേടിപ്പെടുത്തുന്ന ഒരു അന്തരീക്ഷം.

ഒരു കയ്യിൽ വലിയ കുപ്പിയും മ്മറ്റെ കയ്യിൽ വടിയും ആയി ഞാനും ഒരു കയ്യിൽ വടിയും മറ്റേ കയ്യിൽ ബണ്ണും ആയി കുടുവും നീങ്ങി. കുറേ ദൂരം നടന്നപ്പോൾ സൈഡിൽ ആയി കുടജാദ്രി എന്നൊരു ബോർഡ്‌ കണ്ടതോടെ നടത്തത്തിന് ബലം വന്നു. ഇതിനിടെ കയ്യിൽ നിന്ന് വീണ വടി എടുക്കാൻ കുനിഞ്ഞപ്പൊഴാന്നു ഉറുമാമ്പഴത്തിന്റെ ഒരു കഷ്ണം നിലത്ത് കിടക്കുന്നത് കണ്ടത്. എടുത്തുനോക്കിയപ്പോൾ അതിനു വലിയ പഴക്കം ഒന്നും ഇല്ല. അങ്ങനെ ഞങ്ങളുടെ മുന്നേ ആരോ ഇതിലെ പോയിട്ടുണ്ട് ന്നു മനസ്സിലായി. കാടിന്റെ സ്വഭാവം ഇടയ്ക്ക് മാറിമറിയുന്നുണ്ട. ചിലഭാഗങ്ങളിൽ ഇരു വശത്തും മരങ്ങൾ ആണെങ്കിൽ കുറേദൂരം നടക്കുമ്പോൾ അത് കുറ്റിച്ചെടികലും പുല്ലും ഒക്കെ ആയി മാറുന്നു.

അങ്ങനെ നടന്നു പോകുന്നതിനിടയിലാണ് കുപ്പിടെ പിടിക്കാൻ ഉള്ള വള്ളിയും പൊട്ടി . രണ്ടാളുടെ ബാഗിലും കുപ്പി വെക്കാനുള്ള സ്ഥലം ഇല്ല വലിയ കുപ്പിയും പിടിച്ച് നടക്കാനും ബുദ്ധിമുട്ട്. വ്വള്ളിയോക്കെ തിരഞ്ഞെങ്കിലും ചെറിയ കഷ്ണം പോലും കിട്ടീല. വള്ളിയില്ലാത്ത കാടോ. ! അവസാനം ബാഗിൽ ന്നു തോർത്തെടുത്ത് തൊട്ടിൽ പോലെ രണ്ടറ്റവും കെട്ടി കഴുത്തിൽ ഇട്ടു.കളിബേണ്ട mwone ഞങ്ങ മെസ്സ് ആണ്. 😂 അങ്ങനെ പോക്കുന്നതിനിടക്ക് ദൂരെ ഏതോ ഒരു മലയുടെ മുകളിൽ ഏറ്റവും ടോപ്പിൽ ആയി ടവർ പോലെ എന്തോ ഒരു സംഭവം കാണുന്നത്.അത് കണ്ടിട്ട് പോലീസിന്റെ വയർലെസ്സ് സിസ്റ്റത്തിന്റെ ട്രാൻസ്മിഷൻ ടവർ പോലെ ഒക്കെ തോന്നുന്നുണ്ട്. ഒരു പക്ഷെ അവിടെ ആവും കുടജാദ്രി എന്നും അത്ര ഉയരത്തിൽ ഒന്നും ആവില്ല എന്തായാലും കുടജാദ്രി എന്നും രണ്ടു അഭിപ്രായം ഉടലെടുത്തു. എന്തായാലും വൈകുന്നേരത്തെ ന്യൂസ് ഹവറിലെ ചർച്ച പോലെ ഒരു തീരുമാനമാകാതെ ആ സംവാദം അവസാനിച്ചു. വഴി ഇനിയും മുന്നോട്ട്…

പോകുന്ന വഴിയിലൊക്കെ ധാരാളം പ്ലാസ്റ്റിക് കവറുകൾ കാണാൻ കഴിഞ്ഞു. ഇതു കണ്ടപ്പോൾ പെട്ടെന്ന് മനസ്സിൽ മുൻപ് വായിച ചത്ത ഏതോ ഒരു ജീവിയുടെ ഉള്ളിൽ നിന്നും പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ കിലോകണക്കിന് പ്ലാസ്റ്റിക്ക് കിട്ടിയ വാർത്താശകലമാണ് മിന്നിമറഞ്ഞത്. കയ്യിൽ അതൊന്നും കളക്ട് ചെയ്യാനുള്ള സാഹചര്യം ഇല്ലാത്തതുകൊണ്ട് അതൊന്നും നീക്കം ചെയ്യാൻ സാധിച്ചില്ല. വലിയ സംഭവങ്ങൾ ഒന്നും ചെയ്യാൻ സാധിച്ചില്ലെങ്കിലും ഞങ്ങൾ കൊണ്ടുപോയ ഒരു പ്ലാസ്റ്റിക്ക് വസ്തുവും കാടിനുള്ളിൽ നിക്ഷേപിച്ചിട്ടില്ല എന്ന ഒരു ഉറപ്പ് മാത്രമേ ഞങ്ങൾക്ക് പറയാൻ സാധിക്കു .

നടന്നു നടന്നു അങ്ങനെ തങ്കപ്പൻ ചേട്ടൻറെ കടയിലെത്തി പേര് ഹോട്ടൽ സന്തോഷ് . കുടജാദ്രിയിലേക്ക് നടന്ന് വരുന്നവർക്ക് കാടിനുള്ളിൽഉള്ള ഏക അത്താണിയാണ് തങ്കപ്പൻ ചേട്ടന്റെ ഈ കട. എം ടി യും മോഹൻലാലും പല പ്രമുഖരും ഇവിടെ സന്ദർശിച്ചിട്ടുള്ളവരാണ്. മഴക്കാലത്ത് വരുന്നവർക്ക് കാട്ടിലെ അട്ടകടിയിൽ നിന്നും രക്ഷപ്പെടാൻ ഉപ്പും പുകയിലയും ചേർത്ത കിഴി ഇവിടെ നിന്ന് കിട്ടും. അവിടെ നിന്ന് ബിസ്ക്കറ്റും സെവനപ്പും ഒക്കെ വാങ്ങി ഇറങ്ങുനത്തിനിടയിൽ നാളെ പുതുവർഷവും ഒപ്പം ഞായറാഴ്ചയും കൂടിയായതുകൊണ്ട് തിരക്ക് കുറച്ചു കൂടുതൽ ആണെന്ന് പറഞ്ഞു. മലയുടെ മേലെ ആൾക്കാരെ കൊണ്ട് പള്ളിപ്പെരുന്നാൾ പോലെ ആവുമോ പുതുവർഷം എന്ന ചിന്തയിൽ നടത്തം പുനരാരഭിച്ചു.

ചെറിയ കയറ്റങ്ങളും ഇറക്കങ്ങളും ഉള്ളതൊഴിച്ചൽ ഇതുവരെ വഴി നല്ലതായിരുന്നു. ഇനി അങ്ങോട്ട് ആണ് കയറ്റം തുടങ്ങുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1343 മീറ്ററോളം ഉയരത്തിലാണ് കുടജാദ്രി സ്ഥിതിചെയ്യുന്നത് . കർണാടകയിലെ ഷിമോഗ ജില്ലയിലെ മൂകാംബിക ദേശീയ ഉദ്യാനത്തിലെ ഭാഗമാണ് കുടജാദ്രി. ആന കാട്ടുപോത്ത് കടുവ രാജവെമ്പാല എന്നിവയൊക്കെ ഉണ്ടെങ്കിലും ഒരൊറ്റഒന്നും ഞങ്ങളുടെ മുന്നിൽ വന്ന പെട്ടില്ല.

കാടിനുള്ളിൽ കാന്തിക സ്വഭാവമുള്ള ഇരുമ്പയിര് കല്ലുകളുടെ നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. ഇത് മൈനിംഗ്‌കമ്പനികൾക്ക്‌ ഖനനം ചെയ്യാൻ കൊടുക്കാനുള്ള നീക്കം തദ്ദേശീയരായ ആളുകളുടെ പ്രതിഷേധം കാരണമാണ് നിർത്തിവെച്ചത്.വരുന്നവഴിയിൽ ഒരു ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ വെച്ച് ഞങ്ങളോട് കയ്യിൽ കുപ്പി(liquor) ഉണ്ടോ എന്ന് ചോദിച്ചു. കൈയിലുള്ള വെള്ളക്കുപ്പി ഉയർത്തിക്കാണിച്ച് കീഴടങ്ങി ഞങ്ങൾ മാതൃകയായി . ഒരുവിധം എല്ലാവരെയും ബാഗു ചെക്ക് ചെയ്തതിനു ശേഷമാണ് അവിടെ കടത്തിവിടുകയുള്ളൂ എന്തുകൊണ്ടോ ഞങ്ങളുടെ ചിരിച്ചുകൊണ്ട് കൈവീശി പോകാൻ പറഞ്ഞു.

അങ്ങനെ തങ്കപ്പൻ ചേട്ടൻ കടയുടെ അവിടുന്ന് മുന്നോട്ടുപോകവെയാണ് വളവിലെ ഒരു മരത്തിന് ചുവട്ടിൽ ഒരാൾ ഇരിക്കുന്നത് കണ്ടത്. ഇനി കാട്ടിലെ വല്ല പ്രതിഷ്ഠയും ആണോ? 😕 കുറച്ചു കൂടി മുന്നോട്ട് ചെന്ന് ആ വളവ് നിവർന്നതോടെയാണ് അയാൾ ഒറ്റയ്ക്കല്ല ഒപ്പം അയാളുടെ കുടുംബവും ഉണ്ട് എന്ന് മനസ്സിലായി. ഒരു 50 വയസ്സിനടുത്ത് പ്രായം അദ്ദേഹത്തിനുണ്ട്. ഒപ്പം അദ്ദേഹത്തിന്റെ അമ്മ ഭാര്യ പിന്നെ 3 പെൺകുട്ടികളും ആണ് . ചെറിയ കുട്ടിക്ക് ഒരു 8 വയാസ്സോളമെ പ്രായമുള്ള മറ്റു രണ്ടു പെൺകുട്ടികൾക്കും ഞങ്ങളുടെ അടുത്ത് പ്രായമുണ്ട്.എല്ലാവരും ക്ഷീണിച്ച് വിശ്രമത്തിന് വേണ്ടി ഇരിക്കുകയാണ്. ഞങ്ങളെ കണ്ടതോടുകൂടി ഇവരുടെയെല്ലാം കണ്ണിൽ ചെറിയൊരു തിളക്കം കാണാൻ പറ്റി. കാരണം അത്രയും ദൂരം നടന്നിടും ഒരാളെ പോലും ഞങ്ങളും കണ്ടിടില്ലയിരുന്നൂ. ഞങ്ങളെ കണ്ടത്തോട് എല്ലാവരും എഴുന്നേറ്റു. ( ബഹുമാനിക്കുകയൊന്നും വേണ്ട ഇരുന്നോള്ളൂ ഇരുന്നോളൂ)😛 അദ്ദേഹത്തിന് .ഇത്രയും സ്ത്രീജനങ്ങളെ ഒറ്റയ്ക്ക് നയിച്ച മുന്നേറാനുള്ള ബുദ്ധിമുട്ട് കൊണ്ടാവണം ഞങ്ങളും ഒപ്പം പോന്നോട്ടെ എന്ന് ഞങ്ങളോട് ചോദിച്ചു.

ചോദ്യം കേട്ടാൽ തോന്നും ഞങ്ങളിതിലെ ഡെയ്‌ലി 2 പ്രാവശ്യം പോകുന്ന ആൾകാരണെന്ന് 😨. ഇത് വരെ എത്തിയ അവസ്ഥ ഞങ്ങൾക്കലെ അറിയൂ. പക്ഷേ അതൊന്നും പുറത്ത് കാണിക്കാതെ ooh sure ,you can come with us , do you want any help ? ന്നൊക്കെ തട്ടി വിട്ടു .( പിന്നെന്തിനാ മുത്തെ ചേട്ടന്മാരു ഇത്രേം ദൂരം നടന്നു വന്നെ ) അവർക്കും ഞങ്ങൾക്കും സന്തോഷം. പോകുന്ന വഴിക്ക് എല്ലാവരെയും പരിചയപെട്ടു. ആളേതോ വല്ല്യ കമ്പനിയിൽ അക്കൗണ്ടന്റ് ആണ്. ബാംഗ്ലൂരിൽ നിന്ന് പുതുവർഷം ആഘോഷിക്കാൻ വന്നതാണ് അവരും. എല്ലാവരും ഫുൾ സെറ്റപ്പിലാണ്. ട്രക്കിംഗ്ബാഗ് ട്രക്കിംഗ്ഷൂസ് ഗ്ലാസ് ഷോർട്സ് . ഞാൻ ഞങ്ങളെ രണ്ടാളെയും സ്വയം ഒന്ന് അടിമുടി സ്കാൻ ചെയ്തു . ഭൂമിയുടെ ഓരോ സ്പന്ദനവും കാലിൽ എത്തുന്ന വിധത്തിലുള്ള സ്ലിപ്പേഴ്സും (തേഞ്ഞതല്ല,കമ്പനിയിൽ പ്രത്യേകം പറഞ്ഞു ചെയ്യിപ്പിച്ചതാണ്😷.) കഴുത്തിൽ ഒരു തോർത്തിൽ വെള്ളക്കുപ്പിയും തൂകി കയ്യിൽ ഒരു ഉണക്കവടിയും .പക്ഷേ വടി ഉള്ളതുകൊണ്ട് പല സ്ഥലത്തും എളുപ്പത്തിൽ കയറാൻ പറ്റി എന്നത് വിസ്മരിച്ചാൽ അത് വടിയോടുള്ള നന്ദികേടാവും.

ഞങ്ങളുടെ ഹൈ സ്റ്റാൻഡേർഡ് ഓക്സ്ഫോഡ് ഇംഗ്ലീഷിനോട് കട്ടക്ക് നിൽക്കാൻ അവിടുത്തെ അച്ഛമ്മയ്ക്ക് മാത്രമേ സാധിച്ചുള്ളൂ .അതുകൊണ്ട് തന്നെ സംസാരിച്ചത് കൂടുതലും അച്ഛമ്മയോട് ആയിരുന്നു.ഞങ്ങളോട് സ്നേഹം കൂടിയിട്ട്‌ ഇടയ്ക്ക് ഞങ്ങൾക് കുടിക്കാൻ വലിയ മംഗോ ജ്യൂസിന്റെ ബോട്ടിലൊക്കെ തന്നു. പണ്ടുതൊട്ടേ മാംഗോ ജ്യൂസ് ഇഷ്ടമില്ലാത്തതുകൊണ്ട് വേണ്ടാന്ന് പറഞ്ഞു . ( നല്ലത് #ചിലർക്കൊന്നും പറ്റില്ല എന്നാണല്ലോ പ്രമാണം ,😏). ഞാൻ വേണ്ടാന്ന് പറഞ്ഞതോടെ വാങ്ങാൻ കൈകാണിച്ച കുടു പതുക്കെ കൈ താഴ്ത്തി. പ്യാവം.
ഇടക്കെപ്പോഴോ ഞാൻ പിറകിലെ അച്ഛമ്മയുടെ സംസാരം ശ്രദ്ധിച്ചപ്പോൾ പേരകുട്ടികളോട് പോയി ഞങ്ങളോട് ഇംഗ്ലീഷിൽ സംസാരിക്കാൻ പറയുകയാണെന്ന് മനസ്സിലായി.കുട്ടികളുടെ ഇംഗ്ലീഷ് മുന്നേകേട്ടിട്ടുള്ളത്കൊണ്ട് ഇത് കേട്ടതോടെ നൈസ് ആയിട്ട് ഗിയർ ഫസ്റ്റിലേക്ക്ഇട്ട് വലിപ്പിച്ചു.

അവരുടേത് കൂട്ടക്ഷരം ഇംഗ്ലീഷ് ആയതൊണ്ടാ സാദാ ഇംഗ്ലീഷ് എങ്ങാനും ആയിരുന്നെ ഞങൾ പൊളിച്ചെനെ. കൂട്ടത്തിലെ ഏറ്റവും ചെറിയ ആൾ റബർ പാൽ കുടിച്ചു പോലെ ഏറ്റവും മുന്നിൽ ഓടികയറുന്നുണ്ട്.പേര് പറയാൻ മറന്നു- വൈഖരി. .കയറാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ ഒക്കെ വൈഖരീ ഞങ്ങളെ കാത്ത് നിൽക്കുന്നുണ്ട്. കുടജാദ്രി പോയിട്ടുള്ളവർക്ക്‌ അറിയുമായിരിക്കും ഇനി അങ്ങോട്ട് മിക്കസ്ഥലത്തും നല്ല ത്രില്ലിംഗ് ആയിട്ടുള്ള അടിപൊളി കയറ്റങ്ങൾ ആണ്. മരങ്ങളുടെ വേരിന്റെ ഒക്കെ ഇടയിലൂടെ ആണ് ഇൗ ഒറ്റയടിപ്പാത പോവുന്നത്. പോകുന്ന വഴിയിൽ കല്ലൊക്കെ ഇളകി കുറച്ച് ബുദ്ധിമുട്ട് തോന്നിയതോടെ സൈഡിലുള്ള കാട്ടിലൂടെ ഒന്ന് വഴി മാറ്റി പിടിച്ചു. പോയി പോയി കാൽമുട്ട് താടിയിൽ മുട്ടാൻ തുടങ്ങി അതോടെ വീണ്ടും പഴയ വഴിയിലേക്ക് എങ്ങനെയൊക്കെയോ ചാടി. വൈഖരിയും ഞാനും കുടുവും കയ്യിലുള്ള മിട്ടായി ഒക്കെ കഴിച്ച് ഏറ്റവും മുന്നിലായി ആണ് നടക്കുന്നത്. പിറകിൽ ഉള്ളവർ കയ്യിൽ എന്തൊക്കെയോ ചട്ടിയും കലവും കഴിക്കാനുള്ള സാധനങ്ങളൊക്കെ കൊണ്ടാണ് വരവ്.പല സ്ഥലത്തും ഞങ്ങളാണ് എല്ലാവരെയും വലിച്ച് കയറ്റുന്നത്.

ഇതിനിടക്ക് ഒരു പാറ പ്പുറത്ത് എത്തിയപ്പോൾ കുറച്ച് നേരം ഇരുന്നു. (ക്ഷീണം കൊണ്ടല്ല പാറക്ക്‌ ഒരു കനത്തിന് വേണ്ടി മാത്രം) ഇരുന്നു ഇരുന്നു വേര് മുളചപ്പോ ആണ് ഫോൺ ഒന്ന് നോക്കിയത് . ഇതിൻറെ ഉള്ളിൽ കയറിയപ്പോൾ പോയ റെയിഞ്ച് ഒന്നോ രണ്ടോ കട്ട ഒക്കെ ആയി കിട്ടുന്നുണ്ട്. ബാംഗ്ലൂർ ടീമ്സിനോട് ഇത് പറഞ്ഞപ്പോൾ അവർ ആരൊയൊക്കെയോ വിളിച്ചു. വീണ്ടും നടത്തം. ഇപ്പൊ നടന്നു കൊണ്ടിരിക്കുന്നത് ഒരു മലയുടെ വശത്തൂടെ ചെരിഞ്ഞ് ചേരിഞ്ഞാണ്.ഒരു കാൽ എങ്ങാനും തെറ്റിയാൽ വിമാനം ഇറങ്ങുന്ന പോലെ എത്രയോ അടി താഴേക്ക് പാറി ഇറങ്ങാം. ഇതിനിടയിൽ ആണ് കുടുന്‍റെ സംഭാഷണത്തോടെയുള്ള വിഡിയോ റെക്കോർഡിംഗ്. ആരംഭിച്ചത്. ഒരു പ്രാവശ്യം സ്ലിപ് ആയി താഴേക്ക് വീഴാൻ പോയി.അതോടെ വിഡിയോ പ്രക്ഷേപണം നിർത്തി .. സാഹസികത എപ്പോഴും ഹരം ആണെങ്കിലും , സാഹചര്യം വ്യക്തമായി മനസ്സിലാക്കാതെ ചെയ്യുന്ന ഓരോ പ്രവർത്തിയും നമ്മുടെ തിരിച്ച് പോക്ക് വെള്ള പുതച്ച് മറ്റുള്ളവരുടെ മാൻ പവറിൽ ആക്കി മാറ്റും. (സംഭവം എന്നെങ്കിലും ഒക്കെ എല്ലാവരും മരിച്ചു പോവുമെങ്കിലും നമ്മളായിട്ട് അത് മുന്നിലേക്ക് ആക്കണ്ടല്ലോ😛). അവൻ തട്ടി മറിഞ്ഞ് താഴെക്ക്‌ വീണു അവസാനം അവന്റെ ബണ്ണുംകൂടി ഞാൻ ഒറ്റക്ക് തിന്നണ്ട ഒരു അവസ്ഥ എനിക്ക് ആലോചിക്കാൻകൂടി കഴിയുമായിരുന്നില്ല😆. അതും നാല് ബണ്ണെയ്.

വഴി മുന്നോട്ട് കിടക്കുന്നു നടത്തവും മുന്നോട്ട്. താഴെ എവിടെയോ ഒരു വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേൾക്കുന്നുണ്ട്. നോക്കിയാൽ എത്തുന്ന ദൂരതൊന്നും വെള്ളത്തിന്റെ ഒരു സൂചന പോലും ഇല്ല. ഇപ്പൊ പോയി കൊണ്ടിരിക്കുന്ന മല മൊത്തം ഓലപോലുള്ള പുല്ലാണ്. ഒക്കെ ഉണങ്ങി ഗോതമ്പിന്റെ ഗോൾഡൺ കളർ ആയിട്ടുണ്ട്. അങ്ങനെ നടന്നു നടന്നു കുറച്ച് മുന്നോട്ട് നടന്നപ്പോൾ ആണ് ദൂരെ ഇതിലൂടെയോ ജീപ് പോകുന്ന സൗണ്ട് കേട്ട് തുടങ്ങിയത്. യാഹൂ…സ്ഥലത്തിന്റെ അടുത്തെത്തിയിരിക്കുന്നു. ഒപ്പം ഉളളവർ പെട്ടന്ന് ഒറ്റയടിക്ക് പിറകിൽ ആയതുകൊണ്ട് ഞങൾ ഒരു പാറപ്പുറത്ത് തണലിൽ കുറേനേരം ഇരുന്നു. വൈഖരിയുമവരുടെ കൂടെ തന്നെ ആണ്. കുറേ നേരം ആയിട്ടും അവരെ കാണാതായതോടെ ഞാൻ താഴേക്ക് തന്നെ കുറച്ചു നടന്നു നോക്കി. അപ്പോഴാണ് കുടു ഒരു കാര്യം പറഞ്ഞത് അവർ നമ്മളെ ഒഴിവാക്കാൻ ശ്രമിക്കുകയാണെങ്കിലോ ?

മുന്നേ ഇൗ കാര്യം ചെറിയ രീതിയിൽ എന്റെ മനസ്സിൽ തോന്നിയിരുന്നു എങ്കിലും അതു ഞാൻ സമ്മതിച്ചു കൊടുത്തില്ല. ദൂരെ എവിടെയോ നിന്ന് അവരുടെ സംസാരം കേൾക്കുന്നുണ്ട് പക്ഷേ സംസാരം അടുത്തേക്ക് വരാത്തതുകൊണ്ട് അവർ എവിടെയോ ഇരിക്കുകയാണെന്ന് മനസ്സിലായി. ഭാഗ്യം അപകടമൊന്നും പറ്റിയിട്ടില്ല. . എന്തായാലും ഇനി കുറച്ച് ദൂരം ഒളളല്ലോ . അവർക്ക് ‌‍ഡിസ്‌റ്റർബ്‌ ആവണ്ട എന്നുള്ളത് കൊണ്ട് ഞങൾ നേരെ നടത്തം തുടങ്ങി. കയ്യിൽ ഇനി ഒരു കുപ്പി വെള്ളം കൂടിയേ ബാക്കിയുള്ളൂ. ബാക്കി ഒക്കെ കുടിച്ച് വറ്റിച്ചിട്ടുണ്ട്. നടന്ന് നടന്ന് അവസാനം കുറേ വള്ളികളുടെ ഇടയിലൂടെ ആകാശം കാണാൻ തുടങ്ങി സൂര്യപ്രകാശം നേരെ മുഖത്തേക്കും എടുക്കുന്നുണ്ട്. ദൂരെ ഇവിടെ നിന്നോക്കെയോ ജീപിന്റെ ശബ്ദം കൂടി കൂടി വരുന്നുണ്ട്. എല്ലാം കൊണ്ടും മനസ്സ് നിറയെ സന്തോഷം തോന്നുന്നു. നടത്തത്തിനൊക്കെ വേഗത കൂടി തുടങ്ങി. അവസാനം ആയപ്പോഴേക്കും നടത്തം ഒക്കെ ഓട്ടം ആയോ എന്നൊരു സംശയം. ജീപുകളുടെ മുരൾച്ച വളരെ അടുത്ത് എത്തിയിരിക്കുന്നു.

ഞങൾ ഓടികയറിയത് നേരെ ജീപ്പുകൾ വന്ന് നിർത്തുന്ന സ്ഥലത്തേക്ക് ആണ്. അതിന്റെ മറ്റൊരു വശത്ത് ആയി ഒരു ദേവി ക്ഷേത്രവും ഉണ്ട്. കയിൽ വടിയുമായി കയറി വരുന്ന ഞങ്ങളെ കണ്ട് എല്ലാവരുടെയും കണ്ണിൽ അത്ഭുതം . ഇത് കണ്ടപ്പോഴാണ് ഞങൾ എന്തൊക്കെയോ ചെയ്തു എന്നൊരു തോന്നൽ വന്നത്(അഹങ്കാരം ന്നു പറയരുത്,, .ഞങൾ അത്തരക്കാര് നഹി ഹെ ,😓 ). ഇത്ര ചെറിയ ഒരു ട്രെക്കിങ്ങ് നടത്തിയ ഞങ്ങൾക്ക് ഇത്രയും സന്തോഷം തോന്നിയെങ്കിൽ എവറസ്റ്റ് കീഴടക്കിയവരോക്കെ സന്തോഷംകൊണ്ട് അറ്റാക്ക് വന്ന ചാവാത്തത് അത്ഭുതം തന്നെയാണ് .

സന്തോഷം ന്ന് പറഞ്ഞാല് അജ്ജാതി സന്തോഷം. ജീപ്പിൽ വന്നിറങ്ങിയവരൊക്കെ ഞങ്ങളെ നോക്കി അത്ഭുതത്തോടെ എന്തൊക്കെയോ പറയുന്നുണ്ട്. അവരുടെ ഒക്കെ മുഖം കണ്ടാൽ ഞങൾ രണ്ടു മല മറിച്ചിട്ട് തിരിച്ച് വന്ന ബാഹുബലിയെ പോലെ ഉണ്ട്. സില്ലി പീപിൾസ്. ഉച്ചയ്ക്ക് ഒന്നരയോടെ തുടങ്ങിയ നടത്തം അവിടെ എത്തുമ്പോൾ അഞ്ചര കഴിഞ്ഞിട്ടുണ്ടായിരുന്നു . 4 മണിക്കൂറോളം ആണ് ഇൗ 12 km നടന്നുകയറാൻ എടുത്തത് .

അമ്പലത്തിന്റെ പിറകിൽ ആണ് അവിടെ ഉള്ള പൂജാരികൾക്ക് താമസിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുള്ളത്. അതിന്റെ മുന്നിൽ ആയി ഒരു ചെറിയ മേശപ്പുറത്ത് വത്തക്കയും(ഞമ്മടെ തണ്ണിമത്തൻ) കൈതച്ചക്കയും ഒക്കെ മുറിച്ച് വിൽപനക്ക് വെച്ചിട്ടുണ്ട്. പണ്ടുതൊട്ടെ പൈസ ഞങ്ങൾ ശ്രദ്ധിക്കാറില്ല അതുകൊണ്ട് ക്യാഷ് വാരിയെറിഞ്ഞ് രണ്ടു കഷ്ണം തണ്ണിമത്തൻ 20 രൂപക്ക് സ്വന്തമാക്കി. ഉയരം കൂടുന്തോറും ചായക്ക് മാത്രം അല്ല തണ്ണിമത്തനും സ്വാദ് കൂടും എന്ന് അവിടെനിന്ന് മനസ്സിലായി. അങ്ങനെ നിന്ന നില്പിൽ ഒരു ഒന്നര തണ്ണിമത്തനോളം ഞങ്ങൾ അകത്താക്കി. ഒരു കാൽ മണിക്കൂറോളം ഞങ്ങൾ അവിടെ നിന്ന് വിശ്രമിച്ചു.അത്ര നേരം ആയിട്ടും നമ്മുടെ ബാംഗ്ലൂർ ടീംസ് അവിടെ എത്തിയിട്ടുണ്ടായിരുന്നില്ല. ജീപുകൾ വന്നുകൊണ്ടിരിക്കുന്നു. അതേ പോലെ തിരിച്ചും പോവുന്നുണ്ട്. ഇനി നോക്കണ്ടത് താമസം ആണ്.

മുന്നിലുള്ള ക്ഷേത്രം ജീവനക്കാരോട് പറഞ്ഞാല് അവർ അവിടെ സൗകര്യം ചെയ്തത് തരും എന്ന് മുന്നേ അവിടെ വന്ന ബിബിനെട്ടൻ പറഞ്ഞിരുന്നു. ഞങൾ നേരെ ചെന്ന് കാര്യം പറഞ്ഞു. ഒറ്റടിക്ക്‌ തന്നെ യോഗല്ല്യ അമ്മിണിയെ പായങ്ങട് മടക്ക്യാള്ള ന്നു കന്നഡയിൽ പറഞ്ഞ് മൂപ്പര് ഞങ്ങളെ ഒഴിവാക്കി.(ഞങൾ കൂടുതൽ ഡീസന്റ് ആയിപ്പൊയോ സർ , dance master Vikram .jpg) അപ്പൊ ഇന്നത്തെ കിടത്തം തീരുമാനമായിരിക്കുന്നു.

രാത്രി കിടക്കാൻ ഒരു സ്ഥലം കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ ന്നു അവിടെ ഒഴിഞ്ഞ് നിന്നിരുന്ന ഒരു ജീപ്പ് ഡ്രൈവർ ചേട്ടനോട് ചോദിച്ചു . നിന്റഛൻ ഉണ്ടാക്കിയിട്ടുന്തോ മലയുടെ മേലെ ഓയോ റൂം എന്ന ജാതി മറുപടി പ്രതീക്ഷിച്ച് നിന്ന ഞങ്ങൾക്ക് തൊട്ടപ്പുറത്തെ കുന്ന് ചൂണ്ടി കാണിച്ച് എവിടെ ഒരു ഗസ്റ്റ് ഹൗസ് ഉണ്ടെന്നും new year ആയതുകൊണ്ട് തിരക്കാണെന്നും കുറേ നേരത്തെ അംഗവിക്ഷേപം കൊണ്ട് മനസിലാക്കി തന്നു . അങ്ങനെയാണ് ദേവി ക്ഷേത്രത്തിന്റെ പിറകിലെ ഇടത്ത് ഭാഗത്തുള്ള വഴിയിലൂടെ ഞങൾ കയറുന്നത്.

കയറി ചെന്നത് നേരെ ഒരു വേലി കെട്ടിന്റെ അടുത്തേക്കാണ്. എവിടെ നിന്ന് താഴേക്ക് നോക്കിയപ്പോ ആണ് ഒരു പഴയ രണ്ടു കെട്ടിടങ്ങൾ അവിടെ ഉള്ളതായി കണ്ടത്. ജീപ്പ് നിർത്തുന്ന അവിടന്ന് നോക്കിയാൽ ഇങ്ങനൊരു സംഭവം ഇവിടെ ഉള്ളതായെ തോന്നില്ല.ഒരു സൂചന ബോർഡിന്റെ കുറവ് അവിടെ ഉണ്ട്. കാട്ടുജന്തുക്കൾ ഒന്നും വരാതിരിക്കാൻ ആവണം ഒരാൾക്ക് ഉയരത്തിൽ നല്ല ബലമുള്ള നെറ്റ് കൊണ്ടാണ് വേലി . പക്ഷേ കാലപ്പഴക്കം കൊണ്ടോ അതോ സഞ്ചാരികളുടെ ഷോർട്ട്കട്ട് എടുക്കൽ കൊണ്ടോ വേലിയുടെ ചിലഭാഗങ്ങൾ ഒക്കെ പൊളിഞ്ഞ് പോയിട്ടുണ്ട്. വേലിച്ചാട്ടം പണ്ടെ ഞങ്ങളുടെ ഒരു വീക്നെസ് ആയൊണ്ട് കൂട്ടത്തിൽ ഉള്ള നല്ലൊരു ഗ്യാപിലൂടെ ഞങൾ അകത്ത് കയറി. ആ കോമ്പൗണ്ടിൽ രണ്ടു കെട്ടിടങ്ങളാണ് . ഒന്ന് കണ്ടിട്ട് ഒരു അടുക്കള ലുക്ക് തോന്നി അങ്ങനെ അടുത്ത കെട്ടിടത്തിൽ കയറി. തുടങ്ങിയ സമയത്ത് പുതുപുത്തൻ ആയിരുന്നെങ്കിലും ഇപ്പൊൾ അതിന്റെ അവസ്ഥ വളരെ ശോകം ആണ്. ഒന്ന് പെയിന്റ്‌ അടിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ അതിനിപ്പോ ഒള്ളു.

ഉള്ളിലേക്ക് കയറിയത് തന്നെ കസേരയിൽ ഇരിക്കുന്ന ആ gov . ഗസ്റ്റ് ഹൗസിന്റെ നട്ടെല്ലും കരളും ആയ രാമണ്ണയെ കണ്ട് കൊണ്ടാണ്.കാക്കി പാന്റും ടിഷർട്ടുംആണ് വേഷം. ആരോഗ്യ ദൃഢഗാത്രൻ. ഏകദേശം രണ്ടു മീറ്റരോളം ദൂരെ എത്തിയപ്പോ തന്നെ രാമണ്ണ അടിച്ച കട്ട ലോക്കൽ സാധനത്തിന്റെ സ്മെൽ കിട്ടി തുടങ്ങിയിരുന്നു. കോട ഒന്നും മൂടിയിട്ടിലെങ്ങിലും നല്ല തണുപ്പ് ത്തുടങ്ങിയിട് ഉണ്ടായിരുന്നു അതുകൊണ്ടാവണം. ഞങൾ മൂപ്പരുടെ കുട്ടിക്ക് കല്യാണം ആലോചിക്കാൻ വന്നതൊന്നും അല്ലല്ലോ സ്വഭാവ സർട്ടിഫിക്കറ്റ് എടുക്കാൻ ,അതോണ്ട് വന്ന കാര്യം പറഞ്ഞു റൂം എല്ലാം ഫുൾ ആണെന്ന് രാമണ്ണയുടെ റിപ്പോർട്ടും കിട്ടി. (അടിപൊളി ബ്ബാ പോവാം) .അവിടെ കിടക്കാൻ ഒരു വഴിയും ഇല്ലാതെ പുറത്ത് ഇറങ്ങാൻ നേരത്താണ് രാമണ്ണ ഒരു കാര്യം പറഞ്ഞത് റൂമുകൾക്ക് മുന്നിലുള്ള ചെറിയ വരാന്തയിൽ ഇട്ടിടുള്ള കട്ടിലിൽ കിടക്കാൻ പറ്റുമെങ്കിൽ കിടക്കാം എന്ന് . അങ്ങനെ കിടക്കാൻ ഉള്ള രണ്ടു കട്ടിലും കാണിച്ച് തന്നു . 200 രൂപ വീതം ഓരോരുത്തർക്കും കൊടുത്ത് കട്ടിലും ഉറപ്പിച്ചു. 70 രൂപ വീതം കൊടുത്താൽ നൈറ്റ് ഫുഡും തരാം എന്ന് പറഞ്ഞപ്പോ കയ്യിലുള്ള ബൺ ഞങ്ങളെ നോക്കി പല്ലിളിച്ചു. ഫുഡ് ഞങ്ങളുടെ കയ്യിൽ ഉണ്ടെന്ന് പറഞ്ഞ് അ ഓഫർ ഒഴിവാക്കി.

അൻലിമിറ്റഡ് ഫുഡ് ന്നൊക്കേ ആണ് മൂപ്പര് പറഞ്ഞത്. എത്ര അൺലിമിറ്റഡ് ആയാലും ഒരു മനുഷ്യന് തിന്നാൻ കഴിയുന്നതിന് ഒരു പരിധി ഇല്ലെ . അങ്ങനെ ബാഗും വടിയും ഒക്കെ കട്ടിലിൽ വെച്ച് ഞങൾ മുകളിലുള്ള വ്യൂ പോയിന്റിലേക്ക്‌ ജാക്കറ്റും ഇട്ടു ഇറങ്ങി . 8 മണി കഴിഞ്ഞാൽ വാതിൽ ലോക്ക് ചെയ്യും എന്നൊരു വാണിങ്ങും അണ്ണൻ തന്നു. (ഇതല്ല ഇതിന്റെ അപ്പുറവും ചാടി കടന്നിടുള്ളവനാണി കേ കേ ജോസഫ്) .മൂപ്പരുടെ കന്നഡ ഞങ്ങൾക്കും ഞങ്ങളുടെ ഇംഗ്ലീഷ് മൂപർകും മനസ്സിലാവാത്തത് കൊണ്ട് ഇത്രേം നേരം ഇതൊക്കെ പറഞ്ഞതും അധോലോക ഡീൽ ഉറപ്പിച്ചതും ഏതാനും ചില വാക്കുകൾ കൊണ്ടും ആംഗ്യ ഭാഷ കൊണ്ടും ആണ്. Do you know English ന്നു ചോദിച്ചപ്പോ NO English ന്നാണ് മറുപടി. പിന്നെ എന്ത് പറയാനാ.

അങ്ങനെ ഉള്ളിലേക്ക് കയറിയ വിടവിലൂടെ തന്നെ പുറത്തേക്കും ചാടി. അവിടേക്കുള്ള വെള്ളമൊക്കെ മലയുടെ മുകളിൽ എവിടെയോ നിന്ന് പൈപ്പിട്ട്‌ കൊണ്ടുവരികയാണ്. ഇതൊക്കെ നോക്കി നടക്കുന്നതിനിടയിൽ ആണ് ആകാര്യം കണ്ടത്, ഞങൾ നിൽക്കുന്നതിന്റെ തൊട്ടു മുകളിൽ ആയി കാറ്റാടിയുടെഒക്കെ പോലുള്ള ഒരു ഇരുമ്പിന്റെ കാൽ . അതേ ഞങൾ രണ്ടുപേരും കാട്ടിൽ വെച്ച് കണ്ട അതേ കാൽ. വയർലെസ്സ് സ്റ്റേഷന്റെ ടവർ ന്നു ഒക്കെ വെറുതെ തെറ്റിദ്ധരിച്ചു.അവസാനം നടന്നു എത്തിയത് ഇങ്ങോട്ട് തന്നെ ആണല്ലോ ! വീണ്ടും നടന്നു ദേവി ക്ഷേത്രത്തിന്റെ പിറകിൽ എത്തി. ആളുകളൊക്കെ തിരിച്ചുപോയി തുടങ്ങിയിരിക്കുന്നു. ഞങൾ പിന്നെ എല്ലായിടത്തും നേരത്തെ എത്തുന്ന കൂട്ടത്തിൽ ആയതുകൊണ്ട് അങ്ങോട്ട് പോവാൻ ഞങൾ രണ്ടാളും മാത്രേ ഉണ്ടായിരുന്നുള്ളൂ.

ക്ഷേത്രത്തിനു പിറകിലെ കുളത്തിനു സൈഡിലെ വഴിയിലൂടെ നടത്തം തുടങ്ങി .അപ്പോഴാണ് തിരിച്ച് ഇറങ്ങി വരുന്നവരുടെ കൂട്ടത്തിൽ പരിചയമുള്ള മുഖങ്ങൾ കാണുന്നത്. നമ്മടെ സെവൻ ടീം. സംസാരിച്ചപ്പോൾ അവർ റൂം കിട്ടാത്തതുകൊണ്ട് തിരിച്ച് ഇറങ്ങാൻ ഉള്ള പരിപാടിയിൽ ആണെന്ന് മനസിലായി. ഇരുട്ട് വീണിട്ടിലെങ്കിലും സമയം അഞ്ചേമുക്കാൽ കഴിഞ്ഞിട്ടുണ്ടാവും. എങ്ങനെ പോയാലും രാത്രി കാട്ടിൽ പെടില്ലെ എന്ന് ചോദിച്ചപ്പോ ആണ് അവരും അതിനെ കുറിച്ച് ആലോചിച്ചത് ന്ന് തോന്നുന്നുണ്ട് . നമ്മടെ ഗസ്റ്റ് ഹൗസിൽ റൂം ഒന്നും ഇല്ലെങ്കിലും ഒന്ന് പോയി വല്ല വഴിയും ഉണ്ടോ ന്നു ചോദിക്കാൻ അവരോട് പറഞ്ഞു.അവർ ഗസ്റ്റ് ഹൗസിലേക്കും ഞങൾ മുകളിലേക്കും നടന്നു.

പോകുന്ന വഴിയിൽ ഒന്ന് രണ്ടു പേര് ഫ്രൂട്ട്സ് ഒക്കെ മുറിച്ച് വെച്ച് വിൽപ്പന നടത്തുന്നുണ്ട് .ആറുമണി കഴിഞ്ഞതുകൊണ്ട് എല്ലാവരും സാധനങ്ങൾ ഒക്കെ കെട്ടി വെച്ച് അതും കൊണ്ട് തിരിച്ച് ഇറങ്ങാൻ ഉള്ള ഒരുക്കത്തിൽ ആണ്.ബാക്കിയുള്ള ഒന്ന് രണ്ടു പൈനാപ്പിൾ കഷ്ണം ഞങ്ങൾക്ക് തന്നു. അതൊക്കെ കഴിച്ച് നടന്നു നടന്നു അങ്ങനെ ഏറ്റവും മുകളിൽ എത്തി. ഏകദേശം ഒരു 1.5 km ഓളം താഴെ നിന്ന് ഇങ്ങോട്ട് നടക്കാൻ ഉണ്ട്. അതും ഒരു 20 മിനുട്ട് ഓളം.ഏറ്റവും മുകളിൽ എത്തിയപ്പോ കണ്ടകാഴ്ച അതി മനോഹരം എന്ന് പറഞ്ഞാല് അത് കുറയും ,മലയാളത്തിലെ അക്ഷരങ്ങൾ എല്ലാം കൂടി എടുത്തും എങ്ങനെ ഒക്കെ ഓർഡറിൽ വെച്ചാലും കണ്ടത് അതേപോലെ വിവരിക്കാൻ എന്നെക്കൊണ്ട് പറ്റും ന്നു തോന്നുന്നില്ല . കവികൾക്കും ചിത്രകാരന്മാർക്കും ഒക്കെ ഒരു പക്ഷെ അതേ മനോഹാരിതയിൽ അവതരിപ്പിക്കാൻ കഴിയുമായിരിക്കും.

സൂര്യൻ അസ്തമിച്ചിട്ടുണ്ടെങ്കിലും അത് ആകാശത്ത് തീർത്ത വർണ വിസ്മയം അതേ പോലെ തന്നെ അവിടെ ഉണ്ടായിരുന്നു. ഒരു ഭാഗത്ത് ചന്ദ്രനും മറ്റൊരു വശത്ത് ഏറെ വർണവിസ്മയവും മുഖത്തോട് മുഖം നോക്കി നിൽക്കുന്നു.ഇവിടെ നോക്കിയാലും ആകാശത്തിനു ഒരു ചുവപ്പിൽ ഓറഞ്ച് കലർന്ന നിരം മാത്രമേ ഒള്ളു. കുറച്ച് ദൂരെ ഒരു പാറപ്പുറത്ത് ആയി ബാംഗ്ലൂരിൽ നിന്ന് ഗ്രൂപ്പ് ആയി വന്നിട്ടുള്ള കുറച്ച് കോളേജ് കപ്പിൾസും എന്തൊക്കെയോ ഉറക്കെ സംസാരിച്ചും കൂക്കി വിളിച്ചും അവിടെ നിൽക്കുന്നുണ്ട്. ഒപ്പം നല്ല അടിപൊളി കാറ്റും . വെളിച്ചത്തിന്റെ കുറവുമൂലം മുന്നിലുള്ള കപ്പിൾസിന്റെ നിഴൽ രൂപവും ബാക്ക്ഗ്രൗണ്ട് ആയിട്ട് ഉള്ള ചുവന്ന ആകാശവും ഒക്കെ കൂടി ഒരു ചിത്രകാരന് വരക്കാൻ വേണ്ട എല്ലാ കാഴ്ചകളും അവിടെ ഉണ്ട്. ( ഒരു ഏകദേശ രൂപം കിട്ടാൻ ഇൗ ചിത്രം ചുവടെ ചേർത്തിട്ടുണ്ട്. കണ്ണുകൊണ്ട് കാണുന്ന അത്ര ഭംഗിയോടെ മൊബൈലിൽ ഒപ്പിയെടുക്കുന്നതിൽ പരിമിതികളുണ്ട് എന്ന് എല്ലാർക്കും അറിയാമല്ലോ. )ഇൗ 21വർഷത്തിനിടെ ഇത്ര മനോഹരം ആയ ഒരു അസ്തമയം ഞാൻ കണ്ടിട്ടില്ല. ടൈറ്റാനിക്കിലെ റോസും ജാക്കും കപ്പലിന്റെ മുന്നിൽ കൈ ഉയർത്തി പിടിച്ച് കണ്ണടച്ച് നിന്ന പോലെ ആ കാറ്റത്ത് ഞാനും ഒന്നും ട്രൈ ചെയ്ത് നോക്കി (സംശയിക്കേണ്ട ഒറ്റക്കാണ് ട്ടോ 😛) . അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല പരിപാടി നല്ല രസം ഉണ്ട് . കുറച്ച് കൂടി മുന്നോട്ട് നീങ്ങി കാൽ രണ്ടും താഴേക്ക് ഇട്ട് താഴേക്കും നോക്കി അവിടെ ഇരിപ്പുറപ്പിച്ചു. (എങ്ങനെ മറിഞ്ഞ് വീണാലും. താഴേക്ക് പോവാത്ത ഒരു കുഴിയിൽ ആണ് ഇരുന്നത്, safety first) . കുറച്ച് കഴിഞ്ഞതോടെ അവിടെ ഉണ്ടായിരുന്ന ബാംഗ്ലൂർ ടീംസ് ഒക്കെ പോയി.

പിന്നെ ഞങൾ രണ്ടു പേരും മാത്രം. മുന്നിൽ എത്രയോ അടി താഴ്ചയിൽ മൂകാംബിക ദേശീയ ഉദ്യാനം പരന്നു കിടക്കുന്നു. എന്തിനെ ഒക്കെയോ പറ്റി സംസാരിച്ചിരുന്നു. പിന്നീടെപ്പോഴോ അത് നിശബദതയിലേക്ക് വഴി മാറി. കുടു എണീറ്റ് പോയി തൊട്ടപ്പുറത്ത് ഒഴിഞ്ഞൊരു സ്ഥലത്ത് പോയി ഇരുന്നു. താഴേക്ക് നോക്കുമ്പോ ദൂരെ എവിടെയൊക്കെയോ പൊട്ടുന്ന പടക്കങ്ങളുടെ പ്രകാശം ഇടക്കിടക്ക് കാണുന്നുണ്ട്. അവ്യക്തം ആണെങ്കിലും പ്രകാശം കണ്ട് കുറച്ച് കഴിഞ്ഞ് ചെറിയ ശബ്ദവും കേൾക്കുന്നുണ്ട്. പുതുവർഷം അല്ലേ! ഇതൊക്കെ നോക്കി കൊറേ പ്രാന്തൻ ചിന്തകളുമായി ആ ഇരുത്തം അങ്ങനെ ഇരുന്നു. ഏത് മലയുടെ മുകളിൽ കയറിയാലും ഇതാണ് എന്റെ അവസ്ഥ, എക്സാമിന്റെ തലേന്ന് പുസ്തകത്തിന്റെ മുന്നിൽ ഇരുന്ന പോലെ സിനിമ കഥ മുതൽ അമേരിക്ക ഇട്ട ആറ്റം ബോംബിന്റെ കളർ വരെ മലവെള്ള പാച്ചിലായി മനസ്സിലൂടെ വരും. കണ്ണടച്ച് ശ്രദ്ധിച്ച് ഇരുന്നാൽ ചെവിയിൽ വന്നു കാറ്റ് അടിക്കുന്നതിന്റെ ശബ്ദം . ആകെ കൂടെ വേറെ ഒരു ലെവൽ ഫീൽ . ഒരു കാരണവും ഇല്ലാതെ ഒരാൾക്ക് സന്തോഷിക്കാൻ കഴിയുമോ? അപ്പോഴത്തെ എന്റെ അവസ്ഥ വെച്ച് കഴിയും ന്ന് പറയാനേ എനിക്ക് സാധിക്കൂ. ഇരുന്നു ഇരുന്ന് കുറച്ച് കഴിഞ്ഞപ്പോ പുറകിലേക്ക് നടുവും നിവർത്തി ഒന്ന് കിടന്നു . താഴെ ഭൂമിയും മേലെ ആകാശവും (അല്ലാതെ താഴെ ആകാശവും മേലെ ഭൂമിയും ആവുലല്ലോ ലെ 😏) ഒരു ഭാഗത്ത് ചന്ദ്രനും ചുറ്റും ചരൽ വാരി എറിഞ്ഞ പോലെ കൊറേ നക്ഷത്രങ്ങളും . night photography ഗണത്തിൽ പെടുന്ന മിൽക്കീവെ ഫോടോസിൽ ഒക്കെ കണ്ട അതേ പോലത്തെ ആകാശം. മുന്നെ എപ്പോഴൊക്കെയോ ചെന്നെത്തണം എന്ന് ആഗ്രഹിച്ച ഒരു അറ്റമോസ്ഫിയറിൽ അവിചാരിതമായി ആണെങ്കിലും ഞാൻ എത്തി ചേർന്നിരിക്കുന്നു. ഇൗ 3ദിവസത്തെ യാത്രയിൽ ആകെ നഷ്ടബോധം തോന്നിയത് അസ്തമയവും ഇൗ ആകാശവും കണ്ടപ്പോൾ അതൊന്നു പകർത്താൻ കയ്യിൽ ഒരു ക്യാമറ ഇല്ലതായിപോയല്ലോ ന്നു ആലോചിച്ച് മാത്രമാണ് .

കമ്പ്യൂട്ടറിൽ മാൽ‌വെയർ കയറിയ പോലെ മനസ്സിൽ അ സീൻ ഒട്ടിപിടിച്ച് പോയിരിക്കുന്നു. തലച്ചോറിൽ നിന്ന് നേരിട്ട് പ്രിൻറ് എടുക്കാൻ വല്ല വഴിയും ഉണ്ടായിരുന്നെങ്കിൽ ഇതൊക്കെ പ്രിൻറ് എടുത്ത് കാണാൻ ആഗ്രഹമുള്ളവർക്കും കൂടി കാണിച്ച് കൊടുക്കാമായിരുന്നു. ടെന്റ് വാങ്ങിയിട്ട് എന്തായാലും ഇവിടേക്ക് ഒരു വരവുങ്കൂടി വരണ്ടി വരും കെട്ടാ. ഒരു പക്ഷെ അന്ന് ഇതേപോലെ തന്നെയുള്ള ഒരു അന്തരീക്ഷം കിട്ടിക്കൊള്ളണം എന്നുമില്ല. ഇതുപോലെയുള്ള ചില സമയങ്ങളിൽ ആണ് നമ്മുടെ ഒക്കെ ജീവിതത്തിലെ അൺസർടെയിനിറ്റിക്ക് ഒരു ഭംഗി വരുന്നത്. കുറേ നേരം ഒന്നും മിണ്ടാതെ ഇരുന്നതുകൊണ്ടോ എന്തോ എന്റെ ഉള്ളിൽ നിന്ന് ആരൊക്കെയോ എന്നോട് തന്നെ സംസാരിക്കാൻ തുടങ്ങിയിട്ടുണ്ട്(വട്ടല്ല😛) ശങ്കരാചാര്യർ ഇവിടെ വന്ന് ധ്യാനത്തിൽ ഇരുന്നതിന് കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. ഇനിയും അവിടെ ഇരുന്നാൽ മിക്കവാറും എനിക്കും ബോധോദയം കിട്ടും എന്നൊരു സംശയം വന്നതുകൊണ്ട് മനസില്ല മനസോടെ ആണെങ്കിലും അവിടന്ന് എണീറ്റു. സമയം ഏഴേമുക്കാൽ ഒക്കെ കഴിഞ്ഞിട്ടുണ്ട്. ചുറ്റും കോടയും ഇറങ്ങിയിട്ടുണ്ട്. ജാക്കറ്റ് ഉള്ളതുകൊണ്ട് പുറത്തേക്ക് കാണുന്ന കയ്യിലും മുഖത്തും മാത്രേ തണുപ്പ് അനുഭവപ്പെടുന്നുള്ളൂ . കുറച്ച് ദൂരം മുന്നോട്ട് പോയപ്പോ മനസിലായി ഇരുട്ടത്ത് വഴി തെറ്റിയിരിക്കുന്നു . ഇൗ ഇരുട്ടിനിത് എന്ത് ഇരുട്ടാണ്.

ഒരു ഐഡിയ തോന്നി. ഇങ്ങോട്ട് കയറി പോന്നപ്പോ കുറേ ഫോട്ടോസ് എടുത്തിരുന്നു. അതൊക്കെ കൂടെ വെച്ച് കമ്പെയർ ചെയ്തത് ഏകദേശം ഒരു രൂപമുണ്ടാക്കി. അത് വെച്ച് നടന്നപോ എവിടെയോ വെച്ച് താഴെ ഗസ്റ്റ് ഹൗസിലേക്ക് വെള്ളം കൊണ്ടുപോവുന്ന പൈപ്പിന്റെ അടുത്ത് എത്തി. അതും തപ്പി പിടിച്ച് അവസാനം. വഴിയിൽ എത്തി. . ഇനി പേടിക്കാൻ ഇല്ലാ. റേഞ്ച് ഉണ്ടായിരുന്നെങ്കിൽ രക്ഷാപ്രവർത്തനത്തിന് ഗൂഗിൾ അമ്മായിയെ വിളിക്കാമായിരുന്ന്. കളിയിൽ അമ്മായി കൂടി ഉണ്ടായിരുന്നെങ്കിൽ പിന്നെ വേറെ വല്ല മലയുടെ മുകളിലും ആവും ഞങൾ ചെന്ന് കയറുന്നത്. (മുന്നേ കൊറേ അനുഭവം ഉണ്ടേ).

അവസാനം ഗസ്റ്റ് ഹൗസിൽ എത്തിയിരിക്കുന്നു. മെഴുക് തിരി വെട്ടത്തിൽ ആണ് എല്ലാവരും.മെഴുകുതിരിയുടെ പ്രകാശം കൂടി ആയപ്പോ സത്യം പറഞ്ഞാല് ഒരു ഗോസ്റ്റ് ഹൗസ് ലുക്ക് ഒക്കെ ഉണ്ട്. (പറയാൻ മറന്നു അവിടെ ഇലക്ട്രിസിറ്റി ഇല്ല. പവർ ബാങ്ക് ചാർജ്ജ് ചെയ്തത് കയ്യിൽ പിടിച്ചാൽ ഫോൺ ചാർജ് ചെയ്യാം . റേഞ്ച് ഇല്ലാതൊണ്ട് അതിന്റെ ആവിശ്യവും വരുമെന്ന് തോന്നുന്നില്ല.) എല്ലാ റൂമിലും ഓരോ മെഴുകുതിരി കത്തിച്ച് വെച്ചിട്ടുണ്ട്. രാമന്നക്ക് നല്ലൊരു ചിരിയും പാസാക്കി നേരെ ഞങ്ങളുടെ കട്ടിലുകളിലേക്ക്‌ നടന്നു. അവിടെ കട്ടിലിൽ ഇരുന്നവനോടും ചിരിച്ച് ബാഗ് നോക്കിയപ്പോ ബാഗ് കാണാനില്ല.

(ദൈവമേ ഇത്രേം ദാരിദ്ര്യം പിടിച്ച കള്ളന്മാരും കാണുമോ?) തിരച്ചിൽ പുരോഗമിച്ചു . അതും വടി കൂടി കാണാനില്ല. തൊട്ടപ്പുറത്ത് ഉള്ള ഇതേ പോലത്തെ കോറിഡോർ നോക്കിയപ്പോ അതാ അവിടെ ഒരു കട്ടിലിൽ ഞങ്ങളുടെ ബാഗും വടിയും ഒക്കെ സുരക്ഷിതമായി ഇരിക്കുന്നു.. (ഇതിനും ഞങൾ പാവം കള്ളന്മാരെ സംശയിച്ചു)‌ അപ്പോഴാണ് അതുവഴി നമ്മടെ രാമണ്ണ പോയത് . വെച്ച സ്ഥലം മാറി ബാഗ് കിട്ടിയ കാര്യം പറഞ്ഞപ്പോ നടുവൊടിഞ്ഞ v ഷയിപ്പ്‌ ആയ അ കട്ടിലും കാണിച്ച് കള്ള തന്ത പറയാന് ഇതാണ് ഇങ്ങടെ കട്ടിൽ ന്ന്. അതും പറഞ്ഞ് മൂപ്പര് പോയി. സംഭവം ഞങ്ങൾക്ക് നേരത്തെ തന്ന കട്ടിൽ വേറെ ആരോ വന്നു പൈസ കൊടുത്തപ്പോ അവർക് മറിച്ചതാണ് ന്നു മനസ്സിലാകാൻ അധികം ആലോചിക്കേണ്ടി വന്നില്ല. ഇൗ തന്ന കട്ടിലിൽ കിടക്കാൻ പോയിട്ട് ഇരിക്കാൻ കൂടി പറ്റില്ലായിരുന്നു. പക്ഷേ ഒന്നു ചെയ്യാം , രാത്രി തൊട്ട് നേരം വെളുക്കുവോളം സ്ലൈഡ് ചെയ്തത് കളിക്കാം . ഞാനും കുഡുവും കണ്ണിൽ കണ്ണിൽ നോക്കി.

പിന്നെ അവിടത്തെ ചുമരുകളും മേൽക്കൂരയും സാക്ഷ്യം വഹിച്ചത് ഞങ്ങളുടെ മാസ്സ് എൻട്രിക്ക് ആണ്(ഫീൽ ദ ബീജിയം kumbaali trance . mp3) . അയാൾക് മലയാളം മനസ്സിലാവില്ല എന്നറിഞ്ഞിട്ടും ഞങൾ കയ്യിലുള്ള മലയാളം ഡിക്ഷണറി അങ്ങട് തുറന്നു. പറഞ്ഞു മുഴുമിപ്പികാൻ വിട്ടില്ല. വിറയാർന്ന കൈകളോടെ ചേർത്ത് അങ്ങട് പിടിച്ചു . ന്നിട് ബുക്കിൽ പേരും നോക്കി കയ്യിൽ ഞങ്ങൾടെ പൈസയും തന്നിട്ട് ഇറങ്ങിക്കോളാൻ പറഞ്ഞു. (പറഞ്ഞത് എന്തൊക്കെയോ അയ്യാൾക് മനസിലായി ന്നു് ഞങ്ങൾക്ക് മനസ്സിലായി.) (thug life രാമണ്ണ) ഞങ്ങൾടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒന്നും പോയ വഴി കാണാൻ ഇല്ല.

മൂപ്പർക്ക് നന്നായി അറിയാം ആ സമയത്ത് ഇറങ്ങി കാട്ടിലൂടെ നടന്നു കാട്ടുപോത്തിന്റെ ചവിട്ട് കൊള്ളാൻ ഞങൾ റെഡി ആവൂലാ ന്നു. അവസാനം ഞങൾ അങ്ങോട്ട് ഒരു ഓഫർ ഇട്ടു( ഓയോക്കാരിടുമോ ഇതേ പോലെ ഓഫർ again സിദ്ദീഖ് .jpg ) ആ നടു ഒടിഞ്ഞ പണ്ടാരം കട്ടിൽ ഒന്ന് മാറ്റി തന്നാൽ ഞങൾ ആ നിലത്ത് എവിടെയെങ്കിലും കിടന്നൊണ്ടെന്ന് . ഇത് കേൾക്കണ്ട താമസം രാമണ്ണ പോയി കട്ടിൽ എങ്ങോട്ടോ കൊണ്ടുപോയി.. ബാഗും വടിയും ഒക്കെ മൂലക്ക് വെച്ച് കട്ടിലിൽ നിന്ന് എടുത്ത കിടക്കയും നിലത്തിട്ട് ഞങൾ കിടക്കാൻ ഉള്ള സെറ്റപ്പ് റെഡി ആക്കി. അടുത്ത് തന്നെ മറ്റൊരു കട്ടിൽ കൂടി ഉണ്ട്. അതിലെ ഒറ്റക്കിരിക്കുന്ന പയ്യനെ അപ്പോഴാണ് ശ്രദ്ധിച്ചത്. വലിയൊരു ബാഗും ഒപ്പം വെച്ച് JBL ന്റെ ഹെഡ്‌സെറ്റും വെച്ച് എന്തൊക്കെയോ കേൾക്കുന്നുണ്ട്. ഞങ്ങളെ ഒന്നും ശ്രേധിക്കുന്നുംകൂടി ഇല്ല. ഒരു ത്രികോണം ഒക്കെ ഉള്ള ടീ ഷർട്ട് ആണ് വേഷം . ഇനി ഇവൻ ഇല്ലുമിനിറ്റിയിൽ പെട്ടെതെങ്ങാനും ആണോ! 😨

റേഞ്ച് ഉണ്ടായിരുന്നെങ്കിൽ വാട്ട്സ്ആപ്പിൽ #കാൻഡിൽ_ലൈറ്റ്_ഡിന്നർ_വിത്ത്_ഡാർളിങ് . #മെഴുകുതിരി_vibes ന്നൊക്കെ സ്റ്റാറ്റസ് എടുത്തിട്ട് അലക്കേണ്ട സമയത്താണ് എല്ലാവരും മൊബൈലും ഒഴിവാക്കി പരസ്പരം സംസാരിച്ച് ഇരിക്കുന്നത്. ബ്ലഡി സഞ്ചാരീസ് .

കുടു ബാഗിൽ ന്ന് എന്തൊക്കെയോ തപ്പുന്നുണ്ട്. ഒടുവിൽ ഒരു പാക്കറ്റ് മുറുക്കും മിക്ച്ചറും പുറത്ത് വെച്ച് ചെക്കൻ ബാഗ് അടച്ചു. (ഇമ്മാതിരി സർപ്രൈസ് എനിക്ക് പണ്ടേ ഇഷ്ടം ആണ് 😜😛)ക്വിന്റൽ ബാഗ് എന്നൊക്കെ പറഞ്ഞു കളിയാക്കിയെങ്ങിലും പുതക്കാൻ ഉള്ള പുതപ്പ് മുതൽ വീട്ടിലെ അമ്മിക്കല്ലു വരെ ചെക്കൻ എടുത്തിട്ട് ഇങ്ങോട്ട് കൊണ്ടുവന്നിട്ടുണ്ട്❤. അങ്ങനെ പുറത്തോട്ട്‌ പോകുന്നതിനിടയിൽ ആണ് ആരൊക്കെയോ മലയാളം പറഞ്ഞത് കേൾക്കുന്നത്. കേട്ട ഭാഗത്തെ റൂമിൽ ചെന്ന് നോക്കിയപ്പോ അതാ ഇരിക്കുന്നു നമ്മുടെ ചേച്ചിമാരും ചേട്ടന്മാരും. അവർക്ക് റൂം കിട്ടിയിരിക്കുന്നു. എല്ലാവരും മെഴുകുതിരി വെട്ടത്തിൽ നുണ പറഞ്ഞ് ഇരിക്കാണ്.

ഇവിടെ എടുത്ത് പറയേണ്ടത് താമസക്കാരുടെ പ്രൈവസിക്‌കും സുരക്ഷക്കും വേണ്ടി വളരെ അധികം സജീകരണങ്ങൾ ആണ് രാമണ്ണ ചെയ്തിട്ടുള്ളത്. ഒളിഞ്ഞ് നോട്ടക്കാരെ നേരിടുന്നതിന് വേണ്ടി വാതിലിന്റെ പകുതി തൊട്ട് മുകളിലേക്ക് ട്രാൻസ്പറന്റ്‌ ആയിട്ടുള്ള ഗ്ലാസ് ആണ്‌ കൊടുത്തിട്ടുള്ളത്. . ഏതൊരു ഒളിഞ്ഞ് നോട്ടക്കാരൻ വന്നാലും റൂമിൽ ഉള്ളവർക്ക് അയാളെ കാണാൻ പറ്റും. രാമണ്ണ മെസ്സ് അല്ലേ ഗുയസ്? (ഇത് കേട്ട്പേടിക്കണ്ട ഉള്ളിൽ കർട്ടൻ ഉണ്ട് ട്ടോ 👌) .

അതേപോലെ തന്നെ പെട്ടന്ന് വല്ല ആവിശ്യതിനും ഇൗ മുറിക്ക് പുറത്ത് ഇറങ്ങണ്ടി വന്നാൽ വാതിൽ തുറക്കാൻ കഴിഞ്ഞില്ലെങ്കിലും പ്രശ്നമില്ല ഒന്ന് കുനിഞ്ഞ് വാതിലിന്റെ അടിയിലൂടെ ഇറങ്ങാൻ സാധിക്കും . നാപ്ടോളിന്റെ ഒക്കെ ലാടറിൻെറ പരസ്യത്തിൽ പറയുന്ന പോലെ “ ഇതിലൂടെ ഇറങ്ങുവാൻ മാത്രമല്ല തിരിച്ച് കയറുവാനും സാധിക്കും.” 😑

ഇമ്പോർട്ടെട്‌ ഫീച്ചർ ആണെന്ന് തോന്നുന്നു. എന്തായാലും വേണ്ടില്ല , മിക്ചറും മുറുക്കും കൊണ്ട് അ ദ്വാരം വഴി ഞങളും അകത്ത് കയറി. സംസാരിച്ച് വന്നപ്പോ ആൻ ഓരോരുത്തരെയും കുറിച്ച് ഏകദേശ രൂപം കിട്ടിയത്. ചിലർ പഠിക്കുന്നു ഒരു ചേച്ചി കോളേജ് ലക്ചറർ ആണ് ചിലർ PhD ചെയ്യുന്നു. വലിയ റൂം ആണ് 2-3 കട്ടിൽ ഒക്കെ ഉണ്ട് . ബിന്ദുപണിക്കർ പറഞ്ഞ പോലെ ഓടി പോയി ചാടിയാൽ കുതിച്ചു പൊങ്ങുന്ന ജാതി കിടക്ക ഒക്കെ ആണ്. ഞങ്ങളതും ചാടിയാൽ കുതിച്ചു പൊങ്ങുന്നത് ഓക്കേ തന്നെ ആണ് ട്ടോ. ചാടുമ്പോ ബാക്കിൽ സ്പ്രിംഗ് വല്ലതും വെച്ച് കെട്ടണം ന്നു മാത്രം. (ഫോട്ടോയിൽ ഇട്ടിട്ടുണ്ട് ) തിരിച്ച് ഇറങ്ങുമ്പോ ഒപ്പം പോവാം ന്നും പറഞ്ഞ് ഞങൾ റൂമിന്റെ പുറത്ത് ഇറങ്ങി .

പുറത്ത് വരാന്തയിൽ മെഴുകുതിരി വെട്ടത്തിൽ ആരൊക്കെയോ ഇരുന്ന് സംസാരിക്കുന്നുണ്ട്. കണ്ണിനു ആ പഴയ പോലത്തെ സൂമിങ് കിട്ടാത്തതുകൊണ്ട് കുറച്ച് നേരം നോക്കി നിന്നപൊഴാണ് മനസ്സിലായത്. – നമ്മടെ ബാംഗ്ലൂർ ഫാമിലി ആണ്. പെട്ടന്ന് ഞങ്ങളെ കണ്ടതോടെ കുട്ടികളുടെ മുഖം വിടർന്നത് മെഴുകുതിരി വെട്ടത്തിൽ ആണെങ്കിലും കണ്ടൂ.( ദൈവമുണ്ട്,. സൈക്കിൾ ബ്രാൻഡ് അഗർബത്തികൾ😍) അവരുടെ അച്ഛൻ ഞങ്ങളെ കണ്ടതോട് ചാടി എണീറ്റു സംസാരിക്കാൻ വന്നു. (പാവം ഇവരെ ആണല്ലോ ഞങൾ ഒഴിവാകാൻ ശ്രമിച്ചു എന്ന് സംശയിച്ചത്😣)ഞങൾ ആദ്യം താമസിക്കാൻ ചോദിച്ച സ്ഥലത്ത് ആണത്രെ ഇവർക്ക് സ്റ്റേ. ഞങ്ങളുടെ പിറകെ വന്ന അവർക്ക് എങ്ങനെ സൗകര്യം കിട്ടി. ചിലപ്പോ മുന്നെ വിളിച്ച് ബുക്ക് ചെയ്തിട്ടുണ്ടാകും. പുറത്തിറങ്ങിയപ്പോൾ നല്ല കോട ആണ്.കുറച്ച് താഴെ ആരൊക്കെയോ ചേർന്ന് ക്യാമ്പ് ഫയർ പോലെ തീ ഒക്കെ ഇട്ടിട്ടുണ്ട് . എന്തോ ചുട്ടു തിന്നാൻ ഉള്ള പ്ലാൻ ആണ് . നമ്മുടെ ദേശീയ മൃഗമായ കോഴിയെ ആണെന്ന് തോന്നുന്നു. കരളലിയിക്കുന്ന കാഴ്ച കാണാൻ വയ്യാതൊണ്ട് അകത്ത് കയറി.

JBL സഹോദരൻ കയറി ചെന്നപ്പോ തന്നെ ചിരിച്ചു. ഇങ്ങോട്ട് വന്നു ചിരിച്ച ആൾകരോട് ജാഡ ഇടാൻ പാടില്ലാലോ . പോയി സംസാരിച്ചപ്പോൾ ആൾ സോളോ ആയിട്ട് ഇറങ്ങിയതാണ്. പേര് ചന്ദ്ര, ബാംഗ്ലൂർ ഒരു ഐടി ഫേമിൽ വർക് ചെയ്യുന്നു. ആൾ നമ്മുടെ ഫ്രൂട്ടി പാക്ക് ഒക്കെ പോലത്തെ ടെട്രാ പാക്കിൽ ഉള്ള സാധനം അടിച്ച് ഇരിക്കാണ്‌. നമ്മുടെ നാട്ടിൽ ഒന്നും ഇത് കണ്ടിട്ടില്ല. നമ്മടെ രാമണ്ണ കൊടുത്തത് ആണെന്ന് തോന്നുന്നുണ്ട്. സ്‌മെൽ കിട്ടിയത് വെച്ച് “സ്വദേശി ഉത്പന്നങ്ങളുടെ” പ്രചാരണത്തിനായി രാമണ്ണ തന്നെ ഉണ്ടാക്കുന്നത് ആണെന്ന് ഒരു സംശയം ഉണ്ട്.

കുടു കയ്യിലുള്ള പുതപ്പ് വലിപ്പം ഉണ്ടൊണ്‌ നോക്കാൻ ടെസ്റ്റ് ഡ്രൈവ് നടത്താൻ പോയി. സംസാരം കഴിഞ്ഞ് വന്നപ്പോഴേക്കും ടെസ്റ്റ് ഡ്രൈവ് നടത്താൻ പുതപ്പിൽ കയറിയ കുടു ഉറങ്ങി പോയിരുന്നു.. ഇവൻ പിന്നെ ഉറങ്ങി കഴിഞ്ഞാൽ ഇങ്ങനെ ആണ് വെടി പൊട്ടിയാലും എനീക്കൂല്ല. ( പണ്ട് പത്താം ക്ലാസ്സിൽ കമ്പയിൻ സ്റഡിക്ക്‌ ഇരുന്ന് 7 മണിക്ക് ചോറുണ്ട് ഉറങ്ങിയിരുന്ന ആൾക്കാരാണ് ഞങൾ). വിളിച്ചിട്ട് എടുക്കാത്തത് അവൻറെ ബണ്ണുകൂടി ഞാൻ കഴിക്കേണ്ടി വന്നു( ഷോ ഷാട്😜) .

ഇരിക്കാൻ ഒരു കസേര പോലും ഇല്ലാത്തതുകൊണ്ട് നിലത്ത് ഇരിക്കാനേ വഴി ഒള്ളു. തൊട്ടു മുന്നിൽ ഉള്ള റൂമിൽ മലമുകളിൽ വെച്ച് കണ്ട ബാംഗ്ലൂർ ഗ്യാങ്ങ് ആണ്. ഇടക്കെപ്പോഴോ വന്നു പാട്ട് വെച്ചാൽ ശല്യം ഉണ്ടൊണ്‌ അവരിൽ ആരോ ചോദിച്ചു. നിങ്ങ പൊളിക്ക്‌ മുത്തേ ഞങ്ങൾ ഉണ്ട് കൂടെ ന്നു പറഞ്ഞു അവരെ വിട്ടു. . അവർ പുറത്ത് പോർട്ടബിൾ സ്‌പീക്കറിൽ പാട്ടും ഇട്ടു ഡാൻസ് തുടങ്ങി. ഒക്കെ സംഭവം ഇങ്ങനെ ഒക്കെ ആണെങ്കിലും വന്ന സമയത്ത് ഒന്ന് രണ്ടു പ്രാവശ്യം ഞങ്ങൾ അവരോട് അങ്ങോട്ട് പോയി ചിരിച് സംസാരിക്കാൻ ശ്രമിച്ചെങ്കിലും പുല്ല് വില കൂടി തരാതെ വെയിറ്റ് ഇട്ടു അവർ പോയി . അപ്പൊ നമ്മൾ ആരായി ? അത് തന്നെ 3G. ഇതിന്റെ ഇടയിൽ ആണ് ചന്ദ്രയുടെ കലാപരിപാടി തുടങ്ങുന്നത്.സ്വദേശി തലക്ക് പിടിച്ചിരിക്കുന്നു.. ഓടി പുറത്ത് പോവും കുറച്ച് കഴിഞ്ഞ് ഓടി വന്നു എനിക്ക് ഷേക്ക് ഹാൻഡ് തരും ഇത് ഒരു അഞ്ചാറു പ്രാവശ്യം ആയതോടെ ഞാൻ പതുക്കെ കിടക്കയിൽ ഉറങ്ങിയ പോലെ കിടന്നു. ചെക്കൻ പുറത്ത് പോയി പിന്നെയും എന്റെ അടുത്ത് എന്നെയും നോക്കി നിൽക്കുന്നത് കാലടി ശബ്ദം വെച്ച് എനിക്ക് മനസ്സിലായി. ഞാൻ കണ്ണ് മുറുക്കി പിടിച്ച് കിടന്നു (ചത്താലും തൊറക്കൂലെടാ ബ്ലഡി പട്ടി).

പുതുവർഷം കാണാൻ വന്ന ഞങൾ പിന്നെ എനീക്കുന്നത് കുല പഴുപ്പിക്കാൻ ചാക്കിൽ കെട്ടിവെച്ച പോലത്തെ ചന്ദ്രയുടെ കിടത്തവും കണ്ട് “പുലർച്ചെ” 6മണിയോട് അടുപ്പിച്ചാണ് . ഞങൾ മാത്രേ എഴുന്നേറ്റിട്ട് ഒള്ളു. എഴുന്നേറ്റ് ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ “അയാളും ഞാനും തമ്മിലെ” ഏതൊക്കെയോ സീൻ പോലെ തോന്നുന്നുണ്ട്. രമണ്ണ എഴുന്നേറ്റ് എങ്ങോട്ടോ പോയിട്ടുണ്ട്. ആരെങ്കിലും ഒക്കെ കാണുകയാണെങ്കിൽ ഞങ്ങൾക്കും ഇമ്മാതിരി പരിപാടികൾ ഉണ്ടെന്ന് കരുതികോട്ടെന്ന് വിജാരിച്ച് ബ്രഷും പേസ്റ്റും ആയി പുറത്ത് ഇറങ്ങി. മുന്നിൽ തന്നെ പൈപ്പ് ഉണ്ട് . തുറക്കാൻ വേണ്ടി പൈപ്പിൽ പിടിച്ചതേ ഒള്ളു പൈപ്പ് കയ്യിൽ പോന്നു. രാമണ്ണ തുപ്പലും കൂട്ടി ആണ് ഈ പൈപ്പ് ഒട്ടിച്ചതെന്ന് തോന്നുന്നുണ്ട്.വെള്ളം എന്തായാലും നല്ല തണുപ്പാണ്. എന്തായാലും ഈ newyear ഞാൻ കൊണ്ടോയി. കുളിയും പല്ലുതേപ്പും ഒപ്പം കഴിഞ്ഞിരിക്കുന്നു.

ഒക്കെ കഴിഞ്ഞ് വീണ്ടും സീൻ പിടിക്കാൻ ഇറങ്ങി . ഇവിടെ നിന്ന് താഴേക്ക് നോക്കുമ്പോ ഉദിച്ച് ഉയരുന്ന സൂര്യന്റെ വെളിച്ചത്തിൽ ഇന്നലെ കയറി പോന്ന പുൽമേടുകൾ ഒക്കെ നല്ല ഗോൾഡൺ കളറിൽ കാണാം. കുറെ നേരം അതൊക്കെ നോക്കി നിന്ന് ഗസ്റ്റ് ഹൗസിന്റെ ചുറ്റുപാടും ഒന്ന് നോക്കി കാണാൻ നടന്നു. മുന്നിൽ തന്നെ കുറെ സോളാർ പാനൽ നിരത്തി വെച്ചിട്ടുണ്ട്. മുന്നേ എന്നെങ്കിലും ഒക്കെ ഇവിടെ ഉപയോഗിച്ചിരുന്നത് ആയിരിക്കണം.

ഈ സമയത്താണ് രണ്ടു പയ്യന്മാർ RX കൊണ്ട് മല കയറി വരുന്നത് കണ്ടത്. അവരെ നോക്കി നിന്നപ്പോൾ ഇന്നലെ ഞങ്ങൾക്കുണ്ടായ അതേ നവരസങ്ങൾ അവരുടെ മുഖത്തും. ഇജ് സുലൈമാൻ അല്ല ഹനുമാൻ ആണ് ന്നു കൈകൊണ്ട് കാണിച്ചു. (ചെക്കെൻമാർക് ഒരു സന്തോഷം ആയികൊട്ടെ). നടന്നു പിറകിൽ എത്തിയപ്പോ അവിടെ ഇഷ്ടം പോലെ ഒഴിഞ്ഞ ടെട്ര പാക്കറ്റ് കാണാൻ പറ്റി. അവിടെ തന്നെ ഉള്ള അടുക്കളയിൽ പോയി ഓരോ ഗ്ലാസ്സ് ചായയും വാങ്ങി കുടിച്ച് നിൽക്കുമ്പോഴാണ് മുന്നിൽ നിർത്തി ഇട്ടിരുന്ന ജീപിലെ ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്. ഞാൻ അടക്കം ഒരുവിധം എല്ലാവരും കുടജാദ്രി(kudajadri) എന്നാണ് പറയുന്നത് എങ്കിലും കൊടചാദ്രി (kodachadri) എന്നത് ആണ് ശരിയായത് . കന്നടക്കാർ ഇത് ശരിയായി തന്നെ ആണ് ഉച്ചരിച്ചു കേട്ടത് . ( ഇതുവരെ ഞാനും തെറ്റ് എഴുതിയത് മനഃപൂർവം ആണ്. )

അത്യാവശ്യം തണുപ്പ് ഇപ്പോഴും ഉണ്ട്. ഉള്ളിൽ കയറി ബാഗിൽ സാധനങ്ങൾ ഒക്കെ വെച്ചപൊഴേക്കും ചന്ദ്ര പല്ലും തേച്ച് എത്തിയിട്ടുണ്ട്. ഇന്നലെ നടന്നതോകെ പറഞ്ഞപ്പോ ചെക്കൻ നാണം കൊണ്ട് തല നിലത്ത് തട്ടുന്ന അവസ്ഥയിൽ ആയിട്ടുണ്ട്. സമാധാനിപ്പിച്ച് ഇരികുമ്പോ ആണ് ബാംഗ്ലൂർ ഗ്യങ്ങിലെ പയ്യന്മാർ പുറത്ത് ഇറങ്ങുന്നത്.ബക്കറ്റ് ഒക്കെ കൊണ്ട് എല്ലാവരും കൂടി എങ്ങോട്ട് ആണാവോ ! കുറച്ച് കഴിഞ്ഞപ്പോ ഓരോരുത്തരായി ബക്കറ്റിൽ വെള്ളവുമായി റൂമിലേക്ക് കൊണ്ട് കൊടുക്കാൻ തുടങ്ങി . ( ഇതുവരെ കൊണ്ടുവന്നതും പോരാഞ്ഞിട്ട് കാമുകിമാർക്ക്‌ ഉള്ള വെള്ളം കൂടി കൊണ്ട് കൊടുക്കേണ്ടി വരുന്നത് എന്തൊരു ദ്രാവിഡ് ആണ്. )

ഇതൊക്കെ ഞങൾ കാണുന്നുണ്ട് ന്ന് മനസിലായത് കൊണ്ടാവണം തലേന്ന് വരെ മൈൻഡ് ചെയ്യാത്ത പയ്യന്മർ ചെറിയ ചമ്മലോടെ ഇങ്ങോട്ട് വന്നു സംസാരിച്ചു. കയിലുള്ള 4 ബിസ്കറ്റ് കൂടി കഴിച്ചതോടെ ബ്രേക്ക് ഫാസ്റ്റും കഴിഞ്ഞു . ഇനി ബാംഗ്ലൂർ ചെല്ലുമ്പോൾ അവനെ വിളിക്കണം അവൻറെ വീട്ടിൽ നിൽക്കാം ന്നൊക്കെ പറഞ്ഞു വിളിക്കാൻ നമ്പറും തന്നു ചന്ദ്ര ബാഗും എടുത്ത് ഹിൻഡ്‌ലുമനെ വെള്ളച്ചാട്ടത്തിലേക്ക് ഒറ്റക്ക് ട്രെക്ക് ചെയ്തത് പോവാൻ ഇറങ്ങി.നമ്പറും കൊടുത്ത് ചന്ദ്രയെ നിലമ്പൂരിലേക്ക് ക്ഷണിക്കാനും മറന്നില്ല. അതേ പോലെ തന്നെ ഇവിടെ നിന്നും പോയി കാണാൻ കഴിയുന്ന മറ്റൊന്നാണ് നഗര ഫോർട്ട് .

നമ്മുടെ ചേച്ചിമാരും ഏട്ടെന്മാരും എണീറ്റ് തിരിച്ച് ഇറങ്ങാൻ റെഡി ആയിട്ടുണ്ട്. വെയിൽ ചൂടാവുന്നതിന്റെ മുന്നേ തന്നെ ഇറങ്ങണം. ഇനിയും കൊടച്ചാദ്രിയിൽ എത്തുന്ന ആർക്കൊക്കെയോ അത്താണി ആവാൻ ഉള്ള ഈ കെട്ടിടവും പിന്നിലാക്കി ഞങൾ എല്ലാവരും നടന്നു നീങ്ങി. പോകുന്ന വഴിക്ക് ഉള്ള മരത്തിൽ വലിഞ്ഞ് കയറി ധീരത പ്രകടിപ്പിക്കാനും നമ്മുടെ നാട്ടുകാരി ചേച്ചി മറന്നില്ല.

കാര്യായിട്ട്‌ ഒന്നും കഴിച്ചില്ലെങ്കിലും എല്ലാവരും ഫുൾ എനർജിയിൽ തന്നെ ആണ്. കയറിയതിനെക്കാൾ ശ്രദ്ധിച്ച് ആണ് തിരിച്ച് ഇറങ്ങിയത്.കൃത്യമായി റേഞ്ച് കിട്ടുന്ന സ്ഥലത്ത് എത്തിയപ്പോ തന്നെ എന്റെ പേരിൽ ഓൺലൈൻ ആയി വാങ്ങിയ എന്തോ ഒരു കൊറിയർ വന്നിട്ടുണ്ട് എന്ന് കൊറിയർ ഓഫീസിൽ നിന്ന് വിളിച്ചു പറഞ്ഞു. ഞാൻ പൈസ കൊടുക്കാതെ എനിക്ക് ഇവിടന്ന് കൊറിയർ വരാനാ..

കുത്തനെ ഉള്ള ഇറക്കം കഴിഞ്ഞ് നിരപ്പായ സ്ഥലം എത്തിയതോടെ എല്ലാവരും കൂടി തള്ളുവണ്ടി സ്റ്റാർട്ട് ആക്കി. ഞാനും ലക്ചർ ചേച്ചിയും കൂടി ആണ് ഏറ്റവും മുന്നിൽ. എല്ലാവരും അവരവരുടെ ലെവലിൽ തള്ളി നിൽകുന്നവരോടൊപ്പം ടീം ആയി പിറകെ വരുന്നുണ്ട്. അങ്ങനെ സംസാരിച്ചു സംസാരിച്ചു ട്രെക്കിങ്ങ് സ്റ്റാർട്ട് ചെയുന്ന റോഡ് എത്തി. ഇനിയും ഒരു 2km കൂടി ഉണ്ടായിരുന്നെങ്കിൽ എന്നൊക്കെ തോന്നി. സംസാരിച്ചു നടന്നതുകൊണ്ട് ആവണം ദൂരം കഴിഞ്ഞത് അറിഞ്ഞതെ ഇല്ല.

വടി ഒക്കെ കയറുന്ന ഗെയിടിന്റെ ചാരി വെച്ചു. ഇനിയും ഇതിലെ കയറാൻ വരുന്നവർക്ക് ഉപയോഗപ്പെട്ടോട്ടെ.ഞങ്ങളെ അവിടെ എത്തുമ്പോൾ തലേ ദിവസം സൗപർണിക യിൽ വെച്ച് കണ്ട കണ്ണൂർ ടീമും ഉണ്ടായിരുന്നു. അവർ കൊറേ നേരം ആയിട്ട് ബസ് കാത്ത് നിൽകാണ്.തലേന്ന് രാത്രി അവർ പോയി കാട്ടുപോത്തിന്റെ മുന്നിൽ പെട്ട കഥ കേട്ടപ്പോ ഇൗ കാട്ടിൽ ജന്തുക്കൾ ഒക്കെ ഉണ്ടെന്ന് ഉറപ്പായി. നേരം പോക്കിന് വേണ്ടി “ബാർലി വെള്ള”വും ഇടക്ക്‌ കുടിക്കുനുണ്ട്.

ഇതിനിടയിൽ ആണ് മിക്സ് ചെയ്യാൻ അവരുടെ കയ്യിലുള്ള വെള്ളം തീർന്ന കഥന കഥ പറഞ്ഞത് . ബാഗിൽ തപ്പി നോക്കിയപ്പോ ഇന്നലെ വാങ്ങിച്ച പൊട്ടിക്കാത്ത സെവനപ്പ്‌ ഇരിക്കുന്നു. അതെടുത്ത് കൊടുത്തതോടെ അവർക് സ്നേഹം കൂടി. പിന്നെ എല്ലാവരും വട്ടം കൂടി പാട്ടായി ഡാൻസ് ആയി. ഒരു മണിക്കൂറോളം പോയത് അറിഞ്ഞില്ല.എന്നിട്ടും ബസ് കാണാൻ ഇല്ലാത്തതുകൊണ്ട് അങ്ങനെ അവസാനം റോഡിലൂടെ വണ്ടി കിട്ടുന്നത് വരെ നടക്കാൻ തീരുമാനിച്ച്. അവിടെ നിന്ന് കൊല്ലുരിലേക്ക്‌ ബസിന് 25 രൂപയുടെ ദൂരം ഉണ്ട്. അങ്ങനെ പിന്നെയും നടത്തം. എല്ലാവരുംകൂടി പത്തു പതിനഞ്ച് പേരോളം ഉണ്ട്. കാട് ആയതുകൊണ്ട് വണ്ടികൾ ഒന്ന് ഇല്ലതാനും.എല്ലാവരും കൂടി റോഡിൽ നിറഞ്ഞു നടക്കുന്നുണ്ട് നടന്നു ഒരു വളവ് കഴിഞ്ഞില്ല പിറകിൽ അത വരുന്നു ബസ്. കയ്യ് കാണിച്ചോ കാലു കാണിചോ എങ്ങനെയൊക്കെയോ ബസ് നിർത്തിച്ചു. എല്ലാവരും കയറി. ആരോ എല്ലാവരുടെയും ടിക്കറ്റ് ഓക്കേ എടുത്തിട്ടുണ്ട്. ഇവിടെ വന്ന് പരിചയപെട്ടത് ആണെങ്കിലും എല്ലാവരും കൂടി പെട്ടന്ന് തന്നെ ഒരു ടീം ആയിട്ടുണ്ട് . ഡ്രൈവർ അത്ര എക്‌പർട് ആണെന്ന് തോന്നുന്നില്ല. ചില വളവുകളിൽ ഒക്കെ റിവേഴ്സ് ഒക്കെ എടുത്ത് ആണ് പോവുന്നത്. എന്തായാലും ജീവൻ പോവാതെ കൊല്ലൂർ എത്തി. ഇനി ഒന്ന് കുളിക്കണം . നേരെ സൗപർണികയിലേക്ക്. എല്ലാവരും കൂടി വിശാലമായി സൗപർണികയിൽ ഇറങ്ങി നീരാടി. ഉച്ച സമയം ആയതുകൊണ്ട് അധികം പേരൊന്നും ഇല്ല. കണ്ണ് തെറ്റിയാൽ ബാഗ് അടിച്ച് മാറ്റാൻ കുരങ്ങന്മാർ തലങ്ങും വിലങ്ങുമായി നടക്കുന്നുണ്ട്.

കുളിയും തേവരാവും കഴിഞ്ഞ് നമ്മുടെ ബാർലി ബ്രോസ് യാത്ര പറഞ്ഞു. കുറച്ച് സമയം കൊണ്ടാണെങ്കിലും അവരോട് നല്ലൊരു അടുപ്പം ഉണ്ടായിട്ടുണ്ട്. ഇനി ഫുഡ് കഴിക്കണം സമയം 3മണിയോട് അടുത്ത് ആയിട്ടുണ്ട്. തപ്പി പിടിച്ച് അവസാനം ഒരു ഹോട്ടലിൽ കയറി ചോറ് കിട്ടി. കയറിയപ്പോൾ ചാർജ് ചെയ്യാൻ കൊടുത്ത 3%ചാർജ് ഇറങ്ങിയപപോഴും അതെ പോലെ തന്നു ഹോട്ടൽ മുതലാളി മാതൃക ആയി. (സ്വിച്ച് ഇടാൻ മറന്നു ഫുദ്ധി മാൻ) .

ഭക്ഷണം കഴിച്ച് ഇറങ്ങി ബസ് സ്റ്റാൻഡിൽ എത്തി. അവർ ഇവിടെ നിന്ന് നേരെ നാട്ടിലേക്ക് മടങ്ങും ഞാങ് രണ്ടാളും കൂടി #മുരുടേശ്വെരിലേക്കും . കൊല്ലൂർ സ്റ്റാൻഡിൽ നിന്ന് നേരിട്ട് ബസ് കിട്ടാത്തതുകൊണ്ട് ബൈന്ദൂരിലേക്ക് കയറി അവിടെ നിന്ന് വേണം മുരുടെശ്വർ വണ്ടി പിടിക്കാൻ. രണ്ടുവഴിക്ക്‌ തിരിയാൻ ആയതോടെ വ്യക്തമായി വിവരിക്കാൻ സാധിക്കാത്ത എന്തോക്കെയോ ഒരു ബുദ്ധിമുട്ട് ഉള്ളിൽ ഉണ്ട്.(വയറു നിറയെ ചോറ് വാങ്ങി തന്നതുകൊണ്ട് മാത്രം അല്ലട്ടോ). എന്തുകൊണ്ടോ കൂടുതൽ ഒന്നും പറയാതെ‌ പോട്ടെ കാണാം ന്നു പറഞ്ഞു പോവാൻ എടുത്ത ബസിൽ കയറി.

ബസിൽ നല്ല തിരക്കാണ് . സീറ്റ് ഒന്നും ഇല്ലാത്തതുകൊണ്ട് നിൽക്കാതെ വേറെ വഴി ഇല്ല. കുടുന്‍റെ ക്വിന്റൽ ബാഗ് ബെർത്തിൽ വെക്കാൻ നോക്കിയെങ്കിലും വലിപ്പം കാരണം ഉള്ളിലേക്ക് കയറുന്നില്ല. ഇപ്പൊ തന്നെ ബാഗിന്റെ ഏകദേശം രൂപം കിട്ടികാണുമല്ലോ. എങ്ങിനെ പോയാലും ഒരു ഇരുപത് ഇരുപത്തിയഞ്ച് കിലോയോളം തൂക്കം അതിനുണ്ടവും . സ്‌ട്രാപ്പിന്റെ അറെഞ്ച്മെന്റ് ഒക്കെ കാരണം പുറത്ത് ഇടുമ്പോ ഇത്രക്ക് തോന്നില്ല ന്ന്‌ മാത്രം. പക്ഷേ കയ്യിൽ പിടിച്ച് നിൽകുമ്പോ നന്നായിട്ട് അറിയാം കയ്യിൽ പിടിച്ച് നിൽക്കുന്നതിന്റെ ബുദ്ധിമുട്ട് കണ്ടിട്ടോ എന്തോ, ഒരു കുട്ടി വിളിച്ച് ബാഗ് തരാൻ പറഞ്ഞു.ഇത്രയും കനമുള്ള ബാഗ് കൊടുക്കാൻ ഒന്ന് മടിച്ചെങ്കിലും കുട്ടി അത് വാങ്ങിച്ച് മടിയിൽ വെച്ച്. നമ്മുടെ മലരിന്റെ ഒക്കെ ഏകദേശമുഖഛായ ഉണ്ട് ആൾക് . എന്തായാലും ചെയ്തത് നല്ലൊരു സഹായം ആണ്.

കുറച്ച് കഴിഞ്ഞപ്പോ കുട്ടീടെ സീറ്റിൽ ഉണ്ടായിരുന്ന സ്ത്രീ എണീറ്റു. ഒരു സീറ്റ് ബാക്കി. ഇരുന്നോളാൻ തലകൊണ്ട് ആംഗ്യം കാണിച്ചതും ഞാൻ ഇരിക്കാൻ ചെന്നതും അതുകണ്ട് കുടു എന്റെ മുന്നിലെ കമ്പിയിൽ കൈവെച്ച് ലോക്ക് ഇട്ടതും എല്ലാം 2 സെക്കൻഡ് കൊണ്ട് കഴിഞ്ഞു.😒 കയ്യെടുക്കെട പട്ടി ന്നു് ചെവിയിൽ പറഞ്ഞഴപോഴേക്കും കുടു സീറ്റിൽ എത്തിയിരുന്നു.😬 സംസാരിച്ചു വന്നപ്പോ കുട്ടി ഏതോ ഒരു ബാങ്കിൽ പാർട്ട് ടൈം ആയി വർക് ചെയ്യാണ്. ഒപ്പം പഠിക്കുന്നു ഉണ്ട്. കുട്ടിടെ കന്നഡ കൊത്തൽ മനസിലാകാതെ നിന്നപൊഴാണ് മലയാളം പറച്ചിൽ തുടങ്ങുന്നത് കുറച്ച് ബുദ്ധിമുട്ടി ആണെങ്കിലും ഞങ്ങളോട് സംസാരിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ ആൾ മലയാളി അല്ല താനും. ഇവിടെ നിന്ന് മലയാളം പഠിച്ചു ന്ന് ചോദിക്കാൻ നിന്നപോഴേക്കും കുട്ടിക്ക് ഇറങ്ങാൻ ഉള്ള സ്റ്റോപ് ആയി. ഒരു ചിരിയും ബാഗും തന്നു കുട്ടി അവിടെ ഇറങ്ങി. പിന്നെ ബൈന്തൂർ വരെ ഞാൻ ആണ് ആ ക്വിന്റൽ ബാഗ് മടിയിൽ വെച്ചത്. കുറച്ച് സമയം വെച്ചപ്പോൾ തന്നെ കാൽ വേദനിച്ച് തുടങ്ങിയിരുന്നു. പക്ഷേ ഇത്ര സമയം വെച്ചിട്ടും ആ കുട്ടി ഒരിക്കൽ പോലും ഒന്ന് മുഖം കറുപ്പിച്ച് നോക്കിയതുപോലും ഇല്ലാ.
ബൈന്ദൂരിൽ നിന്ന് മുരുടേശ്വരിലേക് വണ്ടിക്ക് കയറി ഒരാൾക്ക് 40 രൂപ ആണ് ടിക്കറ്റ്. ബസിൽ വല്ല്യ തിരക്ക് ഒന്നും ഇല്ല. സമയം 5 മണി ഒക്കെ കഴിഞ്ഞിട്ടുണ്ട്. ഈ സമയത്തെ യാത്രക്ക് വേറെ ഒരു ഫീൽ ആണ്.വണ്ടി പൊവുമ്പോഴുള്ള കാറ്റിന് പുറമെ സൈഡിൽ നിന്നും നല്ല കാറ്റ് അടിക്കുന്നുണ്ട്. ഹൈവേയിൽ ചിലയിടതൊക്കെ റോഡ് പണി നടക്കുന്നുണ്ടെങ്കിലും പപ്പു പറഞ്ഞപോലെ ഇഞ്ചൻ പറ പറക്കാണ്. ഡ്രൈവർ ഒരു നോട്ടവും നോക്കാതെ ബസ് ചവിട്ടി വിടുന്നുണ്ട്. അതിനിടെ ഏതൊക്കെയോ അങ്ങാടികളും സ്ഥലങ്ങളും കഴിഞ്ഞ് പോകുന്നു. അങ്ങാടികളിൽ ഒക്കെ സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയ ആൾക്കാരുടെ തിരക്കാണ്.

മുരുടെശ്വരിൽ ബസ് ഇറങ്ങി. Road നിറയെ വാഹനങ്ങളും നാൽകാലികളും ആണ്. ബസ് ഇറങ്ങിയ സ്ഥലത്ത് നിന്നും 3km അടുത്ത് ശിവ പ്രതിമയുടെ അടുത്തേക്ക് ദൂരം ഉണ്ട്. വീതിയുള്ള റോഡിന്റെ ഒരു വശത്തൂടെ നടത്തം തുടർന്നു. കണ്ണിൽ കുത്തുന്ന ഹൈ ബീമും ഇട്ടു വാഹനങ്ങൾ പലതും കടന്നു പോകുന്നു. 3വശവും കടലിനാൽ ചുറ്റപ്പെട്ട ക്ഷേത്രം ആണ് മുരുടേശ്വരിലെത് . ഇവിടെ ഉള്ള. പ്രധാന ആകർഷണമാണ് 21നിലകൾ ഉള്ള ഗോപുരവും അതെ പോലെ ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ ശിവ പ്രതിമയും ഇവിടെ ആണ്.ഞാൻ മുന്നേ ഇവിടെ വന്നിട്ടുണ്ടെങ്കിലും കുടുവിന് കാണാൻ ഭയങ്കര ആഗ്രഹം . അങ്ങനെ ആണ് ഇൗ രണ്ടാം വരവ്. ഇൗ ഗോപുരത്തിൽ ലിഫ്റ്റ് വഴി മുകളിലേക്ക് ആളുകൾക്ക് കയറി ചെല്ലാൻ സാധിക്കും.

പട്ടികളുടെ മുന്നിൽ പോയി പെട്ടെങ്ങിലും അംഗഭംഗം സംഭവിക്കാതെ ലക്ഷ്യത്തിൽ എത്തി. മുന്നേ ഇവിടെ വന്നത് പകൽ സമയത്ത് ആയിരുന്നു. പകൽ സമയത്ത് ഒടുക്കത്തെ വെയ്യിൽ ഉള്ളത് കൊണ്ട് എന്റെ ഒരു അനുഭവം വെച്ച് വൈകുന്നേരം വരുന്നത് ആയിരിക്കും നല്ലത്. രാത്രി കാഴ്ചയും മനോഹരം തന്നെ ആണ്. അതെ പോലെ ബീച്ചിൽ സ്പീഡ്ബോട്ടിങ്, വാട്ടർസ്കൂട്ടർ തുടങ്ങിയ ആക്ടിവിട്ടീസും ഉണ്ട്. ഞങൾ അവിടെ എത്തിയ സമയത്ത് അത്യാവശ്യം തിരക്ക് ഉണ്ട്.

ചെരുപ്പ് സൂക്ഷിക്കാൻ പുറത്ത് ഏൽപിച്ച് ഞങൾ അകത്തേയ്ക്ക് കയറി.ശിവ പ്രതിമ കാണാൻ ഉള്ള ആദ്യം കണ്ട വരിയിൽ തന്നെ കുടു ഓടി കയറി നിന്നു. പിന്നാലെ ഞാനും. അങ്ങനെ ഒരു45മിനിറ്റ് ഓളം നിന്നപോഴാണ് അത് ക്ഷേത്രത്തിലേക്ക് ഉള്ള വരി ആണെന്ന് മനസ്സിലായത്. വരിയിൽ നിന്നു പുറത്ത് ചാടാൻ ഒരു വഴിയും ഇല്ലാ. മുന്നിലും ബാക്കിലും വശങ്ങളിലും ഒക്കെ ആൾക്കരേക്കൊണ്ട് തല്ലാണ്. അവസാനം ക്ഷേത്രത്തിലും കയറി സ്റ്റാച്യു വിൻെറ അടുത്ത് പോയി . അതിന്റെ പിറക് വശം കടൽ ആണ്. ഏതൊക്കെയോ മീൻപിടുത്ത ബോട്ടുകൾ പോകുന്നത് കാണാം. കുറച്ച് മാറി ഏതോ ഒരു വലിയ ഹോട്ടൽ സമൂചയവും അവിടെ ഉണ്ട്. സൺഡേ ആയതുകൊണ്ടാണ് എല്ലായിടത്തും നിറയെ ആൾകാർ ഉണ്ട്. ഇവിടെ നിന്ന് നോക്കുമ്പോ ലൈറ്റിംഗ് ചെയ്തിട്ടുള്ള ഗോപുരം കാണാൻ ഒരു പ്രത്യേക ഭംഗി ഒക്കെ ഉണ്ട്. കുറച്ച് നേരം അവിടെ ചുറ്റി തിരിഞ്ഞ ശേഷം ചെരുപ്പും വാങ്ങി പതുക്കെ കടപ്പുറത്തേക്ക് നടന്നു.

നിറയെ കച്ചവടക്കാർ ആണ് ഒരു ഭാഗത്ത് കടലിൽ നിന്ന് പിടിച്ച് കൊണ്ടുവന്ന മീൻ വിൽക്കുന്നു, സഞ്ചാരികളെ ലക്ഷ്യം വെച്ച് കൗതുക വസ്തുക്കൾ വിൽക്കുന്നവർ വേറെ, കുറെ ഭക്ഷണ സാധനങ്ങൾ. ആകെ ഒരു ഉത്സവ പ്രതീതി. മുന്നേ ഒരിക്കൽ കൗതുകത്തിന് വില ചോദിച്ചു അവസാനം മീനും വാങ്ങി പോരണ്ട അവസ്ഥ ഉണ്ടായിട്ടുള്ളത് കൊണ്ട് മീൻ ദൂരെ നിന്ന് നോക്കി കണ്ടൂ.ദർശനേ പുണ്യം സ്പർശനേ പാപം എന്നാണല്ലോ.

മണൽ പരപ്പിൽ ഒരു ആൾക്കൂട്ടവും വെളിച്ചവും ഒക്കെ കണ്ടപ്പോൾ അങ്ങോട്ട് നടന്നു. പല കളറിൽ ഉള്ള ഡ്രസ്സ് ഒക്കെ ഇട്ട് ഏതൊക്കെയോ സിനിമ പാട്ടുകൾക്ക് ഡാൻസ് കളികുകയാണ്. അപ്പോഴാണ് തൊട്ടുചാരി ഒരു ബോർഡ് ശ്രദ്ധിച്ചത് ഏതോ കുട്ടിയുടെ ഫോട്ടോയും പിന്നെ എന്തൊക്കെയോ കന്നഡയിൽ എഴുതിയിട്ടും ഉണ്ട്. കയ്യിൽ ഉള്ളതിൽ നിന്ന് ചെറിയ ഒരു സംഖ്യ അവർക്ക് കൊടുത്ത് ഭക്ഷണം കഴിക്കാൻ ഒരു ഭേൽപുരി തട്ടുകടയിൽ കയറി. അവിടെ നിന്ന് എന്തോ ഒരു പുരിയും കഴിച്ച് ഹൈവേയിലെക്ക്‌ തിരിച്ച് നടന്നു. മാപിൽ സ്ഥലം നോക്കുന്നതിന്റെ ഇടയിൽ ആണ് #ഗോകർണം കണ്ണിൽ ഉടക്കിയത് അവിടെ കൂടി പോയാലോ ന്നു ഞാൻ ചോദിച്ചപ്പോ കുടു മുമ്പ് അവിടെ പോയിട്ടുണ്ടെങ്കിലും അവൻ ഡബിൾ ഓക്കേ മൂളി.

ഇനി അങ്ങോട്ട് ആണ്. കൊടചദ്രിയിൽ നിന്ന് ഇറങ്ങി റേഞ്ച് വന്നപ്പോ തൊട്ട് കുടു ഫുൾ ടൈം ഫോണിങ്ങിൽ തന്നെ ആണ്. പോവുന്നവഴികണ്ട ഒന്ന് രണ്ടു പേരോട് ഗോകര്‍ണം പോവാൻ വഴി ചോദിച്ചു മനസിലാക്കി. അപ്പോഴേക്കും കുടുവും പിറകെ നടന്നു എത്തി. വണ്ടികൾ ഒന്നും ഇല്ലാത്തതുകൊണ്ട് തന്നെ റോഡിന്റെ നടുവിലെ ഡിവൈഡറിൽ കൂടെ ആണ് വിശാലമായി നടക്കുന്നത്. ഇരുവശത്തും മഞ്ഞവെളിച്ചവും നൽകി സോഡിയം ലാമ്പുകളും ഉണ്ട്.

പാട്ടൊക്കെ കേട്ട് നടന്നു ബസ്റ്റോപിൽ എത്തിയപ്പോഴേക്കും പത്തുമണി കഴിഞ്ഞു. അവിടത്തെ ഒരു കടക്കാരനോട് ചോദിച്ചപ്പോ ഗോകർണംപോവാൻ ഉള്ള അവസാന ബസ്സും പോയി എന്ന് മനസ്സിലായി.. ഇനി രാവിലെ 5 മണിക്കോ മറ്റോ ഒള്ളത്രെ വണ്ടി. എവടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ!

അവിടെ നിന്നും ഗോകർണത്തേക്ക്‌ എൺപത് കിലോമീറ്ററിന്റെ അടുത്ത് ഒള്ളു. ഇപ്പൊ പോയാൽ പുലർച്ചെ ആവുമ്പോഴേക്കും അവിടെ എത്താം . മുന്നിൽ NH 66 ആണ് വിശാലമായി കിടക്കുന്നത്. രാത്രി ആയതോടെ റോഡ് നിറയെ ഇന്റർ സ്റ്റേറ്റ് ബസ്സുകളും ലോഡ്‌ വണ്ടികളും ആണ്. നടു റോഡിൽ ഇറങ്ങി വരുന്ന വണ്ടിക്കൊക്കെ കൈ ക്കാണിക്കൻ തുടങ്ങി. ഞങ്ങളെ കാണുന്നതോടെ വണ്ടികളോക്കെ പതിന്മടങ്ങ് വേഗത്തിൽ പോവുന്നുണ്ട്. അവരെ പറഞ്ഞിട്ടും കാര്യമില്ലല്ലോ രാത്രി അപരിചിതരെ എന്ത് വിശ്വാസത്തിൽ ആണ് നിർത്തി കയ്യറ്റുന്നത്.

അപ്പോഴാണ് കുറച്ച് മാറി ഒരു ചെറിയ ഒരു കുഴി റോഡിൽ ശ്രദ്ധയിൽ പെട്ടത്. ഏതു വണ്ടി ആണെങ്കിലും ഒന്ന് വേഗത കുറക്കാതെ അതിലൂടെ പോവുന്നില്ല. പിന്നെ ഉള്ള കൈ കാണിക്കൽ അവിടേക്ക് മാറ്റി. ഒരു 10-15 ലോറിക്ക് എങ്കിലും കൈ കാണിച്ചിടുണ്ടാവും ഒന്ന് പോലും നിർത്തുന്നില്ല.

അവസാനം ദൈവദൂതനെ പോലെ ഒരു ചുവ്വന്ന ടോറസ് ഞങ്ങളുടെ അടുത്ത് നിർത്തി.ഡ്രൈവർ ഒറ്റക്കെ ഒള്ളു. ആൾ ഹിന്ദികാരൻ ആണ്. ദുൽഹനിയ ലെജായെങ്കയും മനസ്സില്‌ ധ്യാനിച്ച് അറിയുന്ന ഹിന്ദിയിൽ ആളോട് കാര്യം പറഞ്ഞു. ആൾക് പക്ഷേ വേറെ റൂട്ട് ആണ് പോകേണ്ടത്. അങ്ങനെ ആ പ്രതീക്ഷയും അസ്തമിച്ചു. അപ്പൊ നാളെ രാവിലത്തെ വണ്ടി തന്നെ ശരണം. റൂം എടുത്ത് നൽകാൻ മാത്രം ഒന്നും പൈസ കയ്യിൽ ഇല്ല . തൊട്ടു പിറകിൽ തന്നെ ഉള്ള ബസ്റ്റോപിൽ പോയി ഇരുന്നു . കുടു സന്തോഷത്തിൽ ആണ് . ഇനീം ഫോൺ വിളിക്കാലോ 😑.

അവിടെ ഉണ്ടായിരുന്ന നോട്ടീസ് ഓക്കേ പെറുക്കി ഒരാൾക്ക് കിടക്കാൻ പാകത്തിന് പൊടി എല്ലാം തുടച്ച് ഒഴിവാക്കി. റോഡ് സൈഡ് ആയതുകൊണ്ട് നിറയെ പൊടി ആണ്.ഇതിന്റെ ഉള്ളിൽ തന്നെ കുറച്ച് മാറി ഒരു നാടോടി കുടുംബബും കിടക്കുന്നുണ്ട്. അവർ പഴയത് പെറുക്കുന്ന ചാക്കുകൾ ആണെന്ന് തോന്നുന്നു അടുത്തായി ചിതറി കിടക്കുന്നുണ്ട്. ബാഗും തലയ്ക്ക് വെച്ച് എപ്പഴോ ഉറങ്ങി പോയി.

പെട്ടന്നാണ് ആരോ ഒരാൾ തലക്ക്‌ പിടച്ചത്. ചാടി എഴുന്നേറ്റ് നോക്കിയപ്പോൾ കുടു ആണ്.നൈറ്റ് ഡ്യൂട്ടി യും കഴിഞ്ഞ് ഫോൺ ചാർജ്ജ് ചെയ്യാൻ എന്റെ ബാഗിലെ പവർ ബാങ്ക് എടുക്കാൻ വന്നതാണ് . അടിക്കാൻ തോന്നാത്തത് എന്തായാലും നന്നായി. അവൻ സുഖായിട്ട്‌ കിടന്നുറങ്ങി എങ്കിലും എനിക്ക് പിന്നെ ഉറക്കം വന്നില്ല. പോരാത്തതിന് ഒടുക്കത്തെ കൊതുകും പണ്ടാരം പട്ടികളുടെ കുര വേറെയും. ഉറക്കം വരാത്തത് കൊണ്ട് പുറത്ത് ഇറങ്ങി.സമയം രാത്രി രണ്ടു മണിയോട് അടുത്ത് ആയിട്ടുണ്ട്. നാടോടി കുടുംബവും ഞങ്ങളും കുറച്ച് പട്ടികളും മാത്രം ഇവർ ഇവിടെ സ്ഥിരം ആണെന്ന് കിടപ്പ് കണ്ടിട്ട് തോന്നുന്നുണ്ട്. കൊതുകു്കടി ഒന്നും ഇവരെ ബാധിക്കുന്നില്ല.ഇടക്കെപ്പോഴോ അവരുടെ കൂടെ ഉള്ള ഏറ്റവും ചെറിയ കുട്ടി ഉറക്കത്തിൽ നിന്ന് എഴുനേറ്റു.അതിനെ കണ്ടപ്പോ ചേചിന്റെ കുട്ടിനെ ആണ് ഓർമ വന്നത്.

ഒരു ഒന്നൊന്നര വയസ്സ് പ്രായമുണ്ട്.ദേഹത്ത് അത്യാവശ്യം നല്ല രീതിയിൽ ചളി ഒക്കെ ഉണ്ടെങ്കിലും കാണാൻ ഭംഗി ഒക്കെ ഉണ്ട്. ഒറ്റക്ക് കണ്ണും തുറന്ന് കിടന്നു കളിയിലാണ് . കുട്ടി മുഖത്ത് പിടിച്ച് വലിച്ചിട്ടും അമ്മ നൊക്കുന്നുപോലുമില്ല.അവൻറെ അടുത്ത് പോയിരുന്നു ഒന്ന് കളിപ്പികണം എന്നൊക്കെ ഉണ്ടെങ്കിലും ആ സമയത്ത് എങ്ങാനും അവർ ഉണർന്നാൽ അതവർ ഏത് സെൻസിൽ എടുക്കും എന്നറിയാത്തത് കൊണ്ട് . കുറച്ച് ദൂരെ മാറി ഇരുന്ന് കണ്ണുരുട്ടി കാണിച്ച് കളിപ്പിച്ചു.

ഒരു കള്ളന്റെ മെയ് വഴക്കത്തോടെ കയ്യിൽ ഉണ്ടായിരുന്ന ഒരു മിട്ടായി കൊണ്ടുപോയി കൊടുത്തു. സാഹചര്യം കൊണ്ട് ഒരു രാത്രി ഞങ്ങൾക്ക് ഇവിടെ കിടക്കേണ്ടി വന്നെങ്കിലും സുരക്ഷിതമായ ഒരു സ്ഥലം ഞങ്ങൾക്ക് ഉണ്ട്. പക്ഷേ വെയില് ആണെങ്കിലും മഴ ആണെങ്കിലും ഇവരുടെ അവസ്ഥ ഇതല്ലേ ന്നു ആലോചിച്ചപ്പോ എന്തോ പോലെ. അനുഭവങ്ങൾ കൊണ്ട് എത്രയൊക്കെ ഒഴിവാകാൻ ശ്രമിച്ചാലും ഇൗ വൃത്തികെട്ട സെന്റിമെന്റ്സ് ഇടക്ക് കയറി വരും.

കുറച്ച് മാറി രണ്ടു ഓട്ടോകൾ കിടക്കുന്നത് അപ്പോഴാണ് ശ്രദ്ധിച്ചത്.രാത്രി ഓട്ടവും കാത്ത് കിടക്കാണ്. എന്തെങ്കിലും സംസാരിക്കാമല്ലോ എന്ന് വിചാരിച്ച് അവരുടെ അടുത്തേക്ക് ചെന്നു. സംസാരത്തിനിടയിൽ ആണ് അടുത്ത് തന്നെ ആണ് റെയ്ൽവേ സ്റ്റേഷൻ എന്നും അവിടെ നിന്നും എപ്പോഴും ട്രെയിൻ ഉണ്ടെന്നും അറിഞ്ഞത്. ഓടി പോയി കുടുവിനെ എണീപ്പിച്ചു. മാപും നോക്കി ഏതൊക്കെയോ ചളിയിലുടെ ഒക്കെ പോയി അവസാനം സ്റ്റേഷനിൽ എത്തി.

സമയം മൂന്ന് മണി പോലും ആയിട്ടില്ല. സ്റ്റേഷന്റെ പുറത്ത് നിറയെ എന്തൊക്കെയോ ഇലക്ഷൻ നടക്കുന്നതിന്റെ. തോരണങ്ങളും നോട്ടീസും ഒക്കെയാണ്. ഇത് പോളി ടെക്നിക് കോളേജ് ആണോ അതോ റെയ്ൽവേ സ്റ്റേഷൻ ആണോ എന്ന് ഒരു നിമിഷം സംശയിച്ചു. ഉള്ളിൽ കയറിയപോ ടിക്കറ്റ് കൗണ്ടർ ഒക്കെ ഉണ്ട് . സ്ഥലം മാറിയിട്ടില്ല.അധികം ആരും തന്നെ ഇല്ല. ഏറി പോയാൽ ഒരു 15 പേർ ഉണ്ടാവും. ഇത്ര നല്ല ഒരു സ്ഥലം ഉണ്ടായിട്ടാണോ അവിടെ കൊതുകിനും ചോര ദാനം ചെയ്തത് കിടന്നത്.

വണ്ടി വരാൻ ഇനിയും സമയം ഉണ്ട്. പവർ ബാങ്ക് ഒക്കെ ചാർജിൽ ഇട്ടു. ഇൗ സമയത്ത് ഗോവ ഭാഗത്ത് നിന്ന് വന്ന ഒന്ന് രണ്ടു വണ്ടികളിൽ നിന്ന് കുറെ മലയാളി പയ്യൻസ് ചാടി ഇറങ്ങി ഓടുന്നത് ഒക്കെ കണ്ടൂ. ട്രെയിൻ പോയി പക്ഷേ അവർ അതിൽ കയറാതെ നിൽക്കുന്നത് കണ്ട് ചോദിച്ചപ്പോഴാണ് കാര്യം മനസിലായത്. Newyear കഴിഞ്ഞ് ഗോവയിൽ നിന്ന് തിരിച്ച് നാട്ടിലേക്ക് ഉള്ള വണ്ടികൾ ഒക്കെ നല്ല തിരക്കാണ്. ഇവർ അതുകൊണ്ട് സ്ലീപെറിൽ ആണ് കയറിയത്. അവസാനം ടിടിആര്‍ പിടിച്ചപ്പോ രക്ഷയില്ലാത്ത ചാടി രക്ഷപ്പെട്ടത് ആണ്. ഒപ്പം ഉള്ള മറ്റു ഫ്രണ്ട്സ് ഒക്കെ വേറെ പല കമ്പാർട്മെന്റിൽ ആയിട്ടാണ്. അവരെ വിളിക്കാൻ ആണെങ്കിൽ ഒരുത്തന്റെ കയ്യിലും ഫോണും ഇല്ല. ഫോണോക്കെ കൊടുത്തു.അവർ ആരെയൊക്കെയോ വിളിച്ച് കാര്യം പറഞ്ഞു. ഞങ്ങൾക്കുള്ള ട്രെയിൻ വന്നു.

ഗോകർണ പോവാൻ ട്രെയിനിനു കുംതയിലേക്ക്‌ ആണ് ടിക്കറ്റ് എടുക്കേണ്ടത്. അവിടന്ന് പിന്നെ ഗോകര്‍ണ ബസ് ഇഷ്ടം പോലെ കിട്ടും.. ട്രെയിൻ ടിക്കറ്റ് ഒരാൾക്ക് 40 രൂപ.ട്രെയിനിൽ കയറി തീരെ തിരക്കില്ല.മംഗലാപുരത്ത് നിന്നും മുബൈ വരെ ഉള്ള കൊങ്കൻ പാതയിൽ പെട്ട റൂട്ട് ആണിത്.പുറത്ത് ഇരുട്ട് ആയതുകൊണ്ട് ഒരു കാഴ്ചയും കാണാൻ ഇല്ലാ. ഞാൻ ഒരു സീറ്റിൽ ധ്യാന നിരതൻ ആയി. ഇതിനിടയിൽ അടുത്ത സീറ്റിൽ ഇരുന്ന ആളെ പരിചയപ്പെട്ടു. തിരൂർ ആണ് വീട്. കുംതയിലേക്ക് മരം ലേലത്തിന് എന്തോ വന്നതാണ്.മുഖത്ത് കാറ്റ് അടിച്ച് എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി. പിന്നെ എനീക്കുന്നത്‌ കുംത എത്താൻ നേരത്താണ്. കയറി കുറച്ച് കഴിഞ്ഞപ്പോ തന്നെ സ്ഥലം എത്തിയ ഒരു ഫീൽ. കുടു ഉറങ്ങാതെ ഇരിക്കുന്നത് കൊണ്ട് സ്ഥലം ഒന്നും മാറിയില്ല. ഒപ്പം നമ്മുടെ മലയാളി ചേട്ടനും ഉണ്ട്.

കുംതാ സ്റ്റേഷനിൽ നിന്ന് കുംതാ ബസ്റ്റാന്റിൽ എത്തി . ഒന്നര മണിക്കൂർ ആവാതെ ഗോകർണ ബസ് ഇല്ലത്രെ . ഞാൻ എന്തായലും അവിടെ ഉള്ള ഒരു ബെഞ്ചിൽ കിടന്നു ഒന്ന് മയങ്ങി. കുടുവും തിരൂർ ഉള്ള ചേട്ടനും കൂടി എന്തൊക്കെയോ സംസാരിച്ച് ഇരുന്നു. കുറച്ച് സമയം മുന്നേ മാത്രം പരിചയപ്പെട്ടത് ആണെങ്കിലും കന്നഡയിൽ മാത്രം എഴുതിയ ബോർഡ് ഞങൾ മനസ്സിലാവില്ല എന്ന് തിരിച്ചറിഞ്ഞ് അദ്ദേഹം ഞങ്ങളുടെ ബസ് വന്നു അതിൽ കയറ്റിയിട്ടാണ് പോയത്. സ്ഥിരം വരുന്നത് കൊണ്ട് ‌മൂപർക് കന്നഡ ഒക്കെ അറിയാം. 28 രൂപയാണ് കുംത ടു ഗോകർണ ബസിന് ഒരാൾക്ക് .സമയം അഞ്ചര ആവുന്നെ ഒള്ളു. ബസ് ഗോകർണ സ്റ്റാൻഡിൽ എത്തിയപ്പോ തന്നെ സീറ്റ് പിടിക്കാൻ ആയി കുറെ പേര് ഓടി വരുന്നുണ്ട്. തിരക്കിനിടയിലൂടെ ബസിൽ നിന്ന് ഇറങ്ങി.

ഗൂഗിൾ അമ്മായിക്ക് ഡെസ്റ്റിനേഷൻ ഗോകർണ ബീച്ച് എന്നും ഇൻപുട്ട് കൊടുത്ത് നടത്തം ആരംഭിച്ചു. ഏകദേശം ഒരു കിലോമീറ്ററോളം മാത്രമേ ഇവിടെ നിന്ന് ബീച്ചിലേക്ക് ഒള്ളു. പോകുന്ന വഴി ഉള്ള കാഴ്ചകൾ എല്ലാം ഭംഗി ഉള്ളതാണ്. നടന്നു നടന്നു ഇടക്ക് ഏതൊക്കെയോ കുറെ അഗ്രഹാരങ്ങളുടെയും ക്ഷേത്രങ്ങളുടെയും ഒക്കെ ഉള്ളിലൂടെ ഉള്ള വഴിയിലൂടെ ആണ് നടത്തം. ഒരു വശത്തും കഴ്ചകളാൽ സമ്പന്നം. ചില സ്ഥലങ്ങളിൽ എല്ലാം വിദേശികളെ ഉദ്ദേശിച്ച് ആവണം ഒരുപാട് സുഗന്ധവ്യഞ്ജനങ്ങൾ വിൽപനക്ക് വെച്ചിട്ടുണ്ട്. വില ചോദിച്ചെങ്കിലും വില കേട്ടപ്പോ നമ്മുടെ നാട്ടിൽ തന്നെ ആണ് കുറവ് എന്ന് മനസ്സിലായി. (കൗതുകം ലേശം കൂടുതൽ ആണ്😑 ).

കൊടി തോരണങ്ങൾ കൊണ്ട് അലങ്കരിച്ച രഥങ്ങളും എല്ലാം കണ്ട് മുന്നോട്ട്. നേരെ നടന്നു എത്തിപ്പെട്ടത് ഗോകർണ ബീച്ചിലേക്ക് ആണ്. ഒരു പള്ളിപെരുന്നാളിന് ഉള്ള ആൾകാർ ഉണ്ട് ബീച്ചിൽ. ഒടുക്കത്തെ തിരക്ക്. കുറെ പേര് പിതൃക്കൾക്ക് വേണ്ടി എന്തൊക്കെയോ പൂജയും ചടങ്ങുകളും ചെയ്യുന്നു. വേറെ ചിലർ കടലിൽ കിടന്നു കെട്ടി മറിയുന്നു. വേറെ ചിലർ നമ്മുടെ സ്ഥിരം ഐറ്റം തിര വരുമ്പോ കാൽ നനയാതെ ഉള്ള പിറകിലേക്ക് ഓട്ടം . 😛

ഇടക്ക്‌ ജിറാഫിന്റെ കാൽ പോലുള്ള നീണ്ട കാലുള്ള കസേരയിൽ ലൈഫ് ഗാർഡ് മാരും ഉണ്ട്. ഇതിനൊക്കെ പുറമെ ആണ് ഒരു കാലത്തും അന്യം നിന്ന് പോവാത്ത കലാകാരന്മാർ – സീൻ പിടിക്കാൻ വേണ്ടി മാത്രം ബീച്ചിൽ വരുന്ന വീരന്മാർ. അപ്പുറത്തും ഇപ്പുറത്തും നിൽകുന്നവർകൊന്നും മനസിലാവൂല എന്നാണ് വിചാരിക്കുന്നത്. പക്ഷേ കൊക്ക്‌ എത്ര കുളം കണ്ടതാണ് ന്നു ഇവർക്ക് അറിയൂലല്ലോ😛 ബീച്ചിൽ പലയിടത്തും പൊട്ടിയ കുറെ കലങ്ങളുടെ കഷ്ണങ്ങൾ കണ്ടിരുന്നു. അസ്ഥി ഒഴുക്കിയതോ മറ്റോ ആണെന്ന് തോന്നുന്നു.

Hippies paradise എന്ന് ഒരു കാലത്ത് അറിയ പ്പെട്ടിരുന്ന ഗോകാർണ ഇപ്പോഴും സഞ്ചാരികൾക്ക് ഇഷ്ടകെന്ദ്രം തന്നെ ആണെന്ന് പിന്നീട് കണ്ട കാഴ്ചകളിൽ നിന്ന് മനസിലായി. ഇവിടെ ഒരു ബീച്ചിൽ നിന്ന് മറ്റൊരു ബീച്ചിലേക്ക് ഉള്ള beach trekking ആണ് പ്രധാന ആകർഷണം. ഓരോ ബീച്ചുകൾക് ഇടയിലും ഉള്ള ചെറിയ കുന്നുകളിലൂടെ കയറി നടന്നാൽ തൊട്ടടുത്തുള്ള ബീച്ചിൽ എത്തും.

ഹാഫ് മൂണ്‍ ബീച്ച്, പാരഡൈസ് ബീച്ച്, ഓം ബീച്ച് എന്നിവയാണ് പ്രധാന ബീച്ചുകള്‍. ഗോകര്‍ണ ബീച്ചാണ് ഇതില്‍ ഏറ്റവും പ്രധാനം. അഞ്ചു ബീച്ചുകളില്‍ ഏറ്റവും വലുപ്പമേറിയത് കുഡ്‌ലെ ബീച്ചാണ്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സീസണില്‍ ഇവിടം സഞ്ചാരികളാല്‍ നിറയും. ജനപ്രിയമെങ്കിലും ഇവിടെ കടലില്‍ നീന്തുകയെന്നത് അല്‍പം അപകടം പിടിച്ച പരിപാടിയാണ്.

ഓം ആകൃതിയില്‍ കിടക്കന്ന തീരത്തെയാണ് ഓം ബീച്ച് എന്ന് പറയുന്നത്. ഓം ആകൃതിയില്‍ കിടക്കുന്ന തീരത്തിന്റെ വളവുകളില്‍ കടല്‍ ശാന്തമായി ഒരു കുളം പോലെ കിടക്കുയാണ്. ഇവിടം സമുദ്രസ്‌നാനക്കാരുടെയും നീന്തല്‍പ്രിയരുടെയും കേന്ദ്രമാണ്. നീന്തലറിയാത്തവര്‍ക്കും ഇവിടത്തെ കടലില്‍ ധൈര്യമായി കുളിച്ചുകയറാം. ഓം ബീച്ചില്‍ നിന്നും ചെറിയ കുന്നുകയറി 20മിനിറ്റ് നടന്നാല്‍ ഹാഫ് മൂണ്‍ ബീച്ചിലെത്താം. അര്‍ദ്ധചന്ദ്രാകൃതിയായതുകൊണ്ടാണ് ഈ തീരത്തെ ഹാഫ് മൂണ്‍ ബീച്ച് എന്ന് വിളിയ്ക്കുന്നത്. തീര്‍ത്തും വ്യത്യസ്ഥമായ ഒരു ബീച്ച് അനുഭവമാണ് പാരഡൈസ് ബീച്ച് നല്‍കുന്നത്. മറ്റ് ബീച്ചുകളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ പാറകള്‍ നിറഞ്ഞിരിക്കുന്നു. അതിനാല്‍ത്തന്നെ കടലില്‍ നീന്തുക തുടങ്ങിയ കാര്യങ്ങള്‍ ഇവിടെ സാധിക്കില്ല. എല്ലായ്‌പ്പോഴും ശക്തമായ തിരമാലകള്‍ പാറക്കെട്ടുകളില്‍ വന്നലച്ചുകൊണ്ടേയിരിയ്ക്കും. ഭക്തിയുടെയും വിനോദത്തിന്റെ അന്തരീക്ഷ ഒരുപോലെ നല്‍കുന്ന അപൂര്‍വ്വം സ്ഥലങ്ങളില്‍ ഒന്നാണ് ഗോകര്‍ണം.(ഗൂഗിൾ അമ്മായി തന്നത്).

ഞങൾ നിൽക്കുന്ന ഗോകർണാ ബീച്ചിൽ നിന്നും തൊട്ടടുത്തുള്ള കുട്‌ലീ ബീച്ചിലേക്ക് പോവാൻ വേണ്ടി രണ്ടു വഴികൾ ആണ് ഉള്ളത് ഒന്നെങ്കിൽ 100 രൂപ കൊടുത്ത് ഓട്ടോക്ക്‌ പോകണം അല്ലെങ്കിൽ മുന്നിൽ കാണുന്നു ചെറിയ കുന്ന് കയറി മറിയണം. ഞങൾ സെക്കൻഡ് ഓപ്ഷൻ ആണ് എടുത്തത്. അടുത്ത് കണ്ട മീൻപിടിക്കുന്ന ആളോട് ചോദിച്ച് വഴി മനസിലാക്കി. നടത്തം ആരംഭിച്ചു. വശങ്ങളിൽ ഒക്കെ മീൻ പിടുത്ത വള്ളങ്ങൾ കയറ്റി ഇട്ടിട്ടുണ്ട്. ഒന്ന് രണ്ടു പേര് കടലിലേക്ക് ഇറങ്ങി വലകൊണ്ട് മീൻ പിടിക്കുനനത് കാണാം.

മുന്നോട്ട് കുറച്ച് കൂടി നടന്ന് കുറച്ച് സ്റ്റെപ്പും കയറി കുന്നിന്റെ മുകളിൽ എത്തി. ഇടക്ക് ചിലപ്പോഴൊക്കെ എതിർ വശത്ത് നിന്ന് നമ്മളെ കടന്നു പോകുന്ന വിദേശികൾ ഒഴിച്ച് ആരും തന്നെ വഴിൽ എവിടെയുംഇല്ല .വഴിയിൽ ഞാനും കുറെ പിറകിൽ ആയി ഇയർഫോൺ കുത്തി ഫോണും ചെയ്തത് കൂടുവും മാത്രം. പെട്ടെന്നാണ് എന്റെ കുറെ മുന്നിൽ ആയി ഒരു മരത്തിന്റെ ചുവട്ടിൽ ഒരു വിദേശയുവതി ഇരുന്ന് വിശ്രമിക്കുന്നു. എന്നെ കണ്ടതും ആൾ ചാടി എഴുന്നേറ്റ് നടത്തം തുടങ്ങി. ന്നെ കണ്ടിട്ട് ബാലൻ കെ നായരെ പോലെ തോന്നിയോ എന്തോ. 😤

ഒരുവശത്ത് ഉദിച് വരുന്ന സൂര്യനും ഒപ്പം മുന്നിൽ ഉണങ്ങി പരന്നു കിടക്കുന്ന പുല്ലും അതിന്റെ ഇടയിലൂടെ വളഞ്ഞു പുളഞ്ഞു മുന്നോട്ട് പോവുന്ന മൺപാതയും അതിലൂടെ മുന്നിൽ 3നായ്‌കളും ആയി നടന്നു നീങ്ങുന്ന ഇൗ ചെമ്പൻ മുടികാരിയും നല്ലൊരു അടിപൊളി ഫ്രെയിം ആണ് മുന്നിൽ. മൊബൈൽ വെച്ച് എടുക്കാൻ നോക്കിയെങ്കിലും കുറെ ദൂരെ ആയതുകൊണ്ട് മൊബൈൽ ക്യാമറയിൽ ആളെ കാണാൻ കൂടി ഇല്ല. ഇക്കൊല്ലത്തെ മികച്ച വൈൽഡ് ലൈഫ് ഫോട്ടോക്ക് ഉള്ള അവാർഡ് ആ മൂന്ന് പട്ടികളെ വെച്ച് അടിച്ചെടുക്കാൻ ഉള്ള എന്റെ ശ്രമം അങ്ങനെ പാളിയിരിക്കുക ആണ് സൂർത്തുക്കളെ. പോകുന്നതിന്റെ രണ്ടു വശത്തും ഉള്ള സ്ഥലങ്ങൾ ഒക്കെ തീർത്തും വിജനമായി കിടക്കുകയാണ്.

ചിലയിടങ്ങളിൽ ഒക്കെ കാടിന്റെ ഉള്ളിൽ എന്തൊക്കെയോ തറകൾ കാണാം. ടെന്റ് അടിക്കാൻ ഉള്ള സെറ്റപ്പ് പോലെ തോന്നുന്നുണ്ട്..വന്ന വഴിക്ക് മിക്കയിടത്തും വലിച്ചെറിഞ്ഞ ബിയർ ബോട്ടിലുകളുടെ വൻ ശേഖരം തന്നെ ആണ് ഉള്ളത്.നാട്ടിലെ പോലെ പഴയ കുപ്പി പെറുക്കി വിൽക്കുന്ന ആൾകാരോന്നും ഇവിടെ ഇല്ലാ ന്നു തോന്നുന്നു.അതിന്റെ ബിസിനസ് തുടങ്ങിയാലോ ! 😮ഇതൊക്കെ കൂടി പെറുക്കികൂട്ടി വിറ്റാൽ രണ്ടുദിവസം ഇവിടെ നിൽക്കാൻ ഉള്ളത് കിട്ടും .

കുറെ മുന്നോട്ട് പോയപ്പോൾ ആളും അനക്കവും ഒക്കെ കണ്ട് തുടങ്ങി. ചിലയിടത്ത് ഒക്കെ പാരാ ഗ്ലൈഡിങ് ചെയ്യാൻ ഉള്ള സംഭവങ്ങൾ ഒക്കെ ഉണ്ട്. ചോദിച്ചപ്പോൾ 2000രൂപക്ക് മുകളിൽ എത്രയോ ആണ് റേറ്റ്. മുന്നിൽ കണ്ട രണ്ടു മൂന്നു കെട്ടിടങ്ങളിൽ നിന്ന് എല്ലാം വിദേശികൾ ഇറങ്ങി വരുന്നുണ്ട്. എല്ലാം യോഗ പഠിപ്പിക്കുന്ന കേന്ദ്രങ്ങൾ ആണ്. കുട്‌ലീ ബീച്ചിലേക്ക് പോകുന്ന വഴിയിൽ ഉള്ള കടകളിൽ എല്ലാം എന്തൊക്കെയോ ഗാനങ്ങളും വെച്ച് എന്തോ ഒരു സാധനം പുകച്ചും വെച്ചിട്ടുണ്ട്. മുൻപ് ഒരിക്കലും ലഭിച്ചിട്ടില്ലാത്ത എന്തൊക്കെയോ ഒരു രസം ആ ഗന്ധത്തിൽ നിന്ന് കിട്ടുന്നുണ്ട്. കുറെ നേരം ആ കടയുടെ പുറത്ത് നിന്ന് പുകയും വലിച്ച് കയറ്റി നിന്നു.കിട്ടിയ മണത്തിന്റെ Gst ചോദിച്ചാൽ അടക്കാൻ കയ്യിൽ പൈസ ഇല്ലാത്തത് കൊണ്ട് കൊറച്ച് കഴിഞ്ഞപ്പോ അവിടന്ന് പോന്നു. പഴയ കാല ഗ്രാമീണ പാതകളെ ഓർമിപ്പിക്കുന്ന വിധത്തിൽ ഉള്ള രണ്ടു വശങ്ങളും മണ്ണ് തിട്ടയാൽ താഴ്ന്നു കിടക്കുന്ന വഴി ആണ് . കുറെ പടികളും ഇടവഴികളും ഇറങ്ങി ഞങൾ കുട്‌ലീ ബീച്ചിലേക്ക് .

ഒരു റ ഷെയിപ്പിൽ വളഞ്ഞു കിടക്കുന്ന ബീച്ച് ആണ് കുട്‌ലി. ബീച്ചിൽ സ്വദേശികൾ ആയി ആരെയും കാണാൻ ഇല്ലാ. എല്ലാം വിദേശികൾ. ഉദിച്ച്‌ വരുന്ന സൂര്യനെയും നോക്കി മണലിൽ ഷീറ്റ് വിരിച്ച് കുറച്ച് പേര് യോഗ ചെയ്യുന്നു . കുറച്ച് പേര് മണലിലൂടെ ജോഗിങ് ചെയ്യുന്നു. കുറച്ച് പാവപെട്ട ആൾകാർ കടലിൽ കുളിക്കുന്നു. ഇതൊക്കെ വീക്ഷിച്ച് ഞാനും കുടുവും ഒരു ഭാഗത്തും . ഒരു സ്ഥലത്ത് പോലും ഒരു വേസ്റ്റും കാണാൻ ഇല്ലാ. ഇങ്ങോട്ട് ഇറങ്ങി പോന്ന വഴിക്ക് കുറെ വിദേശികൾ തിരിച്ച് കയറി വരുന്നുണ്ട്. ഒട്ടുമിക്ക ആൾക്കാരും സംസ്കൃതം പ്രിൻറ് ചെയ്ത പൈജാമയും കുർത്തയും ഒക്കെ ആണ് വേഷം . മിക്കവരുടെയും കഴുത്തിലും കയ്യിലും ഓക്കേ രുദ്രക്ഷവും മറ്റും ധരിച്ചാണ് നടക്കുന്നത്. ഇതിൽ എല്ലാവരും ഞാൻ ഗുഡ് മോണിംഗ് എന്ന് പറഞ്ഞപ്പോൾ തിരിച്ച് നിറഞ്ഞ പുഞ്ചിരിയുമായി പറഞ്ഞത് നമസ്തേ എന്നാണ്. ഞാൻ അറിഞ്ഞതിനേകാൾ കൂടുതൽ നമ്മുടെ സംസ്കാരത്തെ അറിയാൻ അവർക്ക് സാധിക്കുന്നുണ്ട് എന്നൊരു തിരിച്ചറിവിനു ഇതൊക്കെ തന്നെ ധാരാളം. അങ്ങനെ കുറെ സന്ദർഭങ്ങൾ.

ഒന്നര കിലോമീറ്റർ ദൂരത്ത് നിന്ന് തന്നെ കാണുന്ന മഞ്ഞ കളർ ടീ ഷർട്ടും ഇട്ടു ( ലൈറ്റ് കത്തുന്ന ഒരു ഷൂ കൂടിയുണ്ടെങ്കിൽ പൊളിചേന്ന്😷) ഞാൻ ഇതൊക്കെ ആലോചിച്ച് നിൽക്കുന്നതിന്റെ ഇടക്കാണ് ഒരു കാട്ടുമാക്കൻ ഞങ്ങളെ ചുറ്റി പറ്റി നടക്കാൻ തുടങ്ങിയത്. ആളെ കണ്ടിട്ട് അത്ര വെടിപ്പ്‌ ആയി തോന്നുന്നില്ല. ട്രൗസറും ടീ ഷർട്ടും ഒക്കെ ഇട്ടു ആൾ നാട്ടുകാരൻ തന്നെ ആണ്. കണ്ടാൽ തന്നെ ഒരു ഭീകര ലൂക്ക്. ബാഗ് എടുത്ത് പോകാൻ ഉള്ള ശ്രമം തടയാൻ വേണ്ടി ബാഗിന്റെ വള്ളി രണ്ടും ടൈറ്റ് ആക്കി ക്ലിപ്പും ഇട്ടു നേരിടാൻ തയാറായി. ആൾ പതുക്കെ അടുത്ത് വന്നു സാധനം വേണോ ന്നു ചോദിച്ചു. അപ്പോഴാണ് ആളുടെ കയ്യിൽ പുകഞ്ഞ് കൊണ്ടിരിക്കുന്ന കെട്ടഴിച്ച ബീഡി ശ്രദ്ധിച്ചത്. ഇത് ചോദിക്കാൻ ആണ് ഇയാൾ ഇത്രേം ഒക്കെ ഷോ കാണിച്ചേ.!

വേണ്ടാ ചാമിയെ ന്നും പറഞ്ഞ് മൂപരെ ഒഴിവാക്കാൻ ഞങൾ ബീചിലൂടെ മുന്നോട്ട് നടന്നു. ബീച്ചിൽ ഒന്ന് രണ്ടുസ്ഥലത്ത് ഒക്കെ ടെന്റ് അടിച്ചിട്ടുണ്ട്. ബീച്ചിന് അഭിമുഖം ആയി കുറച്ച് റെസ്റ്റോറന്റ് കളും ഉണ്ട് . വിശപ്പിന്റെ വിളി വന്നതോടെ മുന്നിൽ കണ്ട ഒന്നിൽ കയറി. അവിടെ നിന്ന് തന്നെ പല്ലും തേച്ച് ഓർഡറും കൊടുത്ത് കടലിലേക്ക് നോക്കി ഇരിപ്പായി. ഓർഡർ ന്നു പറയാൻ മാത്രം ഒന്നുല്ലാ .മേശ പുറത്തെ 6പേജ് ഉള്ള മെനു നോക്കിയപ്പോ തന്നെ ഏകദേശം വില നിലവാരം മനസിലായി. അങ്ങനെ പേര് നോക്കാതെ കൂട്ടത്തിൽ ഏറ്റവും വില കുറഞ്ഞ ഐറ്റം ഏതാണ് എന്ന് മാത്രം നോക്കി ചപ്പാത്തിയും ചായയും പറഞ്ഞു. ചപ്പാത്തിയും ചായയും കൂടി 120 രൂപ . കടയിലെ പണിക്കാർ ഒക്കെ എണീറ്റ് വരുന്നേ ഒള്ളു. എന്തായാലും സാധനം കിട്ടാൻ സമയം കുറെ ആവും ന്നു മനസിലായി. മുന്നിൽ വിശാലമായി കടൽ കിടക്കുന്നത് കൊണ്ട് സമയം പോവാൻ പണി ഇല്ലാ. തിരിച്ച് പോവാൻ വണ്ടികൂലി ഇല്ലാഞ്ഞിട്ടോ എന്തോ ഒരു സായിപ്പ് കടലിൽ കിടന്നു പൊരിഞ്ഞ നീന്തൽ ആണ്. അയാൽ നീന്തി നീന്തി മറ്റെ കരയിൽ എത്തി എന്നിട്ടും ചപ്പാത്തി മാത്രം വന്നില്ല.

റെസ്റ്റോറന്റ്ഇന്റെ കൗണ്ടറിൽ നിറയെ വില കൂടിയ പല ബ്രാൻഡ് സിഗരറ്റ് വിൽക്കാൻ വെച്ചിട്ടുണ്ട്. എല്ലാം വിദേശികളെ ഉദ്ദേശിച്ചാണ്. മെനു കാർഡിൽ ഒരു ചിക്കൻ ബിരിയാണി 250 രൂപ ഒക്കെ ആണ് കാണിച്ചിട്ടുള്ളത്. ചപ്പാത്തി വന്നു . കറി ഒന്നും ഇല്ലാത്തത് കൊണ്ട് മേശ പുറത്തെ സോസ് ബോട്ട്‌ലിന്റെ ആത്മാവ് വരെ ഊറ്റി എടുത്താണ് ഞങൾ എണീറ്റത്. ബില്ലും അടച്ച് പുറത്തിറങ്ങി. വെയില് ആയി തുടങ്ങിയിട്ടുണ്ട്.

അടുത്ത ബീച്ചുകളിലും കൂടി പോവാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും കയ്യിലുള്ള ഫണ്ടിന്റെ കുറവ് ആണ് അവിടെ നിന്ന് തിരിച്ച് പോരാൻ പ്രേരിപ്പിച്ചത്. കുട്‌ലി യിൽ നിന്നും തിരിച്ച് ഗോകർണത്തേക് നടക്കാൻ തുടങ്ങി . പോരുന്ന വഴിക്ക് കാട് മൂടി അടച്ചിട്ട ഒരു അമ്പലം കണ്ടൂ.അതിന്റെ പിറകിൽ നിന്നും ഉള്ള അറബിക്കടലിന്റെ വ്യൂ അപാരം ആണ്.ഇത്തവണ കുടു എന്റെ കുറെ മുന്നിൽ ആണ്. അവൻ താഴെ എവിടെയോ എത്തിയിട്ടുണ്ട്. കുറച്ച് നേരം അവിടെ നിന്ന് നോക്കിയപ്പോ എന്തോ നല്ല രസം . അവിടെ കണ്ട ഒരു പരന്ന കല്ലും വലിച്ച് ഇട്ടു അവിടെ ഇരുന്നു. ബീച്ചിൽ പോയും ലൈറ്റ് ഹൗസിന്റെ മുകളിൽ നിന്നും ഒക്കെ കടൽ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു കുന്നിന്റെ മുകളിൽ ഇരുന്ന് ഉള്ള കടലിന്റെ വ്യൂ ഇതാദ്യം ആണ്.മുന്നിലേക്ക് നോക്കുമ്പോ കടലും ആകാശവും ഏതോ ഒരു പോയിന്റിൽ വെച്ച് തമ്മിൽ ചേരുന്ന പോലെ . രണ്ടും ഒരേ നിറം . എന്തൊക്കെയോ ആലോചിച്ച് ഉള്ള ആ ഇരുത്തത്തന് ഒരു സുഖം ഉണ്ട് . പെട്ടന്ന് പിറകിലൂടെ എന്തോ എന്നെ കടന്നു പോയത് പോലെ തോന്നി.ഒന്നും കാണാൻ ഇല്ലാ. പെട്ടെന്നാണ് തൊട്ടപ്പുറത്തെ കാട് ഇളകിയത്.കാട്ടുപന്നി തന്നെ. നല്ല പന്നിയുടെ കുത്ത് നാട്ടിൽ തന്നെ കിട്ടുമ്പോ അത് ഗോകർണത്ത് വന്നു വാങ്ങാൻ ആണോ എന്റെ വിധി .!

കാടിന്റെ ഉള്ളിൽ നിന്ന് പെട്ടന്ന് ഒരാൾ പുറത്തേക്കുവന്നു. ചെമ്പൻ മുടിയും ചെറിയ താടിയും ഒക്കെ ആയി മെലിഞ്ഞ് സുന്ദരനും സുമുഖനും ആയ ഒരു വിദേശ യുവാവ്.(ആകെ കയ്യിലുള്ള ഒരു ട്രൗസർ ഇങ്ങോട്ട് പൊന്നപ്പോ അലക്കി ഇട്ടത് അവൻറെ ഭാഗ്യം. അല്ലെങ്കി കാണിച്ച് കൊടുത്തേനെ😦) കയ്യിൽഉള്ള ഈസും വാസും ഇട്ട്‌ ആളെ പരിചയപെട്ടു. മൂത്രം ഒഴിക്കാൻ ഒരു സ്ഥലം നോക്കി ആണത്രേ നേരത്തെ ആ കാട്ടിലേക്ക് ഓടിക്കയറിയത്. വെറുതെ പേടിപ്പിച്ചു.

സംസാരിച്ച് രസം കയറിയപ്പോ ആൾ കയ്യിലുള്ള രണ്ടു വലിയ വെള്ളത്തിന്റെ കാനുകളും നിലത്ത് വെച്ച് വല്ല്യ ഒരു കല്ലും എടുത്തിട്ട് എന്റെ അടുത്ത് ഇരുന്നു. പേര് ഗല്ലൻ. കള്ളൻ(ഗല്ലാൻ) ആയാലും പോലീസ് ആയാലും ആൾ ഉഷാറാണ്. സ്വീഡൻ ആണ് ജന്മദേശം. സോഷ്യൽ വർക്കർ ആയും ടീച്ചർ ആയും ഫാർമർ ആയും ഒക്കെ ജോലി ചെയ്യുന്നു.സ്വീഡനിൽ തൊട്ടടുത്ത വീടുകളിലേക്ക് വേണ്ട പച്ചക്കറികൾ എല്ലാം ഗള്ളൻ ആണ് കൃഷി ചെയ്തത് കൊടുക്കുന്നത്. ഇവിടെ വന്നിട്ട് 2 മാസം ആയത്രെ. How’s India ന്നു ക്ലീഷെ ചോദിച്ചതോടെ നമ്മുടെ സംസ്കാരത്തെ കുറിച്ചും സ്മാരകങ്ങളെ കുറിച്ചും ഉന്മേഷത്തോടെ ആൾ സംസാരിക്കാൻ തുടങ്ങി. അവസാനം you are lucky to live here ന്നു ചേർക്കാനും ആൾ മറന്നില്ല.

ഒറ്റക്ക് ആണോ ന്നു ചോദിച്ചത്തോടെ കള്ളൻ തന്റെ കഥന കഥ വെളിപ്പെടുത്തി. ആളുടെ കൂടെ ഇൗ കഴിഞ്ഞ ഒരു ആഴ്ചയോളം ഗോകർണത്‌ നിന്ന് പരിചയപ്പെട്ട ഇന്ത്യക്കാരി ഗേൾഫ്രണ്ട് ഉണ്ടായിരുന്നതും ഇന്ന് രാവിലെ അവൾ ഡൽഹിയിലെ ജോലി സ്ഥലത്തേക്ക് മടങ്ങിയതായും എല്ലാം പറഞ്ഞു..അവർ ഒന്നിച്ചു പോയ സ്ഥലത്ത് നിന്ന് എല്ലാം അവരെ ആളുകൾ വിറക് കൊള്ളി എടുത്ത് പിന്നാലെ കൂടിയതും ,ഒരു ഇന്ത്യക്കാരിയും വിദേശിയും ഒപ്പം നടക്കുന്നത് എന്തിനാണ് എന്ന് പറഞ്ഞു ചീത്ത വിളിച്ചതും എല്ലാം ഞാൻ മിണ്ടാതെ ഇരുന്നു കേട്ടു. കള്ളനോട് പറയാൻ എന്റെ കയ്യിൽ ഒരു മറുപടിയും ഇല്ലായിരുന്നു. മറ്റെന്തോ ക്കെയോ പറഞ്ഞു ഞാൻ പതുക്കെ വിഷയം മാറ്റി .ഭാഗ്യം ഉള്ളതോണ്ട് ആണ് തല്ലുകൊള്ളാഞ്ഞത് എന്ന് കള്ളനോട് പറയാൻ പറ്റില്ലല്ലോ. സാധാരണ അങ്ങനെ ആണല്ലോ ഇവിടത്തെ ഒരു സിസ്റ്റം. ഞാൻ കൊടചാദ്രി നിന്നാണ് വരുന്നത് ന്നു പറഞ്ഞപ്പോ ആൾ അങ്ങോട്ടുള്ള റൂട്ട് ചോദിച്ചു മനസിലാക്കി. ഗൂഗിൾ മാപ്പിൽ കാണിച്ച് തരാം ന്നു പറഞ്ഞപ്പോ കള്ളൻ പറയാണ്‌ മൂപരുടെ കയ്യിൽ ആ സാധനം ഇല്ലാ ന്നു. ❤👌 അങ്ങനെ ഗല്ലനോട് യാത്ര പറഞ്ഞു ഞാൻ ഇറങ്ങി. കുടു എന്നെ കാത്തു ഇരുന്ന് ഇരുന്ന് ഒരു ഭാഗത്ത് ആയിട്ടുണ്ട്. ( ഫോണിലെ ഓഫർ കഴിഞ്ഞ് ന്നു തോന്നുന്നുണ്ട്😃) വീണ്ടൂം ഗോകര്ണ ബീച്ചിലേക്ക് തന്നെ ഞങൾ നടന്നു എത്തി.

വെയില് ആയത് കൊണ്ട് ബീച്ചിൽ ഉള്ളതിനേക്കാൾ തിരക്ക് ഇപ്പൊ ബീച്ചിന്റെ പുറത്തുള്ള കടകളിൽ ആണ്. കുറെ നേരം അവിടെ ഇരുന്ന വിശ്രമിച്ച ശേഷം പതുക്കെ ഞങൾ മടക്കയാത്ര ആരംഭിച്ചു . വീണ്ടും ബസ് സ്റ്റാൻഡിലേക്ക്. കുംതയിലേക് ഉള്ള ബസ് വന്നു കിടക്കുന്നുണ്ട്. കയറി കുറച്ച് കഴിഞ്ഞപ്പോ തന്നെ വണ്ടി എടുത്ത്. വെയില് വന്നിട്ടുള്ളത് കൊണ്ട് പുറത്ത് നിന്നൊക്കെ നല്ല ചൂട് കാറ്റാണ് . ഗ്ലാസ്സ് അടച്ച് ഇരുന്നു. അങ്ങനെ കുമ്ത സ്റ്റാൻഡ് എത്തി . സ്റ്റാൻഡിൽ നിന്ന് നേരെ ഇറങ്ങി കുംത റെയ്ൽവേ സ്റ്റേഷനിലേക്ക് . സ്റ്റേഷനിൽ ചോദിച്ചപ്പോ കുറെ കഴിഞ്ഞേ ഇനി മാംഗ്ലുർ വണ്ടി ഒള്ളു ന്നു മനസിലായി. ടിക്കറ്റ് ഒന്നും ഇല്ലെങ്കിലും അവിടത്തെ വിശ്രമ മുറിയിൽ ഫോണും കുത്തി വെച്ച് കാവലിന് കുടുവിനെയും നിർത്തി വിശാലമായി ഒന്ന് കുളിച്ചു. വല്ല്യ തിരക്ക് ഒന്നും ഇല്ലാത്ത സ്റ്റേഷൻ ആയത് കൊണ്ടോ എന്തോ വിശ്രമ മുറി എല്ലാം നല്ല വൃത്തി ഒക്കെ ഉണ്ട്.

കുളി കഴിഞ്ഞ് തിരിച്ച് വന്നപ്പോ എന്റെയും കുടുവിന്റെയും സംസാരം കേട്ട് കസേരയിൽ പത്രം വായിച്ച് ഇരുന്ന ഒരാൾ സംസാരിച്ചു.ആൾ മലയാളി ആണ്. ഇവിടെ റയിൽവേയിൽ എൻജിനീയർ ആയി വർക് ചെയ്യുന്നു. മയിലെണ്ണ വിൽക്കാൻ നടക്കുന്ന ആൾക്കാരുടെ തലയിലെ കെട്ടുപോലത്തെ കുടിവിന്റെ തലയിലെ കെട്ടും ഡ്രസിങൂം കണ്ടിട്ട് ഇറാനി ആണെന്ന് വിജാരിച്ച് ആണ് മിണ്ടാൻ വരാഞ്ഞത് എന്ന് പറഞ്ഞതോടെ എന്റെ ചിരി കൈവിട്ടു പോയി.😷 മൂപ്പർ പറഞ്ഞത് അനുസരിച്ച് ട്രെയിനിനു കാത്ത് നൽകുന്നതിനേക്കാൾ നല്ലത് ബസിന് മംഗലാപുരം പോയി അവിടന്ന് ട്രെയിൻ കയറി പോവുന്നത് ആണ് സമയ ലാഭം എന്ന് മനസിലായി. അങ്ങനെ വീണ്ടും കും ത ബസ് സ്റ്റാൻഡിലേക്ക്.

സ്കൂളുകളും കോളജകളും ഒക്കെ ഉച്ചക്ക് വിട്ടിട്ടുണ്ട് ന്നു തോന്നുന്നു. ഇന്ന് പുലർച്ചെ കണ്ട സ്റ്റാൻഡ് തന്നെ അല്ല, ആകെ വിദ്യാർത്ഥികളെ കൊണ്ട് തിരക്ക് ആണ്. ബാഗും സഞ്ചിയും കൂടുന്‍റെ ഫാഷൻ ഷോയും ഒക്കേകൂടെ കാരണം ഞങ്ങളെ രണ്ടാളെയും ചന്ദ്രനിൽ നിന്ന് വന്ന മനുഷ്യന്മാർ പോലെ ആണ് എല്ലാവരും നോക്കുന്നത്.ഞങ്ങളെ ചൂണ്ടി എന്തൊക്കെയോ പറഞ്ഞു ചിലരൊക്കെ ചിരിക്കുന്നു. . ഉളുപ്പ് ഇപ്പൊ പിന്നെ കുറച്ച് കുറവായതുകൊണ്ട് എല്ലാവർക്കും തിരിച്ചും വിശാലമായി ചിരിച്ചു കൊടുത്തു.

അവിടെ നിന്ന് നേരിട്ട് മംഗലാപുരത്തേക്ക് ബസ് കിട്ടാത്തതുകൊണ്ട് ഉച്ചക്ക് കഴിക്കാൻ കുറച്ച് വെട്ടിവച്ച ഫ്രൂട്ട്സ് ബിസ്കറ്റും വാങ്ങി കുന്താപുരയിലേക്ക് ഉള്ള ബസിൽ കയറി. ഇവിടെ നിന്നും 110 km ഓളം ദൂരം ഉണ്ട് അങ്ങോട്ട്. പുറത്ത് മൊത്തം വരണ്ട കാഴ്ചകൾ ആണ്. പോരാത്തതിന് നല്ല ചൂട് കാറ്റും. ഇരുന്നും മടുത്തുംഅവസാനം കുന്താപുര എത്തി.

തിരക്ക് കുറഞ്ഞ ചെറിയ ഒരു സ്റ്റാൻഡ്. രണ്ടു മൂന്നു ബസ് വന്നു കിടക്കുന്നുണ്ട് എങ്കിലും മാംഗ്ലൂർ വണ്ടി എത്തിയിട്ടില്ല. സമയം നാല് മണിയോട് അടുത്ത് ആയിട്ടുണ്ട്. അവിടെ ഉള്ള മുഴുവൻ സ്കൂൾ കുട്ടികളും അവരവരുടെ ബസുകളിൽ തന്നെ അല്ലെ കയറി പോകുന്നത് എന്ന് വളരെ അധികം ഉത്തരവാദിത്വത്തോടെ നിരീക്ഷിച്ച് ഉറപ്പ് വരുത്തി. നാട് മാറിയാലും ഉത്തരവാദിത്വം നമ്മൾ മറക്കരുതല്ലോ.

ഒരു വിധം എല്ലാവരും പോയപ്പൊഴേകും മംഗലാപുരം ബസ് വീശി ഓടിച്ച് സ്റ്റാൻഡിൽ വന്നു. ഇനി അങ്ങോട്ട് 90 km ഓളം വീണ്ടും വായും പൊളിച്ച് ബസിൽ ഇരിക്കണം. വലിയ ഒരു ബസിൽ ആകെ പത്തുപേരോളം മാത്രേ ഒള്ളു. അൺലിമിറ്റട് കോൾ ചെയ്യാൻ ഉള്ള ഒരാഴ്ചത്തേക്ക് ഉള്ള ലിമിറ്റ് രണ്ടു ദിവസം കൊണ്ടുതന്നെ തീർത്തത് കൊണ്ട് ഇപ്പൊ കുടുവിന്റെ കോളിംഗ് എന്റെ ഫോണും കൊണ്ടാണ്.അതുകൊണ്ട് പാട്ട് കേൾക്കാനും ഒരു വഴിയും ഇല്ലാ. ഇവൻ ഇതിന് വേണ്ടി മാത്രമാണോ പോന്നത് ന്നു സംശയിക്കേണ്ടി ഇരിക്കുന്നു സൂർത്തുക്കളെ😃.

ഹൈവേ ആയതുകൊണ്ട് ബസ് നല്ല സ്പീഡിൽ ഒക്കെ പോകുന്നുണ്ട് .അതും ഭാഗ്യം. അങ്ങനെ ഒരു 7 മണിയോട് അടുപ്പിച്ച് മംഗലാപുരത്ത് ഞങ്ങളുടെ കപ്പൽ അടുത്തു. ഒന്ന് രണ്ടു പരിചയക്കാരെ വിളിച്ചെങ്കിലും കോൾ കണക്ട് ആവാത്തത്തുകൊണ്ട് അവരെ കാണാൻ നിൽക്കാതെ റെയ്ൽവേ സ്റ്റേഷനിലേക്ക്‌ വഴിയും ചോദിച്ച് നേരെ അങ്ങോട്ട് നടന്നു.

സ്റ്റേഷനിൽ അത്യാവശ്യം നല്ല തിരക്ക് ഉണ്ട്. ഷൊർണൂർ വണ്ടി ഉണ്ടോ ന്നു അന്വേഷിച്ചപ്പോൾ അവിടെ നിന്ന് എടുക്കുന്ന ഒരു വണ്ടി രാത്രി എപ്പോഴോ ഉണ്ടെന്ന് വിവരം കിട്ടി. സമാധാന ആയി. സ്റ്റാർട്ടിങ് അവിടെ നിന്ന് ആയത്കൊണ്ട് സീറ്റ്‌ കിട്ടാൻ പ്രയാസം കാണില്ല. ടിക്കറ്റും എടുത്ത് പ്ലാറ്റ്ഫോമിൽ എത്തി. അവിടെ തന്നെ ഉള്ള ഒരു റെസ്റ്റോറന്റിൽ കയറി വണ്ടിക്കൂല്ലിക്ക്‌ ഉള്ളത് കണക്ക് കൂട്ടി ഒഴിവാക്കി. ബാക്കി പൈസക്ക് ചപ്പാത്തിയും വെള്ളപ്പവും ഒക്കെ കഴിച്ചു. നല്ല ഭക്ഷണം .വണ്ടി വരാൻ ഇനീം സമയം ഉള്ളതുകൊണ്ട് ഗൂഗിളിന്റെ സഹകരണത്തോടെ സ്റ്റേഷനിൽ ഉള്ള വൈഫൈ ഞങൾ ഊറ്റാൻ തുടങ്ങി .കേരളത്തിൽ ഏതാനും ചില സ്റ്റേഷനുകളിൽ മാത്രമേ ഇൗ സൗകര്യം നിലവിൽ ഒള്ളു. അധികം ഇരുന്ന് സുഖം പിടിക്കണ്ട എന്ന് വിജാരിച്ച് ആവണം അവിടെ ഉള്ള എല്ലാ കസേരകളും റയിൽവേ ഉണ്ടാക്കിയിട്ടുള്ളത് അല്പം മുന്നോട്ട് ചെരിച്ച് കൊണ്ടാണ്. എങ്ങനെ ഇരുന്നാലും താഴേക്ക് നീങ്ങി ഇറങ്ങും.

വണ്ടി തൊട്ടുമുന്നിൽ ഉള്ള പ്ലാറ്റ് ഫോമിലേക്ക് ഇട്ടിട്ടുണ്ട്. കയറി സീറ്റ് പിടിച്ചു. സീറ്റ് കിട്ടിയെങ്കിലും അത്യാവശ്യം തിരക്ക് ഒക്കെ ഇതിലും ഉണ്ട്. അങ്ങനെ ഉറങ്ങിയും ഞെട്ടിയുണർന്നു ഒക്കെ പുലർച്ചെ ഷൊർണൂർ എത്തി. ഓടി പോയി നിലമ്പൂർ പോവാൻ തയ്യാറായി നിൽക്കുന്ന രാജ്യറാണിയിൽ കയറി. ട്രെയിൻ ഇറങ്ങി പോവുന്ന പോക്കിൽ നേരത്തെ വിളിച്ച് പറഞ്ഞ കൊറിയറും വാങ്ങി രാവിലെ പത്തുമണിയോടെ വീട്ടിലും എത്തി. ഇനി ഇതൊന്ന് പൊട്ടിച്ച് നോക്കണം എന്താണാവോ!

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply