സഹസ്ര കോടീശ്വരന്മാർ മാത്രമുള്ള രാജ്യം – വെനിസ്വേല

ലേഖകൻ – ഋഷിദാസ്. (അവസാന വരികൾക്ക് കടപ്പാട് – ഏഷ്യാനെറ്റ് ന്യൂസ്).

മുകളിലെ തലക്കെട്ട് ഒരു അതിശയോക്തി അല്ല. ലോകത്തെ ഏറ്റവുമധികം എണ്ണ സമ്പത്തുള്ള രാജ്യമായ വെനിസ്വേലയിലെ വർത്തമാനകാല യാഥാർഥ്യമാണ്. കോടികൾക്ക് അവിടെ ഒരു വിലയുമില്ല എന്നെയുള്ളൂ. ”ബൊളിവർ” ആണ് വെനിസ്വേലയിലെ നാണയം. ഇപ്പോൾ അവിടെ ഇറക്കുന്നത് നൂറുകോടിയുടെയും ആയിരം കോടിയുടേയുമൊക്കെ നോട്ടുകളാണ്. പണപെരുപ്പത്തിന്റെ ഭീകര രൂപമായ ഹൈപ്പർ ഇൻഫ്ളേഷനാണ് വെനിസ്വേലയെ ഈ പാതാളത്തിലേക്ക് തള്ളിയത്. ഇപ്പോൾ 1000000% ആണ് വെനിസ് വേലയിലെ പണപ്പെരുപ്പം. ഒരു കോഴിയുടെ വില ഇപ്പോൾ വെനിസ്വേലയിൽ ഒന്നരകോടി ബൊളിവർ ആണ്. ഒരു മുട്ടയ്ക്ക് പത്തുലക്ഷം ബൊളിവറും. ഒരു മുട്ട കൈയിലുള്ളവൻ ലക്ഷാധിപതി. ഒരു കോഴിയുള്ളവൻ കോടീശ്വരൻ.. ഒരു കോഴിക്കൂട് കൈയിലുള്ളവൻ സഹസ്ര കോടീശ്വരൻ അതാണ് ഇപ്പോൾ വെനിസ്വേലയിൽ സ്ഥിതി. പഴയ നോട്ടുകൾക്ക് ഒരു വിലയും ഇല്ലാത്തതിനാൽ അവ കൊണ്ട് ഒന്നും വാങ്ങാനാവില്ല. ചന്തയിലേക്ക് പോകുന്നവർ പത്തു കിലോ നോട്ടുമായി പോകും. രണ്ടുകിലോ സാധന സാമഗ്രികളുമായി മടങ്ങും. ഇതാണ് വെനിസ്വേലയുടെ വർത്തമാന കാല സമ്പദ് വ്യവസ്ഥ.

സാമ്പത്തിക ശാസ്ത്രത്തിന്റെ പ്രാഥമിക തത്വങ്ങൾ തെറ്റിച്ചതാണ് വെനിസ് വേലയെ ഈ നരകത്തിലേക്ക് തള്ളിയിട്ടത്. മുൻ ഭരണാധികാരി ഹ്യൂഗോ ചാവേസിന് കുറച്ചു വിവരവും വിദ്യാഭ്യാസവും ഉണ്ടായിരുന്നു. അതിനാൽത്തന്നെ വലിയ സാമ്പത്തിക മണ്ടത്തരങ്ങൾ കാണിച്ചുവെങ്കിലും സമ്പദ്‌വ്യവസ്ഥയെ തകർന്നടിയലിൽ നിന്നും ഹൈപ്പർ ഇൻഫ്ളേഷനിൽനിന്നും അകറ്റിനിർത്താൻ ചാവേസിന് കഴിഞ്ഞു. ചാവെസിന്റെ മരണ ശേഷം അധികാരത്തിൽ വന്ന മഡുറോക്ക് വിദ്യാഭ്യാസത്തെപ്പോലെ വിവരവും കമ്മിയായിരുന്നു. എല്ലാം സൗജന്യമായി നൽകിയാൽ രാജ്യം നന്നാവും എന്നുകരുതിയ മഡുറോ പെട്രോൾ പോലും ഏതാണ്ട് സൗജന്യമായി നൽകി. സാധനങ്ങൾ സൗജന്യമായി നൽകിയാൽ പണപ്പെരുപ്പം കുറയുമെന്ന് മഡുറോയെ ഉപദേശികൾ വിശ്വസിപ്പിച്ചു. സാധനങ്ങൾ സൗജന്യമാക്കിയ എല്ലാ രാജ്യങ്ങളും ഹൈപ്പർ ഇൻഫ്‌ളേഷൻ എന്ന പടുകുഴിയിലേക്കാണ് വീണിട്ടുള്ളതെന്ന സത്യം മനസ്സിലാക്കാനുളള പ്രാപ്തി പോലും മഡുറോ കാണിച്ചില്ല.

മണ്ടൻ സാമ്പത്തിക നയങ്ങൾമൂലം രാജ്യത്തെ എല്ലാവരും കോടീശ്വരന്മാരായപ്പോൾ കോടികൾക്ക് കടലാസിന്റെ വിലപോലും ഉണ്ടായില്ല എന്ന് മാത്രം. എന്നാല്‍ ഭരണ പരാജയമാണ് ഇത്തരത്തില്‍ ഒരു പ്രതിസന്ധിക്ക് കാരണമെന്ന് വെനിസ്വലന്‍ രാഷ്ട്രതലവന്‍ നിക്കോളാസ് മഡൂറോ സമ്മതിക്കുന്നില്ല. രാജ്യത്തിനകത്തും പുറത്തും നിന്നും നേരിടേണ്ടി വരുന്ന രാഷ്ട്രീയ യുദ്ധമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ്. ഐ എം എഫിന്റെ അന്താരാഷ്ട്ര നാണയനിധി(ഐഎംഎഫ്)യുടെ കണക്കനുസരിച്ച് ഈ മാസമൊടുവില്‍ വെനിസ്വേലയുടെ പണപ്പെരുപ്പ നിരക്ക് പത്ത് ലക്ഷം ശതമാനം കടക്കും. ഇന്ത്യയിലെ നിലവിലെ പണപ്പെരുപ്പ നിരക്ക് 5.7 ശതമാനം ആണ്.

കൊടും ദാരിദ്ര്യം നിമിത്തം വെനിസ്വേലയിൽ കോടീശ്വരന്മാർ ഇപ്പോൾ അയൽ രാജ്യങ്ങളായ ഇക്വേഡോറിലേക്കും, കൊളംബിയയിലേക്കും പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. ആ രാജ്യങ്ങളിലെ പരമ ദരിദ്രർ പോലും വെനിസ്വേലയിലെ സഹസ്ര കോടീശ്വരരെകാൾ സമ്പന്നമായാണ് ജീവിക്കുന്നത്.യു എൻ കണക്കിൽ സന്തോഷത്തിന്റെ പറുദീസയായ ബംഗ്ളാദേശില്നിന്നു സന്തോഷത്തിന്റെ മുതലാളിമാർ ഒട്ടും സന്തോഷമില്ലാത്ത പാവങ്ങളുടെ നമ്മുടെ രാജ്യത്തേക്ക് നുഴഞ്ഞു കയറുന്നതുപോലെ. അത്ഭുതമെന്നു പറയട്ടെ നമ്മുടെ കറൻസിയുടെ മൂല്യം 1% കുറയുമ്പോൾ പോലും ട്രോളും തെറിയുമായി അണിനിരക്കുന്നവർ പലരും വെനിസ്വേലയുടെയും അതിന്റെ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെയും കടുത്ത ആരാധകരാണ്.

വെനിസ്വേല യൂണിവേഴ്സിറ്റി പ്രൊഫസര്‍ തന്‍റെ പൊട്ടിയ ഷൂ തുന്നിച്ചതിന് കഴിഞ്ഞ ദിവസം ചാര്‍ജ്ജായി നല്‍കിയത് 2000 കോടി ബൊളിവര്‍. അതായത് അദ്ദേഹത്തിന്‍റെ നാലു മാസത്തെ ശമ്പളം. ഇക്കഴിഞ്ഞ മേയില്‍ രാജ്യത്തെ മിനിമം മാസ വേതനം 13 ലക്ഷം ബൊളിവറായിരുന്നു. പണത്തിന്‍റെ മൂല്യം കുത്തനെ ഇടിയുമ്പോള്‍ ചാക്കുകണക്കിന് ബൊളിവറുണ്ടെങ്കിലെ ഒരു ചോക്ലേറ്റ് കിട്ടൂ എന്ന സ്ഥിതിയാണ്. ഈ അവസ്ഥയില്‍ ജനങ്ങള്‍ പട്ടിണികൊണ്ട് വലയുകയാണ്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply