ചൈന തോറ്റോടിയ ചൈന – വിയറ്റ്‌നാം യുദ്ധം

ഈ ലേഖനം എഴുതി തയ്യാറാക്കിയത് – ഋഷിദാസ്‌.

പ്രസിദ്ധമായ വിയറ്റ്‌നാം യുദ്ധത്തില്‍ വിയറ്റ്‌നാം അമേരിക്കയെയും സഖ്യത്തെയും തോല്‍പിച്ചത് എല്ലാവര്‍ക്കും അറിയാവുന്ന ചരിത്രമാണ്. ആ അമേരിക്കന്‍ സഖ്യത്തില്‍ ചൈനയും ഉണ്ടായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. വിയറ്റ്‌നാം യുദ്ധത്തിലെ അമേരിക്കന്‍ പരാജയം ചൈനയുടെ കൂടി പരാജയമായാണ് ചൈനയിലെ ഉന്നതര്‍ കണ്ടത്. ആ പരാജയത്തിനു പകരം വീട്ടാനും വിയറ്റ്‌നാമിനെ ഭൂമുഖത്തുനിന്നും തുടച്ചു നീക്കാനുമാണ് ചൈന 1979ല്‍ ഒരു വന്‍പടയെ സജ്ജമാക്കി വിയറ്റ്‌നാമിനെ ആക്രമിക്കുന്നത്. വിയറ്റ്‌നാം ചൈനയേക്കാള്‍ വളരെ ചെറിയ രാജ്യമാണ്. ആ യുദ്ധത്തില്‍ ഏറ്റ കനത്ത പരാജയം ചൈന ഇപ്പോഴും അംഗീകരിക്കുന്നില്ല. തോറ്റോടിയ ചൈനീസ് പട്ടാളക്കാര്‍ ”ഞങ്ങള്‍ ജയിച്ചേ ”എന്ന് വിളിച്ചുകൊണ്ടാണത്രെ പാലായനം ചെയ്തത്. നമ്മുടെ അതിര്‍ത്തികളില്‍ ചൈനീസ് ഭീഷണി വീണ്ടും തലപൊക്കുന്ന സാഹചര്യത്തില്‍ 1979 ലെ ചൈന-വിയറ്റ്‌നാം യുദ്ധം വീണ്ടും ഒരു പുനര്‍വിചിന്തനത്തിനു വിധേയമാക്കേണ്ടതാണ്.

കമ്പോഡിയയിലെ നരമേധം നടത്തിക്കൊണ്ടിരുന്ന ഖമര്‍ റൂഷ് ഭരണകൂടത്തെ നിഷ്‌കാസനം ചെയ്യാന്‍ വിയറ്റ്‌നാം നടത്തിയ ഇടപെടലാണ് ചൈനയെ ചൊടിപ്പിച്ചത്. ഖേമര്‍ റൂഷ് ഭരണകൂടത്തിന്റെ സാമ്പത്തിക,സൈനിക സ്‌പോണ്‍സര്‍മാര്‍ ചൈനയായിരുന്നു. സോവിയറ്റ് യൂണിയന്‍ വിയറ്റ്‌നാമിനെയാണ് സഹായിച്ചത്. ചൈനയാണ് പയറ്റിയതെങ്കിലും ബുദ്ധിയുപദേശിച്ചത് അമേരിക്കന്‍ ഭരണകൂടമായിരുന്നുവെന്ന് പിന്നീടുള്ള വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നു. വിയറ്റ്‌നാമിനെ പിടിച്ചടക്കി, കമ്പോഡിയയില്‍ ഖമര്‍ റൂഷ് ഭരണം തിരിച്ചു കൊണ്ടുവരിക എന്ന ഉദ്ദേശലക്ഷ്യവുമായി വിയറ്റ്‌നാമില്‍ കടന്നു കയറിയ ചൈനീസ് സൈന്യം മൂന്നാഴ്ചത്തെ യുദ്ധത്തിനുശേഷം ആയുധങ്ങള്‍ പോലും ഉപേക്ഷിച്ചു വിയറ്റ്‌നാമില്‍ നിന്നും പാലായനം ചെയ്യുന്ന ദയനീയമായ കാഴ്ചയാണ് ലോകം കണ്ടത്. ഖമര്‍ റൂഷ് കംബോഡിയയില്‍ തിരിച്ചുവരുന്നത് വിയറ്റ്‌നാം തടഞ്ഞു. വിയറ്റ്‌നാമീസ് സൈനികര്‍ ഒരു പതിറ്റാണ്ടിലേറെക്കാലം ഖമര്‍ റൂഷിന്റെ ക്രൂരതകളില്‍നിന്നും കമ്പോഡിയയെ രക്ഷിച്ചു.

ചൈനീസ് നേതാവ് ഡെങ് ക്‌സിയാവോപിങ്ങും അമേരിക്കന്‍ ഭരണകൂടവും തമ്മിലുള്ള ആലോചനയുടെ ഫലമായാണ് വിയറ്റ്‌നാം ആക്രമിക്കാന്‍ ചൈന തീരുമാനിക്കുന്നത്. വിയറ്റ്‌നാം അക്കാലത്തു സോവിയറ്റ് ചേരിയില്‍ ആയിരുന്നു. സോവിയറ്റ് യൂണിയന്‍ ചൈനയുടെയും അമേരിക്കയുടെയും പൊതുശത്രുവായിരുന്നു. പൊതുശത്രുവിന്റെ ചെറിയ സഖ്യകക്ഷിയെ ഉന്മൂലനം ചെയ്യുകയായിരുന്നു ഇരുരാജ്യങ്ങളുടെയും പൊതു ലക്ഷ്യം. അമേരിക്കക്ക് വിയറ്റ്‌നാമില്‍ സംഭവിച്ച നാണക്കേടില്‍നിന്നും ഒരു മോചനവും ആവശ്യമായിരുന്നു. കമ്പോഡിയയില്‍ ഖമര്‍ റൂഷിനെ ഭരണത്തില്‍ തിരികെ പ്രതിഷ്ഠിക്കുക എന്നത് ചൈനയുടെ സ്വന്തം ലക്ഷ്യമായിരുന്നു. ഈ രണ്ടു ലക്ഷ്യങ്ങളും നിറവേറ്റാനായിരുന്നു അമേരിക്കന്‍ സഹായത്തോടെ ചൈന 1979 ഫെബ്രുവരി മധ്യത്തോടെ വടക്കന്‍ വിയറ്റ്‌നാമിലേക്ക് ആറുലക്ഷം സൈനികര്‍ ഉള്‍ക്കൊള്ളുന്ന ഒരു സൈന്യവുമായി ആക്രമണം നടത്തിയത്.

വിയറ്റ്‌നാമീസ് സേന നല്ലൊരു ഭാഗവും കമ്പോഡിയയില്‍ നിഷ്ടൂര ഭരണത്തെ അവസാനിപ്പിച്ച് ആ രാജ്യത്തില്‍ വിന്യസിച്ചിരിക്കുന്ന സമയത്താണ് ചൈനയുടെ ആക്രമണം. വിയറ്റ്‌നാമിന് ഒരു ദ്വിമേഖല യുദ്ധം നടത്താന്‍ കഴിയില്ലെന്നും വളരെ എളുപ്പത്തില്‍ വിയറ്റ്‌നാം തകര്‍ന്നടിയുമെന്നുമാണ് ചൈനീസ് ഭരണകൂടം കണക്കുകൂട്ടിയത്. 1979 ഫെബ്രുവരി 18ാണ് ചൈനീസ് സൈന്യം വിയറ്റ്‌നാമിനെ ആക്രമിക്കുന്നത്. ആദ്യ ദിനങ്ങളില്‍ വിയറ്റ്‌നാം സേനക്ക് പിന്മാറേണ്ടി വന്നു. ചൈനീസ് സൈന്യം വിയറ്റ്‌നാമിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലും പട്ടണങ്ങളിലും നരനായാട്ട് നടത്തി പതിനായിരത്തിലധികം സാധാരണക്കാരെ കൊല്ലാകൊല ചെയ്തു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും കൂടുതല്‍ വിയറ്റ്‌നാമീസ് സേനാവ്യൂഹങ്ങള്‍ എത്തിയതോടുകൂടി യുദ്ധത്തിന്റെ ഗതി മാറാന്‍ തുടങ്ങി. കമ്പോഡിയയില്‍ നിന്നും സൈന്യത്തിന്റെ നല്ലൊരു ഭാഗവും പിന്‍വലിച്ചു യുദ്ധമുഖത്തെത്തിച്ചതോടെ ചൈനീസ് കൈയേറ്റക്കാരുടെ നില പരുങ്ങലിലായി.

സോവിയറ്റ് ഉപഗ്രഹ സംവിധാനങ്ങളാണ് വിയറ്റ്‌നാമിന്റെ സൈനിക നീക്കങ്ങളെ എല്ലാ അര്‍ത്ഥത്തിലും സഹായിച്ചത്. ചൈനയുടെ തന്ത്രങ്ങളെല്ലാം നിഷ്പ്രഭമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ചൈനയുടെ എല്ലാ ആക്രമണങ്ങളും കനത്ത പരാജയത്തില്‍ കലാശിച്ചു. വിയറ്റ്‌നാമിനെ കീഴടക്കുക പോയിട്ട് മുന്നോട്ടു നീങ്ങാന്‍ പോലും കഴിയില്ല എന്ന സത്യം അവരെ തുറിച്ചു നോക്കി. ഇതിനിടയില്‍ അറുപതിനായിരം ചൈനീസ് പട്ടാളക്കാരെ വധിക്കാനും നൂറുകണക്കിന് ചൈനീസ് ഭടന്മാരെ തടവുകാരായി പിടിക്കാനും വിയറ്റ്‌നാമിനായി. ഒരടി മുന്നോട്ടു നീങ്ങാനാവില്ലെന്നു മനസ്സിലാക്കിയ ചൈന മാര്‍ച്ച് ആറിന് യുദ്ധം ജയിച്ചതായി പ്രഖ്യാപിച്ചു തിരിഞ്ഞോടാന്‍ തുടങ്ങി. മാര്‍ച്ച് പതിനാറിന് അവസാനത്തെ ചൈനീസ് ഭടനും വിയറ്റ്‌നാമീസ് അതിര്‍ത്തി കടന്നു. അങ്ങനെ കമ്പോഡിയയില്‍ ഖമര്‍ റൂഷിനെ അവരോധിച്ചു വിയറ്റ്‌നാമിനെ ഭൂമുഖത്തുനിന്നും തുടച്ചു നീക്കാനായി വിയറ്റ്‌നാമില്‍ കടന്നു കയറിയ ചൈനീസ് സേന കമ്പോഡിയയുടെ അതിര്‍ത്തിയില്‍ പോലും എത്താന്‍ സാധിക്കാതെ പിന്തിരിഞ്ഞോടി. യുദ്ധത്തിന്റെ ഒരു പ്രഖ്യാപിത ലക്ഷ്യവും നേടാനാവാതെ പിന്തിരിഞ്ഞോടിയതിനുശേഷം ഒരു രാജ്യം വിജയം പ്രഖ്യാപിക്കുന്നത് യുദ്ധചരിത്രത്തില്‍ തന്നെ ഒരു അപൂര്‍വതയാണ്. ഈ യുദ്ധത്തിന്റെ ഒരു പ്രധാന സവിശേഷത വിയറ്റ്‌നാമിന്റെ അര്‍ധസൈനിക വിഭാഗം ചൈനീസ് സൈന്യത്തേക്കാള്‍ നന്നായി പോരാടി എന്നതാണ്.

വിയറ്റ്‌നാമിന്റെ വ്യോമവേധ സംവിധാനങ്ങളെ ഭയന്ന് ഒരു ചൈനീസ് യുദ്ധവിമാനം പോലും വിയറ്റ്‌നാമിന്റെ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ധൈര്യം കാട്ടിയില്ല. ചൈനീസ് ശത്രുക്കളുമായി ഏതെങ്കിലും രീതിയില്‍ സഹകരിച്ച രാജ്യദ്രോഹികള്‍ക്കെതിരെ വിയറ്റ്‌നാം കടുത്ത നടപടികളാണ് സ്വീകരിച്ചത്. ചൈനയുമായി എന്തെങ്കിലും അനുഭാവം പുലര്‍ത്തിയ എല്ലാവരെയും വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പലരെയും വിദൂര പ്രദേശങ്ങളിലേക്ക് നാടുകടത്തി. ചൈനീസ് പട്ടാളത്തെ വിയറ്റ്‌നാമിലേക്കയച്ചു കൊലയ്ക്ക് കൊടുത്തത് ചൈനീസ് പട്ടാളത്തെ നിലക്ക് നിര്‍ത്താനുള്ള ചൈനീസ് നേതാവ് ഡെങ് ക്‌സിയാവോപിങ്ങിന്റെ ഒരു കുടില തന്ത്രമായിരുന്നുവെന്ന് പില്‍ക്കാലത്ത് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply