പ്രേത ബംഗ്ലാവിലേക്ക് ഒരു ഹര്‍ത്താല്‍ ദിന യാത്ര!!

തിരുവനന്തപുരം നഗരത്തില്‍ നിന്ന് വെറും 55 കിലോമീറ്റര്‍ ദൂരത്തിലാണ് കേരളത്തില്‍ തന്നെ ഏറ്റവും അധികം പ്രേതബാധയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ബോണക്കാട് ബംഗ്‌ളാവ്. Haunted places in kerala എന്നു ഗൂഗിളില്‍ സെര്‍ച്ചു ചെയ്താല്‍ അതാ വരും പ്രേതങ്ങള്‍ ചറപറാ.  ലിസ്റ്റില്‍ ഒന്നാമതായി തന്നെ GB 25 bungalow bonacaud ഉണ്ട്.

ബംഗ്‌ളാവിനെപറ്റി: കിട്ടിയ വിവരം പ്രകാരം ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ച ശേഷവും ഇവിടെ തുടര്‍ന്ന വെള്ളക്കാരനായ എസ്റ്റേറ്റ് മാനേജര്‍ 1951ല്‍ പുതിയൊരു ബംഗ്ലാവ്  പണിത് കുടുംബ സമേതം അതിലേക്ക് താമസം മാറുന്നു. താമസം തുടങ്ങി കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ മാനേജരുടെ 13 വയസ്സുള്ള മകള്‍ ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെടുന്നു. ഈ സംഭവത്തിനു ശേഷം മാനേജരും കുടുംബവും ഇന്‍ഡ്യയിലെ വാസം മതിയാക്കി ലണ്ടനിലേക്ക് മടങ്ങുന്നു. തുടര്‍ന്ന് ഈ ബംഗളാവില്‍ താമസിച്ച പലരും രാത്രി കാലങ്ങളില്‍ ബംഗളാവിനുള്ളിലും പരിസരത്തും ഒരു പെണ്‍കുട്ടിയെ കണ്ടത്രേ.

അതോടെ പിന്നീടുള്ളവര്‍ ഇവിടം ഉപേക്ഷിച്ച് പഴയ ബംഗളാവിലേക്കു തന്നെ താമസം മാറി. ഈ സംഭവങ്ങള്‍ നടന്ന് ദശകങ്ങള്‍ക്കിപ്പുറവും രാത്രി കാലങ്ങളില്‍ ഇവിടെ നിന്ന് അലര്‍ച്ചയും നിലവിളികളും പൊട്ടിച്ചിരികളും ജനല്‍ ചില്ലുകള്‍ തകരുന്ന ശബ്ദവും കേട്ടു കൊണ്ടിരിക്കുന്നു. രാത്രി കാലങ്ങളില്‍ ഇവിടേക്കു കടന്നു ചെന്ന പലരും ബംഗ്ലാവിന്‍റെ  പ്രധാന വാതിലില്‍ ഒരു ആണ്‍കുട്ടിയുടെ രൂപം കണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു.

പണ്ട് വിറകു ശേഖരിക്കാനായി ഇവിടെയെത്തിയ ഒരു പെണ്‍കുട്ടി തിരിച്ച് വീട്ടിലെത്തിയത് അസാധാരണമായ പെരുമാറ്റങ്ങളോടെയാണ്. നിരക്ഷരയായ ആ പെണ്‍കുട്ടി പാശ്ചാത്യ ശൈലിയില്‍ സ്ഫുടമായി ഇംഗ്‌ളീഷ് സംസാരിക്കാന്‍ തുടങ്ങി.  ഇത് പണ്ട് മരണപ്പെട്ട മദാമ്മ പെണ്‍കുട്ടിയുടെ പ്രേതം കടന്നു കൂടിയതാണെന്ന് നാട്ടുകാര്‍ വിശ്വസിച്ചു. ദിവസ്സങ്ങള്‍ക്കു ശേഷം ഈ പെണ്‍കുട്ടിയും മരണപ്പെടുകയുണ്ടായി.  ഇതിനു ശേഷം സ്ത്രീകള്‍ പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ ഇവിടേക്ക് പോകാറില്ല. തൊഴിലാളി സമരത്തെ തുടര്‍ന്ന് തോട്ടവും ഫാക്ടറിയും പൂട്ടിപ്പോയതോടെ തിരക്കൊഴിഞ്ഞ ബോണക്കാട്ടെ ബംഗ്ലാവ്  കൂടുതല്‍ വിജനമാവുകയായിരുന്നു.

ആദ്യമായാണ് ഞാന്‍ ബോണക്കാട് പോവുന്നത് കൂടെ ആത്മമിത്രങ്ങളായ രാജീവ് രാമചന്ദ്രനും,ശരത്തും,ശരത്തിന്റെ രണ്ട് സുഹൃത്തുക്കളും ഞങ്ങള്‍ ബൈക്കെടുത്ത് നേരെ ബോണക്കാടിനു വിട്ടു. വഴിയിലുള്ള ഫോറസ്റ്റ് ചെക്ക് പോസ്റ്റില്‍ ഉള്‍പെടെ കയറ്റി വിടാന്‍ സഹായിച്ചതും ബംഗ്‌ളാവില്‍ കൊണ്ടു പോയതുമെല്ലാം ബംഗ്‌ളാവിലെ മുന്‍ കുക്കിന്‍റെ  മകന്‍ കൂടിയായ പ്രിന്‍സാണ്.  ചെക്ക് പോസ്റ്റ് കഴിഞ്ഞ് 12 കിലോമീറ്ററോളം സാമാന്യം നല്ല കാട്ടില്‍ കൂടി തന്നെയാണ് യാത്ര. ഒരു മുന്നറിയിപ്പുമില്ലാതെ കാട് അവസാനിക്കുന്നിടത്ത് ബോണക്കാട് എസ്റ്റേറ്റ് തുടങ്ങുകയാണ്.

ഇച്ഛാശക്തിയുടെ പായ്ക്കപ്പലേറി വന്ന വെള്ളക്കാര്‍ 150 വര്‍ഷം മുന്‍പ് ഇവിടെ അഗസ്ത്യ മലയുടെ താഴ്വാരത്തിലും എത്തിച്ചേര്‍ന്നു. അവന്റെ തണുത്ത ജീവിതത്തിനു ചൂടു പകരാന്‍ കാടു വെട്ടിത്തെളിച്ച് തേയിലച്ചെടികള്‍ നട്ടു. ആ തോട്ടങ്ങളില്‍ അട്ട കടിയുമേറ്റ് ആയിരങ്ങള്‍ പണിയെടുത്തു വളര്‍ത്തിയെടുത്തതാണീ കാണുന്ന 2500 ഏക്കര്‍ വരുന്ന ബോണക്കാട് എസ്സേറ്റ്. പക്ഷേ ഇവരുടെ അധ്വാനമത്രയും പാഴായിരുന്നു എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ തകര്‍ച്ചയിലാണ് ഇന്ന് എസ്റ്റേറ്റിന്റെ അവസ്ഥ. തോട്ടങ്ങള്‍ കാടു പിടിച്ചു കിടക്കുന്നു. തൊഴിലാളികള്‍ താമസിച്ചിരുന്ന ലയങ്ങളൊക്കെയും ജീര്‍ണ്ണാവസ്ഥയിലാണ്. ചില ലയങ്ങളിലൊക്കെ താമസക്കാരുമുണ്ട്. സുവര്‍ണ്ണ കാലത്ത് 2000 ല്‍ അധികം പേര്‍ താമസിച്ചിരുന്ന ഇവിടെ ഇപ്പോഴുള്ളത് നൂറില്‍ താഴെ ആള്‍ക്കാര്‍ മാത്രം. ഇവരില്‍ തന്നെ സ്ഥിര താമസക്കാര്‍ വിരരിലെണ്ണാവുന്നവര്‍ മാത്രം.

പത്തിരുപത് വര്‍ഷം മുന്‍പ് തൊഴിലാളി സമരത്തെ തുടര്‍ന്ന് തോട്ടവും ഫാക്ടറിയും  പൂട്ടിപ്പോയെങ്കിലും മാനേജ്‌മെന്റ് നഷ്ട പരിഹാരവും ആനുകൂല്യങ്ങളും നല്‍കുമെന്ന പ്രതീക്ഷയാണ് ചിലരെയെങ്കിലും ഇവിടെ പിടിച്ചു നിര്‍ത്തുന്നത്. ഓണ നാളുകളിലും പട്ടിണി കിടക്കേണ്ടി വരുന്ന ബോണക്കാട്ടുകാരുടെ അവസ്ഥ നമുക്ക് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമാണ്. ഇവര്‍ കൂടി കൈയ്യൊഴിഞ്ഞിരുന്നെങ്കില്‍ അക്ഷരാര്‍ത്ഥത്തില്‍ ഇതൊരു പ്രേത ഗ്രാമമായി മാറിയേനെ. ബോണക്കാട് ടാര്‍ റോഡ് അവസാനിക്കുകയാണ്., ബംഗ്‌ളാവിന്റെ അടയായാളം പറഞ്ഞിരിക്കുന്നത് ബംഗ്‌ളാവിന്റെ പരിസരത്ത് മാനം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന ക്രിസ്മസ് മരമാണ്. വണ്ടി നിര്‍ത്തി ചുറ്റും വീക്ഷിച്ചു. ദൂരെ മലയുടെ ഉച്ചിയില്‍ കാടിനു നടുവില്‍ സ്തൂപം പോലെ ക്രിസ്മസ് ട്രീ കാണാനായി, എന്നാല്‍ അതിന്റെ അടുത്ത് ഒരു ബംഗ്‌ളാവ് ഉള്ളതിന്റെ ലക്ഷണങ്ങള്‍ കാണാനുമില്ല

രണ്ടും കല്‍പ്പിച്ച് മലയിലേക്ക് കയറി പോകുന്ന മണ്‍ റോഡിലേക്ക് വണ്ടി തിരിച്ചു. ആദ്യത്തെ കുറച്ചു ദൂരം ഇടിഞ്ഞു പൊളിഞ്ഞ ലയങ്ങളൊക്കെ കാണാമെങ്കിലും പിന്നീടങ്ങോട്ട് തീര്‍ത്തും വിജനമാണ് വഴി.വെട്ടിയൊതുക്കാത്ത തേയിലച്ചെടികള്‍ റോഡിലേക്ക് വളര്‍ന്ന് യാത്രാ തടസ്സം സൃഷ്ടിക്കുന്നു. മുകളിലേക്ക് പോകും തോറും വഴി മോശമായി വരുന്നു. വണ്ടിയുടെ ക്‌ളച്ച് താങ്ങി  കരിയുന്ന മണം വന്നു തുടങ്ങി..  ഒടുവില്‍ ഞങ്ങള്‍ ബംഗ്ലാവില്‍ എത്തിപ്പെട്ടു. പ്രേത ബംഗളാവ് എന്നൊക്കെയാണ് പേരെങ്കിലും അകത്തു കയറിയാല്‍ എത്തിപ്പെട്ടത് ഒരു പബ്‌ളിക് ടോയ്‌ലറ്റിലാണോ എന്നു സംശയിക്കും വിധം കെങ്കേമമാണ് ചുവരിലെ കലാപരിപാടികള്‍. പുളിച്ച നാടന്‍ തെറി മുതല്‍ പ്രേതത്തിന് ഒരു രാത്രിക്ക് എത്ര റേറ്റ് വരും എന്ന ചോദ്യം വരെയുണ്ട് കൂട്ടത്തില്‍. പ്രേതക്കോട്ടയാണെങ്കിലും പത്മനാഭപുരം കൊട്ടാരമാണെങ്കിലും മലയാളികളുടെ മനോഭാവം ഒന്നു തന്നെ.

സ്വീകരണ മുറിയിലും കിടപ്പു മുറിയിലും തീ കാഞ്ഞ് തണുപ്പകറ്റാനുള്ള നെരിപ്പോട്.  തറ ഒരുക്കിയിരിക്കുന്നത് പരുക്കന്‍ മൊസേക്ക് കൊണ്ട്. വിശാലമായ നാലു മുറികളും ബാത്ത് ടബ്ബ് ഉള്‍പ്പടെയുള്ള കുളിമുറികളും ആകെക്കൂടെഒരു ആഢംബര മയം. അളവു കണക്കുകളും നിര്‍മ്മാണ രീതിയും വച്ച് ഈ ബംഗളാവിന് കൊളോണിയല്‍ ബംഗളാവുകളേക്കാള്‍ ആധുനിക വീടുകളോടാണ് സാമ്യം കൂടുതല്‍. തനി കൊളോണിയല്‍ രീതിയില്‍ നിര്‍മ്മിച്ച മറ്റൊരു ബംഗളാവു കൂടി ബോണക്കാടുണ്ട്. അകമെല്ലാം ചുറ്റിക്കണ്ട ശേഷം പുറത്തിറങ്ങി.

മുറ്റത്തു നിന്നു നോക്കിയാല്‍ ദൂരെ പേപ്പാറ റിസര്‍വോയര്‍ കാണാം. ബംഗളാവിന്റെ വശത്ത് കറ്റാടി മരവും ദേവദാരു മരവും ക്രിസ്മസ് ട്രീയും മാനം മുട്ടെ വളര്‍ന്നു നില്‍ക്കുന്നു. ഒരാള്‍ പിടിച്ചാല്‍ എത്താത്ത കനമുണ്ട് ഇവയുടെ അടി ഭാഗത്തിന്. ബംഗളാവിനെ ചുറ്റി കാട് വളര്‍ന്നു നില്‍ക്കുന്നു. ബംഗളാവിലെ ജോലിക്കാരുടേതെന്ന് തോന്നിപ്പിക്കുന്ന ലയങ്ങള്‍ കാട് വിഴുങ്ങിയിരിക്കുന്നു.  ഇവയ്ക്കിടയിലൂടെ ഒരു നടപ്പാത കാട്ടിലേക്ക് പോവുന്നു. കാട്ടിനുള്ളില്‍ അങ്ങിങ്ങായി  ഫലവൃക്ഷങ്ങളുണ്ട്.  കുറച്ച് അവക്കാഡോ പഴങ്ങള്‍ പറിക്കാമെന്ന ചിന്തയില്‍ ഞങ്ങള്‍ കാടിനുള്ളിലേക്കു കയറി.  ഒരു അമ്പത് മീറ്റര്‍ പോയിക്കാണും വലതു വശത്ത് എന്റെ തൊട്ടടുത്തായി കരിയില ഞെരിയുന്ന ശബ്ദവും മൃഗങ്ങളുടെ മാതിരി ഒരു മുരള്‍ച്ചയും കേട്ടു.  ശേഖരിച്ച പഴങ്ങള്‍ വഴിയിലുപേക്ഷിച്ച് തിരിഞ്ഞോടി തിരികെ ഞങ്ങള്‍ ബംഗ്ലാവിലെത്തി.  സന്ധ്യ ആകുംവരെ അവിടോയൊക്കെ    ചുറ്റി നടന്നു.

ബംഗ്ലാവും  പരിസരവും പകല്‍ ശാന്തവും ഒരു ടൂറിസ്റ്റ് സ്‌പോട്ട് പോലെ സുന്ദരവുമാണ്,  എന്നാല്‍ സന്ധ്യയാവുമ്പോള്‍ ചിത്രം മാറുകയായി, സന്ധ്യയാവാന്‍ കാത്തുനില്ക്കാതെ കുറെ തേയില കൊളുന്തുകള്‍നുള്ളി കുറേ പേരയ്ക്കയും പറിച്ച്,നല്ലൊരു കുളിയും പാസാക്കി ഞങ്ങള്‍ ബോണക്കാടിനോട് വിടപറഞ്ഞു.. ബൈക്കുകളുടെ മുരള്‍ച്ച ദൂരേക്ക്‌ അകലുമ്പോള്‍ ഞങ്ങളെ നോക്കിയൊരാള്‍ അവിടെ നില്‍പ്പുണ്ടാകുമോ ??

വരികളും ചിത്രങ്ങളും – #മകേഷ് കെ ആര്‍

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply