പാൻഗോംഗ് ; സ്വർഗ്ഗത്തിലെ നീലത്തടാകത്തിലേക്ക് ഒരു യാത്ര…

യാത്രാവിവരണം – ബിജു കുമാർ.

യാത്ര പുറപ്പെടും മുൻപേ കേട്ടിരുന്നു ചൈനയും ഇന്ത്യയും പങ്കിടുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഉപ്പു ജല തടാകം. സമുദ്ര നിരപ്പിൽ നിന്നും 14490 അടി (4420 മീറ്റർ) ഉയരത്തിൽ 604 ചതുരശ്ര കിലോമീറ്റര് ചുറ്റളവിൽ ( 135 കിലോമീറ്റര് നീളവും 5 കിലോമീറ്റര് വീതിയും) 100 മീറ്റർ ആഴവും ഈ തടാകത്തിന്റെ 60 % ഭാഗവും ചൈനയിൽ ആണ് തണുപ്പ് കാലത്ത് ജലം മുഴുവനായും ഐസ് ആയി മാറും. തണുപ്പിനെ അതിജീവിക്കാൻ കഴിയാത്തതിനാൽ ജീവജാലങ്ങൾ ഒന്നും തന്നെ ഇല്ല.

‘ലെ’യിൽ നിന്നും 150 കിലോമീറ്റര് അകലെയാണ് ഈ വിസ്മയ കാഴ്ച. മതിയായ യാത്ര രേഖകൾ ( ഇന്ത്യക്കാർക്കുള്ള ഇൻലാൻഡ് പെർമിറ്റ്) തിരിച്ചറിയൽ കാർഡും ഉണ്ടെങ്കിൽ മാത്രമേ ഇവിടെ നിന്നും ഇങ്ങോട്ടും യാത്ര ചെയ്യാൻ കഴിയൂ. ആലു പൊറോട്ടയും അച്ചാറും പൊതിഞ്ഞെടുത്ത് കാലത്ത് ആറുമണിക്ക് മുൻപ് തന്നെ ഗൈഡിനൊപ്പം പുറത്തിറങ്ങി. ലേയിൽ നിന്നും മണാലി ഹൈവേയിലൂടെ 35 കിലോമീറ്റർ യാത്ര ചെയ്ത് കാരു (KARU) എന്ന ചെറുപട്ടണത്തിൽ എത്തി. അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞാണ് തടാകത്തിലേക്ക് പൊയ്‌ക്കേണ്ടത്. കുറച്ചു ദൂരം മുന്നോട്ടു പോകുമ്പോൾ 1645 ൽ സ്ഥാപിച്ച ചെംടെ (CHEMDEY) ബുദ്ധ വിഹാരം കാണാവുന്നതാണ്. നൂറിൽ ഏറെ ലാമമാർ ഇവിടെ താമസിക്കുന്നുണ്ട്. തൊട്ടടുത്ത സ്ഥലമായ ശക്തി (SAKTI) വില്ലേജിൽ ഏതാണ്ട് 5184 മി ഉയരത്തിൽ ഒരു ബുദ്ധ വിഹാരമുണ്ട്. തുടർന്നുള്ള ചെങ്കുത്തായ കയറ്റം കയറുമ്പോൾ അങ്ങ് ദൂരെ ആയി ചാംഗ്‌ല പാസ് (CHANGLA PASS) മഞുമൂടി കിടക്കുന്നത് കാണാൻ കഴിയും.

17688 അടി (5320 മി ) ഉയരത്തിലുള്ള വാഹന ഗതാഗത യോഗ്യമായ ചാംഗ്‌ല പാസ് ഉയരത്തിന്റെ കാര്യത്തിൽ ലോകത്തിൽ മൂന്നാം സ്ഥാനത്താണ്. ദുർഘടമായ പാതകൾ പിന്നിട്ട ചാംഗ്‌ല പാസ് ൽ എത്തുന്നതിനു മുൻപുള്ള ശക്തി വില്ലേജിന്റെ ദൂര കാഴ്ച വാക്കുകൾക്കതീതമാണ്. ചാംഗ്‌ല പാസിൽ ഇന്ത്യൻ ആർമിയുടെ കീഴിലുള്ള ഡി.ആർ.ഡി ഓ (Defence Reaserach and Development Organization) ന്റെ ഒരു റിസേർച് സെന്റർ 2015 മുതൽ പ്രവർത്തിക്കുന്നുണ്ട്. ഇത് ലോകത്തിന്റെ ഏറ്റവും ഉയരം കൂടിയ സ്ഥലത്താണുള്ളത്. The center is for the Research and development work in frontal areas of food and agricultural and bio-medical science for well being of the soliders deployed in high altitude cold desert. ലേയിൽ നിന്ന് 75 കി മി അകലെ സ്ഥിതി ചെയ്യുന്ന സെന്റർ കൊടും ശൈത്യത്തിൽ താപനില – 40 ഡിഗ്രി സെന്റിഗ്രേഡ് വരെ താഴാറുണ്ട്.

ഇവിടെ നിന്നും ചെങ്കുത്തായ ഇറക്കമാണ്. മഞുമൂടിയ ദുർഘടമായ വഴികൾ. തടാകത്തിൽ എത്തുന്നതിനു മുൻപ് DURBUK and TANGSTE എന്നീ രണ്ടു ചെറു പട്ടണങ്ങൾ ഉണ്ട്. TANGSTE ആണ് താരതമ്യേന വലുത്. ഇന്ത്യൻ ആർമിയുടെ ഒരു വലിയ യൂണിറ്റും ഇവിടെ കാണാൻ കഴിഞ്ഞു. വരിവരിയായി നീളുന്ന പട്ടാള ട്രക്കുകളും വാഹനങ്ങളും ഇവിടത്തെ ഒരു സാധാരണ കാഴ്ചയാണ്. ചെമ്മരിയാട്ടിൻ പറ്റങ്ങളെയും യാക്കുകളെയും മേയ്ക്കുന്ന നാടോടികളെയും
അപൂർവമായി കണ്ടിരുന്നു.

ഒടുവിൽ 12 മണിയോടെ പ്രകൃതിയുടെ അത്ഭുത കാഴ്ചയായ തടാക കരയിലേക്ക്. കറുത്ത നിറത്തിലുള്ള കഴുത്തോട് കൂടിയ ഒരു തരം കൊക്കുകളും അരയന്നം എന്ന് വിളിക്കാവുന്ന ഒരിനം പക്ഷികളും മാത്രമാണിവിടെ കാണാൻ കഴിഞ്ഞ ജീവികൾ. സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒരു ദൃശ്യ വിസ്മയം ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. ഉച്ചയായിട്ടും തണുപ്പിനൊരു കുറവും ഇല്ല. അടിത്തട്ട് വരെ കാണാവുന്ന സ്‌ഫടികം പോലെ തെളിഞ്ഞ ജലം. ആരാധനാലയം പോലെ പരിപാവനമായാണ് ഈ തടാകത്തെ കാണുന്നത്. അതിനാൽ തടാകത്തിൽ ആരും ഇറങ്ങുകയോ കുളിക്കുകയോ കാൽ നനക്കുകയോ പോലും ചെയ്യാറില്ല.

ദിൽസേ, ത്രീ ഇഡിയറ്റസ് തുടങ്ങി അപൂർവം ചില സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. സഞ്ചാരികൾക്കായി യാക്കിന്റെ പുറത്തിരുന്ന് പരമ്പരാഗതമായ ലഡാക് വസ്ത്രധാരണങ്ങളുടെ ചിത്രങ്ങൾ എടുക്കാനും, ത്രീ ഇഡിയറ്റസ് എന്ന സിനിമയിലെ മഞ്ഞ സ്‌കൂട്ടറിന്റെ മുകളിൽ ഇരുന്ന് ചിത്രങ്ങൾ എടുക്കുവാനും സൗകര്യമൊരുക്കിയിട്ടുണ്ട്. തടാകത്തിന്റെ നിറം ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുന്നു. തടാകത്തിന്റെ ആഴം വെയിലിന്റെ സാന്നിദ്ധ്യം എന്നിവയാണത്രെ ഈ നിറം മാറ്റത്തിന്റെ കാരണം. പച്ച , നീല, പർപ്പിൾ, പേരറിയാത്ത എത്രയോ വർണ്ണങ്ങൾ. പ്രകൃതി എന്ന ചിത്രകാരൻ ചാലിക്കുന്ന നിറക്കൂട്ടുകൾ വാക്കുകളിലേക്ക് പകർത്താനാകുന്നില്ല. കണ്ണ് നിറയെ ഉള്ള് നിറയെ ആസ്വദിച്ചു. ഒരു ആയുഷ്കാലത്തിൽ ഒരുപക്ഷെ ഒരിക്കൽ മാത്രം കാണാൻ കഴിയുന്ന അപൂർവ ദൃശ്യ വിസ്മയമായിരുന്നു എനിക്ക് പാൻഗോംഗ് തടാകം.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply