ശരിക്കും എന്താണ് ഹിമാലയം ? ഹിമാലയം ഉണ്ടായത് എങ്ങനെ? നിങ്ങളറിയേണ്ടവ…

ഏവർക്കും ഉപകാരപ്രദമായ രീതിയിൽ ഈ ലേഖനം തയ്യാറാക്കിയത് – ഗീതു മോഹൻദാസ്.

ഹിമാലയത്തിൽ പോകാൻ എന്താണ് ചെയ്യേണ്ടത്?? ഞാൻ കഴിഞ്ഞ ദിവസം ഹിമാലയത്തിൽ പോയി തിരിച്ചെത്തി. ഹിമാലയത്തിലേക്ക് ട്രെക്കിങ്ങ് ഉണ്ടോ? പൈസ ഇല്ലാതെ എങ്ങനെ ഹിമാലയത്തിലേക്ക് പോകാം?? ഹിമാലയം ഹിമാലയം ഹിമാലയം !!! സഞ്ചാരികൾ ആയ നമ്മൾ ഈ ഇടയായി ഏറ്റവും അധികം കേൾക്കുന്ന വാക്കാണ് ഹിമാലയം, പിന്നെ ഹിമാലയത്തിലേക്കുള്ള യാത്ര..

ശരിക്കും എന്താണ് ഹിമാലയം ? പത്തോ പതിനഞ്ചോ ദിവസം , അല്ലെങ്കിൽ വേണ്ട ഒരു മാസം കൊണ്ട് കണ്ടുതീർക്കാവുന്ന ഒന്നാണോ ഹിമാലയം?? യാത്രകളെ സ്നേഹിക്കുന്ന നമ്മൾ എല്ലാവരും, പ്രത്യേകിച്ച് ഹിമാലയൻ യാത്ര ആഗ്രഹിക്കുന്നവർ പോകുന്ന റൂട്ടിനും അപ്പുറം അറിഞ്ഞിരിക്കേണ്ട “മഹാ പ്രസ്ഥാനം” ആണ് ഹിമാലയൻ മലനിരകൾ. ഹിമാലയത്തിലേക്ക് ട്രെക്കിങ്ങിനു കൊണ്ട് പോകുന്നുണ്ടോ എന്ന പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ഒരു പാട് ഫോൺ വിളികൾ വന്നപ്പോളാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടണം എന്ന് കരുതിയത്.

ഹിമാലയം ഒരു മലയല്ല. . അത് മലനിരകൾ ആണ്.. ഏഷ്യയിലെ ആറു രാജ്യങ്ങളിൽ ആയി പടർന്നു പന്തലിച്ചു അങ്ങനെ കിടക്കുകയാണ് നമ്മുടെ ഹിമവാൻ . ഏതൊക്കെ രാജ്യങ്ങൾ ആണ് എന്നറിയണ്ടേ ? ഭൂട്ടാൻ, ചൈന, നേപ്പാൾ, ഇന്ത്യ, പാകിസ്ഥാൻ പിന്നെ അഫ്ഘാനിസ്ഥാൻ !! ഇനി പ്രായത്തിൽ ഒരു കൗമാരക്കാരൻ ആണ് നമ്മുടെ ഹിമാലയൻ മലനിരകൾ . പശ്ചിമഘട്ടം രൂപപ്പെട്ടതിനു ശേഷം 10 കോടി വർഷങ്ങൾ എങ്കിലും കഴിഞ്ഞാണ് ഹിമാലയം ഉണ്ടാകുന്നത്.

ഇനി കുറച്ചു ഭൗമ ചരിത്രം കൂടി, പണ്ട് നമ്മൾ എല്ലാവരും സ്കൂളിൽ പഠിച്ചിട്ടുണ്ടെങ്കിലും തിരക്കിനിടയിലോ മറ്റോ മറന്നു പോയതാകാം, സഞ്ചാരികൾ ഏറ്റവും ആരാധിക്കുന്ന ഹിമാലയൻ മലനിരകളുടെ ജനനം. കുറച്ചു ഡീറ്റൈൽഡ് ആയെ ഇതു പറയാൻ പറ്റു, ബോർ അടിച്ചേക്കാം എന്നാലും പറയാതിരിക്കാൻ പറ്റില്ല. ഹിമാലയത്തിന്റെ ജനനം അറിയാൻ ആഗ്രഹിക്കുന്നവർ ഇന്ന് ഭൂമുഖത്തുനിന്നും മാഞ്ഞുപോയ ടെത്തീസ് കടൽ എന്താണ്, എവിടെ ആയിരുന്നു എന്നെല്ലാം അറിയണം , ഇന്തോ-ആസ്ത്രേലിയൻ ഭൂഫലകം, യൂറേഷ്യൻ ഭൂഫലകം എന്താണെന്നു കുറച്ചെങ്കിലും അറിയണം, ഇവർ തമ്മിൽ ഉണ്ടായ കൂട്ടിയിടിയുടെ മനോഹരമായ കഥ അറിയണം.. ണം… ണം… ണം

ഇനി നമുക്ക് പോകാം 100 ദശലക്ഷം വര്ഷങ്ങള്ക്കു പിന്നിലേക്ക്… ഇന്ന് കാണുന്ന 7 ഭൂഖണ്ഡങ്ങൾക്കു മുൻപേ, ഒരു കടലും ഒരൊറ്റ കരയും ആയിരുന്ന കാലം ഉണ്ടായിരുന്നു, പാൻജിയ എന്ന വലിയ കരയും പാൻതലാസ എന്ന മഹാ സമുദ്രവും ആ കഥ ഇവിടെ പറയുന്നില്ല, പിന്നെ പാൻജിയ രണ്ടായി പിളര്ന്നു ഗോണ്ട്വാനാലാൻഡ് ഉം ലോറേഷ്യയും ആയി, തിളച്ചു മറിഞ്ഞു ഉരുകി ഒലിച്ച ഭൂമി അതിന്റെ ഏറ്റവും വലിയ unstable ഘട്ടത്തിലൂടെ കടന്നു പോയ സമയം… ഗോഡ്വാന ലാൻഡ് പിളർന്നു!!!! ഈ പിളർച്ചയിൽ നിന്നുണ്ടായ ഇൻഡോ ഓസ്‌ട്രേലിയൻ ഭൂഫലകം ഭൂമിയുടെ തെക്കു ഭാഗത്തു നിന്നും ഒരു യാത്ര ആരംഭിച്ചു , പതുക്കെ പതുക്കെ, കോടി കോടി വർഷങ്ങൾ എടുത്ത ആ യാത്രയിൽയുടെ ഒടുക്കം ഇന്ന് നമ്മൾ കാണുന്ന ഹിമവാൻ രൂപം കൊണ്ടു.

ഇതു വെറും ഇൻട്രോ!!!!! ഇൻഡോ ഓസ്‌ട്രേലിയൻ ഭൂഫലകത്തിന്റെ യാത്രയുടെ കഥ ഇവിടെ തുടങ്ങുകയാണ്. ഹിമാലയൻ യാത്രകൾ ഇഷ്ടപെടുന്നവർ, ഹിമാലയത്തിൽ പോയി എന്ന് പറയുന്നവർ, തെറ്റു തിരുത്തി ഹിമാലയൻ മലനിരകളുടെ ഈ ഒരു ഭാഗത്തു പോയി എന്ന രീതിയിൽ പറയാനുള്ള അറിവ് ഉണ്ടാക്കണം.. അല്ലെങ്കിൽ വളർന്നു വരുന്ന ഒരു തലമുറ കരുതും, മുകളിൽകയറി ഇറങ്ങി വരൻ പറ്റുന്ന ഒരു മലയാണ് ഹിമാലയം എന്ന്.

ഹിമാലയം ജനിക്കുന്നു!!!! 200 ദശലക്ഷം വര്ഷങ്ങള്ക്കു പിന്നിലൂടെ ഒരു യാത്ര.. #himalaya_stories.

200 ദശലക്ഷം വര്ഷങ്ങള്ക്കു മുൻപ് തുടങ്ങിയ ഒരുവലിയ യാത്ര.. 6000 കിലോമീറ്ററുകൾ താണ്ടി, ഇൻഡോ- ഓസ്‌ട്രേലിയൻ ഫലകം സഞ്ചരിച്ച ആയാത്രയുടെ അവസാനം ഓരോ യാത്രികരും, ശാസ്ത്രലോകവും, സാഹസികരുംഅത്ഭുതത്തോടെ, ആരാധനയോടെനോക്കികാണുന്ന ഹിമാലയൻ മലനിരകൾ രൂപംകൊണ്ടു. ഹിമാലയ മലനിരകൾ രൂപം കൊണ്ടപ്പോൾ ഭൂമിയിൽനിന്നും മൺമറഞ്ഞ ഒരു കടലുണ്ട്, തേതിസ്(Tethys) കടൽ. ഇൻഡോ_ ഓസ്‌ട്രേലിയൻഫലകത്തിന്റെയും യുറേഷ്യയുടെയും ഇടയിൽ, പലനദികളിൽ നിന്നും മണ്ണും കല്ലും നിറഞ്ഞഅവസാധങ്ങൾ വഹിച്ചു മനോഹരമായ തിരകൾഅടിച്ച തേതിസ് (Tethys).. 50 ദശലക്ഷംവര്ഷങ്ങള്ക്കു മുൻപ് തേതിസ് (Tethys) കടലിനുഎന്താണ് സംഭവിച്ചിട്ടുണ്ടാകുക ?? ആ കഥ ഇവിടെതുടങ്ങുന്നു.

കഥയിലേക്ക് പോകുന്നതിനു മുൻപേ ചിലബേസിക്സ്.. സ്കൂളിൽ പഠിച്ചു ബോർ അടിച്ചടോപ്പിക്ക് ആണെങ്കിലും, ഇതു പറയാതെ മുന്നോട്ടുപോകുക അസാഥ്യം ആണ്. യാത്രകൾഇഷ്ടപെടുന്ന നമ്മൾ ഗ്ലോബിൽ ഇന്ത്യയുടെ സ്ഥാനംഎവിടെ എന്ന് നോക്കിയിട്ടുണ്ടോ ??? ഭൂമിയെരണ്ടായി വിഭജിക്കുന്ന ഭൂമധ്യ രേഖക്കു മുകളിൽ, അതായത് ഭൂമിയുടെ ഉത്തരാർത്ഥ ഗോളത്തിൽ, കുറച്ചു കിഴക്കോട്ടു മാറി, കണ്ടോ?? ഗൂഗിളിൽഗ്ലോബ് എടുത്തു ഒന്ന് നോക്കു. ഇനി നമുക്ക് യാത്ര തുടങ്ങാം, എല്ലാവരും 200 ദശലക്ഷം വര്ഷം പുറകോട്ടു പോകാൻതയ്യാറായിക്കോളു, എ ടൈം ട്രാവൽ !!! ഇപ്പോൾനമ്മൾ നില്കുന്നത് ഭൂമിയുടെ ഉത്തരാർത്ഥഗോളത്തിൽ അല്ല.. ദക്ഷിണാർത്ഥ ഗോളത്തിൽ..അങ്ങ് അന്റാർട്ടിക്കയുടെ അടുത്ത്.. ആഫ്രിക്കയോട് ചേർന്ന്.. ഗോഡ്വാനലാൻഡ്!!!!

ഇന്നത്തെ ഇന്ത്യയും, ആഫ്രിക്കയും, സൗത്ത്അമേരിക്കയും, അന്റാർട്ടികയും, അറേബിയ, ഓസ്ട്രട്രേലിയയും ചേർന്ന ഒരു വലിയ ഭൂഖണ്ഡം . അന്റാർട്ടിക്ക ഇന്ന് തണുത്തുറഞ്ഞ മഞ്ഞു പ്രദേശംആണ്‌. എന്നാൽ നമ്മൾ ഇപ്പോൾ നിൽക്കുന്നഗോഡ്വാന ലാൻഡ് അങ്ങനെ ആണ് എന്ന്കരുതണ്ട. ഇന്നുള്ള ഭൂമിയെക്കാൾ ചുട്ടുപഴുത്തഅവസ്ഥ. ദിനോസറുകൾ ഗോഡ്വാന ലാൻഡ്അടക്കിവാണ കാലം..എവിടെയും സമൃദ്ധമായമഴക്കാടുകൾ.. ജുറാസിക് പാർക്ക് സിനിമഓര്മവരുന്നുണ്ടോ ??? ഈ കാലഘട്ടം ആണ്ജുറാസിക് കാലം എന്ന് സ്കൂളിൽ പഠിച്ചത്.

ഭൂമി അതിന്റെ ഏറ്റവും അൺസ്റ്റേബിൾഅവസ്ഥയിലൂടെ കടന്നു പോകുന്ന സമയം. ഭൂമിക്കുള്ളിൽ തിളച്ചു മറിയുന്ന മാഗ്മ, പൊട്ടിതെറിക്കുന്ന അഗ്നിപർവതങ്ങൾ, ചുട്ടുപഴുത്തഭൂമി, എവിടെയും ഭൂമികുലുക്കങ്ങൾ, അവസാനംഗോഡ്വാന ലാൻഡ് പിളർന്നു. 80 ദശലക്ഷംവർഷങ്ങൾക്കു ശേഷം , 140 ദശലക്ഷം വര്ഷംമുൻപ് നമ്മൾ നിൽകുമ്പോൾ ആഫ്രിക്കയും, സൗത്ത് അമേരിക്കയും ഗോഡ്വാന ലാൻഡിൽനിന്നും അകന്നകന്നു പോയി.. അവർക്കിടയിലൂടെ കടൽ വെള്ളം ഇരച്ചുകയറി, ഇന്ന് കാണുന്ന സൗത്ത്അറ്റ്ലാന്റിക് സമുദ്രം രൂപപ്പെട്ടു..

യാത്രപ്രിയനായ ഒരു ശാസ്ത്രജ്ഞൻ, Alfred Wegener , ഒരിക്കൽ മാപ്പിൽ നോക്കി കുറെ നേരംഅങ്ങനെ നിന്നു ..സൗത്ത് അമേരിക്കയെമുറിച്ചെടുത്തു ആഫ്രിക്കയോട് ചേർത്തു. ഒരുജിഗ്‌സോ പസിൽ പോലെ കൃതമായി ചേരുന്നഭാഗങ്ങൾ.. ആഫ്രിക്കയുടെ പടിഞ്ഞാറേ അതിരിലും, സൗത്ത് അമേരിക്കയുടെ കിഴക്കേ അതിരിലും ഉള്ളഫോസിലുകൾ തേടി യാത്രയും പഠനവുംഅവസാനം, അതുഭുതയോടെ അദ്ദേഹം ലോകത്തോട് വിളിച്ചു പറഞ്ഞു.. ഒരിക്കൽഒന്നായിരുന്ന രണ്ടു ഭൂഖണ്ഡങ്ങൾ ആയിരുന്നു ഇവയെന്ന്.

നമ്മൾ നിൽക്കുന്ന ഗോഡ്വാന ലാൻഡിൽബാക്കിയായി ഉള്ള ഇൻഡോ ഓസ്‌ട്രേലിയൻഭൂഖണ്ഡത്തിൽ നിന്നും മഡഗാസ്കർ പിളർന്നുനീങ്ങി. ആഫ്രിക്കയുടെ അരികിലേക്ക് യാത്രആരംഭിച്ചു.. ബാക്കിയായ ഇന്ത്യൻ-ഓസ്‌ട്രേലിയൻ- അന്റാർട്ടിക്കാൻ ഫലകത്തിൽനിന്നും ഇന്ത്യൻഫലകം അടർന്നു നീങ്ങി, പതിയെഉത്തരത്തഗോളം ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു… ഓസ്‌ട്രേലിയൻ-അന്റാർട്ടിക്കാൻ ഫലകം കുറേകാലംഒരുമിച്ചു നിന്നു. ഏകദേശം 45 ദശലക്ഷംവര്ഷങ്ങള്ക്കു മുൻപ്, ഓസ്‌ട്രേലിയഅന്റാർട്ടികയോടുള്ള സൗഹൃദം അവസാനിപ്പിച്ചുവടക് കിഴക്കു ലക്ഷ്യമാക്കി യാത്രതുടങ്ങി.. ഇന്നുംതുടർന്ന് കൊണ്ടിരിക്കുന്ന യാത്ര.. അന്റാർട്ടിക്ക..തണുത്തുറയാൻ തുടങ്ങി..

ഗോഡ്‌വാന ലാൻഡ് ചിന്നി ചിതറി… ഭൂമിയുടെദക്ഷിണാർത്ഥ ഗോളത്തിലും കിടന്നിരുന്ന ഇന്ത്യൻഫലകം.. ഉത്തരത്തഗോളം ലക്ഷ്യമാക്കി ഒരു വലിയയാത്ര ആരംഭിച്ചു.. 6000 km മുകളിൽ ദൂരം, അമ്പതു ദശലക്ഷം വര്ഷങ്ങളോളംനീണ്ടുനിൽക്കുന്ന യാത്ര.. അവസാനിച്ചത്സാഹസീകരുടെ, ഭക്തിയുടെ, ശാത്രജ്ഞരുടെപറുദീസയായ ഹിമാലയത്തിന്റെ ജനനത്തോടെ… എന്തുകൊണ്ടാണ് ഇന്ത്യൻ ഫലകം, ഉത്തരാത്തഗോളം ലക്ഷ്യമാക്കി യാത്ര ചെയ്തത്??? ഇന്ത്യൻഫലകത്തിനും യുറേഷ്യ ഫലകത്തിനും ഇടയിൽസമൃദ്ധി ആയി ഒഴുകി ഇരുന്ന ടെത്തിസ് കടൽഎവിടെ മറഞ്ഞു???? ഹിമാലയൻ മലനിരകൾവളർന്നു കൊണ്ടിരിക്കുന്നു എന്ന് പറയുന്നത് ശരിആണോ????

ഹിമാലയത്തിനു മുൻപേ ജനിച്ച ഡെക്കാൻ ട്രാപ്പ് !!!!!!

“ഭൂമിക്കുള്ളിൽ നിന്ന് ഒഴുകി എത്തിയ ബസാൾട്ടിക്‌ മാഗ്മയിൽ ഇന്ന് ലോകത്തിലെ ഓരോ സഞ്ചാരിയും അത്ഭുതത്തോടെ കാണുന്ന മനുഷ്യനിര്മിതികൾ സൃഷ്ഠിക്കപ്പെട്ടു.. മഹാരാഷ്ട്രയിലെ അജന്ത എല്ലോറ ക്ഷേത്രം.. ലോകം അത്ഭുതത്തോടെ നോക്കുന്ന മനുഷ്യനിർമിതി !!! “”

പാൻജിയയിൽ നിന്നും പൊട്ടിപിളർന്ന ഇന്ത്യൻ ഫലകം, ഓർക്കുക ഭൂമധ്യരേഖക്ക് താഴെ ദക്ഷിണാർദ്ധ ഗോളത്തിൽ ഓസ്‌ട്രേലിയയും അന്റാർട്ടിക്കയും ആയി കര പങ്കുവച്ചിരുന്ന ഇന്ത്യൻ ഫലകം ഉത്തരാർത്ഥ ഗോളം ലക്ഷ്യമാക്കി ആ വലിയ യാത്ര ആരംഭിച്ചു… 6000 km കൾക്ക് മുകളിൽ, ദശലക്ഷക്കണക്കിനു വർഷങ്ങൾ എടുത്ത ഈ നോർത്തേൺ ഡ്രിഫ്ട്ന്റെ ഫലം ആയി ഹിമാലയം മാത്രം അല്ലാതെ , ഇന്നത്തെ ഇന്ത്യയിലെ ചില പ്രധാനപ്പെട്ട ഭൂരൂപങ്ങളുടെ, അത് വഴി ചില സംസ്കാരങ്ങളുടെ, അതിലൂടെ ലോകപ്രശസ്തമായ ചില മനുഷ്യ നിർമിതിയുടെ രൂപീകരണത്തിന് കാരണം ആയി..

വടക്കു ലക്ഷ്യമാക്കിയ ആ യാത്രയുടെ സമയത്താണ് ഭൂമുഖത്തു ദിനോസറുകൾ വാണിരുന്നത്, വലിയ മഴക്കാടുകൾ, എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കുന്ന അഗ്നി പർവതങ്ങൾ, ഭൂമി വിണ്ടുകീറി പുറത്തെത്തുന്ന മാഗ്മ.. ജുറാസിക് പാർക്ക് ഫിലിം കണ്ടു അന്ന് രാത്രി കാണുന്ന സ്വപ്നം ഇല്ലേ.. നരകത്തെ കുറിച്ച് അമ്മുമ്മ പറഞ്ഞു തന്ന കഥകളും, ജുറാസിക് പാർക്ക് സിനിമയും ഒന്നിച്ചു വന്നാൽ എങ്ങനെ ഉണ്ടാകും.. അതായിരുന്നു ആ കാലഘട്ടം.

യൂറേഷ്യയുടെ ദിശയിൽ സഞ്ചരിച്ചുകൊണ്ടിരിന്നു ഇന്ത്യൻ ഫലകം.. പോകുന്ന വഴിയിൽ ഇന്നത്തെ ഇന്ത്യൻ മഹാ സമുദ്രത്തിനു മുകളിലെ, മഡഗാസ്കർ ദ്വീപിനു സമീപമായി കിടക്കുന്ന റീയൂണിയൻ ദ്വീപിനു (ഇന്ന് മനോഹരമായ ഒരു ടുറിസ്റ് ദ്വീപുകളിൽ ഒന്നാണ് റീയൂണിയൻ, ഗൂഗിൾ ചെയ്യാം ) താഴെയുള്ള, റീയൂണിയൻ ഹോട് സ്പോട്ടിനു മുകളിലൂടെ പോകുമ്പോൾ ഒന്ന് പ്രകമ്പനം കൊണ്ടു!!!!!!!

ഇന്ത്യയിൽ ഇന്ന് എത്ര അഗ്നി പർവതങ്ങൾ ഉണ്ട്???? psc ക്കു സാധാരണ ചോദിക്കുന്ന ചോദ്യം, ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹങ്ങളിലെ ബാരണ് ദ്വീപ് ആണ്, ഇന്ത്യയിലെ ആകെ ഉള്ള ഒരേ ഒരു അഗ്നിപർവതം.
എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ അഗ്നിപർവതങ്ങളാൽ നിർമിതമായ പ്രദേശം നമ്മൾ താമസിക്കുന്ന ഭാരത്തിൽ ആണെന്ന് യാത്രയെ ഇത്രയേറെ ഇഷ്ടപെടുന്ന നമ്മളിൽ എത്ര ആളുകൾക്ക് അറിയാം ??? ഡെക്കാൻട്രാപ്പ് , അതെ സംസ്‌കൃത ഭാഷയിലെ ദക്ഷിണം എന്ന വാക്കിൽ നിന്ന് ഡെക്കാനും , സ്കാന്ഡിനേവിയൻ വാക്കായ ട്രാപ്പാ (step like hill ) നിന്നും ഡെക്കാൻ ട്രാപ്.. മഹാരാഷ്ട്രയുടെ ഏതാണ്ട് മുഴുവൻ ഭാഗങ്ങളും, ഗുജറാത്ത്, കർണാടക മധ്യപ്രദേശ്, ആന്ധ്രാ പ്രദേശിന്റെ ചില ഭാഗങ്ങൾ..200 ദശലക്ഷം വര്ഷങ്ങള്ക്കു മുൻപ് റീയൂണിയൻ ഹോട് സ്പോട്ടിലൂടെ മുകളിലേക്ക് പ്രവഹിച്ച മാഗ്മ പതിനായിരക്കണക്കിന് വര്ഷങ്ങളോളം നിർത്താതെ ഒഴുകി.. ഭൂമികകത്തുനിന്നും ഒരുപാട് വിഷവാതകങ്ങൾ പുറത്തേക്കെത്തി.. ദിനോസറുകളുടെ നാശത്തിലേക്കു നയിച്ച സംഭവങ്ങളിൽ ഒന്നായി ഇതുകരുതപെടുന്നു. ആദ്യമെത്തിയ മാഗ്മ തണുത്തുറയുമ്പോളേക്കും മുകളിൽ അടുത്ത ലാവാ ഒഴുകി എത്തി. അങ്ങനെ ഒന്നിനുമുകളിൽ ഒന്നായി 6,500അടി ഉയരത്തിൽ, പല ലയറുകളായി ഒരു ഭൂപ്രദേശം രൂപം കൊണ്ടു.

ഭൂമിക്കുള്ളിൽ നിന്ന് ഒഴുകി എത്തിയ ബസാൾട്ടിക്‌ മാഗ്മയിൽ ഇന്ന് ലോകത്തിലെ ഓരോ സഞ്ചാരിയും അത്ഭുതത്തോടെ കാണുന്ന മനുഷ്യനിര്മിതികൾ സൃഷ്ഠിക്കപ്പെട്ടു.. മഹാരാഷ്ട്രയിലെ അജന്ത എല്ലോറ ക്ഷേത്രം.. ലോകം അത്ഭുതത്തോടെ നോക്കുന്ന മനുഷ്യനിർമിതി !!! മുബൈക്കടുത്തുള്ള എലിഫൻറ്റെ ദ്വീപുകളും അവിടെത്തെ പ്രശസ്‌തമായ 5 ഗുഹാ ക്ഷേത്രങ്ങൾ.. നോർത്ത് കർണാടകയിലെ ശില്പ കലയുടെ ഗുരുകുലം ആയ ഐഹോളെ, ബാദാമിയിലെ ഗുഹകൾ, ഹംപി എന്ന ലോക പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രം, ബേലൂർ ഹാലേബീട് ലെ കൊത്തുപണികൾ, ബീജാപൂരിലെ വിസ്മയങ്ങൾ, ബിദർ, ഔറങാബാദ്, മഹാരാഷ്ട്രയിലെ Matheran ഹിൽസ്, വെസ്റ്റിക്കോസ്ത് സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്ന ഓരോ സഞ്ചാരിയും കാണുന്ന പരുത്തികൃഷികാവശ്യമായ കറുത്ത മണ്ണ്, ഇതെല്ലാം നമ്മുടെ നാട്ടിലേക്കെത്താൻ കാരണം 60 ദശലക്ഷം വര്ഷങ്ങള്ക്കു മുൻപ് ഇന്ത്യൻ ഫലകം ഉത്തരത്തഗോളം ലക്ഷ്യമാക്കി നടത്തിയ ആ മഹാ യാത്രക്കിടയിലായിരുന്നു..

യുറേഷ്യയെ ലക്ഷ്യമാക്കി ഇന്ത്യൻ ഫലകം യാത്ര തുടരുകയാണ്… മനുഷ്യനെ അമ്പരപ്പിക്കുന്ന ശാസ്ത്ര സത്യങ്ങൾ ഒളിപ്പിച്ച മഹായാത്ര.. “യാത്രകൾ അറിവിനാകണം, ഓരോ ശാസ്ത്ര സത്യങ്ങളിലേക്കും ഉള്ള തിരിച്ചറിവ്”

ഹിമാലയം എന്ന കടൽ !!!!

ബുള്ളറ്റിൽ ഹിമാലയൻ മലനിരകൾ കീഴടക്കാൻ കൊതിക്കുന്നവർക്കും , ഓരോ മലനിരകളിലേക്കും പാസ്സുകളിലേക്കും ബുള്ളറ്റിലും ബസിലും കാൽനടയായും കയറി ഇറങ്ങിയവർക്കും അറിയുമോ 50 ദശലക്ഷം വര്ഷങ്ങള്ക്കു മുൻപേ കടലിന്റെ അടിത്തട്ടായിരുന്ന ഒരു സ്ഥലം ആണ് നിങ്ങൾ സഞ്ചരിക്കുന്നതെന്നു , അന്ന് കരയിൽ നിന്നും കടലിലേക്കെത്തിയ അവസാദങ്ങൾ നിറഞ്ഞതാണ് ഇന്ന് ഓരോ സഞ്ചാരിയും അത്ഭുതത്തോടെ കാണുന്ന, പോകാൻ കൊതിക്കുന്ന ഹിമാലയൻ മലനിരകൾ എന്ന് ??

അപ്പോൾ ആ കടൽ എവിടെ???? ഹിമായൻ മലനിരകൾക്കു ജന്മം കൊടുത്തപ്പോൾ വിസ്‌മൃതിയിലേക്കു ആണ്ടുപോയ ഒരു കടൽ ഉണ്ട്, ഇൻഡോ ഓസ്‌ട്രേലിയൻ ഫലകത്തിനും യുറേഷ്യൻ ഫലകത്തിനും ഇടയിൽ അലയടിച്ചുനിന്ന തെതീസ് കടൽ. പാൻജിയയിൽ നിന്നും പൊട്ടിപിളർന്ന ഇന്ത്യൻ ഫലകം ഉത്തരാർദ്ധ ഗോളം ലക്ഷ്യമാക്കി നടത്തിയ മഹായാത്രയുടെ അവസാനം , 50 ദശലക്ഷം വര്ഷങ്ങള്ക്കു മുൻപ്, ഇന്ത്യൻ ഫലകം യൂറേഷ്യൻ ഫലകവും ആയി കൂട്ടി ഇടിച്ചു!!! സാന്ദ്രതയിൽ കട്ടക്ക് നിൽക്കുന്ന രണ്ടു കരഭാഗങ്ങൾ.. ആരും ആർക്കും വിട്ടുകൊടിക്കില്ല എന്ന വാശി. കൂട്ടിയിടിയുടെ ആഘാതത്തിൽ തേത്തീസ് കടലിന്റെ ആഴങ്ങയിൽ അടിഞ്ഞുകൂടിയ അവസാദങ്ങൾ (സെഡിമെൻറ്സ് ) ഉയർന്നു പൊങ്ങി ലോകത്തിലെ ഏറ്റവും വലിയ മടക്കു പർവതം ആയ ഹിമാലയം രൂപംകൊണ്ടു, കൂടെ ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന ടിബറ്റൻ പീഠഭൂമിയും.

ഒരിക്കൽ കടലിനടിയിൽ അടിഞ്ഞു കൂടിയിരുന്ന അവസാദങ്ങൾ ഇന്ന് ലോകത്തിന്റെ നെറുകയിൽ. വിസ്‌മൃതിയിൽ ആണ്ടുപോയ ഒരു കടലിന്റെ വലിയ ചരിത്രം ലോകത്തോട് വിളിച്ചു പറയാനായി ഉയർന്നുവന്ന മലനിരകൾ. ടിബറ്റൻ തെറ്റിസ്‌ ഹിമാലയസ് എന്ന് ശാസ്ത്രം വിളിക്കുന്ന ഭാഗങ്ങൾ, ഇവിടെ നിന്നും ശാസ്ത്രഞ്ജർ കണ്ടെടുത്ത സമുദ്ര ജീവികളുടെ ഫോസിലുകൾ, അവസാദ ശിലകൾ എല്ലാം ഹിമാലയത്തിനു മുൻപേ അതിലൂടെ നിലനിന്ന തേതിസ് കടലിന്റെ കഥ പറയാൻ ചരിത്രം ബാക്കി വച്ചു.

ഉത്തരാർദ്ധ ഗോളം ലക്ഷ്യമാക്കിയ ഇന്ത്യൻ ഫലകത്തിന്റെ യാത്ര യൂറേഷ്യയോടുള്ള കൂട്ടിയിടിയോടെ അവസാനിച്ചോ??? ഇല്ല എന്ന് ശാസ്ത്രം തെളിവുകൾ നിരത്തി പറഞ്ഞുകൊണ്ടിരിക്കുന്നു, 2015 ഏപ്രിലിൽ ലോകത്തെ നടുക്കിയ നേപ്പാൾ ഭൂകമ്പം, ഇന്ത്യൻ ഫലകം യാത്ര തുടരുന്നു എന്നതിന് തെളിവുകൾ നമ്മുടെ മുന്നിലേക്ക് വയ്ക്കുന്നു . ഹിമാലയം ഒരു മല അല്ല. മലനിരകളുടെ ഒരു വലിയ സംഗമം.. ശിവാലിക് അഥവാ ഔട്ടർ ഹിമാലയ, ലെസ്സർ അല്ലെങ്കിൽ മിഡിൽ ഹിമാലയാസ് , ഗ്രേറ്റ് ഹിമാലയസ്, ട്രാൻസ് ഹിമാലയസ് , ഈസ്റേൺ ഹിൽസ് ഇതെല്ലാം ചേരുമ്പോൾ മാത്രമേ ഓരോ യാത്രികരുടെയും ഉറക്കം കെടുത്തുന്ന ഹിമാലയൻ മലനിരകൾ പൂർണമാകൂ.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply