കാറ്റ്+മഴ+കോട =മേഘമല ; ഒരു തകർപ്പൻ യാത്രയുടെ വിശേഷങ്ങൾ…

വിവരണം – Vysakh Kizheppattu.

സുഹൃത്ത് വിപിൻ ആണ് മേഘമലയെ പറ്റി പറയുന്നത്. തേനി ജില്ലയിൽ ആണ് ഈ പറഞ്ഞ സ്ഥലം. പറഞ്ഞിട്ട് കുറച്ചു നാളുകൾ ആയെങ്കിലും പോകാൻ സമയം കിട്ടിയത് കഴിഞ്ഞ ആഴ്ചയാണ്. വിപിയും സുഹൃത്തും കൂടി എന്റെ വീട്ടിൽ വന്നു അവിടെ നിന്ന് വണ്ടിയെടുത്ത് തൃശ്ശൂരിൽ നിന്ന് സുഭാഷേട്ടനെയും കൂട്ടിയാണ് യാത്ര തുടങ്ങിയത്. രാത്രി സമയം ആയതിനാൽ നല്ലപോലെ മഴയും ഉണ്ടായിരുന്നു. അതിനാൽ ഉദ്ദേശിച്ച സമയത്ത് ഉദ്ദേശിച്ച ദൂരം താണ്ടാൻ കഴിഞ്ഞില്ല. പാലാ നിന്ന് സുഹൃത്ത് ഹരി കൂടെ കൂടാം എന്ന് പറഞ്ഞതിനാൽ ആ വഴിയാണ് പോയത്. പക്ഷെ ഉറക്കത്തിന്റെ മാസ്മരിക ലോകത്തിൽ നിന്നും അവൻ വന്നില്ല. അതികം കാത്തു നിൽക്കാതെ നേരെ വിട്ടു കുമളി ലക്ഷ്യമാക്കി.

ഉറക്കത്തിന്റെ ശല്യം ഒഴിവാക്കാൻ ഇടക്ക് ഓരോ കട്ടനും എടുത്തു. ഒട്ടും ഉറങ്ങാതെയുള്ള യാത്ര അപകടം വരുത്തും എന്നുള്ള തിരിച്ചറിവിൽ നിന്ന് അല്പം സമയം വണ്ടിയിൽ കിടക്കാൻ വേണ്ടി നിർത്തിയിട്ടു. ഏകദേശം ഒരു മണിക്കൂർ ഉറങ്ങിയതിനു ശേഷമാണ് വീണ്ടും യാത്ര തുടങ്ങിയത്. കുമളി അടുക്കും തോറും തണുപ്പ് കൂടി വന്നു. പോരാത്തതിന് നല്ല മഴയും. തേനിയിലുള്ള സുഹൃത്തിന്റെ അടുത്ത് പോയി ഫ്രഷ് ആകാം എന്നാണ് ഉദ്ദേശിച്ചിരുന്നത്. പക്ഷെ കാലത്തു പലവട്ടം വിളിച്ചിട്ടും ഫോൺ കിട്ടാത്തതിനാൽ ആ ശ്രമം ഉപേക്ഷിച്ചു. പതിയെ കുമളി കടന്നു ചുരം ഇറങ്ങാൻ തുടങ്ങി. നല്ല കോട റോഡിലെ യാത്രയെ ചെറുതായി തടസപ്പെടുത്തുന്നുണ്ട്. റോഡിൻറെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത ആളുകളാണ് അവിടെ ഉള്ളത് എന്ന് പലവട്ടം തോന്നിയിട്ടുണ്ട്.

അതിർത്തി കടന്നതിനു ശേഷം നല്ല അടിപൊളി റോഡുകൾ. കമ്പത്തിനും തേനിക്കും ഇടയിൽ ആയാണ് മേഘമലയിലേക്കുള്ള വഴി എന്ന് മാത്രമേ ഞങ്ങൾക്കറിയൂ. അതിനാൽ കമ്പം എത്തി മുന്നിൽ കണ്ട മലയാളം ബോർഡ് വെച്ച ഹോട്ടലിൽ കയറി അന്വേഷിച്ചു. കൂട്ടത്തിൽ അടുത്തുള്ള ഹോട്ടലിനെ പറ്റിയും. അങ്ങനെയാണ് രണ്ടിനും നമ്മൾ എത്തേണ്ടത് ചിന്നമനുർ എന്ന സ്ഥലത്താണ് എന്ന്. കമ്പം നിന്നും അര മണിക്കൂർ യാത്രയുണ്ട് അവിടേക്ക്. ഇരുവശവും കാര്യമായി കെട്ടിടങ്ങൾ ഇല്ല. എല്ലാം കൃഷി സ്ഥലങ്ങൾ ആണ്. മുന്തിരി,വാഴ,തെങ്ങ് അങ്ങനെ പലതും ഉണ്ട്. ചിന്നമനുർ അടുക്കാറായപ്പോൾ ആണ് ഒരു ലോഡ്ജ് ശ്രദ്ധയിപ്പെട്ടത്. രണ്ടും കൽപ്പിച്ചു അവിടെ വണ്ടി നിർത്തി അന്വേഷിച്ചു. ആവശ്യം പറഞ്ഞപ്പോൾ നാലു പേർക്കും കൂടി 400 രൂപയാണ് വാങ്ങിച്ചത്. അങ്ങനെ പ്രഭാത കാര്യങ്ങൾ എല്ലാം വേഗത്തിൽ അവസാനിപ്പിച്ച് അവിടെ നിന്നിറങ്ങി. അവിടെ നിന്ന് വലത്തോട്ടാണ് മേഘമല. അവിടെ നിന്ന് ഏകദേശം 52 കിലോമീറ്റര് ദൂരം ഉണ്ട്. കയറ്റം ആണ് അതിൽ ഭൂരിഭാഗവും അതിനാൽ അവിടെ നിന്ന് പോകുന്നതിനു മുൻപ് ഇന്ധനം നിറക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ പണി കിട്ടാൻ സാധ്യത ഉണ്ട്. അടിപൊളി റോഡുകൾ ആണ്. വീതി അല്പം കുറവാണെങ്കിലും വേറെ ഒരു കുറ്റവും ഇല്ല. ഇരുവശവും മുന്തിരി തോപ്പുകൾ. പലതും പകമായതാണ്.ചിലത് ആരംഭ ഘട്ടത്തിലും. അതിനിടയിൽ വലിയ കാറ്റാടി യന്ത്രങ്ങളും കാണാൻ സാധിക്കും. മുന്തിരി തോപ്പുകൾ പണ്ടേ ഇഷ്ടമാണ്. എവിടെ കണ്ടാലും ഉള്ളിൽ പോയി നോക്കാതെ വരാറില്ല. ആ പതിവ് ഇവിടെയും ആവർത്തിച്ചു.

തുടക്കത്തിലേ കുറച്ചു ദൂരം നേരെയാണ്.വളവും തിരിവും ഒന്നും ഇല്ല. തോട്ടങ്ങൾ അവസാനിക്കുന്ന അവിടെ നിന്ന് കയറ്റം ആരംഭിക്കും. അതിനു മുൻപ് ഒരു ചെക്‌പോസ്റ് കടക്കാൻ ഉണ്ട് . വണ്ടി നമ്പറും ഡീറ്റെയിൽസ് അവിടെ എഴുതികൊടുക്കണം കൂടെ ഒരു 50 രൂപയും .അത് എന്തിനാണ് എന്നറിയില്ല . കൂടാതെ തിരിച്ചു വരുന്നവർ ആണെങ്കിൽ 6 മണിക്ക് മുന്നേ ചെക്‌പോസ്റ് കടക്കണം എന്നും ഒരു അറിയിപ്പ് തന്നു . ഓരോ വളവിലും കട്ട വിരിക്കുന്നതിന്റെ ഭാഗമായി മാന്തിയിരിക്കുകയാണ്. അല്ലാതെ എല്ലാം നല്ല റോഡാണ്. ഒരാഴ്ച പഴക്കം മാത്രമുള്ള അടിപൊളി റോഡ്‌. കയറ്റം തുടങ്ങുമ്പോൾ തന്നെ താഴെ ഉള്ള മനോഹര കാഴ്ചകൾ കാണാം. പാറക്കെട്ടുകൾ നിറഞ്ഞ മലയാണ് ചുറ്റും. എവിടെ നോക്കിയാലും മല നിരകൾ.

ഉയരം കൂടും തോറും കോട വന്നു തുടങ്ങി. കട്ട വിരിക്കൽ മുകളിൽ നിന്ന് ചെയ്തു തുടങ്ങിരുന്നു. അതിനാൽ ആദ്യത്തെ കുറച്ചു ദൂരം ഒഴിച്ചാൽ ബാക്കി എല്ലായിടത്തും പൂർണമായി പണി കഴിഞ്ഞതാണ്. അങ്ങിങ്ങായി റോഡിൽ പല മരങ്ങളും വീണു കിടപ്പുണ്ട്. കൂടാതെ ചെറിയ പാറക്കലുകളും. ദൂരം കുറച്ചു കഴിഞ്ഞപ്പോൾ പാറക്കെട്ടുകൾക്കു പകരം തേയില തോട്ടങ്ങൾ ആണ് കാണാൻ സാധിക്കുന്നത്. ഒരു ഘട്ടം കഴിഞ്ഞപ്പോൾ പിന്നീട് അങ്ങോട്ട് ഇരുവശവും തേയില. കൂടെ നല്ല കിടിലൻ കാറ്റും മഴയും കോടയും. അല്പം കഴിഞ്ഞപ്പോൾ ആണ് ഒരു സ്ഥലത്ത് കുറച്ചു ആളുകൾ ഫോട്ടോ എടുക്കണതും മറ്റും കണ്ടത്. ഞങ്ങളും അവിടെ വണ്ടി നിർത്തി ഇറങ്ങി. പറഞ്ഞറിയിക്കാൻ പറ്റാത്ത കാലാവസ്ഥ. കാറ്റും മഴയും മഞ്ഞും മൂന്നും കൂടി ചേർന്നപ്പോൾ കിട്ടുന്ന ഫീൽ. അപാരം തന്നെയാണ്. തൊട്ടപ്പുറത്ത് നുള്ളിയ തേയില എല്ലാം വണ്ടിയിൽ കയറ്റുന്ന തിരക്കിൽ ആണ് തൊഴിലാളികൾ. ഇപ്പോൾ നിൽക്കുന്ന സ്ഥലമാണ് മേഘമല എന്ന് പിന്നീട് ആണ് മനസിലായത്.

അൽപ സമയം അവിടെ നിന്ന് വീണ്ടും മുന്നോട്ട് പോയി. കൂടുതൽ മുന്നോട്ടു പോകാൻ ഞങ്ങൾക്കു കഴിയില്ല കാരണം ഇന്ധനം ഒരു വിഷയമാണ്. ഈ യാത്രയിൽ നിന്നാണ് ഞങ്ങള്ക് അത് മനസിലായത്. അതിനാൽ ആണ് ആദ്യമേ അതിന്റെ കാര്യം പ്രത്യേകം പറയാൻ ശ്രദ്ധിച്ചത്. സമയം 12 മണി ആകാറായിരിക്കുന്നു. റോഡിൽ കോട അപ്പോഴും നിറഞ്ഞാടുകയാണ്. കാണാൻ പറ്റാത്ത വിധം കോട മൂടിയ അവസ്ഥ. തുടരന്നങ്ങോട്ടുള്ള യാത്രയിൽ ഇതുപോലെ ഉള്ള എസ്റ്റേറ്റ് ആണ് കാണാൻ ഉള്ളത്. കൂടാതെ മേഘമല വന്യജീവി സംരക്ഷണ കേന്ദ്രവും ഇവിടെ ഉണ്ട്. ഭാഗ്യം ഉണ്ടേൽ അല്പം വന്യതയും ആസ്വദിക്കാൻ സാധിക്കും. ആദ്യമായുള്ള യാത്ര ആയതിനാൽ വ്യകതമായ പ്ലാനുകൾ ഒന്നും ഇല്ലായിരുന്നു. താമസിക്കാൻ അവിടെ കോട്ടേജുകൾ ഉണ്ട് പക്ഷെ ഒന്നും തന്നെ വലിയ നിലവാരം പ്രതീക്ഷിക്കരുത്. ഒരു രാത്രി അവിടെ താങ്ങിയാലേ മേഘമല പൂർണമായി ആസ്വദിക്കാൻ കഴിയൂ. റോഡിൻറെ വശങ്ങളിൽ തോട്ടം തൊഴിലാളികൾ താമസിക്കുന്ന വീടുകൾ കാണാം.

പ്രധാനമായും അവിടത്തെ കാറ്റ് ആണ് ഭീകരം.തിരിച്ചിറങ്ങുന്ന വഴിയിൽ ഒരു വ്യൂ പോയിന്റിൽ ഇറങ്ങിയപ്പോൾ കൂടെ ഉള്ള രണ്ടു പേര് കാറ്റ് അടിച്ചു വീണു എന്നുള്ളതാണ് ഞെട്ടിച്ചത്. റോഡിൻറെ അരികിൽ പോയി കാഴ്ച കാണാൻ നിന്നാൽ എത്രയും പെട്ടന്ന് തന്നെ ആകാശത്തേക്ക് നമ്മുക് എത്താം. പെട്ടന്നുള്ള കാറ്റ് നമ്മുടെ കണക്കു കൂട്ടൽ തെറ്റിക്കും.

ഇറങ്ങുന്ന വഴിയിൽ ഒരു ചെറിയ ചായക്കട ഉണ്ട്. പെട്ടന്ന് കണ്ടാൽ കട ആണെന്ന് തോന്നില്ല.അവിടെ കിട്ടുന്ന ഉഴുന്നുവടയും മുറുക്കും ഒന്നൊന്നൊര രുചി തന്നെയാണ്. മുറുക്ക് ചൂടോടെ ഉണ്ടാക്കി തരും. വട ഒന്നിന് 3 മുറുക്ക് 4 ഇങ്ങനെയാണ് നിരക്ക്. പ്രായം ചെന്ന ദമ്പതികൾ ആണ് അത് നടത്തുന്നത്. പോകുന്ന ആളുകൾ ഈ രുചി ഒന്ന് ആസ്വദിക്കുന്നത് നല്ലതാണ്. മൊബൈൽ പണി തന്നതിനാൽ പല ചിത്രങ്ങളും എടുക്കാൻ സാധിച്ചില്ല .അല്പം നേരം അവിടെ ഇരുന്നു മെല്ലെ താഴേക്കിറങ്ങി.പല വണ്ടികളും പോകുന്നുണ്ട് പക്ഷെ ഒന്നും KL അല്ല.

ഇനി നാട്ടിലേക്കുള്ള മടക്കം. എളുപ്പമുള്ള വഴി തേനി നിന്ന് ബോഡിനായകനുർ വഴി ചുരം കയറി അടിമാലി കയറുന്നതാണ്. വന്ന വഴിയെക്കാൾ എന്തുകൊണ്ടും നല്ലതു പുതിയ വഴിയിലൂടെ പോകുന്നത് ആണല്ലോ. അതാകുമ്പോൾ രണ്ടു കാട് കടക്കുകയും വേണം. ഭാഗ്യത്തിന് വല്ല ആനയും മുന്നിൽ വന്നു പെട്ടാലോ. ഇതൊക്കെ മനസ്സിൽ കണ്ടാണ് ആ വഴി പിടിച്ചത്. അതിർത്തി എത്തുന്ന വരെ റോഡിൻറെ കാര്യം ഓർത്തു ടെൻഷൻ അടിക്കുകയും വേണ്ട. ആദ്യ ചെക്‌പോസ്റ് കടന്നു. ദൂരെ നിന്നുള്ള ഒരു നോട്ടത്തിൽ എല്ലാം ചെക്കിങ്ങും അവസാനിച്ചു. 17 Hairpin വളവുകൾ ആണ് ഈ വഴിയിൽ ഉള്ളത്.അല്പം സഞ്ചരിച്ചാൽ നമ്മുക് എത്തേണ്ട സ്ഥലം ദൂരെ കാണാൻ കഴിയും. ഉയരത്തിൽ നിന്നുള്ള തേനി നഗരത്തിന്റെ ദൃശ്യം മനോഹരമാണ്.

വിശാലമായ കാഴചയാണ്‌ മുകളിൽ നിന്നുള്ളത്, പക്ഷെ കാറ്റ്. അതിനെ നാം പേടിക്കണം.അല്ലെങ്കിൽ നമ്മളെയും കൊണ്ട് അവ അങ്ങ് പോകും. തേനി മൂന്നാർ റൂട്ട് ആയതിനാൽ അനവണ്ടിയും ഇടക്ക് കാണാൻ കഴിഞ്ഞു. ചുരം കയറി അതിർത്തി എത്തിയപ്പോൾ നമ്മുടെ ചെക്കിങ് എത്തി. അവർ വണ്ടി മുഴുവൻ അരിച്ചു പെറുക്കിയാണ് വിട്ടത്. അത്രയും ആയ സ്ഥതിക്കു മൂന്നാർ വഴി പോയാലോ എന്നായി ചിന്ത. പക്ഷെ നമ്മുടെ റോഡുകൾ അതിനു അനുവദിക്കുമോ എന്നുള്ളതാണ് അടുത്ത ടെൻഷൻ. നല്ല മഴയത്തു വീണ മരങ്ങളും ഇലക്ട്രിക്ക് പോസ്റ്റുകളുമായി റോഡിൽ പലയിടത്തും തടസമാണ്. ഇടുങ്ങിയ റോഡുകൾ മൊത്തത്തിൽ പെട്ട അവസ്ഥ. എങ്ങനെയെങ്കിലും പ്രധാന ഹൈവേ എത്തിയാൽ മതി എന്നായി ചിന്ത. റോഡിനോടും കോടയോടും മഴയോടും നല്ലപോലെ പോരാടിയാണ് പിന്നീടുള്ള യാത്ര ഉണ്ടായത്. പിറ്റേ ദിവസം ഞങ്ങൾ വന്ന റോഡ്‌ മഴയത്തു ഒലിച്ചുപോയി എന്ന് സുഹൃത്ത് വിളിച്ചു പറഞ്ഞപ്പോൾ ആണ് ഇന്നലെ ഉണ്ടായ ബുദ്ധിമുട്ട് വലുതൊന്നും അല്ല എന്ന തിരിച്ചറിവ് വന്നത്….

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply