നല്ല മഴയാണു, പുറത്തിറങ്ങാനോ യാത്ര ചെയ്യാനോ പറ്റണില്ല, അഗുംബയിൽ വന്നിട്ട് മഴയില്ലെങ്കിൽ അല്ലേ അത്ഭുതമുള്ളു, മഴകാണുവാനും അറിയാനും മഴയുടെ നാടായ അഗുംബയിൽ വന്നിട്ട് 2 ദിവസമായി, മൂടിപ്പുതച്ചു കിടക്കുന്ന എന്നോടു സഹയാത്രികനായ ഷിജു ചേട്ടൻ ആണു മഴ നനഞ്ഞു നമുക്കെവിടെങ്കിലും പോകാം എന്നു പറഞ്ഞ് എന്റെ അലസമായ അഗുംബയിലെ മഴയുറക്കം അവസാനിപ്പിച്ചത്, സമയം 3 മണി കഴിഞ്ഞിരിക്കുന്നു, അഗുംബയിൽ മഴ തകർത്തു പെയ്യുകയാണു, മഴക്കോട്ടും മറ്റും ഇട്ടു ഞാൻ ബൈക്കു സ്റ്റാർട്ട് ചെയ്തു, ലക്ഷ്യം ഒന്നും തന്നെ ഇല്ല, അഗുംബയിലെ ഗ്രാമങ്ങളിലൂടെ മഴയും മഞ്ഞും ആസ്വദിച്ചു വെറുതെ കറങ്ങുക, അത്ര തന്നെ..
ശ്രിൻഗേരി ലക്ഷ്യമാക്കി ഞാൻ എന്റെ ശകടത്തെ മഴയത്ത് തെന്നി കിടക്കുന്ന റോഡിലൂടെ മുന്നോട്ടു നയിച്ചു..
മഴയാണു, മഴയുടെ പല താളങ്ങൾ…മഴയുടെ പല വർണ്ണങ്ങൾ, ആ താളത്തിലും വർണ്ണത്തിലും അലിഞ്ഞു അലിഞ്ഞു ഇല്ലണ്ടായി യാത്ര ചെയ്യുകയായിരുന്നു ഞങ്ങൾ.
മഴയിൽ നിറഞ്ഞു ഒഴുകുന്ന തോടുകളും പുഴകളും, കുതിർന്നു കിടക്കുന്ന വയലുകളും കൃഷിയിടങ്ങളും, സ്കൂൾ വിട്ടു കുടയും പിടിച്ചു നടന്നു വരുന്ന സ്കൂൾ കുട്ടികൾ, തലയിൽ ചണചാക്കിട്ടു മഴയെ പ്രതിരോദിച്ചു നടന്നു വരുന്ന ഗ്രാമ വാസികൾ, അതിന്റെ ഇടയിലൂടെ 2 ഭ്രാന്തനമാർ മഴയും നനഞ്ഞു എങ്ങോട്ടെന്നില്ലാതെ ഒരു യാത്ര, അന്തവും കുനതവുമില്ലാതെ ഇങ്ങനെ ആസ്വദിച്ചു യാത്ര ചെയ്യുമ്പോളാണു വലതു വശത്ത് സിരിമനെ വെള്ളച്ചാട്ടം 15 കി.മീ എന്ന ബോർഡ് കാണുന്നത്, എന്നാൽ അങ്ങോട്ടാകാം യാത്ര എന്നു അപ്പോൾ തന്നെ തീരുമാനിച്ചു ബൈക് വലതു വശത്തേക്കെടുത്തു ആക്സിലേറ്ററിൽ കൈ കൊടുത്തു, ആഹാ,കിടിലൻ ഗ്രാമീണ ഭംഗി തരുന്ന സ്ഥലങ്ങളാണു ഞങ്ങളെ വരവേറ്റത്, മഴയിൽ കുതിർന്നു കിടക്കുന്ന വയലുകൾക്കിടയിലൂടെ നീണ്ടു നിവർന്നു കിടക്കുന്ന ചെറിയ റോഡുകൾ, കോടമഞ്ഞു വരുന്നു പോകുന്നു, മഴ വരുന്നു പോകുന്നു, എല്ലാം ഒരു സ്വിച്ച് ഇട്ടതു പോലെ ആണു നടക്കുന്നത്, നല്ല കിടിലൻ റോഡും, അങ്ങനെ വഴിയിൽ കണ്ടവരോടും ഞങ്ങൾ ഊഹിച്ചും സിരിമനെ വെള്ളച്ചാട്ടത്തിന്റെ അടുത്തെത്തി.
കോൺക്രിറ്റ് ഇട്ട മനോഹരമായ വഴിയാണു വണ്ടി പാർക്കു ചെയ്യുന്ന സ്ഥലം വരെ, വിശാലമായ പാർക്കിംഗ് സൗകര്യവും, പിന്നെ അടുത്ത് തന്നെ റ്റോയിലറ്റ് സൗകര്യവും ഒരിക്കിയിരിക്കുന്നു, നല്ല വൃത്തിയുള്ള റ്റോയിലറ്റുകൾ, വണ്ടി പാർക്കു ചെയ്യുന്നതിനോ റ്റോയിലറ്റിൽ പോകുന്നതിനോ കാശു മേടിക്കുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. 10 രൂപയുടെ ടിക്കറ്റുണ്ട് വെള്ളച്ചാട്ടം കാണുവാൻ, ടിക്കറ്റും മേടിച്ചു ഞങ്ങൾ വെള്ള ച്ചാട്ടം കാണുവാൻ താഴോട്ടിറങ്ങി, മനോഹരമായ കല്പ്പാതകൾ ആണു ഒരുക്കിയിരിക്കുന്നത്, താഴോട്ടു വീഴാതിരിക്കാൻ ഇരുമ്പ് പൈപ്പിന്റെ കൈവേലികളും, എലാത്തിനും പച്ച നിറം നല്കി പ്രകൃതിയോട് ഇണങ്ങി നില്ക്കുവാൻ ഇവർ ശ്രദ്ദിച്ചിട്ടുണ്ട് എന്നത് വ്യക്തം. ഇത്തരം പരിസ്ഥിതി സൗഹാർദ്ദമായ നിർമ്മാണ പ്രവൃത്തികളെ അംഗീകരിക്കേണ്ടത് തന്നെയാണു.
പടികൾ ഇറങ്ങി വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗത്താണു നമ്മൾ എത്തുക, കുളിക്കുവാനും മറ്റും സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു, മഴയായതിനാൽ നല്ല വെള്ളമുണ്ട് ഇവിടെ, വെള്ളച്ചാട്ടത്തിന്റെ അടുത്തേക്കു പോകുവാൻ സാധിക്കുന്നുമില്ല, മനോഹരമായ ഒരു ജലപാതം. സിരിമനെ കാടുകളിൽ നിന്നും ഉത്ഭവിക്കുന്ന അരുവി ഇവിടെ എത്തുമ്പോൾ ഒരു ജലപാതമായി മാറുകയാണു, കാപ്പി തോട്ടങ്ങളിലൂടെയും മറ്റു ഒഴുകി താഴെയുള്ള പുഴയിൽ ലയിക്കുന്നു. മനോഹരമായ ഒരു വെള്ളച്ചാട്ടം, നല്ല പച്ചപ്പും കാടിന്റെ സൗന്ദര്യവും വെള്ളച്ചാട്ടത്തിനു മാറ്റു കൂട്ടുന്നു എന്നു പറയാം.
സമീപത്തു തന്നെയായി വസ്ത്രം മാറുവാൻ ഉള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു, കേരളത്തിലെ വെള്ളച്ചാട്ടങ്ങളെ കുറിച്ചു ആലോചിച്ചു പോയി ഞാൻ, കേരളത്തിൽ പ്രവേശന ഫീ മേടിച്ചു യാത്രികരെ കടത്തി വിടുന്ന എത്ര വെള്ളച്ചാട്ടങ്ങളിൽ ഇത്തരം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്? ചോദ്യമായി തന്നെ അതു മനസ്സിൽ അവശേഷിച്ചു മുകളിലോട്ടുള്ള പടികൾ കയറി ഞങ്ങൾ, അവിടെ തന്നെ വെള്ളച്ചാട്ടത്തെ നേർ രേഖയിൽ ആസ്വവദിക്കുവാൻ ഉള്ള ഒരു വ്യു പോയിന്റും ഒരുക്കിയിട്ടൂണ്ട്, ഇവിടെ നിന്നുമുള്ള കാഴ്ചകളും മനോഹരം.
എന്നെ ഇവിടെ നിന്നും ആകർഷിച്ചത് ഇതൊന്നുമല്ല, ഇവിടെ നില്ക്കുന്ന ഒരു മരം വെട്ടാതെ ഇവർ ഒരു വ്യു പോയിറ്റ് ഒരുക്കിയിരിക്കുന്നു എന്നതിലാണു, ആ മരത്തിന്റെ ശിഖരങ്ങളുടെ ഇടയിലൂടെ ഒരു വ്യു പോയിന്റ്, നമ്മുടെ നാട്ടിൽ ആണെങ്കിൽ എപ്പോൾ ഈ മരം വെട്ടിക്കളഞ്ഞു ഇവിടം കോൺക്രീറ്റിടും എന്നു പറയേണ്ട കാര്യം ഇല്ലല്ലോ. മവോയിസ്റ്റ് ഭീഷണി നില നില്ക്കുന്ന സ്ഥലങ്ങൾ ആയതിനാൽ ഇങ്ങോട്ടേക്കു രാത്രി യാത്ര അനുവദനീയം അല്ല, തിരിച്ചു നടന്നു ഞങ്ങൾ വീണ്ടും ടിക്കറ്റ് കൗണ്ടറിൽ എത്തി, അവിടെ തന്നെ കൃഷി ചെയ്യുന്ന ഓറഞ്ചുകളും പേരക്കയും മുസമ്പിയും വില്പ്പനയ്ക്കു വെച്ചിരിക്കുന്നത് കാണാം, ഓറഞ്ചു മുറിച്ചു ചെറിയ കഷണങ്ങളാക്കി മുളകുപൊടിയും ഉപ്പും ഇട്ടു നമുക്ക് കഴിക്കാൻ തരുന്നതാണു, ഒരു പ്ലേട്ടിനു 10 രൂപ മാത്രം.
സമീപത്തെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ബോർഡുകളും അറിവുകളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്, മാത്രവുമല്ല നമുക്ക് വിശ്രമിക്കുവാൻ ഉള്ള ഇരിപ്പിടങ്ങളും ഒരുക്കിയിരിക്കുന്നു, സിരിമനെ വെള്ള ച്ചാട്ടം ഓർമ്മിക്കുക ഇവിടുത്തെ സൗകര്യങ്ങളുടെ പേരിൽ ആയിരിക്കും.
തിരിച്ചു പോകുവാൻ സമയമായിരിക്കുന്നു, മഴ കുറഞ്ഞിട്ടുണ്ട്, തിരിച്ചു വരുന്ന വഴിയിൽ ഒരു വയലിൽ 17 ഇൽ അധികം മയിലുകൾ ഇങ്ങനെ നടക്കുന്ന കാഴ്ച കാണുവാനായി, കുറേ നേരം ഞങ്ങൾ അതു നോക്കി നിന്നു, ആൺ-പെൺ മയിലുകൾ കൂട്ടത്തോടെ നടക്കുന്ന കാഴ്ച, ഇത്തരം ഒരു കാഴ്ച എന്റെ ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു, യാത്ര സഫലമാകാൻ ഇതിൽ കൂടുതൽ എന്തു വേണം?
10 രൂപയുടെ ടിക്കറ്റിൽ നമുക്ക് ലഭിക്കുന്ന സേവനങ്ങൾ അക്കമിട്ടു ഒന്നും കൂടി നിരത്താം.
1- വണ്ടി പാർക്കു ചെയ്യുവാനുള്ള വിശാലമായ സ്ഥലം, 2- നല്ല വൃത്തിയുള്ള ടോയിലറ്റുകൾ, 3- ഫോട്ടോ എടുക്കുവാനും വീഡിയോ എടുക്കുവാനും കഴിയുന്നു, വേറെ ചാർജ്ജില്ല., 4-വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ, 5- കല്ലു വിരിച്ച നടപ്പാതകളും സുരക്ഷ ഒരുക്കുന്ന കൈ വരികളും, 6- വെള്ളച്ചാട്ടത്തിൽ കുളിക്കുവാൻ ഉള്ള സൗകര്യം, 7- കുളിച്ചു വസ്ത്രങ്ങൾ മാറുവാനുള്ള സൗകര്യം, 8- വെള്ളച്ചാട്ടം പല രിതിയിൽ വീക്ഷിക്കുവാൻ ഉള്ള വാച് ടവറുകൾ, 9-സമീപത്തെ കാഴചകളും പ്രദാനപ്പെട്ട ടുറിസ്റ്റ് അറിവുകളും, 10- കുഴികൾ ഇല്ലാത്ത നല്ല റോഡും എടുത്തു പറയേണ്ട കാര്യമാണു.
വരികളും ചിത്രങ്ങളും – റിയാസ് റഷീദ്