രാജനഗരിയിലെ ഡബിൾ ഡെക്കറിന്‍റെ പ്രണയ യാത്രകള്‍..!!

നീങ്ങിത്തുടങ്ങിയപ്പോഴാണ് അവർ ചാടിക്കയറിയത്. മുമ്പേ ഒരുപെൺകുട്ടി, പിന്നാലെ ഒരു ചെക്കനും. ഡബിൾ ഡെക്കറിന്റെ പടികയറി അവർ മുകളിലേക്ക് പോയി. ബസ് കാഴ്ചകളിലേക്ക് ഓടുകയാണ്. മുകളിലെത്തിയ അവർ അടുത്തടുത്ത സീറ്റുകളിലിരുന്നു. പിന്നെ കിന്നാരമായി. അപ്പുറത്തെ സീറ്റുകളിലും കിന്നാരം ചൊല്ലിച്ചൊല്ലി കമിതാക്കൾ. കണ്ടാലറിയാം എല്ലാം കോളേജ് പിള്ളേരാണെന്ന്. ഒരു സുഖയാത്ര തുടങ്ങുകയാണ്. ഡബിൾ ഡെക്കർ ഡബിൾ ബെല്ല് മുഴക്കി നഗരഹൃദയത്തിലൂടെ സഞ്ചരിക്കുമ്പോൾ വിടരുന്നത് പ്രണയമൊട്ടുകൾ.

ഡബിൾ ഡെക്കറിൽ വച്ച് നിനക്ക് ഞാനെന്റെ പ്രണയം തരും എന്ന് പറയാതെ പറഞ്ഞുകൊണ്ട് ആ മുഖങ്ങൾ തൊട്ടുരുമ്മുന്നതുപോലെ. പ്രണയസവാരി മധുരസവാരിയാകുന്നു. കോളേജ് സമയത്തെ പ്രണയ യാത്ര. അത് സുരക്ഷിതവും. പ്രായംകൂടിയവരാരും മുകളിലേക്ക് വരില്ല. കണ്ടക്ടർ താഴെ തന്നെ. ഭൂമിക്കും സ്വർഗത്തിനുമിടയിലുള്ള യാത്രയായി അത് മാറുകയാണ്. കിഴക്കേകോട്ടയിൽ നിന്ന് ശംഖുംമുഖം വരെ, തിരിച്ച് കിഴക്കേകോട്ടയിലേക്കും. ബസിന്റെ ഈ സ്വപ്നസുന്ദരിക്ക് പറയാൻ പ്രണയകഥകളൊത്തിരിയുണ്ട്. ഇതിൽ മൊട്ടിട്ട് വിടർന്ന പ്രണയം ദാമ്പത്യമാക്കിയവർ. അന്നത്തെ ഓർമ്മ പുതുക്കാനായി വീണ്ടും കയറി വരുന്നവർ. അടിച്ച് പിരിഞ്ഞവർ. പിണങ്ങിപ്പോയവർ. വീണ്ടും ഇതിൽ വച്ച് ഒന്നായവർ.

പ്രണയം മാത്രമല്ല, കൗതുകത്തിന്റെ സുന്ദരനിമിഷങ്ങളാണ് യാത്ര സമ്മാനിക്കുന്നത്. അതിന്റെ രുചിയറിയാൻ മലയിൻകീഴ് സ്വദേശിനി അനുഷാ റാണി മകൻ ശന്തനുവുമായി ബസിൽ കയറുകയാണ്. ഒപ്പം അമ്മയും. ബസിൽ കന്നി യാത്ര. കുറേനാളായി ബസ് കൗതുകമായി നിൽക്കുകയാണ്. കാഴ്ചകൾ ബസ് മുന്നിൽ കൊണ്ടെത്തിച്ചുകൊണ്ടിരിക്കുന്നു. താഴെ തിരക്കേറിയ വാഹനങ്ങൾ. അത് നിരനിരയായി നീളുകയാണ്. സെക്രട്ടേറിയറ്റിന് മുന്നിലൂടെ കടക്കുമ്പോൾ സമരജാഥ വരുന്നു. പെട്രോൾ വിലവർദ്ധനയ്ക്കെതിരെയുളള ജാഥയ്ക്കിടയിലൂടെ ബസ് മുന്നോട്ട് നീങ്ങുമ്പോൾ വേലുത്തമ്പി ദളവയുടെയും മാധവരായരുടെയുമൊക്കെ പ്രതിമ കാഴ്ചകളിലൂടെ മായുകയാണ്.

കാഴ്ചയ്ക്കിടയിൽ ഞെട്ടിക്കുന്നു. എന്തെന്നോ. മരച്ചില്ലകൾ. കാഴ്ചകൾ കണ്ട് ആസ്വദിച്ചിരിക്കുമ്പോഴാണ് ഒളിച്ചിരുന്ന് അടിക്കുന്നതുപോലെ മരച്ചില്ലകൾ മുഖത്തടിക്കാൻ വരുന്നത്. യാത്രക്കാർ ഭയന്ന് മുഖം വെട്ടിക്കുന്നു. അടി ബസ് ഏറ്റുവാങ്ങി മുന്നോട്ട് കുതിക്കുകയാണ്. വീണ്ടും മരച്ചില്ലകൾ അടിക്കാനായി കാത്തിരിക്കുന്നു. ആ അടി കാഴ്ച ആൾസെയിന്റ്സ് കോളേജ് വരെ നീളുകയാണ്. അടികൊണ്ട് ഡബൾ ഡെക്കറിന്റെ മുഖം ഞണുങ്ങി. പക്ഷേ, ആ അടിയൊരു സുഖമാണ്. അതാണ് ഡബിൾ ഡെക്കർ തരുന്ന മറ്റൊരനുഭൂതി.

ചാക്ക പിന്നിടുമ്പോൾ കാഴ്ചകൾ കൊണ്ടെത്തിക്കുന്നത് വിമാനത്താവള റൺവേയിലേക്ക്. റൺവേയിൽ നിൽക്കുന്നതുപോലെ. ആ കാഴ്ചകളിലേക്ക് യാത്രക്കാരുടെ മൊബൈൽ കാമറകൾ മിന്നുന്നു. കാമുകിയെ സീറ്റിന്റെ അരികിലിരുത്തി റൺവേ ഫോക്കസ് ചെയ്ത് കാമറ ക്ളിക്ക് ചെയ്യുന്ന കാമുകൻ. അത് കണ്ട് ചിരിക്കുന്ന യാത്രക്കാർ. ഒന്നും ശ്രദ്ധിക്കാതെ അകലങ്ങളിൽ നോക്കിയിരിക്കുന്നവർ. കാറ്റിൽ ഉറങ്ങിപ്പോകുന്നവർ. ബസിന് മുകളിലൂടെ കിടിലൻ ശബ്ദത്തോടെ വിമാനം പറന്ന് ഉയരുകയാണ്. കണ്ണുകൾ ബസുകളിൽ നിന്ന് വിമാനത്തിന്റെ അടിത്തട്ടിലേക്ക്. റൺവേയും കടന്ന് ബസ് തീരം തേടുകയാണ്. ശംഖുംമുഖത്തിന്റെ മരത്തണലിൽ ബസ് മെല്ലെമെല്ലെ വന്നുനിന്നു. സുഖയാത്രയുടെ നിർവൃതിയുമായി ഓരോരുത്തരായി ഇറങ്ങി വരികയാണ്. കണ്ടക്ടറും ഡ്രൈവറും ഇറങ്ങി. ഒരല്പം വിശ്രമം. തെല്ല് നേരം മാത്രം.

സ്ഥിരം ഡ്രൈവറാണ് മണികണ്ഠൻ. കണ്ടക്ടർ രാജ്മോഹൻ. സ്ഥിരം കണ്ടക്ടർ അവധിയായപ്പോൾ പകരം വന്ന രാജ്മോഹനും പെരിയ സന്തോഷം. ദിവസവും ആറ് ട്രിപ്പ്. അഞ്ചെണ്ണം ശംഖുംമുഖത്തേക്ക്, ഒരെണ്ണം ശാസ്തമംഗലത്തേക്കും. ദിവസം കളക്‌ഷൻ ആറായിരത്തോളം രൂപ. എട്ട് വർഷം മുമ്പ് മഹാരാഷ്ട്രയിൽ നിന്ന് വാങ്ങിയതാണ് ഈ സുന്ദരിയെ. അതിന് മുമ്പുണ്ടായിരുന്ന സുന്ദരിയെ വിനോദയാത്രയ്ക്ക് ഉപയോഗിക്കുന്നു. രാവിലെ 6 മുതൽ വൈകിട്ട് 6.30 വരെയാണ് വിനോദ യാത്ര. 6500 രൂപ മുടക്കിയാൽ ശംഖുംമുഖവും വേളിയും മ്യൂസിയവും കോവളവുമൊക്കെ കണ്ട് വരാം. മലപ്പുറത്ത് നിന്നും അങ്കമാലിയിൽ നിന്നുമൊക്കെ സ്കൂൾ കുട്ടികൾ നേരത്തേ ബുക്ക് ചെയ്തിട്ട് വരുന്നു. ബസ് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കാത്ത് നിൽക്കും. യാത്ര അവിടുന്ന് തുടങ്ങും. തിരിച്ച് അവിടെയെത്തും. ഈ പഴയ സുന്ദരിക്ക് വിശ്രമമില്ലാതെയുള്ള വിനോദയാത്രയാണ്. ഡ്രൈവർ വിശേഷങ്ങൾ നിരത്തുകയാണ്.

ശംഖുംമുഖത്ത് നിന്ന് ബസിൽ യാത്രക്കാർ നിറഞ്ഞു. ബെല്ല് മുഴങ്ങി, ബസ് നീങ്ങിത്തുടങ്ങി. കണ്ട കാഴ്ചകളിലൂടെ തിരിച്ചൊരു യാത്ര. പേട്ട നാലുമുക്കിലെത്തിയപ്പോൾ കേബിളുകൾ തടസം സൃഷ്ടിക്കുംപോലെ. അതും കടന്ന് എ.കെ.ജി സെന്ററിന് മുന്നിലെത്തിയപ്പോഴും കേബിൾ വില്ലനാവുന്നു. അണ്ടർപാസിന് മുന്നിലൂടെ സെക്രട്ടേറിയറ്റ് പിന്നിട്ട് ഓവർബ്രിഡ്ജ് കയറുമ്പോൾ താഴെ ചൂളം വിളിച്ച് ട്രെയിൻ പായുകയാണ്. ആ കാഴ്ചയും കടന്ന് കിഴക്കേകോട്ടയിൽ എത്തുമ്പോൾ അടുത്ത യാത്രയ്ക്കായി സുന്ദരിയെ കാത്ത് പ്രണയമനസുകളിരിക്കുകയായിരുന്നു.

വിവരണം – എസ്. പ്രേംലാല്‍ കേരള കൌമുദി.

Check Also

‘ഒരു അഡാർ ലവ്’ എന്ന സിനിമയുടെ ക്ളൈമാക്സ് ഷൂട്ട് ചെയ്ത സ്ഥലത്തേക്ക്…

വിവരണം – പ്രശാന്ത് പറവൂർ. ഷൊർണൂർ – നിലമ്പൂർ ട്രെയിൻ യാത്രയൊക്കെ കഴിഞ്ഞു ഞാനും അളിയനും രാവിലെ 11 മണിയോടെ …

Leave a Reply