കോട്ടയത്തു നിന്നും കമ്പം – മധുര – രാമേശ്വരം – ധനുഷ്കോടി റൂട്ടില്‍ ഒരു ട്രിപ്പ്…!!

രാവിലെ 5നു കോട്ടയം നിന്ന് പുറപ്പെടണം എന്നായിരുന്നു എന്റെയു Jibinന്റെയും Jayakrishnan ന്റെയും Vishnu ന്റെയും ആഗ്രഹം. എന്നാൽ പുറപ്പെട്ടപ്പോൾ സമയം 8.30 ആയി. ആദ്യ ലക്‌ഷ്യം കംമ്പത്തെ മുന്തിരിത്തോട്ടം ആയിരുന്നു. കുമളി എത്തിയപോഴെകും എല്ലവർക്കും തോന്നി ഇനി ഉള്ള ദിവസം തമിഴ്നാട്ടിൽ അല്ലെ മലയാളി ഫുഡ് കഴിക്കാൻ പറ്റില്ല. കുറച്ചു പ്രയാസപ്പെടുമെന്ന്. അതുകൊണ്ടു കുമളിയിൽ വണ്ടി ചവിട്ടി. ഫുഡ് അടിയും കഴിഞ്ഞു കംമ്പത്തെ മുന്തിരിത്തോട്ടത്തിൽ ചെന്നപ്പോൾ സമയം 12.45pm.

എല്ലവരും ചെയ്യുന്നപോലെ തന്നെ സെൽഫിയും എടുത്തു അര മണിക്കൂർ നിന്ന ശേഷം അവിടുന്ന് പുറപ്പെട്ടു. അടുത്ത ലക്‌ഷ്യം മധുര മീനാക്ഷി ക്ഷേത്രം ആണ്. കംമ്പത്തു നിന്ന് 135 കിലോമീറ്റർ ഉണ്ട് മധുരയ്ക്ക്. തേനി വഴിയാണ് മധുരയ്ക്ക് ചെല്ലുന്നത്. മധുരയിൽ ഞങ്ങളെയും കാത്തു Anuroop നിൽക്കുന്നുണ്ടായിരുന്നു. അവൻ കോയമ്പത്തൂർ ജോലി ചെയ്യുന്നതുകൊണ്ട് അവിടെനിന്നും മധുരയ്ക്ക് വരുന്നതായിരുന്നു എളുപ്പം. ഞങ്ങൾ മധുരയിൽ ചെന്നപ്പോൾ സമയം 5 മണി. ചെന്നപ്പോൾ ഒരു കോഫി മാത്രം കുടിച്ചു നേരെ അമ്പലത്തിലേക്ക്. (അമ്പലത്തിൽ കയറും മുമ്പേ ബാഗ്, ചെരുപ്പ്, ടാബ് ഇവയെല്ലാം പുറത്തു ഏൽപ്പിക്കണം. അതും കഴിഞ്ഞു ബോഡി ചെക്കിങ് ഇതെല്ലം കഴിഞ്ഞേ അവർ അമ്പലത്തിലേക്ക് കയറ്റിവിടുള്ളൂ).

അമ്പലത്തിൽ കയറിയപ്പോൾ മുതൽ ഇറങ്ങുന്ന വരെ അത്ഭുതങ്ങൾ മാത്രമായിരുന്നു. കല്ലിൽ ചെയ്ത കൊത്തുപണിയൊക്കെ കാണുമ്പോൾ ഇത് മനുഷ്യൻ നിർമ്മിച്ചതാണോ എന്നു തോന്നിപോകും. മധുര അമ്പലത്തിലെ പ്രധാന ആകർഷണം 1000 കൽത്തൂണുകളാണ്. ഓരോ കല്ലിലും കൊത്തുപണികൾ ശരിക്കും അത്ഭുതപ്പെടുത്തുന്നത് തന്നെ ആയിരുന്നു അത്. അമ്പലം മുഴുവൻ ചുറ്റിക്കറങ്ങി ഇറങ്ങിയപ്പോൾ സമയം 8 pm ആയി. ഇന്നത്തെ ദിവസം ഇനി ഒന്നും കാണുവാൻ ഇല്ല. നേരെ രാമേശ്വരം ചെല്ലുക റൂം എടുക്കുക. രാമേശ്വരത്തേക്കു മധുരയിൽ നിന്നും 170 കിലോമീറ്റർ ഉണ്ട്.

8.30 ആയപ്പോൾ രാമേശ്വരത്തേക്കു പുറപ്പെട്ടു. യാത്രക്ഷീണം ഉള്ളതുകൊണ്ട് റോഡ് സൈഡിൽ കിടന്നൊക്കെ ആയിരുന്നു രാമേശ്വരത്തേക്കുള്ള യാത്ര. അവിടെ ചെല്ലുമ്പോൾ സമയം 2 am ആയി. ഇനിയാണ് പണി. സീസൺ ആയതുകൊണ്ട് ഒറ്റ റൂം കിട്ടാനില്ല. എല്ലാം ഫുൾ. ഒരു മണിക്കൂറോളം റൂം തിരഞ്ഞു ഞങ്ങൾ നടന്നു. അവസാനം ഒരു ഹോട്ടലിൽ റൂം കിട്ടി. തമിഴ്മക്കൾ നല്ല മക്കൾ ആയതുകൊണ്ട് റൂമിനു വെറും 4000 രൂപ മാത്രമേ വാങ്ങിയുള്ളു. 4000 അല്ല 10000 ആയാലും എടുത്തുപോയേനെ. കാരണം 18 മണിക്കൂർ ബൈക്ക് റൈഡ് കഴിഞ്ഞാണ് ഞങ്ങൾ വരുന്നത്. അതിന്റെ എല്ലാവിധ ക്ഷീണവും ഞങ്ങൾക്കുണ്ടായിരുന്നു.

ഉറങ്ങി എണീറ്റപ്പോൾ സമയം 12 pm ആയി. ഇന്ന് രണ്ടു ഉദ്ദേശങ്ങളാണ് ഉള്ളത് ഒന്ന്, ധനുഷ്കോടിയിൽ പോകണം. രണ്ടു, രാമേശ്വരം അമ്പലത്തിലും പോകണം. ഒരു മണിയോടെ ഞങ്ങൾ ബൈക്കുമെടുത്തു ഹോട്ടലിൽ നിന്നുമിറങ്ങി. പോകുന്ന വഴിയിൽ ലഞ്ച് കഴിക്കാൻ കയറി. ഉള്ളതുപറയലോ ലോകത്തിലെ ഏറ്റവും മോശം ഫുഡ് ആണോ കഴിക്കുന്നത് എന്നു തോന്നിപ്പോയി.ബിൽ കണ്ടപ്പോൾ കണ്ണും തള്ളി. നേരത്തെ പറഞ്ഞല്ലോ തമിഴ്മക്കൾ നല്ല മക്കൾ ആണെന്ന്. ലഞ്ച് കഴിച്ചു കഴിഞ്ഞു ബൈക്ക് ധനുഷ്കോടിയിലേക്കു കുതിച്ചു. പോകും വഴി കുറെ കുട്ടികൾ ബീച്ചിൽ മീൻ പിടിക്കുന്നുണ്ടായിരുന്നു. കുറച്ചുനേരം അവരുടെ കൂടെ കൂടി. എല്ലാം കഴിഞ്ഞു ഞങ്ങൾ കാത്തിരുന്ന ധനുഷ്കോടിയിൽ എത്തിച്ചേർന്നു.

ആൾക്ക് ഒന്നിന് 150 രൂപ നിരക്കിൽ വാനിൽ കയറ്റി കൊണ്ടുപോകലാണ് അവിടെ. പക്ഷെ ഞങ്ങൾക്ക് അത് ഇഷ്ടമില്ലായിരുന്നു. ഞങ്ങളുടെ ഗാങ്ങിൽ ഉണ്ടായിരുന്ന വിഷ്ണുവിന്റെ ഫാദർ പോലീസിൽ ആണ്. അതുകൊണ്ടു അവനു പോലീസുമായി ഇടപഴുകി ഞങ്ങളെക്കാൾ പരിചയമുണ്ട്. അവൻ അവിടെയുള്ള പൊലീസുകാരെ വേണ്ടവിധം കണ്ടു ബൈക്ക് ഉള്ളിൽ കയറ്റി. അവിടെ നിന്ന് കഷ്ടിച്ച് 5 മിനിറ്റ് യാത്ര മാത്രം ധനു ഷ്‌കോഡിയിൽ നിൽകുമ്പോൾ അവിടുത്തെ ഹിസ്റ്ററി അറിഞ്ഞെങ്കിൽ മാത്രമേ നമ്മൾ എവിടെയാണ് നില്കുന്നത് എന്ന ബോധം ഉണ്ടാവു.

1962 ൽ ഉണ്ടായ ചുഴലിക്കാറ്റിൽ ഇല്ലാതായ നഗരമാണ് ധനുഷ്‌കോടി. അന്ന് ഉണ്ടായ ദുരന്തത്തിൽ 2000 ആളുകൾ മരിച്ചിട്ടുണ്ട് എന്നാണ് അനൗദ്യോദീക കണക്ക്. ചുഴലിക്കാറ്റിൽ കരഭാഗം കുറെ കടൽ എടുത്തുകൊണ്ടു പോയി. എല്ലാം കടൽ എടുത്ത് ശേഷം മിച്ചമുള്ള ധനുഷ്കോടിയിൽ ആണ് ഞങ്ങൾ എത്തിയിട്ടുള്ളത്. അന്നുണ്ടായിരുന്ന ചർച്, റെയിൽവേ സ്റ്റേഷൻ, പോസ്റ്റ് ഓഫീസ് ഇവയുടെ എല്ലാം അവശിഷ്ടം ഞങ്ങൾ അവിടെ കണ്ടു. അതിലൂടെ എല്ലാം നടന്നു കണ്ടു.

ഇനിയുള്ള ഞങ്ങളുടെ ആഗ്രഹം ബീച്ചിൽ കൂടി ബൈക്ക് ഡ്രൈവ് ചെയ്യുക എന്നതാണ്. സാധാരണ അവിടെ ബീച്ചിൽകൂടി വാൻ മാത്രമേ കടത്തി വിടാറുള്ളു. എന്നുവെച്ചു ഞങ്ങൾ ഞങ്ങളുടെ ആഗ്രഹം സാധിക്കാതിരിക്കാൻ പറ്റില്ലല്ലോ. മറ്റൊരു വഴി കണ്ടുപിടിച്ചു അതിലൂടെ ബൈക്ക് ഞങ്ങൾ ബീച്ചിലിറക്കി. ബൈക്ക് ഡ്രൈവ് ചെയ്യുമ്പോൾ കിട്ടുന്ന ഫീൽ അത് പറഞ്ഞറിയിക്കാൻ പറ്റില്ല. ആ ഡ്രൈവ് തന്നപോലെ ഒരു ഫീൽ ഇനി വേറെ ഒരിടത്തുനിന്നും കിട്ടുമെന്ന് തോന്നുന്നില്ല. അത്രക്കുണ്ടായിരുന്നു അത്. ധനുഷ്കോടിയുടെ എഡ്ജിൽ ചെന്ന ഞങ്ങൾ തിരിച്ചു പോരുന്നത് 7 pm ആയപ്പോഴാണ്.

ധനുഷ്കോടിയിൽ നിന്ന് അടുത്ത ലക്ഷ്യസ്ഥാനം രാമേശ്വരം അമ്പലം ആണ്. പക്ഷെ ഞങ്ങൾ തിരിച്ചു ചെല്ലുമ്പോഴേക്കും അമ്പലം അടച്ചിരുന്നു. അതുകൊണ്ടു ഞങ്ങൾ ഹോട്ടൽ റൂമിലേക്കു പൊന്നു. അന്ന് രാത്രി കളിയും ചിരിയും തമാശയും ഒക്കെ ആയി കടന്നുപോയി. പിറ്റേന്ന് രാവിലെ 4 എ.എം വിഗ് ഞങ്ങൾ റൂം വിട്ടു. നേരെ രാമേശ്വരം അമ്പലത്തിലേക്ക്

ഉള്ളതുപറഞ്ഞാൽ മധുര മീനാക്ഷി ക്ഷേത്രം തന്ന അത്ഭുതം ഒന്നും രാമേശ്വരം അമ്പലത്തിൽ നിന്നും കിട്ടിയില്ല. 2 മണിക്കൂർ അവിടെ ചിലവഴിച്ചശേഷം തിരിച്ചുപോരാൻ ബൈക്ക് സ്റ്റാർട്ട് ആക്കി. വരുന്ന വഴിയാണ് ബഹുമാന്യൻ ആയ നമ്മുടെ മുൻ രാഷ്‌ട്രപതി ഡോ.എ.പി.ജെ.അബ്ദുൾകലാം സാറിനെ കബർ അടക്കിയ സ്ഥലം. അവിടെ സന്ദര്ശിച്ചശേഷം ഞങ്ങൾ പോയത് പാമ്പൻ ബ്രിഡ്ജ് കാണാൻ ആണ്. നീണ്ടു നിവർന്നു കിടക്കുന്ന ഈ പാലം മലയാളി ആയ ഇ. ശ്രീധരൻ ആണ് അതിന്റെ എഞ്ചിനീയർ എന്നതിൽ എല്ലാ മലയാളികൾക്കും അഭിമാനിക്കാവുന്നതാണ്.

ബ്രിഡ്ജിനു താഴെ മീൻ പിടിക്കാൻ പോകുന്ന ബോട്ട് കിടപ്പുണ്ടായിരുന്നു. കടലിൽകൂടി ബോട്ടിൽ സഞ്ചരിക്കാൻ ഉള്ള ആഗ്രഹംകൊണ്ടു ഞങ്ങൾ അവിടെ ചെന്ന് അവരോടു കാര്യം ചോദിച്ചു. പക്ഷെ കടലിൽ ഇറങ്ങാനുള്ള ലൈസൻസ് ഇല്ലാതെ യാത്ര ചെയ്യാൻ പറ്റില്ല. അതുകൊണ്ടു കടലിലുള്ള ബോട്ടു യാത്ര എന്ന ആഗ്രഹം തുടക്കത്തിലേ ഇല്ലാതായി. ഈ യാത്രയിൽ ഇനിയുള്ള ഞങ്ങളുടെ ആഗ്രഹം തമിഴ്‌നാട്ടിലെ കുഗ്രാമത്തിൽ കൂടി ബൈക്ക് ഡ്രൈവ് ചെയ്യുക എന്നതാണ്. അതിനു വേണ്ടി ഞങ്ങൾ സെലക്ട് ചെയ്ത റൂട്ട് രാമേശ്വരം-കാവൽപ്പറ്റി-ശങ്കരൻ കോവിൽ-കുട്രാളം റൂട്ട് ആണ്.

രാമേശ്വരത്തുനിന്നു കുട്രാളം വരെ 500 കിലോമീറ്റർ ആണ്. അതിൽ പകുതി ദൂരവും തീരെ ലോക്കൽ റൂട്ടാണ്. വികസനം എന്നത് പോയിട്ട് ആവശ്യത്തിന് വെള്ളം പോലും കിട്ടാത്ത സ്ഥലം. അവിടെ ഉള്ളവർ എങ്ങനെ ജീവിക്കുന്നു എന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തി. രാമേശ്വരം – കുട്രാളം ഡ്രൈവ് തന്നത് ശരിക്കും വേറെ ഒരു ഫീൽ തന്നെ ആയിരുന്നു. 4 മണിയോടെ ഞങ്ങൾ കുട്രാളത് എത്തി. കുട്രാളത് എത്തിയപ്പോളാണ് അവിടെ വെള്ളച്ചാട്ടം ഉണ്ടെന്ന് അറിഞ്ഞു ഞങ്ങൾ അവിടെ ചെല്ലുമ്പോൾ ഒരു തുടക്കത്തിൽ കുട്രാളം വെള്ളച്ചാട്ടം പ്ലാനിൽ ഇല്ലാത്തതു ആയതിനാൽ അത്ര വലിയ നിരാശ ഉണ്ടാക്കിയില്ല.

രാമേശ്വരം നിന്ന് കുട്രാളം വരെ 300 കിലോമീറ്റര് ഡ്രൈവ് ചെയ്തപ്പോഴേക്കും എനിക്ക് ക്ഷീണം ആയി തുടങ്ങി. കുട്രാളം സ്റ്റേ അടിച്ചാലോ എന്ന് ആലോചിച്ചു. എന്നാൽ അവിടുത്തെ ഫുഡ് ഓർത്തപ്പോൾ നാലാമത് ഒരു ദിവസം കുടി തമിഴ്നാട്ടിലെ ഫുഡ് സഹിക്കാൻ പറ്റുമായിരുന്നില്ല. അതുകൊണ്ടു ഞങ്ങൾ കുട്രാളം നിന്ന് നേരെ പുനലൂർക്കു ബൈക്ക് എടുത്തു. രാത്രിയോടെ അവിടെ ചെന്ന് റൂം എടുത്തു പിറ്റേന് തായ് ലക്ഷ്മി തീയേറ്ററിൽ നിന്നും പുലിമുരുകൻ കണ്ട ശേഷം തിരിച്ചു പാലായിലേക്ക്..

വിവരണം – ജോമോന്‍ ജോര്‍ജ്ജ് കളപ്പുരയ്ക്കല്‍.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply