ആനവണ്ടിയിൽ ആനക്കാഴ്ച്ചകൾ തേടി മഞ്ഞുപൊഴിയും മഞ്ഞൂരിലേക്ക്…

മനോഹരമായ ഈ യാത്രാവിവരണം എഴുതിത്തയ്യാറാക്കിയത് – കേശവൻ  VJP.

പെട്ടെന്ന് ഒരു തോന്നൽ മഞ്ചൂരിലേക്ക് പോയാലോ, പിന്നെ ഞങ്ങൾ മൂന്നുപേർക്കും കൂടുതൽ ഒന്നും ആലോചിക്കേണ്ടി വന്നില്ല. രാവിലെ 6:20ന് പാലക്കാട് നിന്നു ആനക്കട്ടിയിലേക്ക് ആനവണ്ടി ഉണ്ട്. ഞങ്ങൾ രാവിലെ തന്നെ കെ എസ് ആർ ട്ടി സി ബസ്റ്റാന്റിൽ എത്തി. ക്രിത്യം 6:35ന് ബസ്സ് പുറപ്പെട്ടു. കാഴ്ച്ചകൾ കാണാൻ വേണ്ടി ഞാൻ മുന്നിലെ സിംഗിൾ സീറ്റ് തരപ്പെടുത്തി. അവർ രണ്ടുപേരും എന്റെ തൊട്ടുപിന്നിലെ സീറ്റിലിരിപ്പായി. പാലക്കാട് നിന്നും കൂട്ടത്തറയിലേക്ക് ഒരാൾക്ക് ₹69. കുറച്ചു പഴങ്ങളും വെള്ളവും ഞങ്ങൾ കരുതിയിട്ടുണ്ട്. 7:45ന് ബസ്സ് മണ്ണാർക്കാട് സ്റ്റാന്റിൽ എത്തി. ഭക്ഷണം കഴിക്കാൻ 15 മിനിറ്റ് ലഭിക്കും. മണ്ണാർക്കാട് നിന്നും ഇടക്കിടെ ആനക്കട്ടിയിലേക്ക് ബസ്സുകൾ ഉണ്ട്.

ഞങ്ങളുടെ വണ്ടി മണ്ണാർക്കാട്-ആനക്കട്ടി വഴിയിലേക്ക് തിരിഞ്ഞതും, വിദൂരതയിൽ സഹ്യനെ കാണാം.. മഴമേഘങ്ങൾ ഇരുണ്ടു തുടങ്ങി . നിശബ്ദ താഴ്‌വരയിലേക്കുള്ള വഴികാണിച്ചുള്ള ബോർഡുകൾ കാണാം.ഇനിയങ്ങോട്ട് കാടിന്റെ നിഗൂഢ സൗന്ദര്യം ആസ്വദിക്കാം.അട്ടപ്പാടി ചുരം റോഡ് കയറിത്തുടങ്ങി അത്യാവശ്യം നല്ല തിരക്കുണ്ട് ബസ്സിൽ. അങ്ങിങ്ങായി നീർച്ചാലുകൾ കണ്ടുതുടങ്ങി. തണുത്ത കാറ്റ്, ചാറ്റൽ മഴ, കെഎസ്ആർട്ടിസി ബസ്സ്, സൈഡ് സീറ്റ്, അതൊരു ഒന്നൊന്നര കോംബിനേഷൻ ആണ്. ചീവീടുകളുടെ ശബ്ദം കേൾക്കാം, വഴിയുടനീളം വാനരന്മാർ ധാരാളം . അങ്ങനെ പൊയ്ക്കോണ്ടിക്കെ ഞങ്ങൾടെ ബസ്സ് ഒരു പ്രൈവറ്റ് ബസ്സുമായി ചെറുതായിട്ടൊന്നുരസി ആരും കാര്യമാക്കുന്നില്ല. അതിവിടെ പതിവാണെന്ന് തോന്നുന്നു. വഴിയരികിലുള്ള വ്യൂ പോയിന്റിൽ കുറച്ചു ബൈക്ക് യാത്രക്കാർ സെൽഫി എടുക്കുന്നുണ്ടായിരുന്നു.

9:00 മണിക്ക് ബസ്സ് മുക്കാലിയിലെത്തി, സൈലന്റ് വാലി പോകണമെങ്കിൽ ഇവിടെ ഇറങ്ങണം. വനം വകുപ്പിന്റെ ചെക്ക് പോയിന്റിൽ നിന്നും പാസ്സെടുക്കുന്നവർക്ക് 22 കിലോമീറ്റർ കാട്ടുവഴിയിലൂടെ നിശബ്ദ താഴ്‌വരയിലേക്ക് അതിമനോഹര യാത്ര പോവാം. വെറുതെ ഫോണിലേക്കൊന്ന് നോക്കി ‘ജിയോ’ നോ റെയിഞ്ച്. അങ്ങിനെ ഭവാനിപ്പുഴയുടെ തീരത്തുകൂടിയായി വണ്ടിയുടെ പോക്ക്. വർഷകാലമായതുകൊണ്ടാവാം കലങ്ങിയൊഴുകുകയാണ് ഭവാനി. മുളങ്കാടുകൾക്കിടയിലൂടെ കാടിന്റെ നിഗൂഢ സൗന്ദര്യമാവാഹിച്ചൊഴുകുന്ന ഭവാനി നയനമനോഹരമാണാക്കാഴ്ച്ച. പോകുന്ന വഴി ശ്രീമല്ലീശ്വരമല ക്ഷേത്രം കാണാം അവിടിറങ്ങണമെന്ന് തോന്നിയെങ്കിലും സമയം ഞങ്ങളെ അതിനനുവദിച്ചില്ല. ആനയെ കാണാം എന്ന പ്രതീക്ഷയായി അടുത്തത്. ബസ്സിൽ തിരക്ക് കൂടുന്നുണ്ടോന്നൊരു സംശയം ഇല്ലാതില്ല.

അങ്ങനെ ബസ്സ് താവളമെത്തി. കാട്ടാനകൾ ധാരാളമായി കാണപ്പെടുന്ന സ്ഥലമാണ് താവളം എന്ന് കേട്ടിട്ടുണ്ട്. അതുകഴിഞ്ഞാൽ ഗൂളിക്കടവ് ടൗൺ. സ്വന്തം വണ്ടിയിൽ വരുന്നവർക്ക്, ഭക്ഷണം, എടിഎം, എന്നീ സൗകര്യങ്ങൾ ഇവിടെനിന്നും ലഭിക്കും. അഗളി കഴിഞ്ഞാണ് കോട്ടത്തറ. 10:00 മണിക്ക് ഞങ്ങൾ കോട്ടത്തറ ഇറങ്ങി. വണ്ടി ആനക്കട്ടിക്കും പോയി. കോട്ടത്തറയിൽ നിന്നും പ്രഭാതഭക്ഷണം കഴിച്ച്, 11:00 മണിയുടെ മുള്ളിയിലേക്കുള്ള ബസ്സിനു വേണ്ടി കാത്തിരിപ്പായി. കേരള-തമിഴ്നാട് ബോഡർ ആയതിനാൽ കടകളിലെ ബോർഡുകളിലെല്ലാം തമിഴും എഴുതിയിട്ടുണ്ട്. കാത്തിരിപ്പിന് വിരാമം വേണമെന്നതിനാൽ അടുത്തുള്ള കടയിലെ ചേട്ടനോട് ചോദിച്ചു ബസ്സെപ്പോളെത്തുമെന്ന്. വളരെ ലാഘവത്തോടെയായിരുന്നു ചേട്ടന്റെ മറുപടി രണ്ടു ദിവസമായി ആ ബസ്സില്ലെന്ന്. അടുത്ത ബസ്സ് 12:30ന്.

അവിടെ എത്തിച്ചേരാനുള്ള അടുത്ത വഴി ആരാഞ്ഞപ്പോൾ ഓട്ടോയിൽ പോകണമെങ്കിൽ ₹350 കൊടുക്കണം മുള്ളി വരെ. അപ്പോഴാണെന്റെ ശ്രദ്ധയിൽ അടുത്തൊരു ജീപ്പ് കിടക്കുന്നത് കണ്ടത്. ജീപ്പ് ഏകദേശം നിറഞ്ഞിരുന്നു, ചോദിച്ചപ്പോൾ മുള്ളിയിലേക്ക്. വളരെ സ്നേഹമുള്ള മനുഷ്യർ ഞങ്ങൾക്കുവേണ്ടി അവർ ഒതുങ്ങിയിരുന്നു തന്നു. മെലിഞ്ഞതായതുകൊണ്ട് എനിക്കധികം സ്ഥലം വേണ്ടിവന്നില്ല. നിഷ്കളങ്കരായ മനുഷ്യർ, തമിഴ്കലർന്ന മലയാളമാണ് ഭാഷ. ഇടയ്ക്ക് കുറച്ചു ദൂരം റോഡ് മോശമാണ് 11:45ന് മുള്ളി എത്തി. ഒരാൾക്ക് ₹50. കേരള അതിർത്തി എത്തി, ഒരു ചായ കുടിക്കണമെന്ന് തോന്നുന്നുണ്ടോ എങ്കിൽ അതിവിടെ നിന്നുമാകാം. ഇനിയങ്ങോട്ട് കാടാണ് കാട്ടുവഴിയാണ്. മഞ്ചൂർ വരെ 43 കൊടും വളവുകളുണ്ട്.

കേരള ചെക്ക് പോയിന്റ് കഴിഞ്ഞ് മണ്ണിട്ട ചെറിയ റോഡെന്ന് തോന്നിക്കുന്ന ഒന്ന്, നടപ്പായതിനാൽ കുഴപ്പമില്ല കഷ്ടിച്ച് 200 മീറ്റർ ഉണ്ടാവും. മൺപാതയുടെ തീരം മനോഹരമാണ് കൊടുംകാട്, ചെറുപുഴ, വെള്ളാരൻകല്ലുകൾ, വാനരക്കൂട്ടം. അങ്ങനെ തമിഴ്നാടതിർത്തിയെത്തി ഫോട്ടോഗ്രാഫി നിരോധിതമേഖല. പോലിസുകാരോട് കുശലം പറഞ്ഞിരിപ്പായി. അവർ ഞങ്ങളെ ആ പരിസരം വിട്ട് എങ്ങോട്ട് പോവാനും അനുവദിച്ചില്ല. കൂട്ടിലിട്ട കിളിയെപ്പോലായി ഞങ്ങൾടെ അവസ്ഥ. 12:45 നാണ് കോയബത്തൂർ നിന്നും മുള്ളി-മഞ്ചൂർ വഴി ഊട്ടിയിലേക്ക് പോകുന്ന തമിഴ്നാട് ആർ ടി സി ബസ്സ് വരുന്നത്. കാനനഭംഗി ആസ്വദിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് മുന്നിലൊരു അതിഥി പ്രത്യക്ഷപ്പെട്ടു വേറാരുമല്ല മലയണ്ണാൻ. പശ്ചിമഘട്ട മലനിരകളിൽ കണ്ടുവരുന്ന അണ്ണാൻ വർഗത്തിലെ ഏറ്റവും വലിപ്പവും സൗന്ദര്യവുമുള്ള ജീവിയാണ് മലയണ്ണാൻ ഏറ്റവും കൂടുതൽ വംശനാശഭീഷണി നേരിടുന്ന ജീവികൂടിയാണ് മലയണ്ണാൻ. ഫോട്ടോ എടുക്കാൻ അനുവാദം ചോദിക്കാൻ പോകുംബോഴേക്കും “പോം പോം” എത്തി ബസ്സെത്തി. “യോഗമില്ല സഹോ” എന്നും പറഞ്ഞു വണ്ടിയിൽ കയറി സൈഡ് സീറ്റ് തപ്പി. അതും പോയി.

ഒരാൾക്ക് ₹31 മുള്ളി-മഞ്ചൂർ, അടിച്ചു പൊളിച്ചാണ് വണ്ടിയുടെ പോക്ക്, കൂട്ടിനു കിടുലൻ തമിഴ് പാട്ടുകളും. കാടിന്റെ വശ്യമനോഹരക്കാഴ്ച്ചകൾ കണ്ടുതുടങ്ങി, ഉടുമ്പാണ് ചുരം കയറ്റത്തിലെ ആദ്യ കാഴ്ച്ച. ഫോട്ടോ എടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തെളിഞ്ഞ ആകാശം വിസ്മയക്കാഴ്ച്ചകളാണ് ഞങ്ങൾക്ക് തന്നത്. ഫോട്ടോ എടുക്കാൻ വേണ്ടി ഞാനും എന്റെ സുഹൃത്തും ബസ്സിന്റെ ഡോർ സൈഡിലാണ് നിൽപ്പ്. കണ്ടക്ടർ ഉറക്കം തുടങ്ങി. അവർക്കിത് സ്ഥിരം കാഴ്ച്ചയാണല്ലോ. ഞങ്ങൾ പരമാവധി കാഴ്ച്ചകൾ കണ്ടാസ്വദിച്ചു. നീലഗിരിയുടെ ഭാഗമായ വനമേഘലയാണ് ഇത്, മലനിരകളുടെ സൗന്ദര്യം ആവാഹിച്ചു നിൽക്കുന്ന പ്രദേശം. വഴിയിലുടനീളം അപ്പർ ഭവാനി ജലവൈദ്യുത പദ്ധതികൾ കാണാം.

പെട്ടെന്ന് വീണ്ടി ഒരു സഡൻ ബ്രേക്ക്.. ചുമ്മാ പുറത്തേക്ക് തലയിട്ടു ഒന്നുനോക്കി, ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് അതാനിൽക്കുന്നു അവൻ നല്ല യമണ്ടൻ കാട്ടുപോത്ത് ഒരു നിമിഷം ഞങ്ങൾ സ്തംഭിച്ചു നിന്നു. ഒന്നും നോക്കിയില്ല ഒരു ഫോട്ടോ അങ്ങ് എടുത്തു. കാമറയുടെ ഷട്ടർസ്പീഡും ബസ്സിന്റെ സ്പീഡും നന്നായി യോജിച്ചതിനാൽ കിടുലൻ ഫോട്ടോ കിട്ടി (അൽപം മങ്ങിപ്പോയൊന്നൊരു സംശയമില്ലാതില്ല). അങ്ങനെ കയറ്റം കയറവെ വണ്ടി പണി തന്നു. നേരത്തേ ഇട്ട സടൻ ബ്രേക്ക് ആണ് പണിതന്നത്. ഏതായാലും നിർത്തിയ സ്പോട്ടുകൊള്ളാം വീണ്ടും ഫോട്ടോഗ്രഫി(ഞങ്ങൾക്കു മാത്രം). ബസ്സ് ഓക്കെയായി. കയറ്റംകയുന്തോറും തണുപ്പ് കൂടിക്കൂടി കൂടി വന്നു ചെവികൾ അടഞ്ഞു തുടങ്ങി. മഞ്ചൂർ എത്തിയപ്പോൾ സമയം 2:15. അപ്പോഴേക്കും 43 കൊടും വളവുകൾ പിന്നിട്ട് കഴിഞ്ഞിരുന്നു.

മഞ്ചൂർ ഞങ്ങളെ വരവേറ്റത് കാറ്റും,മഴയും,കോടമഞ്ഞും ചേർന്നാണ്. നല്ല തണുപ്പ് ഞാൻ മെല്ലെ എന്റെ ജാക്കെറ്റ് എടുത്തിട്ടു, ഞാൻ മാത്രമേ ജാക്കെറ്റ് എടുത്തിട്ടുണ്ടായിരുന്നുള്ളു. കുട നിവർത്തി ബസ്സിറങ്ങി, ഭക്ഷണം തേടിയായി യാത്ര. ചുടൂചായയും ദോശയും സാമ്പാറും അടിപൊളി, വയറുനിറച്ച് ഭക്ഷണം കഴിച്ചു. മഞ്ചൂർ നടന്നു കാണാൻ ഞങ്ങൾ തീരുമാനിച്ചു. തേയില തോട്ടങ്ങളും, നീലഗിരി താഴ്‌വരയും, കോടമഞ്ഞിൻ മലനിരകളും വർണ്ണനാതീതമായിരുന്നു ആ കാഴ്ച്ചകൾ. കാറ്റും മഴയും മഞ്ഞും കൂടി കൂടി വന്നു. ഞങ്ങൾ ഒരു മരച്ചുവട്ടിലേക്ക് മാറിനിന്നു. ജാക്കറ്റിട്ടതിനാൽ എനിക്ക് വല്യ കുഴപ്പമില്ല. എങ്കിലും എന്റെ സുഹൃത്ത് കിടുകിടാന്ന് വിറയ്ക്കുന്നുണ്ടായിരുന്നു. അവനെന്റെ ജാക്കറ്റ് വേണമെന്ന് പറയുന്നത് പോലെ തോന്നിയെങ്കിലും കേട്ടഭാവം ഞാൻ നടിച്ചില്ല.

പെട്ടെന്ന് “ഷും…ഷൂം…..” എന്ന ശബ്ദത്തോടെയാണവൻ(കാറ്റ്) വന്നത്, എനിക്കാദ്യമായിട്ടാണിങ്ങനൊരനുഭവം ലഭിച്ചത് . പത്താം ക്ലാസ്സിൽ പഠിച്ച രാകേഷ് ആന്റ് ദി ചെറി ട്രി എന്ന ഇംഗ്ലീഷ് ചെറുകഥയാണപ്പോൾ ഓർമ്മ വന്നത് ദേവദാരു മരങ്ങളിൽ തട്ടിവരുന്ന കാറ്റിനെ കുറിച്ച് അതിൽ മനോഹരമായി പ്രതിപാദിച്ചിരുന്നു. ചെറുതായിട്ടൊന്ന് ചൂടാവാൻ വേണ്ടി ഞങ്ങൾ ഓരോ കട്ടൻ അകത്താക്കി. മഞ്ചൂരിൽ നിന്നും എങ്ങും പോവേണ്ട എന്ന അവസ്ഥയായി ഞങ്ങൾക്കപ്പോൾ.  ഊട്ടിക്ക് പോകണോ അതോ വന്നവഴി തിരിച്ചിറങ്ങണോ? ഒന്നുകൂടി മഞ്ചൂരിന്റെ വിസ്മയങ്ങൾ കാണാൻ……. ഒരാനയെ കാണാൻ വന്ന ഞങ്ങൾക്ക് ഒരായിരം ആനക്കാഴ്ച്ചകൾ തന്ന മഞ്ചൂരിന് കാക്കത്തൊള്ളായിരം നന്ദി……….. വെറുതെ വിടൂല്ല ഞങ്ങൾ വീണ്ടും വരും നിന്നെക്കാണാൻ.

യാത്ര ചെയ്തവർ -കേശവൻ,മിറോജ്,ഷിജു. യാത്രചിലവ് ഒരാൾക്ക് (പാലക്കാട്-കൂട്ടത്തറ-മുള്ളി-മഞ്ചൂർ)-₹150(ഭക്ഷണ ചെലവ് ഉൾപ്പെടുത്താതെ).

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply