പാതിരാ സൂര്യന്‍റെ നാട്ടില്‍ “ഫ്ലാം മുതല്‍ മിര്‍ദാല്‍ വരെ” – ഒരു കാഴ്ചാനുഭവം..

ലേഖിക – ഗിരിജാ ദേവി (അടുത്ത കാലത്തു നടത്തിയ സ്കാന്‍ഡിനേവിയന്‍ യാത്രയുടെ ഒരു ചെറിയ ഭാഗം).

ലോകത്തെ ഏറ്റവും സുന്ദരമെന്നു ഖ്യാതിയുള്ള ഒരു ട്രെയിന്‍ യാത്രയെക്കുറിച്ച്…

അന്നത്തെ അവസാന ട്രിപ്പ്‌ യാത്രയ്‌ക്കായി ധാരാളമാളുകള്‍ സ്റ്റേഷന്‍ പരിസരത്ത് കാത്തു നില്‍ക്കുകയാണ്. അവര്‍ക്കൊപ്പം ഞങ്ങളും. തടിയും ഗ്ലാസ്സും ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഒരു സ്റ്റേഷന്‍. പരിസര കാഴ്ചകളില്‍ ലയിച്ചു നില്‍ക്കുമ്പോള്‍ ഒരു ട്രെയിന്‍ സാവധാനം സ്റ്റേഷന്‍റെ അടുത്തെത്തിക്കഴിഞ്ഞു. നോര്‍വെയിലെ ഏറ്റവും വലിയ Fjord എന്ന സ്ഥാനമുള്ള Sogne Fjord-ന്‍റെ കൈവഴിയായ Aurlands Fjord എത്തി നില്‍ക്കുന്നത്, Flamsdalen Valley എന്ന താഴ്വരയിലാണ്. നോര്‍വേയുടെ തെക്കു പടിഞ്ഞാറേ തീരദേശം.

അവിടെ സമുദ്ര നിരപ്പില്‍ നിന്നും 6 അടി മാത്രം ഉയര്‍ന്നു നില്‍ക്കുന്ന ഫ്ലാം സ്റ്റേഷനേയും 2844 അടി ഉയരത്തിലുള്ള മിര്‍ദാല്‍ സ്റ്റേഷനേയും തമ്മില്‍ ബന്ധി പ്പിച്ചു കൊണ്ട് 20 കി.മീ. നീളത്തിലുള്ള റെയില്‍ പാത! അതാണ്‌ FLAMSBANA (Flam Railway). ട്രെയിനില്‍ കയറാനുള്ളവരുടേയും ഇറങ്ങി വരുന്നവരുടേയുംകൂടി നല്ല തിരക്ക്. തിടുക്കത്തില്‍ ഏവരും വണ്ടിയില്‍ കയറി സ്ഥാനം പിടിച്ചു. വിസ്താരമുള്ള ഉള്‍വശം. കാഴ്ചകള്‍ പരമാവധി കാണാന്‍ ഉതകും വിധം വശങ്ങള്‍ ചില്ലിട്ട ബോഗികള്‍. അതുവരെയുണ്ടായിരുന്ന യാത്രാക്ഷീണം മറന്ന് എല്ലാവരും ഉത്സാഹത്തിലാണ്.

ട്രെയിന്‍ സാവധാനം അനങ്ങിത്തുടങ്ങി. പ്രകൃതി ഏറ്റവും സുന്ദരിയാണവിടെ. കാടും മലകളും ഗര്‍ത്തങ്ങളും അരുവികളും നദികളും നിരവധിയായ വെള്ളച്ചാട്ടങ്ങളും ഗുഹകളും പാലങ്ങളും എല്ലാം ആ യാത്രയുടെ ഭാഗങ്ങളാണ്. FLAMSBANA (Flam Railway) – യുടെ പ്രത്യേകത ഏറ്റവും കുത്തനെയുള്ള കയറ്റത്തിലൂടെയാണ് ആ ട്രെയിന്‍ പോകുന്നത് എന്നതാണ്. “World’s Most Steepest Railway Line” എന്നാണ് അതറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും സുന്ദരമായ ട്രെയിന്‍യാത്രകളിലൊന്ന്‌ എന്ന പെരുമയും ഫ്ലാം റെയില്‍വേയ്ക്കുണ്ട്‌.

ഏറെക്കുറെ സമതല പ്രദേശങ്ങളില്‍ക്കൂടിയാണ് തുടക്കത്തില്‍ ട്രെയിന്‍ പോകുന്നത്. ഇരുവശവും ധാരാളം പുല്‍ മേടുകളും ചെറു വൃക്ഷങ്ങളും നിറഞ്ഞ ഭൂമി. അവിടവിടെയായി വീടുകള്‍ കാണാനുണ്ട്. എട്ടോ പത്തോ വീടുകള്‍ മാത്രമുള്ള കൂട്ടങ്ങളാണ്. പിന്നീടങ്ങോട്ട് ഭൂമിയുടെ സ്വഭാവം വ്യത്യാസപ്പെട്ടു തുടങ്ങി. പാറയും കല്ലും നിറഞ്ഞ മലകള്‍. കുന്നിന്‍ മുകളിലേക്കു മലമ്പാമ്പിനെപ്പോലെ വളഞ്ഞും പിരിഞ്ഞും കിടക്കുന്ന നടവഴികള്‍. വൃക്ഷങ്ങള്‍ക്കിടയിലൂടെ പാതയുടെ ഭാഗങ്ങള്‍ കാണാനുണ്ട്. നീര്‍ച്ചാലുകള്‍ മലഞ്ചരിവിലൂടെ ഒലിച്ചിറങ്ങുന്നു.

Flamsdalen Valley എന്നാണവിടം അറിയപ്പെടുന്നത്. ആ മലമ്പാതയിലേക്ക് കയറിപ്പോകുന്ന കാല്‍നട യാത്ര ക്കാരെയും ബൈക്കു യാത്രികരെയും കാണാം. വലതു ഭാഗത്തെ താണ പ്രദേശത്തുകൂടി വീതി കുറഞ്ഞ ഒരു നദി ഒഴുകുന്നു. പ്രദേശത്തിന്‍റെ നിമ്നോന്നതങ്ങള്‍ക്കനുസരിച്ച് തല്ലിത്തെറിച്ചുകൊണ്ടാണ് അതിന്‍റെ ഒഴുക്ക്. ചെറിയ തോതിലുള്ള കൃഷിയിടങ്ങളും അവിടവിടെയായിട്ടുണ്ട്. ഫ്ലാം സ്റ്റേഷനില്‍ നിന്നും രണ്ടു മൂന്നു കി.മീ. പിന്നിടുമ്പോള്‍ മറ്റൊരു settlement കാണാം. Flamselvi നദിക്കരയില്‍. അവിടെ ടാര്‍-ബ്രൌണ്‍ നിറത്തില്‍ കാണുന്ന പള്ളിയാണ് പുരാതനമായ Flam Church. വൈക്കിംഗ് കാലഘട്ടത്തില്‍ നിര്‍മ്മിച്ച ഒരു പാരിഷ് പള്ളി. 1667-ല്‍ പുനര്‍ നിമ്മിച്ചതാണത്. വൈക്കിംഗ് കാലഘട്ടത്തില്‍ത്തന്നെ ആ പര്‍വത സാനുക്കളില്‍ മനുഷ്യ വാസം ഉണ്ടായിരുന്നു എന്നതിനു തെളിവാണത്. കാഴ്ചയില്‍ അത്ര വലിപ്പം തോന്നുകില്ലെങ്കിലും ഗാംഭീര്യമുള്ള നിര്‍മ്മിതി. ഒരു കാല്‍പ്പനികത ആ ദേവാലയ പരിസരത്ത്‌ നിറഞ്ഞു നില്‍ക്കുന്നു. യൂറോപ്പില്‍ കെട്ടിടങ്ങള്‍ക്കോ പുരയിടങ്ങള്‍ക്കോ സാധാരണയായി ചുറ്റുമതില്‍ കാണാറില്ലെങ്കിലും ഈ പള്ളിയെ വലയം ചെയ്ത് ഒരു കന്മതില്‍ കെട്ടുണ്ട്. ധാരാളം ശവകുടീരങ്ങള്‍ പള്ളിക്കു ചുറ്റുമായി കാണാനുമുണ്ട്.

വൈക്കിംഗ് കാലഘട്ടത്തില്‍ നോര്‍വേയുടെ പല ഭാഗങ്ങളിലും ധാരാളം steve churches ഉണ്ടായിരുന്നത്രേ. മദ്ധ്യകാല ഘട്ടത്തില്‍ യൂറോപ്പില്‍ പൊതുവേ അവലംബിച്ചിരുന്ന നിര്‍മ്മാണ ശൈലിയായിരുന്നു തടി കൊണ്ടുള്ള കെട്ടിട നിര്‍മ്മാണം. അതില്‍ കുറെയൊക്കെ നില നിര്‍ത്തിയിരിക്കുന്നതും നോര്‍വേയിലാണ്. അങ്ങനെ പുനര്‍ നിര്‍മ്മിച്ചവയില്‍ ഒന്നാണ് “ഫ്ലാം ചര്‍ച്ച്”. ഇപ്പോഴും ആരാധന നടത്തുന്ന ദേവാലയമാണത്.

പള്ളിയോടു ചേര്‍ന്ന് ഔട്ട്‌ഹൗസ് എന്നോ അറപ്പുര എന്നോ കരുതാവുന്ന വിധത്തില്‍ മറ്റൊരു ചെറിയ കെട്ടിടം കാണുന്നു. കാലപ്പഴക്കം കൊണ്ട് അതിന്‍റെ മേല്കൂര പുല്ലു കിളുര്‍ത്തു മൂടിയിരിക്കുകയാണ്. പള്ളിയുടെ സമീപം “Flamselvi” നദിയുടെ ഇരു കരകളെയും തമ്മില്‍ ഒരു പാലം കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു. ഭംഗിയോടെയും ആസൂത്രണ തികവോടെയും ഉണ്ടാക്കി യിരിക്കുന്ന ഒരു ചെറുഗ്രാമം. നമ്മുടെ നാട്ടിലെ ആദിവാസി ഗോത്രങ്ങളെപ്പോലെയുള്ള ജീവിതശൈലിയല്ല ആ താഴ്വരയില്‍ കാണുന്നത്. ആധുനികമായ എല്ലാ ജീവിത സൗകര്യങ്ങളും അവിടത്തെ ഭരണാധികാരികള്‍ ആ മലമടക്കുകളില്‍ ചെയ്തു കൊടുത്തിട്ടുണ്ട്.

മുമ്പോട്ടുള്ള യാത്ര ധാരാളം വലിയ മലകളും പര്‍വതങ്ങളും താണ്ടി യുള്ളതാണ്. നമുക്കു കടന്നു പോകേണ്ടതായ പാത തന്നെയാണ് മേലേത്തട്ടിലുള്ള പര്‍വത പാര്‍ശ്വങ്ങളില്‍ കാണുന്നത്, എന്നോര്‍ത്തപ്പോള്‍ ഭയം തോന്നി. പ്രകൃതിയുടെ മാറി മാറി വരുന്ന സൗന്ദര്യക്കാഴ്ചകളിലേക്കെത്തുമ്പോള്‍ ട്രെയിനിലുള്ളവരെല്ലാം സന്തോഷം കൊണ്ട് ആര്‍ത്തു രസിക്കുകയാണ്. അധികം താമസിയാതെ വലതു ഭാഗത്തെ പര്‍വതാഗ്രത്തു നിന്നും വെള്ളിരേഖ പോലെ മൂന്നു നീര്‍ച്ചാലുകള്‍ ഒഴുകിയിറങ്ങുന്നു. ട്രെയിന്‍ മുമ്പോട്ടു പോകുംതോറും രേഖകള്‍ക്ക് കൂടുതല്‍ ഘനം കൈവന്ന പോലെ തോന്നി. ഒരേ വെള്ളച്ചാട്ടത്തിന്‍റെ മൂന്നു കൈവഴികളാണവ. Rjoandefossen എന്ന വെള്ളച്ചാട്ടമാണത്. അതിന്‍റെ മൂന്നു കൈവഴികളില്‍ ഏറ്റവും ഉയരത്തില്‍ നിന്നു പതിക്കുന്നതിന് 147 മീ. ഉയരമുണ്ട്. “ഫ്ലാം റെയില്‍വേയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണത്.

വെള്ളച്ചാട്ടത്തിന്‍റെ ഭംഗി ആസ്വദിച്ചിരിക്കെ ട്രെയിന്‍, ഉദ്ദേശം അര കി.മീ. നീളമുള്ള ഒരു ടണലിലേക്ക്‌ കയറിത്തുടങ്ങി. അത് അവസാനിക്കുന്നിടത്ത് ഒരു സ്റ്റേഷനാണ്. അവിടെ നിന്നും കുറച്ചു കൂടി മുമ്പോട്ടു പോയാല്‍ ‘Hoga’ എന്ന സ്ഥലത്തുവച്ച് ട്രെയിന്‍ നദിയെ മറി കടക്കുകയാണ്. എന്നാല്‍ അവിടെ നദിയാണ് ഭൂമിക്കടിയിലെ തുരങ്കത്തിലൂടെ കടന്നു പോകുന്നത്. അടുത്ത സ്റ്റേഷനില്‍ എത്തിയപ്പോള്‍ ട്രെയിന്‍-ന് അല്‍പ്പസമയത്തെ കാത്തിരിപ്പു വേണ്ടിവന്നു. എതിര്‍ ദിശയില്‍ നിന്നു വരുന്ന വണ്ടിയെ കടത്തി വിടുന്നതിനായിരുന്നു ആ താമസം. അപ്പോഴേക്കും ട്രെയിന്‍ പര്‍വതാരോഹണത്തിന്‍റെ പകുതി ദൂരം പിന്നിട്ടിരുന്നു. പിന്നീടങ്ങോട്ട് ഒന്നൊന്നായി പല ചെറിയ ടണലുകള്‍ കയറിയിറങ്ങിയാണ് യാത്ര. ഒരിക്കല്‍ക്കൂടി Flamselvi നദിയെ മറികടന്നു പോവുകയാണ്. അവിടെയും നദിയുടെ ഗതി തുരങ്കത്തിലൂടെത്തന്നെ.

അടുത്തത്‌ ആ പാതയിലെ ഏറ്റവും നീളം കൂടിയ ടണല്‍ “Nali Tunnel”. അതു കടന്നു ചെന്നാല്‍ “Kjosfossen” സ്റ്റേഷന്‍. അവിടെയാണ് Kjosfossen വെള്ളച്ചാട്ടം. ഹൂങ്കാര ശബ്ദത്തോടെ പതിക്കുന്ന ആ വെള്ളച്ചാട്ടം അടുത്തു കാണാന്‍ സാധിക്കുന്ന വിധമാണ് ആ സ്റ്റേഷന്‍റെ സ്ഥാനം. വെള്ളച്ചാട്ടം അടുത്തു കാണാനും ഫോട്ടോയെടുക്കാനും മറ്റുമായി പത്തു മിനിട്ടു സമയം ആ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി. വെള്ളച്ചാട്ടത്തിന്‍റെ വശത്തേക്ക് പ്രത്യേകമായി നിര്‍മ്മിച്ചിരിക്കുന്ന ഉരുക്കു പാലത്തില്‍ നിന്നുകൊണ്ട് അതു നന്നായി കാണാനാവും. റെയില്‍ പാളത്തിന്‍റെ നേര്‍ക്ക് ഒഴുകിയെത്തുന്ന ജല പ്രവാഹം പാളത്തിനടിയിലെ തുരങ്കത്തിലൂടെ മറുവശത്തേക്കൊഴുകി Flamselvi നദിയില്‍ ചേരുകയാണ്.

ട്രെയിനില്‍ നിന്നിറങ്ങുമ്പോള്‍ത്തന്നെ മുരളീരവം പോലെ ഒഴുകിയെത്തുന്ന സംഗീതം ആ സ്റ്റേഷന്‍ പരിസരമാകെ അലയടിക്കുകയാണ്. വെള്ളച്ചാട്ടത്തെ നോക്കി നില്‍ക്കുമ്പോള്‍ അതാ, ശോണ വര്‍ണമായ ഉടയാടയണിഞ്ഞ്‌, സംഗീതത്തിനൊപ്പം ചടുല നൃത്തം ചെയ്യുന്ന ഒരു സുന്ദരി ജലപാതത്തിന്‍റെ ഉച്ചസ്ഥായിയായ സ്ഥാനത്ത്. അവള്‍ക്കു ചുറ്റും പ്രകാശ വലയവും. വിജനമായ ആ വനമേഖലയില്‍ അവള്‍ എവിടെ നിന്നു വന്നു? എങ്ങനെ ആ ഔന്നത്യത്തില്‍ എത്തിച്ചേര്‍ന്നു? ഉത്തരമില്ലാത്ത ചോദ്യങ്ങള്‍! കൈലാസത്തിലെ അപ്സരസ്സുകളെപ്പറ്റി കേട്ടിട്ടുണ്ട്. കണ്ണുചിമ്മി ഒന്നുകൂടി സൂക്ഷിച്ചു നോക്കി. കള്ളിപ്പാലയിലെ യക്ഷിയമ്മയോ ? അതോ സാക്ഷാല്‍ ദേവനായകിയോ !! പിന്നീടാണ് മനസ്സിലായത്‌ ഇതിനു പിന്നിലെ രസതന്ത്രം. നൂറ്റാണ്ടുകളായി അവിടെ നിലനില്‍ക്കുന്ന ഒരു പ്രാദേശിക വിശ്വാസമുണ്ട്‌. ഏതോ മായാമോഹിനി ആ പര്‍വത ശീര്‍ഷത്തില്‍ വിഹരിക്കുന്നുണ്ട്, എന്ന് അന്ധമായി നിലനില്‍ക്കുന്ന വിശ്വാസം അവിടം സന്ദര്‍ശിക്കുന്നവരെ ഓര്‍മ്മപ്പെടുത്തുകയാണ് ആ നിയുക്ത നര്‍ത്തകി.

വീണ്ടും ട്രെയിന്‍ മുന്നോട്ടുള്ള യാത്ര തുടര്‍ന്നു. വെള്ളച്ചാട്ടത്തിന്‍റെ കാഴ്ചകളെത്തുടര്‍ന്നുള്ള ആരവങ്ങള്‍ കുറെ നേരത്തേയ്ക്കു ട്രെയിനിനുള്ളില്‍ അലയടിച്ചുകൊണ്ടിരുന്നു. താമസമെന്യേ ട്രെയിന്‍ Reinunga – സ്റ്റേഷനിലെത്തി. ആ ഭാഗത്ത് ഹിമവാഹിനികളായ പര്‍വത ശ്രേണികളുണ്ട്. അവക്കിടയില്‍ പര്‍വത ശിഖരങ്ങളാല്‍ അതിരിട്ട്, വെട്ടിത്തിളങ്ങി കിടക്കുന്ന Reinunga- തടാകം നന്നായി കാണാം. സമുദ്ര നിരപ്പില്‍ നിന്നും 2516 അടി ഉയരത്തിലാണ് ആ തടാകം. Kjosfossen വെള്ളച്ചാട്ടത്തിന്‍റെ ഉറവിടം അവിടെയാണ്. അനിര്‍വചനീയമായ ഒരു കാഴ്ചാനുഭവമാണ് ആ പര്‍വത ശീര്‍ഷത്തില്‍ നിന്നുള്ളത്.

വീണ്ടും ദൈര്‍ഘ്യമുള്ള മറ്റൊരു ടണലിലേക്ക് പ്രവേശിക്കുകയായി. മലയുടെ ഉല്‍ത്തടത്തിലെ പാറ തുരന്നുണ്ടാക്കിയതത്രെ മിക്ക ടണലുകളും. അവിടെ നിന്നും ഒന്നോ രണ്ടോ സ്റ്റേഷന്‍ കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന ഭാഗത്തെ Myrdal സ്റ്റേഷനായി. മിര്‍ദാലിനെ മറ്റു സ്ഥലങ്ങളുമായി റോഡുമാര്‍ഗം ബന്ധിപ്പിച്ചിട്ടില്ല . ഏതാനും മിനിട്ടുകളുടെ ഇടവേളക്കു ശേഷം അതേ ട്രെയിനില്‍ ഫ്ലാമിലേക്കു മടങ്ങിപ്പോരാനും കഴിഞ്ഞു. അതുകൊണ്ട് വീണ്ടുമൊരിക്കല്‍ക്കൂടി ഈ കാഴ്ചകളൊക്കെ കാണാന്‍ കഴിഞ്ഞു എന്നുള്ളത് ഏറെ സന്തോഷകരവും.

യാത്രക്കിടെ പത്തു സ്റ്റേഷനുകളും ഇരുപതു തുരങ്കങ്ങളും ഒരു പാലവും കടക്കേണ്ടതുണ്ട് . പൂര്‍ണ്ണ അര്‍ഥത്തില്‍ ഒരു ടൂറിസ്റ്റു കേന്ദ്രമാണ് Flam Line. Norwegian National Rail Administration – ന്‍റെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള ആ ലൈന്‍ 1940 – ല്‍ സര്‍വീസ് ആരംഭിച്ചതാണ്. നോര്‍വേ സന്ദര്‍ശിക്കുന്ന ഏതൊരു യാത്രികനും തീര്‍ച്ചയായും അനുഭവിച്ചറിയേണ്ടതു തന്നെയാണ് “Flam -Myrdal” യാത്ര. ഫ്ലാം – റെയില്‍വേ അനുഭവിച്ചറിഞ്ഞ ഏതൊരാളിനും നിസ്സംശയം പറയാനാവും – “It is a Marvel of Norwegian Engineering”.

ഇതൊക്കെ ആ വന്യതയിലേക്ക് ദിവസേന കടന്നു ചെല്ലുന്ന ആയിരക്കണക്കിന് സഞ്ചാരികളെ സന്തോഷിപ്പിക്കാന്‍ വേണ്ടി മാത്രമുള്ളതല്ല. രാജ്യത്തിന്‍റെ ഖജനാവിലേക്കുള്ള ധന സ്രോതസ്സു കൂടിയാണ്. നമ്മുടെ നാട്ടില്‍ ടൂറിസം എവിടെ എത്തിനില്‍ക്കുന്നു എന്ന സത്യം നാം മനസ്സിലാക്കുന്നത് ഇത്തരം യാത്രാനുഭവങ്ങളിലൂടെയാണ്. ഒരു പക്ഷേ ഇതിലും മെച്ചമായ എത്രയോ വന മേഖലകളും പര്‍വതങ്ങളും ജലപാതങ്ങളും കാട്ടുചോലകളും എല്ലാം നമ്മുടെ നാടിനുമുണ്ട് . അവയൊന്നും വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്താന്‍ നമ്മുടെ ഭരണാധികാരികള്‍ക്കാവുന്നില്ല എന്നത് ഖേദകരമായ ഒരു വസ്തുത.

ഫ്ലാം റെയില്‍വേ സ്റ്റേഷനോടു ചേര്‍ന്ന് ധാരാളം സോവനീര്‍ കടകളും ഭക്ഷണ ശാലകളും എല്ലാമുണ്ട്. അവിടെ നിന്നു തന്നെ രാത്രി ഭക്ഷണവും കഴിച്ചു. തനി നോര്‍വീജിയന്‍ ഭക്ഷണം. അന്നത്തെ യാത്രക്കിടയില്‍ സംഭവിച്ച സമയനഷ്ടം കാരണം Gudvangen – ലേക്കുള്ള ഫെറി ട്രിപ്പ്‌ ഒഴിവാക്കേണ്ടതായി വന്നു. പകരം റോഡു മാര്‍ഗം ബെര്‍ജനിലേയ്ക്ക്. രാത്രി 10 മണിയായിരിക്കുന്നു. അപ്പോഴും സൂര്യന്‍ അസ്തമിച്ചിരുന്നില്ല. നോര്‍വേയില്‍ ചില സ്ഥലങ്ങളില്‍ വേനല്‍ക്കാലത്ത് സൂര്യനെ 24 മണിക്കൂറും കാണാനാവും എന്നത് മറ്റൊരു വിസ്മയം.

Check Also

മാളൂട്ടി ചിക്കൻ കോർണർ; പാലോട്ടുവിളയിലെ വിജയൻ ചേട്ടൻ്റെ കട

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. പാലോട്ടുവിളയിലെ വിജയൻ ചേട്ടന്റെ കട. ഇത് ഒരു …

Leave a Reply