അമ്മയുടെ സന്തോഷത്തിനായി ഒരു വാഗമണ്‍ യാത്ര..!!

അമ്മമാര് സന്തോഷിക്കുന്നത് നമ്മള് മക്കള് ശ്രദ്ധിച്ചിട്ടുണ്ടോ.. ആരെ എങ്കിലും ഒക്കെ കാണുമ്പോ ഉള്ള പുഞ്ചിരി അല്ല.. മനസ് നിറഞ്ഞുള്ള സന്തോഷം. 2016 മെയ്മാസത്തിലെ മഴയുള്ള ഒരു ദിവസം. ഞാനും അമ്മയും വീട്ടുസാധനങ്ങൾ വാങ്ങാനായി ഞങ്ങടെ തൊടുപുഴ ടൗണിലേക് ഒന്നിറങ്ങി. തൊടുപുഴ അങ്ങ് വളർന്നെങ്കിലും ഞങ്ങള്ക് ഇന്നും തൊടുപുഴ ടൗൺ തന്നെയാ.

തൊടുപുഴയിലെ ഗതാഗതക്കുരുക്കിൽ പെട്ടപ്പോൾ ‘അമ്മ അവിടെ കണ്ട എന്തോ ഒന്ന് പയ്യെ വായിക്കുന്നത് കണ്ടു. എന്താണെന്ന് ചോദിച്ചപ്പോൾ വാഗമൺ വലത്തോട്ട് എന്ന ബോർഡ് കണ്ടതാണെന്ന് പറഞ്ഞു. പൊതുവെ യാത്രകളോട് ഭ്രാന്തുള്ള ഞാൻ അമ്മയോട് ചോദിച്ചു. “‘അമ്മ വാഗമൺ പോയിട്ടില്ല..?” ” ഇല്ല .. വീട്ടിലെ ആടിനെയും പശുവിനെയും നോക്കിക്കഴിഞ്ഞിട്ട് അമ്മക്ക് എവിടാ സമയമെന്നു.”

നമ്മടെ തൊടുപുഴയെന്നു 50 km ദൂരമുള്ള വാഗമൺ അമ്മയെ കാണിക്കാൻ പറ്റിയില്ലേൽ നമ്മളൊക്കെ എന്നാ ട്രിപ്പ് പോയെന്ന് പറഞ്ഞിട്ടെന്നാ . വലത്തോട്ട് ഇൻഡിക്കേറ്റർ ഇട്ടു വണ്ടി നേരെ വാഗമൺ റൂട്ടിൽ.  അമ്മ ഉടനെ പറഞ്ഞു. ” പശുവും ആടു പറമ്പിൽ നിക്കുകയാ. മഴ കൂടിയാൽ അതിനെ തൊഴുത്തിൽ കയറ്റാൻ ഉള്ളതാണ്.” അതൊന്നും ചെവിക്കൊള്ളാതെ ഞങ്ങൾ ആദ്യമേ പോയത് മലങ്കര ജലാശയത്തിലേക് ആണ്. മഴ കാരണം ഷട്ടറുകൾ തുറന്നിരിക്കുകയായിരുന്നു. അതിലൂടെ വെളുത്തു നുരഞ്ഞു പതഞ്ഞു വരുന്ന വെള്ളംനോക്കി ഞങ്ങൾ കുറച്ച നേരം നിന്നു.

  

പിന്നീട് ഞങ്ങൾ നേരെ കാഞ്ഞാർ നിന്നും വലത്തോട്ട് ഉള്ള വഴിയിലൂടെ കയറ്റം കയറി. കുറച്ച ദൂരം പിന്നിട്ടപ്പോളെക്കും മയിൽ പീലി വിടർത്തിയാടുന്നപോലെ പ്രകൃതി തന്റെ സൗന്ദര്യം ഞങ്ങളുടെ കണ്മുന്നിൽ പ്രകാശിപ്പിച്ചു. എങ്ങും പച്ചപ്പ് . ചുറ്റിനും കോടമഞ്ഞു. നേരിയ ചാറ്റൽമഴ.. ഹസാഡ് ലൈറ്റും ഇട്ടു ഞങ്ങടെ Ritz ആ കോടമഞ്ഞിനെ മുറിച്ചു മുന്നോട്ടു കുതിച്ചുകൊണ്ടിരുന്നു. ഈയിടെയായി മിക്ക മലയാള ചിത്രങ്ങളിലും കണ്ടുവരുന്ന വാഗമൺ റൂട്ടിലെ ” S ” പോലത്തെ വളവിൽ ഞങ്ങൾ വണ്ടി നിർത്തി. അല്പനേരം അവിടെ ഇറങ്ങി നിന്നു. ദൃശ്യത്തിൽ മോഹൻലാൽ മൊബൈൽ ഫോൺ national permit ലോറിയിൽ ഇടുന്നത് ഇവിടെ നിന്നാണെന്ന് അമ്മക്ക് പറഞ്ഞുഒടുത്തു.

പിന്നീട് ഞങ്ങൾ നേരെ തേയിലത്തോട്ടത്തിനു നടുവിലൂടെ മൊട്ടക്കുന്നിലേക്കു നീങ്ങി . വിനോദ സഞ്ചാരികളുടെയും സിനിമക്കാരുടെയും ഏറ്റവും ആകർഷിക്കുന്ന ഇടമാണ് മൊട്ടക്കുന്നു. മരങ്ങളോ മറ്റു ചെടികളോ ഇല്ലാതെ പച്ചപ്പിനാൽ നിറഞ്ഞു നിൽക്കുന്ന മുട്ടയുടെ പുറം ഭാഗം പോലെ കാണുന്നത്കൊണ്ടാണ് മൊട്ടക്കുന്നു എന്ന് പേര് വന്നത്. കോടമഞ്ഞു മൂലം വാഹനങ്ങൾ മെല്ലെ വരിവരിയായി നീങ്ങുകയാണ് മൊട്ടക്കുന്നിന് സമീപത്തു. മലകയറാൻ പ്രയാസം ഉള്ള ‘അമ്മ മൊട്ടക്കുന്നിലെക് അനായാസം നടന്നുകയറി.

ഇടുക്കി കഴിഞ്ഞിട്ടേ വേറൊരു സ്വർഗം ഒള്ളു എന്ന് ഞാൻ പറഞ്ഞത് സത്യം ആണെന്ന് അന്ന് അമ്മക്ക് മനസിലായി. കുന്നിന്റെ മുകളിൽ തണുത്ത കാറ്റേറ്റ് നിൽക്കുന്ന അമ്മയുടെ മുഖത്തു ഒരിക്കലും കാണാത്ത ഒരു സന്തോഷവും പ്രസന്നതയും ഞാൻ കണ്ടു. പലവട്ടം വാഗമൺ വന്നിട്ടുണ്ടെങ്കിലും വാഗമൺ ഒരു അദ്ഭുതം ആയി എനിക്ക് തോന്നിയത് അന്നാണ്. അമ്മയുടെ മുഖത്തെ സന്തോഷം ഞാൻ അങ്ങനെ നോക്കി നിന്നു. 1100 mtr ഉയരത്തിൽ ഉള്ള വാഗമൺ ബ്രിട്ടീഷുകാർ ചായപ്പൊടിയുടെ ഉൽപ്പാദനത്തിനായാണ് രൂപകൽപന ചെയ്തെടുത്ത്.

മൊട്ടക്കുന്നു കണ്ടിറങ്ങി പൈൻ മാര്തോട്ടത്തിലേക്കു നീങ്ങിയപ്പോൾ അവിടെ ice ക്രീം വണ്ടി. എത്ര തണുപ്പും മഴയും മഞ്ഞും ആണെങ്കിലും വാഗമണ്ണിൽ ഐസ് ക്രീമിന് നല്ല ചിലവാണ്. ചോക്കോബാര് അമ്മക്ക് വല്യ ഇഷ്ടം ആയത്കൊണ്ട് ഞങ്ങൾ ഓരോരോ ചോകോബാറും വാങ്ങി കഴിച്ചു.

“പൈൻ മരത്തോട്ടം.. ” അവധി സമയം ആയത്കൊണ്ടാകാം ഈ മഴയിലും വാഗമണ്ണിൽ നല്ല തിരക്കാണ്. കുഞ്ഞുന്നാളിൽ എവിടെപ്പോയാലും എന്റെ കയ്യിൽനിന്നു വിടാതെ, ‘അമ്മ നനഞ്ഞാലും എന്നെ കുടക്കീഴിൽനിന്നു മാറ്റാതെ നോക്കിയാ ആ ‘അമ്മ നനയാതെ ഞാൻ കുടയുമായി ചെന്ന് അമ്മയുടെ തോളിൽ കയ്യിട്ടു ഞങ്ങൾ ഒരുകുടക്കീഴിൽ പൈൻ മാര്തോട്ടത്തിലേക്കു നടന്നു. എവിടെനിന്നോ ബസിൽ വന്നിറങ്ങിയ കോളേജ് വിദ്യാർഥികൾ ഞങ്ങടെ ആ നടപ്പു നോക്കി നിൽക്കുന്നുണ്ടായിരുന്നു. അതിൽ ചിലരുടെ മുഖത്തു അസൂയയും, ചിലരുടെ മുഖത്തു കുറ്റബോധവും ഞാൻ കണ്ടു. ഇടതിങ്ങി നിൽക്കുന്ന പൈൻ കാടുകൾ വിനോദ സഞ്ചാരികളുടെ പ്രദാന ആകർഷണ കേന്ദ്രമാണ്. വിവാഹത്തിന് ശേഷമുള്ള വീഡിയോ ഷൂട്ടിനെറ് പ്രദാന കേന്ദ്രം കൂടിയാണ് ഇവിടം. ഇരുപതിൽ കൂടുതൽ വർഷങ്ങൾ പഴക്കമുള്ള പൈൻ മരത്തിന്റെ pulp ഉപായയോഗിച്ചാണ് കറൻസി അച്ചടിക്കുന്നത്.

ആത്മഹത്യ മുനമ്പ് (suicide point ) : സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 1500 Mtr ഉയരത്തിലാണ് സൂയിസൈഡ് പോയിന്റ് സ്ഥിതി ചെയ്യുന്നത്. എന്റെ ഒരു കാഴ്ഴ്ച്ചപ്പാടിൽ ഇവിടെ ആത്മഹത്യാ ചെയ്യാൻ വരുന്നവർ അതിനെക്കുറിച്ചു ചിലപ്പോ മറന്നുവരെ പോയേക്കാം. അത്രയ്ക്ക് സുന്ദരമാണ് ഇവിടം. കോടമഞ്ഞു കാരണം മലയുടെ മുകളിൽ നിന്നുള്ള ദൂര ദൃശ്യങ്ങൾ ഞങ്ങള്ക് സ്വന്തം അല്ലായിരുന്നു. നിർത്താതെ വീശ്ഹുന്ന തണുത്ത കാറ്റും കോടമഞ്ഞും അമ്മക്ക് അധികം നല്ലതല്ലാത്തതുകൊണ്ടു ഞങ്ങൾ അധികം സമയം ചിലവഴിക്കാതെ മലയിറങ്ങി.

ഉച്ചകഴിഞ്ഞു. പ്രകൃതിയെ ഇത്രമാത്രം അടുത്തറിഞ്ഞ അമ്മയെ വിശപ്പ് ബാധിച്ചിട്ടേ ഇല്ലായിരുന്നു. എനിക്ക് അങ്ങനല്ലല്ലോ.. പിന്നീട് ഞങ്ങൾ നേരെ പോയത് കുട്ടിക്കാനത്തേക്കാണ്. വാഗമണ്ണിൽ നിന്നും ഏകദേശം 25 km ദൂരംകാനും. തിങ്ങി നിറഞ്ഞു നിൽക്കുന്ന തേയിലത്തോട്ടം.. വാഗമണ്ണിൽ അതി മനോഹരമായ തേയിലത്തോട്ടങ്ങൾ ഉള്ള സ്ഥലം കുട്ടിക്കാനം ആണ്. ബ്രിട്ടീഷ് ഭരണ കാലത്തു അവർ വേനൽക്കാലം ചിലവഴിച്ചത് വാഗമണ്ണിൽ ആയിരുന്നു. കിഴക്കിന്റെ സ്കോട്ലൻഡ് എന്നാണ് വാഗമൺ അറിയപ്പെടുന്നത്. കുട്ടിക്കാണത് നിന്ന് ഭക്ഷണവും കഴിച്ചു ഞങ്ങൾ വീട്ടിലേക്കു മടങ്ങി.

വിവരണം – Gems Mathew.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply