മണാലിയിലെ ജിന്ന് – സഞ്ചാരികളുടെ സ്വന്തം ‘ബാബുക്ക’യുടെ കഥ..

‘ബാബുക്ക’ എന്നു കേട്ടാൽ പൊതുവെ എല്ലാവരിലും ഓടിയെത്തുന്ന ഒരു മുഖം പ്രശസ്ത സംഗീത സംവിധായകനായിരുന്ന എസ് ബാബുരാജിൻ്റെ ആയിരുന്നു. എന്നാൽ ഇന്ന് ബാബുക്ക എന്നു കേട്ടാൽ ഏറ്റവുമാദ്യം ഓർക്കുക ‘കേറിവാടാ മക്കളേ..’ എന്ന ഒരു ബോർഡും പിന്നെ സഞ്ചാരികളുടെ ജിന്നായ ബാബു സാഗർ എന്ന സഞ്ചാരപ്രിയനെയുമായിരിക്കും. ആരാണീ ബാബുക്ക? എങ്ങനെയാണ് ബാബുക്ക സഞ്ചാരികളുടെ ജിന്ന് ആയത്?

കോഴിക്കോട് ജില്ലയിലെ കടലുണ്ടി സ്വദേശിയാണ് ബാബു സാഗർ. ബെംഗളൂരുവിൽ ബിഎസ്സി മൈക്രോ ബയോളജി പഠിക്കുന്ന സമയത്തായിരുന്നു ബാബുക്കയുടെ മുന്നിൽ യാത്രകളുടെ വഴി തെളിയുന്നത്. അന്ന് കൂട്ടുകാരുമൊത്ത് യമഹ RX100 ബൈക്കിൽ ബാബുക്കയും കൂട്ടുകാരും ട്രിപ്പ് പോയത് ഇന്ത്യയുടെ വടക്കേയറ്റത്തുള്ള ലഡാക്കിലേക്ക് ആയിരുന്നു.

അവിടേക്കുള്ള യാത്രയ്ക്കിടയിൽ മഞ്ഞുവീഴ്ച കനക്കുകയും തൽഫലമായി കുറച്ചു ദിവസം മണാലിയിൽ താമസിക്കേണ്ടി വരികയുമുണ്ടായി. ഒരു പാവം അമ്മൂമ്മയായിരുന്നു അന്ന് ബാബുക്കയ്ക്കും കൂട്ടുകാർക്കും തുണയായത്. ഭക്ഷണവും വഴിച്ചെലവിനുള്ള കാശുമൊക്കെ ആ അമ്മൂമ്മ അവർക്ക് നൽകി. മെഡിക്കൽ സ്റ്റുഡന്റ് ആയ ബാബു സാഗറിന്റെ യാത്രകൾക്ക് തിരി കൊളുത്തിയത് ഈ അമ്മൂമ്മയായിരുന്നു. അവിടെ ജനിക്കുകയായിരുന്നു ബാബുക്ക എന്ന സഞ്ചാരികളുടെ ജിന്ന്.

യാത്രകൾ പിന്നീട് കൂടിക്കൂടി വന്നതോടെ വീട്ടുകാർ ബാബുക്കയുടെ കാര്യത്തിൽ ഇടപെടാൻ തുടങ്ങി. മകനെ ഡോക്ടറാക്കണം എന്നാഗ്രഹിച്ച മാതാപിതാക്കൾ നേരെ റഷ്യയിലേക്ക് അയച്ചു. ഏകദേശം എട്ടു വർഷത്തോളം ബാബു സാഗർ റഷ്യയിൽ പഠനത്തിനും മറ്റുമായി ചെലവഴിച്ചു. എന്നാൽ സഞ്ചാരത്തിൻ്റെ വിത്തുകൾ ഉള്ളിൽ മുളച്ചിരുന്ന ബാബു സാഗർ യൂറോപ്പിലേക്ക് ട്രിപ്പ് പോകുന്നു എന്നപേരിൽ പോയത് മണാലിയിലേക്ക് ആയിരുന്നു.

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെ ബാബുവിനെക്കൊണ്ട് ഒരു ഡോക്ടർ കുട്ടിയെത്തന്നെ വീട്ടുകാർ നിക്കാഹ് കഴിപ്പിച്ചു. ഡോക്ടർ ദമ്പതികൾ നടത്തുന്ന ഒരു ഹോസ്പിറ്റൽ എന്നതായിരുന്നു ഇരുവരുടെയും വീട്ടുകാരുടെ ആഗ്രഹം. എന്നാൽ ഒരു മുഴുവൻ സമയ ഡോക്ടർ ആകുവാൻ ബാബു സാഗർ ഒരുക്കമായിരുന്നില്ല. ഒടുവിൽ സ്വരച്ചേർച്ചകൾ വന്നതോടെ ഭാര്യ വീട്ടിലേക്ക് പിണങ്ങിപ്പോയി. അതോടെ എല്ലാം വിധിപോലെ എന്നു കരുതിയ ബാബു സാഗർ നേരെ തൻ്റെ സ്വപ്ന ഗൃഹമായ മണാലിയിലേക്ക് വച്ചുപിടിച്ചു. കേട്ടവരെല്ലാം “ചെക്കന് വട്ടാണ്’ എന്നായിരുന്നു പറഞ്ഞത്. അവരെ കുറ്റം പറയാൻ പറ്റില്ലല്ലോ – ആരും സ്വപ്നം കാണുന്ന ഡോക്ടർ ജോലിയും കുടുംബവും സ്വത്തുമൊക്കെ വിട്ട് മറ്റൊരിടത്തേക്ക് പലായനം ചെയ്‌താൽ പിന്നെ പൊതുജനം നോക്കിയിരിക്കുമോ?

മണാലിയിലെത്തിയ ഉടനെ കയ്യിലുണ്ടായിരുന്ന സമ്പാദ്യമൊക്കെ ചേർത്ത് അവിടെയൊരു റെസ്റ്റോറന്റ് ആയിരുന്നു അദ്ദേഹം തുടങ്ങിയത്. റെസ്റ്റോറന്റിന്റെ പേര് ‘ബാബുഷ്‌ക’ എന്നായിരുന്നു. റഷ്യൻ ഭാഷയിൽ ‘മുത്തശ്ശി’ എന്നാണു ബാബുഷ്‌ക എന്ന വാക്കിന്റെ അർഥം. പണ്ട് മണാലിയിൽ കുടുങ്ങിയ തന്നെയും കൂട്ടുകാരെയും രക്ഷിച്ച മുത്തശ്ശിയോടുള്ള ആദര സൂചകമായിട്ടായിരുന്നു ഈ പേര് തന്നെ റെസ്റ്റോറന്റിന് നൽകിയത്.

പതിയെപ്പതിയെ ബാബുഷ്‌കയോടൊപ്പം ബാബു സാഗറും മണാലിയിൽ പൊന്നു വിലയിക്കുവാൻ തുടങ്ങി. കൃഷിത്തോട്ടവും ഫാം ഹൗസും ഒക്കെ ബാബു അവിടെ പ്രയത്നത്താൽ സ്വന്തമാക്കി. അതിനിടയിൽ അവിടത്തുകാരെ സൗജന്യമായി ചികിൽസിക്കുവാൻ ഇടയ്ക്കിടെ ഡോക്ടറുടെ വേഷവും ബാബു സാഗർ അണിയുവാൻ തുടങ്ങി. അതോടെ കൊയിലാണ്ടിക്കാരൻ ബാബു സാഗർ മണലിക്കാർക്ക് പ്രിയപ്പെട്ട ‘ഡോക്ടർ ഭയ്യ’ ആയിമാറി.

ഈ സമയത്തായിരുന്നു ഫേസ്‌ബുക്കിൽ വിവിധ സഞ്ചാര ഗ്രൂപ്പുകൾ പിറവിയെടുക്കുന്നത്. ഈ ഗ്രൂപ്പുകൾ വഴി ബാബു സാഗറിന്റെ കഥയും സഞ്ചാരപ്രേമവും എല്ലാം പുറംലോകം അറിയുവാൻ തുടങ്ങി. ചില സഞ്ചാരികൾ ബാബു സാഗർ എന്ന ഈ സഞ്ചാരപ്രിയനെ നേരിൽക്കാണുവാനായി മണാലിയിലേക്ക് വെച്ചുപിടിച്ചു. തന്നെത്തേടി വന്നവരെ ബാബു സാഗർ നന്നായി സൽക്കരിച്ചായിരുന്നു അമ്പരപ്പിച്ചത്. അവർക്കെല്ലാം തന്റെയൊപ്പം ഭക്ഷണവും താമസവും ഒരുക്കുകയും അവരോടൊപ്പം യാത്രകളിൽ ടീം ലീഡറായി പങ്കെടുക്കുകയും ചെയ്തതോടെ ബാബു സാഗർ എന്ന മനുഷ്യൻ എല്ലാവർക്കും ‘ബാബുക്ക’ ആയി മാറി. ‘സഞ്ചാരികളുടെ ജിന്ന്’ എന്ന വിളിപ്പേരും ബാബുക്കയ്ക്ക് ലഭിച്ചു.

കൂടുതൽ സഞ്ചാരികൾ തന്നെക്കാണുവാനായി എത്താൻ തുടങ്ങിയതോടെ ബാബുക്ക വീടിനു മുന്നിൽ ഒരു ബോർഡ് വെച്ചു. അതിൽ ഇപ്രകാരമാണ് എഴുതിയിരുന്നത് – “കേറിവാടാ മക്കളേ..”. നമ്മുടെ സ്വന്തം വീട്ടിലേക്ക് ഒരു മൂത്ത ജേഷ്ഠൻ കൈകാട്ടി വിളിക്കുന്നതു പോലെയാണ് ഈ ബോർഡ് കണ്ടാൽ സഞ്ചാരികൾക്ക് ഫീൽ ചെയ്യുക.

ബാബുക്കയുടെ കൂടെ താമസിക്കുവാൻ എത്തുന്നവരിൽ സിനിമാതാരങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ, കോളേജ് വിദ്യാർഥികൾ, സാധാരണക്കാരായ സഞ്ചാരികൾ തുടങ്ങി പല വിഭാഗക്കാരുണ്ട്. എല്ലാവരെയും ബാബുക്ക കാണുന്നത് ഒരേതട്ടിൽ.. പ്രകൃതിയെ നോവിക്കാതെ സഞ്ചരിക്കുന്നവനാണ് യഥാർത്ഥ സഞ്ചാരി എന്നാണു ബാബുക്കയുടെ പക്ഷം. അതുകൊണ്ടുതന്നെ പ്രകൃതിയെ തൊട്ടറിയുവാനുള്ള സാഹസിക യാത്രകൾക്കാണ് ഇപ്പോൾ ബാബുക്ക മുൻതൂക്കം കൊടുക്കുന്നതും.

എവറസ്റ്റ് ബേസ് ക്യാമ്പും മറ്റു പർവ്വതങ്ങളും താണ്ടി വന്നിരിക്കുമ്പോഴാണ് ബാബുക്കയുടെ ഉള്ളിൽ അടുത്ത ലഡു പൊട്ടിയത്. ആർട്ടിക് പോളാർ എക്സ്പിഡിഷൻ. ഫിയാൽ റാവൻ എന്ന സ്വീഡിഷ് കമ്പനിയാണ് ഈ എക്സ്പിഡിഷൻ സംഘടിപ്പിക്കുന്നത്. മൈനസ് 30 ഡിഗ്രി തണുപ്പിലൂടെ 300 കിലോമീറ്റര്‍ വരുന്ന ആര്‍ട്ടിക്ക് മേഖല മുറിച്ചു കടക്കുന്ന അതിസാഹസികമായ പ്രകടനമാണ് ഇത്.

ലോകത്തെ തന്നെ ഏറ്റവും സാഹസികമായ ആര്‍ട്ടിക് പോളാര്‍ എക്സ്പെഡിഷനില്‍ ഇത്തവണ മത്സരിക്കുവാൻ നമ്മുടെ ബാബുക്കയും തീരുമാനിച്ചു. കഴിഞ്ഞ വർഷം മലയാളിയായ പുനലൂർ സ്വദേശി നിയോഗ് ഈ മത്സരത്തിൽ പങ്കെടുക്കുയും വിജയകരമായി പൂർത്തിയാക്കുകയും ചെയ്തിരുന്നു. അന്ന് നിയോഗിനു വേണ്ട നിർദ്ദേശങ്ങളും മറ്റും നൽകി ഒരു രക്ഷാധികാരിയെപ്പോലെ നിന്നയാളാണ് ബാബുക്ക. ഇപ്പോഴിതാ അതേ മത്സരത്തിൽ ബാബുക്കയും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 20 പേർക്ക് ആയിരിക്കും ഇതിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. രാജ്യങ്ങളെ 10 വിഭാഗങ്ങളായി തരംതിരിച്ചു ഓണ്‍ലൈന്‍ വോട്ടിങ് സംവിധാനം വഴി വോട്ടിങ്ങില്‍ ആദ്യ സ്ഥാനത്തെത്തുന്ന പ്രതിനിധികള്‍ക്കാണ് ആര്‍ട്ടിക്ക് ദൗത്യത്തിന് ആദ്യം അര്‍ഹത ലഭിക്കുക. ബാക്കി 10 സഞ്ചാരികളെ ജൂറിയുടെ തീരുമാനത്തില്‍ തിരഞ്ഞെടുക്കപ്പെടും.

അതുകൊണ്ട് ഇത്തവണ മത്സരത്തിൽ പങ്കെടുക്കുവാൻ നമ്മുടെ എല്ലാമെല്ലാമായ ബാബുക്കയ്ക്ക് നമ്മുടെ പക്ഷത്തു നിന്നും വിലയേറിയ വോട്ടുകൾ ആവശ്യമായിരുന്നു. സംഭവം ബാബുക്കയുടെ സുഹൃത്തുക്കളും സഞ്ചാര ഗ്രൂപ്പുകളും മാധ്യമങ്ങളും ഏറ്റെടുത്തതോടെ രണ്ടാം സ്ഥാനത്തു നിന്നിരുന്ന ബാബുക്ക ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. നിലവിൽ ബാബുക്കയാണ് ലിസ്റ്റിൽ ഒന്നാമതായി വിജയിച്ചത്. പലരും പണം നൽകിയാൽ പതിനായിരക്കണക്കിന് വോട്ടുകൾ നൽകാം എന്ന പ്രലോഭനങ്ങളുമായി സമീപിച്ചെങ്കിലും നേരായ മാർഗത്തിലൂടെ മാത്രമുള്ള വിജയത്തിന് മാത്രമേ മാധുര്യമുള്ളു എന്നായിരുന്നു ബാബുക്ക അവർക്ക് നൽകിയ മറുപടി.

ഒരിന്ത്യക്കാരൻ എന്ന നിലയിലും ഒരു മലയാളി എന്ന നിലയിലും നമുക്ക് അഭിമാനമാകട്ടെ നമ്മുടെ സ്വന്തം ജിന്നായ ബാബുക്ക. നയാത്രകൾക്ക് വേണ്ടി ജീവിതം മുഴുവൻ മാറ്റിവെച്ച ഈ വ്യക്തിയെ എല്ലാവരും അറിയട്ടെ..

Check Also

ഹൈവേ ഹിപ്നോട്ടിസം : ബൈക്ക് റൈഡർമാരെ കാത്തിരിക്കുന്ന ഒരു അപകടം

വിവരണം – ജംഷീർ കണ്ണൂർ. ലഡാക്ക് പോലുള്ള ദീർഘദൂര യാത്രയ് ഒരുങ്ങിയവർ ഇത് വായിക്കാതെ പോകരുത്. റോഡ് യാത്രകൾ എല്ലായ്പ്പോഴും …

Leave a Reply