ആനമടയിലെ ജ്വലിക്കുന്ന കണ്ണുകൾ; ഒരു കിടിലന്‍ യാത്രാനുഭവം…!!

തുടക്കം മോശമാകുന്ന യാത്രകൾ പലതും അത്ഭുധങ്ങൾ സമ്മാനിച്ചിട്ടുണ്ട്, അതിൽ ഒന്നായിരുന്നു കഴിഞ്ഞ ആനമട യാത്ര.

ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിൽ ഒന്നാണ് ആനമട. ഏകദേശം 40 പേർ മാത്രം വസിക്കുന്ന ആനമട എന്ന മലമുകളിലെ ഗ്രാമം…

രാവിലെ തുടങ്ങാനിരുന്ന യാത്ര നല്ല കന പോസ്റ്റിനുശേഷം 12 മണിയോടെയാണ് തുടങ്ങാൻ കഴിഞ്ഞത്. തൃശൂർ നിന്ന് മണ്ണുത്തി വഴി പട്ടിക്കാട് എത്തിയപ്പോൾ അടുത്ത പണി കൂട്ടത്തിലെ ഒരു വണ്ടി പണി മുടക്കി അങ്ങനെ മറ്റൊരു വെടികെട്ട് പോസ്റ്റ്‌.

എല്ലാ പോസ്റ്റുകൾക്കും ഒടുവിൽ നെല്ലിയാമ്പതി വഴി പുലയൻപാറ 3:45 ഓടെ എത്തി, 4 മണിക്ക് ചെക്ക്‌ പോസ്റ്റ്‌ ക്ലോസ് ചെയ്യും അത് കഴിഞ്ഞ് 5 മിനിറ്റ്‌ വൈകിയാൽ ഒരാളെ പോലും അകത്തേക്ക് കയറ്റി വിടില്ല അപകടങ്ങൾ പതിയിരിക്കുന്ന സ്ഥലം ആയത് കൊണ്ട് തന്നെ ഉധ്യൊഗസ്തർ നല്ല കർശന നിയന്ത്രണമാണ് ഏർപെടുത്തിയിരിക്കുന്നത്. അവിടെയുള്ള ജീപ്പുകളിൽ മാത്രമേ കാട്ടിലേക്ക് പ്രവേശനം ഉള്ളു , സ്വന്തം വാഹനത്തിലോ, നടന്നോ പോകണം എന്നുണ്ടെങ്കിൽ പെർമിഷൻ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്.

അങ്ങനെ ഞങ്ങൾ ഒരു ജീപ്പിൽ 7 പേരും സാരഥിയായി സലിം ഇക്കയും ചെക്ക്‌ പോസ്റ്റിൽ എത്തി, സമയം 3:50 ആളൊന്നിനു 50 രൂപ വെച്ചും ജീപ്പ് 100 രൂപയും അങ്ങനെ ആകെ മൊത്തം 450 രൂപ ചെക്ക്‌ പോസ്റ്റിൽ അടച്ചു. ഇനി അങ്ങോട്ടുള്ള യാത്ര ഫോറെസ്റ്റിന്റെ ഇന്‍ഷ്വറൻസോട് കൂടിയാണ്. ഓഫ്‌ റോഡ്‌ എന്ന് പറഞ്ഞാൽ ഇതാണ് ഇപ്പോഴത്തെ പിള്ളേർ ഒന്നൊന്നര കട്ടയുള്ള ടയറും ഇട്ട് ഓഫ് റോഡ്‌ പോകുന്ന പോലെ അല്ല ഇത്, മൊട്ട പോലെ ഉള്ള ടയറും മറ്റ് പല പോരായ്മകളും വെച്ചാണ് യാത്ര. ഇത്രയും വലിയ അപകടസാധ്യത വെല്ലുവിളിയായി എടുക്കുന്നതിൽ വർഷങ്ങളുടെ അനുഭവജ്ഞാനം ഉണ്ട് അവിടത്തെ ഡ്രൈവർമാർക്ക്. ഈ പാതയിൽ ഏത് നിമിഷവും എന്തും സംഭവിക്കാം.

സലിം ഇക്ക ഒരു സാരഥി മാത്രമായിരുന്നില്ല നല്ലൊരു ഗൈഡ് കൂടിയായിരുന്നു. ഞങ്ങൾക്ക് പകർന്ന് തരാൻ അദ്ധേഹത്തിന്റെ കയ്യിൽ വർഷങ്ങളുടെ അനുഭവ സമ്പത്ത് തന്നെ ഉണ്ടായിരുന്നു. കാടിനോടുള്ള പ്രണയവും മൃഗങ്ങളെ കാണാനുള്ള അതിയായ താല്പര്യവും ഉള്ളത് കൊണ്ടും തന്നെയാണ് ക്രമ മനുസരിച് ഓടുന്ന ഓട്ടം തോട്ടത്തിലെ ജോലി ലീവ് എടുത്തും വന്ന് അറ്റൻഡ് ചെയ്യുന്നത്. അല്ലാതെ വലിയ ലാഭമൊന്നുമില്ല എന്നാണ് പുള്ളിയുടെ അഭിപ്രായം.

ആദ്യത്തെ വ്യൂ പോയിന്റിൽ കുറച്ച് ചിത്രങ്ങൾ എടുത്ത് യാത്ര തുടര്ന്ന ഞങ്ങളുടെ മുൻപിലെക് കാട് വെച്ച് നീട്ടിയ ആദ്യ കാഴ്ച, വളവ് തിരിഞ്ഞ് വന്ന ഞങ്ങളുടെ മുൻപിൽ ഒരു ഭീകരൻ കാട്ടുപോത്ത്. വലിയ കൊമ്പുകളും കറുത്ത് കൊഴുത്ത ശരീരവുമായി നല്ലൊരു ചിത്രത്തിന് പിടി തരാതെ അവൻ കാടിനുള്ളിലേക്ക് മറഞ്ഞു. വീണ്ടും പാറ കല്ലുകളിലൂടെ ചാടി തെന്നി ജീപ്പ് അടുത്ത വ്യൂ പോയിന്റിലേക്ക്.

മഴയ്ക്ക് ശേഷം ഉള്ള ദിവസം ആയത് കൊണ്ട് ഉറുമ്പിന്റെ കൂട് തിരയാൻ വരുന്ന കരടിയെ കാണാൻ കഴിഞ്ഞേക്കാം എന്ന് സലിംക്ക പറഞ്ഞപോഴും എല്ലാവരുടെയും കണ്ണുകൾ കാട്ടിലെ മരങ്ങൾക്ക് ഇടയിൽ ചികഞ്ഞ് കൊണ്ടിരിക്കുകയാണ്. ചെറു കിളികളെയും മറ്റും കണ്ടുകൊണ്ട് അടുത്ത വ്യൂ പോയിന്റിലെത്തി. സമീപത്തുള്ള മലമുകളിൽ വിഹരിക്കുന്ന കാട്ട് പോത്തുകളെയും മ്ലവിനെയും കണ്ടു.

താഴെ മരങ്ങൾക്ക് ഇടയിൽ നിന്ന് മൃഗങ്ങൾ ഉണ്ടാക്കിയ ശബ്ദവും തിരഞ്ഞ് കണ്ണുകളോടിയപ്പോൾ ഇരുട്ട് മൂടുന്നത് ആരും അറിഞ്ഞില്ല. സലിംക്കയുടെ ഒർമപെടുത്തലിനെ തുടർന്ന് വീണ്ടും യാത്ര തുടർന്നു. സ്ഥല പരിജയമുള്ളത് കൊണ്ട് ഏതൊക്കെ സമയത്ത് എവിടെയൊക്കെ ആരൊക്കെ ഉണ്ടാകുമെന്നതിനെ കുറിച്ചും ആൾക്ക് നല്ല അറിവുണ്ട്. അങ്ങനെയാണ് വഴിയുടെ വശങ്ങളിൽ നിൽക്കുന്ന വലിയ പുല്ലുകൾ വകഞ്ഞ് മാറ്റി താഴെ മേയുന്ന കാട്ടുപോത്തിനെ കാണിച്ച് തന്നത്. ജീപ്പിനു മുകളിൽ കയറി ആ ഒറ്റയ്ക്ക് വിലസുന്നവനെ ക്യാമറയിൽ പകർത്തി. ഭക്ഷണ സമയം അധികം ശല്യം ഉണ്ടാക്കാതെ അവനിൽ നിന്നും ഞങ്ങൾ വിട വാങ്ങി.

ഇരുട്ട് വീണു, കോട മഞ്ഞിനിടയിലൂടെ ഫോഗ് ലാമ്പിന്റെ വെളിച്ചത്തിൽ വണ്ടി നീങ്ങി. ജീപ്പിൽ പോകുമ്പോൾ ഒരാളെ മാത്രേ ഭയക്കേണ്ടാതുള്ളൂ, സമീപത്ത് വിലസുന്ന ഒരു ഒറ്റയാൻ. ഒറ്റയാൻ ഒഴികെ ഉള്ള എല്ലാവരും ജീപ്പിന്റെ ഇരമ്പലിൽ പേടിച്ച് പിൻ വാങ്ങും എന്നാൽ ഒറ്റയാൻ എന്ത് ചെയ്യുമെന്ന് ആർക്കും പറയാൻ കഴിയില്ല.

ഇടയ്ക്ക് തന്റെ വണ്ടിക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ പ്രശ്നങ്ങളൊന്നും സൃഷ്ടിച്ചിട്ടില്ല, പെട്ടെന്ന് വണ്ടിയുടെ വശത്ത് ഒരു തിളക്കമുള്ള കണ്ണ് ടോർച്ച് അടിച്ച് നോക്കി വീണ്ടും പോത്ത്. പ്രകാശത്തിൽ അതിന്റെ കൊമ്പുകൾ തിളങ്ങുന്നു. ആ തിളക്കം ഇരുട്ട് മൂടാൻ അധികം സമയം വേണ്ടി വന്നില്ല.

അങ്ങനെ 14 കിലോമീറ്റർ വനത്തിലൂടെ സഞ്ചരിച്ച് ഞങ്ങളുടെ താമസ സ്ഥലത്തെത്തി. ആ കൊടും വനത്തിൽ അത്യാവശ്യം മോശമല്ലാത്തൊരു സെറ്റ് അപ്പ്‌. വേറെ താമസക്കാർ ആരും ഇല്ലാതിരുന്നത് കൊണ്ട് ഞങ്ങളുടെ സ്വകാര്യതയ്ക്ക് യാതൊരു കോട്ടവും തട്ടിയില്ല.
ബാഗുകൾ വെച്ച ശേഷം സലിംക്കയെയും കൂട്ടി ചെറിയൊരു നൈറ്റ് സഫാരിക്ക്‌ പ്ലാൻ ചെയ്ത് ഞങ്ങൾ ഇറങ്ങി.

തിളങ്ങുന്ന കണ്ണുകൾ മുൻപിൽ എത്താൻ അധികം ദൂരം പോവേണ്ടി വന്നില്ല. വഴി മുടക്കി സമരം ചെയ്ത് കൊണ്ട് മുൻപിൽ നിൽകുന്നു കാട്ടുപോത്തിന്റെ കൂട്ടം. കൂട്ടത്തിൽ ആരും ഇതുവരെ ഇത്രയധികം കാട്ടുപോത്തുകളെ ഒരുമിച്ച് കണ്ടിട്ടില്ല. എവിടേക്ക് ടോര്ച് അടിച്ചാലും ജ്വലിക്കുന്ന കണ്ണുകൾ മാത്രം. ചുരുക്കത്തിൽ ഞങ്ങളെ ഇപ്പോൾ കാട്ടുപോത്തുകൾ വളഞ്ഞിരിക്കുകയാണ്. വെളിച്ചം അവരുടെ സ്വയിര്യവിഹാരത്തെ തടസപെടുത്തി.

ജീപ്പിന്റെ ശബ്ദം അസ്വസ്ഥതയുണ്ടാക്കികാണും. പോത്തുകൾ വഴിയൊഴിഞ്ഞു ഞങ്ങൾ മുൻപോട്ട് നീങ്ങി, ഓറഞ്ച് തോട്ടത്തിലൂടെ പോകുന്നതിനിടെ ജീപ്പിന് മുന്പിലെക്ക് ഒരു മ്ലാവ് ഓടി മറഞ്ഞു. ഞങ്ങളുടെ കയ്യിലെ ടോർച് മ്ലാവിനെ തിരയുന്നതിന് പിന്നാലെ ഒരാൾ കൂടി ജീപ്പിനു മുന്നിലൂടെ കടന്നു.

ടോര്‍ച്ചിന്റെയും ജീപ്പിന്റെയും വെളിച്ചത്തിൽ കണ്ട ആ കണ്ണുകൾക്കായിരുന്നു തീവ്രത കൂടുതൽ, മേലാസകലം ഉള്ള പുള്ളി കുത്തുകളും ശൌര്യവും കണ്ട് എല്ലാം നിശ്ചലം. പെട്ടെന്നുണർന്ന വിളിയിൽ ക്യാമറ രണ്ട് തവണ കണ്ണ് തുറന്നടിച്ചു. ഇല്ല അവൻ പതിഞ്ഞില്ല ഒരു നോട്ടം കൂടി നോക്കികൊണ്ട് അവൻ സെക്കന്റ്‌കൾകൊണ്ട് കാട്ടിലേക്ക് ചാടി മറഞ്ഞു.

ആരും മിണ്ടുന്നില്ല ആ കാഴ്ച്ചയുടെ ഹാങ്ങ്‌ ഓവറിൽ ആയിരുന്നു ആ രാത്രി മുഴുവൻ, ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നപ്പോഴും ഞാൻ ചിന്തിച്ചിരുന്നത് ആ ജ്വലിക്കുന്ന കണ്ണുകളെ കുറിച്ചായിരുന്നു. അത്ഭുതങ്ങൾ നിറഞ്ഞ ആനമടയിലെ തെളിമയുള്ള കാഴ്ച്ചകൾക്കായി ആ രാത്രി മിഴി അടഞ്ഞു.

By: Yadhu Krishna C M

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply