കേരളത്തിലെ ഏറ്റവും ദൂരമേറിയ ഫോറസ്റ്റ് ട്രെക്കിംഗ് – അഗസ്ത്യാർകൂടത്തിലേക്ക്..

ജനുവരി ഒരു ഓർമ – കേരളത്തിലെ ഏറ്റവും പ്രയാസമേറിയ വെള്ളരിമല ട്രെക്കിങ്ങും ഏറ്റവും ദൂരം കൂടിയ ഫോറസ്റ് ട്രെക്കിങ്ങ് അഗസ്ത്യാർകൂടവും ഈ മാസം തന്നെ. അഗസ്ത്യാർ ഡയറി ഇവിടെ തുടങ്ങുന്നു. ഈ എഴുത്തിൽ നർമ്മങ്ങളില്ല, വലിയ തള്ളലുകളില്ല, ഒരു സാധാരണക്കാരന്റെ സാധാരണ എഴുത്ത്. Post by : Shafi Muhammed.

കഴിഞ്ഞ വർഷങ്ങൾ ടിക്കറ്റിനായി ശ്രമിച്ച ഞങ്ങൾക് ഭാഗ്യമുണ്ടായില്ല. എന്നാൽ കാത്തിരിപ്പിനു വിരാമമായി ഞങ്ങൾക്ക് നറുക്കുവീണു. അഗസ്ത്യാർ യാത്രയിൽ ടിക്കറ്റ് ലഭിച്ചു. കൂടെ ജുനു, ലത്തൂസ്, കുഞ്ഞാണി, നൂറു, അനസ് , കാമിൽ എന്നിവരും. ആവേശകരമായ തുടക്കം. കോഴിക്കോട്ന്ന് ട്രെയിൻ യാത്ര തുടങ്ങുന്നു. സ്ലീപ്പർ കോച്ചിൽ വെയ്റ്റിംഗ് ലിസ്റ്റ് കൺഫേം ആയപ്പോൾ പലരും പല ഭാഗത്തായി. എന്നിരുന്നാലും പാട്ടുപാടിയും കഥ പറഞ്ഞും ഉറങ്ങാനുള്ള സമയം വരെ തള്ളി നീക്കി. ഞാൻ മുമ്പേ പാർസൽ ആക്കി കൊണ്ടുവന്ന ബീഫും കോയികോട്ടങ്ങാടിയിൽ വാങ്ങിയ ചപ്പാത്തിയും കൂട്ടി കിടിലൻ കയ്യിട്ടുവാരി തീറ്റിയായിരുന്നു പിന്നെ അവിടെ നടന്നത്. ഓരോരുത്തരും അവരവരുടെ ഇടങ്ങൾ തേടി നീങ്ങി.

ഉറക്കം ഗംഭീരമായിരുന്നു, പ്രയാസമുണ്ടായില്ല. പക്ഷേ ചെറുതായൊന്ന് പിഴച്ചു. ട്രെയിൻ ചതിച്ചു ഇന്ത്യൻ റെയിൽവേ അല്ലെ ഉദ്ദേശിച്ച സമയം എത്തിയില്ല. മൂന്ന് മണിക്ക് എത്തേണ്ട ട്രെയിൻ 5.25 തിരുവനന്തപുരത്ത്. അത് കാരണം 5:00 മണിക്കുള്ള ബോണക്കാട് ബസും പോയിരുന്നു. ചായ പോലും കുടിക്കാൻ സമയം കിട്ടാതെ വിതുര ബസ്സിൽ ഓടിക്കയറി. ഒരു ഓഡിനറി ബസ് യാത്ര.. നേരിയ തണുപ്പിൽ ബാക്ക് സീറ്റിൽ ഇരുന്ന് രസകരമായ ഓട്ടം. വിതുര ഇറങ്ങി അത്യാവശ്യത്തിന് വയറു നിറച്ചു.

ബോണക്കാട് എത്താൻ ബസൊന്നുമില്ലന്നു അറിഞ്ഞ ഞങ്ങൾ ഓട്ടോ കാരോട് ബാർഗൈൻ ചെയ്തു രണ്ടു വണ്ടിയായി ഏഴു പേരും വലിയ ലഗേജ് ബാഗുകളുമായി ബോണക്കാട് ചുരം കയറി. ചെറിയ ചുരം റോഡ്, ഇടക്കൊക്കെ റോഡ് വളരെ മോശം എന്നു പറയാം. അണ് സീസണിൽ അന്യ വാഹനങ്ങൾ കടത്തി വിടില്ല. നോക്കാനായി ഒരു ചെക്ക് പോസ്റ്റും കാണാനിടയായി. എന്നിരുന്നാലും ഓട്ടോ എങ്ങനെയൊക്കെയോ ഇഴഞ്ഞിഴഞ്ഞു ബോണക്കാട് എത്തി. ഏകദേശം ചെക്ക് ഇൻ ക്യാമ്പിനടുത്തുവരെ ഓട്ടോക്കാർ എത്തിച്ചു.

അവസാന റിപ്പോർട്ടിങ് സമയത്തിനു മുമ്പായി, 11:00 മണിക് മുമ്പേ എത്തി ഭാഗ്യം. അവിടെ തുടങ്ങുന്നു ഞങ്ങളുടെ അഗസ്ത്യാർ യാത്ര. ടിക്കറ്റും ഐഡി പ്രൂഫും വെരിഫിക്കേഷനും കഴിഞ്ഞ ശേഷം ബാഗിലെ പ്ലാസ്റ്റിക്കുകൾ ഒക്കെ എടുത്തു പുറത്തിട്ടു ഓഫീസർമാർ. ഒരു ഗൈഡ് ന്റെ കൂടെ മന്ദം മന്ദം യാത്രയായി. എന്ത് പറയാൻ ഇപ്രാവശ്യം എനിക്കൊരു അമളി പറ്റി. ബാഗിന്റെ ഭാരം ഇച്ചിരി കൂടുതലാണ്. സ്ലീപിംഗ് ബാഗ്, ക്യാമറ, രണ്ടു ലെൻസ്, ഡ്രസ്സുകൾ, പിന്നെ വഴിയിൽ നിന്ന് കഴിക്കാനുള്ള ഭക്ഷണസാധനങ്ങൾ എല്ലാം കൂടി ഒരു അണ്താങ്ങബിൾ ഭാരം. എന്നിരുന്നാലും തുടക്കത്തിൽ കുഴപ്പമില്ലാതെ തന്നെ നടന്നു നീങ്ങി.

ചെറിയ റോഡ്, മരങ്ങളാൽ ചുറ്റപ്പെട്ട റോഡ്.. നല്ല രസമുള്ള കാഴ്ചകൾ.. മഴപെയ്‌തിട്ട് കുറച്ചുദിവസമായെന്ന് തോന്നുന്നു. ഉണങ്ങിയ ഇലകൾ ധാരാളം. കുറച്ചു വരണ്ട കാലാവസ്ഥപോലെ ചിലയിടങ്ങളിൽ. എന്നാലോ ഇതേ കാട്ടിൽ സൂര്യന്റെ വെളിച്ചം താഴെ എത്താത്ത ഇടവും ഉണ്ട്. വലിയ ഉയരം കൂടിയ മരങ്ങൾ ധാരാളം,.കുഞ്ഞു അരുവികൾ ഇടക്കിടെ ദാഹജലം തന്നുകൊണ്ടിരുന്നു. കരമനയാറിന്റെയും അട്ടയാറിന്റെയും ഉത്ഭവം അവിടെ ഇവിടെ നിന്നാണ്. ഓരോരോ ക്യാമ്പ് സൈറ്റുകൾ പിന്നിട്ടു.

ഇടയ്ക്ക് ഈത്തപ്പഴം, കടലമിട്ടായി എന്നിവയിലൂടെ വിശപ്പിനൊരു ചെറിയ ആശ്വാസം കണ്ടെത്തി. അഗസ്ത്യ മല കയറി തിരിച്ചു വരുന്നവരുടെ ദയനീയ മുഖം വല്ലാതെ ആശങ്കയുണ്ടാക്കി. ഇടതൂർന്ന വനങ്ങളും രസകരമായ കാഴ്ചകളും. കഴിഞ്ഞ മഴക്കാലത്തോ അതിനുമുമ്പേയോ പൊട്ടിവീണ മരച്ചില്ലകൾ, വേരോട് കൂടി വീണു കിടക്കുന്ന വലിയ മരങ്ങൾ എല്ലാം ക്യാമറ കണ്ണുകളിൽ നല്ല ഭംഗിയുള്ളവ. കാടിന്റെ പ്രധാന ഭാഗം കഴിഞ്ഞു. ഒരു കുളിയും വിശ്രമവും കഴിഞ്ഞു വിശാലമായ പുൽമേട്ടിലേക്ക് കയറി. നട്ടുച്ച വെയിലും ബാഗ് ഭാരം കാരണവും നടത്തം കുറച്ചു പതിയെ ആയി. സഹയാത്രികരുടെ ചില രസകരമായ തമാശകളും തള്ളലുകൾ ഒരു നേരംപോക്കായിരുന്നു. പുൽമേട് താണ്ടി ബേസ് ക്യാമ്പ് സൈറ്റിലേക്ക് ഇനി കുറഞ്ഞ ദൂരം മാത്രം.

അഞ്ചു മണിക്ക് ആദ്യ പ്രധാന ലക്ഷ്യ സ്ഥാനം അതിരുമല ബേസ് ക്യാമ്പലെത്തി. മൂന്നു ദിവസത്തെ പാക്കേജിൽ പലരും രണ്ടു ദിവസം കൊണ്ട് തീർക്കുന്നു. എന്നാൽ ചിലർ മൂന്നു ദിവസമെടുക്കുന്നു. ഇന്ന് ഒരുപാടു പേർ പോകാത്തവരായി കാണുന്നു. വൈകി എത്തിയത് കൊണ്ടായിരിക്കണം. കിടക്കാനുള്ള ഇടമില്ലന്ന് പറഞ്ഞു രണ്ടാൾക്ക് ഒരു പായ വീതം തന്നു. ഞങ്ങളെത്തി പത്ത് മിനിറ്റ് കഴിഞ്ഞില്ല, ഭാഗ്യമെന്നോണം ദേ ഒരു കിടിലൻ മഴ. അര മുക്കാൽ മണിക്കൂർ നീണ്ടുനിന്ന തകർപ്പൻ മഴ. മഴ കാരണം നാളെ രാവിലെ അഗസ്ത്യ മല കയറാൻ പറ്റില്ലേ എന്നൊരു ആശങ്ക വരെ ഓഫീസർമാർ ഞങ്ങളോട് പങ്കു വെച്ചു. ഈ വർഷം ഇതുവരെ ഇങ്ങനെ മഴ പെയ്തിട്ടില്ല പോലും.

മഴയിലലിഞ്ഞു ഒരു ചൂടു കട്ടൻ കുടിച്ചു കഞ്ഞിക്ക് ടോക്കൺ എടുത്തു കാത്തിരുന്നു, ചെറുപയർ ഉപ്പേരി, പപ്പടം, വലിയ അരി കഞ്ഞി ആവശ്യത്തിലധികം കഴിച്ചു. കാരണം രാവിലെത്തെ ബ്രേക്ക്ഫാസ്റ്റിനു ശേഷം ഇപ്പോഴാണ് കനത്തിലൊരു ഭക്ഷണം കിട്ടുന്നത്. ആളുകൾ അധികമായ കാരണം ഞങ്ങൾക്ക് കിടക്കാനുള്ള സൗകര്യം കാന്റീൻ ബിൽഡിങ്ങിലായിരുന്നു. എല്ലാവരുടെയും ഭക്ഷണ ശേഷം മേശയും കസേരകളും ഒതുക്കിയിട്ടു പായവിരിച്ചു കയ്യിലുണ്ടായിരുന്ന സ്ലീപ്പിങ് ബാഗിൽ സുഖ ഉറക്കം. രാത്രി കിടന്നതേ ഓർമ്മയുള്ളൂ ഉണരുന്നത് രാവിലെ. സ്ലീപ്പിങ് ബാഗിന്റെ ആവശ്യമില്ലെന്ന് തോന്നുന്നു. മഴ പെയ്തിട്ടും സഹിക്കാൻ പറ്റാത്ത തണുപ്പൊന്നും ഇല്ലെന്നാ എന്റെ അഭിപ്രായം.

രാവിലെ നേരത്തെ എണീറ്റു നിസ്കരിച്ചു കട്ടൻ ചായ വാങ്ങിക്കുടിച്ചു. ഉപ്പുമാ കിട്ടാൻ കുറച്ച് വൈകുമെന്ന് മനസ്സിലാക്കിയ ഞങ്ങൾ കുറച്ച് കുബ്ബൂസും ഉള്ളി സലാഡും ഉണ്ടാക്കി സാൻവിച്ച് രൂപത്തിലാക്കി ചായയും കൂട്ടിയടിച്ചു. അഗസ്ത്യാർമല ട്രെക്കിങ്ങിനു ആദ്യബാച്ചിൽ ഏഴു മണിക് തന്നെ സ്ഥാനം പിടിച്ചു. ഇനിയാണ് പ്രധാന കഠിന യാത്രകൾ. ആറ് കിലോമീറ്റർ ട്രെക്കിങ്ങ്.. ആദ്യം കൊടും കാട്ടിലൂടെ, വിജനമായ വീഥികളിലൂടെ, നിശ്ശബ്ദധിയിലൂടെ കുറച്ചു ദൂരം.. ചെറിയ പാറക്കല്ലുകൾ ചാടി ചാടി കയറി. രാത്രി പെയ്ത മഴയാലാണെന്ന് തോന്നുന്നു നല്ല തണുത്ത അന്തരീക്ഷവും കോടയും. ഹെവി ട്രെക്കിങ്ങ് ആയിട്ടും വല്യ ക്ഷീണം അനുഭവപ്പെട്ടില്ല. വഴിയോരക്കാഴ്ചകൾ ഗംഭീരമായിരുന്നു എന്ന് തന്നെ പറയാം. പൊങ്കാല പാറ കഴിഞ്ഞു കോട നിറഞ്ഞ കാട്ടിലൂടെ യാത്ര ഒരു വല്ലാത്ത ഫീൽ ആയിരുന്നു. ആ ഒരു അനുഭൂതി എങ്ങനെ പറഞ്ഞു അറീക്കണമെന്നറിയില്ല.

ഓരോരോ പാറക്കെട്ടുകൾ റോപിൽ പിടിച്ചു കയറി ഫിനിഷിങ് പോയിന്റ് എത്തി. അതെ അഗസ്ത്യ മലയുടെ ഉച്ചിയിൽ.. നേരത്തെ തന്നെ, ഏഴു മണിക്ക് തുടങ്ങിയ ഞങ്ങൾ പത്ത് മണിക്ക് തന്നെ മുകളിൽ എത്തി. ഇടയ്ക്ക് നല്ല കോട നിറഞ്ഞു നിൽക്കുന്ന കാഴ്ചകൾ.. കാറ്റ് കോടയെ എടുത്തു എങ്ങോ കൊണ്ടുപോകും.. ശേഷം തെളിഞ്ഞ കാഴ്ചകൾ.. വ്യത്യസ്തമായ അനുഭവം.. നിമിഷങ്ങൾ കൊണ്ട് മാറി മറിയുന്നു.. കേരളത്തിലെ ഏറ്റവും നീളംകൂടിയ അഗസ്ത്യാർ ട്രെക്കിങ്ങും ഏറ്റവും കഠിനമായ ട്രെക്കിങ്ങ് വെള്ളരിമല യാത്രയും ഈ മാസം തന്നെ. മറക്കാൻ കഴിയാത്ത ജനുവരി 2019.

സ്ത്രീകളുടെ ആഗമനം കാരണം ഈ വർഷം മല മുകളിലെ പൂജ കർമങ്ങൾ താൽകാലികമായി നിർത്തി വെച്ചിരിക്കുന്നു. ആയതിനാൽ തമിഴ് ഭക്തർ കുറവാണ് ഇപ്പ്രാവശ്യം. സ്ത്രീകൾ പൊതുവെ കുറവാണെങ്കിലും ഇടക്കൊക്കെ വരുന്നുണ്ട് പോലും. തണുത്ത കാലാവസ്ഥയിൽ ഷർട്ട് അഴിച്ചു പാറപ്പുറത്ത് മലർന്ന് ആകാശം ഇങ്ങനെ നോക്കി കിടക്കാൻ വല്ലാത്തൊരു ഫീൽ തന്നെ. ഇറ്റ് വാസ് വണ്ടർഫുൾ.

തിരുവനന്തപുരം കൊല്ലം ജില്ലകളിലും കന്യാകുമരി ജില്ലകളിലും തമിഴ് നാട് തിരുനെൽ വേലിയുടെയും അതിർത്തി പങ്കിടുന്നു അഗസ്ത്യമല. നെയ്യാർ പെപ്പാറ വന്യ ജീവി സാങ്കേതത്തിന്റെ ഭാഗമാണ്. സമുദ്ര നിരപ്പിൽ നിന്നും 6129 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. പുരാണങ്ങളിലെ സപ്തർഷിമാരിൽ പ്രമുഖനായ അഗസ്ത്യ മുനി തപസ്സിരുന്നത് ഈ മലയിലാണ്. അതാണ് അഗസ്ത്യ മല എന്ന് പേര് വരാൻ കാരണം. തിരിച്ചിറങ്ങാൻ തുടങ്ങാം അല്ലെ, 10.45 ഇറങ്ങി തുടങ്ങി. ഇറക്കം പൊതുവെ ഇച്ചിരി സ്പീഡ് കൂടുതലായിരുന്നു. യാ അത് പൊതുവെ അങ്ങനെയാണല്ലോ. 12.30 ന് തിരിച്ചു ബേസ് ക്യാമ്പിലെത്തി. വീണ്ടും മറ്റൊരു കഞ്ഞി കുടി.

എല്ലാവരും വട്ടത്തിലിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ഒരാലോചന മൂന്നു ദിവസത്തെ പ്ലാൻ രണ്ടുദിവസം കൊണ്ട് തീർത്തലോ എന്ന്, ഇന്ന് വൈകീട്ട് വരെ ഇവിടെ ഒന്നും ചെയ്യാനില്ലല്ലോ എന്ന്. ആ ആശയത്തിൽ എല്ലാവരും സമ്മതം മൂളി. തിരിച്ചിറങ്ങി തുടങ്ങി. 1.40 ന് ബോണക്കാട് ബേസ് ക്യാമ്പിലേക്ക് യാത്ര തിരിച്ചു. ഇതുവരെ കഴിഞ്ഞ 12 കിലോമീറ്റർ ട്രെക്കിങ്ങിനു ശേഷം നീണ്ട 18 കിലോമീറ്റർ ബാക്കി യാത്ര. കുറച്ചു വേഗത്തിലായിരുന്നു നടത്തം. കാരണം 5.30 നു ള്ള അവസാന ആനവണ്ടി കിട്ടിയാലേ ഞങ്ങൾക്ക് രാത്രി ട്രെയിനിൽ നാട്ടിലേക്കു കയറാൻ പറ്റൂ. വിശ്രമവേളകൾ കുറഞ്ഞു. തീരെ ഇല്ലാതായി എന്നു പറയാം. സഹയാത്രികരുടെ വേഗം എനിക് കിട്ടുന്നില്ല. ഞാൻ പിന്നിലായിപ്പോകുന്നു. നടന്നിട്ട് നീങ്ങണ്ടേ ഹഹ.. ഒരു മത്സര നടത്തം തന്നെയായിരുന്നു. മത്സരത്തിന്റെ ഫിനിഷിങ് എത്തിയപ്പോഴേക്കും പിന്നിലായിപ്പോയ ഞാൻ ഓടി ലത്തൂസ്‌ ടീമിന്റെ കൂടെ എത്തി.

സമയം 5.20 ബേസ് ക്യാമ്പ് പിടിച്ചു. പെട്ടെന്ന് തന്നെ ചെക്കൗട്ട് ക്രമീകരണങ്ങൾ പൂർത്തിയാക്കി. ഇനി ബസിലേക്ക് ദൂരം അര മണിക്കൂർ മാത്രം. ബസ് കിട്ടുമോ എന്തോ.. അറിയില്ല. എന്നിരുന്നാലും ക്യാമ്പിൽ നിന്നും ബോണക്കാട് വരെ ഒരു മരണ മാസ്സ് ഓട്ടം തന്നെ. അവസാനത്തെ ആളി കത്തൽ.. 5 50 നു ബസ് സ്റ്റോപ്പിൽ എത്തി. ഭാഗ്യമുണ്ട് ആന പോയില്ല. എന്നാലോ അനസും കുഞ്ഞാണിയും ഇച്ചിരി ബാക്കിലാണ്. ബസ് സ്റ്റാർട്ട് ആക്കി പോകാൻ തുനിഞ്ഞപ്പോൾ KSRTC ഡ്രൈവറെ പിടിച്ചു നിർത്തി നാട്ടുകാരും ബസിലുള്ളവരും നോക്കി നിൽക്കെ ആ വളവ് തിരിഞ്ഞു അനസ് ന്റെ മാസ്സ് എൻട്രി സൂപ്പറായിരുന്നു.

റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ കുറച്ചു പ്രയാസമുണ്ടാക്കുന്ന വാർത്തകൾ. റെയിൽ പാളത്തിൽ പണി നടക്കുന്നത് കാരണം കോഴിക്കോട് നേരിട്ടുള്ള ട്രെയിനില്ല. ജനറൽ ടിക്കറ്റെടുത്തു സ്ലീപ്പറിൽ കയറി. പക്ഷെ TTR വന്നു ഇറക്കി വിട്ടു. ഷൊർണുർ വരെ ട്രെയിനിൽ ജനറൽ കമ്പാർട്മെന്റിൽ നിലത്തു ഇരുന്നു യാത്ര. അവിടുന്നു മാറി കയറി കോഴിക്കോട്ടേക്ക്. പിന്നെ റെയിൽവേയിൽ പാർക്ക് ചെയ്ത ബൈക്കും എടുത്ത് വീട്ടിലേക്കു. ഉച്ചക് 12.30 നു വീട്ടിൽ എത്തി.

അഗസ്ത്യാർയാത്രക്തയ്യാറെടുക്കുന്നവർക്:- അടുത്ത വർഷം ജനുവരി മാസം ആദ്യ ആഴ്ച രാവിലെ http://www.forest.kerala.gov.in എന്ന വെബ് സൈറ്റിൽ കുറഞ്ഞ സമയം മാത്രം ടിക്കറ്റ് എടുക്കാനുള്ള അവസരം കിട്ടും. ഒരാൾക് പത്താളുടെ വരെ ഒരുമിച്ചു ടിക്കറ്റ് എടുക്കാം. എല്ലാവരുടെയും പേരും വയസ്സും ഐഡി പ്രൂഫ് നമ്പറും നിര്ബന്ധമാണ് ടിക്കറ്റ് എടുക്കുന്നതിന്. ഒരാൾക്ക് 1000 വീതം ഓൺലൈൻ പേയ്മെന്റ് ചെയ്യൽ നിർബന്ധമാണ്. യാത്ര തുടങ്ങുന്ന സമയം ഈ കൊടുത്ത ഐഡി പ്രൂഫ് ഒറിജിനൽ വെച്ച് പരിശോധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക് അഗസ്ത്യവനം ബയോളോജിക്കൽ ഓഫീസിൽ അന്വേഷിക്കാം 0471 236860, 2272182.

നിർദ്ദേശങ്ങൾ:- മൂന്ന് ദിവസം കൊണ്ട് വളരെ റിലാക്സായി കയറി എല്ലാ സ്ഥലവും സമയമെടുത്തു ആസ്വദിച്ചു ഇറങ്ങുന്നതാവും നല്ലത്. നാട്ടിലെത്തിയിട്ടു നമുക്കു തോന്നും ഒരു ദിവസം കൂടി നിൽക്കമായിരുന്നു എന്ന്‌. പതിയെ നടക്കുക, കുറഞ്ഞ ശബ്ദത്തിൽ സംസാരിക്കുക. അതി രാവിലെ തന്നെ ട്രെക്കിങ്ങ് തുടങ്ങുക. ബാഗിൽ കുറഞ്ഞ ഭാരം നിറക്കുക. സ്ലീപ്പിങ് ബാഗ് ആവശ്യമില്ല. അതിനുമാത്രമുള്ള തണുപ്പില്ല. പ്ലാസ്റ്റിക് ഉള്ളിലേക്കു കയറ്റില്ല, അതിനാൽ ആദ്യമേ എല്ലാം പേപ്പർ കവറിൽ പൊതിഞ്ഞു കൊണ്ട് പോയാൽ നല്ലതാ, സംഗതി എളുപ്പമാകും.

മിനിമം ഒരു വെള്ള കുപ്പിയെങ്കിലും കയ്യിൽ കരുതണം. അത്യാവശ്യത്തിനുള്ള കുറഞ്ഞ ഭക്ഷണം കയ്യിൽ കരുതണം. ആദ്യ പകുതിയിൽ ചെറിയ ചെറിയ അരുവികൾ നമുക്ക്‌ വെള്ളം തരും. വെള്ളം ഫുള്ള് ആക്കി ബാഗിലെ ഭാരം കൂട്ടണമെന്നില്ല.

രാവിലെ 5 മണിക്ക് തിരുവനന്തപുരം റെയിൽവേയുടെ തൊട്ടടുത്ത് തമ്പാനൂർ ബസ് സ്റ്റാൻഡിൽ നിന്നും നേരിട്ട് ബോണെക്കാട് ബസ് കിട്ടും. അഞ്ചു മണി ബസ് മിസ്സ് ആകാതെ നോക്കണം. മിസ്സ് ആയാൽ സ്റ്റാൻഡിൽ നിന്നും വിതുര ബസിൽ കയറി, ശേഷം ഒരു ഓട്ടോ വിളിച്ചു പോകേണ്ടി വരും ( ഓട്ടോ പൈസ 500 രൂപ വെറുതെ പോകും). ബോണെക്കാട് നിന്ന് ആദ്യ ചെക്കിങ് ബേസ് ക്യാമ്പ് വരെ നടക്കണം.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply