ബാലമുരുകനല്ല, മഞ്ച് മുരുകന്‍; വഴിപാടും പ്രസാദവുമെല്ലാം നെസ്‌ലെ മഞ്ച് ചോക്കലേറ്റ്..

വെടി വഴിപാട്, നിറമാല, തുലാഭാരം എന്നിങ്ങനെ വഴിപാടുകള്‍ നിരവധിയാണ്. എന്നാല്‍ വഴിപാടായി ചോക്ലേറ്റുകള്‍ നല്‍കുന്നത് ഇതാദ്യമായിട്ടായിരിക്കും. അതും സ്വിറ്റ്‌സര്‍ലന്‍ഡ് ഫുഡ് കമ്പനിയായ നെസ്‌ലെയുടെ മഞ്ച് ചോക്ലേറ്റ്. ആലപ്പുഴ തലവടി തെക്കന്‍പഴനി സുബ്രഹ്മണ്യക്ഷേത്രത്തിലാണ് രസകരമായ ഈ ആചാരം. പഴനിക്ക് സമാനമാണ് ആലപ്പുഴ തലവടിയിലെ സുബ്രഹ്മണ്യക്ഷേത്രമെന്നത് വിശ്വാസം. ബാലമുരുകനാണ് ഇവിടുത്തെ പ്രതിഷ്ട.

അതിമധുരം നിവേദിക്കുന്നത് കൊണ്ടാകാം. കുട്ടികള്‍ ബാലസ്വരൂപത്തിലുള്ള മുരുകനെ മഞ്ച് വച്ച് പ്രാര്‍ത്ഥിക്കുന്നതെന്ന് ക്ഷേത്രം പൂജാരി പവനേഷ് കുമാര്‍ പറയുന്നു. മഞ്ച് കൈയ്യില്ലാതെ ഒരു കുട്ടികളും ക്ഷേത്രത്തില്‍ പ്രവേശിക്കാറില്ല. പ്രാര്‍ത്ഥന കഴിഞ്ഞ് പോകുന്നവരുടെ കൈയ്യിലും മഞ്ചാണ് പ്രസാദമായി ഭരണസമിതി കൊടുത്തയക്കാറ്. കഴിഞ്ഞ ഏഴുവര്‍ഷത്തോളമായി ബാലമുരുകന്‍ മഞ്ച് മുരുകനാണ്. എന്നാല്‍ ഈ പതിവ് എങ്ങനെയുണ്ടായെന്ന് പൂജാരിക്കും ക്ഷേത്രം ഭരണാധികാരികള്‍ക്കോ അറിവില്ല. എന്നാല്‍ കുട്ടികളുടെ നന്മയ്ക്കായി വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരോ മഞ്ച് മാല സമര്‍പ്പിച്ചതില്‍ നിന്നാണ് ഈ വഴിപാടിന്റെ തുടക്കമെന്ന് പരക്കെ വിശ്വാസമുണ്ട്.

മറ്റൊരു കഥയും ഈ പതിവിന് പിന്നിലുണ്ട്. അന്യ മതത്തില്‍പ്പെട്ട ഒരു കുട്ടി അമ്പലത്തില്‍ കയറുകയും തുടര്‍ന്ന് മാതാപിതാക്കള്‍ നന്നായി ശിക്ഷിക്കുകയും ചെയ്തു. ഇതോടെ കുട്ടിക്ക് മാനസികാസ്വാസ്ഥ്യവും അകാരണമായ ഭീതിയും തുടങ്ങി. തുടര്‍ന്ന് കുട്ടിയുമായി അമ്പലത്തിലെത്തിയ മാതാപിതാക്കളോട് കുട്ടിക്ക് കുറച്ച് പണം നല്‍കി ഇഷ്ടമുള്ളത് വാങ്ങിക്കൊണ്ട് വന്ന് ക്ഷേത്ര നടയില്‍ വക്കാനാണത്രെ പൂജാരി ആവശ്യപ്പെട്ടത്. കുട്ടി കൊണ്ടുവന്ന് വച്ചതാകട്ടെ ഒരു മഞ്ചും. തിരിച്ച് വീട്ടിലെത്തിയ കുട്ടിയുടെ അസ്വസ്ഥതയും പേടിയും എല്ലാം പമ്പ കടന്നു എന്നാണ് കഥ. ഇതോടെ ബാലമുരുകന്‍ മഞ്ച് മുരുകനായി.

ആലപ്പുഴയില്‍ നിന്ന് മാത്രമല്ല, ജില്ലയിലെ അതിര്‍ത്തിവിട്ടും ഭക്തജനങ്ങള്‍ ക്ഷേത്രത്തിലെത്താറുണ്ടെന്ന് ക്ഷേത്രം ഭരണാധികാരികള്‍ അവകാശപ്പെടുന്നു. ചോക്ലേറ്റ് മാലയും ക്ഷേത്രത്തില്‍ പതിവാണ്. എ്ന്നാല്‍ മഞ്ച് അല്ലാതെ മറ്റൊരു ചോക്ലേറ്റും ഇവിടെ ആരും സമര്‍പ്പിക്കാറില്ല കൗതുകമുണര്‍ത്തുന്നു. തുലാഭാരം, പറ തുടങ്ങി എല്ലാ ഇനം വഴിപാടിനും മഞ്ച് നേരുന്നവരുണ്ട്. പെട്ടിക്കണക്കിന് ചോക്ലേറ്റാണ് തുലാഭാരത്തിനായി എത്തിക്കുക. മഞ്ച് മുരുകന്റെ ക്ഷേത്രമെന്നാണ് ഇപ്പോള്‍ തെക്കന്‍പഴനി സുബ്രഹ്മണ്യക്ഷേത്രം അറിയപ്പെടുന്നത്.

Source – http://falconpost.in/2016/12/15/alappuzha-murugan-munch/

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply