പുല്‍ത്തൈലത്തിന്‍റെ മണമുള്ള അമ്മയും മകനും നന്മയുള്ള മനുഷ്യരും…

“സുഗന്ധം വിൽക്കുവാൻ വന്നതായിരുന്നു അവൾ. മുഷിഞ്ഞ സാരിയും ബ്ലൗസും, മുറുക്കാൻ കറപിടിച്ച പല്ലുകൾ, കയ്യിൽ ഒരു പഴകിയ കറുത്ത ബാഗ്. ഓഫീസിലാകെ അവളുടെ കറുത്ത ബാഗിലെ പുൽത്തൈലത്തിന്റെ സുഗന്ധം പരന്നു. ഞങ്ങൾ ഉച്ചഭക്ഷണം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. വലതു കയ്യിൽ നാലഞ്ചു പുൽതൈല കുപ്പികളുമായി അവൾ ഞങ്ങളുടെ കാബിനിലെത്തിയത് അപ്പോഴാണ്. പുൽതൈലത്തിന്റെ രൂക്ഷത കൊണ്ട് നീറുന്ന വലത് കൈവിരലുകൾ ഇടയ്ക്കിടെ ഊതിക്കൊണ്ട് പ്രതീക്ഷയോടെ അവൾ ഞങ്ങളുടെ മുന്നിലേക്ക് പുൽതൈലക്കുപ്പികൾ നീട്ടി. ഒരു കുപ്പിക്ക് വില 50 രൂപ.

ഞാനും സിദ്ദിഖയും ഓരോ കുപ്പി വീതം വാങ്ങി. പിന്നെ വെറുതെ ഒരു കൗതുകത്തിന് സിദ്ദിഖായും ഞാനും കൂടെ അവളുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. വയനാട്ടിലാണ് താമസം. ഭർത്താവ് ഉപേക്ഷിച്ച് പോയി. 3 കുട്ടികളുണ്ട്. ഒൻപതിലും ആറിലും പഠിക്കുന്ന രണ്ട് ആൺകുട്ടികളും ഒന്നാം ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടിയും. ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകൻ കൂടെയുണ്ടെന്ന് പറഞ്ഞപ്പോൾ വിളിക്കാൻ പറഞ്ഞു. അവന്‍റെ മുഖത്തും കണ്ണുകളിലും നീരു വച്ച് വീങ്ങിയിരിക്കുന്നു. ചെവിയ്ക്കു പിന്നിൽ ഓപ്പറേഷൻ കഴിഞ്ഞതിന് ശേഷം ഇങ്ങിനെയാണത്രെ. ഇളയ കുട്ടിക്ക് സംസാരിക്കാനാവില്ല. ഓപ്പറേഷൻ ചെയ്താൽ സംസാരിക്കുമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്. അതിനും പൈസയില്ല.

50 കുപ്പികളുമായി രാവിലെ വന്നതാണ്. ആകെ വിറ്റത് ഞാനും സിദ്ദിഖായും വാങ്ങിയതടക്കം 10 കുപ്പികൾ. ഒരു കുപ്പി തൈലം വിറ്റാൽ 30 രൂപ കിട്ടും. അമ്മയ്ക്കും മകനും കൂടെ വയനാട്ടിൽ നിന്നും കോഴിക്കോടേയ്ക്ക് ബസ് ചാർജ് 160 രൂപയാവും തിരിച്ചും അത്ര തന്നെ. 320 രൂപ ബസ്സിന് തന്നെ വേണം. രാവിലെ വെറും വയറുമായി വന്നതാണ് അമ്മയും മകനും. ഉച്ചഭക്ഷണവുമില്ല. ഇനി തിരികെ വീട്ടിലെത്തിയിട്ട് വേണം ഭക്ഷണമുണ്ടാക്കി കഴിയ്ക്കാൻ. കൂടെ വരുന്നത് കൊണ്ട് മകനും പട്ടിണിയാണ്. വയനാട്ടിൽ സ്വന്തമായി സ്ഥലമുണ്ട്. അതിൽ കുടിൽ കെട്ടിയാണ് താമസം. APL റേഷൻ കാർഡായതിനാൽ റേഷനരി പോലും കിട്ടില്ല. തൈലം വിറ്റ് മിച്ചം കിട്ടുന്ന പൈസ കൊണ്ട് വേണം കുടുംബം പോറ്റാനും 3 മക്കളെ പഠിപ്പിക്കാനും ചികിത്സിക്കാനും.

സ്ക്കൂൾ തുറക്കാറായി, ടെക്സ്റ്റ് ബുക്കുകൾ സ്ക്കൂളിൽ നിന്നും സൗജന്യമായി കിട്ടും. നോട്ട് ബുക്കുകൾ വാങ്ങിക്കൊടുക്കാൻ പണമില്ല. ആദ്യം പുൽതൈലത്തിന് വിലപേശിയ സിദ്ദിഖായുടെ മനസ്സ് ആദിവാസി യുവതിയുടെ കദനകഥയ്ക്ക് മുന്നിൽ ഉരുകിയൊലിച്ചു. “പാവത്ത്ങ്ങൾക്ക് കുറച്ച് നോട്ട് ബുക്ക് വാങ്ങിക്കൊടുത്താലോ? പൈസ ഞാൻ കൊടുക്കാം ” എന്ന് എന്നോട് ചോദിച്ചു. ” മകന് കുറച്ച് നോട്ട് ബുക്ക് വാങ്ങിത്തരട്ടേ” എന്ന് ചോദിച്ചപ്പോൾ അവൾക്കും സമ്മതം.

സമയം 1:30, അവരുടെ ഒഴിഞ്ഞ വയറിന് മുന്നിൽ ഞങ്ങളുടെ വിശപ്പ് ഞങ്ങൾ മറന്നു. നോട്ട് ബുക്കുകൾ വാങ്ങാൻ താഴെയുള്ള സപ്ലൈകോ ബസാറിലേക്ക് ഇറങ്ങുമ്പോൾ സിദ്ദിഖായോട് ഞാൻ ചോദിച്ചു “അവർക്ക് രണ്ടാൾക്കും ഭക്ഷണം വാങ്ങിക്കൊടുത്താലോ?” രണ്ടു പേരെയും കൂടെക്കൂട്ടി താഴെയുള്ള പ്രകൃതി ഭക്ഷണ ശാലയിൽ കൊണ്ടു പോയി ഭക്ഷണത്തിന് പണവും കൗണ്ടറിൽ കൊടുത്തേൽപ്പിച്ച് ഞങ്ങൾ നോട്ട് ബുക്ക് വാങ്ങാൻ പോയി. വരയുള്ളതും വരയില്ലാത്തതുമായി 10 നോട്ട് ബുക്കുകളും കുറേ പേനകളും വാങ്ങി തിരികെ ഓഫീസിൽ വന്ന് ഞങ്ങൾ ഭക്ഷണം കഴിച്ചു. നിറഞ്ഞ വയറും ചിരിക്കുന്ന മുഖവുമായി തിരികെ വന്ന അമ്മയും മകനും ഞങ്ങൾ ഭക്ഷണം കഴിച്ച് കഴിയുവോളം പുറത്തെ ബഞ്ചിൽ ക്ഷമയോടെ കാത്തിരുന്നു. പിന്നെ സന്തോഷത്തോടെ ഞങ്ങളുടെ ചെറിയ സമ്മാനപ്പൊതി വാങ്ങി യാത്ര പറഞ്ഞ് അവരുടെ ദാരിദ്ര്യത്തിലേക്ക് തിരിച്ചു നടന്നു.”

കടപ്പാട് – രാമചന്ദ്രൻ കൈലാസ്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply