അമേരിക്കന്‍ ഗ്രാമക്കാഴ്ചകളിലൂടെ ഒരു റോഡ്‌ യാത്ര !!

അമേരിക്കയിലെ ഗ്രാമക്കാഴ്ച്ചകളിലൂടെ നടത്തിയ റോഡ്‌ യാത്രയെപ്പറ്റി സുനി സി സുകു എഴുതുന്നു…

അമേരിക്കയില്‍ വന്നിറങ്ങിയത് വിന്ററിന്റെ മൂര്ധന്യത്തിലായതിനാല്‍ ആദ്യ യാത്രക്കായി രണ്ടു മാസം കാത്തിരിക്കേണ്ടി വന്നു. മാര്‍ച് 22 നായിരുന്നു അല്‍മനാക് കലണ്ടര്‍ പ്രകാരം അത്തവണ വസന്തം ആരംഭിക്കുന്നത്. കാലാവസ്ഥയെയും ജ്യോതിശാസ്ത്രത്തെയും കടല്‍ ഏറ്റിറക്കങ്ങളെയുമൊക്കെ സംബന്ധിച്ച കലണ്ടറാണു അല്‍മനാക് കലണ്ടര്‍. അന്ന് തന്നെ പെന്‍സില്‍വാനിയയിലേക്ക് പുറപ്പെട്ടത് തികച്ചും യാദൃഛികമായാണ്. വസന്തം വന്നു എന്നതിനര്‍ത്ഥം അന്ന് എവിടെയോ ഒരു പൂ വിരിഞ്ഞിട്ടുണ്ടാകുമെന്നെ ഉള്ളൂ. വഴിയിലൊക്കെ ഇരുവശവും മഞ്ഞായിരുന്നു.

വഴി ചോദിച്ചു ചോദിച്ചു പോകാന്‍ റോഡിലൊന്നും ആരും ഇല്ലാത്തതുകൊണ്ട് അമേരിക്കക്കാരൊക്കെ വാഹനത്തില്‍ ജിപിഎസ് കരുതും. എവിടെ പോകണമെന്ന് മാത്രമല്ല എങ്ങനെയൊക്കെ പോകണമെന്നും ഇതില്‍ സെറ്റ് ചെയ്യാം. ഉദാഹരണത്തിന് ഹൈവേ ഒഴിവാക്കാം, ടോള്‍ ഒഴിവാക്കാം അങ്ങനെ പലതും. പെന്‍സില്‍വാനിയയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് വെര്‍ജീനിയയിലെ ഞങ്ങളുടെ വീട്ടില്‍ നിന്ന് മൂന്നര മണിക്കൂര്‍ യാത്രയെ ഉള്ളു. ഉച്ച തിരിഞ്ഞു മൂന്നു മണിയോടെയാണ് ഞങ്ങള്‍ പുറപ്പെട്ടത്. ഇരു വശങ്ങളിലേക്കും മാറി മാറി നോക്കിയാണ് ഞാന്‍ ഇരിക്കുന്നത്. ഒരിക്കലും ഇല കൊഴിയുകയോ പച്ച നിറം മാറുകയോ ഇല്ലാത്ത എവര്‍ഗ്രീന്‍ സ്തൂപികാഗ്രകളൊഴികെ ഒരു മരത്തിലോ ചെടിയിലോ ഇലകള്‍ ഉണ്ടായിരുന്നില്ല. നോക്കി നോക്കി ഇരിക്കെ അതാ പൗഡര്‍ പൂശിയ പോലുള്ള ആ മരങ്ങള്‍..(അല്‍പ്പം ഫ്ലാഷ് ബാക്. വീടിനടുത്തുള്ള ഒരു ഷോപ്പിംഗ് സെന്ററിന് മുമ്പില്‍ നല്ല പച്ച ക്രിസ്‌മസ് ട്രീകള്‍ നില്‍ക്കുന്നുണ്ട്. ഇടയിലായി ക്രിസ്‌മസ് ട്രീകള്‍ക്ക് വെള്ള പൗഡര്‍ ഇട്ട പോലെ  രണ്ടു മരങ്ങളും. ഇതെന്താ ഈ മരം ഇങ്ങനെ എന്ന ചോദ്യത്തിന് ഒരു സുഹൃത് പറഞ്ഞ മറുപടി, അത് പ്ലാസ്റ്റിക് ആണ്..അലങ്കാരത്തിന് വെച്ചതാണ് എന്നാണ്. അമേരിക്കയില്‍ ആദ്യമായെത്തിയ നമ്മളെ ആര്‍ക്കും ഒന്ന് പറ്റിക്കാന്‍ വകുപ്പുണ്ടല്ലോ.)

തലസ്ഥാനമായ വാഷിംഗ്‌ടണ്‍ ഡിസിക്ക് അടുത്തായതിനാല്‍ പൊതുവെ തിരക്കു കൂടിയ പ്രദേശമാണ് താമസസ്ഥലം. എന്നാല്‍ അടുത്തുള്ള സംസ്ഥാനമായ മെരിലാന്റും പിന്നീടുള്ള പെന്‍സില്‍വാനിയയുമൊക്കെ താരതമ്യേന തിരക്ക് കുറഞ്ഞ ശാന്തമായ സ്ഥലങ്ങളാണ്. യാത്ര പുരോഗമിക്കവേ വിസ്തൃതമായ കൃഷിസ്ഥലങ്ങളും കാണാറായി. അടുത്ത ഹേമന്തകാലത്തിനു മുമ്പായി രണ്ടു വിളവ് എടുക്കേണ്ടതിനാല്‍ വസന്തം തുടങ്ങുമ്പോഴേ വിത്തിടാനായി ഒരുക്കിയിട്ട കിലോമീറ്ററുകള്‍ വിസ്തൃതിയുള്ള നിലങ്ങള്‍. കൂറ്റന്‍  യന്ത്രങ്ങള്‍ പലയിടത്തും കാണാം.മിക്കവാറും ഒന്നോ രണ്ടോ ആളുകള്‍ ആയിരിക്കും ഇതെല്ലാം ചെയ്യുന്നത് എന്നറിയുമ്പോഴാണ് കൂടുതല്‍ അത്ഭുതം.

കൃഷി തികച്ചും യന്ത്രവത്കൃതമാണ്. കൃഷി ചെയ്യുന്നവരില്‍ പതിവ് കൃഷിക്കാര്‍ക്ക് പുറമെ വലിയ ഉദ്യോഗങ്ങളില്‍ നിന്ന് ഇടക്കുവെച്ചു നിര്‍ത്തി വന്നവരും ഉണ്ട്.ചിത്രം വരച്ചത് പോലെ ഏകതാനതയോടെ ഉഴുതുമറിച്ച നിലങ്ങള്‍. നീണ്ടു നീണ്ടു കിടക്കുന്ന വയലുകളില്‍ ചിലതില്‍ നൂറു കണക്കിന് കാലികള്‍. നിലമുഴുന്നതിനു മുമ്പേ ചാണകമിടുന്നതിനായി ഇവയെ അതില്‍ മേയാന്‍ വിട്ടിരിക്കുകയാണ്. അടുത്ത ദിവസം ഇവ വേറെ അടുത്തുള്ള കൃഷിടത്തിലാവും മേയുക.ആംഗസ് എന്നയിനത്തില്‍ പെട്ട പശുക്കളുമുണ്ട്. സ്റ്റേക്ക് ഉണ്ടാക്കാനുള്ള മാംസം ഇതിന്റെയാണത്രെ. കര്‍ഷകരുടെ പകിട്ട് കുറഞ്ഞ വീടുകളും ഇടക്ക് കാണാം. ഒറ്റപ്പെട്ട കളപ്പുരകളും കുതിരലായങ്ങളും ഉണ്ട്. കാലികളുടെ തീറ്റ ശേഖരിച്ചു വെക്കുന്ന  ഉയരത്തില്‍ വൃത്താകൃതിയിലുള്ള ബാണ്‍  ഇവയുടെ അടുത്തായുണ്ട്.

ഇത്ര അടിയേ ഉയരാവൂ എന്ന് പറഞ്ഞു വെച്ചപോലെ ഇരു വശങ്ങളിലായി  നില്‍ക്കുന്ന ഇലയില്ലാത്ത മരങ്ങള്‍ ഓക്കും മേപ്പിളുമാണ്. ഓക്കിന്റെ തടി ഫര്‍ണീച്ചര്‍ ഉണ്ടാക്കുന്നുണ്ട്. തേക്കിന്റെ നിറമാണ്. മെരിലാന്റിനെയും വെര്‍ജീനിയയെയും വേര്‍തിരിക്കുന്നത് പോട്ടോമാക് എന്ന നദിയാണ്. അത്യാവശ്യം താപനിലയുള്ളതിനാല്‍ ഒഴുക്കുണ്ട്. വലിയ നദിയാണ്.652 കിലോമീറ്ററാണ് നീളം.ആദിമ കുടിയേറ്റങ്ങള്‍ നദീതീരങ്ങളിലാകയാലും ഈ നദി അറ്റലാന്റിക്ക് സമുദ്രത്തോട് അടുത്ത് കിടക്കുന്നതിനാലും ഇതിനു ഏറെ ചരിത്ര പ്രാധാന്യമുണ്ട്.

റോഡിന്റെ ഇടതു ഭാഗത്തു ദൂരെ അപ്പലേഷ്യന്‍ ട്രെയില്‍സ് എന്ന മലനിരകള്‍. തെക്ക് ജോര്‍ജിയ മുതല്‍ വടക്ക് ന്യൂ ഇന്ഗ്ലണ്ടിലെ മെയിന്‍ വരെ നീണ്ടുകിടക്കുന്ന പര്‍വത നിരകളാണ് ഇവ. അമേരിക്കയിലെ 14  സംസ്ഥാനങ്ങളിലായി ഇത് നീണ്ടു കിടക്കുന്നു.സഹ്യന്റെ മടിയില്‍ കിടക്കുന്ന നമുക്ക് അപ്പലേഷ്യന്‍ മലനിരകള്‍ ചെറിയ കുന്നുകളായേ തോന്നൂ. കൃഷിസ്ഥലങ്ങളും പുല്‍മേടുകളും വീതികുറഞ്ഞ റോഡുകളും തുടരുകയാണ്.

ഇന്ത്യയിലെ ചിലയിടങ്ങളിലെപ്പോലെ റോഡിലേക്കിറങ്ങി നില്‍ക്കുന്ന വീടുകളും കടകളും കണ്ടതും ഡ്രൈവറായ ഭര്‍ത്താവ് അസ്വസ്ഥനായി. അങ്ങോട്ടും ഇങ്ങോട്ടുമായി 12 വാഹനങ്ങള്‍ക്ക് ഒരുമിച്ചു പോകാവുന്ന ഹൈവേ ഞങ്ങള്‍ തുടക്കത്തിലേ ഒഴിവാക്കിയിരുന്നു. എന്നാല്‍ തിരക്ക് കുറഞ്ഞ റോഡും ചിരപരിചിതമായിരുന്ന കക്ഷിക്ക് വഴി തെറ്റിയത് പെട്ടെന്ന് പിടികിട്ടി. കൂടെയുണ്ടായിരുന്ന സുഹൃത്ത്ജിപിഎസില്‍ നോ ടോള്‍ കൂടി സെറ്റ് ചെയ്തിരുന്നതിനാലാണ് അവിചാരിതമായി  ഇത്ര മനോഹരമായ ഗ്രാമപ്രദേശത്തിലൂടെയുള്ള യാത്ര തരമായത്.വീതി കുറഞ്ഞ വഴികള്‍. അടുത്തെങ്ങും കടകളോ സ്ഥാപനങ്ങളോ ഇല്ല. ഈ കൃഷിക്കാര്‍ എവിടെ നിന്നാകും സാധനങ്ങള്‍ വാങ്ങുന്നത്..മുക്കിനു മുക്കിനു കടകള്‍ കണ്ടു വളര്‍ന്ന നമ്മുടെ നാടന്‍ ബുദ്ധിക്ക് ഇതൊന്നും ആദ്യം മനസ്സിലായില്ല. വലിയ ട്രക്കുകളുമായി ആളുകള്‍ നഗരത്തിലെ ഹോള്‍ സെയില്‍ കടയില്‍ തിക്കി തിരക്കുന്നതിന്റെ കാരണം അപ്പോഴാണ് പിടികിട്ടിയത്. മാത്രമല്ല, ഇതുപോലുള്ള ചെറു ഗ്രാമങ്ങള്‍ പലപ്പോഴും സ്വയം പര്യാപ്തവുമായിരിക്കുമത്രേ. പത്തോ ഇരുപതോ വീടുകള്‍. അവര്‍ക്ക് ഒരു സ്‌കൂള്‍. കൃഷിയിടങ്ങള്‍. കാലികള്‍. ചുരുക്കം ചിലര്‍ ദൂരെ ജോലിക്കായി പോകും.

ഇനി കുറച്ചുകൂടി പോയാല്‍ ലാന്‍കസ്റ്റര്‍ ആയി. ആമിഷ് വര്‍ഗക്കാര്‍ താമസിക്കുന്ന പ്രദേശം ആണത്. അമേരിക്കയില്‍ എത്തിയതിനു ശേഷം ആദ്യം വായിച്ച ഒരു നോവലില്‍ നിന്നാണ് ആമിഷ് ജനതയെക്കുറിച്ചു അറിഞ്ഞത്. മുന്നൂറോളം വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വിറ്റസര്‍ലന്റില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ പരമ്പരാഗത ക്രിസ്ത്യാനികളാണ് ഇവര്‍. പതിനേഴാം നൂറ്റാണ്ടില്‍ സ്വിറ്റസര്‍ലന്റില്‍ രൂപംകൊണ്ട ഒരു ക്രിസ്തീയ കൂട്ടായ്മയാണ് ഇത്. മതത്തിനുള്ളിലെ കലാപത്തിന്റെ അനന്തരഫലമായി ഇവര്‍ അമേരിക്കയിലെ ചില സ്ഥലങ്ങളില്‍ എത്തുകയും കൂട്ടമായി മറ്റുള്ളവരില്‍ നിന്ന് വേര്‍പെട്ടു ജീവിക്കുകയുമായിരുന്നു. ലളിതമായ ജീവിത രീതികളാണ് ഇവരുടേത്. കൃഷിയും കരകൗശലവുമാണ് ജീവിതമാര്‍ഗം.

ആധുനിക സാങ്കേതിക വിദ്യകള്‍ ഒഴിവാക്കിയ ഇവരുടെ മിതമായ ജീവിതത്തില്‍ വൈദ്യുതിക്ക് പോലും സ്ഥാനമില്ല. ചക്രങ്ങളില്‍ എത്തി അവിടെ തീരുന്നു ഇവരുടെ സാങ്കേതികത. ചിലര്‍ ബാറ്ററി ഉപയോഗിച്ചുള്ള റേഡിയോകള്‍ ഉപയോഗിക്കുന്നുണ്ട്. ജഗ്ഗികള്‍ എന്നപേരിലുള്ള കുതിര വണ്ടികളിലാണ് യാത്ര. ഓഹിയോ എന്ന് നമ്മള്‍ പറയുന്ന ഒഹായോവിലും കാനഡയിലുമൊക്കെയായി ഇപ്പോള്‍ രണ്ടേകാല്‍ ലക്ഷത്തോളം ആമിഷ് ജനങ്ങള്‍ ഉണ്ട്. ആമിഷ് ദമ്പതികളുടെ മക്കള്‍ക്ക് അവര്‍ക്ക് താല്‌പര്യമുണ്ടെങ്കില്‍ മാത്രം ഈ ജീവിതരീതി തുടര്‍ന്നാല്‍ മതിയാകും. അല്ലെങ്കില്‍ അവര്‍ ആ കൂട്ടത്തില്‍നിന്ന് പുറത്തുപോകണം. സ്ത്രീകളുടെ വസ്ത്രം വെളുത്ത പാവാടയും ബ്ലൗസും തലയില്‍ കെട്ടിയ സ്‌കാര്‍ഫുമാണ്. പുരുഷന്മാര്‍ക്ക് കറുത്ത പാന്റ്സും കോട്ടും തൊപ്പിയുമുണ്ട്. ഇവരുടെ ഉല്‍പ്പന്നങ്ങളിലെ  വിശ്വസനീയത ഏറെ ആവശ്യക്കാരെ ഉണ്ടാക്കിയിട്ടുണ്ട്. ആമിഷ് വഴിയോരചന്തകള്‍ കൗതുകമുണര്‍ത്തുന്നവയാണ്.

ഞങ്ങള്‍ക്ക് പോകേണ്ടത് ക്വേക്കര്‍ ടൗണിനടുത്തായിരുന്നു. ക്വേക്കര്‍ എന്നതും ഒരു ജനവിഭാഗമാണ്. നമ്മുടെ പുതു ഭക്ഷണശീലങ്ങളില്‍ ഒന്നായ ക്വേക്കര്‍ ഓട്സ് ഇവരുടെ കമ്പനിയാണ്. ഏതായാലും മൂന്നര മണിക്കൂര്‍ കൊണ്ട് എത്തേണ്ട സ്ഥലത്ത് അന്നെത്തിയത് അഞ്ചര മണിക്കൂര്‍ കൊണ്ടാണ്. പിന്നീട് പലവട്ടം പെന്‍സില്‍വാനിയ വഴി പോയിട്ടുണ്ടെങ്കിലും വഴി മാറി പോയ  ആദ്യ യാത്രയുടെ സൗകുമാര്യം ഉണ്ടായിരുന്നില്ല.

Source – http://www.deshabhimani.com/travel/a-road-trip-through-american-villages/606545

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply