കെഎസ്ആര്‍ടിസി ജിവനക്കാരോട് മതിപ്പു തോന്നിയ ഒരു നിമിഷം..

കെഎസ്ആര്‍ടിസി ജീവനക്കാരെക്കുറിച്ച് നിരവധി പരാതികള്‍ ഉയരുന്നുണ്ടെങ്കിലും അവരിലെ നന്മകള്‍ പുറംലോകത്തെ അറിയിക്കുന്ന ചില സംഭവങ്ങളും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം സ്വദേശിയായ ശങ്കര്‍ ആഴിമലയ്ക്ക് കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്നും ലഭിച്ച സഹായത്തെക്കുറിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. ശങ്കറിന്‍റെ പോസ്റ്റ്‌ ഇങ്ങനെ…

“കഴിഞ്ഞ ദിവസം ജോലിസംബന്ധമായ കാര്യങ്ങൾക്കു വേണ്ടി ആലുവയിലേക്ക് പോയിരുന്നു. തിരികെ വരാൻ ബസോ ട്രെയിനോ ബുക്ക് ചെയ്തില്ലായിരുന്നു.. അങ്ങനെ വരുമ്പോൾ സൂപ്പർ ഫാസ്റ്റിൽ കയറാൻ തന്നെ തിരുമാനിച്ചു. ആലുവയിൽ നിന്നും ബൈപാസിലേയ്ക്കുള്ള യാത്രയ്ക്കായി അങ്കമാലി ബസിൽ കയറി ആലുവ ബൈപാസിൽ ഇറങ്ങി.. ലോങ്ങ് റൂട്ട് ബസുകൾ ഉണ്ടാകുമെന്നു വിചാരിച്ചാണ് അവിടെ നിന്നത്. വരുന്ന ബസ്സുകളെല്ലാം നിറയെ ആൾക്കാരുമായിട്ടാണ്. പിന്നെ എന്തു ചെയ്യണമെന്ന് അറിയാത നിൽക്കുമ്പോഴാ പാലക്കാട് – തിരുവനന്തപുരം വോൾവോ വന്നത്. ഞാൻ കൈ കാണിച്ചു. ബസ് നിന്നു.

ഏറെ പ്രതിക്ഷയോടെ ഡോറിന്റെ സൈഡിൽ എത്തിയപ്പോഴാണറിഞ്ഞത് ബസിലെ യാത്രക്കാരില്‍ ആര്‍ക്കോ ഇറങ്ങാൻ വേണ്ടിയാണ് ബസ് നിർത്തിയത്. കണ്ടക്ടർ ചേട്ടന്റെ പെട്ടെന്നുള്ള മറുപടി സീറ്റ് ഇല്ല.. സീറ്റ് കുറച്ചു ഒഴിഞ്ഞു കിടന്നിരുന്നു.എന്നാലും വാശി റിസർവേഷൻ ഉണ്ടെന്ന്. പിന്നെ ഞാൻ തർക്കിക്കാൻ നിന്നില്ല അവിടെ നില്പായി.. കട്ട പോസ്റ്റ് ആലുവയില്‍. പിന്നെ കുറച്ചു നേരം നിന്നപ്പോൾ കഴിഞ്ഞ പ്രാവശ്യം മൂന്നാര്‍ന്നാർ മിന്നലിൽ പോയ കാര്യം ഓർമ്മ വന്നു. അന്നത്തെ മിന്നലിന്റെ കണ്ടക്ടറുടെ നമ്പർ മെസേജ് വന്നിരുന്നു. തപ്പിപ്പിടിച്ച് വിളിച്ചു. പരിചയമില്ലാത്ത നമ്പർ എടുക്കില്ല എന്നാ കരുതിയത്.. ആ ചേട്ടൻ എടുത്തു. അന്നത്തെ യാത്രയിലെ കണ്ടക്ടർ ചേട്ടനെ ഒരിക്കലും മറക്കില്ല. ഇത്രയ്ക്കു വിനയവും ആത്മാർത്ഥയും ഉള്ള അപൂർവ്വം ഉള്ളവരിൽ ഒരാളാണ് കണ്ടക്ടർ ബിജു ചേട്ടൻ.

ഞാൻ വിളിച്ചു കാര്യം പറഞ്ഞു… ആ ചേട്ടനായിരിക്കും മിന്നലിൽ ഉണ്ടാകുമെന്ന് വിചാരിച്ചാ വിളിച്ചത്. രണ്ടു സീറ്റ് മിന്നലിൽ ഉണ്ടാകുമോയെന്ന് ചോദിച്ചു. ആ ചേട്ടൻ TVM – Munnar മിന്നലിൽ ആണെന്നും ..ഞാൻ Munnar – TVM മിന്നലിലെ കണ്ടക്ടറുമായി സംസാരിച്ചിട്ട് പറയാമെന്നു പറഞ്ഞു. ഒരു 10 മിനിറ്റ് കഴിഞ്ഞ് തിരിച്ച് വിളിച്ചു സീറ്റ് ഉണ്ടെന്നു പറഞ്ഞു. എറണാകുളം സ്റ്റാന്റിലാ വരുന്നതെന്നും ഒരു 11 മണി കഴിയുമ്പോൾ എത്തുമെന്നും അദ്ദേഹം പറഞ്ഞു..

പിന്നെ ഒന്നും ആലോചിച്ചില്ല അടുത്തു വന്ന ലോഫ്ളോർ AC ബസിൽ കേറി 44 രൂപ ടിക്കറ്റ് എടുത്ത് എറണാകുളത്തേയ്ക്ക്.. എറണാകുളം സ്റ്റാന്റിൽ മിന്നലിനു വേണ്ടിയുള്ള കട്ട പോസ്റ്റ്. സ്റ്റാന്റിൻ നിറയെ യാത്രക്കാരും.  വരുന്ന ബസെല്ലാം സ്റ്റാന്റിങ്ങായി ആണ് പോകുന്നത്.. ഒരു 11 മണി കഴിഞ്ഞപ്പോൾ മിന്നൽ വന്നു. കുറെ ആൾക്കാർ അതിനു ചുറ്റും കൂടി റിസർവേഷൻ ഉള്ളവരെ ആദ്യം കയറ്റി. പിന്നെ ഞാൻ കണ്ടക്ടറോട് പറഞ്ഞു ബിജു ചേട്ടൻ പറഞ്ഞ ആളെന്ന്. ബിജു ചേട്ടന്‍ കണ്ടക്ടറെ വിളിച്ചിരുന്നുവെന്നും എന്നോട് ബസ്സില്‍ കേറാനും ആ കണ്ടക്ടര്‍ പറഞ്ഞു.

ശങ്കര്‍ ആഴിമല

വിളിച്ചു പറഞ്ഞില്ലായിരുന്നെങ്കിൽ അതും പോയേനെ.. ആ സമയം കണ്ടക്ടര്‍ ബിജു ചേട്ടനെ ഓർത്തു. ഒരു പാടു നന്ദി. വലിയ പരിചയം ഒന്നുമില്ലെങ്കിലും മറ്റൊരു ബസിൽ ഡ്യൂട്ടി എടുക്കുകയായിരുന്നിട്ടും വിളിച്ച് പത്തു മിനിട്ടിനുള്ളില്‍ സീറ്റ് ഒപ്പിച്ചു തന്ന നല്ല ചേട്ടൻ.. എല്ലാം മറന്ന് തലസ്ഥാനത്തേയ്ക്ക്. ഇവിടെ ജീവനക്കാരുടെ ആത്മാർത്ഥതയെ നമ്മൾ മനസിലാക്കണം. ഇത് എന്റെ അനുഭവം ആണ്.. ജീവനക്കാരോട് ഏറെ ഇഷ്ടo തോന്നിയ നിമിഷം .. സുഖയാത്ര.. സുരക്ഷിതയാത്ര.. കെഎസ്ആര്‍ടിസിയിൽ.”

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply