യാത്രാവിവരണം – Khaleel Rehman.
ഈ യാത്രാ വിവരണം എഴുതുമ്പോൾ എന്റെ മനസ് വല്ലാത്ത അങ്കലാപ്പിലാണ് കാരണം ഞാൻ അനുഭവിച്ച അനുഭൂതി എങ്ങനെ വിവരിക്കും എന്നതിനെ കുറിച്ച് ഒരു എെഡിയയുമില്ല. ഞാൻ ഖലീൽ, അനിയൻ നസ്രു കൂടെ ഹഫീസും തൻസിയും. നാലുപേർ, നാളെ നാഴികകൾ താണ്ടാനുളളതിനാൽ രാത്രി നേരത്തെ കിടന്നു……
സുപ്രഭാതം……. കോരിച്ചൊരിയുന്ന മഴയോട് കൂടിയാണ് ഞങ്ങൾ യാത്ര ആരംഭിച്ചത്, സമയം ക്ലോക്കിൽ ആറ്, മഴ ആ ദിവസത്തെ പെയ്ത് കൊളവും, പുഴയുമെല്ലാം ആക്കുമോ എന്നൊരു സംശയം ഉണ്ടായിരുന്നെങ്കിലും ആള് നമ്മുടെ യാത്രക്ക് തടസം നിൽക്കാതെ തെളിമാനം വിരിച്ചു തന്നു. ഏഴാറ്റുമുഖം എത്തുന്നതിന് മുമ്പായി പനകളാൽ ചാലിച്ച ആ പ്രകൃതിരമണീയതയിൽ മഴ കൂടി തലോടിയപ്പോൾ എങ്ങനെയാ ഒരു ഫോട്ടോ എടുക്കാതെ പോവ്വാ.. ആവേശം നസ്രുന്റെ വകയായിരുന്നു, അങ്ങനെ യാത്രയിലെ ആദ്യ ഫോട്ടോ സെക്ഷന്‍ പ്രൗഢഗംഭീരമായ തുടക്കമായി…..
നേരെ അതിരപ്പളളി വെളളചാട്ടത്തിലേക്കാണ് ഞങ്ങൾ എത്തിയത്. കയ്യിൽ ഒരു കട്ടനും പിടിച്ചു മകന്റെ പ്രായം പോലുമില്ലാത്ത തൻസിന്റെ അടുത്ത് വന്ന് വെളളചാട്ടത്തിലേക്ക് നോക്കി ഹഫീസിന്റെ വക ഒരു ചോദ്യം.. “ഉപ്പൂപ്പാന്റെ മുഹബത്തിന്റെ കഥയൊന്ന് പറഞ്ഞ തരുമോ എന്ന്” … പ്പാ… ഒരൊറ്റ ആട്ടൽ. എന്താന്നറിയില്ല മലയാളികൾക്ക് കട്ടൻചായയും, വെളളവും ഒരുമിച്ചു കണ്ട അപ്പ വരും മുഹബ്ബത്ത് .. പിന്നെ കയ്യിലുണ്ടായിരുന്ന ഫിഷ് എെെ ലെന്‍സിനെ അവിടെ പരമാവതി ഉപയോഗപ്പെടുത്തി.
അവിടന്ന് നേരെ വാഴച്ചാലിലേക്ക്.. ചെക്ക് പോയിന്റ് കഴിഞ്ഞ് പിന്നീട് ഞങ്ങള്‍ താണ്ടിയ നാല്‍പ്പത് കിലോമീറ്ററോളമുളളത് വനയാത്രയായിരുന്നു. വല്ലാത്ത അനുഭൂതി നിറഞ്ഞ ഒരു ഡ്രെെവ് തന്നെയായിരുന്നു. പിറകില്‍ നിന്ന് കുടുംബക്കാരെ കാണാന്‍ അവിടെയൊന്ന് നിര്‍ത്തി തരാന്‍ വേണ്ടി ആരൊക്കയോ പരസ്പരം പറയുന്നുണ്ടായിരുന്നു.. വണ്ടി ഷോളയാറെത്തുമ്പോള്.. മച്ചാനെ മ്മടെ കൊച്ചീലെ ഫ്രീക്ക് പിളളര്.. ഒരു പത്തോളം ബെക്കിലായിട്ട് കറങ്ങണ്. അവര്‍ നിര്ബന്ധിച്ചപ്പോ ഞങ്ങള്‍ കൂടെ നിന്ന് ഒരു ക്ലിക്കങ്ങ് ക്ലിക്കി. പിന്നീട് മലക്കപാറ ചെക്ക് പോയ്ന്റ് കടക്കാന്‍ ഒരു രണ്ട് മണിക്കൂറോളമെടുത്തു. അവിടന്ന് അപ്പര്‍ ഷോളയാര്‍ ഡാമിലെത്തുമ്പുള് ചെറിയൊരു ചാറ്റല്‍ മഴ ഞങ്ങളെ വരവേറ്റു.. പിന്നിട് വാല്പാറയില് ചെന്ന് നമസ്ക്കാരവും ഭോജനവുമെല്ലാം കഴിഞ്ഞ് യാത്ര തുടര്‍ന്നു..
അടുത്തത് ചുരയാത്രയായിരുന്നു.. ആദ്യംതന്നെ ഞമ്മളെ മനസില്‍ പപ്പു ഏട്ടന് ഓടിയെത്തി.. പിന്നെ പടച്ചോനെ ഇങ്ങള് കാത്തോളീന്ന് പറഞ്ഞ് ചുരമിറങ്ങി. ചുരം പകുതി ആയപ്പോ വീണ്ടാമതും നസ്രുവിന് ഫോട്ടോ എടുക്കണം എന്ന തോന്നൽ ഉത്ഭവിച്ചു. വണ്ടി നിർത്തി ഞങ്ങൾ വലിയ ആവേശത്തിൽ ചാടി എടുക്കണ്, വീശി എടുക്കണ്, മറിഞ്ഞെടുക്കണ് എന്തെല്ലാമായിരുന്നു ഒടുവിൽ നല്ല എട്ടിന്റെ പണി എനിക്ക് തന്നെ കിട്ടി. ഫോട്ടോ എടുക്കുമ്പോ ഒന്ന് പൊക്കത്തിൽ ചാടിയതാ, ചാട്ടമൊക്കെ ഓക്കേ പക്ഷെ ലാൻഡിങ് ശരിയായില്ല “പതക്കോ” ദേ കിടക്കുന്നു താഴെ. അപ്പോൾ വേദന അത്ര കാര്യമായി ഇല്ലാത്തതിനാൽ യാത്ര തുടർന്നു. അങ്ങനെ ആറ് മണിയോടെ ഞങ്ങള്‍ പളനിയിലെത്തി.
നേരത്തെ ബുക്ക് ചെയ്ത റൂമില്‍ ചെന്ന് ഫ്രഷായി പളനി അമ്പലത്തിലേക്ക് റോപ്പ് വേ വഴി കേറാനായി പുറപ്പെട്ടു. അമ്പലത്തിലെത്തി വലയവുമെല്ലാം കഴിഞ്ഞ് പന പോലെ കൊലച്ച് നിക്കുന്ന നസ്രുവിന്റെ തലയൊന്ന് വടിച്ചാലോ എന്നാഗ്രഹമുണ്ടായെങ്കിലും അതിനേക്കാള്‍ നല്ലത് എന്റെ തലെയെടുക്കുന്നതാണെന്ന് അവന് പറഞ്ഞപ്പോ പിന്നെ ഒഴിവാക്കി. അപ്പോഴാണ് നേരത്തെ വീണതിന്റെ വേദന ശക്തമാവാൻ തുടങ്ങിയത്. അടുത്തത് വയറിന്റെ ആവശ്യമായിരുന്നു ഒരു കടയില്‍ ചെന്ന് ചിക്കന്റെ എന്തോ സാധനം ഓര്‍ഡര്‍ ചെയ്തു, വന്നപ്പോ അത് സിക്സ്റ്റി ഫെെവാണോ, ടിക്കയാണോ , കറിയാണോ എന്ന് പോലും അറിയാത്ത വിധം ക്രൂരതയായിരുന്നു ആ കോഴിയോട് അവര്‍ ചെയ്തിരുന്നത്. ഒരു ബാം വാങ്ങി റൂമിലെത്തി. എന്തോ തെറാപ്പി പഠിച്ചത് പോലെയായിരുന്നു ഹഫീസിന്റെ തടവൽ.. എനിക്ക് നല്ല തെറി പറയാനാണ് തോന്നിയതെങ്കിലും ഉളളത് കൊണ്ട് ഓണം ഉണ്ണാന്ന് വിചാരിച്ചു മിണ്ടാതിരുന്നു . ശുഭരാത്രി…
ക്ർർ….. എന്തോ, ശമ്പളം കൊടുക്കുന്നത് പോലെയാണ് ഈ അലറാത്തിന്റെ ആത്മാർത്ഥത, കൃത്യം അഞ്ചു മണിക്ക് തന്നെ നിലവിളിക്കാൻ തുടങ്ങി. എണീറ്റ് കുളിച്ചു ഫ്രഷായി ഒരു ആറു മണിയോടെ തന്നെ റൂം വെക്കേറ്റ് ചെയ്തു രണ്ടാമത്തെ ദിവസത്തെ പ്രയാണം ആരംഭിച്ചു. ഏതായാലും ഹഫീസിന്റെ തടവലിന് ഗുണമുണ്ടായി വേദന നന്നായി മാറിയിരുന്നു. റോഡിന്റെ ഇരുവശങ്ങളിലായി നല്ല ഗ്രാമീണ ഭംഗി ആ പുലർകാലത്തെ യാത്രയെ മനോഹരമാക്കി. പിന്നീട് നേരെ ചുരം കയറ്റം. വീട്ടില്‍ കോഴിയും ആടും മറ്റും പോലെയാണ് കേവലം മൃഗശാലയിലും മറ്റും മാത്രം കാണാറുളള കുതിരകൾ റോഡിന്റെ ഇരു വശങ്ങളിലായി വെറുതെ മേഞ്ഞു നടക്കുന്നു. വഴി അരികിൽ നിർത്തി ഒരു ചായക്ക് ഓർഡർ ചെയ്തു, വാഹ്… അടിപൊളി ചായ, വല്ലാത്ത കളറും കൂടാതെ തൊട്ടടുത്ത കടയിലെ ഫ്രൂട്ട്സിനുമെല്ലാം വല്ലാത്ത രുചി ആയിരുന്നു.
പ്രിയദർശൻ മലയാളികൾക്ക് സമ്മാനിച്ച എവർ ഗ്രീൻ സിനിമയായ കിലുക്കമാണ് കൊടൈക്കനാലിൽ എത്തിയപ്പോൾ ആദ്യം മനസിൽ കടന്ന് വന്നത്… ബർകത്ത് റസ്റ്റോറന്റിൽ നിന്നു രാവിലത്തെ ഭോജനം കെങ്കേമമായി… ചെ ഇതെവിടന്ന ഒരു തമ്പ്രാൻ ചുവ… സ്ഥിരം ടൂറിസ്റ്റു സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി നേരെത്തെ പ്ലാൻ ചെയത സ്ഥലങ്ങളെ ലക്ഷ്യമാക്കിയായിരുന്നു അടുത്ത യാത്ര… നേരെ പൂവം പാറ… ദൈവത്തിന്റെ കരവിരുത് ശരിയ്ക്കും ആസ്വദിക്കാൻ പറ്റിയ മനോഹരമായ സ്ഥലം.. പത്തുരൂപക്ക് ഫോട്ടോയും എടുത്ത് താഴേക്ക് ഇറങ്ങുന്ന വഴിയാണ് ഒരാൾ കുറച്ച് അങ്ങട് പോയാൽ മനോഹരമായ മറ്റൊരു സ്ഥലമുണ്ടെന്ന കാര്യം പറഞ്ഞു തന്നത്.. പിന്നെ പില്ലർ റോക്സും, ഡോൾഫിൻ നോസ് പോയി.. പൈന്‍ ഫോറെസ്റ്റ് വിശ്രമം കുറച്ച് ആശ്വാസം നല്കി.
തെളിമാനം മഴവിലിൻ എന്ന പ്രേമത്തിലെ മനോഹര തീരം കൂടിയാണ് ഇത്. മറ്റൊരു പ്രതേകത ഇതൊന്നും നോർമൽ ടുറിസ്റ് പ്ലെയ്സ് അല്ല എന്നതാണ്. രണ്ടു പാറകൾ കൊക്കേലേക് ചാഞ്ഞു നിക്കുന്നതാണ് ഈ സ്ഥല൦. വളരെ ഭയപെട്ടാണ് ഞങ്ങൾ അവിടെ വരെ ചെന്നത് എന്നാൽ അതിശയമുളവൈകിയത് എന്തെന്നാൽ ഒരു പെണ്ണ് യാതൊരു കൂസലുമില്ലാതെ അവിടെ വരെ ചെന്ന് ഒറ്റക്കാലിൽ നിന്നതാണ്… ..ഹെലന്റമ്മോ ഓർക്കുമ്ബോൾതന്നെ…..
ഇതൊക്കെ ആയപ്പോൾ തന്നെ ക്ഷീണിച്ചു എല്ലാരും ഒരു പരുവമായി.. ..പിന്നീടുളള അലച്ചിൽ റൂം തപ്പലായിരുന്നു. അതിനിടയിൽ ലെയ്ക്കിന്റെ അടുത്ത് ഒന്ന് നിർത്തി. അവിടെ ഒരുപാട് സൈക്കിൽ യാത്രക്കാരെ കണ്ടത് ഒരു വ്യത്യസ്തതയായിരുന്നു. റൂം വലിയൊരു വിഷയമായപ്പോൾ ഞങ്ങൾ നേരെ തേനിയിലേക്ക് വിട്ടു. അവിടെയായിരുന്നു രണ്ടാമത്തെ ദിവസത്തിന്റെ പര്യവസാനം……
അങ്ങനെ ഞങ്ങളുടെ മൂന്നാമത്തെ ദിവസത്തിലേക്ക് കടക്കുകയാണ് സുഹൃത്തുക്കളെ, കടക്കുകയാണ്……
കഴിഞ്ഞ ദിവസത്തെ അലാറത്തിനോടുളള ദേഷ്യം ഞങ്ങൾ തീർത്തത്, ക്ഷീണം കൊണ്ടാണെങ്കിലും അഞ്ചു മണി എന്നുളളത് ആറുമണിക്ക് എണീറ്റ് ഒരു മധുര പ്രതികാരം. അടുത്ത് കണ്ട ഒരു സസ്യാഹാര ഭോജന ശാലയിൽ കയറി കട്ടക്ക് മൂന്ന് മദാലസയും, സോറി മസാലദോശയും പിന്നെ മെനുവിൽ കണ്ട ഒരു പുലാവും ഓർഡർ ചെയ്തു. സാധനം മേശയിൽ എത്തിയതിന് ശേഷമുളള സീൻ പുലാവ് ഓർഡർ ചെയ്ത തൻസി താടിക്ക് കൈ കൊടുത്തിരിക്കുന്നതാണ്.
അടുത്ത ലക്ഷ്യം മൂന്നാറായിരുന്നു.. വഴിയുടെ ബോർഡ് ഫോട്ടോ എടുക്കണം എന്ന ഹഫീസിന്റെ ആഗ്രഹം ഒന്ന് സഫലീകരിക്കുന്നതിന് വേണ്ടി വണ്ടി സൈഡാക്കിയതാണ്. അപ്പോഴാണ് അങ്ങ് ദൂരെയായി ഒരുപാട് കാറ്റാടി യന്ത്രങ്ങൾ… അപ്പോൾ തന്നെ ഗോകുൽ മോനോട് വഴി ചോദിച്ചു അങ്ങോട്ടേക്ക് വച്ചുപിടിച്ചു. പിന്നെ അവിടെ ചെന്ന് വലിയൊരു ഫോട്ടോ സെക്ഷൻ തന്നെ നടത്തി. ബോധിമെദ് വഴി മൂന്നാറിലേക്കുളള റോഡിൽ വണ്ടി ഓടിക്കുമ്പോൾ ഫോർമുല ഒന്നിൽ ചവിട്ടുന്ന പ്രതീതി… അപ്പോ നിങ്ങൾ ചോദിക്കും ഫോർമുല ഒന്നിൽ പങ്കെടുത്തിട്ടുണ്ടോ എന്ന്, എന്റെ പൊന്നെ ഒന്ന് തളളിയതാണ്.
അങ്ങനെ ചുരം കയറി ഏകദേശം പകുതിയായപ്പോൾ കേരളത്തിന്റെ ദേശീയ ഇഴ ജന്തുവായ ഒരു പാമ്പ് ഞങ്ങളെ നോക്കി പൂരപ്പറമ്പിൽ കണ്ട പരിചയം പോലും കാണിക്കാതെ കടന്ന് പോയി. ചുരത്തിലെ ഒരു വ്യൂ പോയിന്റിൽ നിർത്തി ഫോട്ടോ എടുത്തുകൊണ്ടിരിക്കുമ്പോൾ യാദൃശ്യികമായി കൊച്ചിയിൽ നിന്ന് മധുര വരെ സൈക്കളിൽ പോകുന്ന ഒരു ചൈനക്കാരനെ കണ്ടത്. അദ്ദേഹത്തെ പരിചയപ്പെടുകയും പിന്നീട് ആ യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ജീവിതത്തിൽ നാം എന്ത് ചെയ്തു എന്നത് വലിയൊരു ചോദ്യ ചിഹ്നം പോലെ നിൽക്കുന്നത് ഇത്തരക്കാരെ കാണുമ്പോഴാണ്. അടുത്തത് റൂമിന്റെയും, മല കേറാനുളള ജീപ്പ് ലഭിക്കുമോ എന്ന ആധിയായിരുന്നു.
മോദിമേഡ് ജംഗ്ഷനിന് നേരെ പോയപ്പോഴാണ് പൂപ്പാറ വഴി പോകാതെ സൂര്യനെല്ലി വഴി ഞങ്ങൾ തിരിച്ചത് എന്തോ ദൈവം ഞങ്ങളെ എത്തിച്ചത് എന്ന് തോന്നിപോയി, കാരണം അവിടെന്ന് ബീയാൾപുരം എന്ന സ്ഥലത്തെത്തിയപ്പോൾ കുറച്ചു കടകൾ കണ്ടു അവിടെ വണ്ടി നിർത്തി റൂമിനെ കുറിച്ചു അന്വേഷിച്ചു. നിർത്തിയത് ജോൺസൺ ചേട്ടന്റെ കടയുടെ മുമ്പിലായിരുന്നു. പുളളിയോട് കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ നിമിഷ നേരം കൊണ്ട് റൂമും കൂടാതെ നാളെ പോകാനുളള ജീപ്പും റെഡി. പിന്നെ അവിടന്ന് ചെറിയ ഒരു മൂന്നാർ ട്രിപ്പ് പുറപ്പെട്ടെങ്കിലും വഴിയിലെ തിരക്കും നാളെ രാവിലെയുളള യാത്രയും ഓർത്തപ്പോൾ ചിന്ന കനാൽ തന്നെ ഞങ്ങൾ അങ്ങട് മൂന്നാറായി പ്രഖ്യാപിച്ചു. വെളളച്ചാട്ടത്തിൽ ചെറുതായൊന്നു നനഞ്ഞു അവിടന്ന് റൂമിലേക്കുളള സാധനവും വാങ്ങി റൂമിലേക്കു വച്ചടിച്ചു…..
ഇനി നമ്മുടെ ക്ലൈമാക്സ് ഡേയാണ്, ക്ലൈമാക്സിന്റെ ഹരം കളയാതിരിക്കാൻ വേണ്ടി ഇപ്പോൾ തന്നെ മറ്റൊരു കാര്യം കൂടി പറഞ്ഞേക്കാം. മറ്റൊന്നുമല്ല അത് നമ്മൾ നേരത്തെ പരിചയപ്പെട്ട ജോസേട്ടനില്ലേ അവരാണ് നായകൻ… ആളെ ഓർമ കിട്ടിയല്ലോ.. മ്മടെ റൂം ശരിയാക്കി തന്ന ചേട്ടൻ. നേരത്തെ റൂം ശരിയാക്കി തന്നപ്പോൾ തന്നെ നാളെ പോകാനുളള ജീപ്പിന്റെ കാര്യവും സൂചിപ്പിച്ചിരുന്നു, നമുക്ക് നോക്കാം എന്ന് മാത്രമേ അപ്പോൾ പറഞ്ഞിരുന്നുളളു. ഇനി അദ്ദേഹം ശരിയാക്കി തന്ന ആ റൂമേതാണ് എന്നറിയേണ്ടേ, അത് അവരുടെ സ്വന്തം വീട് തന്നെയായിരുന്നു… നാളത്തെ യാത്രയുടെ പ്ലാനിങ്ങിലായി എല്ലാവരും, ജീപ്പായിരുന്നു വിഷയം. പിന്നെ സൽസ്വഭാവിയും, സത്ഗുണ സമ്പന്നനുമായ ഞാൻ ചോദിച്ചു.. അങ്കിളിന്റെ ഫാദർ ആരാണെന്ന്… ചെ.. ഡയലോഗ് തെറ്റിപോയി, ജോസേട്ടാ നമ്മുക്ക് ഒന്ന്പോയാലൊന്ന്… അത് കേട്ടതും ആളും ഒന്നുഷാറായി. ഇത്രയും കാലായിട്ട് ഇവിടുന്ന് ഒരുപാട് പേര് പോകുന്നത് ദാ ഇങ്ങനെ (വായ ആവുന്നത്ര പൊളിച്ചിട്ടു) ഒറ്റ നിൽപ്പ്, അത് കഴിഞ്ഞു, തുടർന്ന് ‘നോക്കട്ടെ ഉളളു, ഏതായാലും നമ്മുക്കു പോകാം. ജോസേട്ടൻ ഡബിൾ ഒക്കെ….. ഇനി ജോസേട്ടനും കൂട്ടരും എവിടെയാണ് നാളെ പോകുന്നതെന്നറിയേണ്ടേ.. തുടർന്ന് വായിക്കു…..
ഇനിയാണ് യാത്രയുടെ പര്യവസാനത്തിലേക്ക് നമ്മൾ കടക്കുന്നത്, സൂര്യോദയം കാണണമെന്ന അതിയായ മോഹം കാരണം വെളുപ്പിന് മൂന്ന് മണിക്ക് തന്നെ ശമ്പളം കൊടുക്കാതെ ആത്മാർത്ഥമായി പണിയെടുക്കുന്ന ആ ചേട്ടനെ സെറ്റ് ചെയ്ത് വച്ചു. അയാൾ പണി കൃത്യ സമയത് തന്നെ തുടങ്ങി, മൂട്ടിൽ വെയില് തട്ടിയാൽ പോലും എണീക്കാത്ത ഇവരെയാണെല്ലോ അതിന്റെ ഉദയം കാണാൻ വെളുപ്പിന് മൂന്ന് മണിക്ക് വിളിക്കുന്നതെന്ന ബോധം എനിക്കുണ്ടായത് അവരെ വിളിച്ചപ്പോഴാണ്. ഒരു മൂന്നേ മുക്കാലോടെ റൂമിൽനിന്നിറങ്ങി സൂര്യനെല്ലി ലക്ഷ്യമാക്കി പുറപ്പെട്ടു. യാത്രയിൽ ഉടനീളം ഞമ്മളെ ജോസപ്പേട്ടന്റെ തള്ള് ഫ്രീ ആയിരുന്നു. ഇനി അതിന് വേറെ പൈസ വരുമോ എന്ന് വരെ ശങ്കിച്ചു.
ജീപ്പ് കൊളുക്കുമല ലക്ഷ്യമാക്കി കേറി.. ഒരു വട്ടം വീഗാലാൻഡിലെ ഏതോ റെയ്ഡിൽ ഇരുന്ന പ്രദീതിയായിരുന്നു ജീപ്പിനുള്ളിൽ… കല്ലും മണ്ണും നിറഞ്ഞ വഴി… എന്റേതൊഴിച് ബാക്കി എല്ലാവരുടെയും വാച്ചിൽ സമയം അഞ്ചേ പത്ത്, ഞാൻ ഞെട്ടി.. അപ്പോൾ പിന്നിൽ നിന്നും ഒരു അശരീരി.. “ബാറ്ററിയുള്ള വർക് ചെയുന്ന ഒരു വാച്ച് കെട്ടിയാൽ തീരുന്ന പ്രശ്നമേ ഇപ്പൊ നിങ്ങൾക്കുള്ളു മിസ്റ്റർ” തൻസിയുടെ വകയായിരുന്നു അത്. ടിക്കെറ്റെടുത്തു ഒരു സൂര്യോദയം കണ്ടത്… ഹൂം ഫ്രീ ആയിട്ട് ആകാശത്ത് കാണുന്ന സാധനത്തിനാണ് പൈസ…..
യാത്രയുടെ അവസാനഭാഗങ്ങളിലേക്ക്…. സുര്യോദയം കണ്ടതിന് ശേഷം രണ്ട് തേയില മലയും, രണ്ട് സാദാ മലയും താണ്ടി യാത്രയുടെ ആരംഭം മുതൽ ആകാംക്ഷയോടെ കാത്തിരുന്ന ആ സുന്ദരമായ സ്ഥലത്തേക്കുള്ള പ്രയാണം ആരംഭിച്ചു….. രണ്ട് തേയില മല കേറിയപ്പോൾ തന്നെ തിരിച്ചു പോകാമെന്ന് തോന്നിയെങ്കിലും ഇനി കേറാനുള്ള ബാക്കി രണ്ടു മലകളുടെ മനോഹാരിത ഞങ്ങളിൽ വീണ്ടും അവിടേക്ക് എത്തിച്ചേരാനുള്ള ആഗ്രഹത്തിന്റെ ആക്കം കൂട്ടി…
ഇനി ഞാൻ പറയാൻ പോകുന്നത് ഒരു ട്രോളല്ല.. അനുഭവിച്ചറിഞ്ഞ കാര്യമാണ്.. തീർന്നില്ല വിയർപ്പ് ഒലിക്കുന്നതിന് പകരം മഞ്ഞുതുള്ളികൾ മുഖത്തൂടെ ഊർന്നിറങ്ങി… “കൈരണ്ടും നീട്ടി പിടിച് കണ്ണടച്ച് മുഖം ആകാശത്തിലേക്ക് ഉയർത്തി ശ്വാസം ഒന്നുറക്കെ വലിച്ചാൽ” കിട്ടുന്ന ഒരു ഫീലുണ്ടല്ലോ… എന്റെ സാറെ…. അതെ അന്നൊരു ആഗസ്റ്റ് പതിനഞ്ചായിരുന്നു… കയ്യിൽ ദേശിയ പതാകയുമായിട്ടാണ് ഞങ്ങൾ മല കേറിയത്, എന്തോ എവറസ്റ്റ് കീഴടിക്കിയത് പോലെയായിരുന്നു നസ്റു തന്റെ കൈയിലുള്ള പതാക അവിടെ നാട്ടി സല്യൂട്ട് അടിച്ചതുമെല്ലാം കാണുമ്പോ തോനിപോയത്… പിന്നെ ആകാശം നോക്കി കുറെ സമയം കിടന്നു… ഓരോ മിനുട്ടുകളിലും വ്യൂ കളും വ്യത്യസ്തമായിരുന്നു… വെള്ളം നേരത്തെ വഴിയിൽ കളഞ്ഞിരുന്നു, കൈയിലുണ്ടായിരുന്ന ബ്രഡും ജാമും മായിരുന്നു ഏക ആശ്രയം. തിന്നുന്നത് ബ്രഡാണെകിലും ഡയലോഗിന് ഒരു കുറവും ഉണ്ടായില്ലാ.. അനുഭൂതിയുടെ എല്ലാ മേഖലകളും തൊട്ടറിഞ്ഞു ഞങ്ങൾ മലയിറങ്ങി… തിരിച്ചു റൂമിലെത്തി ആ വലിയ യാത്രയുടെ അനുഭവങ്ങളുടെ രസകരമായ കാര്യങ്ങൾ ഓരോന്ന് അയവിറക്കികൊണ്ട് പ്രകൃതി മനോഹാരിതയുടെ നിഴലുകളാൽ ചാലിച്ച വഴിയിലൂടെ തിരിച്ചു വീട്ടിലേക്കുള്ള ..മടക്കം. എന്തോ എല്ലാവരുടെ മനസിലും ഒരു വിങ്ങൽ അനുഭവിച്ചറിയാമായിരുന്നു….
വാൽ: ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്.. ജീവിതത്തിൽ നാം എന്തെങ്കിലും സംബാദിക്കുയാണെകിൽ ഇത്തരം യാത്രകളിലൂടെ നാം നേടുന്ന ഓർമകളാണ് ഏറ്റവും വലിയ സമ്പാദ്യം … പിന്നിട്ട വഴികള്‍ : ആലുവ – എഴാറ്റുമുഘം – അതിരപ്പിള്ളി – വാഴച്ചാല്‍ – മലക്കപ്പാറ – ഷോളയാര്‍ – വാല്പാറ – ആളയാര്‍ – പളനി – കൊടൈക്കനാല്‍ – പൂമ്പാറ – തേനി – ചിന്നക്കനാല്‍ – കൊളുക്ക് മല – സുര്യനെല്ലി – മൂന്നാര്‍ – ആലുവ.