ലോകത്തിലെ മികച്ച ഡ്രൈവിംഗ് റോഡുകളിലൊന്നായ ജബൽ ഹഫീത്തിലേക്ക്

വിവരണം – മജീദ് തിരൂർ.

യു.എ.ഇ.യിലെത്തിയതിന് ശേഷമുള്ള ആദ്യ പെരുന്നാളാണ്. സാധാരണയായി പ്രവാസികളുടെ ഫേസ്ബുക് ടൈംലൈനിൽ കാണാറുള്ളത് പെരുന്നാൾ ദിവസം ഉറങ്ങിത്തീർക്കുന്ന പ്രവാസിയെയാണ്. ഏതായാലും നാലഞ്ച് ദിവസത്തെ അവധി ഒരിക്കലും ഉറങ്ങിത്തീർക്കരുത് എന്ന് നല്ല ബോധ്യമുള്ളതുകൊണ്ട് സുഹൃത്തും സഹപ്രവർത്തകനും സഹയാത്രികനും എല്ലാമായ ഷറഫുവിനൊപ്പം നാട്ടിലെ റൈഡേഴ്സ് ടീമിനെ കാണാൻ അൽ-ഐൻ സനയയിലേക്ക് പുറപ്പെട്ടു.

യു.എ.ഇ.യിലെ ഗാർഡൻ സിറ്റി എന്ന് വിശേഷിപ്പിക്കുന്ന അൽ-ഐൻ മുഴുവനായി കാണാൻ കഴിഞ്ഞില്ലെങ്കിലും എത്തപ്പെട്ട ഇടങ്ങളെല്ലാം പച്ചത്തുരുത്തായി തന്നെ കാണപ്പെട്ടു. അവിടുന്നാണ് ചുറ്റിലുമായി ഉയർന്ന് നിൽക്കുന്ന മലനിരകളെ പറ്റി ഷറഫുവിനോട് ചോദിച്ചത് . ഷറഫുവിൽ നിന്നാണ് ജബൽ ഹഫീത്തിനെ കുറിച്ച് കേട്ടത്. നേരെ ഗൂഗിൾ അങ്കിളിന്റെ അടുത്ത് പോയി സ്ഥലത്തെ കുറിച്ചുള്ള വിവരശേഖരണം. അടുത്ത ദിവസം രാത്രിയിൽ ജബൽ അഫീത്ത് കയറാം എന്നുള്ള ഷറഫുവിന്റെ ഉറപ്പ്.

പിറ്റേന്ന് പോകാൻ റെഡിയായി നിന്നപ്പോഴേക്കും മറ്റൊരു കാറിൽ ഐഡിയൽ കോളേജിലെ യു.എ.ഇ. താമസക്കാരായ പഴയ വിദ്യാർത്ഥികൾ (മുഹമ്മദലിയുടെ നേതൃത്വത്തിൽ) എത്തി. രാത്രി 12 മണിയോടെ ജബൽ ഹഫീത്തിന്റെ മലമടക്കുകൾ കയറിത്തുടങ്ങി. അൽ-ഐൻ താമസക്കാരനായ ഹമൂദ് ഹംസയുടെ സ്ഥല വിവരണം. അലിയുടെ യു.എ.ഇ.തള്ള്.ഒക്കെ കൊണ്ട് മല കയറിത്തുടങ്ങി. 26 കിലോമീറ്റർ മാത്രമേ ദൂരമുള്ളൂ എങ്കിലും ഗംഭീരമായ ഒരു നൈറ്റ് ഡ്രൈവ് തന്നെയായിരുന്നു. ഇരു വശങ്ങളിലും കൺതുറന്നു നിൽക്കുന്ന വിളക്കുമരങ്ങൾ വളരെ ദൂരകാഴ്ചയിൽ നിന്ന് പോലും വളഞ്ഞു പുളഞ്ഞു പോകുന്ന ഈ പാതയുടെ സൗന്ദര്യം കാട്ടിത്തരുന്നു .

1,499 മീറ്റർ (4,098 അടി) ഉയരമുണ്ട്, ജബൽ ഹഫീത് അബൂദാബി എമിറേറ്റിന്റെ ഏറ്റവും ഉയർന്ന മലനിരകൾ , യു.എ.ഇ യിൽ ജബൽ ജൈസ് കഴിഞ്ഞാൽ രണ്ടാമത്. അൽ ഐനിൻെറയും ഒമാൻ അതിർത്തിയുടെയും സംരക്ഷണമായി നിൽക്കുന്ന ഈ ഉയരം കൂടിയ പാറക്കല്ലുകൾ, ദശലക്ഷക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്ന കനത്ത ചുണ്ണാമ്പുകല്ലിൽ നിന്നും നിർമ്മിച്ചെടുത്തതാണ് എന്ന് അവിടെ മിനിയേച്ചർ മോഡലിൽ ആലേഖനം ചെയ്തിരിക്കുന്നു . ജബൽ ഹഫീത് മലനിരകളിൽ 5000 വർഷത്തെ പഴക്കമുള്ള 500 ഓളം ശവകുടീരങ്ങളുണ്ട്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട സ്ഥലം എന്ന നിലയിൽ ജബൽ ഹഫീത്ത് സമകാലിക യു .എ.ഇ. വിനോദസഞ്ചാര ആകർഷണങ്ങളിൽ പ്രധാനപ്പെട്ടതാണ് .എന്നാൽ ഇതിനൊക്കെ പുറമെ എന്നെ ആകർഷിച്ചത് ഗൂഗിൾ പറഞ്ഞുതന്ന ആ കാര്യം തന്നെ . “ജബൽ അഫീത്ത്- ലോകത്തെ ഏറ്റവും മികച്ച ഡ്രൈവിങ് റോഡുകളിൽ ഒന്ന് .”

നാട്ടിൽ കാറ്റിന്റെ സൗന്ദര്യം ഏറ്റവും കൂടുതൽ ആസ്വദിച്ചത് ഇടുക്കിയിലെ രാമക്കൽ മേട്ടിലും കർണാടകത്തിലെ ചിക്കമംഗളൂർ-മുല്ലയാനഗിരി ട്രെക്കിങ്ങ് പാത്തിലുമാണ്. ഒരു പക്ഷേ ഇന്ന് അവയോട് താരതമ്യം ചെയ്യുമ്പോൾ ജബൽ അഫീത്തിലെ കാറ്റിനെയും ഇക്കൂട്ടത്തിലെ കേമൻ എന്ന് വിളിക്കാം. യു .എ.ഇ. യിലെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന റാസൽ ഖൈമയിലെ ജബൽ ജൈസിന്റെ അത്ര ഭീകരത ഇതിനില്ലെങ്കിലും തുടക്കം മുതൽ ഒടുക്കം വരെ ജബൽ അഫീത്ത് പ്രകാശപൂരിതമാണ്.

ജബൽ അഫീത്തിൽ നിന്നിറങ്ങി മലയുടെ കീഴ്ഭാഗത്ത് ജബൽ ഹഫീതിന്റെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് ഗ്രീൻ മുബാസ്സറയിലേക്ക് . ഗ്രീൻ മൂബ്സസാറയിൽ ചൂടുവെള്ളം ഒഴുകുന്ന അരുവികൾ ചെറിയ അരുവികളായി ഒഴുകുന്നു. നീന്തൽ കുളങ്ങളും ജക്സാസിസും ഗ്രീൻ മുബാസ്ററയിലുടനീളം ചിതറിക്കിടക്കുകയാണ്. മലയുടെ മുകളിൽ ഒരു റഡാർ സ്റ്റേഷൻ ഉണ്ട്, ഒരു ഹോട്ടാലും കൊട്ടാരവും ഇതിനുള്ളിലുണ്ട്. കാണാതെ,കയറാതെ പോകരുത് ഈ സൗന്ദര്യത്തെ, ജബൽ അഫീത്ത് എന്ന സുന്ദരിയെ ..

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply