ആനവണ്ടിയോട് ലേശം കമ്പമുള്ള ഫാമിലിയുടെ ഗവി യാത്ര

ആനവണ്ടിയോട് ലേശം കമ്പമുള്ള ഫാമിലി ഗവി യാത്ര നടത്തിയാൽ എങ്ങനിരിക്കും……? ദാ ഇങ്ങനിരിക്കും. യാത്രകൾ ഒരുപാട് ചെയ്തിട്ടുണ്ടെങ്കിലും ചിലയിടങ്ങൾ എപ്പോഴും നമ്മേ ഭ്രമിപ്പിക്കും. മനസിൽ താഴിട്ടു വച്ച മോഹിപ്പിക്കുന്ന ചിലയിടങ്ങളുണ്ടാകും നമുക്ക്. അത്തരത്തിലൊരു സ്വപ്ന ഭൂമികയിലേക്ക് ഒരു യാത്ര… എൻ്റെ ജീവനുകളുമൊത്ത്.

ഞങ്ങളുടെ ദാമ്പത്യ ബന്ധത്തെ ഊഷ്മളമാക്കി നിർത്തുന്നതിൽ യാത്രകൾ വഹിക്കുന്ന പങ്ക് ചെറുതല്ല.പ്രത്യേകിച്ചും കാടകങ്ങളിലേയ്ക്കുള്ള യാത്രകൾ. ഗർഭവും പ്രസവവുമൊക്കെയായി ഏകദേശം ഒരു വർഷത്തോളം ഒരുമിച്ചുള്ള യാത്രകൾക്ക് അവധി നല്കിയിരുന്നു. ഇപ്പോൾ കുഞ്ഞു സഹ്യനൊപ്പം യാത്രകൾ പുനരാരംഭിക്കുന്നു. സഹ്യൻ്റെ യാത്രയുടെ തുടക്കം മാസ്സായിരിക്കണം എന്ന് ഇരുവർക്കും നിർബന്ധമുണ്ടായിരുന്നു. അങ്ങനെ ഏറെക്കാലമായി മനസിൽ താഴിട്ടു പൂട്ടിവച്ച മോഹത്തിനു ചിറകു മുളച്ചു. യാത്ര ഗവിയിലേക്കു തന്നെ , അതും നമ്മടെ സ്വന്തം ആനവണ്ടിയിൽ. പോരേ പൂരം.

യാത്ര തീരുമാനിച്ചതു മുതൽ മനസ് തുടിച്ചു കൊണ്ടിരുന്നു… കാട് കരുതി വച്ചത് എന്താകും എന്നറിയാനുള്ള ആകാംഷ മാത്രമല്ല കാടൻ യാത്രകളോട് എന്താവും സഹ്യൻ്റെ പ്രതികരണം. അങ്ങനെ ആ ദിവസം വന്നെത്തി ക്യാമറ ബാഗിനൊപ്പം ഇത്തവണ കിണ്ടാപ്പീടെ ഭക്ഷണ സാധനങ്ങളും ഇടം പിടിച്ചു. മണിമലയിൽ നിന്നും നേരെ പത്തനംതിട്ടയ്ക്ക്. പത്തനംതിട്ട കെ എസ് ആർ ടി സി സ്റ്റാൻഡിലെത്തി നമ്മുടെ രഥം തപ്പി നടന്നു. ആകാംഷയ്ക്കു വിരാമമിട്ടു കൊണ്ട് ദാ കിടക്കുന്നു കുമളിയുടെ സിങ്കം.

ഗവിയെന്ന ബോർഡുമായി. ചാടിക്കയറി ഫ്രണ്ട് ഡോറിനു പിന്നിലുള്ള സീറ്റു പിടിച്ചു. കാരണം കാഴ്ചകൾ തടസപ്പെടരുതല്ലോ… 12.30 നാണ് ബസ് എടുക്കുക. അതിനു മുൻപ് കിണ്ടാപ്പിക്കൊപ്പം ഒരു ചിന്ന ഫോട്ടോ സെക്ഷൻ… ബസിൻ്റെ മുൻ ചില്ലുകളിൾ മുറിഞ്ഞിരിക്കുന്നതു കാണിച്ച യദൂനോട് വല്ല ആനയും അടിച്ചു പൊട്ടിച്ചതാവാം എന്നു മറുപടി നല്കി. കിണ്ടൂനേം കൊണ്ടു വേണോടീ കുഴപ്പമാകുമോ എന്നൊരു ആശങ്ക കിണ്ടാപ്പീടെ അപ്പയ്ക്ക് . പ്രശ്നമൊന്നുമുണ്ടാവില്ല നമ്മുടെയല്ലേ മോൻ എന്ന് ആത്മ വിശ്വാസത്തോടെ മറുപടി നല്കിയപ്പോഴേയ്ക്കും ഡ്രൈവറു ചേട്ടൻ റെഡിയായെത്തി. ഞങ്ങളും കയറി ഡബിൾ ബെൽ മുഴങ്ങി…. സ്വപ്ന യാത്ര യാഥാർത്ഥ്യമായി തുടങ്ങി.

പത്തനംതിട്ടയിൽ നിന്നും അടിപൊളി പറപ്പീര്. കട്ടിയുള്ള കൂട്ടുപിരികവുമായി നമ്മടെ തേരാളി വളയം തിരിക്കുന്നതു കാണാൻ ഒരു ചന്തമൊക്കെയുണ്ട്. പക്ഷേ നമ്മളിത്തിരി ഗൗരവക്കാരനാണ് പിള്ളേരു കളിയൊന്നും നമ്മളോടു വേണ്ട എന്നു പറയാതെ പറയും പോലെയാണ് പറപ്പീര്…. ഇയാള് എൻ്റെ ശ്യാമ സ്വപ്ങ്ങൾക്കുമേൽ വെള്ള പൂശുമല്ലോ എന്ന് കർത്താവിനോടും ഭർത്താവിനോടും ഒരേ പോലെ പരാതി പറഞ്ഞു സഹൂനേം കെട്ടിപ്പിടിച്ച് കാണാൻ പോകുന്ന ആനകൾ എത്രയുണ്ടാകും. അവറ്റ വഴി മുടക്കുന്നതു കൊണ്ട് എപ്പോൾ നമ്മൾ കുമളിയിലെത്തും എന്നു തുടങ്ങി ഭാരിച്ച വിഷയങ്ങൾ ഞങ്ങൾ ചർച്ചിച്ചപ്പോൾ സഹ്യൻ ഒരു കുഞ്ഞുറക്കത്തിലേക്കും വഴുതി വീണു. അങ്ങനെ ആളെടുത്തും ആളിറക്കിയും ആങ്ങമൂഴിയെത്തി. ഭക്ഷണത്തിനായി ഒരു കുട്ടി ബ്രേക്ക്. ഇതിനിടയിൽ കണ്ടക്റെത്തി ടിക്കറ്റെടുക്കലും. സഹൂൻ്റെ നാട്ടുകാരെ പരിചയപ്പെടൽ മഹാമഹവും നടന്നിരുന്നു.

ഈ ആനവണ്ടി എന്നു പറയുമ്പോൾ നമ്മടെ സ്വന്തം എന്നൊരു ഫീൽ വരും. നിൻ്റെ തറവാട്ടു സ്വത്താണോന്നു ആർക്കേലും ചോദിക്കാൻ തോന്നിയാൽ നമ്മടെ എല്ലാരുടേം തറവാട്ടു സ്വത്തെന്നു മറുപടി തരേണ്ടിവരും. നമ്മളും നികുതി കൊടുക്കുന്നോരാണല്ലോ. ഇതിപ്പോൾ പറയാൻ കാര്യം എന്താന്നു ചോദിച്ചാൽ ആങ്ങാമൂഴിയിൽ വണ്ടി നിർത്തിയപ്പോൾ മുതൽ കിണ്ടൂന് വീട്ടിലാണെന്നൊരു തോന്നൽ. സീറ്റിലൊന്നു കിടക്കണം , കമ്പിയിൽ പിടിച്ചു കയറണം അതും പോരാഞ്ഞിട്ട് സീറ്റിൽ കിടന്ന് മാമുണ്ണണം. അങ്ങനെ അവൻ്റെ ആഗ്രഹങ്ങളൊക്കെ തീർത്തു കൊടുത്തു. അപ്പോഴുണ്ട് ബസിൽ കയറിയ ഒരു അമ്മയ്ക്കൊപ്പം കിണ്ടാപ്പിക്കു പോണം. അമ്മ എടുത്ത് ഓമനിച്ചു കുശലാന്വേഷണത്തിനിടയിൽ ഗവിക്കാവുമല്ലേ എന്നൊരു ചോദ്യം. അതെ എന്നു ഞങ്ങൾ. കുഞ്ഞിനെന്തായി പ്രായം …? മറുപടി ആറുമാസം…. ഒന്നും പറയാനില്ലെന്ന പറഞ്ഞ് അമ്മ കിണ്ടൂനെ തിരികെ തന്നു.

അങ്ങനെയൊക്കെ പറഞ്ഞിരുന്ന് ഒരു രണ്ടു മണിയായപ്പോൾ വീണ്ടും ഡബിൾ ബെൽ മുഴങ്ങി. ബസ് നിറഞ്ഞ് ആളുണ്ടായിരുന്നു. ഗവി കാണാൻ എത്തിയ രണ്ടു പയ്യൻമാരും ബാക്കിയൊക്കെ യാത്രക്കാരും . അങ്ങനെ കൊച്ചാണ്ടി ചെക്ക് പോസ്റ്റ് കടന്നു. ഹോ… എന്താ കാറ്റ് എന്തൊരു സ്വച്ഛത… കിളി നാദവും കാറ്റിൻ്റെ മർമരവും അതിലുപരി ശുദ്ധവായുവും ഏറ്റൊരു യാത്ര… തിരിച്ചറിവായില്ലെങ്കിലും ഇൗ സൗഭാഗ്യം സഹ്യനും പകർന്നു നല്കാനായല്ലോ എന്നൊരു സന്തോഷം രണ്ടാൾക്കു മുണ്ടായി… അതവിടെ നില്ക്കട്ടെ യാത്രയിലാണല്ലോ നമ്മൾ
നമ്മുടെ ചേട്ടൻ അങ്ങനെ കാലു കൊടുത്തു പോവാ..

വഴിയുടെ സ്വഭാവം മാറി തുടങ്ങി കഷ്ടിച്ച് ഒരു വാഹനത്തിനു കടന്നു പോകാവുന്ന കാട്ടു വഴി. ടാറിംഗ് ഉണ്ടായിരുന്നു എതോ കാലത്ത്. (കാടിൻ്റെ വന്യത നശിക്കാതിരിക്കുവാൻ നമ്മൾ ശ്രദ്ധിക്കണമല്ലോ. അവ ഇളകി തന്നെ കിടക്കട്ടെ.. അതിഥികളായെത്തുന്ന നമ്മൾ വീട്ടുകാരെ ശല്യപ്പെടുത്താൻ പാടില്ലല്ലോ…. ) ആ കാനന പാതയിലൂടെ നമ്മടെ കുട്ടിയാന പാഞ്ഞു പോവുകയാണ് സൂർത്തുക്കളെ പാഞ്ഞു പോവുകയാണ്.. ചാടിച്ചാടിയാണ് പോകുന്നതെങ്കിലും അത്ര ആഘാതം നമുക്ക് അനുഭവപ്പെടില്ല. വളവുകളും തിരിവുകളും വീശിയും ഒടിച്ചും മടക്കിയുമൊക്കെ ചേട്ടൻ പറപ്പിക്കുന്നുണ്ട്. ചേട്ടൻ്റെ മരണമാസ് വീശലു കണ്ട് വഴിയരികിൽ കൊത്തിപ്പെറുക്കി നിന്നിരുന്ന കാട്ടു കോഴികൾ ജീവനും കൊണ്ടോടി….

ഇടയ്ക്കിടയ്ക്ക് ജെ സി ബി യും വലിയ വാഹനങ്ങളുമൊക്കെ ചാടി വരുന്നുണ്ട്. വനത്തിനുള്ളിൽ എന്തൊക്കെയോ പണികൾ നടക്കുന്നുണ്ടെന്നു വ്യക്തം. ഇതിനൊക്കെയിടയിൽ ഞങ്ങടെ നാലു കണ്ണും ആദ്യം പറഞ്ഞ പയ്യന്മാരുടെ നാലു കണ്ണും തലയ്ക്കു ചുറ്റും തിരിയുന്നുണ്ടാരുന്നു. ആരോടും പറയേണ്ട ആനെ നോക്കുവാ…. എന്നും വരുന്ന വഴിയായതു കൊണ്ട് ബസിലെ സ്റ്റാഫിനു ഇതിലൊന്നും കൗതുകമുണ്ടാവില്ലാരിക്കും എന്ന് യദൂനോട് പരാതിയും പറഞ്ഞ് സഹ്യനേം ചേർത്തു പിടിച്ച് ഞാനിരുന്നു.യദുവാകട്ടെ കാനക്കാഴ്ചകൾ പകർത്തുന്ന തിരക്കുളിലും. പക്ഷേ പരിഭവങ്ങളെയൊക്കെ അസ്ഥാനത്താക്കി കാട് ഞങ്ങൾക്കൊരു സർപ്രൈസ് ഒരുക്കിയിരുന്നു.

അങ്ങനെ പൊയ്ക്കോണ്ടിരിക്കുവാ.. യാത്രക്കാർ കുറെപ്പേരൊക്കെ പലയിടങ്ങളിലായി ഇറങ്ങി. ഞങ്ങൾ ഒരു പത്തിരുപത്തഞ്ചു പേരുണ്ട് വണ്ടിയിൽ. ഇടയ്ക്ക് മലയണ്ണാനും മയിലുമൊക്കെ ഇങ്ങനെ പോകുന്നുണ്ട് ബസിലാകെ ഒരു ശ്മശാന മൂകത. പെട്ടെന്നാണ് നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് ഒരുലച്ചിലോടെ ബസ് നിന്നത്. ആർക്കും പെട്ടെന്ന് ഒന്നും പിടികിട്ടീല്ല. ബസ് നിന്നപ്പോൾ പറന്നു പോയ കിളിയെ ഓടിച്ചിട്ടു പിടിച്ച് ഡ്രൈവർ സാറു നോക്കുമ്പോഴുണ്ട് ഇടതു വശത്തെ രണ്ടു ചക്രങ്ങളും ചള്ളയിൽ പുതഞ്ഞു കിടക്കുന്നു. ഡോറു പോലും തുറക്കാൻ പറ്റാത്ത വിധത്തിൽ കൽക്കെട്ടിനോടു ചേർന്നാണ് ബസ് കിടക്കുന്നത്.

പെട്ടെന്ന് ഉറക്കം മുറിഞ്ഞ പുരുഷ കേസരികളെല്ലാം ഫ്രണ്ടിലെത്തി കാര്യം തിരക്കി. വളവു വീശിയെടുത്തപ്പോൾ എതിരെ വാഹനം വരുന്നുണ്ടോ എന്ന സന്ദേഹത്തിൽ വണ്ടി അല്പം ചേർത്തെടുത്തതാണ്. പക്ഷേ കഷ്ടകാലത്തിന് അവിടെ വെള്ളം കെട്ടിക്കിടന്ന് ചതുപ്പായ കാര്യം ചേട്ടനുണ്ടോ അറിയുന്നൂ. ജാങ്കോ ഞാൻ പെട്ടു എന്ന് ചേട്ടൻ… എന്തായാലും പെട്ടു എങ്ങനേലും കര കേറണമല്ലോ. എല്ലാവരും ചാടിയിറങ്ങി. അതും വളരെ സാഹസികമായി ഡ്രൈവർ സീറ്റിലൂടെ ഓരോരുത്തരായി… ഞങ്ങൾ സ്ത്രീ ജനങ്ങൾ വണ്ടിക്കുള്ളിലും . കുമ്മനടിച്ച് ഞങ്ങൾക്കൊപ്പം കൂടിയ ഇത്തിരി പ്രായമുള്ള ചേട്ടൻ പണ്ടൊരിക്കൽ ഇതേ പോലെ വണ്ടി ചാടിയ കഥകൾ പറഞ്ഞു ഞങ്ങടെ ബോറടി മാറ്റിക്കൊണ്ടിരുന്നു.

പത്തിരുപത് ചേട്ടൻമാർ പഠിച്ച പണി പതിനെട്ടും പിന്നെ അഡീഷണൽ ചില പണികൾ പയറ്റിയിട്ടും നമ്മടെ ആനക്കുട്ടി ഒറ്റ നില്പ്പാണ്. പലരുടെയും നിർദേശങ്ങൾ അനുസരിച്ച് നമ്മടെ ഡ്രൈവറു ചേട്ടൻ സ്റ്റിയറിംഗ് തിരിക്കുന്നുണ്ടേലും നോ രക്ഷ. ഇത്ര വല്യ കോലാഹലങ്ങൾ പുറത്തു നടക്കുന്നുണ്ടെങ്കിലും ഇതൊന്നും എന്നെ ബാധിക്കില്ലെന്നു പറഞ്ഞ് സഹ്യൻ നല്ല ഉറക്കം. ബസിൽ ഞാനൊഴികെ ഉണ്ടായിരുന്ന മൂന്നു ചേച്ചിമാർ തമിഴരായിരുന്നു.വഅവരാണേൽ പരപരാന്ന് എന്തൊക്കെയോ പറയുന്നുണ്ട്. എനിക്കാണേൽ ഒന്നും പിടികിട്ടുന്നുമില്ല. അങ്കെ ഇങ്കെ എന്നൊക്കെയുള്ള കുട്ടി വാക്കുകളല്ലാതെ. ഇത്തിരി സ്പീഡിൽ പറഞ്ഞാൽ എനിക്കൊന്നും തിരിയില്ല.എങ്കിലും തലയാട്ടിയും അവരു ചിരിക്കുമ്പോൾ തിരികെ ചിരിച്ചു കാട്ടിയും ഞാനിരുന്നു. പുറത്ത് പണി തകൃതിയായി നടക്കുന്നു. വണ്ടിയാണേൽ അനങ്ങുന്നുമില്ല.

ഇനി എന്തു ചെയ്യും… കുറെ നേരം എല്ലാവരും ആലോചിച്ചിരുന്നു. പത്തനംതിട്ട ഡിപ്പോയുടെ ബസ് കുമളിയിൽ നിന്നു വരുമ്പോൾ കെട്ടി വലിച്ച് കയറ്റേണ്ടി വരുമെന്ന് ആരൊക്കെയോ പറയുന്നു. ഇനി ആ ബസും ഇതു പോലെ പെട്ടു കിടക്കുവാണേലോന്ന് ആർക്കൊക്കെയോ ആശങ്ക. കുഞ്ഞിനേം കൊണ്ടിറങ്ങീട്ട് പെട്ടല്ലോ കർത്താവേ എന്നൊരു ആധി എനിക്കുണ്ട്. പക്ഷേ എന്താ ചെയ്ക.

ബസിലിരുന്ന് ബോറടിച്ച ചേച്ചിമാർ മിക്സ്ച്ചർ പാക്കറ്റൊക്കെ പൊട്ടിച്ചു തുടങ്ങി. അവസാനം പേരറിയൻ മേലാത്ത പ്രായോഗിക ബുദ്ധി ഇത്തിരി കൂടിയ ചേട്ടൻ്റെയും ആരോഗ്യദാസ് എന്ന പട്ടാളക്കാരൻ്റെയും നേതൃത്വത്തിൽ ആനയെ കരകയറ്റാൻ തന്നെ തീരുമാനിച്ചു. ചള്ള മാന്തി മാറ്റിയും ഒാരോ ടയറിനടിയിൽ കല്ലുകൾ നിരത്തിയും ഉന്തിയും തള്ളിയുമൊക്കെ പണി നടന്നു. ഡ്രൈവറു ചേട്ടൻ സകല ശക്തിയുമെടുത്ത് സ്റ്റിയറിംഗ് തിരിച്ചു കൊണ്ടിരുന്നു . അവസാനം വണ്ടി വലത്തേയ്ക്ക് മാറ്റുന്നതിൽ വിജയിച്ചു. ചളിയിൽ പുതഞ്ഞു പോകാതെ കല്ലിന്മേൽ കയറ്റി ആട്ടിയും ഉലച്ചും പുരുഷാരത്തിൻ്റെ കൈ വയ്ക്കലിലും മെല്ലാം മടുത്തിട്ടാകണം ആന ഒരു തരത്തിൽ കരകയറി. ഇതോടെ കാടിളക്കി എല്ലാവരും അലറി വിളിച്ചു. സന്തോഷം കൊണ്ടാ.

പിന്നെ ബസിനു മുന്നിൽ ഒരു ഫോട്ടോ സെക്ഷൻ. എല്ലാവരും ബസിൽ കയറി കൈകൊട്ടിയും ആരവം മുഴക്കിയും വീണ്ടും സന്തോഷ പ്രകടനം. ഇത്തവണ സഹ്യൻ ഞെട്ടിയുണർന്നു എന്താ കഥാന്നു പിടി കിട്ടാഞ്ഞതു കൊണ്ടാവാം വീണ്ടും കിടന്നു. നമ്മടെ പാവം പട്ടാളച്ചേട്ടൻ്റെ അവസ്ഥയാരുന്നു ഏറെ പരിതാപകരം. പാടത്തു പണിയെടുക്കുന്ന ആൾക്കാരടെ ശരീരത്തുണ്ടാവില്ല ഇത്രയും ചെളി. എന്തായാലും ചളിയിലുരുണ്ടിട്ടായാവും അദ്ദേഹത്തിൻ്റെ നിസ്വാർത്ഥ പരിശ്രമം കൊണ്ടാണ് ഒരു കര പറ്റിയത് അങ്ങനെ കക്ഷിയായി ട്രിപ്പിലെ ഹീറോ..

ഞാനൊരു രഹസ്യം പറയട്ടെ ആ സമയമത്രയും എൻ്റെ മനസിൽ നമ്മുടെ ഓർഡിനറി സിനിമേലെ പാട്ടാരുന്നു. ” ഷട്ടിൽ ആന വണ്ടി മാറിക്കോ മാറിക്കോ. ഷട്ടിൽ ആന വണ്ടി കേറിക്കോ കേറിക്കോ.. വണ്ടി വണ്ടി തട്ടിക്കേറ്റിക്കോ” പിന്നെ പാടിയാൽ ആൾക്കാരു കൈ വക്കുമല്ലോ ന്നോർത്തു മിണ്ടീല്ല. അങ്ങനെ അവിടേന്നും ഡബിൾ ബെൽ. ഏകദേശം ഒന്നര മണിക്കൂറോളം ഇതിനകം നഷ്ടപ്പെട്ടിരുന്നു എന്നാലെന്നാ മറക്കാൻ കഴിയാത്ത കിടിലൻ ഓഫ് റോഡനുഭവം എല്ലാർക്കും കിട്ടി. ഇതോടെ നമ്മടെ ഡ്രൈവർ സാറ് ആളാകെ മാറി ചിരിച്ചും കളിച്ചു തമാശ പങ്കിട്ടും ജോളിയായി ഡ്രൈവ് ചെയ്തു. ഒരു കിലോമീറ്ററില്‍ അധികമെത്തിയപ്പോഴാണോർമ്മ വന്നത്. ടൂൾസ് തിരികെയെടുത്തില്ല. ആരു പോകും.. പട്ടാളക്കാരൻ തൻ്റെ കായിക ക്ഷമതയിൽ വിശ്വസിച്ച് കൂട്ടാളിയെക്കൂട്ടി ഓടി പത്തു മിനിറ്റിനകം തിരിച്ചെത്തി. വീണ്ടും ഡബിൾ ബെൽ ണിം ണിം.

തുടർന്നങ്ങോട്ട് ബസിൽ ഉത്സവാന്തരീക്ഷമായിരുന്നു. കാടും പുൽമേടും മുളങ്കൂട്ടവുമെല്ലാം പിന്നിട്ട് വണ്ടിയോടി വഴി മുടക്കി നിന്ന കാട്ടു കോഴി & ഫാമിലി ഇടയ്ക്കൊക്കെ തല കാണിച്ച നല്ല തടിമാടൻ കാട്ടു പോത്ത് പേരറിയാത്ത പക്ഷികൾ അതിലേറെ മനസിനെ ഏറെ തണുപ്പിച്ച് പച്ച മേലാപ്പിട്ട് ശാന്തമായ വന്യ സൗന്ദര്യം പകർന്ന് കാനന സുന്ദരി… എത്ര മനോഹരമായ യാത്ര.. പക്ഷേ കാണേണ്ട ആളു മാത്രം എവിടെയോ മറഞ്ഞിരിക്കുന്നു. വഴിയിലൊക്കെ നല്ല ആനച്ചൂരു മണക്കുന്നു. ചൂടാറാത്ത ആനപ്പിണ്ടവും വഴി നീളെയുണ്ട് പക്ഷേ നമ്മുടെ ടീമിനെ മാത്രം കണ്ടില്ല. എല്ലാവരും ആത്മാർത്ഥമായി അന്വേഷിച്ചെങ്കിലും കണ്ടുകിട്ടിയില്ല. സ്ഥിരമായി ആനകളെ കാണാറുള്ളിടത്തൊക്കെ ഡ്രൈവർ റെജിച്ചേട്ടൻ വണ്ടി സ്ലോ ചെയ്തു നോക്കിയെങ്കിലും കണ്ടു കിട്ടീല്ല. പിന്നെ കാട്ടുപോത്തിൻ്റെ പടമെടുത്ത് അഡ്ജസ്റ്റ് ചെയ്തു. അങ്ങനെ ആടിയുലഞ്ഞ് കുതിച്ച് കിതച്ച് നമ്മടെ ആനക്കുട്ടി കുതിച്ചുപാഞ്ഞു. ഉറങ്ങിയും ഉണർന്നും കാഴ്ചകൾ കണ്ടും ബ്രൂം ബ്രൂം വണ്ടി ഓടിച്ചും അപ്പേടേം അമ്മേടേം കൈയ്യി ലേക്ക് ചാടിയുമൊക്കെ കുഞ്ഞു സഹ്യൻ അവൻ്റേതായ രീതിയിൽ യാത്ര ആസ്വദിക്കുന്നുണ്ട്.

അങ്ങനെ പോകുമ്പോൾ ദാ വരുന്നു നമ്മടെ കുട്ടിയാനേടെ കൂടെപ്പിറപ്പ്. അവരോട് കുശലാന്വേഷണം നടത്തി കുഴിയിൽ വീണകഥ പറഞ്ഞ് ഇങ്ങനെ കക്കി ഡാമിൻ്റെ പരിസര പ്രദേശത്തേയ്ക്ക് കടന്നു. പെട്ടെന്നൊരു ശബ്ദം ആന ആന…. സാറ് വണ്ടി നിർത്തിത്തന്നു. എല്ലാവരും ചെന്നു നോക്കുമ്പോൾ ഡാമിനക്കരെ പുൽമേട്ടിലാണ് കക്ഷി. അലസഗമനത്തിലാണ് നമ്മളെ മൈൻഡേ ചെയ്യുന്നില്ല. ക്യാമറകൾ മിന്നിയടഞ്ഞു. ബസിലാകെ ആഹ്ലാദ തിരത്തള്ളൽ. യാത്ര സഫലമായി. അങ്ങനെ ദൂരെ നിന്നും നിമിഷങ്ങളെണ്ണി ദർശനം തന്ന് അവൻ മറഞ്ഞു.

വണ്ടി ഓടിത്തുടങ്ങി, ഇപ്പോൾ കക്കി ഡാമിനു മേലെ. പാലം കഴിഞ്ഞപ്പോൾ ഡാമിലെ ജീവനക്കാരെത്തി ഇറങ്ങാൻ പറഞ്ഞു. ശിവരാത്രി പ്രമാണിച്ച് പായസമുണ്ടത്രേ. വട്ടയിലയിൽ നല്വ ചൂടൻ പായസവും കഴിച്ച് മൂഴിയാറിൽ നിന്നും തന്നു വിട്ട ചാക്കുകെട്ട് ഇറക്കി. അവിടെ ഒരു അഞ്ചു മിനുട്ട്. ഡാം സുരക്ഷ ജീവനക്കാർക്കുള്ള അരി സാമാനങ്ങളാണ്. കുഴിയിൽ ചാടിയപ്പോൾ വണ്ടി ഉലഞ്ഞ കണക്കു വച്ചു നോക്കിയാൽ അതിപ്പോൾ സാമ്പാറായിട്ടുണ്ടാകും. പായസെ ചെന്നതോടെ എല്ലാവരും ഉഷാറായി പിന്നെല്ലാം ശടപടേ ശടപടേന്നാരുന്നു. എല്ലാരും ചാടിക്കയറി ആർക്കൊക്കെയോ വിതരണം ചെയ്യാനുള്ള പായസവുമായി വണ്ടി മുന്നോട്ട്.

അങ്ങനെ കണ്ടും കേട്ടും പായസം ഉടമസ്ഥരെ ഏൽപ്പിച്ചും. വഴിയിൽ കാത്തു നിന്നവരോട് താമസിച്ചതിനുള്ള കാരണമറിയിച്ചും ഗവിയിലെത്തി. മനോഹരമായ ഇടം. സ്വർഗം പോലെ തോന്നിച്ചു. കാട്ടാന തല്ലിത്തകർത്ത കെ എസ് ഇ ബി കെട്ടിടങ്ങളുടെ ശേഷിപ്പു കണ്ടാൽ പ്രേതാലയം പോലെയും തോന്നും.കെ എസ് ഇ ബി കാൻ്റീനിൽ നിന്നൊരു ചായ കുടിച്ച് സമയം കളയാതെ വീണ്ടും യാത്ര. പത്തു പതിനഞ്ച് കിലോമീറ്റർ ചുറ്റളവിലായി മൂന്നിലധികം സ്റ്റോപ്പുകളുണ്ട് ഗവിയിൽ. സംസ്ഥാന സർക്കാരിൻ്റെ ഇക്കോടൂറിസം പോയിൻ്റ് അടക്കം. നമ്മടെ പട്ടാളത്തിനെ ഹൃദയം നിറച്ച് നന്ദി കൊടുത്ത് ഗവിയിൽ ഇറക്കി വിട്ടു.

ഓരോരുത്തരായി പിരിഞ്ഞെങ്കിലും. ശിവരാത്രിയായതിനാൽ കുമളിക്ക് പോകാൻ നിറയെ ആളുണ്ടായിരുന്നു . ഈ ബസിനെ ചുറ്റി ചുറ്റിയാണ് ഗവി നിവാസികളുടെ ദിവസങ്ങൾ ഏറെക്കുറെ പോകുന്നത്. ഗവിയെ പറ്റി പറഞ്ഞാൽ ഒരു ഹൈടെക് നഗരത്തിനും തരാനാവാത്ത സ്വച്ഛതയും കുളിർമയും നല്കുന്നൊരിടം. മഞ്ഞും തണുപ്പുമെല്ലാം നമ്മുടെ ശരീരത്തെയും മനസിനെയും ഒരു പോലെ തണുപ്പിക്കുന്നു.സ്വപ്ന ലോകത്തെത്തിയ പ്രതീതി സമ്മാനിക്കും. ഇരുളിനെ കീറിമുറിച്ച് വണ്ടി പാഞ്ഞു. മനസിലെ ഇരുളും ഈ യാത്രയിൽ അകന്നു പോയി. അങ്ങനെ കാടിനോടു വിട പറയാൻ നേരമായി. കൂടണയാൻ മ്ലാവും കാട്ടു പോത്തുകളും മുയലുമടക്കം പലരും വാഹനത്തിനു മുന്നിലൂടെ പാഞ്ഞുപോയി. അവസാന ചെക് പോസ്റ്റുമെത്തി വനപാലകർ പരിശോധനയ്ക്കായെത്തി . യദു ബാഗ് തുറന്നു നല്കി. കക്ഷിയെ അമ്പരപ്പിച്ചു കൊണ്ട് ഓഫീസർ ബാഗിൽ നിന്നും ഒരു ചെടി പൊക്കി.

ഓഫീസർ: “എന്താ ഇത്”. യദു എന്നോട് അത് റിപ്പീറ്റടിച്ചു “എന്താ ഇത്”.  ഞാൻ മെല്ലെ പറഞ്ഞു “മിൻ്റ് മിൻ്റ്”.  യദു ഓഫീസറോട് “മിസ്റ്റാണു സർ.” ഓഫീസർ: “മിസ്റ്റ്…?” യദു: “സോറി മിൻ്റ്…” ഇരുത്തി മൂളിയിട്ട് അദ്ദേഹം ഇറങ്ങിപ്പോയി. പായസം കുടിക്കാൻ ഇറങ്ങിയപ്പോൾ വേരോടെ ഞാൻ പിഴുതതായിരുന്നു ആ പുതിനച്ചെടി. എല്ലാം പെട്ടെന്നായതു കൊണ്ട് പറയാൻ മറന്നതാ… അങ്ങനെ കളി ചിരികളുമായി കുമളിയെത്തി. അവസാന യാത്രക്കാരായി ഞങ്ങളിറങ്ങി. വിട പറയും നേരം കുഴിയിൽ ചാടിയ വീഡിയോ വാട്ട്സാപ്പിൾ തരാൻ മറക്കല്ലേന്ന് റെജിച്ചേട്ടൻ്റെ ഓർമപ്പെടുത്തൽ. ഈ യാത്രയൊക്കെയെന്ത് അടുത്തത് മലക്കപ്പാറയ്ക്ക് വിട്ടാലും എനിക്ക് കുഴപ്പമില്ലെന്ന് സഹ്യൻ…

അങ്ങനെ സ്വപ്ന സമാനമായ യാത്രയ്ക്ക് തിരശ്ശീല വീണു. സഹ്യൻ്റെ ആദ്യ കാനനയാത്ര അഡാറ് ഐറ്റം തന്നെയായിരുന്നു. ഒറ്റ വാക്കിൽ പറഞ്ഞാൽ കെ എസ് ആർ ടിസിയിൽ ഒരു കിടിലൻ ഓഫ് റോഡ് ട്രിപ്പ്. നാവിൽ വീണ്ടും പാട്ടെത്തി “ഷട്ടിൽ ആന വണ്ടി പാടിക്കോ പാടിക്കോ.. ഷട്ടിൽ ആന വണ്ടി മാറിക്കോ മാറിക്കോ.. ഷട്ടിൽ ആന വണ്ടി കേറിക്കോ കേറിക്കോ.. വണ്ടി വണ്ടി തട്ടിക്കേറ്റിക്കോ….”

വിവരണം – ചിഞ്ചു യദു.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply